ചാണക്യസൂത്രം (കിളിപ്പാട്ട്)/രണ്ടാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ചാണക്യസൂത്രം (കിളിപ്പാട്ട്)
രണ്ടാം പാദം

ബാലേ! സുശീലേ! ശുകകുലമാലികേ!
കാലേ പറക കഥകളിനിയും നീ 1
പാലും പഴവും ഭുജിച്ചു തെളിഞ്ഞുടൻ
കാലം വൃഥാ കളഞ്ഞീടാതെ ചൊൽകെടോ 2
നല്ല കഥയിതുകേൾക്കുന്നനേരത്തു
ചൊല്ലാവതല്ലൊരാനന്ദമിനിക്കുള്ളിൽ 3
എന്നതുകേട്ടു തെളിഞ്ഞു ചൊല്ലീടിനാൾ
മുന്നമുരചെയ്തതിന്നു മേല്പോട്ടവൾ 4
എങ്കിലോ മൌര്യതനയനൊരുദിനം
മംഗലശീലൻ കുസുമപുരത്തിങ്കൽ 5
സഞ്ചരിക്കുന്നോരുനേരത്തു ദൂരവേ
തഞ്ചുന്ന കാന്തികലർന്നോരു വിപ്രനെ 6
പദ്ധതിമദ്ധ്യേ വസിച്ചുകൊണ്ടെത്രയും
ക്രുദ്ധനായ്മേഖല കുത്തിപ്പറിച്ചുടൻ 7
ചുട്ടതിൻ ഭസ്മം കലക്കിക്കുടിച്ചതി-
രുഷ്ടനായ് നിൽക്കുന്നതുകണ്ടവൻ താനും8
ചെന്നടികുമ്പിട്ടുദൂരത്തുവാങ്ങിനി-
ന്നൊന്നു മഹീസുരൻ തന്നോടു ചോദിച്ചാൻ 9
“ഭൂസുരശ്രേഷ്ഠകുലോത്തംസമേ!വിഭോ!
ഭാസുരകാന്തി കലർന്ന ദയാനിധേ! 10
എന്തിനു പുല്ലതു കുത്തിപ്പറച്ചിഹ
ചന്തമായ് നീരിൽക്കലക്കിക്കുടിച്ചതും?” 11
അപ്പോലതുകേട്ടു മൌര്യസുതനോടു
കെല്പോടു ചൊല്ലിനാൻ പൃത്ഥീസുരേന്ദ്രനും 12
“ഇപ്പുല്ലുപാദേ തടഞ്ഞുഞാൻ വീഴ്കയാൽ
ഉൾപ്പൂവിലുണ്ടായ കോപം പൊറായ്കയാൽ 13
നാരായവേരോടു കൂടെപ്പറിച്ചുഞാൻ
പാരാതെ ചുട്ടുകലക്കിക്കുടിച്ചതും.” 14
ചന്ദ്രഗുപ്തനതുകേട്ടു ചൊല്ലീടിനാൻ
“എന്തു ഭവാനിബ്ഭസിതം കുടിക്കയാൽ?” 15
എന്നുചോദിച്ചൊരു മൌര്യാത്മജനോടു
മന്നിടദേവനും പാർത്തു ചൊല്ലീടിനാൻ 16
“ക്രോധാഗ്നിയെന്നെദ്ദഹിപ്പിക്കുമല്ലായ്കി-
ലേതുമതിനൊരു സംശയമില്ല കേൾ” 17
എന്നതുകേട്ടവനും പറഞ്ഞീടിനാൻ
“ഉന്നതരായുള്ള മന്നവന്മാർചിലർ 18
ഘോരമായുള്ളപരാധങ്ങൾ ചെയ്കിലോ
ധീരതയോടെന്തു ചെയ്യും ഭവാൻ പിന്നെ?” 19
ചന്ദ്രഗുപ്തൻ തന്റെ വാക്കതുകേട്ടപ്പോൾ
മന്ദഹാസം പൂണ്ടവനോടു ചൊല്ലിനാൻ:- 20
“ബാലനായുള്ള നീയെന്തറിഞ്ഞുമമ
ശീലഗുണങ്ങളും ബുദ്ധിവിലാസവും 21
മത്തഗജങ്ങളുമശ്വഗജങ്ങളും
പത്തിവരന്മാരുമൊത്തരഥങ്ങളും 22
ചിത്രമായുള്ളോരു മന്ത്രവിലാസവും
എത്രയുമേറുന്നദൈവാനുകൂലവും 23
റിത്തരമല്ലോ നരപാലകന്മാർക്കു
നിത്യമാകുന്നൊരുശക്തി ധരിക്ക നീ 24
ഇങ്ങിനെയുള്ളതും എന്നുടെ ബുദ്ധിയും
തങ്ങളിലെത്ര വിശേഷമറിഞ്ഞാലും 25
മാമകമായ മതിവൈഭവംകൊണ്ടു
തൂമയോടെന്തൊന്നു സാദ്ധ്യമല്ലാത്തതും?” 26
ഇത്ഥമാകർണ്യമഹീസുരവാക്കുകൾ
ഉത്തമനാകിയ മൌര്യതനയനും 27
ഭക്തികൈക്കൊണ്ടഥ കൂപ്പിത്തൊഴുതുനി-
ന്നുത്തരമായവൻ തന്നോടു ചൊല്ലിനാൻ:- 28
“ആരെന്നറിഞ്ഞതില്ലല്ലോ ഭവാനെ ഞാൻ-
ആരെന്നരുൾ ചെയ്ക വേണം മഹാമതേ! 29
എങ്കിലോ കേൾക്ക ഞാനാരെന്നതാശുനീ
ശങ്കാവിഹീനം പറഞ്ഞു തരുവൻ ഞാൻ 30
ചാണക്യനെന്നു പ്രസിദ്ധനായേറ്റവും
മാനിയായുള്ളോരു ഭൂസുരൻ ഞാനെടോ 31
പേരിനി രണ്ടുണ്ടിനിക്കതുകേൾക്ക നീ
പാരിൽ പ്രസിദ്ധനാം കൌടില്യനെന്നതും 32
വിഷ്ണുതാൻ നിത്യവും രക്ഷിച്ചുകൊൾകയാൽ
വിഷ്ണുഗുപ്തൻ പുനരെന്നതുമുണ്ടെടോ 33
നന്ദാഗ്രഭോജനം കേട്ടിട്ടു ഞാനിഹ
നന്നായ് ഭുജിപ്പതിന്നായി വന്നീടിനേൻ34
യോഗ്യൻ വരുന്നവരെ ക്ഷണിച്ചീടുവാൻ
ഭാഗ്യവന്മാരായ മന്നവരാക്കീട്ടു 35
കേട്ടിതൊരു വൃഷലൻ പോലതാകുന്ന
തൂട്ടു ശ്രമിച്ചു കഴിപ്പാനുമിന്നിവൻ 36
ഏതൊരുദിക്കിലിരിക്കുന്നതെന്നുനീ
യേതുമേ വൈകാതെ ചൊല്ലിത്തരികെടോ” 37
തങ്കഴൽകൂപ്പിത്തൊഴുതവൻ ചൊല്ലിനാൻ
“എങ്കിൽ വൃഷലനവൻ ഞാനറിഞ്ഞാലും 38
ത്വല്പാദരേണുക്കൾ കൊണ്ട്നിവൈകാതെ
യിപ്പുരം ശുദ്ധമാക്കേണംമഹാമതേ! 39
ഇന്നിവിടെബ്ഭവാൻ വന്നതുകാരണം
നന്ദവംശമിനി വർദ്ധിതമായ്‌വരും” 40
മൌര്യനീവണ്ണം പറഞ്ഞോരുനേരത്തു
ശൌര്യമേറീടുന്ന ചാണക്യഭൂസുരൻ 41
ലജ്ജിതനായ്മുഖം താഴ്ത്തിനിന്നനേരം
അച്ചിരിപൂണ്ടന്തന്നോടുരചെയ്തു 42
“അയ്യോ വൃഷലനെന്നിങ്ങിനേ ചൊന്നതു
പൊയ്യല്ല വിപ്രജാതി സ്വഭാവമെടോ 43
രാജാവുതന്നുടെ പൌത്രനല്ലോ ഭവാൻ
ആചാരമില്ലാതെ ചൊന്നേനറിയാതെ 44
സജ്ജനങ്ങൾക്കതു കൊണ്ടേതുമില്ലെങ്കിൽ
ഇജ്ജനങ്ങൾക്കതു പൊരായ്മയായ്‌വരും 45
ലജ്ജയുണ്ടേറ്റമിനിക്കതുകൊണ്ടിഹ
നിശ്ചയമിന്നതുപോക്കുവാനായ്ക്കൊണ്ടു 46
നല്ലവരങ്ങൾ തരുന്നതുമുണ്ടിനി
വല്ലഭമോടതു വാങ്ങീടുക ഭവാൻ 47
എത്രയും സ്നേഹമാകുന്നിതുനിന്നുടെ
പ്രശ്രയം കണ്ടിട്ടിനിക്കെന്നറികനീ” 48
ചാണക്യനിങ്ങനേ ചൊന്നതു കേട്ടവൻ
താണക്കഴലിണകുമ്പിട്ടുചൊല്ലിനാൻ 49
“നിത്യവുമിങ്ങിനേ തന്നേ വൃഷലനെ-
ന്നെത്രയുമാദരവോടരുൾചെയ്കിലോ 50
മറ്റൊന്നുമില്ലതിനൊത്തവരമിനി
മുറ്റുമിനിക്കെന്നറിക ദയാനിധേ!51
ത്വൽകൃപകൊണ്ടിനി മറ്റൊന്നുവേണ്ടുകിൽ
മൽകുടിലിങ്കലേയ്ക്കങ്ങെഴുന്നള്ളേണം 52
ആശ്രമത്തിന്നെഴുന്നള്ളുന്നനേരത്തു
വിശ്രമിപ്പാൻ തക്കവണ്ണം മതിതാനും” 53
“അങ്ങിനെതന്നെയതെ”ന്നു പറഞ്ഞിതു
തിങ്ങിനമോദം കലർന്നു ചാണക്യനും 54
പിന്നെയും ഭൂസുരനാഥനെ മൌര്യനും
നന്നായ്തെളിഞ്ഞുകൂട്ടിക്കൊണ്ടുപോയിനാൻ 55
പോകുന്നനേരം വഴിയിന്നു മൌര്യനും
ആകുലത്തോടവൻ താതവിനാശവും 56
സോദരനാശവും തന്റെ വിശേഷവും
മേദിനീപാലകന്മാരുടെ വൃത്തവും 57
ഒക്കവേ ചാണക്യനോടുചൊല്ലീടിനാൻ
ഉൾക്കരളിലവനേറി കരുണയും 58
ഊനം വരാതേ മഹീസുരാചാര്യനെ
സ്നാനാദികൾ കഴിപ്പിച്ചിതുമൌര്യനും 59
ഭോജനശാലയും കാട്ടിക്കൊടുത്തഥ
രാജപൌത്രൻ ഗൃഹത്തിന്നുപോയീടിനാൻ. 60
വേഗം കുറച്ചഥ മൌര്യൻ വഴിയീന്നു
പോകുന്നനേരമീവണ്ണം നിരൂപിച്ചാൻ 61
ദൈവബലം കൊണ്ടെനിക്കുമനോരഥം
കൈവന്നിതിപ്പോളതിനില്ല സംശയം 62
ഇപ്പൃഥിവീസുരൻ തന്നെയാശ്രയിച്ചുഞാൻ
കെല്പോടു ചെയ്‌വൻ പ്രതിക്രിയ നിർണ്ണയം 63
ഉഗ്രനായുള്ളൊരു വിപ്രനവന്തനി-
ക്കഗ്രാസനം നരപാലകന്മാരവർ 64
എന്നും കൊടുക്കയില്ലെന്നും വരും പിന്നെ
മന്നവന്മാരതുമൂലം മുടിഞ്ഞുപോം 65
എന്നാലിനിക്കു വരേണ്ടതും സാധിച്ചി-
തെന്നിങ്ങിനേനിരൂപിച്ചു മൌര്യാത്മജൻ 66
ധന്യശീലൻ തെളിഞ്ഞേറ്റമതുനേരം
ചെന്നുനിജപുരം പുക്കുമരുവിനാൻ 67
ഭുക്തിശാലാന്തരേ ചെന്നു ചാണക്യനും
തത്രകനിവോടു നോക്കിയനേരത്തു 68
പൊന്നിൻ‌തളികകളോമ്പതൊരുപോലേ
മാന്യങ്ങളായിക്കിഴക്കുനോക്കീട്ടവ 69
വെച്ചിരിക്കുന്നിതതിനു നേരെപിന്നേ
വെച്ചിരിക്കുന്നിതൊരു പൊൻ‌തളികയും 70
വെള്ളത്തിലേനുരപോലേയതിൽച്ചില
വെള്ളിത്തളികകളായിരമുണ്ടല്ലോ 71
ചാണക്യനിങ്ങനേ കണ്ടോരുനേരത്തു
മാനിച്ചുപാചകന്മാരോടു ചോദിച്ചാൻ 72
“സ്വർണ്ണമയമൊരു പാത്രം വിശേഷിച്ചു
മാന്യസ്ഥലത്തു തെളിവോടുവെച്ചതും 73
പിന്നേയൊരൊമ്പതൊരുപോലെ വെച്ചതും
ഇന്നവർക്കെന്നു പറഞ്ഞീടുവിൻ നിങ്ങൾ 74
“നന്ദനരാധിപന്മാർക്കിവയൊമ്പതും
പിന്നെയങ്ങേതിഹ വന്ന വിപ്രന്മാരിൽ 76
അഗ്രാസനത്തിനുയോഗ്യനായ് പൂജ്യനായ്
ഭാഗ്യവാനായുള്ളവനെന്നറിഞ്ഞാലും 77
വന്നവർക്കൊക്കവേ മറ്റുളവയതിൽ
ഒന്നിങ്കലിപ്പോൾ ഭവാനുമിരുന്നാലും” 78
എന്നതുകേട്ടോരു കൌടില്യ ഭൂസുരൻ
“ഇന്നിവിടേക്കുവന്നീടിന വിപ്രരിൽ 79
അഗ്രനായുള്ളതുഞാ”നെന്നു ചൊല്ലിയ-
ങ്ങഗ്രാസനേ ചെന്നിരുന്നാൻ കനിവോടേ 80
രാജപ്രവരരും സ്നാനം കഴിച്ചഥ
ഭോജനശാലയിൽ വന്നോരുനേരത്തു 81
അല്പവയസ്സാംദ്വിജനെയഗ്രാസനേ
കെല്പോടുകണ്ടതുനേരമുരചെയ്താർ 82
“ഏതുവടുവിവൻ അഗ്രാസനത്തിന്മേൽ
ഏതുമേശങ്കകൂടാതെകരയേറി 83
ധൃഷ്ടതയോടുമിരിക്കുന്നതാരിവൻ?
കഷ്ടമനാരൂഢശ്മശ്രുവാകുന്നതും 84
കള്ളക്കുരങ്ങിനെത്തല്ലിയിഴച്ചുടൻ
തള്ളിപ്പുറത്തുകളവതിന്നാരുമേ 85
യില്ലയോ നമ്മുടെ ചോറുതിന്നുന്നവർ
എല്ലാവരുമെങ്ങുപോയാരിതുനേരം?” 86
ഇത്തരം മന്നവൻ ചൊന്നതുകേട്ടവൻ
ഇത്തരം ക്രുദ്ധനായുത്തരം ചൊല്ലിനാൻ 87
“മർക്കടനെങ്കിലും തസ്കരേങ്കിലും
മത്സമനായിട്ടൊരുത്തനുണ്ടെന്നാകിൽ 88
അഗ്രാസനത്തിങ്കൽ നിന്നിറങ്ങീടുവൻ
ഉഗ്രമായ് നിങ്ങൾ പറഞ്ഞാലിറങ്ങുമോ? 89
നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും
വേലകൂടാതെ ദൃഢമായ് വിളങ്ങുന്ന 90
എന്നെ പരീക്ഷിക്ക വേണമെന്നുണ്ടെങ്കിൽ
വന്നുപരീക്ഷിച്ചുകൊള്ളുക വൈകാതെ 91
ഗർവ്വിതന്മാരായനിങ്ങളെപ്പേടിച്ചു
ദുർവ്വാക്കു കേട്ടിറങ്ങിപ്പോകയില്ല ഞാൻ” 92
ദോഷം നടിച്ചുടൻ ന്യായം പറയുന്ന
ഭൂസുരശ്രേഷ്ഠനായുള്ള ചാണക്യനെ 93
ഭൃത്യജനങ്ങൾ കുടുമ്മ ചുറ്റിപ്പിടി-
ച്ചെത്രയും കഷ്ടമായ് തല്ലിയിഴച്ചവർ 94
ഭോജനശാലയിൽനിന്നു പുറത്തിങ്ങു
രാജഭൃത്യന്മാർ പിടിച്ചുതള്ളീടിനാർ 95
ദുഷ്ടർ പിടിച്ചുവലിക്കുന്ന നേരത്തു
കഷ്ടമഴിഞ്ഞു കുടുമയും വസ്ത്രവും 96
വൃദ്ധനായീടുന്ന മറ്റൊരു വിപ്രനെ
സത്വരമഗ്രാസനത്തിന്മെലാക്കിനാർ 97
ചാണക്യനപ്പോഴുദിച്ചോരുകോപത്തെ
ഞാനെങ്ങിനേ പറയുന്നു ശിവ! ശിവ!! 98
പുല്ലുതടഞ്ഞുവീണോരുനേരമതു
നില്ലാതെ കോപേന കുത്തിപ്പറിച്ചുടൻ 99
ചുട്ടുകലക്കിക്കുടിച്ച മഹീസുരൻ
കഷ്ടമിക്കോപം സഹിക്കുന്നതെങ്ങിനെ100
പാരം മുഴുത്തുള്ള രോഷം ജ്വലിച്ചവൻ
ഘോരമാം വണ്ണം പ്രതിജ്ഞ ചെയ്തീടിനാൻ 101
“മുഖ്യനായ് പൂജ്യനായുള്ളോരു ഞാനിന്നു
ധിക്കൃതനായതുകൊണ്ടുമന്യദ്വിജൻ 102
പൂജിതനായതുകൊണ്ടും നൃപകുല
നീചരാം നിങ്ങളെ വെട്ടിവധിപ്പിച്ചു 103
മറ്റൊരു ശൂദ്രനെ വാഴിച്ചിവിടെ ഞാൻ
തെറ്റെന്നുചൂഡയെക്കെട്ടുന്നതുണ്ടല്ലോ 104
ദുഷ്ടരാം ക്ഷത്രിയ ക്ഷുദ്രരേ! മൂഢരേ!
പെട്ടെന്നു ഞാനതു ചെയ്യുമറിഞ്ഞാലും” 105
ഘോരമായിത്ഥം പ്രതിജ്ഞയും ചെയ്തവൻ
ധീരനായ് കോപിച്ചുപോകുന്ന നേരത്തു 106
കണ്ടുനിന്നീടുന്ന സജ്ജനമൊക്കവേ
മിണ്ടാതെ നിന്നിതു കുണ്ഠരായേറ്റവും 107
“ക്ഷുൽഭ്രാന്തികൊണ്ടു വിവശനായീടുന്ന
വിപ്രൻ പറയുന്ന ഭാഷിതം കേട്ടില്ലേ” 108
ഭൂമിപന്മാർ പറഞ്ഞന്യോന്യമിങ്ങിനേ
കാമമാം വണ്ണം ഭുജിച്ചുകൊണ്ടീടിനാർ 109
ചാണക്യനും പിന്നെ മൌര്യഗൃഹം പുക്കു
മാനമുൾക്കൊണ്ടവൻ തന്നോടുചൊല്ലിനാൻ 110
“നന്ദരാജ്യത്തിങ്കലേയ്ക്കു നീ രാജാവു
മന്ത്രിയാകുന്നതും ഞാനെന്നറിഞ്ഞാലും” 111
ചാണക്യവാക്കുകളിങ്ങിനെ കേട്ടവൻ
താണുതൊഴുതു വിനീതനായ് ചൊല്ലിനാൻ 112
“എന്തിങ്ങിനേയരുൾ ചെയ്യുന്നതു ഭവാൻ
എന്തെന്നെനിക്കുള്ളിലുണ്ടായതില്ലേതും” 113
എന്നതുകേട്ടഥ വിഷ്ണുഗുപ്തൻ താനും
മന്നവർ ചെയ്ത ധിക്കാരവും തന്നുടെ 114
ഘോരമായോരു പ്രതിജ്ഞയുമമ്പോടു
മൌര്യനോടൊക്കവേയും പറഞ്ഞീടിനാൻ 115
ചദ്രഗുപ്തൻ താൻ നിരൂപിച്ചിരുന്നതി-
ന്നന്തരം കൂടാതെ കേട്ടു സന്തോഷിച്ചു 116
തല്പദം കുമ്പിട്ടവനെഗ്ഗുരുവെന്നു
കല്പിച്ചു സഖ്യവും ചെയ്തിതു തങ്ങളിൽ 117
മൌര്യനോടൊക്കെപ്പറയേണ്ടതും പറ-
ഞ്ഞാര്യമതിയായ ചാണക്യഭൂസുരൻ 118
യാത്രയും പിന്നെയവനോടുര ചെയ്തു
ധാത്രീസുരൻ തന്നിടത്തിന്നുപോയിനാൻ 119
മൌര്യതനയനും ചാണക്യവിപ്രനും
കാര്യങ്ങളന്യോന്യം കണ്ടുപറഞ്ഞതും 120
തങ്ങളിൽ സഖ്യം തെളിവോടു ചെയ്തതും
എങ്ങുമേയാരുമറിഞ്ഞതുമില്ലല്ലോ 121
തന്നിടം പുക്കോരു വിഷ്ണുഗുപ്തൻ പിന്നെ
തന്നുടെ സബ്രഹ്മചാരിയായ്മേവുന്ന 122
ഇന്ദ്രശർമ്മാവായ വിപ്രനോടൊക്കവേ
നന്ദഭൂപാലന്മാർ തന്നോടു ചെയ്തതും 123
ഘോരതരമായ് പ്രതിജ്ഞ താൻ ചെയ്തതും
നേരോടുരചെയ്തറിയിച്ചനന്തരം 124
ജ്യോതിഷത്തിങ്കലും മന്ത്രവാദത്തിലും
ചാതുര്യമേറീടുമിദ്രശർമ്മാവുതാൻ 125
സർവ്വകാര്യങ്ങളവനോടുരചെയ്തു
സർവ്വനന്ദന്മാർ കുലത്തെയൊടുക്കുവാൻ 126
ഉൾക്കനം കൈക്കൊണ്ടു മുദ്രയുമിട്ടവൻ
പൊക്കണം കെട്ടിപ്പുറത്തിട്ടു ധീരനായ് 127
ഭസ്മവും തേച്ചതിനിസ്പൃഹനായഥ
വിസ്മയമായൊരു യോഗിവേഷം പൂണ്ടാൻ 128
പീലിയും കെട്ടിയെടുത്തഥ രുദ്രാക്ഷ-
മാലയും മാർവ്വിലണിഞ്ഞു വിനീതനായ് 129
ബുദ്ധമുനിമതം ആശ്രയിച്ചു നിത്യവും
ചിത്തമുറപ്പിച്ചു നന്ദരാജ്യത്തിങ്കൽ 130
മുറ്റുമിരുന്നു ദിവസം കഴിച്ചവൻ
മറ്റൊന്നിനുമൊരാകാംക്ഷയും കൂടാതെ131
ശ്രാവകേതേവ്യം പറഞ്ഞുമുനികളെ
പാവനശീലനായിട്ടുക്ഷപണകൻ 132
കിഞ്ചനവഞ്ചനസംശയം കൂടാതെ
ചഞ്ചലം കൈവിട്ടു സഞ്ചരിച്ചീടിനാൻ 133
കഷ്ടമായുള്ളോരു വിപ്രനിരാസവും
നിഷ്ടുരമായവൻ ചെയ്തശപഥവും 134
കേട്ടുവിഷാദവും ഭീതിയും പൂണ്ടഥ
ശിഷ്ടനാം മന്ത്രികുലോത്തമൻ രാക്ഷസൻ 135
ദീർഘമായ്ക്കണ്ടുഭയം പൂണ്ടതിനൊരു
മാർഗ്ഗമെന്തെന്നുവിചാരം തുടങ്ങിനാൻ 136
ഭൂഭൃത്തുക്കളെകുറിച്ചവനേതാനും
ആഭിചാരങ്ങൾ ചെയ്തീടുമല്ലോ ദൃഢം 137
ചന്തമോടിന്നിതു നിർത്തുവാനാരെന്നു
ചിന്തിച്ചിരുന്നിതു മന്ത്രിപ്രവരനും 138
മറ്റൊരു മാർഗ്ഗമുണ്ടെന്നതറിയാതെ
മുറ്റുമിതുനിരൂപിച്ചിരുന്നീടിനാൻ 139
അക്കാലമൊന്നു കേട്ടീടിനാനിങ്ങിനേ
യുൾക്കാമ്പുഴന്നിരിക്കുന്നോരു രാക്ഷസൻ 140
ഉണ്ടുപോലിന്നൊരുത്തൻ മന്ത്രവാദിയായ്
കണ്ടവർക്കൊക്കെ പ്രവൃത്തിച്ചു നിത്യവും 141
ഉണ്ടായശത്രു ബാധാദികൾ പോക്കുവാൻ
കണ്ടിട്ടുമില്ലവനെപ്പോലെയാരെയും 142
നാട്ടിൽ നടക്കുന്നതുണ്ടവനെന്നതു
കേട്ടു തെളിഞ്ഞോരു മന്ത്രികുലോത്തമൻ 143
കാലവിളംബനംകൂടാതവനെയും
ആളയപ്പിച്ചു കൂട്ടിക്കൊണ്ടുപോന്നിഹ 144
മോദേനചെന്നവൻ തന്നോടു രാക്ഷസൻ
ചോദിച്ചിതു “ഭവാനാരെന്നു ചൊല്ലുക” 145
ഇത്ഥമാത്യൻ പറഞ്ഞതുകേട്ടവൻ
എത്രയും താണുവിനീതനായ് ചൊല്ലിനാൻ 146
“മന്ത്രിപ്രവരമഹാമതേ! ഞാനൊരു
മാത്രികനാകുന്ന യോഗിയാകുന്നതും 147
ജ്യോതിഷമന്ത്രവാദങ്ങളെന്നുള്ളതി-
ന്നേതുമൊരു കുറവില്ലെന്നറിഞ്ഞാലും 148
ജീവസിദ്ധിയെന്നിനിക്കു പേരാകുന്നു
കേവലം ഭോജനം തന്നാൽ മതി താനും” 149
ഇത്ഥം ക്ഷപണകൻ ചൊന്നതുകേട്ടവൻ
ചിത്തേ നിരൂപിച്ചുകൊണ്ടാനതുനേരം 150
സത്യമിബ്രാഹ്മണരും ക്ഷപണന്മാരും
നിത്യവും വൈരമേറീടും പരിഷകൾ 151
എന്നതുകൊണ്ടു വിപ്രാഭിചാരാദികൾ
ഇന്നിവനെക്കൊണ്ടു നിർത്തുന്നതുണ്ടുഞാൻ 152
നിശ്ചയിച്ചേവമുറച്ചത്ഥ രാക്ഷസൻ
വിശ്വസിച്ചപ്പോളവനോടുര ചെയ്താൻ 153
വിപ്രകോപാദികളൊക്കവേയും പുന-
രപ്പോൾ ക്ഷപണനതുകേട്ടു ചൊല്ലിനാൻ 154
“ശ്രാവകശ്രേഷ്ഠ! മഹാമതേ! മാനസേ
താപവും ഭീതിയുമുണ്ടാകരുതേതും 155
അന്തണരെന്തഹോ ദുർബ്ബലന്മാരവർ
ചിന്തിക്കിലെത്രയും ഭീരുക്കളല്ലയോ? 156
കൈയ്യൂക്കുമില്ലാപടയുമില്ലാപാർത്താൽ
മെയ്യൂക്കുമൂട്ടിലുണ്മാനതിവീരന്മാർ 157
പിന്നെച്ചിലരതിലാഭിചാരാദികൾ
നന്നായ്പഠിക്കും ദിവസം കഴിപ്പാനായ് 158
ഏതാനുമൊന്നതുകൊണ്ടു ചെയ്തീടുകിൽ
എന്തെങ്കിലും തടുത്തീടുവാനാളു ഞാൻ 159
ഇന്നതിനെന്നോടു തുല്യനായാരുമി-
ല്ലെന്നതറിഞ്ഞിരിക്കേണം മഹാമതേ!“ 160
ഇത്ഥം പലവും പറഞ്ഞു ഫലിപ്പിച്ചു
ചിത്തം തെളിഞ്ഞോരു രാക്ഷസനന്നേരം 161
മാനിച്ചവനെത്തെളിയിച്ചിരുത്തിനാൻ
ഊനം വരാതെയിരുന്നാനവൻ താനും 162
പൃത്ഥീപതികൾക്കവനുമതുകാല-
മെത്രയും പാരം ജ്വരം പിടിപ്പിച്ചുതേ 163
“ചാണക്യനെന്നവൻ ചെയ്താഭിചാരമീ -
ക്കാണുന്നതെ”ന്നുപറഞ്ഞു ക്ഷപണകൻ 164
തജ്ജ്വരം പീലിയുഴിഞ്ഞു ശമിപ്പിച്ചാൻ
വിജ്വന്മാരായി വന്നിതവർകളും 165
“ഇത്ഥമോരോന്നു ചെയ്യും വിപ്ര” രെന്നതു
സത്യമായെല്ലാവരോടും പറഞ്ഞവൻ 166
സമ്മതിപ്പിച്ചു ഭൂപാലരെക്കൊണ്ടവൻ
ബ്രഹ്മസ്വമായുള്ള സദ്യ മുടക്കിച്ചാൻ 167
നന്ദഭൂപന്മാർക്കു പിന്നെ ക്ഷപണകൻ
ഭ്രാന്തു പിടിപ്പിച്ചുടനേ ശമിപ്പിച്ചാൻ 168
ഭ്രാന്തും പനിയും കളഞ്ഞോരു യോഗിക്കു
സന്തോഷമുൾക്കൊണ്ടു രാജപ്രവരന്മാർ 169
എണ്ണമില്ലാതോളമുള്ള രത്നങ്ങളും
പൊന്നും പണവും കൊടുത്തൊരസംഖ്യമായ് 170
മംഗല കാന്തികലർന്ന രത്നങ്ങളും
മങ്ങാതെയുള്ള സുവർണ്ണങ്ങളുമവൻ 171
കല്ലുകൊണ്ടങ്ങുമിങ്ങുമെറിയും പോലെ
കില്ലുകൂടാതെയെറിഞ്ഞുകളഞ്ഞുതേ 172
അന്നുതുടങ്ങിക്ഷിതിപാലകന്മാരും
മന്നവർക്കിഷ്ടനാം മന്ത്രിപ്രവരനും 173
എത്രയും വിശ്വാസമോടവനെക്കുറി-
ച്ചത്യന്ത വിസ്മയമോടിരുന്നീടിനാർ. 174
പിന്നെ കുറഞ്ഞോരു കാലം കഴിഞ്ഞപ്പോൾ
മന്നവന്മാരോടു ചൊന്നാൻ ക്ഷപണകൻ 175
“ഞാനിഹ ലക്ഷണം കൊണ്ടുപറയുന്നു
മാനിയായുള്ളോരു ചന്ദ്രഗുപ്തനിവൻ 176
നാട്ടിലിരിക്കുന്നതൊട്ടുമാകാദൃഢം
ആട്ടിക്കളിക്ക പുറത്തിനി വൈകാതെ 177
എന്നതുകേട്ടൊരു നന്ദഭൂപാലന്മാർ
ചെന്നുടനാട്ടിക്കളഞ്ഞാരവനെയും 178
ആരുമറിയാതെ പിന്നേക്ഷപണകൻ
മൌര്യന്റെ പിന്നാലെ കൂടെ പുറപ്പെട്ടാൻ. 179
പുഷ്പപുരത്തിങ്കൽ നിന്നൊരു നാല്പതും
ശില്പമായഞ്ചുമക്കാതം വഴിയുള്ള 180
വർദ്ധമാനാഖ്യമാംഗ്രാമേതിരഞ്ഞവൻ
എത്തിയവനെയവിടെയിരുത്തീട്ട് 181
പാടലീപുത്രമാകുന്ന പുരത്തിങ്ക-
ലോടിവന്നീടിനാനാരുമറിയാതെ 182
മാന്ത്രികനാകും ക്ഷപണകനിങ്ങിനേ
ചിന്തിച്ചു പിന്നെയും ലക്ഷണം ചൊല്ലിനാൻ 183
“കാട്ടിലിരുന്നു രഹസ്യമായിട്ടൊരു
കാട്ടാളരാജനോടുംകൂടൊരുമിച്ചു 184
ക്ഷുദ്രപ്രയോഗങ്ങൾ ചെയ്യുന്നതുണ്ടൊരു
വിപ്രനെന്നുള്ളതു തോന്നുന്നിതിക്കാലം 185
എന്തിനി വേണ്ടതതിനെന്നു നിങ്ങളും
ചിന്തിച്ചു കല്പിച്ചു കൊള്ളുക വൈകാതെ 186
മന്നവന്മാരതു കേട്ടു കോപിച്ചഥ
മുന്നം ശബരേശ്വരന്നു നൽകീടുന്ന 187
ജീവിതവും മുടക്കീടിനാരക്കാലം
കോപിതനായതു മൂലം ബലാലവൻ 188
നാട്ടിന്നയൽ നാടുവാഴിയായുള്ളൊരു
കാട്ടാളനും വിപരീതമായ് വന്നുതേ. 189
മൌര്യനതു വഴിപോലെയറിഞ്ഞഥ
വീര്യവാനാകും കിരാതാധിനാഥനെ 190
പാവമാനസൻ പൈതൃകാർത്ഥം കൊണ്ടു
ജീവിതവും നൽകി മിത്രമാക്കീടിനാൻ 191
പിന്നെയും താതനെ സ്നേഹമുള്ളോർകളെ
നന്നായ്‌വശീകരിച്ചീടിനാൻ മൌര്യനും 192
ചാണക്യനും പുനരിന്ദ്രശർമ്മാവിനെ
താനേ പറഞ്ഞങ്ങയച്ചോരനന്തരം 193
പുഷ്പപുരത്തിനു നേരേ വടക്കോട്ടു
കെല്പോടുപോയാനൊരു നൂറു യോജന 194
ഗർവ്വിതനായവിടേ മരുവീടുന്ന
പർവ്വതകാഖ്യനാം മ്ലേച്ഛാധിനാഥനെ 195
ചെന്നുസേവിച്ചിതു ബുദ്ധിബലംകൊണ്ടു
തന്നുള്ളിലുള്ളതെല്ലാം പറഞ്ഞീടിനാൻ:- 196
“മ്ലേച്ഛകുലേശ്വര! വീരശിഖാമണേ!
സ്വച്ഛമതെ! നിൻ കൃപയൊഴിഞ്ഞില്ലമേ 197
നന്ദനാമാങ്കിതന്മാരായ് മരുവുന്ന
മന്ദമതികളാം മന്നവർ ചെയ്തൊരു 198
ധിക്രിയകൊണ്ടുകുപിതനായോരുഞാൻ
അക്കുലമൊക്കെയൊടുക്കിക്കളഞ്ഞുടൻ 199
മൌര്യനു രാജ്യം കൊടുത്തീടുവനെന്നു
ധൈര്യമോടേവം പ്രതിജ്ഞ ചെയ്തീടിനേൻ 200
ഇന്നതുചെയ്‌വതിന്നാരുമില്ലാഞ്ഞിഹ
വന്നേനഹമെന്നറിക കൃപാനിധേ! 201
വൻപടയോടുമൊരുമിച്ചു പോന്നു നീ
കമ്പമിയലാതെനന്ദരാജാക്കളെ 202
വെട്ടിക്കൊലചെയ്തുവെങ്കിൽ ഭവാനു ഞാൻ
നാട്ടാലൊരർദ്ധം പകുത്തു തന്നീടുവൻ 203
ബന്ധുവായിന്നു ഭവാനതു ചെയ്കിലോ
സന്ധിച്ചുകൂടും മനോരഥമൊക്കവേ” 204
ഭൂസുരനാകിയ ചാണക്യനിങ്ങനെ
ഭാസുരമായിപ്പറഞ്ഞതു കേട്ടവൻ 205
വമ്പരിൽ മുമ്പനായെത്രയും ശക്തനാം
തമ്പിയായുള്ളൊരു വൈരോധകനോടും 206
തത്രമലയകേതുപ്രമുഖന്മാരാം
പുത്രരോടും നിജമിത്രജനത്തോടും 207
ബുദ്ധിയേറീടുമമാത്യജനത്തോടും
ചിത്തമൊത്തേറ്റം വിവാദം തുടങ്ങിനാൻ 208
“നീതിമാനേറ്റമീച്ചാണക്യഭൂസുരൻ
ഏതുമതിനില്ലകില്ലെന്നറിയേണം 209
ശത്രുബലാബലമറിയുന്നവ-
നർദ്ധരാർജ്യം ലഭിച്ചീടുമിതുചെയ്താൽ 210
തുച്ഛമല്ലോ മുരാപൌത്രനതുകൊണ്ടു
നിശ്ചയമർദ്ധമല്ലാകവേയെന്നതും”211
മന്ത്രിച്ചു തമ്മിലീവണ്ണം വിചാരിച്ചു
മന്ത്രിപദം വിഷ്ണുഗുപ്തനു നൽകിനാൻ 212
അന്യരാം മ്ലേച്ഛപതികളാം പർവ്വത-
മന്നരെയും വശത്താക്കിനാൻ ചാണക്യൻ 213
നന്ദരാജ്യത്തിനു കൂട്ടുന്നിതുപട-
യെന്നുള്ളതാരുമറിയാതിരിപ്പാനായ് 214
മറ്റൊരു ഭൂപനോടേല്പതിനെന്നവർ
തെറ്റെന്നൊരു ഘോഷവും നടത്തീടിനാർ 215
ധീരനായുള്ളൊരു പർവ്വതരാജനും
ധീരനായുള്ളൊരു വൈരോധകൻ താനും 216
പുത്രനായുള്ള മലയകേതുതാനും
എത്രയുമൂക്കുള്ള മന്ത്രിജനങ്ങളും 217
ബന്ധുക്കളും പഞ്ചസേനാധിപന്മാരും
സിന്ധുനിവാസികളായ ശകന്മാരും 218
പാരസീകന്മാർ യവനഗണങ്ങളും
വീരരായീടുന്ന ബന്ധുജനങ്ങളും 219
ആനതേർ കാലാൾ കുതിരപ്പടകളും
ആനകശൃംഗമൃദംഗാദി വാദ്യവും 220
ഒക്കവേതിക്കിത്തിരക്കീട്ടുതെക്കോട്ടു
വെക്കം നടന്നു കുലുങ്ങി ധരിത്രിയും 221
നന്ദരാജ്യത്തിന്നു പോകുന്നതെന്നതും
ഒന്നുമറിഞ്ഞീലതിലുള്ളവർകളും 222
ചാരത്തിരിക്കുന്നവർക്കറിയാത്തതു
ദൂരത്തിരിക്കുന്നവർക്കറിയാവതോ? 223
ചാണക്യചാരന്മാർ പോക്കൽനിന്നക്കഥ
മാനസേനന്നായ്ഗ്രഹിച്ചു ക്ഷപണകൻ 224
ചെന്നുടൻ നന്ദസേനാധിപന്മാരോടു
ചൊന്നാൻ രഹസ്യമായ് പ്രത്യേകമന്നേരം:- 225
“ആഷാഢകൃഷ്ണപക്ഷാദിക്കുഷസ്സിനു
ഭോഷന്മാരേ! കുജവാരേരിപുജനം 226
കെല്പോടുകൂടവേ വന്നുവളയുമി
പ്പുഷ്പപുരമതിനില്ലൊരു സംശയം 227
അന്നുപടയ്ക്കു പോയീടുന്നതാകിലോ
വന്നുപോം മൃത്യുഭവാനെന്നറിഞ്ഞാലും 228
കാലദോഷം ഭവാനേറെയുണ്ടിക്കാലം
ഏലാതെനിന്നുകൊൾവാൻ കരുതീടെടോ! 229
ഇന്നിനിക്കേറ്റവും സ്നേഹമുണ്ടാകയാൽ
വന്നുഭവാനോടു ചൊന്നേൻ രഹസ്യമായ് 230
ഒന്നുമൊരുത്തരോടുമുരിയാടായ്ക
നന്നല്ലതിൽച്ചില ദോഷങ്ങളുണ്ടേടോ 231
മുമ്പിലിതു ഘോഷം കൊണ്ടുവെന്നാകിലോ
വമ്പടവന്നുവളയുമതുനേരം 232
ഒന്നുമുപായമില്ലാതെ വലഞ്ഞുപോം
എന്നതുകൊണ്ടുഞാൻ പിന്നെയും ചൊല്ലുന്നു” 233
പ്രത്യേകമോരോജനത്തോടുഗൂഢമായ്
“സത്യമിതെ”ന്നു പറഞ്ഞു ബോധിപ്പിച്ചാൻ. 234
ലക്ഷണക്കാരനിവൻ പറയുന്നതു
സത്യമായ്ത്തന്നേവരുമെന്നുറച്ചവർ 235
അന്നുപടയ്ക്കു പോകേണ്ടിവരുമെന്നു
തന്നുള്ളിലുള്ളോരു പേടിപൂണ്ടെല്ലാരും 236
ഓരോരൊകാര്യമുണ്ടെന്നുപറഞ്ഞുടൻ
ഓരോരോ ദിക്കിൽ പുറപ്പെട്ടുപോയിനാർ 237
ഘോരതരമാം പടയോടുകൂടവേ
ധീരതയോടഥപർവ്വതരാജനും 238
അർത്ഥരാത്രിക്കുടൻ ചന്ദ്രഗുപ്തൻ‌വാഴും
ഉത്തമദേശത്തുവന്നാൻ കനിവോടേ 239
അപ്പോൾ ചണകാത്മജോക്തിയാൽ മൌര്യനും
ശില്പമായ്പൈത്ര്യമാമർത്ഥം പകുത്തതിൽ 240
പാതിയും പർവ്വതരാജനു നൽകിനാൻ
ചാതുര്യമോടുബന്ധുത്വമുണ്ടാക്കുവാൻ 241
രാത്രിയും പിന്നെക്കഴിഞ്ഞോരനന്തരം
യാത്രതുടങ്ങീതിളകിപെരുമ്പട 242
പർവ്വതരാജനും ചാണക്യവിപ്രനും
ഗർവ്വാനടിച്ചോരു വൈരോധകാദിയും 243
മ്ലേച്ഛഗണങ്ങളും പാരസീകന്മാരും
ഉച്ചത്തിലാമ്മാർ നിലവിളിച്ചൊക്കവേ 244
പുഷ്പപുരിക്കുവടക്കും കിഴക്കുമായ്
കെല്പോടു ചെന്നു വളഞ്ഞാരതുനേരം 245
മൌര്യതനയനും കാട്ടാളരാജനും
വീര്യമേറീടും കുതിരപ്പടകളും 246
മറ്റെപ്പുറമേയടുത്തിരുഭാഗവും
തെറ്റെന്നുചെന്നു വളഞ്ഞാരവർകളും 247
ശത്രുക്കൾ ചെന്നു വളഞ്ഞതുകേട്ടഥ
ശക്തരായീടുന്ന നന്ദരാജാക്കളും 248
യുദ്ധസന്നദ്ധരായ് വില്ലും ധരിച്ചതി
ക്രൂദ്ധരായ് സേനാപതികളെയൊക്കവേ 249
ചെന്നുവിളിച്ചതുനേരമൊരുത്തരും
വന്നതുമില്ല മരണഭയത്തിനാൽ 250
ഒട്ടുചിലരുഴന്നങ്ങുമിങ്ങും പോയാർ
ഒട്ടുചിലരകം പുക്കൊളിച്ചീടിനാർ 251
അപ്പോൾ നിലവിളിച്ചെത്തിയ ലോകരും
പുഷ്പപുരേമുമ്പിലുള്ള ജനങ്ങളും 252
ഒക്കവേകൂടിയൊരു ലക്ഷമുണ്ടതിൽ
ചിക്കനെപ്പാതിപ്പടയോടുകൂടവേ 253
ചന്ദ്രഗുപ്തന്റെ മതിവീര്യമൊക്കവേ
യന്തരാചിന്തിച്ചു ചിന്തിച്ചു രാക്ഷസൻ 254
രൂക്ഷനായ് വില്ലും ധരിച്ചു യുദ്ധത്തിനായ്
ദക്ഷിണഗോപുരത്തൂടേ പുറപ്പെട്ടാൻ. 255
മൌര്യസുതനും കിരാതാധിനാഥനും
വീര്യം നടിച്ചു നിൽക്കുന്നതിന്നിപ്പുറം 256
അർണ്ണവം പോലേപരന്ന പടയുമായ്
ചെന്നു നിന്നീടിനാൻ മന്ത്രിപ്രവരനും 257
തേരിലേറിപ്പുറപ്പെട്ടു സന്നദ്ധരായ്
വീരമകുടമണികൾ നൃപന്മാരും 258
കുംഭവും കൊമ്പും പൊതിഞ്ഞഥപൊന്നിനാൽ
കമ്പമില്ലാത്തോരു കുംഭിവരന്മാരും 259
കാറ്റിനെക്കാൾ വേഗമോടും രഥങ്ങളും
തെറ്റെന്നുപായും കുതിരപ്പടകളും 260
വാളും പരിചയും വില്ലും ശരങ്ങളും
ചാലത്തെളികെക്കടഞ്ഞചക്രങ്ങളും 261
കുന്തം ചവളങ്ങൾ വേലുകളീട്ടികൾ
ചന്തമിയലുന്നതോമരജാലവും 262
പട്ടസംനല്ല ഗദകൾ ശതഘ്നികൾ
നിഷ്ടുരമായ മുസലശൂലങ്ങളും 263
ശക്തികൾ വെണ്മഴുവെന്നിത്തരമുള്ള
ശസ്ത്രങ്ങളൂക്കോടെടുത്തു സന്നദ്ധരായ് 264
ചട്ടയും തൊപ്പിയുമിട്ടുകെട്ടിക്കൊണ്ടു
ധൃഷ്ടരായ്മേവുന്ന പത്തിവരന്മാരും 265
നല്ലവടികളെടുത്തുനിലവിളി-
ച്ചുള്ളം തെളിഞ്ഞുള്ള കാഴ്ചപ്പടകളും 266
ശംഖമൃദംഗപടഹാദിവാദ്യവും
ശങ്കവെടിഞ്ഞഥരാജപ്രവരരും 267
ചിത്തമുറപ്പിച്ചൊരുമിച്ചു ചെന്നുടൻ
ഉത്തരഗോപുരത്തൂടേ പുറപ്പെട്ടാർ 268
പർവ്വതരാജപ്പടയോടുകൂടവേ
ഗർവ്വം നടിച്ചുടനേറ്റാരവർകളും 269
യുദ്ധത്തിനായ്ക്കൊണ്ടു മന്ത്രിപ്രവരനെ
ബദ്ധസന്നാഹനായ്ക്കണ്ടൊരുമൌര്യനും 270
താണുതൊഴുതുനിവിരേ വിളിച്ചവൻ
മാനമോടേവം മൊഴി പറഞ്ഞീടിനാൻ:- 271
“മന്ത്രികുലോത്തമ! കേൾക്ക മഹാമതേ!
മന്ത്രശാലാന്തരാളത്തികലിട്ടു നീ 272
പട്ടിണിയിട്ടുകൊല്ലിച്ചീലയോചൊല്ലു
കഷ്ടം ഭവാൻ ചെയ്ത ദുർന്നയമൊക്കെയും 273
രാജപുത്രത്വമുണ്ടാകയാൽ ഞങ്ങൾക്കു
രാജ്യൈകദേശമവകാശമുണ്ടെടോ! 274
ന്യായമായുള്ളവകാശം തരികിലി-
ന്നാര്യമതെ! ശമിപ്പിക്കാം മഹാരണം” 275
ഇത്ഥമുരചെയ്ത മൌര്യനോടന്നേരം
ക്രുദ്ധനായ് രാക്ഷസന്താനുമുരചെയ്തു:- 276
“പാപമതിയായനിന്നുടെ ദുർന്നയം
കേവലം ഞാനിങ്ങറിഞ്ഞിരിക്കുന്നതും 277
പോരുമിനിപ്പരുഷങ്ങൾ പറഞ്ഞതും
പോരിനുനേരെവരികവിരവിൽനീ“ 278
വമ്പനാം രാക്ഷസൻ ചൊന്നതുകേട്ടവൻ
മുമ്പിൽ പറഞ്ഞതുപിന്നെയും ചൊല്ലിനാൻ 279
“ഇന്നവകാശംതരികെ”ന്നു മൌര്യനും
“വന്നുനീ പോർ ചെയ്ക” യെന്നു മന്ത്രീന്ദ്രനും 280
എന്നിങ്ങനെ വിവാദിച്ചു തന്നേയവർ
നിന്നാർ കലഹം തുടരാതിരുവരും 281
പർവ്വതനന്ദബലൌഘങ്ങൾ തങ്ങളിൽ
ഉർവ്വീകുലുങ്ങും പരിചുപോർ ചെയ്തിതു 282
തൂമയോടേറ്റുപൊരുതുന്നതുനേരത്തു
പേമഴപോലേചൊരിഞ്ഞുശരങ്ങളും 283
വമ്പടരണ്ടു പുറത്തുമടുത്തതി-
കമ്പമകന്നു പോർ ചെയ്യുന്നതുനേരം 284
അഭ്യാസമുള്ള ജനങ്ങളണഞ്ഞുടൻ
പിൽ‌പ്പാടുവാങ്ങാതെ വെട്ടിനടക്കയും 285
ധൃഷ്ടരായുള്ളവർ വെട്ടുതടുക്കയും
നിഷ്ടുരമായ് ചില വാദം പറകയും 286
കുത്തുകൾകൊണ്ടുകുടൽകൾ തുറിക്കയും
പത്തും മുറിഞ്ഞുമൊട്ടൊട്ടുതിരിക്കയും 287
ശൂരതയുള്ളവർ നേരിട്ടടുക്കയും
വീരജനങ്ങൾ തിരിഞ്ഞുമരിക്കയും 288
ഭീരുക്കളായവർ പിൻപെട്ടുനിൽക്കയും
ഓരോ ജനങ്ങളെ വേറെ കുമയ്ക്കയും 289
ചാണക്യഭൂസുരൻ യുദ്ധം ഭരിക്കയും
നാണയത്തിന്നു ചാപങ്ങൾ മുറിക്കയും 290
കാണികൾ തമ്മിൽ പറഞ്ഞുരസിക്കയും
ആനകൾ ചത്തുമലച്ചുകിടക്കയും 291
വെട്ടുകൾകൊണ്ടു തലകൾ തെറിക്കയും
തട്ടുകേടുണ്ടാകകൊണ്ടൊട്ടൊഴിക്കയും 292
തട്ടിയടുക്കയും വെട്ടിമരിക്കയും
ഒട്ടുതടുക്കയും പട്ടുകിടക്കയും 293
കൂരമ്പുപേമഴപോലെ ചൊരികയും
“ഘോരമ്പട”യെന്നു കാണികൾ ചൊൽകയും 294
രണ്ടുപുറമീവണ്ണമ്പൊരുതള-
വുണ്ടായ സംഗരമെത്ര ഭയങ്കരം 295
നന്ദഭൂപന്മാരുടെ പടമിക്കതും
അന്തകാവാസംഗമിച്ചോരന്തരം 296
വാളും പരിചയും കൈക്കൊണ്ടു മന്നവർ
ചീളെന്നു തേരീന്നിറങ്ങിയണഞ്ഞവർ 297
പർവ്വതരാജപ്പെരുമ്പടക്കൂട്ടത്തിൽ
നിർവ്വിചാരന്മാരതായ്ചെന്നു ചാടിനാർ 298
മ്ലേച്ഛഗണങ്ങളും വെട്ടുകൊണ്ടന്നേരം
പാച്ചിൽ പിടിച്ചതു നേരത്തു ചാണക്യൻ 299
വമ്പടവേഗേനപായുന്ന നേരത്തു
മുമ്പിൽക്കടന്നു തടുത്തു ചൊല്ലീടിനാൻ; 300
“മണ്ടുന്നതിപ്പോളെവിടേക്കു നിങ്ങളെ
കൊണ്ടുവന്നോരു ഞാൻ കണ്ടിങ്ങിരിക്കുമോ? 301
ഒമ്പതുപേർ നൃപന്മാരേയിവരുള്ളു
കമ്പം കളഞ്ഞു പടയ്ക്കടുത്തീടുവിൻ 302
ഓടിമരിപ്പാനണഞ്ഞ നൃപന്മാരെ
പേടികളഞ്ഞുകൊലചെയ്കവൈകാതെ” 303
എന്നതുകേട്ടവരാകെത്തിരിഞ്ഞിങ്ങു
നന്നായണഞ്ഞുപോർ ചെയ്തു തുടങ്ങിനാർ 304
പർവ്വതനാഥനും വൈരോധകൻ താനും
പർവ്വതപുത്രൻ മലയകേതുതാനും 305
പഞ്ചസേനാധിപന്മാരുമൊരുമിച്ചു
ചഞ്ചലമെന്ന്യേയടുത്താരതുനേരം 306
കൂട്ടത്തിലാശുകടന്നുകൊണ്ടന്നേരം
വെട്ടുകൾ തട്ടിച്ചു നന്ദഭൂപന്മാരും 307
വെട്ടുകൊണ്ടറ്റുപിളർന്നിതതുനേരം
പെട്ടിതനേകനൂറായിരം മ്ലേച്ഛരും 308
തെറ്റന്നുനന്ദഭൂപന്മാരെയന്നേരം
ചുറ്റും വളഞ്ഞു പോർ ചെയ്തൊരരികളും 309
തങ്ങളേയും മറന്നപ്പോളരചന്മാർ
മങ്ങാതെ നിന്നുപോർ ചെയ്യും ദശാന്തരേ 310
പർവ്വതകാദികൾ വെട്ടിക്കുലചെയ്തു
സർവ്വനന്ദന്മാരെയെന്നേ പറയേണ്ടൂ 311
സ്വർഗ്ഗലോകത്തിനു നന്ദഭൂപന്മാരും
നിർഗ്ഗമിച്ചീടിനാർ പോരിൽ മരിക്കയാൽ; 312
പേടിയോടോടിനാർ ശേഷിച്ചവർകളും
കൂടങ്ങോടിയണഞ്ഞാരരികളും 313
വമ്പടകെട്ടുമണ്ടുന്നോരു ഘോഷവും
അമ്പുള്ളരികൾ നിലവിളിഘോഷവും 314
കേട്ടുകേട്ടാകുലപ്പെട്ടുഭയം പൂണ്ടു
പെട്ടെന്നവിടേക്കു വന്നിതു രാക്ഷസൻ 315
പാരതിൽ വീണുകിടക്കുന്നതുകണ്ടു
ചോരയണിഞ്ഞനൃപന്മാരെയുമവൻ 316
ഇങ്ങിനെ കണ്ടതുനേരത്തവനകം
തിങ്ങിന ശോകേന കണ്ണുനീരും വാർത്തു 317
അന്തഃപുരം പുക്കു സർവ്വാർത്ഥസിദ്ധിയെ
വന്ദിച്ചവനോടതെല്ലാമറിയിച്ചാൻ 318
മക്കൾ മരിച്ചതു കേട്ടു മഹീപതി
ദുഃഖം മുഴുത്തു മറിഞ്ഞുവീണീടിനാൻ 319
മന്നനെച്ചെന്നുപിടിച്ചിതുരാക്ഷസൻ
പിന്നെയുണർന്നുവിലാപം തുടങ്ങിനാൻ 320
“അയ്യോ ചതിച്ചിതോ വൃദ്ധനാമെന്നെയും
മെയ്യഴകുള്ള കുമാരന്മാരേ! നിങ്ങൾ 321
നിങ്ങളേവാഴിച്ചുപോവാനിരുന്നഞാ-
നിങ്ങിരുന്നേനിതു കാണ്മതിന്നായഹൊ! 322
ഉണ്ണികളേ! നിങ്ങളോടുപിരിഞ്ഞു ഞാൻ
ഇന്നുമഹീതലേ വാഴുന്നതെങ്ങിനേ? 323
മന്നിടം രക്ഷിപ്പതിനുഞാൻ നിങ്ങളെ
മന്നവന്മാരായി വാഴിച്ചു കാനനം 324
പുക്കുഗതി വരുത്തീടുകെന്നുള്ളതും
ഒക്കവേ നിങ്ങൾ കഴിച്ചിതോ ദൈവമേ!“ 325
എന്നുപറഞ്ഞുകരയുന്ന മന്നനെ
ചെന്നു പറഞ്ഞടക്കീടിനാൻ മന്ത്രിയും 326
ചാണക്യശാസനം കൈക്കൊണ്ടുപിന്നെയും
ചേണാർന്നപർവ്വതരാജൻ പടയുമായ് 327
ചെന്നുടൻ പുഷ്പപുരിയെച്ചുഴലവും
സന്നാഹമുൾക്കൊണ്ടു നന്നായ് വളഞ്ഞുതേ 328
മാനിയായുള്ളൊരു രാക്ഷസനന്നേരം
സേനാബലം കുറഞ്ഞീടുക കൊണ്ടവൻ 329
പോരിനായ്പ്പിന്നേ പുറപ്പെട്ടതുമില്ല
ധീരനായന്തഃപുരേ മരുവീടിനാർ 330
ചുറ്റും വളഞ്ഞിരിക്കുന്ന രിപുക്കളും
അറ്റമില്ലാതകവർച്ച തുടങ്ങിനാർ 331
മുറ്റും പൊറുതിയില്ലാഞ്ഞുപ്രജകളും
തെറ്റന്നു ചാണക്യനോടു ചൊല്ലീടിനാർ:- 333
“ഇപ്പോളരാജകമായ പുരമിതു
കെൽ‌പ്പോടു രക്ഷിച്ചുകൊൾക ഭവാനിനി” 334
ഇത്ഥം പ്രജകൾ പറഞ്ഞതുകേട്ടതി-
നുത്തരമായുര ചെയ്തു ചാണക്യനും 335
“ശത്രുവായുള്ളൊരു രാക്ഷസാമാത്യനും
വൃദ്ധനായുള്ളോരു സർവ്വാർത്ഥസിദ്ധിയും 336
അന്തഃപുരത്തിങ്കലുണ്ടതുകൊണ്ടിഹ
സന്തതം നിങ്ങൾക്കുപദ്രവമാകുന്നു 337
ശക്തിയുണ്ടെങ്കിൽ പുറത്തുപുറപ്പെട്ടു
യുദ്ധംവിരവോടു ചെയ്തുമരിക്കെണം 338
ചാക്കുഭയപ്പെട്ടിരിക്കുന്നുവെങ്കിലോ
ശീഘ്രമൊഴിഞ്ഞു പുറത്തുപോയീടണം 339
ചാകിലും പോകിലുമിങ്ങതു സമ്മതം
ആകവേ പിന്നെ ഞാൻ രക്ഷിച്ചുകൊള്ളുവൻ” 340
പൌരജനമതു കേട്ടങ്ങടുത്തുചെ-
ന്നോരോതരം പറഞ്ഞീടിനാരിങ്ങിനെ:- 341
“മക്കളുമുറ്റവരായ ജനങ്ങളും
ഒക്കവേചത്തിനിശേഷമുള്ളോർകൾക്കു 342
നാട്ടിൽ പൊറുതിയില്ലാതെ ചമഞ്ഞിതു
കാട്ടിയദുർന്നയം കൊണ്ടുതന്നേദൃഢം 343
ദുഷ്ടരായുള്ളൊരു മന്ത്രികൾ മന്ത്രിച്ച
മന്ത്രഫലമിതു കാണായതെല്ലാർക്കും 344
ദുർമ്മന്ത്രികളുള്ള ഭൂമിപാലന്മാർക്കു
കർമ്മമീവണ്ണമകപ്പെടും നിർണ്ണയം 345
ഒന്നുകിൽ ശത്രുക്കളെക്കൊലചെയ്തിനി
നന്നായി ഞങ്ങളെ രക്ഷിച്ചുകൊള്ളേണം 345
അല്ലായ്കിലിപ്പോളൊഴിച്ചു പുറപ്പെട്ടു
വല്ലേടവും പോയിരുന്നുകൊണ്ടീടണം” 346
പൌരജനങ്ങളീവണ്ണം പറയുന്ന
ഘോരവചനങ്ങൾ കേട്ടു മഹീപതി 347
മന്ത്രിയായുള്ളൊരു രാക്ഷസൻ താനുമായ്
ചിന്തിച്ചുദയങ്ങൾ കാംക്ഷിച്ചുപിന്നെയും 348
രാക്ഷസനോടുകൂടെപ്പുറപ്പെട്ടുട-
നക്ഷിതിപാലൻ തപോവനം പുക്കിതു 349
ചാണക്യനപ്പോൾ ജയം വന്നതുമൂലം
മാനിച്ചു പൌരജനത്തോടു ചൊല്ലിനാൻ:- 350
“ആർത്തുനിലവിളിച്ചീടേണമെല്ലാരും
ആർത്തമോദം പുരത്തിങ്കൽ പ്രവേശിപ്പാൻ 351
താപമുൾക്കൊണ്ടവർ ചാണക്യകൽ‌പ്പിതം
ആവതില്ലെന്നു കൽ‌പ്പിച്ചു ചെയ്തീടിനാർ 352
രാക്ഷസനെബ്‌ഭയപ്പെട്ടും പുനരവർ
തൽക്ഷണേ ചാണക്യനെന്നഭയം കൊണ്ടും 353
തത്സമയത്തിങ്കൽ വേണ്ടുന്ന കർമ്മങ്ങൾ
ഉത്സാഹമില്ലാതെ ചെയ്തൊരഖിലവും 354
ആർത്തുവിളിച്ചുജയിച്ചു പറയടി-
ച്ചാത്തമോദം പുരിപുക്കാരവർകളും 355
പർവ്വതരാജനേയും മൌര്യനേയുമ-
ങ്ങുർവ്വരാദേവകുലോത്തമൻ ചാണക്യൻ 356
നല്ലോരു മന്ദിരത്തിങ്കലിരുത്തിനാൻ
ചൊല്ലാവതല്ലവൻ കാഴ്ചകളോരോന്നേ 357
പർവ്വതരാജനെ വിശ്വാസമില്ലാഞ്ഞു
ദിവ്യമാം പുഷ്പപുരത്തിലിരുത്തീല 358
ഓർത്തുകണ്ടാനഥചാണക്യനും പിന്നെ
പ്പാർത്താലിവൻ മ്ലേച്ഛനാഥൻ മഹാബലൻ 359
കാലം കുറഞ്ഞൊന്നു ചൊല്ലുന്ന നേരത്തു
ശീലഗുണമുള്ള നമ്മുടെ മൌര്യനെ 360
ബാധിക്കുമെന്നാലിവനെയും കൂടെ ഞാൻ
നീതിബലംകൊണ്ടു കൊന്നൊടുക്കീടുവൻ, 361
മന്ത്രികുലോത്തമനാകുന്ന രാക്ഷസൻ
ഹന്തവ്യനല്ലൊന്നുകൊണ്ടും നിരൂപിച്ചാൽ 362
നല്ല നയമുള്ള മന്ത്രിജനമിന്നു
ദുർല്ലഭന്മാരതിനില്ലൊരു സംശയം 363
മന്ദമിവനെ ഞാനേതു ചെയ്തെങ്കിലും
ചന്ദ്രഗുപ്തൻ തന്നെ മന്ത്രിയാക്കീടുവൻ 364
നന്ദകുലത്തിലൊരുത്തനുണ്ടെന്നാകിൽ
എന്നുമതിനെളുതല്ലെന്നു നിർണ്ണയം 365
എന്നതുകൊണ്ടിഹ സർവ്വാർത്ഥസിദ്ധിയെ
ക്കൊന്നുകളഞ്ഞാൽ മനോരഥം സിദ്ധിക്കും 366
അല്ലെങ്കിലുണ്ടൊരു വൈഷ‌മ്യമിന്നവൻ
നല്ലനാം രാക്ഷസനോടുമൊരുമിച്ചു 367
വല്ല പ്രകാരവും മൌര്യതനയനെ
കൊല്ലും പുനരവനെന്നെയും കൊന്നീടും 368
വല്ലതുചെയ്തുമസ്സർവ്വാർത്ഥസിദ്ധിയെ
കൊല്ലുകേയുള്ളു അതിനില്ല സംശയം 369
പിന്നെയും മന്ത്രിപ്രവരനാം രാക്ഷസൻ
എന്നുമടങ്ങുകയില്ലെന്നു നിർണ്ണയം 370
മറ്റൊരുരാജാവിനെച്ചെന്നുസേവിച്ചു
തെറ്റന്നിവിടെപ്പടയ്ക്കുവരുമെന്നാൽ 371
വല്ലതുകൊണ്ടും തടുത്തുനിർത്തീടുവൻ
അല്ലാതെയെന്തിവൻ ചെയ്യുന്നതുപിന്നെ 372
ഒന്നുകൊണ്ടു കഴിവില്ലെന്നുറയ്ക്കുമ്പോൾ
വന്നിവൻ കാക്കൽ വീണിടുമല്ലോ ദൃഢം 373
ഇത്ഥം നിരൂപിച്ചുറച്ചു ചാണക്യനും
നിത്യവും മൌര്യനോടെങ്ങും പിരിയാതെ 374
സത്യവ്രതൻ നിജസത്യവും സാധിച്ചു
ചിത്തമുറപ്പിച്ചിരുന്നാനതുകാലം 375
ഇത്ഥമരുൾ ചെയ്തു ത്തയുമത്തൽതീ-
ർത്തിത്തരം ഞാനിനി നാളെയും ചൊല്ലുവൻ 376
ആത്തമോദം പറഞ്ഞെല്ലാവരോടുമ-
ങ്ങാസ്ഥയാപാലും കുടിച്ചിരുന്നീടിനാൾ. 377
 
ഇതിമുദ്രാരാക്ഷസേനവനന്ദവധംസംക്ഷേപംസമാപ്തം.