ചാണക്യസൂത്രം (കിളിപ്പാട്ട്)/ഏഴാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  • അഖിലശുകഗണമുടിയിലണിയുമണിരത്നമേ
  • ആ‍നന്ദപീയൂഷസാരസ്വരൂപമേ! 1
  • തവവചനമധുരമധുചെവിയിണകൾ കൊണ്ടുമേ
  • താപം കെടും പടിപീതമായെങ്കിലും 2
  • കിളിമകളെ! മമമതിയിലിഹമതിവരായ്കയാൽ
  • കേളിയേറും കഥാശേഷവും ചൊല്ലെടോ! 3
  • മധുരതരകദളിഫലഗുളമധുസിതാദികൾ
  • മാനിച്ചു ഞാൻ നിനക്കാശു തന്നീടുവൻ 4
  • നരപതിയിൽ പരമഗുണമണിമലയകേതുവും
  • നീതിമാനായുള്ള രാക്ഷസാമാത്യനും 5
  • അരികളൊടു പൊരുവതിനു കരുതിമരുവീടുവോ-
  • രാമോദമുൾക്കൊണ്ടു ചെയ്തതുചൊല്ലുനീ 6
  • കിളിമകളുമതുപൊഴുതുകുതുകമൊടുചൊല്ലിനാൾ
  • “കേട്ടുകൊണ്ടാലുമെങ്കിൽ പറഞ്ഞീടുവൻ:- 7
  • ഭയരഹിതമഥവിപുലബലമുടയരാക്ഷസൻ
  • ഭൂപതി ചിന്തിച്ചതേതുമറിയാതെ 8
  • അരിനൃപതിയുടെനഗരിഝടിതിപൊടിയാക്കുവാൻ
  • ആശുപടക്കോപ്പുകൂട്ടിപ്പുറപ്പെട്ടാൻ 9
  • മദകരികൾതുരഗതതിപെരിയരഥപംക്തിയും
  • മ്ലേച്ഛഗണങ്ങളാം കാലാൾപ്പടകളും 10
  • അസിമുസലപരശുമുഖവിവിധതരശസ്ത്രങ്ങ-
  • ളാക്കം കലർന്നെടുത്തുള്ള വീരന്മാരും 11
  • രണമതിനുവിരുതുടയനെടിയശകവീരരും
  • നീണ്ടുനിവർന്നുള്ള പാരസീകന്മാരും 12
  • ചതികരുതിമരുവിനൊരുസുഭടവരവീരരും
  • ചാഞ്ചല്യമെന്നിയേ ഭദ്രഭടാദിയും 13
  • ഗിരിനൃപതിതനയനതിബന്ധുക്കളാകിയ
  • ഗംഭീരരായുള്ള പഞ്ചരാജാക്കളും 14
  • നരവരനുസതതമൊരുസസിവവരനാകിയ
  • നീതിമാനാം ഭാഗുരായണവീരനും 15
  • ഉദധിയൊടുസമമിയലുമരിയസേനാധിപ-
  • നൂക്കനായുള്ള ശിഖരസേനൻ താനും 16
  • പുനരപിചശകടമുഖസിദ്ധാർത്ഥകാദിയും
  • പാടെപരന്നുള്ള കാഴ്ചപ്പടകളും 17
  • നിജമനസി കലരുമൊരു ശങ്കമറച്ചുതാൻ
  • നീതിമാൻ രാക്ഷസനെന്നോർത്തുഭൂപനും 18
  • ഒരുകനകമയവിമലരഥഭുവികരേറിനാൻ
  • ഓലപോലെയുലയുന്നോരുവാളുമായ് 19
  • മദസലിലമൊഴുകിനൊരുകരിമുതുകിൽ വില്ലുമാ-
  • യ്മന്ത്രികുലോത്തമൻ താനും കരേറിനാൻ 20
  • അലറിനൊരു പട, പടഹമുഖവിവിധവാദ്യവു-
  • മാലവട്ടങ്ങളും വെഞ്ചാമരകളും 21
  • കുടതഴകൾകൊടികൾചിലവിരുതുകളുമോരോരോ
  • കൂറക്കുടിഞ്ഞിൽക്കുസംഭാരജാലവും 22
  • വൃഷകഴുതമുതുകിലഥവെച്ചുകെട്ടിക്കൊണ്ടു
  • വേഷം തിരിഞ്ഞുള്ള ചാരജനങ്ങളും 23
  • ഉദധിയൊടുസമമിയലുമൊരുപടനൃപാങ്കണാ-
  • ലൂക്കോടുപുഷ്പപുരിക്കുനടന്നുതെ 24
  • ഇളകിനൊരു പടനടുവില്വളരുമൊരുധൂളിയു-
  • മിന്ദ്രലോകത്തോളമാശുകാണായ്‌വന്നു 25
  • മദകരികൾ കഠിനതരമലറിനനിനാദവും
  • മാനിച്ചു കാലാൾ നിലവിളി ഘോഷവും 26
  • തുരഗതതിമൊഴിയുമൊരു ഹേഷാരവങ്ങളും
  • തേരുരുളൊച്ചയും ഞാണൊലിനാദവും 27
  • കഠിനതരപറപടഹവിപുലതരനാദവും
  • കാളം കരഞ്ഞുള്ള ഘോരനിനാദവും 28
  • ഇതിവിവിധതരനിനദഭീഷണമാം പട-
  • യ്ക്കീശനായുള്ള മലയകേതുപ്രഭു 29
  • കുസുമപുരിനികടഭുവിചെന്നുപടയുമായ്
  • കൂറകൊടികളും കുത്തി മരുവിനാൻ; 30
  • അഖിലജനമവനിപതിയുടെ ചുഴലവും പുന-
  • രാവാസശാലയും കെട്ടിമരുവിനാർ 31
  • അതുപൊഴുതിലഥമലയകേതുവാമ്മന്നഓ-
  • ടാശുചൊന്നാൻ ഭാഗുരായണമന്ത്രിയും 32
  • “അചലനൃപതനയ! ഗുണഗണസദന! സാമ്പ്രത-
  • രാശുനമുക്കൊന്നുകല്പിക്കയും വേണം 33
  • ഒരുവനിഹകടകമതിൽനിന്നുഗമിപ്പാനു-
  • മോരൊജനങ്ങളിതിൽ പ്രവേശിപ്പാനും 34
  • മമനികടഭുവിനൃപ! തവാജ്ഞയാവന്നവൻ
  • മുദ്രവാങ്ങിക്കൊണ്ടുവേണമറിഞ്ഞാലും 35
  • ചണകസുതകപടമറിവാനരുതാർക്കുമേ
  • ചാണക്യവിപ്രൻ ചതിക്കുമറിഞ്ഞാലും 36
  • ചതികരുതിമരുവുമൊരു ചണകസുതവിപ്രന്റെ
  • ചാരജനങ്ങൾ നടക്കുന്നതുണ്ടിപ്പോൾ 37
  • അതിലുമൊരു വിരുതവർകൾ തമ്മിലറികയി-
  • ല്ലയ്യൊവളരെനാം സൂക്ഷിച്ചിരിക്കേണം” 38
  • നിജസചിവവചനമിതികേട്ടുചൊന്നാൻ നൃപനും
  • “നീയിപ്പറഞ്ഞതു സത്യം മഹാമതെ! 39
  • വിരവിനൊടുകടകമിതു രക്ഷിപ്പതിന്നുനീ
  • വീരനാം ദീർഗ്ഘാക്ഷനെ നിയോഗിക്കെടൊ 40
  • ഇഹമമതുകടകഭുവിനിന്നുപോയീടുവോ-
  • ർക്കിന്നുനീമുദ്രകൊടുക്കവരുവോർക്കും” 41
  • അചലനൃപതനയഗിരമിങ്ങിനെകേട്ടവ-
  • നാശു ദീർഗ്ഘാക്ഷനോടേവമുരചെയ്താൻ 42
  • “കടകമിതു കനിവിനൊടു കാത്തുകൊണ്ടീടുവാൻ
  • കാവൽക്കു നാലുപുറത്തുമാളാക്കിനീ 43
  • പുരുഷരതിൽ വരുവതിനുമാശുഗമിപ്പാനും
  • പത്രം മമഭവാൻ കണ്ടേയയയ്ക്കാവു 44
  • ഒരുവനൊരു പൊഴുതിലിഹമുദ്രയുംകൂടാതെ
  • ഓടിഗ്ഗമിക്കിൽ പിടിച്ചുകൊണ്ടന്നാലും” 45
  • അവനുമഥസചിവനൊടു കനിവിനൊടു ചൊല്ലിനാ-
  • നന്തരമില്ലാപിടിച്ചിങ്ങുകൊണ്ട്വരാം 46
  • തദനുപുനനൃപതി ഗൃഹമാശുപുക്കീടിനാൻ
  • ധീരനാകും ഭാഗുരായണൻ നീതിമാൻ 47
  • അവനുമഥനിജമനസിപാർത്തുകണ്ടീടിനാ-
  • “നയ്യോ മലയകേതുക്ഷിതിനായകൻ 48
  • മയിസതതമധികതരവിശ്വാസമാർന്നുമാം
  • മാനിച്ചമാത്യനായ്‌വച്ചിരിക്കുന്നുതാൻ 49
  • അവനെയിഹശിവ!ശിവ! ചതിക്കുന്നതെങ്ങിനെ?
  • ആര്യചാണക്യന്റെ ദുർന്നയം പേടിയാം 50
  • ചണകസുതവചനമിതു ചെയ്തീല ഞാനെങ്കിൽ
  • ചഞ്ചലമില്ലവനെന്നെയും കൊന്നിടും 51
  • വിധിവിഹിതമിതു മലയകേതുതനിക്കെ”ന്നു
  • വിദ്വാൻ വിചാരിച്ചുറപ്പിച്ചുമാനസെ; 52
  • തദനുനിജസചിവനെവിളിച്ചുടൻ മ്ലേച്ഛനും
  • താല്പര്യമുൾക്കൊണ്ടു ചൊല്ലിനാനിങ്ങിനെ 53
  • “നയവിനയവിപുലബലനഴകുടയരാക്ഷസൻ
  • നമ്മെച്ചതിക്കയില്ലേയെന്നശങ്കയാൽ 54
  • സുമുഖ! മമമനമുരുകിമറുകിമരുവുന്നുതെ
  • സർവ്വദാസത്യമായ്തന്നെവരുമത്രേ 55
  • വിവിധനയനിലയനിഹരാക്ഷസന്നന്ദനാം
  • വീരനൃപനിലെ ഭക്തിവിശ്വാസത്താൽ 56
  • നിഖിലനയവിശദമതിമൌര്യനാം മന്നവൻ
  • നന്ദവംശോത്ഭവനെന്നുനിരൂപിച്ചു 57
  • ചണകസുതനൊടു സപദിവേർപെട്ടവൻ തന്നെ
  • ച്ചെന്നു സേവിക്കുമൊ നമ്മെ വെടിഞ്ഞിപ്പോൾ?” 58
  • പലവചനമിതിമലയകേതുപറഞ്ഞപ്പോൾ
  • പാർത്തുചൊന്നാൻ ഭാഗുരായണമന്ത്രിയും 59
  • “കപടസചിവരുടെ മതമെങ്ങിനെ ഭൂപതേ!
  • കിഞ്ചന പോലുമറിയുന്നു സാമ്പ്രതം 60
  • കുസുമപുരിപരിചിനൊടുവളയുമളവൊക്കവെ
  • കാണാം പ്രയോഗങ്ങളെന്നെപറയാവു” 61
  • അവർകളിവ പലവുമിതി പറയുമളവിൽ തദാ
  • ആരുമറിയാതെ പാളി ക്ഷപണകൻ 62
  • ചിലകുസൃതികരുതിയുടനുഴറിവന്നാദരാൽ
  • ചൊല്ലീടിനാൻ ഭാഗുരായണനോടേവം 63
  • “നൃപസചിവ! തരികമമ മുദ്രയെസ്സാം‌പ്രതം
  • നല്ലവണ്ണമിനി ഞാനിതാപോകുന്നൂ” 64
  • ക്ഷപണകനൊടതുപൊഴുതുസചിവനുരചെയ്തിതു
  • “ക്ഷിപ്രമമാത്യനുവേണ്ടിഗ്ഗമിക്കയൊ?” 65
  • “സചിവവരപുനരിനിയരാക്ഷസാമാത്യനെ
  • സേവിച്ചതൊക്കെവെ പോരുമിനിക്കഹോ” 66
  • ഉഴറിയവനതുപൊഴുതിലിവനൊടുരചെയ്തിതു
  • “ഊക്കുള്ള രാക്ഷസനോടു പിണങ്ങുവാൻ 67
  • വിവിധഗുണഗണസദന! ചൊല്ലതിൻ കാരണം”
  • “വീര! വിശേഷിച്ചു കൊല്ലുവാനില്ലേതും” 68
  • “പ്രണയമിഹപെരുതുബത! നിങ്ങളിനന്ന്യോന്ന്യം
  • പിന്നെയെന്തിപ്പോൾ പിണങ്ങുവാൻ കാരണം ? 69
  • വിരവൊടതുപറകതിനു കാരണമെന്തെന്നു
  • വിശ്വസിച്ചാൽ ചതിച്ചീടുകയില്ല ഞാൻ” 70
  • “പറകിൽ മമമരണമിഹനിർണ്ണയിക്കാമെടൊ
  • പാർത്താൽ പറഞ്ഞുകൂടാ”യെന്നവൻ താനും 71
  • “അതിനുവിഷമതപെരികെയുണ്ടെന്നിരിക്കിൽ ഞാൻ
  • അദ്യതരികയില്ലെന്നുമേമുദ്രയെ” 72
  • അഥസചിവവരവചനമിങ്ങിനെകേട്ടവൻ
  • അന്തരാചിന്തിച്ചു ചൊല്ലിനാനിങ്ങിനെ:- 73
  • “പറവതിനുനൃപതിയുടെ മുന്നിൽ നിന്നേറ്റവും
  • ഭീതിയുണ്ടാകകൊണ്ടിപ്പോൾ മടിക്കുന്നു” 74
  • “ഭയമതിനുകിമപിനഹിചൊല്ലുകാനീ”യെന്നു
  • ഭൂപതിതാനുമവനോടുചൊല്ലിനാൻ 75
  • ഭയവിവശഹൃദയനവനിങ്ങിനെ കേട്ടപ്പോൾ
  • ഭൂപന്റെ മുന്നിൽ നിന്നിങ്ങിനെ ചൊല്ലിനാൻ:- 76
  • “രുചിരതരകുസുമപുരമാശുപുക്കേഷഞാൻ
  • രാക്ഷസാമാത്യന്റെ ഭൃത്യനായ്‌വാഴുമ്പോൾ 77
  • വിഷമവിഷകലുഷതരയായൊരുനാരിയെ
  • വീരനാം പർവ്വതരാജനെക്കൊല്ലുവാൻ 78
  • കഠിനതരഹൃദയനവനെന്നോടുമറ്റൊരു
  • കാര്യം പറഞ്ഞു നിർമ്മിപ്പിച്ചു കശ്മലൻ 79
  • ഗിരിനൃപതിവരനെനിശികൊല്ലുവാനിങ്ങിനെ
  • കന്യാവിഷപ്രയോഗംകൊണ്ടറിഞ്ഞാലും” 80
  • ക്ഷപണഗിരിമതികഠിനമിങ്ങിനെകേട്ടപ്പോൾ
  • ക്ഷോണീശനായുള്ള പർവ്വതനന്ദനൻ 81
  • വ്യസനഭയഹൃദയമൊടു നയനജലവും വാർത്തു
  • വിശ്വൈകവീരൻ വിലാപം തുടങ്ങിനാൻ 82
  • “ചണകസുതഹതകനിഹമമജനകനെക്കുല
  • ചെയ്തതെന്നോർത്തിരുന്നേനിത്രനാളുംഞാൻ 83
  • അരികിലൊരുപരമതരബന്ധുവായ് വാണുകൊ-
  • ണ്ടയ്യൊ ചതിക്കയും ചെയ്തതു രാക്ഷസൻ?” 84
  • വിവിധമിതിജനകനെ നിനച്ചുകേണീടുന്ന
  • വീരനെയാശ്വസിപ്പിച്ചു സചിവനും 85
  • “ക്ഷപണഗിരമിനിയുമിഹകേട്ടുകൊൾകഭവാൻ
  • ക്ഷോണീപതെ! കരഞ്ഞെന്തിനിക്കാരിയം?” 86
  • തദനുപുനരവനൊടുരചെയ്താൻ ക്ഷപണകൻ
  • “തത്ര ഞാൻ പിന്നെയും വാഴും ദശാന്തരെ 87
  • അചലനൃപവരനെയിവനായതുകൊന്നതെ-
  • ന്നാര്യചാണക്യനെന്നോടതിരുഷ്ടനായ് 88
  • വിരവിനൊടു നഗരമതിൽ നിന്നുതച്ചാട്ടിനാൻ
  • വേഗമോടോടിഞാനിങ്ങു പോന്നീടിനേൻ 89
  • അഹമിവിടെ വിവശമൊടു വന്നോരന്തരം
  • ആര്യനാം രാക്ഷസനെന്നോടു ചൊല്ലിനാൻ 90
  • ഒരുപൊഴുതുമൊരുജനവുമെതുമറിയാതെ
  • ഒന്നുണ്ടുവേണ്ടതു നീയെന്നറിഞ്ഞാലും 91
  • രണധരണിയതിലിനിയൊരാഭിചാരം ചെയ്തു
  • രണ്ടുപുറവുമടുത്തു പൊരുന്നേരം 92
  • ധരണിപതിമകുടമണി മൌര്യനെക്കൊല്ലുവാൻ
  • ധീരപറഞ്ഞുവിപരീതമായ്‌വേണം; 93
  • കുസൃതിപെരുകിനകുമതിരാക്ഷസനിങ്ങിനെ
  • കുത്സിതമായിപ്പറഞ്ഞതുകേട്ടുഞാൻ 94
  • “‘തവസചിവ! വചനമിതു ചെയ്‌വാനനുദിനം
  • തർക്കത്തിലുണ്ടായൊരാളല്ല ഞാനിപ്പോൾ 95
  • വിഷതരുണിഗിരിനൃപതിയെക്കുലചെയ്കയാൽ
  • വിശ്വാസമാർക്കുമില്ലെന്നെക്കുറിച്ചഹൊ’ 96
  • മമവചനമിതിസപദി കേട്ടമാത്യേന്ദ്രനും
  • മാനിച്ചു ചൊന്നാൻ കുപിതനായേറ്റവും 97
  • “അതിനുപുനരതി വിഷമമെന്നു വരുന്നാകി-
  • ലാശു നീ പൊയ്ക്കൊൾകയെന്നു ചൊല്ലീടിനാൻ’ 98
  • “അതിനുദിശിദിശിമമഗമിപ്പതിനായിപ്പോൾ
  • ആശുതന്നീടുകമുദ്രാകൃപാനിധെ!“ 99
  • അഥസചിവവരനുമതികുതുകമൊടുചൊല്ലിനാൻ
  • “അർദ്ധരാജ്യത്തെ കൊടുപ്പാൻ മടികൊണ്ടു 100
  • ചണകസുതഹതകനിതുചെയ്തതെന്നിങ്ങിനെ
  • ചിന്തിച്ചിരുന്നിതു ചിത്തത്തിൽ ഞങ്ങളും 101
  • ക്ഷപണകനുമതുപൊഴുതുസചിവനൊടുചൊല്ലിനാൻ
  • “ക്ഷുദ്രങ്ങൾ ചെയ്യുമോ ചാണക്യഭൂസുരൻ 102
  • വിഷതരുണിയുടെ ചരിതമേതുമറിഞ്ഞീല
  • വിശൈകവിദ്വാൻ ചണകവിപ്രാത്മജൻ” 103
  • അവനിവരസചിവനഥമുദ്രം കൊടുത്തയ-
  • ച്ചന്ധനാം മ്ലേച്ഛനുമിങ്ങിനെ ചൊല്ലിനാൻ 104
  • “കടുമകളുമഖിലമിവകേട്ടതില്ലേഭവാൻ
  • കഷ്ടമിതെന്നേ പറഞ്ഞുകൂടൂദൃഢം 105
  • ശ്രുതമഖിലമയിസുമുഖ! വജ്രപാതോപമൻ
  • ചിന്തിച്ചുകണ്ടാലമാത്യനാം രാക്ഷസൻ 106
  • അരികിലിഹമരുവുമൊരുശത്രുതന്നേദൃഢം
  • അത്യന്തബന്ധുവെന്നുള്ളതും സംഭ്രമം 107
  • മമജനകമരണമിഹചിന്തിച്ചിനിക്കിപ്പോൾ
  • മന്ത്രിപ്രവരനെ കൊന്നവൻ ചോരയിൽ 108
  • മമജനകനുദകമിഹനൽകിപ്പരാഭവം
  • മാനിച്ചുപോക്കുന്നതുണ്ടിനിനിർണ്ണയം” 109
  • ധരണിപതിവിവിധമിതികോപിച്ചു ചൊല്ലുമ്പോൾ
  • ധീരനേവം ഭാഗുരായണൻ ചിന്തിച്ചാൻ :- 110
  • “സകലഗുണഗണമുടയരാക്ഷസാമാത്യനെ
  • സർവ്വധാരക്ഷിച്ചു കൊൾകെന്നു ചാണക്യൻ 111
  • പലവുരുനിഭൃതതരമെന്നോടുരചെയ്തു
  • പാർത്താൽ തടുക്കേണ്ട കാലമെന്നോർത്തവൻ 112
  • അരചനൊടുരഹസിപുനരിങ്ങിനെചൊല്ലിനാൻ
  • “ആവേശമാശുവെടിഞ്ഞിവ കേട്ടാലും 113
  • അഖിലനയനിപുണതകൾ തേടുന്നവർകൾക്കൊ-
  • രാദ്രഭാവമൊഴിഞ്ഞേതുമില്ലോർക്കെടൊ! 114
  • അമിതഗുണമുടയനിജസർവ്വാർത്ഥസിദ്ധിയെ
  • ആശുഭൂമിക്കധിനാഥനാക്കീടുവാൻ 115
  • നിജമനസിസതതമിതു ചിന്തിച്ചുരാക്ഷസൻ
  • നീതിമാനായുള്ള മൌര്യനൃപനേക്കാൾ 116
  • തവജനകനധികതരശത്രുവെന്നോർത്തവൻ
  • താതെക്കൊല്ലുവാൻ കാരണമോർക്കനീ 117
  • അതിനുപുനരധികമൊരു ദോഷവുമില്ലെടൊ
  • ആവതില്ലാഞ്ഞിതുചെയ്തതുരാക്ഷസൻ; 118
  • നയമുടയജനമറികശത്രുജനങ്ങളെ
  • നന്മയിൽ ബന്ധുവാക്കും കാര്യഗൌരവാൽ 119
  • ഹിതജനവുമൊരുപൊഴുതുശത്രുവായ്‌വന്നുപോം
  • ഹന്തവ്യനല്ലതുകൊണിഹരാക്ഷസൻ 120
  • അരികൾ കുലമറുതിപെടുവോളമമാത്യനെ
  • ആദരിവോട്രികത്തുവരുത്തേണം; 121
  • അപരമിഹതമനസിതോന്നും പ്രകാരമാം
  • അത്രനാളും കരഞ്ഞീടായ്കഭൂപതെ!“ 122
  • പ്രിയസചിവനിതുവിപുലനയമൊടുരചെയ്തതും
  • ഭൂപതി കേട്ടുടൻ സമ്മതിച്ചീടിനാൻ 123
  • അഥചണകസുതചരരിലരിയസിദ്ധാർഥകൻ
  • ആദരാൽ മന്ത്രി കൊടുത്തുള്ള മാലയും 124
  • ചണകസുതഛലവിഹിതപത്രവും മുദ്രയും
  • ചാതുര്യമോടൊരു പെട്ടിയിലിട്ടവൻ 125
  • കപടമതിവിരവൊടൊരുകംബളത്തിൽ വെച്ചു
  • കെട്ടിപ്പുറത്തൊരു ഭാണ്ഡമായിട്ടവൻ 126
  • കുടവടിയുമുടമയൊടുകരമതിലെടുത്തുടൻ
  • കള്ളനെപ്പോലെതാൻ മുദ്രയും കൂടാതെ 127
  • വിരവിനൊടുകടകമതിൽ നിന്നുപോയീടുവാൻ
  • പാളിനടന്നതു കണ്ടു ദീർഗ്ഘാക്ഷകൻ 128
  • അഥസഖലുഝടിതിപിടിപെട്ടുസിദ്ധാർത്ഥകം
  • അഞ്ജസാകാലും കരവും വരിഞ്ഞവൻ 129
  • നൃപതിമരുവിനകുടിലിലാശുകൊണ്ടന്നവൻ
  • നാഥനു കാഴ്ചയും വെച്ചു ചൊല്ലീടിനാൻ:- 130
  • “അറികപുനരിവനു മുദ്രയും കൂടാതെ
  • ആശുപുറത്തുപോകാൻ തുടങ്ങും വിധൌ 131
  • കരബലമൊടിവനെയുടനെത്തിപ്പിടിപെട്ടു
  • കെട്ടിയിക്കള്ളനെക്കൊണ്ടുവന്നേനഹം” 132
  • അതുപൊഴുതുനിചസചിവനൊടുമലയകേതുവു-
  • “മാശു നീ ചോദ്യമിവനോടു ചെയ്താലും” 133
  • നൃപതിഗിരമിതിസഖലുകേട്ടോരനന്തരം
  • നീതിയേറും ഭാഗുരായണൻ ചൊല്ലിനാൻ 134
  • “കപടമിഹകരുതിയൊരു നയനിപുണനാരെടോ
  • കള്ളനോമറ്റൊരുവൻ തന്റെ ദൂതനോ?” 135
  • സചിവനൊടുപുനരവനുമിങ്ങിനേ ചൊല്ലിനാൻ
  • “സാക്ഷാലമാത്യന്റെ ദൂതനറികഞാൻ” 136
  • അതിനുപുനരിവനൊടവനുത്തരം ചൊല്ലിനാൻ
  • “ആദ്യനീമുദ്രയുമെന്നോടുവാങ്ങാതെ 137
  • ഉഴറിയൊരു കടകഭുവി നിന്നുപോയീടുവാൻ
  • ഊറ്റത്തിലെന്തൊരു കാര്യം പറകനീ” 138
  • അതിചതുരമതിസഖലുസിദ്ധാർത്ഥകൻ ചൊന്നാൻ
  • “ആര്യമതെ കാര്യഗൌരവംകൊണ്ടല്ലോ 139
  • വിപുലബലമുടയനൃപശാസനം ലംഖിച്ചു”
  • “വേറെ പുനരെന്തു കാര്യസ്യഗൌരവം?” 140
  • അതിഗുണവുമതിനയവുമുടയസചിവം തദാ
  • മന്നവൻ താനുമീവണ്ണമുരചെയ്താൻ 141
  • “മതിയിലൊരു കപടമിഹ വെച്ചോരിവൻ തന്റെ
  • മാറാപ്പിലെന്തെന്നു ചോദിക്ക സാം‌പ്രതം” 142
  • അതുപൊഴുതുസചിവനവനോടുചൊല്ലീടിനാ-
  • “നാശുനീമാറാപ്പഴിച്ചുകാട്ടീടണം” 143
  • “അറികമമകിമപിനഹിമാറാപ്പി”ലെന്നവൻ
  • അത്യന്തനീതിമാൻ ചൊന്നോരന്തരം 144
  • സചിവനകമലരിലതിരോഷം കലർന്നുടൻ
  • സിദ്ധാർത്ഥകനോടു ചൊല്ലിനാനിങ്ങിനെ:- 145
  • “കഠിനതരമവർകളൊടു താഡനം കൊള്ളുമ്പോൾ
  • കാട്ടുമിതന്നേരമില്ലൊരു സംശയം” 146
  • “മരണമിതുവരികിലുമിതെന്നുമേമാറാപ്പു
  • മന്ത്രിപ്രവര ഞാൻ കാട്ടുകയില്ലെടോ” 147
  • “സചിവനതുപൊഴുതിലിവനെപ്രഹരിക്കെ”ന്നു
  • ദീർഗ്ഘാക്ഷനോടു കോപിച്ചു ചൊല്ലീടിനാൻ 148
  • ഒരുലകുടമഴകിനൊടെടുത്തുദീർഗ്ഘാക്ഷനും
  • ഓങ്ങിപ്പിടിച്ചടികൂട്ടും ദശാന്തരെ 149
  • ഭയമൊടവനലറിഭൃശമൊഴുകിരുധിരോദവും
  • ഭാണ്ഡവുമപ്പോളഴിഞ്ഞങ്ങുവീണുതെ 150
  • സചിവനതുസപദിനിജകൈകൊണ്ടെടുത്തുടൻ
  • സംഭ്രമത്തോടഥ കെട്ടഴിച്ചീടിനാൻ 151
  • ചണകസുതകപടകൃതപത്രവും മുദ്രയും
  • ചാതുര്യമോടൊരു പൊന്മണിമാലയും 152
  • തെളിവിനൊടു സചിവനഥ പെട്ടിയിൽ കണ്ടപ്പോൾ
  • തേറിനമോദം കലർന്നെടുത്താദരാൽ 153
  • ഗിരിനൃപതിതനയനുടെ കയ്യിൽ കൊടുത്തിതു
  • കാഞ്ചനമാലയും മുദ്രയും പത്രവും 154
  • നരപതിയുമതുപൊഴുതുപത്രമെടുത്തുടൻ
  • നന്നായ് നിവർത്തി വായിച്ചു തുടങ്ങിനാൻ :- 155
  • “ഒരുവനെഴുതിയ മുറിയിതൊരുവനറികാദരാൽ
  • ഒക്കവെ കല്പിച്ച വണ്ണം ഭവാനിപ്പോൾ 156
  • മയിരിപുതപെരുകിയവനെക്കളഞ്ഞീടിനാൻ
  • മല്പ്രസാദാർത്ഥമതിനില്ല സംശയം 157
  • അവർകളിഹതവപെരിയബന്ധുക്കളായ്‌വരും
  • അന്നുപറഞ്ഞവണ്ണം ചെയ്തുകൊണ്ടാലും; 158
  • തവമനസിപുനരതിനു സംശയമുണ്ടെങ്കിൽ
  • സ്വാശ്രന്മൂലനം ചെയ്തുതന്നേയവർ 159
  • തവചരണനളിനയുഗമാശ്രയിക്കും ദൃഢം
  • താല്പര്യമുൾക്കൊണ്ടു വീരപുരുഷന്മാർ 160
  • ചിലരിവരിലരിനഗരമിച്ഛിച്ചിരിക്കുന്നു
  • ചാതുര്യമുള്ള ഗജങ്ങളേയും ചിലർ 161
  • പ്രണയമൊടുമമഖലുഭവൽഭൂഷണത്രയം
  • പണ്ടുകൊടുത്തൂട്ടതും ലഭിച്ചീടിനേൻ; 162
  • കനകമണിശബളതരമായൊരുമാലയും
  • കൂടെക്കൊടുത്തുവിട്ടിട്ടുണ്ടറിഞ്ഞാലും 163
  • വിമലമണിഖചിതമൊരുമോതിരമുദ്രയും
  • മന്നവ! വിശ്വസിച്ചീടുവാനായി ഞാൻ 164
  • ദൃഢഹൃദയനതിനിപുണനായസിദ്ധാർത്ഥകൻ
  • തന്നോടു വർത്തമാനങ്ങളെപ്പേരുമെ 165
  • നിഭൃതതരമറിവതിനുചൊല്ലിവിട്ടിട്ടുണ്ടു
  • നീതിനിരൂപിച്ചു ചെയ്താലുമൊക്കവെ” 166
  • “പ്രിയസചിവ, സകലമിതിൽ വാചകമിങ്ങിനെ
  • പാർത്താലമാത്യന്റെ മുദ്രതന്നേ ദൃഢം 167
  • മണികനകമിടസരികലർന്നുള്ള മാലയും
  • മാനിച്ചമാത്യനു നൽകി ഞാനായതും 168
  • നിഖിലമിവമമമനസിസംശയമൊക്കവെ
  • നിർണ്ണയിക്കാമതിനില്ലൊരു സംശയം 169
  • നയനിപുണ! പുനരിവനിതാർക്കു നൽകീടുവാൻ
  • നന്മയിൽ കൊണ്ടുപോകുന്നു നിഗൂഢമായ്?” 170
  • നൃപതിയുടെ വചനമിതി കേട്ടുസചിവനും
  • നീതിയിൽ സിദ്ധാർത്ഥകനോടു ചൊല്ലിനാൻ 171
  • “പറെകമുറിയെഴുതിയുടനാർക്കുനൽകീടുവാൻ
  • പോകുന്നതിപ്പോളുഴറ്റോടുകൂടിനീ?” 172
  • അതുപൊഴുതുസചിവനൊടുചൊന്നാനവൻ താനു-
  • “മാർക്കെന്നറിഞ്ഞീല ഞാനോമഹാമതെ” 173
  • “അതികുടില! പെരികെയിതുനന്നെടൊപത്രവു-
  • മാർക്കെന്നറിയാതെ മേടിച്ചതെങ്ങിനെ? 174
  • അടികൾഞടുഞടെമുതുകിലേൽക്കുന്നതുനേര-
  • മാർക്കെന്നു ധൂർത്ത! നീ ചൊല്ലുമറിഞ്ഞാലും” 175
  • “മുറിയറിവതിനുപണികളുണ്ടാകകൊണ്ടിപ്പോൾ
  • മറ്റെന്തു വർത്തമാനങ്ങൾ ചൊല്ലീട്ടതും 176
  • കിമപിനഹിനഹിസുമുഖവർത്തമാനങ്ങളും
  • കണ്ടാലറിഞ്ഞുകൂടെ മുറിവാചകം?” 177
  • അതുപൊഴുതുസചിവനതി കോപം കലർന്നുട-
  • നാശു ദീർഗ്ഘാക്ഷനോടിങ്ങിനെ ചൊല്ലിനാൻ 178
  • “ഹൃദയഗതമഖിലമിവനിന്നുപറവോള-
  • മാശു വടികൊണ്ടടിക്കനീ സാമ്പ്രതം 179
  • അവനുമതിരഭസമൊടുസിദ്ധാർത്ഥകൻ തന്നെ
  • ആർത്തിവരും പടി തല്ലിനാനന്നേരം 180
  • അടിമുടിയൊടിടയിലടികൊണ്ടോരനന്തരം
  • അയ്യൊശിവശിവയെന്നലറീടിനാൻ 181
  • “അഖിലമപി പറവനിഹ തച്ചുകൊല്ലേണ്ടഞാ-
  • നയ്യോ നൃപതിയോടൊക്കവെ ചൊല്ലുവൻ” 182
  • തദനുനരപതിയുമതിനവനൊടിതുചൊല്ലിനാൻ
  • “താഡിക്കവേണ്ട; ചൊല്ലീടുകവാർത്തകൾ” 183
  • ഉടലിലൊഴുകിനരുധിരജലമതുവടിച്ചവൻ
  • ഉച്ചത്തിലേറ്റം കരഞ്ഞുനൃപനുടെ 184
  • പദയുഗളമതിലധികഭയമൊടുനമിച്ചവൻ
  • ഭൂപതിവീരനോടിങ്ങിനെ ചൊല്ലിനാൻ 185
  • “അഭയമിഹതരികമമപറവനഖിലം പ്രഭോ!
  • അയ്യോ കൃപാനിധെ! കാത്തരുളേണമെ!“ 186
  • അവനിലൊരു കരുണയൊടു ബതമലയകേതുവു-
  • മപ്പോളഭയം കൊടുത്തു ചൊല്ലീടിനാൻ:- 187
  • “സുമുഖ! ഭയമിഹകിമപിനഹിപറകസർവ്വവും
  • സർവ്വദാചാരനെല്ലോനീയറിഞ്ഞാലും 188
  • തൊഴുതവനുമതുപൊഴുതുനൃപനൊടുപറഞ്ഞുതെ
  • “തൂമയിൽ ചൊല്ലുവൻ കേട്ടുകൊൾക ഭവാൻ 189
  • നയവിശദമതിസഖലുരാക്ഷസാമാത്യകൻ
  • നല്ലൊരു മാലയും മുദ്രയും പത്രവും 190
  • പ്രണയമൊടുധരണിപതിമൌര്യനു നൽകുവാൻ
  • പ്രീതിപൂണ്ടെങ്കൽ കൊടുത്തയച്ചുവിഭോ! 191
  • പരിചിനൊടു പറവതിനു വർത്തമാനങ്ങളും
  • ഭൂപതേ! ചൊന്നതു ചൊല്ലുവൻ കേട്ടാലും:- 192
  • അധികതരബലമുടയകൌലൂതരാജനാം
  • അമ്പുള്ള ചിത്രവർമ്മാവെന്നവീരനും 193
  • വിരുതുടയമലയപതിശത്രുവിദ്ധ്വംസന-
  • നത്യന്തധീരനാം സിംഹനാദൻ താനും 194
  • കുലശിഖരിസമനധികഭീഷണനായുള്ള
  • കാശ്മീരനാഥനാം പുഷ്കരാക്ഷൻ താനും 195
  • ഉദധിയതിൽ മരുവുമൊരു സിന്ധൂദ്വഹനാകു-
  • മുന്നതനായുള്ള സിന്ധുഷേണാഖ്യനും 196
  • പലവിരുതുപടനടുവിൽ വടിവിനൊടു കാട്ടുന്ന
  • പാരസികേശനാം മേഘാങ്കവീരനും 197
  • ഇവർ പെരിയ ബലമുടയ പഞ്ചരാജാക്കളും
  • ഇച്ഛിച്ചിരിക്കുന്നു മ്ലേച്ഛനെക്കൊല്ലുവാൻ 198
  • അവരിലിഹ പുനരറിക ചിത്രവർമ്മാദിയാം
  • ആശുമൂവർ ശത്രുരാജ്യമിച്ഛിക്കുന്നു 199
  • പുനരിരുവർ കരികളെയുമിച്ഛിച്ചിരിക്കുന്നു
  • പണ്ടുപറഞ്ഞവണ്ണം ഭവാനിക്കാലം 200
  • ചണകതനയനെവിരവിൽനീക്കിക്കളകയാൽ
  • ശോഭനമായ്‌വന്നു ചിന്തിതമൊക്കവെ 201
  • നൃവരപുനരറികയിതുരാക്ഷസാമാത്യന്റെ
  • നീതിയിലുള്ളൊരു സന്ദേശമായതും” 202
  • സസിവവരവചനമുടനിങ്ങിനെ കേട്ടഥ
  • തന്നുള്ളിലേവം നിരൂപിച്ചു ഭൂപനും 203
  • ചിരമരികിൽമമമരുവുമരിയനരവീരരാം
  • ചിത്രവർമ്മാദികളാമവരേവരും 204
  • കുലകരുതിയരികിൽമമവാഴ്കയൊസന്തതം?
  • കുത്സിതാമാത്യന്റെ സേവകന്മാരവർ 205
  • നിജമനസിവിവിധമിതിചിന്തിച്ചുഭൂപതി
  • നീതിയേറും രാക്ഷസനെ വരുത്തുവാൻ 206
  • ഒരുചരനെവിരവിനൊടുവിട്ടുടൻ ചിത്തത്തി-
  • ലോരോതരം നിരൂപിച്ചിരുന്നീടിനാൻ 207
  • അതുപൊഴുതുസചിവരനാകിയ രാക്ഷസൻ
  • ആശുതാൻ ചിത്രവർമ്മാദിയാം വീരരെ 208
  • നികടഭുവിവടിവൊടുവരുത്തിപ്പറഞ്ഞിതു
  • “നിങ്ങളെല്ലാവരും പർവ്വതപുത്രനെ 209
  • കുസുമപുരിയുടനുടനടുക്കുംദശാന്തരെ
  • കൂടെപ്പിരിയാതെചുറ്റും നടക്കേണം 210
  • ശകടകനുമഥമഗധഹൂണരോടും കൂടി
  • ശങ്കാവിഹീനം നടക്കാചുഴലവും” 211
  • അവർകളൊടു സചിവവരനിത്ഥം പറയുമ്പോൾ
  • ആശൂവന്നാൻ നൃപദൂതനുമന്നേരം 212
  • ധരണിവരചരനുമഥസചിവനൊടു ചൊല്ലിനാൻ
  • “ധന്യമതെഭവാനൊട്ടുമെവൈകാതെ 213
  • ഗിരിനൃപതിസുതനരുളിയങ്ങുചെന്നീടുവാൻ
  • കാൽക്ഷണം വൈകാതെ പോരികയും വേണം” 214
  • സചിവകുലവരനുമതുകേട്ടുചൊല്ലീടിനാൻ
  • സംഭ്രമത്തോടു ശകടനോടിങ്ങിനെ 215
  • “പടനടുവെ നൃപതിയുടെ സന്നിധൌചെല്ലുമ്പോൾ
  • പണ്ടുനാംകൊണ്ടുള്ളൊരാഭരണത്രയം 216
  • അയിശകടവിരിയെയതെടുത്തുകൊണ്ടന്നാലും”
  • വേഗമെടുത്തുകൊണ്ടന്നാൻ ശകടനും 217
  • വിവിധമണിഖചിതമതിലൊന്നൊരുകൊണ്ഡലം
  • വിസ്മയമായ പതക്കം മനോഹരം 218
  • കനകകൃതവിമലതരകാഞ്ചികാമറ്റേതു
  • കങ്കണാദ്യാഭരണങ്ങൾ മറ്റുള്ളതും 219
  • മുടിയൊടടിയിടയവനലങ്കരിച്ചേറ്റവും
  • മുമ്പിൽ മരുവും ശകടനോടോതിനാൻ:- 220
  • “ഇവിടെ മരുവുകശകട!ഞാൻ വരുവോളം നീ”
  • ഇത്ഥം പറഞ്ഞു നടന്നാനമാത്യനും 221
  • അഥസചിവപതിമലയകേതുമരുവീടു-
  • മാലയം പ്രാപിച്ചു മന്നനെക്കണ്ടപ്പോൾ 222
  • അകമലരിൽ നിറയുമൊരുരഭസവുമമർത്തവൻ
  • “ആര്യനിരുന്നാലു”മെന്നു ചൊല്ലീടിനാൻ 223
  • മധുരതരനൃപതിഗിരമിങ്ങിനെകേട്ടഥ
  • മന്ത്രിപ്രവരനിരുന്നിതുമെല്ലവേ 224
  • അതുപൊഴുതിലവനിപതിരാക്ഷസാമാത്യനോ-
  • ടാദരവോടിതു ചൊല്ലിനാനിങ്ങിനെ:- 225
  • “അരികളൊടുപൊരുവതിനുപോന്നതിൽ‌പ്പിന്നെഞാ-
  • നാര്യനെക്കണ്ടീലകൂട്ടത്തിലെങ്ങുമ്മെ” 226
  • അതിനവനുമരചനൊടുമധുരമൊടുചൊല്ലിനാ-
  • “നങ്ങു ഞാനോരോതരമുള്ള കോപ്പുകൾ 227
  • പരിചിനൊടു ചിലരെയുമുറപ്പിച്ചുപോന്നുഞാൻ
  • ഭൂപതെ കാണാഞ്ഞതിന്നിതുകാരണം” 228
  • സചിവനൊടുതദനുനരവീരനുംചൊല്ലിനാൻ
  • “സർവ്വനയജ്ഞരിൽ മുൻപനാകും ഭവാൻ 229
  • ചിലരൊടിഹ പരിചൊടു പറഞ്ഞുറപ്പിച്ചതും
  • ചന്തമോടെന്തെന്നുരചെയ്കസാമ്പ്രതം” 230
  • “മലയപതിമുഖനൃപതിവീരരെനിൻ പോക്കൽ
  • മുറ്റുമിനിപ്പിരിയാതെ ചുഴലവും 231
  • കുസുമപുരമുടനുടനടുത്തുചെല്ലും വിധൌ
  • കാത്തുകൊൾവാൻഭരമേല്പിച്ചുപോന്നുഞാൻ 232
  • സചിവനിതുപറയുമളവിങ്ങിനെമ്ലേച്ഛനും
  • സംശയം കൈവിട്ടകമേനിരൂപിച്ചാൻ:- 233
  • അരികിൽമമചുഴലവുമിവർനടക്കുന്നതു
  • മയ്യോചതിപ്പാനതിനില്ല സംശയം :- 234
  • ഇതിമനസികരുതിയഥരാക്ഷസാമാത്യനോ-
  • ടീർഷ്യ വെടിഞ്ഞു ചൊന്നാൻ മ്ലേച്ഛപുത്രനും 235
  • “ഒരുവനിഹ കുസുമപുരിതന്നിൽ ഗമിച്ചിതോ?
  • ഓർത്തുകണ്ടാലിതുകാലം മഹാമതെ!“ 236
  • “അവനിവര! കുസുമപുരിതന്നിൽഗമിക്കയു-
  • മിന്നുനിരൂപിക്കിൽ സാദ്ധ്യമല്ലൊട്ടുമേ, 237
  • കുസുമപുരമഴകിനൊടുചെന്നുവളയുംനാം
  • കുറ്റമില്ലഞ്ചാറുനാളിലകത്തെടോ” 238
  • “തവചരരിലൊരുവനൊരുലേഖനംകൊണ്ടിപ്പോൾ
  • തൽ‌പ്പുരത്തിന്നുഗമിച്ചവാറില്ലയൊ?” 239
  • “ഒരുവനെയുമൊരുപൊഴുമില്ലയച്ചിട്ടുഞാ-
  • നോർത്താലതേതുമെതോന്നീലമാനസെ” 240
  • “ഇവനൊടതുപരിചിനൊടുചോദിക്കസാമ്പ്രതം”
  • ഇത്തരം കേട്ടിട്ടമാത്യനാം രാക്ഷസൻ 241
  • സകലജനനടുവിലഥ ദുഃഖിച്ചു നിൽക്കുന്ന
  • സിദ്ധാർത്ഥകൻ തന്നെക്കണ്ടു ചൊല്ലീടിനാൻ 242
  • “കിമിദമിതിവദസുമുഖസിദ്ധാർത്ഥകാ”യെന്നു
  • കല്യാണശീലനാം മന്ത്രി പറഞ്ഞപ്പോൾ 243
  • നയനജലമധികമഥവാർത്തുകരഞ്ഞവൻ
  • നീതിമാനാം രാക്ഷസനോടു ചൊല്ലിനാൻ:- 244
  • “തവകരുണയൊഴികെമമമറ്റൊന്നുമില്ലഞാൻ
  • താഡനം കൊണ്ടു പൊറുതിയില്ലായ്കയാൽ 245
  • തവമനസിനിഹിതമഖിലം പറഞ്ഞേനഹം
  • താന്താന്റെ ജീവനോളം വലുതല്ലൊന്നും” 246
  • “അയിസുമുഖമമമനസികീദൃശംചിന്തിതം?
  • ആശുനീയെന്നോടുനേരേപറഞ്ഞാലും” 247
  • അവനുമൊരുവിവശമൊടുപിന്നെയുംചൊല്ലിനാൻ
  • “അയ്യോപുനരതുമെങ്ങിനെചൊല്ലുന്നു? 248
  • കഠിനതരമടിമുതുകിലേറ്റതുകൊണ്ടുഞാൻ
  • കല്പിച്ചിരുന്നതും ചൊന്നേൻ കൃപാനിധേ!“ 249
  • അതുപൊഴുതിലഥമലയകേതുവും ചൊല്ലിനാൻ
  • ആത്മസചിവനെത്തന്നെവിളിച്ചുടൻ:- 250
  • “ഇവനധികഭയവുമൊരുലജ്ജയുമുണ്ടല്ലൊ
  • ഇങ്ങിനെ ചോദിച്ചാൽ മിണ്ടുകയില്ലെടോ! 251
  • ഇതിനുസചിവനൊടുപറകാശുനീതാൻ തന്നെ”
  • അപ്പോളവനും പറഞ്ഞു തുടങ്ങിനാൻ:- 252
  • “നയവിശഹൃദയ!പുനരിവനുമിതുചൊല്ലുന്നു-
  • നീതിയേറും കുലമന്ത്രിയാം രാക്ഷസൻ 253
  • പരിചൊടൊരുമുറിയെഴുതിമൌര്യനു നൽകുവാൻ
  • വർത്തമാനങ്ങളുമൊക്കെപ്പറഞ്ഞുടൻ 254
  • കുസുമപുരമതില്വിരവൊടെന്നേയയച്ചതും
  • കേൾക്കഭവാനിവനിങ്ങിനെചൊല്ലുന്നു” 255
  • ചരനൊടതുപൊഴുതുകുലമന്ത്രിയും ചൊല്ലിനാൻ
  • “ചൊല്ലുനീ,ചൊന്നതുസത്യമോദുർമ്മതെ?” 256
  • “അഹമമലസചിമശൃണുതാഡനംകൊണ്ടപ്പോ-
  • ളത്യന്തഭീതനായ് ചൊന്നേനഖിലവും 257
  • ഗുണമുടയകുലസചിവനിങ്ങിനെ കേട്ടപ്പോൾ
  • “കഷ്ടംനൃതമതെ”ന്നു ചൊല്ലീടിനാൻ 258
  • ബലമുടയഗിരിനൃപതിപുത്രനും ചൊല്ലിനാൻ
  • വീരനാകും ഭാഗുരായണനോടപ്പോൾ 259
  • “പ്രിയസചിവ! പരിചിനൊടമാത്യനുലേഖനം
  • പാരാതെ കാട്ടിക്കൊടുക്കെ”ന്നുകേട്ടവൻ 260
  • ഉഴറിയതുമഖിലസചിവേശനുകാട്ടിനാൻ
  • ഊക്കനാം രാക്ഷസൻ വായിച്ചു ചൊല്ലിനാൻ:- 261
  • “ചണകസുതകപടകൃതപത്രമിദം പ്രഭോ!
  • ചഞ്ചലമേതുമതിനില്ല ഭൂപതെ!“ 262
  • നൃപനുമതിനവനൊടുരചെയ്താ”നൊരു വസ്തു
  • നന്മയിൽ കൂടെ കൊടുത്തയച്ചിട്ടതും 263
  • ചണകസുതകപടകൃതമോ?”യെന്നുരചെയ്തു
  • ചാഞ്ചല്യമെന്നിയെ കാട്ടിനാൻ മാലയും 264
  • കനകമണിലളിതമൊരുമാലയും കണ്ടവൻ
  • കഷ്ടമെന്നോർത്തു നൃപനോടു ചൊല്ലിനാൻ 265
  • “അറികനൃപ! പരിചൊടിതു സിദ്ധാർത്ഥകനുഞാൻ
  • ആമോദമേറിച്ചമഞ്ഞോരവസ്ഥയിൽ 266
  • അഴകൊടിഹനിഖിലനൃപവീര!കൊടുത്തതും
  • ആർക്കുമിതെങ്ങും കൊടുത്തയച്ചില്ല ഞാൻ” 267
  • അതുപൊഴുതുസചിവനൊടുസാദരം ചൊല്ലിനാ-
  • നാശുമുദാഭാഗുരായണമന്ത്രിയും:- 268
  • “പ്രണയമിഹനൃപതിവരനേറിച്ചമകയാൽ
  • പ്രീതനായ്തന്റെ കഴുത്തീന്നഴിച്ചുടൻ 269
  • തരികതവസചിവവരചെയ്തതറിഞ്ഞാലും
  • താനതുമേയ്മേലണിയാതെ സാമ്പ്രതം 270
  • ഒരുപുരുഷനിതുസചിവ! നൽകീടുകിൽ പുന-
  • രോർത്തുകണ്ടാൽ ഭവാനേതരുതാത്തതും 271
  • മനസിതവപെരികെയൊരുസന്തോഷകാരണാൽ
  • മൌര്യനായ്ക്കൊണ്ടിതു നൽകുന്നു സാമ്പ്രതം” 272
  • ഇതിചണകസുതകപടവിഹിതമായ്ഭൂപതെ
  • ഇല്ലൊരുകില്ലതിനെന്നമാത്യേന്ദ്രനും 273
  • അചലനൃപതനയനതിനുത്തരം ചൊല്ലിനാൻ
  • “ആരുടെമുദ്രയിക്കാണുന്നതുമെടോ?” 274
  • “കപടജനവിഹിതമതിൽമുദ്രകാണുന്നതും
  • കശ്മലന്മാർക്കെന്തരുതാതെയുള്ളതും?” 275
  • സചിവനിതുനൃപതിയൊടുചൊന്നോരനന്തരം
  • ശങ്കേതരം ഭാഗുരായണൻ ചൊല്ലിനാൻ 276
  • “സചിവനിഹസകലമപിചൊന്നതുനേരെങ്കിൽ
  • സിദ്ധാർത്ഥക! ചൊല്ലെഴുതിയതാരെന്നു?” 277
  • തദനുപുനരതിനവനുമൊന്നുമേമിണ്ടാതെ
  • ദൃഷ്ടിയും കീഴ്പോട്ടു നോക്കിനിന്നീടിനാൻ 278
  • നൃപസചിവനതുപൊഴുതുകോപിച്ചുചൊല്ലിനാൻ
  • “നന്നല്ലെടൊതല്ലുകൊള്ളുമറിഞ്ഞാലും” 279
  • പ്രഹരഭയമകതളിരിലുണ്ടാകകൊണ്ടവൻ
  • പേടിച്ചു ചൊന്നാൻ പരമാർത്ഥമിങ്ങിനെ 280
  • “മുറിയെഴുതിയതു ശകടനെന്നു” പറഞ്ഞപ്പോൾ
  • മന്ത്രിപ്രവരനുമിങ്ങിനെ ചൊല്ലിനാൻ 281
  • “മുറിയെഴുതിയതു ശകടനെങ്കിൽ ഞാൻ താൻ തന്നെ”
  • മന്നവനുമതുകേട്ടുചൊല്ലീടിനാൻ 282
  • “ശകടനെയുമിഹവിരവോടെങ്കിൽ വരുത്തുക
  • ചാരജനങ്ങളിൽ പോവതിനാരുള്ളു?” 283
  • പ്രിയസചിവനതുപൊഴുതുനൃപതിയോടു ചൊല്ലിനാൻ
  • “പാർത്താൽ ശകടദാസൻ ലജ്ജകൊണ്ടിപ്പോൾ 284
  • നയമുടയസചിവനുടെ മുമ്പിൽനിന്നെങ്ങിനെ
  • ഞാനിതെഴുതിയതെന്നുപറയുന്നു? 285
  • അതിനുപുനരൊരുകഴിവുഞാൻ പറഞ്ഞീടുവൻ
  • ആശുശകടനെഴുതിയ പത്രങ്ങൾ 286
  • ഇവിടെ ബഹുവിധമറികയുണ്ടതിലൊന്നിപ്പോൾ
  • ഇങ്ങുകൊണ്ടന്നുകണ്ടാലറിയാമല്ലൊ” 287
  • നൃപനുമഥതെളിവിൽനിജസചിവനോടു ചൊല്ലിനാൻ
  • “നീ ചെന്നതിലൊന്നു കൊണ്ടുവരികെടോ” 288
  • അവനുമഥശകടനെഴുതിയതിലൊരുലേഖനം
  • ആശുകൊണ്ടന്നുനൃപനുകാട്ടീടിനാൻ 289
  • അചലനൃപതനയനതുരണ്ടിലുംതുല്യമാ-
  • യക്ഷരം കണ്ടമാത്യൻ പക്കലന്നേരം 290
  • നിജമനസിതിരളുമൊരുരഭസമൊടു നൽകിനാൻ
  • നീതിമാനു രാക്ഷസൻ വാങ്ങിച്ചുനോക്കുമ്പോൾ:- 291
  • ശകടകൃതലിപികളതിലൊരുമയൊടുകണ്ടവൻ
  • ശങ്ക കലർന്നുള്ളിലിങ്ങിനെ ചിന്തിച്ചാൻ-- 292
  • “ശകടകൃതമിതുനിയതമിപ്പോളവൻ താനും
  • ശത്രുപക്ഷാശ്രയം ചെയ്തിതോദൈവമേ?” 293
  • പലവുമിഹമനസിമമചിന്തിച്ചുകാണുമ്പോൾ
  • പാപം ശകടദാസൻ ചെയ്തുനിർണ്ണയം 294
  • ശകടനുടെ കരമതിലിരിക്കുന്നുമുദ്രയും
  • സിദ്ധാർത്ഥകമിത്രമല്ലോശകടനും 295
  • അപരലഖിതവുമിതിനൊടൊക്കയില്ലാദൃഢം
  • അയ്യോ ചതിച്ചാൻ ശകടനുമിക്കാലം 296
  • ചണകസുതപടുവചനഭേദനംകൊണ്ടിപ്പോൾ
  • ശത്രുക്കളോടു സന്ധിച്ചവനിക്കാലം 297
  • നിജമരണഭയമധികമുണ്ടാകകൊണ്ടിപ്പോൾ
  • നിർണ്ണയമിച്ചതിചെയ്തുശിവശിവ:-:“ 298
  • നിജമനസിവിവശമിതിചിന്തിച്ചുരാക്ഷസൻ
  • നിൽക്കുന്നനേരത്തുപർവ്വതപുത്രനും 299
  • നിജജനകനണിയുമൊരുഭൂഷണം മന്ത്രിതൻ
  • മെയ്യതിൽക്കണ്ടുചൊല്ലീടിനാനിങ്ങിനെ:-- 300
  • “വിവിധമണിഗണഖചിതമാഭരണമിദം
  • വക്രമതേ! തന്നതാരെന്നുചൊല്ലെടോ!“ 301
  • കുലസചിവനതുപൊഴുതുനൃപതിയൊടുചൊല്ലിനാൻ
  • “കൊണ്ടേനിദം ചിലവിപ്രരോടേഷ ഞാൻ” 302
  • അധികതരരഭസഭരമഥമലയകേതുവും
  • ആര്യനാം രാക്ഷസനോടു ചൊല്ലീടിനാൻ 303
  • “മമജനകസതതധൃതമാഭരണമിദം
  • മൌര്യന്റെ ഹസ്തഗതമായതിക്കാലം 304
  • ചിലധരണിസുരരൊടിഹകൊണ്ടുവെന്നുള്ളതും
  • ചേരുന്നതോ മന്ത്രിസത്തമ! ചൊല്ലെടോ 305
  • അഖിലനൃപമകുടമണിമൌര്യനെന്നൊരുലാഭ-
  • മാഭരണം വിറ്റു വേണമോ ദുർമ്മതേ! 306
  • ശഠ! കഠിനഹൃദയ! ചതിപെരുകിയദുരാത്മാവെ!
  • ചെന്നുനീമൌര്യനെസ്സേവിച്ചുകൊണ്ടാലും” 307
  • അചലനൃപസുതവചനനിശമനദശാന്തരേ
  • അന്ധനായേനെന്നു ചിന്തിച്ചുരാക്ഷസൻ 308
  • അചലനരവരവിമലഭൂഷണം ചാണക്യ-
  • നയ്യോ ചതിച്ചുവില്പിക്കയോ ചെയ്തതും 309
  • സുകൃതമിഹമമനിഖിലമറ്റിതോദൈവമേ!
  • ആശ്ചര്യമാര്യദോഷപ്രയോഗങ്ങളും 310
  • കപടമൊടുലിഖിതകരലേഖയും മുദ്രയും
  • കണ്ടാലിതെന്റെയല്ലെന്നുവരായല്ലൊ 311
  • പ്രണയമിഹശകടനുമറുത്തുകളഞ്ഞുടൻ
  • പത്രികയുമെഴുതിക്കൊടുത്തീടിനാൻ 312
  • അഖിലനൃപനതചരണനാം ചന്ദ്രഗുപ്തനും
  • ആഭരണം വിറ്റതാർക്കുവിശ്വാസമാം 313
  • ശിരസിമമലിഖിതമിദമെന്നേപറയാവു
  • ചൊല്ലുവാനുത്തരം കണ്ടീലിതിന്നു ഞാൻ -- 314
  • അകമുരുകിമറുകിയൊരുരാക്ഷസനനിങ്ങിനെ
  • അന്ധനായ് മിണ്ടാതെ നിൽക്കും ദശാന്തരെ 315
  • അവനൊടതിരഭസമൊടുശൈലേശ്വരാത്മജൻ
  • ആശു ചൊന്നാ”നാര്യനോടൊന്നു ചൊല്ലുന്നു” 316
  • അവനിപനൊടതുപൊഴുതുരാക്ഷസൻ ചൊല്ലിനാൻ
  • “ആര്യനല്ലാഞാനനാര്യനത്രേദൃഢം” 317
  • ക്ഷിതിപതിയുമതിനവനൊടുത്തരംചൊല്ലിനാൻ
  • “ക്ഷുദ്രമതേ! തവസ്വാമി പുത്രൻ മൌര്യൻ 318
  • രിപുതനയനറികതവഞാനായതുമെടോ
  • രോഷമെന്നെക്കുറിച്ചേറും ഭവാനല്ലൊ 319
  • അഭിമതമൊടധികതരവിത്തവും തന്നു ഞാൻ
  • ആദരാൽ മന്ത്രി പദവും തവ നൽകി 320
  • മരുവുമളവൊരു ചതിയിലാശയുണ്ടാകയാൽ
  • മുറ്റുമനാര്യനത്രേ ഭവാൻ നിർണ്ണയം” 321
  • സചിവകുലപതിയുമതിനവനൊടിതുചൊല്ലിനാൻ
  • “സത്യമേ ഞാൻ ചതിച്ചീടുമേ ഭൂപതെ! 322
  • അരികളുടെ കുസൃതികളെ വിശസിച്ചുഭവാ-
  • നത്രേവിവേകമില്ലാതെ ചമഞ്ഞതും 323
  • ഗിരിനൃപതിതനയ! വിധിവിലസിതമിതൊക്കവെ
  • കൌടില്യദോഷം പറയേണമോവൃഥാ?” 324
  • അതികുപിതനഥമലയകേതുവുമന്നേര-
  • മത്യന്തരൂക്ഷനായിങ്ങിനെ ചൊല്ലിനാൻ 325
  • “അലമലമിതറികവിധിവിലസിതമിതൊക്കവേ
  • ആർക്കറിയാം നിന്റെ ദുർന്നയരീതികൾ 326
  • കൊടിയവിഷതരുണിയെയുമാശുനിർമ്മിപ്പിച്ചു
  • കാന്തിയേറും മമതാതനെ രാത്രിയിൽ 327
  • കുടിലതരഹൃദയശഠകൊല്ലിച്ചതില്ലയോ
  • കൂറൊത്തിരിക്കുന്ന കാലത്തു ദുർമ്മതേ 328
  • ഇതുപൊഴുതിലരികളൊടു ചേർന്നുകൊണ്ടെന്നെയും
  • ഇച്ഛിച്ചിരിക്കുന്നതില്ലയോ കൊല്ലുവാൻ?” 329
  • കഠിനതരവചനമിതികേട്ടിട്ടുരാക്ഷസൻ
  • കമ്പം കലർന്നു ചിന്തിച്ചു ചൊല്ലീടിനാൻ 330
  • “കുടുമപുനരതിനുസമമൊന്നുമില്ലെന്ന”ഹോ
  • കൂനിൽക്കുരുവെന്നതുപോൽ പുനരിതും 331
  • ഇതിമനസിവിവശമൊടു ചിന്തിച്ചു രാക്ഷസൻ
  • ഇങ്ങിനേ മന്നവൻ തന്നോടുരചെയ്താൻ 332
  • “അറികനൃപതവജനകനേവധിപ്പിച്ചതും
  • ആഹന്തഞാനല്ലവീരശിഖാമണേ!“ 333
  • “സകലഖലകുലവൃഷഭ! നീയല്ലയോചൊല്ലു
  • താതനെ വഞ്ചിച്ചു കൊന്നതും ദുർമ്മതേ!?” 334
  • “നൃപതികുലതിലക! തവവായ്ക്കെതിർവാക്കില്ല
  • നിത്യനാമീശ്വരനെല്ലാമറിയുന്നു.” 335
  • “ക്ഷപണനൊടു കുലസചിവ! ചൊന്നാലറിഞ്ഞീടാം
  • ക്ഷുദ്രനാം നിന്നുടെ മിത്രമല്ലേയവൻ?” 336
  • അതുഝടിതിചെവിയിണയിലേറ്റമാത്യേന്ദ്രനു-
  • മന്തരമില്ലാതൊരു ചിന്തയും തേടിനാൻ 337
  • ക്ഷപണകനുമിഹ ചണകതനയനുടെ ചാരനോ?
  • ക്ഷുദ്രൻ മഹാപാപിയെന്നെച്ചതിച്ചിതോ? 338
  • മമഹൃദയമപിരിപുജനംകൊണ്ടുപോയിതോ?
  • മറ്റെന്തിതില്പരമയ്യോശിവശിവ! 339
  • ഗിരിധരണിപതിതനയനഥശിഖരസേനനെ
  • കോപം മുഴുത്തു വിളിച്ചു ചൊല്ലീടിനാൻ 340
  • “കുലസചിവനൊരുമയൊടു സന്തതം വാഴുന്ന
  • ഘോരരാം ചിത്രവർമ്മാദികളൈയ്‌വരും 341
  • ചതിയൊടതിഭൃശരവർകളെന്നെ വധിച്ചിപ്പോൾ
  • ചന്ദ്രഗുപ്തൻ തന്നെക്കാണ്മാനിരിക്കുന്നു 342
  • അതിനവരിലധികഖലനായരിമിത്രമാ-
  • മാശുനീ ചിത്രവർമ്മാവിനേയും പിന്നെ 343
  • മലയനൃപനധികതരദുഷ്ടനായ് മേവുന്ന
  • മത്തനാം സിംഹനാദാഖ്യനേയുമഥ 344
  • കപടമകതളിരിലുടനേറിമേവീടുന്ന
  • കാശ്മീരനാം പുഷ്കരാക്ഷനേയുമിപ്പോൾ 345
  • ധരണിതലമഴകിനൊടു കുഴിച്ചതിൽ മൂടുക
  • ധാത്രിയെക്കാമിച്ചതുകൊണ്ടു സാമ്പ്രതം; 346
  • ശഠരിലതിബലമുടയസിന്ധുഷേണൻ തന്നെ
  • ശക്തനാം പാരസീകേശനായ് മേവിടും 347
  • അതികുസൃതിപെരുകിയൊരുമേഘാങ്കനേയുമായ്
  • ഹസ്തിവരമവർ കാംക്ഷിച്ചതുകൊണ്ടു 348
  • മദസലിലമൊഴുകിനൊരു ഹസ്തിയെക്കൊണ്ടുടൻ
  • മത്തരെക്കുത്തിച്ചു കൊല്ലിക്ക വൈകാതെ” 349
  • ധരണിപതിയുടെ കഠിനശാസനം കൈക്കൊണ്ടു
  • സേനാപതിയാം ശിഖരസേനന്താനും 350
  • അവനിതലമഴകൊടുടനാഴക്കുഴിപ്പിച്ചു
  • ഹാഹന്തചിത്രവർമ്മാദിയാം മൂവരെ 351
  • ചതിയൊടവനഥഝടിതിചെന്നുപിടിപെട്ടു
  • ശസ്ത്രം പിടിച്ചു പറിച്ചു കുഴികളിൽ 352
  • അപകരുണമവനഥ പിടിച്ചു തള്ളിക്ഷണാൽ
  • “അയ്യോ ശിവ ഞങ്ങളേതും പിഴച്ചില്ലേ” 353
  • പലതരവുമതികരുണമവർകൾ കരയും വിധൌ
  • പ്രാണനോടേതന്നെ മൂടിക്കളഞ്ഞുതേ 354
  • അവടമതിലധികമവർവീർപ്പുമുട്ടിത്തന്നെ
  • ആശുമരിച്ചാർ വിധിവശാലിങ്ങിനെ 355
  • പുനരിരുവരെയുമൊരുമരത്തോടുബന്ധിച്ചു
  • പർവ്വതാകാരനാം ഹസ്തിയെക്കൊണ്ടവൻ 356
  • ഉദരമഥപരിചിനൊടുകുത്തിച്ചുകൊല്ലിച്ചു
  • തൂമയിൽ ചീന്തച്ചെറിയിച്ചു ദൂരവേ 357
  • അവർകളെയുമഥശിഖരസേനകനിങ്ങിനെ-
  • യാശുവധിച്ചതു മന്നനെക്കേൾപ്പിച്ചാൻ 358
  • അതുപൊഴുതിലഥമലയകേതുവും ക്രുദ്ധനാ-
  • യക്ഷിമണിയുമുരുട്ടിപ്പറഞ്ഞിതു 359
  • “അറികതവകുസൃതികളിലുള്ളൊരനുഭവ-
  • മാഹന്തരാക്ഷസ! രാക്ഷസൻ തന്നെ നീ 360
  • ഇവനെയിഹകടകമതിൽനിന്നുപുറത്തുട-
  • നിക്കണ്ടലങ്കാരവും പറിച്ചഞ്ജസാ 361
  • കളെകചണകജനുമിവനുമൌര്യനും കൂടി
  • കാട്ടുന്നദുർന്നയം കാണാമതേ വേണ്ടു” 362
  • നൃപതിയുടെ വചനമിതി കേട്ടു ദീർഗ്ഘാക്ഷനും
  • നീണ്ടുനിവർന്നശിഖരസേനന്താനും 363
  • രഭസമൊടുഝടിതിപിടിപെട്ടമാത്യേന്ദ്രനെ
  • രൂക്ഷതയോടലങ്കാരം പറിച്ചുടൻ 364
  • കടകഭുവിചണമുടയരാക്ഷസാമാത്യനെ
  • കഷ്ടം പിടിച്ചു പുറത്തു തള്ളീടിനാർ 365
  • വിവശതയോടഥസഖലുരാക്ഷസാമാത്യനും
  • വേവും മനമോടൊരുകരവാളുമായ് 366
  • ഗമനമൊരുദിശിമനസിനിശ്ചയംകൂടാതെ
  • ക്ലേശിച്ചുപോകുന്ന നേരം നിരൂപിച്ചാൻ 367
  • “അമിതകരബലമുടയ ചിത്രവർമ്മാദിക-
  • ളയ്യൊനിഹതരായ്‌വന്നുശിവശിവ!! 368
  • അഖിലസുഹൃദറുകുലകൾചെയ്യിച്ചതിന്നുഞാ-
  • നയ്യൊമരിക്കാതിരിക്കുന്നതീശ്വരാ! 369
  • കിമപിമയികരുണനിഹദൈവത്തിനുമിപ്പോൾ
  • കഷ്ടമിനിയെന്തുവേണ്ടതുഞാനഹോ! 370
  • അടവിതലമഴകിനൊടുപുക്കുതപിക്കയോ?
  • അന്തരാവൈരമിതിനാൽ ശമിക്കുമോ? 371
  • മമധരണിപതികളുടെസഹഗമനമോനല്ലു?
  • മുറ്റുമരികുലം ജീവിച്ചിരിക്കുമ്പോൾ 372
  • യുവതിജനചരിതമിദമില്ലോരു സംശയം
  • യുദ്ധം കനിവോടുചെയ്തുമരിക്കയൊ? 373
  • അതിനുമമവിഷമമൊരുചന്ദനദാസനേ
  • അന്തരാപാർത്താൽ മരിച്ചീടരുതെല്ലോ” 374
  • അഴൽ പെരുകി വിവിധമിതി ചിന്തിച്ചുരാക്ഷസ-
  • നാകുലചിത്തനായ് പോകും ദശാന്തരേ 375
  • ചണകസുതചരനൊരുവനുന്ദുരുകാഖ്യനു-
  • മാരുമറിയാതമാത്യന്റെ പിന്നാലെ 376
  • സചിവവരഗമനമെവിടേക്കെന്നറിവാനായ്
  • താല്പര്യമുൾക്കൊണ്ടു പോയാനവൻ താനും 377
  • അഥവിപുലബലമുടയപർവതപുത്രനു-
  • മാർത്തുവിളിച്ചു നാലംഗപ്പടയോടും 378
  • കുസുമപുരമഴകിനൊടു ചെന്നുവളഞ്ഞിതു
  • കൌടില്യഭൂസുരൻ താനതുകണ്ടപ്പോൾ 379
  • അരികൾ പുരിവളയുമതിൽ മുന്നം പടകൂട്ടി
  • അന്തരാപാർത്തുമന്ത്രിത്വമുൾക്കൊണ്ടവൻ 380
  • കരിതുരഗരഥനികരവിവിധകാലാളുമായ്
  • കാറ്റിനേക്കാൾ വേഗമെത്തിയെതൃത്തുടൻ 381
  • ശരനിരകൾ പലവഴിപൊഴിഞ്ഞണിഞ്ഞൊക്കവെ
  • ചാതുര്യമോടുടൻ വെട്ടുതുടർന്നപ്പോൾ 382
  • ഗജതുരഗരഥനികരപത്തിപ്രവരന്മാർ
  • കാലപുരിപുക്കിതെണ്ണമില്ലാതോളം 383
  • പരവശതയൊടുപടകളിളകിമണ്ടിത്തദാ
  • പർവതപുത്രനുമോടി ഭയത്തിനാൽ 384
  • ബലമുടയമലയപതിചിത്രവർമ്മാദിയാം
  • വമ്പുള്ളരികളരികെയില്ലായ്കയാൽ 385
  • അരികിലൊരു ചതികരുതിമരുവുമരിവീരരാ-
  • മത്യുന്നതരായ ഭദ്രഭടാദികൾ 386
  • രണശിരസിശിഖരസുതസേനാദികളെയും
  • രാജസമീപെ വധിച്ചു മറുത്തുടൻ 387
  • കുടുമയൊടുനൃപതിയെയുമെത്തിപ്പിടിപെട്ടു
  • കാലും കരവും പിടിച്ചുവരിഞ്ഞവർ 388
  • ജയപടഹമധികതരഘോഷാലടിച്ചുടൻ
  • ശേഷിച്ച ശത്രു സൈന്യത്തെയും പാടാക്കി 389
  • ചണകസുതനുടെ വചനഗൌരവം കൊണ്ടവർ
  • ചാതുര്യമോടു നിലവിളിച്ചാർത്തുടൻ 390
  • കുസുമപുരമഴകിനൊടു പുക്കവർ മൌര്യന്റെ
  • കാക്കൽ വെച്ചീടിനാർ പർവതപുത്രനെ 391
  • ചണകസുതനൊടുതദനുമൌര്യനും ചൊല്ലിനാൻ
  • “ശത്രുവായ്മേവുമീ മ്ലേച്ഛതനയനെ 392
  • വിരവൊടിനിയൊരു വിപുലകാരാഗൃഹം തന്നിൽ
  • നിക്ഷേപണം ചെയ്തു സൂക്ഷിക്കയും വേണം” 393
  • അവനിസുരവരനുമതുകേട്ടുടൻ മ്ലേച്ഛനെ
  • യാശുകാരാഗൃഹം തന്നിലാക്കീടിനാൻ 394
  • വിപുലബലമഹിതനയനിപുണതകലർന്നോരു
  • ഭദ്രഭടാദി പ്രധാനജനങ്ങൾക്കും 395
  • ചരരിലതിവിരുതുടയസിദ്ധാർത്ഥകനായ
  • ജീവസിദ്ധ്യാഖ്യൻ ക്ഷപണകനും തദാ 396
  • മനസിമതിവരുമളവുചന്ദ്രഗുപ്തൻ നൃപൻ
  • മാനിച്ചു പട്ടുകളാഭരണങ്ങളും 397
  • കനകമണിഗണമറുതികൂടാതെനൽകിനാൻ
  • മറ്റുള്ള ചാരജനത്തിനും നൽകിനാൻ 398
  • അധികമുദമകതളിരിൽ വച്ചവരൊക്കവെ-
  • യാര്യചാണക്യനേയും നൃപൻ തന്നെയും 399
  • പ്രണയഭരഹൃദയമൊടു വന്ദിച്ചുമോദേന
  • വാഴ്ത്തിസ്തുതിച്ചുസന്തോഷിച്ചുപോയിതേ 400
  • അഥചണകജനുമഖിലനാഥനാം മൌര്യനു-
  • മാശുവിജയം ലഭിച്ചോരനന്തരം 401
  • കുസുമപുരമതിൽനിയതമുന്ദുരുകൻ തന്നെ
  • കണ്ടുകൊൾവാൻ പാർത്തിരുന്നാരതുകാലം 402
  • കിളിമകളുമിനിയരുതുചൊൽ‌വാനിനിക്കിന്നു
  • കേടുതീർത്താലിനിനാളെയും ചൊല്ലുവൻ 403
  • അമൃതരസമധുരമൊഴിതാനുമേവമ്പറ-
  • ഞ്ഞാമോദമുൾക്കൊണ്ടിരുന്നാളതുകാലം 404

ഇതിമുദ്രാരാക്ഷസേ വഞ്ചനം ഏഴാം പാദം

സമാപ്തം.