Jump to content

കൃഷ്ണഗാഥ/രണ്ടാം ഭാഗം/ഖാണ്ഡവദാഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഖാണ്ഡവദാഹം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 പാണ്ഡവർക്കമ്പോടു പാങ്ങായി നിന്നൊരു
2 പാഥോജലോചനനന്നൊരുനാൾ
3 കല്യമായുളെളാരു കാലത്തെഴുന്നേറ്റു
4 കർമ്മങ്ങളോരോന്നേ ചെയ്തു പിന്നെ
5 ഭോജനം പെണ്ണിയലംകൃതനായിട്ടു
6 ഭോജന്മാരോടു കലർന്നു നന്നായ്
7 ആസ്ഥാനമണ്ഡപം തന്നിലെഴുന്നളളി
8 വാഴ്ത്തുന്ന വന്ദിഗണങ്ങളുമായ്.
9 ശില്പം കലർന്നൊരു പൊല്പീഠംതന്മീതേ
10 കെല്പോടു ചെന്നങ്ങിരുന്ന നേരം

11 സാത്യകിമുമ്പായ മന്ത്രികൾ മാനിച്ചു
12 സാത്വികഭൂഷണവേഷന്മാരായ്
13 ചാരത്തു ചെന്നു പറഞ്ഞുതുടങ്ങിനാർ
14 കാര്യങ്ങളോരോന്നേ ചേരുംവണ്ണം
15 അത്തൽ കളഞ്ഞുളള നർത്തകന്മാരെല്ലാം
16 നൃത്തം തുടങ്ങിനാർ നീതിയോടെ.
17 ഗാനം തുടങ്ങിനാർ ഗായകന്മാരെല്ലാം
18 ആനന്ദമുളളിലിയറ്റുംവണ്ണം
19 ആദൃതരായുളെളാരാരണരെല്ലാരും
20 ആശിയും ചൊന്നങ്ങു നിന്നനേരം

21 പണ്ടെന്നും കാണാതൊരുത്തനെക്കാണായി
22 കൊണ്ടൽനേർവർണ്ണൻെറ മുന്നലപ്പോൾ.
23 എങ്ങുനിന്നിങ്ങനെ വന്നു നീയിന്നിപ്പോൾ
24 എന്തൊരു കാരിയം ചിന്തിച്ചെന്നും
25 ചോദിച്ചനേരത്തു ചൊല്ലിനിന്നീടിനാർ
26 മാധവന്തന്നോടു ദൂതനപ്പോൾ:
27 "മാഗധന്തന്നാലെ കെട്ടുപെട്ടീടുന്ന
28 മന്നവരെല്ലാരും ചൊല്കയാലേ
29 വേഗത്തിൽ പോന്നിങ്ങു വന്നിതു ഞാനിപ്പോൾ
30 വേദന പോക്കുവാൻ തമ്പുരാനെ !

31 "ദ്വാരകതന്നിൽ നീ പാരാതെ ചെന്നീന്നു
32 വാരിജലോചനനോടു ചൊൽവൂ:
33 വമ്പുകലർന്നൊരു മാഗധനെങ്ങളേ
34 അമ്പുവെടിഞ്ഞു പിടിച്ചു നേരെ
35 അന്തകമന്ദിരംതന്നെയും വൊന്നൊരു
36 ബന്ധനമന്ദിരംതന്നിലാക്കി
37 അല്ലല്പെടുക്കുന്നതിങ്ങനെയെന്നതു
38 ചൊല്ലാവതല്ലേതും തമ്പുരാനേ!
39 ചങ്ങലപൂണ്ടെങ്ങൾ പാദങ്ങളെല്ലാമേ
40 ചെങ്ങിയരഞ്ഞങ്ങു പാതിയായി.

41 എണ്ണയാകുന്നതു കണ്ണുനീരല്ലൊതാൻ
42 തണ്ണീരാകുന്നതും കണ്ണനീരേ.
43 ഉണ്കയെന്നുളെളാരു വാർത്തയുമിന്നെല്ലാം
44 ഉണ്മയെച്ചൊല്കിൽ മറന്നുതായി.
45 ചൊല്ക്കൊണ്ടു നിന്നുള്ള നൽക്കൂറയെല്ലാമേ
46 ദിക്കുകളായ് വന്നു മിക്കവാറും
47 രക്ഷികളാകിന ശൂരന്മാരുണ്ടെങ്ങും
48 ഭക്ഷിപ്പാനായിട്ടു നിന്നപോലെ.
49 പാരിച്ചുനിന്നുളള ചൂരലുമായവർ
50 ഘോരത ചിന്തിച്ചു കാണ്കിലിപ്പോൾ

51 യാമ്യന്മാരായുളള ദൂതന്മാരെല്ലാമേ
52 സൗമ്യന്മാരെന്നങ്ങു വന്നുകൂടും.
53 ഇത്തരമോരോന്നെ സത്വരം ചൊല്കിലാം
54 വിസ്തരിച്ചെന്തു പറഞ്ഞു കാര്യം?
55 വേണുന്നതെല്ലാമേ ചൊല്ലിതായല്ലൊതാൻ
56 വേദന പൂണ്ടുളെളാരെങ്ങളിപ്പോൾ.
57 കാതരന്മാരായ ഞങ്ങളെത്തൊട്ടിനി
58 ക്കാരുണ്യമുണ്ടാവാൻ കാലമായി.
59 പാരാതെയെങ്ങളെപ്പാലിച്ചുകൊളേളണം
60 പാഥോജലോചന ! തമ്പുരാനെ !"

61 മന്നവരെല്ലാരുമിങ്ങനെ ചൊൽകയെ
62 ന്നെന്നോടു ഖിന്നരായ് ചൊല്ലിവിട്ടു.
63 ഒത്തതു ചെയ്കിനി നിത്യനായുളേളാവേ !
64 ഭക്തപരായണാ ! തമ്പുരാനേ !
65 ദൂതനായുളളവനിങ്ങനെ ചൊല്ലുമ്പോൾ
66 ദൂരവേ കാണായി വീണയുമായ്
67 നാരദനാകിന നന്മുനി വന്നതു
68 വാരിജവല്ലഭനെന്നപോലെ.
69 കാണുന്ന ലോകർതർ പാണികളായൊരു
70 പങ്കജപാളിക്കു തിങ്കളായി

71 വന്നതു കണ്ടൊരു വാരിജലോചനൻ
72 ചെന്നണഞ്ഞമ്പിനോടാദരവിൽ
73 പൊന്മയമായൊരു വിഷ്ടരം തന്മീതേ
74 സന്മതിയോടങ്ങിരുത്തിപ്പിന്നെ
75 യോഗ്യമായുളെളാരു പൂജയെച്ചെയ്തിട്ടു
76 "ഭാഗ്യവാൻ ഞാനിനി"യെന്നു ചൊന്നാൽ
77 പൂജിതനായൊരു നാരദനെന്നപ്പോൾ
78 പൂതനവൈരിതന്നോടു ചൊന്നാൻ:
79 "ധാർമ്മികനായൊരു ധർമ്മജൻചൊല്ലാൽ ഞാൻ
80 കാണ്മതിന്നായിട്ടു വന്നതിപ്പോൾ.

81 പാരാതെയുണ്ടൊരു കാരിയം വേണ്ടുന്നൂ
82 കാരിയമാകുന്നതെന്തെന്നല്ലീ?
83 യജ്ഞത്തെച്ചെയ്കയിലിച്ഛയുണ്ടേറ്റവും;
84 യജ്ഞമാകുന്നതു രാജസൂയം.
85 ദിഗ്ജയം വേണമതിനെന്നു ചിന്തിച്ചു
86 സജ്ജ്വരനായിട്ടു മേവുന്നിപ്പോൾ.
87 പാരാതെ ചെന്നതു പൂരിക്കവേണമേ
88 പോരായ്മ വാരാതവണ്ണമെന്നാൽ."
89 നാരദനിങ്ങനെ ചൊന്നതു കേട്ടൊരു
90 വാരിജലോചനൻ ചിന്തിച്ചപ്പോൾ

91 ഉദ്ധവർതമ്മോടുകൂടി നിരൂപിച്ചി
92 ട്ടുത്തമമായതുറച്ചു പിന്നെ
93 മന്നവന്മാരുടെ ദൂതനെത്തന്നെയും
94 ഖിന്നത പോക്കിയയച്ചു നേരേ.
95 നാരദൻ ചൊല്ലിന കാരിയം പൂരിപ്പാൻ
96 നാനാജനങ്ങളുമായിച്ചെമ്മേ
97 യാത്ര തുടങ്ങിനാർ വാർത്താരിൽമാതെത്തൻ
98 ഗാത്രത്തിൽ ചേർക്കുന്ന ഭാഗ്യമുളേളാൻ.
99 ധന്യങ്ങളായുളള ദേശങ്ങളോരോന്നേ
100 പിന്നിട്ടു പിന്നിട്ടു പോയിപ്പോയി.

101 പാണ്ഡവമന്ദിരംതന്നുടെ ചാരത്തു
102 പാരാതെ ചെന്നങ്ങണഞ്ഞുതായി
103 തോയജലോചനൻ വന്നതു കേട്ടപ്പോൾ
104 തോയുന്ന തോഷത്തെപ്പൂണ്ടു മേന്മേൽ
105 മംഗലപാണികളായിട്ടു ചെന്നങ്ങു
106 സംഗമിച്ചീടിനാർ പാണ്ഡവന്മാർ.
107 കല്മഷം വേരറ്റു നിർമ്മലനായിട്ടു
108 സമ്മതനായൊരു ധർമ്മജന്താൻ
109 കൊണ്ടൽനേർവർണ്ണനെക്കണ്ടൊരു നേരത്തു
110 മണ്ടിയണഞ്ഞു പിടിച്ചു പൂണ്ടാൻ.

111 ഉണ്ടായ മോദത്താൽ തൊണ്ടയും കമ്പിച്ചു
112 മിണ്ടുവാൻ വല്ലാതെ നിന്നാനൊട്ടേ.
113 ഭീമൻതുടങ്ങിന സോദരന്മാരുമ
114 ങ്ങാമോദംപൂണ്ടു പിടിച്ചു പൂണ്ടാർ.
115 പിന്നെയങ്ങെല്ലാരുമൊന്നിച്ചു നിന്നിട്ടു
116 ധന്യമാം മന്ദിരം പൂകുംനേരം
117 കാർവർണ്ണന്തന്നുടെ കാന്തിയെക്കാണ്മാനായ്
118 കാമിച്ചുനിന്നുളള കാമിനിമാർ
119 ചാലകംപൂണ്ടുളള മാടങ്ങൾതന്മീതേ
120 ചാലച്ചെന്നെല്ലാരും നിന്നു നന്നായ്

121 കണ്ണുകളുണ്ടായ കാരിയം പാരാതെ
122 പുണ്യങ്ങൾ പൂണ്ടു ലഭിച്ചാരപ്പോൾ.
123 ധർമ്മജന്തന്നുടെ സമ്മാനം പൂണ്ടുളെളാ
124 രംബുജലോചനനെന്ന നേരം
125 പങ്കജം വെല്ലുന്ന പാദങ്ങൾകൊണ്ടങ്ങും
126 മംഗലംചെയ്താനമ്മന്ദിരത്തിൽ.
127 ഒട്ടുനാളിങ്ങനെ തുഷ്ടിയും പൂണ്ടുനി
128 ന്നിഷ്ടരുമായി വസിക്കുംകാലം
129 പാണ്ഡവവീരനാം പാർത്ഥനും താനുമായ്
130 ഖാണ്ഡവമാകിന കാനനത്തിൽ

131 പോയങ്ങു പൂകിനാൻ തോയജലോചനൻ
132 നായാട്ടുലീലയെക്കോലുവാനായ്.
133 കാനനം പൂകിന കാർമുകിൽവർണ്ണന്താൻ
134 യാനം കൊണ്ടുണ്ടായ ദീനം പോവാൻ
135 സത്സംഗിയായ ധനഞ്ജയന്തന്നുടെ
136 ഉത്സംഗംതന്നിൽവച്ചുത്തമാംഗം
137 മുദ്രിതലോചനനായിക്കിടന്നിട്ടു
138 നിദ്രയെപ്പൂണ്ടു തുടങ്ങുംനേരം
139 കാനനംതന്നെദ്ദഹിപ്പതിന്നായിട്ടു
140 കാംക്ഷ മുഴുത്തൊരു വഹ്നിയപ്പോൾ

141 വീരനായുളള ധനഞ്ജയന്തന്നോടു
142 വിപ്രനായ് ചെന്നു പറഞ്ഞാൽ മെല്ലെ;
143 "ക്ഷുത്തുകൊണ്ടേറ്റവും ദീനനാകുന്നു ഞാൻ
144 ക്ഷുത്തിനെത്തീർപ്പോരെക്കണ്ടില്ലെങ്ങും.
145 ഭക്ഷണം തന്നുനിന്നിക്ഷണമെന്നുടെ
146 കുക്ഷിയെപ്പൂരിച്ചു രക്ഷിക്കണം."
147 പാവകനിങ്ങനെ ചൊന്നതു കേട്ടൊരു
148 പാണ്ഡവീരനും ചൊന്നാനപ്പോൾ:
149 "സജ്ജനപൂജയെച്ചെയ്വതിനായല്ലൊ
150 സജ്ജനായുളളു ഞാൻ പണ്ടുപണ്ടേ.

151 ഇച്ഛയെച്ചൊല്ലിനാലിപ്പൊഴെ നല്കവ
152 നച്യുതന്തന്നുടെ പാദത്താണ."
153 തങ്ങളിലിങ്ങനെ ചൊന്നൊരു നേരത്തു
154 പങ്കജനാഭനുണർന്നു നന്നായ്
155 സാരാനായുളെളാരു പാർത്ഥൻെറ ചൊൽ കേട്ടി
156 ട്ടാരണനല്ലിവൻ വഹ്നിയെന്നാൻ.
157 വഹ്നിയെന്നിങ്ങനെ കേട്ടൊരു പാർത്ഥനും
158 വന്ദിച്ചുനിന്നു പറഞ്ഞപ്പോൾ:
159 "ഭാഗ്യവാനെങ്കിൽ ഞാൻ നിന്നുടെ വാഞ്ഛിതം
160 മാർഗ്ഗമായ് നല്കുന്നുതുണ്ടു ചൊന്നാൽ.

161 ഇന്നതു വേണമെന്നുളളതു ചൊല്ലേണം"
162 എന്നതു കേട്ടൊരു വഹ്നി ചൊന്നാൻ:
163 "വാനവർകോനുടെ കാപ്പായിനിന്നൊന്നി
164 ക്കാനനമെന്നതോ കേൾപ്പുണ്ടല്ലൊ.
165 എന്നതുകൊണ്ടു ഞാൻ കണ്ടു കൊതിക്കുന്നൂ
166 തിന്നിതു നല്കുകിൽ നന്നായിതും."
167 എന്നതു കേട്ടൊരു പാർത്ഥനും ചൊല്ലിനാൻ
168 നന്ദജന്തന്മുഖം നോക്കിയപ്പോൾ
169 പാവകന്തന്നോടു "നിന്നുടെ വാഞ്ഛിതം
170 പാരാതെ പൂരിക്ക"യെന്നിങ്ങനെ.

171 പാവകന്താനതു കേട്ടൊരു നേരത്തു
172 പാരിച്ചുനിന്നാരു മോദത്താലേ
173 കാനനംതന്നെദ്ദഹിച്ചുതുടങ്ങിനാൻ
174 വാനവർകോനെയും പേടിയാതെ.
175 പൊട്ടിപ്പൊരിഞ്ഞുളെളാരൊച്ചകൊണ്ടേറ്റവും
176 ഞെട്ടിച്ചുനിന്നുടനാശയെല്ലാം.
177 ഭീമങ്ങളായുളള ധൂമങ്ങളന്നേരം
178 വ്യോമത്തിലെങ്ങുമേ പൊങ്ങിനിന്നു
179 നാകത്തിൽച്ചെന്നങ്ങു വാസവന്തന്നോടു
180 വേഗത്തിൽ ചൊല്ലുവാനെന്നപോലെ.

181 ഘോരങ്ങളായുളള സിംഹങ്ങളെല്ലാമെ
182 പാരം കരഞ്ഞുതുടങ്ങീതപ്പോൾ
183 വാനിലിരുന്നൊരു വാസവന്തന്നെയി
184 ക്കാനനം നിന്നു വിളിക്കുംപോലെ.
185 ചൂടേറ്റു നിന്നുളെളാരേണങ്ങളെല്ലാമേ
186 ചാടിത്തുടങ്ങീതു നാലുപാടും
187 ദേഹത്തെക്കൈവിട്ടു പോക്കുന്ന വായുക്കൾ
188 ദേഹത്തിന്നുളളിൽനിന്നെന്നപോലെ.
189 ഭീതങ്ങളായുളള മാതംഗയൂഥങ്ങൾ
190 സിംഹങ്ങൾ നിന്നേടം ചെന്നണഞ്ഞു.

191 സാമാന്യനായൊരു വൈരി വരുംനേരം
192 വാമന്മാർ തങ്ങളിൽ ചേർന്നു ഞായം.
193 വേകുന്ന ദാരുവെക്കൈവിട്ടു മറ്റൊന്നിൽ
194 വേഗത്തിൽച്ചാടീതു വാനരങ്ങൾ
195 അറ്റൊരു ദേഹത്തെക്കൈവിട്ടു ദേഹിതാൻ
196 മറ്റൊരു ദേഹത്തിൽ ചാടുമ്പോലെ.
197 മാഴ്കിനിന്നീടുന്ന സൂകരയൂഥങ്ങൾ
198 പോകരുതാഞ്ഞു മടങ്ങിപ്പിന്നേ
199 പാവകന്തന്നോടുകൂടിതായെല്ലാമേ
200 ഭാവനചെയ്കയാലെന്നപോലെ

201 ഓടിവരുന്നൊരു വന്തീയെക്കണ്ടിട്ടു
202 പേടിച്ചു പായുന്ന വമ്പുലികൾ
203 തങ്ങളെക്കണ്ടുളള ഗോക്കൾതൻ വേദന
204 യിങ്ങനെയെന്നതറിഞ്ഞുതപ്പോൾ.
205 ചൂഴുറ്റു വന്നൊരു പാവകന്തന്നുടെ
206 ചൂടുറ്റുനിന്നു കരഞ്ഞു മേന്മേൽ
207 ചാട്ടം തുടങ്ങിന കാട്ടുമൃഗങ്ങൾക്കു
208 കൂട്ടരേയൊന്നുമേ വേണ്ടീലപ്പോൾ
209 അന്ത്യത്തിലങ്ങു വനസ്ഥരായുളേളാർക്കു
210 ബന്ധുവിരാഗമോ ചേരുമല്ലൊ

211 ദർപ്പം കലർന്നുളള സർപ്പങ്ങളെല്ലാം തൻ
212 മസ്തകം ചാലപ്പരത്തിനിന്നു.
213 വേവുറ്റു മേവുമക്കാനനം കൈകൊണ്ടു
214 പാവകന്തന്നെ വിലക്കുംപോലെ
215 വ്യഗ്രങ്ങളായുള്ള കേകികൾ പീലിത
216 ന്നഗ്രങ്ങൾ ചൂഴും നിറന്നുതപ്പോൾ
217 വാനവർനായകൻ വാരാഞ്ഞതെന്തെന്നു
218 കാനനം നോക്കുന്നുതെന്നപോലെ.
219 കോകിലനാദമോ കേഴുന്ന നേരത്തും
220 കോമളമായിട്ടേ വന്നുതത്രേ.

221 മാധുര്യമാണ്ടവർ ചാകുന്നനേരത്തും
222 ചാതുര്യം കൈവിടായെന്നുവന്നു.
223 വേവുറ്റുനിന്നുളള വേതണ്ഡയൂഥമ
224 പ്പാവകന്തന്നിലേ മുങ്ങുംനേരം
225 പൊങ്ങിനിന്നീടുന്ന തുമ്പിക്കരങ്ങളേ
226 യെങ്ങുമേ കാണാനായി നീളെയപ്പോൾ
227 ആരഭ്യമായൊരു ബാണഗൃഹത്തിൻറെ
228 വാരുറ്റ തൂണുകളെന്നപോലെ.
229 പുഷ്ടനായുളെളാരു പാവകനിങ്ങനെ
230 തുഷ്ടനായ് നിന്നു കളിക്കുംനേരം

231 കാട്ടിലേ നിന്നുളള ജീവങ്ങൾക്കെല്ലാമെ
232 കോട്ടനാളന്നു മുടിഞ്ഞുകൂടി.
233 പാണ്ഡവവീരൻെറ വമ്പിനാലിങ്ങനെ
234 ഖാണ്ഡവകാനനം വേകുംനേരം.
235 അക്ഷതനായൊരു തക്ഷകന്തന്നുടെ
236 രക്ഷകനായ പുരന്ദരന്താൻ
237 മെല്ലവേ കേട്ടുനിന്നുളളിലറിഞ്ഞിട്ടു
238 തളളിയെഴുന്നൊരു കോപത്താലേ
239 വാരിദജാലങ്ങളോടു കലർന്നുടൻ
240 മാരിയെപ്പെയ്യിച്ചു പോന്നുവന്നാൻ.

241 ദീനത കൈവിട്ടു ദൂരത്തുനിന്നൊരു
242 കാനനം തന്നിലോ പാവകന്താൻ,
243 വെന്തതു കാണ്ക പുരന്ദരമാനസം
244 ചിന്തിച്ചു കാകിൽ വിചിത്രമത്രെ.
245 സ്ഫീതമായുളെളാരു വൃഷ്ടിയെക്കണ്ടിട്ടു
246 ഭീതനായ് ചൊല്ലിനാർ വീതിഹോത്രൻ:
247 "കഷ്ടമായ് വന്നതേ വൃഷ്ടിയെക്കണ്ടാലും
248 നഷ്ടമായ്പോകുന്നതുണ്ടു ഞാനോ."
249 എന്നതു കേട്ടൊരു പാണ്ഡവവീരന്താൻ
250 ഏതുമേ പേടിയായ്കെന്നു ചൊല്ലി

251 ഉമ്പർകോന്തന്നുടെ വമ്പിനെപ്പോക്കുവാൻ
252 അമ്പുകൾകൊണ്ടു ഗൃഹം ചമച്ചാൻ
253 പാരിച്ചു പെയ്യുന്ന മാരിതാനേതുമെ
254 ചോരാതവണ്ണമടച്ചു നന്നായ്.
255 എന്നതു കണ്ടു പിണങ്ങിനാമ്പിന്നെയ
256 ന്നിന്നൊരു മന്നവന്തന്നോടപ്പോൾ.
257 വാനവർനാഥനക്കാനനംതന്നുടെ
258 പാലനം വല്ലീലയൊന്നു കൊണ്ടും.
259 ദർപ്പിതരായുളള ദാനവന്മാരുടെ
260 ശില്പിയായുളള മയന്താനപ്പോൾ

261 പാവകന്തന്നിൽ പതിച്ചൊരു നേരത്തു
262 പാലിച്ചുകൊണ്ടാനവ്വാസവിതാൻ.
263 പാലിച്ചുകൊണ്ടതുമൂലമായങ്ങവൻ
264 നീലക്കാർവർണ്ണന്തൻ ചൊല്ലിനാലെ
265 വൈരികളായോർക്കു ഭൂതലമെല്ലാമേ
266 വാരിയെന്നിങ്ങനെ തോന്നുംവണ്ണം
267 ആശ്ചര്യമായുളെളാരാസ്ഥാനമന്ദിരം
268 കാഴ്ചയായ് നല്കിനാൻ ധർമ്മജന്നും.
269 ചിന്തിച്ചതെല്ലാമേ ബന്ധിച്ചുനിന്നിട്ടു
270 സന്തുഷ്ടനായൊരു വഹ്നി പിന്നെ

271 പാണ്ഡരമായുളള വാജികൾതന്നെയും
272 ഗാണ്ഡീവമാകുന്ന ചാപത്തെയും
273 ശൗണ്ഡതതന്നാലെ ഖാണ്ഡവം നല്കിന
274 പാണ്ഡവനായിക്കൊടുത്താനപ്പോൾ.
275 പാവകൻ നല്കുമപ്രാഭൃതംതന്നെയും
276 പാരാതെ വാങ്ങുമപ്പാർത്ഥനപ്പോൾ
277 സുന്ദരമായൊരു നന്ദജമ്പിന്നാലെ
278 മന്ദിരംതന്നിലകത്തു പൂക്കാൻ.