കലാകേളി/സൗഹാർദ്ദഗാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സൌഹൃദത്തിന്റെ സൌരഭത്തിനാൽ
സൌഭഗാർദ്രമാണിദ്ദിനം!-
കർമ്മശുദ്ധിതൻ കമ്രകാന്തിയാൽ
നന്മ പൂണ്മതാണിദ്ദിനം!-
ഭാവശാന്തതയാലടിമുടി
പൂവണിഞ്ഞതാണിദ്ദിനം!-
പ്രാണഹർഷങ്ങൾ വാരിവീശുന്ന
വേണുഗാനമാണിദ്ദിനം!-
ഒത്തുചേർന്നിന്നു വാഴ്ത്തുക നമ്മ-
ളിദ്ദിനത്തെസ്സഹജരേ!

ഇന്നുതൊട്ടിനിയില്ല നമ്മളിൽ
ഭിന്നവർഗ്ഗീയ ചിന്തകൾ;
ഇല്ല ജാതിമതാദിഭേദങ്ങ-
ളില്ലനാചാരനിഷ്ഠകൾ!
അന്തമില്ലാത്ത കർമ്മരാശിയും
ചിന്തകളും മൊഴികളും
സർവ്വവുമൈക്യസൌഹൃദോജ്ജ്വലം
സർവവുമാദർശകോമളം!
സേവനം, ദീനസേവനം, നമ്മൾ
മേവും ശാന്തിനികേതനം!
മോഹനോൽക്കർഷദീപം മിന്നിപ്പൂ
സ്നേഹധാരപകർന്നു നാം!
ഞങ്ങളോടൊത്തു വന്നുചേരുവിൻ
നിങ്ങളോമൽ സഹജരേ!

വിശ്വഗഹത്തിൽ പൂത്തുനിൽക്കുന്ന
വിശ്വാസത്തിൻ തണൽച്ചോട്ടിൽ
തോഴരേ, നിങ്ങൾ പോരുവി,നെന്നും
തോളുരുമ്മിയിരിക്കുവാൻ!
ഇസ്സുദിനമഹോത്സവങ്ങളിൽ
സസ്പൃഹം പങ്കുകൊള്ളുവാൻ
ഞങ്ങളോടൊത്തു വന്നുചേരുവിൻ
നിങ്ങളോമൽ സഖാക്കളേ! .....

"https://ml.wikisource.org/w/index.php?title=കലാകേളി/സൗഹാർദ്ദഗാനം&oldid=36143" എന്ന താളിൽനിന്ന് ശേഖരിച്ചത്