ഓണപ്പൂക്കൾ/വൃത്തം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നല്ല കാലമന്നർപ്പണം ചെയ്തതെ-
ന്താനന്ദരംഗങ്ങളായിരുന്നൂ, സഖി!
മാരിവിൽ മാതിരി പെട്ടെന്നവയൊക്കെ
മായുമെന്നാരറിഞ്ഞിരുന്നു, സതി!
കഷ്ടം, ജലാർദ്രമായ്ത്തീരുന്നു കൺകളാ-
നഷ്ടോത്സവത്തിൻ സ്മൃതികളിലിപ്പൊഴും!

ആവർത്തനത്തിനുമാവാതെ കാലമാ-
മാവർത്ത, മയ്യോ, വിഴുങ്ങുന്നു സർവ്വവും!
മാറിമറയുമവയെ നാം നിഷ്ഫലം
മാടിവിളിപ്പൂ മമതയാൽപ്പിന്നെയും.
എത്തായ്കി, ലെല്ലാം നശിച്ചുപോയെന്നോർത്തു
ചിത്തം തകർന്നുടൻ കണ്ണീർ പൊഴിപ്പു നാം.
വസ്തുസ്ഥിതികൾതന്നാന്തരയാഥാർത്ഥ്യ-
മെത്തിപ്പിടിയ്ക്കാൻ ശ്രമിയ്ക്കായ്കകാരണം,
എപ്പൊഴും ദു:ഖത്തിനല്ലാതെ മാർഗ്ഗമി-
ല്ലിപ്പാരിലെന്നോർത്തടിയുന്നിതല്ലിൽ നാം!

ഒന്നിനൊന്നായൊക്കെ മാഞ്ഞുപോ, മെങ്കിലു-
മൊന്നും ജഗത്തിൽ നശിയ്ക്കില്ലൊരിയ്ക്കലും.
ഹാ, പരിണാമവിധിയ്ക്കു വിധേയമായ്
രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ,
എന്തുണ്ടുലകിൽ നശിപ്പതെന്നേയ്ക്കുമാ-
യെന്തിനു പിന്നെപ്പരിതപിയ്ക്കുന്നു നാം?
കാലസ്രവന്തിതൻ ദുർവ്വാരകല്ലോല-
മാലയിൽത്തങ്ങിത്തളർന്നലഞ്ഞങ്ങനെ,
പ്രജ്ഞയ്ക്കിരുട്ടെന്നു തോന്നുന്നതാകുമൊ-
രജ്ഞാതരംഗത്തിലെത്തുന്നതെന്നിയേ,
എന്തുണ്ടു നഷ്ടപ്പെടുന്നതെന്നേയ്ക്കുമാ,-
യെന്തിനു പിന്നെപ്പരിഭ്രമിക്കുന്നു നാം?

ജീവിതവ്യാസം പുരുങ്ങിച്ചുരുങ്ങി, യ-
ക്കേവലത്വത്തിന്റെ കേന്ദ്രത്തിലെത്തുവാൻ,
കർമ്മമല്ലാതില്ല മാർഗ്ഗ, മിന്നാകയാൽ-
ക്കർമ്മത്തെയാദ്യം പവിത്രീകരിയ്ക്ക നാം.
മൃൺമയമാകുമിക്കോവിലിൽ, ഭക്തിയാർ-
ന്നുൺമയിൽച്ചിന്മയ്ദ്ധ്യാനനിർല്ലീനയായ്,
ആവസിപ്പൂ ജീവയോഗിനി, വെൺമല-
രാവട്ടെ കർമ്മങ്ങ, ളർച്ചനയ്ക്കെപ്പൊഴും;
എങ്കിൽ, ക്ഷണപ്രഭാചഞ്ചലസ്വപ്നങ്ങൾ
സങ്കടമേകുകി, ല്ലാശ്വസിയ്ക്കൂ, സഖി!
ജന്മാന്തരങ്ങളിൽപ്പണ്ടുമിതുവിധം
നമ്മളൊരുമിച്ചിരുന്നൊരാ വേളയിൽ,
അന്നു നാം കണ്ടൊരപ്പൊന്നിൻ കിനാക്കള-
ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞൂ, സതി!
ഇന്നവമാഞ്ഞുമറഞ്ഞതുകണ്ടിട്ടു
ഖിന്നയാകായ്കവ, വന്നിടും പിന്നെയും!
വർത്തമാനം ഭൂതമായ് സ്വയം മാറുന്നു
വർത്തമാനത്തിലണയുന്നു ഭാവിയും.
ഭൂതങ്ങൾ ഭാവിയായ് മാറുന്നി, താബ്ഭാവി
ഭൂതമായ്ത്തീരുന്നു വർത്തമാനംവഴി
വൃത്തമാണേവം സമസ്തവും;-പോയവ
യെത്തും, മറഞ്ഞുപോം നിൽപവയൊക്കെയും!

രാവും പകലും, യഥാർത്ഥത്തി, ലൊന്നുപോ-
ലാവശ്യമാണിജ്ജഗത്തിനെന്നോർക്ക നീ.
വേണമിരുട്ടും വെളിച്ചവും-ജീവിത-
മാണെങ്കിൽ, വേണം ചിരിയും കരച്ചിലും!
ഇല്ല നിയതീയ്ക്കു പക്ഷപാതം, പാഴി-
ലല്ലൽപ്പെടുന്നതെന്തി, ന്നാശ്വസിയ്ക്കു നീ!
നീ വിശ്വസിയ്ക്കൂ നിയതിയിൽ-നിശ്ചയം
നീറും ഹൃദയം ചിരിയ്ക്കുമെങ്കിലും! ...
                        4-10-1119

       11

വിവിധനവവിഭവശതസമ്പന്നമല്ല, മൽ-
ക്കവനമയസാഹിതീപാദപൂജോത്സവം.
കരൾകവരുമതിരുചിരരത്നമൊന്നെങ്കിലും
കരതളിരിലില്ല മേ കാഴ്ചവെച്ചീടുവാൻ.
നവലളിതസുമതതിയുമില്ലെനി, യ്ക്കംബികേ,
ഭവതിയുടെ കണ്ഠത്തിൽ മാല ചാർത്തീടുവാൻ-
ഒരു ചെറിയ കൂപ്പുകൈമൊട്ടുനായ്, ലജ്ജിച്ചു!
പുറകി, ലൊരു മുക്കിൽ, പ്പതുങ്ങി നിൽക്കുന്നു ഞാൻ!
                        12-3-1114

       12

മൃദുലതന്ത്രികൾ മുറുകെ മീട്ടി, യെൻ
ഹൃദയവല്ലകി ശിഥിലമായ്!
                        1-10-1932

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/വൃത്തം&oldid=36122" എന്ന താളിൽനിന്ന് ശേഖരിച്ചത്