ഓണപ്പൂക്കൾ/ദേവത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

രുപക്ഷേ, കാലത്തിൻകൽപനയാ-
ലിരുവർ നാമന്യോന്യം വേർപിരിഞ്ഞാൽ,
ശിഥിലമായ്ത്തീരില്ലേ, ശാലിനി, നാം
ശിരസാ നമിക്കുമീയാത്മബന്ധം?

അനഘമെൻ മുജ്ജന്മപുണ്യ്പൂരം
അനുഭവാകാരമെടുത്തപോലെ;
മുകുളിതം മാമകഭാഗധേയം
മുഴുവനുമൊന്നായ് വിടർന്നപോലെ;
അഴകിനെപ്പുൽക്കുമെൻ പൊൽകിനാക്ക-
ളടിമുടി പൂത്തുതളിർത്തപോലെ;
അമൃതസാന്ദ്രാമലാർദ്രാംശുവായി-
ട്ടവതരിച്ചെത്തി നീയപ്സരസ്സേ!

പലപല ജന്മങ്ങൾക്കപ്പുറംതൊ-
ട്ടുലകിൽ നീയെൻ പ്രാണനായിരുന്നു.
ഇതുവരേയ്ക്കെന്തിനായ്പ്പിന്നെ, യേവം
ഇരുളിൽ നീയൊറ്റയ്ക്കൊളിഞ്ഞുനിന്നു?
വിദലിതാർദ്രാശയരായി വീണ്ടും
വിധിവശാൽ നാമിദം കൂട്ടിമുട്ടി!

വിജനതയിങ്ക, ലെന്വിശ്രമങ്ങൾ
വിരചിപ്പു നിൻ ചിത്രവിഭ്രമങ്ങൾ
വിവശമെൻ ചിജ്ത്തിനസ്സുഖങ്ങൾ
വികസിതശ്രീമയ വിസ്മയങ്ങൾ!
നിനവിന്റെ നീലനികുഞ്ജത്തിൽ
നിറനിലാവായി നീയാഗമിയ്ക്കേ,
ചിതമോടുയർന്നും, തളർന്നടിഞ്ഞും
ചിറകടിയ്ക്കുന്നിതെൻ ചിത്തഭൃംഗം!
മഹിതമയൂഖമതല്ലികേ, നീ
മലരണിയിപ്പു, ഹാ, മന്മനസ്സിൽ!
മദകലിതോജ്ജ്വലമാകുമേതോ
മധുരപ്രതീക്ഷയിൽ മഗ്നമായി,
തളരുമെൻ ചേതന മാറിമാറി-
ത്തഴുകുന്നു തങ്കക്കിനാവുകളെ!

ഒരുപക്ഷേ, സർവ്വവും മിത്ഥ്യയാകാം;
ഇരുളിൽഞാൻ വീണ്ടുമടിഞ്ഞുചേരാം;
സവിധത്തിലെത്തുമിസ്വപ്നമെല്ലാം
സലിലരേഖോപമം മാഞ്ഞുപോകാം;
മൃതഭാഗ്യദർശനലോലനായ് ഞാൻ
സ്മൃതികളെ മേലിൽച്ചെന്നാശ്രയിയ്ക്കാം;
പരിഭവമില്ലെനിയ്ക്കെങ്കിലും, ഞാൻ
പരിതൃപ്തന്തന്നെയാണെന്തുകൊണ്ടും!

അനഘേ, നിൻ നിത്യസ്മരണയിലെ-
ന്നകളങ്കസ്നേഹം പ്രതിഫലിയ്ക്കിൽ,
ഇനിയൊരുനാളും ഹതാശനാവാ-
നിടയാവുകില്ലെനിയ്ക്കൊമലാളേ!
വിടതരൂദേവി, നിൻ മുന്നിൽ നിത്യം
വികസിച്ചു നിൽക്കട്റ്റെ മംഗളങ്ങൾ
അനുപമസൌഭാഗ്യശൃംഗകത്തി-
ലതിരൂഢയായ്, നീ ലസിയ്ക്ക നീണാൾ!
                        2-6-1119
       4

ഷ്ടം, മനോഹരി, നാമോർത്തിരിക്കാതെ
വിട്ടുപോയല്ലോ വസന്തവും പൂക്കളും!
ശങ്കിച്ചതെയി, ല്ലൊടുങ്ങുമൊരിയ്ക്കല-
സ്സങ്കൽപസാന്ദ്രമാം നിർവൃതിയെന്നു നാം.
കൃത്യശതങ്ങളെ നീന്തിനീന്തിക്കട-
ന്നെത്രദൂരത്തു നാം വന്നുചേർന്നൂ, സഖീ!
സ്വപ്നങ്ങൾകൊണ്ടു നാം രണ്ടുപേരും സ്വയം
സ്വർഗ്ഗം രചിക്കുവാൻ മത്സരിച്ചില്ലയോ?
ഇന്നതിൻ ജീർണ്ണിച്ചൊരസ്ഥിമാടം പോലു-
മൊന്നു കാണാൻ നമുക്കൊത്തെങ്കി, ലോമനേ!
                        6-11-1119
       5

സ്വപ്നമല്ലിതു പോരികിങ്ങോട്ടി-
സ്വർഗ്ഗദീപ്തിയിൽ മുങ്ങി നീ!
അത്രമാത്രം വിജനമാണിന്നെൻ-
ചിത്തകുഞ്ജമിതോമനേ!
നിന്നുദയത്താൽ വേണമിന്നിതു
പൊന്നലരുകൾ ചൂടുവാൻ!
മുഗ്ദ്ധചിന്തയാൽ നിന്നെയിന്നൊരു
മുത്തുമാല ഞാൻ ചാർത്തുവൻ!
                        12-7-1110

       6

നിർമ്മലപ്രേമമേ, നിന്നടുത്തെത്തവേ
നിന്നെയുമെന്നെയും കാണുന്നതില്ല ഞാൻ!
                        18-11-1111

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/ദേവത&oldid=36118" എന്ന താളിൽനിന്ന് ശേഖരിച്ചത്