ഐതിഹ്യമാല/ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ശബരിമലശ്ശാസ്താവും പന്തളത്തു രാജാവും


ണ്ടൊരു കാലത്തു പാണ്ഡ്യരാജകുടുംബക്കാർ രണ്ടായിപ്പിരിഞ്ഞ് ഒരു കൂട്ടക്കാർ വള്ളിയൂരും മറ്റവർ മധുരയിലും താമസിച്ചിരുന്നു. മധുരയിൽ താമസിച്ചിരുന്ന ശാഖയിലെ വലിയ രാജാവ് ഒരു ദിവസം നായാട്ടിനായി വനപ്രദേശത്തു ചെന്നപ്പോൾ അവിടെയൊരു യുവാവു വേട്ടയാടി വിനോദിച്ചു നടക്കുന്നതായി കണ്ടു. വില്ലുമമ്പും ധരിച്ചു നടന്നിരുന്ന ആ യുവാവ് കാഴ്ചയിൽ അതിമനോഹരനും ശരപ്രയോഗത്തിൽ അത്യന്തം സമർത്ഥനുമായിരുന്നു. ആയുധങ്ങൾ പ്രയോഗിച്ചു ദുഷ്ടമൃഗങ്ങളെ നിഗ്രഹിക്കുന്നതിന് അദ്ദേഹത്തിനുണ്ടായ പാടവം കണ്ടു വിസ്മയവിഹ്വലനായിത്തീർന്ന രാജാവ് ആ യുവാവിനെ അടുക്കൽ വിളിച്ച് ദേശം, നാമം മുതലായവയെല്ലാം ചോദിച്ചു. അതിനുത്തരമായി ആ യുവാവ്, "എനിക്ക് പ്രത്യേകമായി ഒരു ദേശവുമില്ല ലോകമെലാം എന്റെ ദേശം തന്നെ. എന്റെ പേരു സാധാരണയായി ജനങ്ങൾ പറഞ്ഞുവരുന്നത് "അയപ്പൻ" എന്നാണ്. എന്റെ അച്ഛൻ ഒരു മലയാളിയാണ്. അതുകൊണ്ട് ഞാനും ഒരു മലയാളിതന്നെ. എനിക്കു സാമാന്യംപോലെ മാതാപിതാക്കന്മാർ ഇല്ലെന്നുതന്നെ പറയാം. സാക്ഷാൽ മഹാമായ അമ്മയും ലോകൈകനാഥനായിരിക്കുന്ന ഈശ്വരൻ അച്ഛനും എന്നു വിചാരിച്ചു ഞാനിങ്ങനെ നടക്കുന്നു എന്നു മാത്രമേയുള്ളൂ. ഇത്രയുമൊക്കെയല്ലാതെ ഇതിലധികമായി എന്നെക്കുറിച്ചൊന്നും അറിയിക്കാനില്ല" എന്നു പറഞ്ഞു. ഇതു കേട്ട് രാജാവ്, "ഇവൻ നാടും വീടും ഇല്ലാത്ത ഒരഗതിയാണെങ്കിലും ആയുധാഭ്യാസത്തിൽ അതിസമർത്ഥനാണ്. അതുകൊണ്ട് ഇവനെ കൂടെ കൊണ്ടുപോയി നമ്മുടെ സൈന്യത്തിൽ ചേർക്കണം" എന്നു വിചാരിച്ചു കൊണ്ട്, "എന്നാൽ നിനക്ക് എന്റെ കൂടെ വന്നു നമ്മുടെ അടുക്കൽ താമസിക്കാമോ?" എന്നു ചോദിച്ചു. "ഓഹോ, യാതൊരു വിരോധവുമില്ല" എന്നു യുവാവു സമ്മതിച്ചു പറയുകയാൽ രാജാവ് ആ യുവാവിനെ കൂടെക്കൊണ്ടുപോയി തന്റെ സൈനികനാക്കിത്താമസിപ്പിച്ചു.

അക്കാലത്തു ശത്രുക്കളുടെ ആകമണവും യുദ്ധവും സകലരാജ്യങ്ങളിലും കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരിക്കുക സാധാരണമായിരുന്നതിനാൽ ആ ഉപദ്രവം പാണ്ഡ്യരാജാവും അനുഭവിച്ചുകൊണ്ടുതന്നെയാണിരുന്നത്. അങ്ങനെ യുദ്ധമുണ്ടാകുന്ന കാലങ്ങളിൽ ചെന്നു നേരിട്ടു യുദ്ധം ചെയ്തു ശത്രുക്കളെ ജയിച്ചുവരുന്നതിന് ഈ പുതിയ സൈനികന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അദ്ദേഹത്തെ സഹായിക്കാൻ മറ്റാരും കൂടെ ചെല്ലണമെന്നുതന്നെ ഉണ്ടായിരുന്നില്ല. ശത്രുക്കൾക്കു സൈന്യബലവും പരാക്രമവും എത്രമാത്രമുണ്ടായിരുന്നാലും ഈ അയ്യപ്പൻ തനിച്ചുപോയി യുദ്ധംചെയ്തു ജയിച്ചുവരിക പതിവായി. അതിനാൽ പാണ്ഡ്യരാജാവു സന്തോ‌ഷിച്ച് അയ്യപ്പനെ തന്റെ സേനാനായകനാക്കി. അയ്യപ്പൻ പാണ്ഡ്യ രാജ്യത്തു സ്ഥിരതാമസമായപ്പോൾ അദ്ദേഹത്തെ ഭയപ്പെട്ടു ശത്രുക്കൾ ആ രാജ്യത്തെ ആക്രമിക്കാതെയായി. അതിനാൽ പാണ്ഡ്യരാജാവിന്റെ മനസ്സിൽ സ്വാസ്ഥ്യവും അയ്യപ്പനെക്കുറിച്ചുള്ള സന്തോ‌ഷബഹുമാനങ്ങളും സീമാതീതമായി വർദ്ധിച്ചു എന്നു മാത്രമല്ല, രാജാവിനു പഴയ സൈനികന്മാരോടും മറ്റുമുണ്ടായിരുന്ന സന്തോ‌ഷാദരങ്ങൾ വളരെ കുറയുകയും ചെയ്തു. അതിനാൽ അവിടെയുണ്ടായിരുന്ന പഴയ സൈനികന്മാർക്ക് അയപ്പനെക്കുറിച്ച് സാമാന്യത്തിലധികം അസൂയ ഉണ്ടായിത്തീർന്നു. ഏതുവിധവും ഈ അയ്യപ്പനെ തുലയ്ക്കണമെന്ന് അവരെലാവരും കൂടി ആലോചിച്ചു നിശ്ചയിച്ചു. പിന്നെ അതിനെന്താണ് വേണ്ടതെന്ന് അവരെല്ലാവരുംകൂടി ആലോചിക്കുകയും ഒരു കശൗലം കണ്ടുപിടിക്കുകയും ചെയ്തു.

അനന്തരം അവരെല്ലാവരുംകൂടി ഗൂടന്മമായി ചെന്നു രാജാവിന്റെ ഭാര്യയെ ചില തിരുമുൽക്കാഴ്ചകൾ വെച്ചു സങ്കടമറിയിച്ചു. "അല്ലയോ പൊന്നുതമ്പുരാട്ടീ! ഇവിടെ വലിയ തമ്പുരാൻ തിരുമനസ്സിലെ അടുക്കൽ സേവകനായി ഒരു മലയാളി വന്നുചേർന്നതിൽപ്പിന്നെ തിരുമനസ്സിലേക്ക് അടിയങ്ങളെക്കുറിച്ചുണ്ടായിരുന്ന വാത്സല്യവും കരുണയും നിശ്ശേ‌ഷം നശിച്ചിരിക്കുന്നു. അടിയങ്ങളെ ഒരു കാര്യത്തിനും ഇപ്പോൾ കല്പിച്ചു വിളിക്കാറില്ലെന്നല്ല, അടിയങ്ങൾ തിരുമുമ്പിൽ ചെല്ലുന്നതുതന്നെ അവിടേക്കിപ്പോൾ രസമല്ലാതെയാണു തീർന്നിരിക്കുന്നത്. ഈ സ്ഥിതിയിൽ ഇവിടെത്താമസിക്കുന്ന കാര്യം അടിയങ്ങൾക്കു വലിയ സങ്കടമാണ്. ഈ പുതിയ മലയാളിയുടെ ഏഷലണി നിമിത്തമാണ് തിരുമനസ്സിലേക്ക് അടിയങ്ങളിൽ കൃപയില്ലാതെയായത്. ഇതിലേക്ക് അവിടുന്ന് എന്തെങ്കിലും ഒരു സമാധാനമുണ്ടാക്കി അടിയങ്ങളെ രക്ഷിക്കണം. ഗുണവതിയും കരുണാനിധിയുമായിരുന്ന ഇവിടുന്നല്ലാതെ അടിയങ്ങൾക്കു മറ്റൊരു ശരണവുമില്ല. ഇവിടുന്നും അടിയങ്ങളെ ഉപേക്ഷിക്കുകയാണെങ്കിൽ അടിയങ്ങൾ ഈ നാടുവിട്ടു പോകണമെന്നാണ് വിചാരിക്കുന്നത്."

ഇപ്രകാരം സൈനികർ മുതലായവരുടെ സങ്കടം കേട്ട് ആർദ്രമാനസയായിത്തീർന്ന രാജ്ഞി "നിങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ ഞാൻ സന്നദ്ധയാണ്. ഞാനെന്താണ് ചെയ്യേണ്ടതെന്നു നിങ്ങൾതന്നെ ആലോചിച്ചു പറഞ്ഞാൽ ഞാനതു ചെയ്യാം. ആ മലയാളിയെക്കുറിച്ചു തിരുമനസ്സിലേക്കു സാമാന്യത്തിലധികം സ്നേഹവും ബഹുമാനവുമുണ്ടെന്നു എനിക്കുമറിയാം. അവനെ ഇവിടെനിന്നു വിട്ടയയ്ക്കണമെന്നോ അവൻ പറയുന്നതുപോലെയൊന്നും ചെയ്യരുതെന്നോ പറഞ്ഞാൽ തിരുമനസ്സിലേക്കു സമ്മതമാവുകയില്ലെന്നല്ല, പറയുന്നവനോടു വിരോധമുണ്ടായേക്കാനുമിടയുണ്ട്. അവിടുത്തെ അടുക്കൽ അറിയിക്കാൻ നിവൃത്തിയില്ല. നിങ്ങൾതന്നെ ആലോചിച്ച് ഒരു കശൗലം നിശ്ചയിക്കണം" എന്നു പറഞ്ഞു. അപ്പോൾ ആ സൈനികർ "ഇവിടുന്നു തിരുവയറ്റിൽ ഒരു വേദനയാണെന്നു കˉിച്ചുകൊണ്ട് ആലസ്യം നടിച്ചു കിടന്നു നിലവിളിക്കണം. വൈദ്യന്മാർ വന്നു ചികിത്സകൾ ചെയ്യുന്തോറും അധികമധികമാണെന്നു കല്പിച്ചുകൊണ്ടിരിക്കണം. ഇത്രയും ചെയ്താൽ മതി. ശേ‌ഷമൊക്കെ അടിയങ്ങൾ ശരിയാക്കിക്കൊള്ളാം" എന്നറിയിക്കുകയും, അങ്ങനെ ചെയ്യാമെന്നു സമ്മതിച്ചു രാജ്ഞി രോഗം നടിച്ചു കിടന്നു നിലവിളിക്കുകയും ചെയ്തു.

ഉടനെ രാജാവു രാജ്ഞിക്കു സുഖക്കേടാണെന്നറിഞ്ഞു വൈദ്യന്മാരെ വരുത്തി മുറയ്ക്കു ചികിത്സകൾ ചെയ്യിച്ചുതുടങ്ങി. ചികിത്സകൾ ചെയ്യുന്തോറും രോഗം വർദ്ധിച്ചുവരുന്നതല്ലാതെ ലേശംപോലും ശമനം കാണായ്കയാൽ രാജാവ് ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. അപ്പോൾ പഴയ സൈനികന്മാർ ഒരു ദു ഷ്ടനെ വൈദ്യവേ‌ഷം ധരിപ്പിച്ചു കൈക്കൂലിയും കൊടുത്തു വേണ്ടതെല്ലാമുപദേശിച്ചു രാജസന്നിധിയിലേക്കയച്ചു. ആ കള്ളവൈദ്യൻ രാജാവിന്റെ മുമ്പിൽ ചെന്നു തൊഴുതുകൊണ്ട്, "അല്ലയോ തിരുമേനീ! തമ്പുരാട്ടിയുടെ ശീലായ്മ അടിയൻ ഭേദമാക്കാം. ഇതുവരെ വൈദ്യവേ‌ഷം ചമഞ്ഞ് ഇവിടെ വന്നവരൊക്കെ ശുദ്ധമേ കള്ളന്മാരാണ്. അവർ വൈദ്യശാസ്ത്രം കണ്ടിട്ടുപോലുമില്ല. രോഗമറിയാതെയാണ് അവരൊക്കെ ചികിത്സിച്ചത്. തമ്പുരാട്ടിയെ ബാധിച്ചിരിക്കുന്നത് ഒരു വല്ലാത്ത കടുത്ത വ്യാധിയാണ്. അതിന്റെ കാഠിന്യം അറിയാവുന്നവർക്കു മാത്രമേ അറിഞ്ഞുകൂടൂ. ശരിയായ ചികിത്സ ചെയ്തു വേഗത്തിൽ ഭേദമാക്കതെ രോഗം ഈ വിധത്തിൽ ഒരു പത്തുദിവസംകൂടി വെച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പിന്നെ തമ്പുരാട്ടിയുടെ കഥ ഈശ്വരനു മാത്രമറിയാമെന്നല്ലാതെ അടിയനൊന്നും അറിയിക്കുന്നില്ല. ഈ രോഗത്തിനു വിധിച്ചിട്ടുള്ള മരുന്ന് ഒന്നുമാത്രമേയുള്ളൂ. അതു പുലിപ്പാലാണ്. ഒരു മുന്നാഴി പുലിപ്പാൽ കിട്ടിയാൽ മൂന്നേമുക്കാൽ നഴികകൊണ്ട് ഈ രോഗം ഭേദമാക്കാമെന്നുള്ളതിനു യാതൊരു സംശയവുമില്ല. അതില്ലാതെ ഇതു ഭേദപ്പെടുത്താൻ ആരാലും സാധ്യവുമല്ല" എന്നറിയിച്ചു. ഇതുകേട്ടപ്പോൾ രാജാവിനു വലിയ വിചാരമായി. പിന്നെ രാജാവു വൈദ്യനോടു "പൊറുക്കാത്ത ദീനത്തിനു കിട്ടാത്ത മരുന്ന് എന്നുള്ള പഴഞ്ചൊല്ല് ഇപ്പോൾ ശരിയായി. പെറ്റുകിടക്കുന്ന പുലിയെപ്പിടിച്ചു പാൽ കറന്നെടുത്തു കൊണ്ടുവരുവാൻ മനു‌ഷ്യൻ വിചാരിച്ചാൽ സാധിക്കയില്ലല്ലോ" എന്നു പറഞ്ഞു. അപ്പോൾ വൈദ്യൻ, "ഇവിടെ തിരുമേനിയുടെ സേവകനും സേനാനായകനുമായിത്താമസിക്കുന്ന മലയാളിയെ കല്പിച്ചയച്ചാൽ ഇതു സാധിക്കും" എന്നറിയിച്ചു. ഉടനെ രാജാവ് അയ്യപ്പനെ വരുത്തി വിവരം പറഞ്ഞു. "പരീക്ഷിച്ചു നോക്കാം" എന്നു പറഞ്ഞിട്ട് അയ്യപ്പൻ അപ്പോൾത്തന്നെ പോയി.

"അയപ്പനെ ഇങ്ങനെ പറഞ്ഞയചാൽ അവൻ കൊടുങ്കാട്ടിൽചെന്ന് ഈറ്റപ്പുലിയെ കടന്നുപിടിക്കും. പുലി കടിച്ച് അവന്റെ കഥയും കഴിക്കും. അങ്ങനെ അവൻ നിമിത്തമുള്ള ഉപദ്രവം തീരും" എന്നു വിചാരിച്ചാണു പഴയ സൈനികന്മാർ കള്ളവൈദ്യനെ അയച്ച് ഇങ്ങനെ പറയിചത്. പക്ഷേ അതു ഫലിച്ചില്ല.

അയപ്പൻ കാട്ടിൽചെന്ന് ഒട്ടുവളരെ പുലികളെയും പുലിക്കുട്ടി കളെയും തടുത്തടിചുകൊണ്ട് ഒരു വ്യാഘ്രത്തിന്റെ പുറത്തുകയറി രാജധാനിയിലേക്കു വന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന തിടുക്കങ്ങളും കോലാഹലങ്ങളുമെല്ലാം അവർണ്ണനീയങ്ങൾ തന്നെയായിരുന്നു. പുലികളെ കണ്ടു പേടിച്ചു നാട്ടുകാരും രാജധാനിയിലുണ്ടായിരുന്ന സൈനികന്മാർ മുതലായവരുമെല്ലാം ഓടിയൊളിച്ചു. പുലികളുടെ ശബ്ദം കേട്ടപ്പോൾത്തന്നെ വയറുവേദന ഭേദമായി രാജ്ഞി എണീറ്റു നടന്നുതുടങ്ങി. രാജാവ് ഏറ്റവും ഭയാക്രാന്തനായിത്തീർന്നു. അയ്യപ്പൻ ഒരു അമാനു‌ഷപ്രഭാവനാണെന്നുള്ള വിചാരം അദ്ദേഹത്തിനു മുമ്പേതന്നെ ഉണ്ടായിരുന്നു. പുലികളെക്കൊണ്ടുവരികയുംകൂടി ചെയ്തപ്പോൾ ഇദ്ദേഹം ഒരു മനു‌ഷ്യ നല്ലെന്നുതന്നെ തീർച്ചപ്പെടുത്തി. രാജാവു ചെന്ന് അയ്യപ്പന്റെ പാദത്തിങ്കൽ വീണു സാഷ്ടാംഗം നമസ്ക്കരിച്ചിട്ട്, "അല്ലയോ സ്വാമിൻ! അവിടുന്ന് ആരാണെന്നുള്ള വാസ്തവം അറിയായ്കകൊണ്ടു ഞാൻഅവിടുത്തെ ഇവിടെ വേണ്ടതുപോലെ ആദരിക്കുകയും ആചരിക്കുകയും ചെയ്തിരുന്നില്ല. അവിടുത്തെ ഒരു സേവകന്റെ നിലയിൽ മാത്രമാണു ഞാൻ ഇതുവരെ വിചാരിച്ചുപോന്നത്. എന്റെ ഈ അപരാധത്തെ അവിടുന്നു ദയാപൂർവം ക്ഷമിച്ച് എന്നെ അനുഗ്രഹിക്കണം. ഈ പുലികളെ കണ്ടിട്ട് ഇവിടെയുള്ളവരെല്ലാം ഏറ്റവും ഭയപരവശരായിത്തീർന്നിരിക്കുന്നു. അതിനാൽ ഇവയെയെല്ലാം കാട്ടിലേക്കുതന്നെ അവിടുന്നു സദയം വിട്ടയയ്ക്കണം. അവിടുന്ന് ആരാണെന്നു സൂക്ഷ്മമായി ഞാനിപ്പോഴും അറിയുന്നില്ല. അതിനാൽ അത് അവിടുന്നു സദയം സ്പ ഷ്ടമായി അരുളിച്ചെയ്യണമെന്നും ഞാൻ സാദരം അപേക്ഷിച്ചുകൊള്ളുന്നു" എന്നറിയിച്ചു. അതിനു മറുപടിയായി അയ്യപ്പൻ, "അല്ലയോ രാജാവേ! ഭവാൻ എന്നെ ഇവിടെ ഒട്ടും അനാദരിച്ചിരുന്നില്ലെന്നല്ല, സാദരം ബഹുമാനിച്ചുതന്നെയാണ് ഇരുന്നിട്ടുള്ളത്. അതിനാൽ ഭവാനെക്കുറിച്ച് ഞാൻഅത്യന്തം സന്തുഷ്ടനായിരിക്കുന്നു. ഇവിടെയുള്ള സൈനികന്മാർക്ക് എന്റെ പേരിൽ ഏറ്റവും അസൂയയുണ്ടായിട്ടുണ്ട്. അത് അവരുടെ അജ്ഞതകൊണ്ടെന്നല്ലാതെ മറ്റൊന്നും ഞാൻ വിചാരിക്കുന്നില്ല. എന്റെ പരമാർത്ഥമെല്ലാം മുമ്പേതന്നെ ഞാൻ ഭവാനോടു പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതലായി ഇനിയൊന്നും പറഞ്ഞറിയിക്കേണ്ടതായിട്ടില്ല. പോരാത്തതെല്ലാം കാലക്രമേണ ഭവാനറിയാറാകും. എന്നെക്കുറിച്ച് ഇവിടെയുള്ള സൈനികന്മാർക്കും മറ്റും രസമില്ലാതെ ഇരിക്കുന്നതുകൊണ്ടു ഞാനിനി ഇവിടെത്താമസിക്കണമെന്നു വിചാരിക്കുന്നില്ല. ഞാൻ ഇപ്പോൾത്തന്നെ മലയാളരാജ്യത്തേക്കു പോകുന്നു. എന്റെ നായ്ക്കളെ (പുലികളെ ഉദ്ദേശിച്ച്) ഞാൻകൊണ്ടു പൊയ്ക്കൊള്ളാം. ഭവാനും ഈ ദിക്കിലുള്ള വാസം സുഖകരമയിരിക്കില്ല. അതിനാൽ മലയാളത്തിലേക്കു പോരികയാണു നല്ലത്. അവിടെ വരുമ്പോൾ എന്റെ സ്ഥിരവാസം എവിടെയാണെന്നു ഞാനറിയിക്കാം. ആ സ്ഥലത്തുവന്നാൽ എന്നെക്കാണാം" എന്നു പറഞ്ഞു. ഇത്രയും പറഞ്ഞു കഴിഞ്ഞയുടനെ അയ്യപ്പൻ പുലികളോടുകൂടി അന്തർദ്ധാനവും ചെയ്തു. അയപ്പൻ പിരിഞ്ഞുപോയതുകൊണ്ട് പാണ്ഡ്യരാജാവിന് അപാരമായ മനസ്താപമുണ്ടായി എന്നുള്ളതു പറയണമെന്നില്ലല്ലോ. അദ്ദേഹം അയ്യപ്പൻ മറഞ്ഞ ദിക്കുനോക്കി വീണ്ടും നമസ്ക്കരിച്ചിട്ടു സ്വമന്ദിരത്തിലേക്കു മടങ്ങിപ്പോയി. പിന്നെ രാജാവു അയ്യപ്പനെക്കുറിച്ചുതന്നെ ഓരോന്നു ചിന്തിച്ചുകൊണ്ടിരുന്നു. ഈ ദിവ്യൻ താനാരാണെന്നു വ്യക്തമായിപ്പറഞ്ഞില്ലെങ്കിലും കേവലം മനു‌ഷ്യനല്ലെന്നുള്ള കാര്യം തീർച്ചതന്നെ. ഇപ്പോഴും അദ്ദേഹമാരാണെന്നു സ്പ ഷ്ടമായിപ്പറയണമെന്നു ഞാനാവശ്യപ്പെട്ടിട്ടും പറഞ്ഞില്ല. "എന്റെ പരമാർത്ഥമെല്ലാം മുമ്പേതന്നെ ഞാൻ പറഞ്ഞിട്ടുണ്ട്" എന്നാണലോ അദ്ദേഹം പറഞ്ഞത്? അദ്ദേഹം മുമ്പേ എന്താണ് പറഞ്ഞത്? എനിക്കു പ്രത്യേകമായി ഒരു നാടും വീടും ഇല്ല. ലോകമെല്ലാം എന്റെ നാടുതന്നെ. സാക്ഷാൽ മഹാമായ അമ്മയും ലോകൈകനാഥനായിരിക്കുന്ന ഈശ്വരൻ അച്ഛനും എന്നു വിചാരിച്ചു നടക്കുന്നു" എന്നാണല്ലോ അദ്ദേഹം മുമ്പേ പറഞ്ഞിട്ടുള്ളത്. പേർ അയ്യപ്പനാണെന്നും പറഞ്ഞ്. ശരിതന്നെ. ഇത്രയും പറഞ്ഞതുകൊണ്ട് ജനിച്ച പുത്രനായ അദ്ദേഹം ശ്രീപരമേശ്വരനു വിഷ്ണുമായയിൽ ശാസ്താവാണെന്നു സ്പഷ്ടമാകുന്നുണ്ട്. ശാസ്താവിനെ അയ്യപ്പനെന്നും പറയാറുണ്ടല്ലോ. ഈശ്വരന്മാർക്കു പ്രത്യേക വിടും നാടുമില്ലല്ലോ. സർവ്വവ്യാപികളായിരിക്കുന്ന ഈശ്വരന്മാർക്കു ലോകമെല്ലാം അവരുടെ നാടുതന്നെ. ഇതെല്ലാം ആ സ്വാമി അരുളിച്ചെയ്ത വാക്കുകളിൽനിന്ന് ഊഹിക്കാവുന്നതാണ്. പക്ഷെ എന്റെ അജ്ഞതകൊണ്ട് അതൊന്നും ഊഹിച്ചറിയാൻ അപ്പോൾ എനിക്കു കഴിഞ്ഞില്ല. അതു വലിയ കഷ്ടമായിപ്പോയി. ഏതായാലും ഇനി ഈ ദിക്കിലെത്താമസം ശുഭമായിരിക്കയില്ല. സ്വാമി അരുളിച്ചെയ്തതും അങ്ങനെയാണല്ലോ. അയ്യപ്പൻ ഇവിടെ നിന്നു പോയി എന്നറിഞ്ഞാൽ ശത്രുക്കളുടെ ഉപദ്രവം ഉണ്ടായേക്കാം. എല്ലാംകൊണ്ടും താമസിയാതെ ഇവിടംവിട്ടു മലയാളത്തിലേക്കു പോകുന്നതുതന്നെയാണ് നല്ലത്". ഇങ്ങനെയെല്ലാം ചിന്തിച്ചുറച്ചു രാജാവു പിന്നെ അധികം താമസിയാതെ അവിടെനിന്നു കുടുംബസഹിതം കേരളത്തിലേക്കു പുറപ്പെട്ടു.

സ്ഥാവരവസ്തുക്കളെല്ലാം പാട്ടത്തിലാക്കി പലർക്കും പതിച്ചു കൊടുക്കുകയും പണവും പണ്ടങ്ങളും ഭരണിപാത്രങ്ങളും മറ്റും കെട്ടിയെടുപ്പിക്കുകയും ചെയ്തുകൊണ്ടാണ് രാജാവു മലയാളത്തിലേക്കു പോന്നത്. അദ്ദേഹം പല ദേശങ്ങൾ കടന്ന് ഒടുവിൽ "പന്തളം" എന്ന ദേശത്തുവന്നുചേർന്നു. ആ പ്രദേശം അക്കാലത്തു "കൈപ്പുഴത്തമ്പാൻ" എന്ന പ്രസിദ്ധനായിരുന്ന ഒരിടപ്രഭുവിന്റെ കൈവശത്തിലായിരുന്നു. അവിടെ ഏതാനും സ്ഥലം ആ തമ്പാനോടു വിലയ്ക്കുവാങ്ങി ഒരു കോയിക്കൽ (കോവിലകം) പണിയിച്ചു രാജാവു കുടുംബസഹിതം അവിടെ താമസമുറപ്പിച്ചു.

പന്തളം എന്നറിയപ്പെടുന്ന പ്രദേശം പന്ത്രണ്ടു കരകൾ കൂടിയതാണ്. അവയിൽ ഒരു കരയുടെ പേരാണ് "കൈപ്പുഴ". തമ്പാന്റെ കോവിലകം ആ കരയിലായിരുന്നു. അതുകൊണ്ടാണ് അവർക്കു കൈപ്പുഴത്തമ്പാനെന്നു നാമം സിദ്ധിച്ചത്. അപ്രകാരം തന്നെ പാണ്ഡ്യരാജാവു വന്നു പന്തളത്തു താമസമായ കാലം മുതൽ ആ കുടുംബക്കാരുടെ പേരു പന്തളത്തു രാജാവെന്നുമായിത്തീർന്നു. ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായ മോടി വിദ്യകൾ കൊണ്ടു പ്രസിദ്ധനായിരുന്ന കൈപ്പുഴത്തമ്പാനെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ കേരളത്തിൽ അധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ആ തമ്പാന്റെ കുടുംബം കാലക്രമേണ അന്യം നിന്നുപോവുകയാൽ പന്തളത്തു തമ്പുരാന്റെ കോയിക്കൽ അങ്ങോട്ടു മാറ്റിസ്ഥാപിച്ചു. ഇപ്പോൾ ആ കോയിക്കലിരിക്കുന്നതു കൈപ്പുഴക്കരയിലാണ്. നിർമ്മലജലപ്രവാഹത്തോടുകൂടിയ നദിയുടെ തീരത്തുള്ള ആ സ്ഥലം ഏറ്റവും സുഖപ്രദമായിട്ടുള്ളതാകയാലാണ്കോയിക്കൽ അങ്ങോട്ടു മാറ്റി സ്ഥാപിച്ചത്.

ഇനി നമ്മുടെ അയ്യപ്പസ്വാമി പാണ്ഡ്യരാജ്യത്തുനിന്നു പുറപ്പെട്ടിട്ട് എങ്ങോട്ടാണു പോയതെന്നു നോക്കാം. സ്വാമി പാണ്ഡ്യരാജാവിനോടു പറഞ്ഞതുപോലെ മലയാളത്തിലേക്കു തന്നെയാണു പോന്നത്. സ്വാമി മലയാളത്തിന്റെ കിഴക്കെ അതിർത്തിയിലെത്തിയപ്പോൾ അവിടെ സാക്ഷാൽ പരശുരാമമഹർഷിയെ കണ്ടെത്തി. അപ്പോൾ പരശുരാമൻ അയ്യപ്പനോട്, “അല്ലയോ ഹരിഹരപുത്രനായ സ്വാമിൻ! ഞാൻ ഈ കേരളത്തിന്റെ രക്ഷയ്ക്കായി കിഴക്കെ അതിർത്തിയായ മലകളിലും, പടിഞ്ഞാറെ അതിർത്തിയായ കടൽത്തീരങ്ങളിലും സ്വാമിയുടെ ഏതാനും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി സ്വാമിയെ കണ്ടെത്തിയതായ ഈ പുണ്യസ്ഥലത്തും ഞാൻ സ്വാമിയുടെ ഒരു ദിവ്യ വിഗ്രഹം പ്രതിഷ്ഠിക്കാൻ വിചാരിക്കുകയാണ്. ഈ സ്ഥലങ്ങളിലെല്ലാം സ്വാമിയുടെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കണം. ഈ പുണ്യസ്ഥലത്താണു പണ്ടു മതംഗമഹർഷി മുതലായ തപോധനന്മാർ ആശ്രമം സ്ഥാപിച്ചു തപസ്സു ചെയ്തുകൊണ്ടിരുന്നത്. ആ തപോധനന്മാരുടെ പാദശുശ്രൂഷ നിമിത്തം വലിയ തപസ്വിനിയായിത്തീർന്ന ശബരി ദശരഥപുത്രനായ ശ്രീരാമചന്ദ്രന്റെ ദർശനമാത്രത്താൽ മുക്തയായിത്തീർന്നതും ഈ സ്ഥലത്തു വെച്ചാണ്. ഇപ്രകാരമെല്ലാമിരിക്കുന്ന ഈ പുണ്യസ്ഥലത്തു സ്വാമിയുടെ സാന്നിധ്യം വിശേഷിച്ചുമുണ്ടായിരിക്കണം. ഈ കേരളത്തിന്റെ പ്രധാന രക്ഷകനായി ഞാൻ സ്വാമിയെത്തന്നെയാണ് കരുതുന്നത്” എന്നറിയിക്കുകയും, സ്വാമി അതിനെ സമ്മതിക്കുകയും ഉടനെ പരശുരാമൻ അയ്യപ്പസ്വാമിയെ അവിടെ പ്രതിഷ്ഠിക്കുകയും ശബരി താമസിച്ചു തപസ്സു ചെയ്യുകയും മോക്ഷത്തെ പ്രാപിക്കുകയും ചെയ്തതായ ആ പർവ്വതത്തിനു ‘ശബരിഗിരി’ (ശബരിമല) എന്നു നാമം കൽപ്പിക്കുകയും ചെയ്തു.

പാണ്ഡ്യരാജാവു മലയാളരാജ്യത്തു വന്നു പന്തളരാജാവായി താമസം തുടങ്ങിയതിന്റെ ശേഷം കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാത്രിയിൽ അദ്ദേഹം കിടന്നുറങ്ങിയിരുന്ന സമയം ഒരു സ്വപ്നം കാണുകയുണ്ടായി. മുമ്പു സേനാനായകനായി തന്റെ അടുക്കൽ താമസിച്ചിരുന്ന അയ്യപ്പൻ അടുക്കൽ വന്നു “ഞാനിപ്പോൾ ശബരിമലയിലാണ് താമസിക്കുന്നത്. അവിടെ വന്നാൽ എന്നെ കാണാം” എന്നു പറഞ്ഞതായിട്ടാണ് സ്വപ്നമുണ്ടായത്. ഉടനെ രാജാവുണർന്നു കണ്ണു തുറന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും രാജാവ് ഇതു സാക്ഷാൽ ഹരിഹരപുത്രനായിരിക്കുന്ന ധർമ്മശാസ്താവു തന്നെ തന്റെ അടുക്കൽ വന്ന് അരുളിച്ചെയ്തതാണെന്നു വിശ്വസിക്കുകയും, അടുത്ത ദിവസം തന്നെ പരിവാരങ്ങളോടുകൂടി ശബരിമലയിലേക്കു പുറപ്പെടുകയും ചെയ്തു.

അവിടെയെത്തി കാടുകൾ വെട്ടിത്തെളിച്ചു നോക്കി ചെന്നപ്പോൾ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന വിഗ്രഹം കണ്ടെത്തി. എങ്കിലും രാജാവിനു നല്ല തൃപ്തിയായില്ല. “ഇവിടെ വന്നാൽ കാണാമെന്നാണല്ലോ സ്വാമി അരുളിച്ചെയ്തിട്ടുള്ളത്. ഇവിടെ വന്നിട്ടു സ്വാമിയെ കണ്ടില്ലല്ലോ” എന്നായിരുന്നു രാജാവിന്റെ വിചാരം. ആ സമയത്ത്, “ഇപ്പോൾ എന്റെ വിഗ്രഹം കണ്ടാൽ മതി. അവിടെ എന്റെ സാന്നിധ്യം വേണ്ടതുപോലെയുണ്ട്. ആ ബിംബത്തിൽ പൂജിച്ചു സേവിച്ചാൽ സർവ്വാഭീഷ്ടങ്ങളും സാധിക്കും” എന്ന് ആരോ എവിടെ നിന്നോ വിളിച്ചു പറയുന്നതായി കേട്ടു. അതും സ്വാമി അരുളിച്ചെയ്തതു തന്നെ എന്നു വിശ്വസിച്ചു രാജാവ് അവിടെത്തന്നെ താമസിച്ചുകൊണ്ടു വേണ്ടുന്ന ആളുകളെയും സാധനങ്ങളുമെല്ലാം അവിടെ വരുത്തി മുറയ്ക്ക് അമ്പലം പണിയും പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെക്കൊണ്ടു കലശവും നടത്തി ക്ഷേത്രത്തിൽ പിന്നീടു നടക്കേണ്ടുന്ന കാര്യങ്ങൾക്കു പതിവുകളും നിശ്ചയിച്ചു. ദുഷ്ടമൃഗങ്ങൾ നിറഞ്ഞ ആ വനപ്രദേശത്ത് എന്നും മനുഷ്യർ താമസിച്ചു പൂജയും മറ്റും നടത്തുക എന്നുള്ളത് അക്കാലത്ത് അസാധ്യമായിരുന്നതിനാൽ മാസം തോറും അഞ്ചു ദിവസം മാത്രം പൂജ നടത്തിയാൽ മതിയെന്നും, മകരസംക്രാന്തി, ആട്ടവിശേഷം (ആണ്ടിലൊരിക്കലുള്ള വിശേഷ ദിവസം) ആയിരിക്കണമെന്നും, അന്നു മുതൽ അഞ്ചു ദിവസം ഒരുൽസവം പോലെ ദേവനെ എഴുന്നള്ളിക്കുകയും മറ്റും വേണമെന്നും മകരമാസം അഞ്ചാം തിയ്യതി ആണ്ടു തോറും ഒരു കളഭവും, ഏഴാം തിയ്യതി ഒരു കുരുതിയും നടത്തണമെന്നും മറ്റുമാണ് നിശ്ചയിച്ചത്. അപ്രകാരമെല്ലാം ഇപ്പോഴും നടന്നു വരുന്നുമുണ്ട്. എന്നാലിപ്പോൾ മകരം മുതൽ ഒന്നിടയിട്ട് ആറു മാസങ്ങളിൽ ആദ്യവും കുംഭം മുതൽ ഒന്നിടയിട്ട് ആറു മാസങ്ങളിൽ ഒടുവിലും അഞ്ചു ദിവസം വീതമാണ് അവിടെ പൂജ നടത്തി വരുന്നത്. അങ്ങനെയായാൽ ആണ്ടിൽ ആറു തവണ വീതം ഇവിടെപ്പോയാൽ മതിയല്ലോ. പൂജ നടത്താൻ പോകുന്നതു ശാന്തിക്കാരൻ, കഴകക്കാരൻ, മാരാന്മാർ, മറ്റു പരിചാരകന്മാർ മുതലായവരെല്ലാവരും കൂടി നിവേദ്യത്തിനും, ശാന്തിക്കാരൻ മുതലായവർക്കു ഭക്ഷണത്തിനും മറ്റും വേണ്ടുന്ന അരി, കോപ്പുകൾ മുതലായ സകല സാധനങ്ങളും കെട്ടിയെടുത്തുകൊണ്ടും “സ്വാമിയേ! ശരണമയ്യപ്പോ!” എന്ന് ഉറക്കെ വിളിച്ചുകൊണ്ടുമാണ്. ഇങ്ങനെ പോകുന്നവർ മദ്ധ്യേമാർഗ്ഗം കാട്ടാന, കരടി, കടുവാ, പുലി, ചെന്നായ മുതലായ ദുഷ്ടമൃഗങ്ങളെ ധാരാളമായി കാണുക സാധാരണമാണ്. എന്നാലിവയിലൊന്നും ഇവരെ ഉപദ്രവിക്കാറില്ല. ഇവരുടെ (സ്വാമിയേ ശരണമയ്യപ്പാ എന്നുള്ള) ശരണം വിളി കേൾക്കുമ്പോൾ സകലമൃഗങ്ങളും ദൂരെ മാറിക്കൊള്ളും. അങ്ങനെ ഇപ്പോഴും കണ്ടുവരുന്നു. മകരസംക്രമ ദിവസം സ്വാമിദർശനത്തിനായി ഇപ്പോഴും ആണ്ടുതോറും അസംഖ്യം ആളുകൾ ശബരിമലയ്ക്കു പോകാറുണ്ടല്ലോ. അവരും ചിലപ്പോൾ വഴിക്കു കാട്ടാനകളേയും മറ്റും കാണാറുണ്ടെന്നും, ശരണം വിളിക്കുമ്പോൾ അവയെല്ലാമോടിപ്പോവുക പതിവാണെന്നും മറ്റും പറഞ്ഞു കേൾക്കുന്നുണ്ട്.

അയ്യപ്പസ്വാമിയുടെ വാസം ശബരിമലയിലുറപ്പിക്കുകയും, അവിടെ അമ്പലം പണി, കലശം മുതലായവ നടത്തുകയും ചെയ്തതിന്റെ ശേഷം പന്തളത്തു രാജാവ് ആ സ്വാമിയെ തന്റെ കുടുംബപരദേവതയായിത്തന്നെ വിചാരിച്ച് ആദരിച്ചുതുടങ്ങി. അപ്പോൾ അദ്ദേഹത്തിനു ദിവസം തോറും സ്വാമിദർശനം കഴിച്ചാൽക്കൊള്ളാമെന്നു തോന്നുകയും, അതു ശബരിമലയിൽച്ചെന്നു സാധിക്കുന്ന കാര്യം അസാധ്യമായിരിക്കുകയും ചെയ്തതുകൊണ്ടു പന്തളത്തുതന്നെ കോയിക്കലിനു സമീപം ഒരു ക്ഷേത്രം പണിയിച്ച് അവിടെയും വിധിപ്രകാരം ശാസ്താവിനെ പ്രതിഷ്ഠിപ്പിച്ചു. അതിനാൽ അവിടെയുള്ള രാജാക്കന്മാർക്കു മാത്രമല്ല രാജ്ഞികൾക്കും ആബാലവൃദ്ധം എല്ലാവർക്കും പ്രതിദിനം ശാസ്താവിനെ ദർശനം കഴിക്കുന്നതിനും സൗകര്യം സിദ്ധിച്ചു.

പാണ്ഡ്യരാജകുടുംബത്തിലെ ഒരു ശാഖക്കാർ വള്ളിയൂർ എന്ന ദേശത്തു താമസമാക്കിയതായി മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ ശാഖക്കാരും കാലാന്തരത്തിൽ ആ ദേശം വിട്ടു മലയാളത്തിലേക്കു തന്നെ പോന്നു. അവർ അക്കാലത്തു തെക്കുംകൂർ രാജ്യത്ത് ഉൾപ്പെട്ടിരുന്നതും ഇപ്പോൾ തിരുവിതാംകൂറിൽ മീനച്ചിൽ താലൂക്കിൽ ചേർന്നിരിക്കുന്നതുമായ പൂഞ്ഞാർ എന്ന ദേശത്തു വന്നു ചേരുകയും ആ ദേശം തെക്കുംകൂർ രാജാവിനോടു വാങ്ങി കോയിക്കലുമുണ്ടാക്കി അവിടെ താമസമുറപ്പിക്കുകയും ചെയ്തു. ആ സ്ഥലത്തിനു കിഴക്കുള്ള മലയിൽ നിന്നു പുറപ്പെട്ട് ഒരു നദി മുമ്പേ തന്നെ പടിഞ്ഞാട്ടു പ്രവഹിക്കുന്നുണ്ടായിരുന്നു. അതു കൂടാതെ ആ മലയുടെ മറ്റൊരു ഭാഗത്തു നിന്നു വേറെ ഒരു നദി കൂടി ഇടക്കാലത്തു പുറപ്പെട്ടു പടിഞ്ഞാട്ടു പ്രവഹിച്ചു തുടങ്ങി. ആ നദിയെ എല്ലാവരും ‘പുത്തനാറ്’ എന്നു പറഞ്ഞു തുടങ്ങി. അതു കാലക്രമേണ ‘പൂഞ്ഞാറ്’ എന്നായിത്തീർന്നു. ആ നദിയുടെ തീരത്തുള്ള ദേശത്തിനും ആ പേരു തന്നെ സിദ്ധിച്ചു. ആ പേരിനെ സംസ്കൃതഭാഷ പണ്ഡിതന്മാർ സംസ്കൃതീകരിച്ചു ‘പുണ്യാപഗ’ എന്നാക്കിത്തീർത്തിട്ടുമുണ്ട്. പൂഞ്ഞാറ്റിൽ രാജാ(തമ്പുരാ)ക്കന്മാർക്കും പ്രധാന പരദേവത ശാസ്താവു തന്നെയാണ്. അതിനാൽ അവിടെയും കോയിക്കലിനടുത്ത് ഒരു ക്ഷേത്രം പണിയിച്ചു ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അവിടെയും ഇപ്പോൾ ക്ഷേത്രമര്യാദ പ്രകാരം ദിവസം തോറും പൂജ മുതലായവയും, ആണ്ടു തോറും ഉൽസവം മുതലായ അടിയന്തിരങ്ങളും നടത്തിവരുന്നുണ്ട്.

തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി, കായംകുളം മുതലായ രാജ്യങ്ങൾ പിടിച്ചടക്കിയതിന്റെ ശേഷം പന്തളം കൂടി തന്റെ രാജ്യത്തോടു ചേർത്താൽക്കൊള്ളാമെന്നു തോന്നുകയാൽ തിരുവിതാംകൂർ മഹാരാജാവ് അതിനായി ശ്രമിച്ചു തുടങ്ങുകയും, വലിയ യുദ്ധവും മറ്റും കൂടാതെ അതു സാധിക്കുകയും ചെയ്തു. ഒരുടമ്പടി പ്രകാരമാണ് തിരുവിതാംകൂർ മഹാരാജാവു പന്തളം ദേശം കൈവശപ്പെടുത്തിയത്. പന്തലം ദേശം പന്തളത്തു രാജാവിൽ നിന്നു കൈവശപ്പെടുത്തിയ കാലത്തു തിരുവിതാംകൂർ മഹാരാജാവ് എഴുതിക്കൊടുത്തിട്ടുള്ള ഉടമ്പടിയുടെ സാരം, പന്തളത്തു രാജാവിന്റെ കുടുംബത്തിൽ ചെലവിന് ആവശ്യമുള്ള നെല്ലും പണവും ആണ്ടു തോറും അടുത്തൂൺ (പെൻഷൻ) ആയിക്കൊടുത്ത് ആ കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ എന്നും രക്ഷിച്ചുകൊള്ളാമെന്നാണ്. ആ രാജകുടുംബത്തിലിപ്പോൾ ആളുകൾ പണ്ടത്തേതിൽ വളരെയധികം വർദ്ധിച്ചിട്ടുള്ളതുകൊണ്ടൂം അടുത്തൂണിന്റെ സംഖ്യ അതിനുതക്കവണ്ണം കൂട്ടിക്കൊടുക്കാത്തതിനാലും ആ മാന്യകുടുംബക്കാരിപ്പോൾ നിത്യവൃത്തിക്കു വളരെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കേൾക്കുന്നത്.

പന്തളം ദേശം തിരുവിതാംകൂറിൽ ചേർത്തിട്ടും ശബരിമല ദേവസ്വം ആ സർക്കാരിൽ ചേർത്തിട്ടില്ലായിരുന്നു. അവിടെ നടവരവായിട്ടും മറ്റുമുള്ള ആദായം കാലക്രമേണ വളരെ വർദ്ധിക്കുകയാൽ ആ ദേവസ്വവും പിന്നീടു തിരുവിതാംകൂർ സർക്കാരിൽച്ചേർത്തു. അതിനാൽ ആ ക്ഷേത്രത്തിന്റെ ഉടമസ്ഥനായ പന്തളത്തു രാജാവിന് അവിടെനിന്ന് ഇപ്പോൾ ഒരു കാശു പോലും കിട്ടാൻ മാർഗ്ഗമില്ലാതെയാണിരിക്കുന്നത്. എങ്കിലും അയ്യപ്പസ്വാമിയുടെ ചില തിരുവാഭരണങ്ങളും മറ്റും ഇപ്പോഴും വെച്ചു സൂക്ഷിക്കുന്നതു പന്തളത്തു രാജാവു തന്നെയാണ്. അവയ്ക്കെല്ലാം തിരുവിതാംകൂർ സർക്കാരിൽ കണക്കുമുണ്ട്. ആ വക തിരുവാഭരണങ്ങളും മറ്റും എടുപ്പിച്ചു കൊണ്ടു പന്തളത്തു രാജാവ് ഇപ്പോഴും ആണ്ടുതോറും മകരസംക്രാന്തിക്കു ശബരിമല എത്തുക പതിവാണ്. അവിടെ മകരം ഏഴാം തീയതി വരെ പതിവുള്ള അടിയന്തിരങ്ങളെല്ലാം കഴിയുന്നതു വരെ രാജാവ് അവിടെത്തന്നെ താമസിക്കുകയും പിന്നെ തിരുവാഭരണങ്ങൾ മുതലായവ എടുപ്പിച്ചുകൊണ്ടു തിരിയെപ്പോരികയുമാണ് പതിവ്. തിരുവാഭരണങ്ങളും മറ്റും കൊണ്ടു പോകുമ്പോഴും തിരിയെക്കൊണ്ടു പോരുമ്പോഴും അകമ്പടിയായി പോലീസുകാർ മുതലായ സർക്കാരുദ്യോഗസ്ഥന്മാരും മറ്റുമുണ്ടായിരിക്കും. ആ യാത്ര വാദ്യഘോഷങ്ങളോടും മറ്റും കൂടി വളരെ കേമമായിട്ടാണ് ഇപ്പോഴും നടന്നു വരുന്നത്. ആ പോക്കുവരവു വകയ്ക്കുള്ള ചെലവുകളെല്ലാം സർക്കാരിൽ നിന്നു ചെയ്തു വരുന്നുണ്ട്. പന്തളത്തു തമ്പുരാൻ ശബരിമലയിൽ താമസിക്കുന്ന ദിവസങ്ങളിൽ ബഹുമാനസൂചകമായി അരി, കോപ്പു മുതലായവ സർക്കാരിൽ നിന്നു കൊടുക്കുകയും പതിവാണ്.

പന്തളത്തു രാജാവ് ആണ്ടു തോറും മകരസംക്രാന്തിക്കു ശബരിമലയിൽ പോവുകയും ആറേഴു ദിവസം അവിടെത്താമസിക്കുകയും പതിവാണെങ്കിലും നടയ്ക്കു നേരെ ചെന്നു സ്വാമിയെ വന്ദിക്കുക പതിവില്ല. അതിനു രണ്ടു കാരണങ്ങൾ പറഞ്ഞു വരുന്നുണ്ട്. അയ്യപ്പസ്വാമി രാജാവിന്റെ സേനാനായകനായിത്താമസിച്ചിരുന്ന ആളാണല്ലോ. അതിനാൽ രാജാവു നേരെ ചെല്ലുമ്പോൾ സ്വാമി എണീറ്റ് ആചാരം ചെയ്യണം. അതിനിടയാക്കുന്നതു ശരിയല്ലല്ലോ എന്നു വിചാരിച്ചാണു രാജാവു നേരെ പോകാത്തത് എന്നൊരു പക്ഷം. അതല്ല, ശബരിമലശ്ശാസ്താവിനെ പ്രതിഷ്ഠിച്ചതു പരശുരാമനും, പന്തളത്തു രാജാവു ക്ഷത്രിയനുമാണല്ലോ. അതു കൊണ്ടു പരശുരാമനോടുള്ള പൂർവ്വവൈര്യം നിമിത്തമാണ് രാജാവു നടയ്ക്കു നേരെ പോകാത്തത് എന്നാണു രണ്ടാം പക്ഷം. കാരണമെന്തായിരുന്നാലും രാജാവ് അവിടെ നടയ്ക്കു നേരെ ചെന്നു സ്വാമിയെ വന്ദിക്കാറില്ലെന്നുള്ളതു വാസ്തവം തന്നെ.

ശബരിമലയിൽ പ്രധാന ദേവൻ ശാസ്താവു തന്നെയെങ്കിലും അവിടെ വേറെ ചില മൂർത്തികളെയും കുടിയിരുത്തിയിട്ടുണ്ട്. അവയിൽ പ്രധാനം ഭദ്രകാളിയാണ്. ഭദ്രകാളിയെ കുടിയിരുത്തിയിരിക്കുന്നതു രണ്ടു നിലയിലായിട്ടുള്ള ഒരു ചെറിയ മാളികയുടെ മുകളിലത്തെ നിലയിലാണ്. അതിനാൽ ആ ഭഗവതിയെ സാധാരണയായി പറഞ്ഞു വരുന്നത് ‘മാളികപ്പുറത്തമ്മ’ എന്നാണ്. ഇതു കൂടാതെ അവിടെ ‘വാവരു’സ്വാമിയെന്നും കടുത്ത സ്വാമിയെന്നും രണ്ടു മൂർത്തികൾ കൂടി ഉണ്ട്. വാവരുസ്വാമി ജാതിയിൽ മുഹമ്മദീയനും കടുത്തസ്വാമി ശൗണ്ടിക (ഈഴവ)നുമായിരുന്നു. അവർ രണ്ടു പേരും അയ്യപ്പസ്വാമിയുടെ ആജ്ഞാകാരന്മാരായിരുന്നുവത്രേ. അവർ ചരമഗതിയെ പ്രാപിച്ചിട്ടും അയ്യപ്പസ്വാമിയെ വിട്ടുപോകാൻ മനസ്സില്ലാതെ സ്വാമിയുടെ സന്നിധിയിൽ തന്നെ നിന്നിരുന്നതിനാലാണ് അവരേയും അവിടെ കുടിയിരുത്തിയത്. ഈ മൂന്ന് ഉഗ്രമൂർത്തികളേയും ഉദ്ദേശിച്ചാണ് മകരം ഏഴാം തീയതി അവിടെ പതിവായി ഒരു കുരുതി കഴിച്ചു വരുന്നത്.

അയ്യപ്പസ്വാമിയുടെ മാഹാത്മ്യം പറയുക എന്നു വെച്ചാൽ അവസാനം ഇല്ലാതെയുണ്ട്. അവിടുത്തെ അത്ഭുതങ്ങൾ മിക്കവയും പ്രസിദ്ധങ്ങളാകയാലും ലേഖനം ക്രമത്തിലധികം ദീർഘിച്ചു പോകുമെന്നുള്ളതുകൊണ്ടും അവയൊന്നും ഇവിടെ വിവരിക്കുന്നില്ല. മുമ്പ് പറഞ്ഞിട്ടുള്ള സംഗതികൾ കൊണ്ടു സ്വാമിയുടെ സാന്നിധ്യം ശബരിമലയിൽ സാമാന്യത്തിലധികമായിട്ടുണ്ടെന്ന് ഊഹിക്കാവുന്നതുമാണല്ലോ.

പന്തളത്തു രാജാവു പാണ്ഡ്യരാജ്യത്തുനിന്നു പോരുന്ന സമയം സ്ഥാവര വസ്തുക്കളെല്ലാം ഓരോരുത്തർക്കു പാട്ടത്തിനായി പതിച്ചുകൊടുത്തിട്ടാണ് പോന്നതെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. രാജാവു പോന്നതിനുശേഷം കുറച്ചുകാലത്തേക്ക് കാര്യസ്ഥന്മാരെ പാണ്ടിയിലയച്ചു പാട്ടം പിരിപ്പിക്കുകയും ചില കുടിയാന്മാർ പാട്ടം പന്തളത്തു കൊണ്ടു വന്നു കൊടുക്കുകയും ചെയ്തിരുന്നു. കാലാന്തരത്തിൽ അതു രണ്ടുമില്ലാതെയായി. ഇപ്പോൾ പന്തളത്തു രാജാക്കന്മാർക്കു തങ്ങൾക്കു പാണ്ഡ്യരാജ്യത്തു ചില സ്ഥാവരവസ്തുക്കളുണ്ടായിരുന്നു എന്നുള്ള കേട്ടുകേൾവിയല്ലാതെ ആ വസ്തുക്കളെവിടെയാണെന്നും എത്ര ഉണ്ടെന്നും, കുടിയാന്മാരാരെല്ലാമാണെന്നും മറ്റുമുള്ള യാതൊരു നിശ്ചയവുമില്ല. അപ്രകാരം തന്നെ ആ കുടിയാന്മാർക്കു തങ്ങളുടെ ജന്മിയെക്കുറിച്ച് കേട്ടുകേൾവിയല്ലാതെ അവരെവിടെയാണെന്നു പോലും നിശ്ചയമില്ലാതായിട്ടുണ്ട്. വസ്തുക്കൾ കൈമാറിക്കൈമാറി ഇപ്പോഴത്തെ അനുഭവക്കാർ പണ്ടത്തെ കുടിയാന്മാരുടെ വംശ്യന്മാരല്ലാതെയുമായിപ്പോയിട്ടുണ്ടായിരിക്കാം. എങ്കിലും ആ വസ്തുക്കളനുഭവിക്കുന്നവരിൽ ചിലർക്കു ചില ദോഷങ്ങൾ കാണുകയാൽ അവർ പ്രശ്നം വെച്ചു നോക്കിക്കുകയും, ജന്മിയായ തമ്പുരാനു പാട്ടം കൊടുക്കാത്തതുകൊണ്ടാണെന്നു പ്രശ്നക്കാർ വിധിക്കുകയും ചെയ്യുകയാൽ ഇപ്പോഴും ചിലർ പാണ്ടിയിൽ നിന്നു പന്തളത്തു വന്നു പണവും ചില പണ്ടങ്ങളും മറ്റു കാഴ്ചവെച്ചു തമ്പുരാനെ കണ്ടു വന്ദിക്കുകയും, അയ്യപ്പസ്വാമിക്കു വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നുണ്ട്. കാലപ്പഴക്കം കൊണ്ട് വസ്തുക്കളെയും പാട്ടത്തെയും സംബന്ധിച്ചു യാതൊരു പ്രമാണവും തമ്പുരാന്റെയും കുടിയാന്റെയും കൈവശത്തിലില്ലാതെയായിപ്പോയിരിക്കുന്നതിനാൽ ആ വസ്തുക്കളിൽ നിന്നു ശരിയായ ആദായം ഇനി തമ്പുരാനു കിട്ടാൻ എളുപ്പമില്ലാതെയാണിരിക്കുന്നത്. ഇപ്പോൾ ചില സമയം, ചിലർ വല്ലതും കുറേശ്ശേ തമ്പുരാനു കൊണ്ടു ചെന്നു കൊടുക്കന്നത് അയ്യപ്പസ്വാമിയുടെ കൃപ കൊണ്ടു മാത്രമാണ്. ആ സ്വാമി രാജകുടുംബത്തെ സകല ശ്രേയസ്സുകളുമുണ്ടാ യി കാത്തിടാനോർത്തിടട്ടെ.

മുക്കണ്ണൻ മോദപൂർവ്വം മുരമഥനമഹാ-
മായതൻ കായമാരാൽ
തൃക്കൺപാർത്താഞ്ഞണഞ്ഞുൽക്കടമദനരസം
മൂത്തുകൂത്താടിയപ്പോൾ
ചിക്കെന്നുണ്ടായ ദേവൻ ഹരിഹരതനയൻ
ചിന്മയൻ നമ്മളേ മാ-
ലൊക്കെത്തീർത്തുൾക്കുരുന്നിൽക്കനിവൊടു സതതം
കാത്തിടാനോർത്തിടട്ടെ.