Jump to content

ഐതിഹ്യമാല/വയസ്‌കര ചതുർവേദിഭട്ടതിരിയും യക്ഷിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വയസ്‌കര ചതുർവേദിഭട്ടതിരിയും യക്ഷിയും


യസ്കരയില്ലത്ത് ഒരു കാലത്ത് പുരു‌ഷന്മാരാരുമില്ലാതെ ഒരു കന്യക മാത്രമായിത്തീരുകയും ആ കന്യകയെ പിലാമന്തോൾ മൂസ്സ് സർവസ്വദാനമായി വിവാഹം കഴിച്ച് അവിടെ ദത്തു കയറുകയും ചെയ്കയാൽ അക്കാലം മുതൽക്കാണല്ലോ അവിടെയുള്ളവർക്ക് വയസ്കര മൂസ്സ് എന്നുള്ള പേരു സിദ്ധിച്ചത്. ഇതിനു മുമ്പും ഈ ഇല്ലത്ത് പലപ്പോഴും പുരു‌ഷന്മാരില്ലാതെ ഒരു കന്യക മാത്രമായിത്തീരുക ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഓരോരുത്തർ ആ കന്യകമാരെ സർവസ്വദാനമായി വിവാഹം കഴിച്ച് അവിടെ ദത്തുകയറുകയും അപ്രകാരം ദത്തു കയറുന്നവരുടെ പേരനുസരിച്ച് അവിടെ ഉണ്ടാകുന്നവർക്ക് വയസ്കര നമ്പൂരി, വയസ്കര ഭട്ടതിരി, വയസ്കര പോറ്റി ഇങ്ങനെ പല പേരുകളും സിദ്ധിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ അവിടെ ഒരു ഭട്ടതിരി ദത്തു കയറിയതിനാൽ അക്കാലം മുതൽ പിന്നെ ഒരു ദത്തുണ്ടായതുവരെ അവിടെയുള്ളവരെ ഭട്ടതിരി എന്നാണ് പറഞ്ഞുവന്നിരുന്നത്.

ഒരു കാലത്ത് വയസ്കരയില്ലത്ത് ആയുർവേദമുൾപ്പെടെ നാലു വേദങ്ങളും പഠിച്ച ഒരു മഹാവിദ്വാനുണ്ടായിത്തീർന്നു. അദ്ദേഹത്തെ എല്ലാവരും "ചതുർവേദി ഭട്ടതിരി"യെന്നാണ് പറഞ്ഞുവന്നിരുന്നത്. അദ്ദേഹം ഒരു മഹാവൈദ്യനും വലിയ മന്ത്രവാദിയുമായിരുന്നു. മന്ത്രവാദത്തിലുള്ള പ്രസിദ്ധികൊണ്ട് അദ്ദേഹത്തെ മന്ത്രവാദത്തിനായി പല ദിക്കുകളിൽനിന്നും ആളുകൾ വന്നു കൂട്ടിക്കൊണ്ടുപോവുക പതിവായിരുന്നു.

അങ്ങനെയിരുന്ന കാലത്ത് അന്നു നാടു വാണിരുന്ന സാമൂതിരിപ്പാടു തമ്പുരാന് ഒരു യക്ഷിയുടെ ഉപദ്രവം ഉണ്ടായിത്തീരുകയും പല മന്ത്രവാദികൾ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കീട്ടും ആ യക്ഷിയെ ഒഴിപ്പിക്കാൻ കഴിയായ്കയാൽ ഒടുക്കം സാമൂതിരിപ്പാടു തമ്പുരാന്റെ ആളുകൾ വന്നു ചതുർവേദി ഭട്ടതിരിയെ കോഴിക്കോട്ടേക്കു കൂട്ടിക്കൊണ്ടുപോവുകയും ഭട്ടതിരി ചില മന്ത്രതന്ത്രപ്രയോഗങ്ങൾകൊണ്ട് ആ യക്ഷിയെ സാമൂതിരിപ്പാട് തമ്പുരാന്റെ ദേഹത്തിൽ നിന്ന് ഉഴിഞ്ഞു മാറ്റിക്കളയുകയും ചെയ്തു. യക്ഷി തന്റെ ദേഹത്തിൽ നിന്ന് വിട്ടുമാറിയെന്നു പൂർണബോധം വരികയാൽ സാമൂതിരിപ്പാടു തമ്പുരാൻ പലവിധ സമ്മാനങ്ങൾ കൊടുത്ത് സന്തോ‌ഷിപ്പിച്ച് ചതുർവേദി ഭട്ടതിരിയെ സബഹുമാനം തിരിച്ചയച്ചു.

ഭട്ടതിരി കോഴിക്കോട്ടുനിന്നു തിരിച്ചുപോന്നു. നേരം വൈകിയപ്പോൾ വഴിക്ക് ഒരു നമ്പൂരിയുടെ ഇല്ലത്തു കയറി കുളിയും സന്ധ്യാവന്ദനാദികളും അത്താഴവും കഴിച്ച് അവിടെ ഉപഗൃഹമായിട്ടുള്ള ഒരു മാളികയിൽ കിടന്നു. വഴി നടന്നുള്ള ക്ഷീണംകൊണ്ട് കിടന്ന ഉടനെ അദ്ദേഹം ഉറങ്ങിത്തുടങ്ങി. അപ്പോൾ ആരോ അടുക്കൽ വന്ന് "ഹേ! തലയിണയുടെ താഴെയിരിക്കുന്ന ഗ്രന്ഥം അവിടെനിന്ന് മാറ്റിവയ്ക്കണം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. പെട്ടെന്നുണർന്നു കണ്ണു തുറന്നു നോക്കിയപ്പോൾ സർവാംഗസുന്ദരിയായ ഒരു സ്ത്രീ തന്റെ അടുക്കൽ നിൽക്കുന്നതായി അദ്ദേഹം കണ്ടു. വിളക്കു കെടുത്തീട്ടില്ലായിരുന്നതിനാൽ ആ സ്ത്രീയെ അദ്ദേഹത്തിനു പ്രത്യക്ഷമായി കാണാമായിരുന്നു. ആ സ്ത്രീ പിന്നെയും ആ ഗ്രന്ഥം മാറ്റിവെയ്ക്കാൻ പറഞ്ഞു. ചതുർവേദി ഭട്ടതിരി എവിടെപ്പോകുമ്പോഴും ഒരു മന്ത്രവാദഗ്രന്ഥം കൊണ്ടു പോവുകയും രാത്രികാലങ്ങളിൽ കിടക്കുമ്പോൾ അത് തലയ്ക്കൽ വെച്ചുകൊണ്ട് കിടക്കുകയും പതിവായിരുന്നു. അദ്ദേഹം പല സ്ഥലങ്ങളിൽനിന്നു ദുഷ്ടദേവതകളെ ഒഴിച്ചിട്ടുള്ള ആളും ഒഴിക്കുന്ന ആളുമാകയാൽ ആ വകക്കാർക്ക് അദ്ദേഹത്തോടു വിരോധമുണ്ടാകുന്നതിനും തന്നിമിത്തം അവർ അദ്ദേഹത്തെ ഉപദ്രവിക്കാനും ഇടയുള്ളതുകൊണ്ടും ഈ ഗ്രന്ഥം കൈവശമുള്ളപ്പോൾ ഒരു ദേവതയ്ക്കും അദ്ദേഹത്തെ ബാധിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടുമാണ് അദ്ദേഹം ആ ഗ്രന്ഥം കൊണ്ടുനടക്കുന്നതും അതു തലയ്ക്കൽ വെച്ചുകൊണ്ട് കിടക്കുകയും ചെയ്തിരുന്നത്. ഭട്ടതിരി ആ സ്ത്രീയുടെ അനിതരവനിതാസാധാരണമായ രൂപലാവണ്യം കണ്ട് അവൾ കേവലം മനു‌ഷ്യസ്ത്രീയല്ലെന്നു നിശ്ചയിക്കുകയും അത്യന്തം വിസ്മയിക്കുകയും ചെയ്തുകൊണ്ട് "നീ ആര്? ഇവിടെ വന്നതെന്തിന്? ഈ ഗ്രന്ഥം മാറ്റിവയ്ക്കുന്നതെന്തിന്?" എന്നു ചോദിച്ചു. "അങ്ങ് എന്നെ ഉപദ്രവിക്കുകയില്ലെന്ന് സത്യം ചെയ്താൽ ഞാൻ പരമാർഥം പറയാം" എന്ന് ആ സ്ത്രീ പറയുകയും അവളുടെ രൂപവിശേ‌ഷം കണ്ട് അവളിൽ ആസക്തമാനസനായിത്തീർന്ന ഭട്ടതിരി അപ്രകാരം സത്യം ചെയ്കയും ചെയ്തു. ഉടനെ ആ സ്ത്രീ വീണ്ടും പറഞ്ഞു, "ഞാൻസാമൂതിരിപ്പാടു തമ്പുരാനെ ബാധിക്കുകയും അവിടെ നിന്ന് അങ്ങാൽ നി‌ഷ്കാസിതയായിത്തീരുകയും ചെയ്ത യക്ഷിയാണ്. ഭവാന്റെ രൂപസൗന്ദര്യം കണ്ടു ഭവാനിൽ അത്യന്തം അനുരക്തയായിത്തീരുകയാലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. അതിനാൽ അങ്ങ് എന്നെ സദയം സ്വീകരിക്കണം. ആ ഗ്രന്ഥം മാറ്റി വയ്ക്കാതെ എനിക്കു ഭവാനെ തൊടാൻ നിവൃത്തിയില്ലല്ലോ." ഇതു കേട്ടു ഭട്ടതിരി, "നീ എന്നെ ഉപദ്രവിക്കുകയിലെന്ന് സത്യം ചെയ്താൽ ഞാൻ ഗ്രന്ഥം മാറ്റിവയ്ക്കാം" എന്നു പറഞ്ഞു. അതു കേട്ടു യക്ഷി സസന്തോ‌ഷം സത്യം ചെയ്യുകയും ഭട്ടതിരി ഗ്രന്ഥമെടുത്ത് മാറ്റിവയ്ക്കുകയും അവർ സന്തോ‌ഷസമേതം ഭാര്യാഭർത്താക്കന്മാരുടെ നിലയിൽ ആ രാത്രിയെ നയിക്കുകയും ചെയ്തു. വെളുപ്പാൻ കാലമായപ്പോൾ തന്നെക്കൂടെ കൊണ്ടുപോകേണമെന്ന് യക്ഷി ഭട്ടതിരിയോടും തന്നോടുകൂടി പോരേണമെന്നു ഭട്ടതിരി യക്ഷിയോടും അപേക്ഷിക്കുകയും അപ്രകാരം രണ്ടുപേരും സമ്മതിക്കുകയും ചെയ്തു. അനന്തരം ഭട്ടതിരിയും അന്യന്മാർക്ക് അദൃശ്യയായി യക്ഷിയും അവിടെനിന്ന് പുറപ്പെട്ട് ഏതാനും ദിവസങ്ങൾകൊണ്ട് വയസ്കരയില്ലത്തു വന്നുചേരുകയും പിന്നേയും അവർ ഭാര്യാഭർത്താക്കന്മാരെപ്പോലെ പരസ്പരസ്നേഹത്തോടുകൂടിത്തന്നെ വർത്തിക്കുകയും ചെയ്തു. ആ യക്ഷി വിട്ടുപിരിയാതെ സദാ വയസ്കരയില്ലത്തുതന്നെ താമസിച്ചിരുന്നുവെങ്കിലും ഭട്ടതിരിക്കല്ലാതെ മറ്റാർക്കും ആ ദിവ്യമൂർത്തിയെ കാണാൻ പാടില്ലായിരുന്നു. അതിനാൽ ഈ കഥയൊന്നും മറ്റാരും അറിഞ്ഞിരുന്നില്ല.

ഇങ്ങനെ ഏതാനും കാലം കഴിഞ്ഞപ്പോൾ ആ യക്ഷി ഭട്ടതിരിയിൽ നിന്ന് ഗർഭം ധരിക്കുകയും അചിരേണ പ്രസവിച്ച് ഒരു പെൺകുട്ടിയുണ്ടാവുകയും ചെയ്തു. അപ്പോഴേക്കും ഭട്ടതിരിക്ക് യൗവനം ക്ഷയിക്കുകയാൽ അദ്ദേഹത്തിനും യക്ഷിക്കും പരസ്പരം വിരക്തി ജനിക്കുകയും യക്ഷി സ്വപുത്രിയെ, മേനക ശകുന്തളയെ എന്നപോലെ, അവിടെ ത്യജിച്ചിട്ടു സ്വസ്ഥാനത്തേക്കു പോവുകയും ചെയ്തു. ആ യക്ഷിയുടെ അനുഗ്രഹത്താൽ ആ പുത്രിയും ദിവ്യയായ ഒരു യക്ഷിയായി പെട്ടെന്നു യൗവനയുക്തയായിത്തീരുകയും അന്യന്മാർക്ക് അദൃശ്യയായി അവിടെത്തന്നെ താമസിക്കുകയും ചെയ്തു.

ചതുർവേദി ഭട്ടതിരി ചരമഗതിയെ പ്രാപിക്കാറായ സമയം സ്വപുത്രിയായ യക്ഷിയെ അടുക്കൽ വിളിച്ചു സ്വകാര്യമായി, "ഞാൻ ഇഹലോകവാസം വിടാറായിരിക്കുന്നു. എങ്കിലും നീ കുടുംബപരദേവതയായി എന്നും ഇവിടെത്തന്നെ വസിക്കണം. നിന്നെ ഒരു പരദേവതയായി ഇവിടെയുള്ളവർ എന്നും ആചരിച്ചുകൊള്ളും" എന്നു പറഞ്ഞിട്ട് അദ്ദേഹം തന്റെ സജാതീയഭാര്യയിലുണ്ടായിരുന്ന പ്രഥമപുത്രനെയും അടുക്കൽ വിളിച്ചു തനിക്കു യക്ഷി ഭാര്യയായിത്തീർന്ന കഥയും പുത്രിയുണ്ടായതും ആ പുത്രി കുടുംബപരദേവതയായി താമസിക്കുന്ന വിവരവും ആ പുത്രിയായ യക്ഷിയെ ആചരിക്കേണ്ടുന്ന ക്രമവും മറ്റും പറയുകയും ഉടനെ മരിക്കുകയും ചെയ്തു.

ചതുർവേദി ഭട്ടതിരിയുടെ പുത്രിയായ യക്ഷി ഇപ്പോഴും അദൃശ്യയായി വയസ്കരയില്ലത്തു താമസിച്ചുവരുന്നുണ്ടെന്നാണ് വിശ്വാസം. ആ യക്ഷിയെ സുന്ദരിയായ സ്ത്രീയുടെ രൂപത്തിലും സ്വരൂപത്തിലും അഗ്നി ഗോളമായും മറ്റും ഏതാനും കാലങ്ങൾക്കു മുമ്പുവരെ പലരും കണ്ടിട്ടുള്ളതായി കേൾവിയുണ്ട്.

വയസ്കരയില്ലത്ത് ഇപ്പോഴും ആണ്ടിലൊരിക്കൽ ഒരു ദിവസം കുറുപ്പന്മാരെക്കൊണ്ടു കളമെഴുത്തും പാട്ടും നടത്തിവരുന്നുണ്ട്. ഇത് മുൻപിനാലെ നടത്തിവരുന്നതാണ്. കുറുപ്പന്മാരെഴുതുന്ന കളങ്ങ(അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ടു നിലത്തു വരയ്ക്കുന്ന സ്വരൂപങ്ങ)ളുടെ കൂട്ടത്തിൽ ചതുർവേദി ഭട്ടതിരിയുടെയും യക്ഷിയുടെയും കളങ്ങൾകൂടി ഇപ്പോഴും എഴുതിക്കാണുന്നുണ്ട്. യക്ഷിയെക്കുറിച്ചുള്ള പാട്ടിൽ കുറുപ്പന്മാർ "ചതുർവേദി ഭട്ടതിരിക്ക് തിരുമകളായിരുന്നമ്മ" എന്നുകൂടി പാടുന്നുമുണ്ട്. അതിനാൽ ഈ ഐതിഹ്യം കേവലം അടിസ്ഥാനരഹിതമല്ലെന്നും ഏതോ ഒരു കാലത്ത് ഏതാണ്ടൊക്കെ ഉണ്ടായിട്ടുള്ളതാണെന്നും വിശ്വസിക്കാവുന്നതായിത്തന്നെ ഇരിക്കുന്നു.