ഐതിഹ്യമാല/മൂക്കോല ക്ഷേത്രങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
മൂക്കോല ക്ഷേത്രങ്ങൾ


ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത് പൊന്നാനിത്താലൂക്കിൽ പള്ളിക്കര അംശത്തിൽ വടക്കും മുറിദേശത്തു ചാലിശ്ശേരിക്കു പോകുന്ന റോഡിന്റെ വടക്കുഭാഗത്താണ്.

പണ്ട് സാക്ഷാൽ ശങ്കരാചാര്യസ്വാമികൾ ദേശാടനം ചെയ്തിരുന്നപ്പോൾ ഒരിക്കൽ ഈ സ്ഥലത്തുകൂടി വന്ന് ‘നരിതിന്നിക്കടത്തു’ കടന്ന സമയം അവിടെനിന്നു പൂർവ്വോത്തരഭാഗത്തായി അത്യത്ഭുതകരമായ ഒരു തേജസ്സു കണ്ടു. അതൊരു ദൈവികമായിട്ടുള്ളതാണെന്നു തോന്നിയെങ്കിലും മൂർത്തിയെന്താണെന്ന് അദ്ദേഹത്തിനു വ്യക്തമായി മനസ്സിലായില്ല. അതിനാൽ അദ്ദേഹം തപസ്സു ചെയ്തുകൊണ്ട് അവിടെ ഇരുന്നു. അദ്ദേഹം സാക്ഷാൽ മഹാമായയെ ധ്യാനിച്ചുകൊണ്ടാണ് തപസ്സുചെയ്തത്. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു മൂർത്തി ആചാര്യസ്വാമികളുടെ പുരോഭാഗത്ത് ആവീർഭവിച്ചു. അത് മഹാവിഷ്ണുവിന്റെ ആകൃതിയോടും സ്തനങ്ങൾ മുതലായ ചില സ്ത്രീലക്ഷണങ്ങളോടുംകൂടിയായിരുന്നു. ആ മൂർത്തിയെ കണ്ടപ്പോൾ ആചാര്യസ്വാമികൾ ഇതു സാക്ഷാൽ വിഷ്ണുമായയാണെന്ന് തീർച്ചപ്പെടുത്തി വന്ദിച്ചുകൊണ്ട് “ഭൂലോകരക്ഷാർത്ഥം ദേവിയുടെ സാന്നിദ്ധ്യം എന്നും ഈ സ്ഥലത്തുണ്ടായിരിക്കണം” എന്നപേക്ഷിച്ചു. ആ ദേവി അതിനെ ശിരഃകമ്പനംകൊണ്ടു സമ്മതിച്ചതായി അറിയിച്ചിട്ട് ഉടനെ അന്തർദ്ധാനം ചെയ്യുകയും ദേവി നിന്നിരുന്ന സ്ഥലത്ത് ആ അകൃതിയിൽത്തന്നെ ഒരു ശിലാവിഗ്രഹം കാണപ്പെടുകയും ചെയ്തു. സ്വയംഭൂവായ ആ വിഗ്രഹം ആ ദേവിയുടേതാണെന്ന് വിശേഷിച്ചു പറയണമെന്നില്ലല്ലോ.

ഇത്രയും കഴിഞ്ഞിട്ടും ആചാര്യസ്വാമികൾ കണ്ട തേജസ്സിന് ആ സ്ഥലത്തു യാതൊരു കുറവും വന്നില്ല. അതിനാൽ ആചാര്യസ്വാമികൾ പിന്നെയും തപസ്സു ചെയ്തുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹത്തിനു പ്രത്യക്ഷമായതു ദുർഗ്ഗാദേവിയാണ്. ആ ദേവിയെ അദ്ദേഹം ഒരു ശിലാഖണ്ഡത്തിന്മേലാവാഹിച്ചു സ്വയംഭൂവായ ദേവീവിഗ്രഹത്തിന്റെ സമീപത്തുതന്നെ വടക്കു പടിഞ്ഞാറു ഭാഗത്തു പ്രതിഷ്ഠിച്ചു. അപ്പോൾ ആദ്യം കണ്ടതായ ആ തേജസ്സ് സ്വല്പം കുറഞ്ഞു. എങ്കിലും നിശ്ശേഷം ഇല്ലാതായില്ല. അതിനാൽ ആചാര്യസ്വാമികൾ പിന്നെയും തപസ്സു തുടങ്ങി. അപ്പോൾ പ്രത്യക്ഷമായത് ഭദ്രകാളിയാണ്. ആചാര്യസ്വാമികൾ ആ ദേവിയെയും ആവാഹിച്ചെടുത്ത് ആദ്യപ്രതിഷ്ഠയുടെ നേരെ പടിഞ്ഞാറു ഭാഗത്ത് പ്രതിഷ്ഠിച്ചു. ആചാര്യസ്വാമികൾ പിന്നെയും തപസ്സുചെയ്തപ്പോൾ പ്രത്യക്ഷമായതു ശിവനാണ്. ആ ശിവനെ കിഴക്കുഭാഗത്തു പ്രതിഷ്ഠിച്ചു. പിന്നെ വിഷ്ണു പ്രത്യക്ഷനായി. ആ വിഷ്ണുവിനെ പടിഞ്ഞാറുഭാഗത്തു പ്രതിഷ്ഠിച്ചു. അനന്തരം തപസ്സു ചെയ്തപ്പോൾ ശാസ്താവു പ്രത്യക്ഷമായി. ആ ശാസ്താവിനെ വടക്കു കിഴക്കുഭാഗത്തു ‘കരുവാട്ട്’ എന്ന സ്ഥലത്തും പ്രതിഷ്ഠിച്ചു. ഇത്രയും കഴിഞ്ഞപ്പോൾ ആദ്യം കാണപ്പെട്ട തേജസ്സ് ആ സ്ഥലത്തു നിശ്ശേഷം ഇല്ലാതാവുകയും ചെയ്തു.

ആചാര്യസ്വാമികളുടെ ഈ അത്ഭുതകർമ്മങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ധനവാന്മാരുമായ അനേകം നമ്പൂരിപ്പാടന്മാരും ആ സ്ഥലത്തു വന്നു ചേർന്നു. ആ കൂട്ടത്തിൽ ആഴുവാഞ്ചേരി തമ്പ്രാക്കളുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി ആചാര്യസ്വാമികൾ അവിടെ പ്രതിഷ്ഠിച്ച ദേവീദേവന്മാർക്കു ക്ഷേത്രങ്ങൾ പണിയിക്കുക മുതലായ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. അപ്പോൾ തമ്പ്രാക്കൾ “ഭദ്രകാളിക്കു ക്ഷേത്രം പണിയിക്കുകയും നിത്യദാനം മുതലായവയ്ക്കു വേണ്ടുന്നതു കൊടുക്കുകയും ഞാൻ തനിച്ചായിക്കൊള്ളാം” എന്നു പറയുകയും അവിടുന്ന് അങ്ങനെ നടത്തുകയും ചെയ്തു. അതിനാൽ ആ ക്ഷേത്രം അവിടുത്തെ സ്വന്തമായിത്തീർന്നു. ആ ക്ഷേത്രത്തിനു പറഞ്ഞുവരുന്ന പേര് “കണ്ണേങ്കാവ്” എന്നാണ്.

ഭദ്രകാളിയുടെ ക്ഷേത്രകാര്യം തമ്പ്രാക്കൾ ഏറ്റുനടത്തിയപോലെ ശിവന്റെ ക്ഷേത്രക്കാര്യം പകരാവൂരു മനയ്ക്കൽനിന്ന് ഏറ്റുനടത്തി. അതിനാൽ ആ ശിവന്റെ ക്ഷേത്രം പകരാവൂരുമനയ്ക്കലെ വകയായിത്തീർന്നു.

പിന്നെ വിഷ്ണുവിന്റെ ക്ഷേത്രം മറ്റൊരാൾ പണി കഴിപ്പിച്ചു. ആ ക്ഷേത്രത്തിനു ‘കൊളഞ്ചേരി’ എന്നാണ് പേരു പറഞ്ഞു വരുന്നത്.

അനന്തരം ശാസ്താവിന്റെ ക്ഷേത്രം ചുനങ്ങാട്ടുകാഞ്ഞൂരുമനയ്ക്കൽനിന്നു പണികഴിപ്പിക്കുകയും അവിടെ വേണ്ടുന്ന കാര്യങ്ങൾക്കൊക്കെ ഏർപ്പാടു ചെയ്യുകയും ചെയ്തു. അതിനാൽ ആ ക്ഷേത്രം ആ മന വകയായും തീർന്നു. അതിനു പറഞ്ഞുവന്ന പേര് ‘കരുവാട്ട്’ എന്നു തന്നെയാണ്.

പിന്നെ അവിടെ ക്ഷേത്രമില്ലാതെയായിരുന്നത് സ്വയംഭൂവായ വിഷ്ണൂമായയും ആചാര്യസ്വാമികളാൽ പ്രതിഷ്ഠിക്കപ്പെട്ട ദുർഗ്ഗാദേവിയും മാത്രമാണ്. ആ ദേവികൾക്കും ക്ഷേത്രങ്ങൾ പണിയിക്കുന്നതിനും ആ ദേവസ്വകാര്യങ്ങൾ അനേഷിച്ചു നടത്തുന്നതിനും മറ്റുമായി ആചാര്യസ്വാമികൾ അവിടെ കൂടിയിരുന്ന നമ്പൂതിരിമാരിൽ മുപ്പത്താറുപേർക്ക് ഊരായ്മസ്ഥാനം കൊടുത്ത് അധികാരപ്പെടുത്തി. അവർ ആദ്യം തന്നെ സ്വയംഭൂവായ ദേവിക്കു ക്ഷേത്രം പണികഴിച്ച് അതിനു ‘മേലേക്കാവ്’ എന്നു പേരിട്ടു. എല്ലാംകൊണ്ടും അതു മേലേതന്നെയായിരുന്നതുകൊണ്ട് അ പേരു യഥാർത്ഥംതന്നെയായിത്തീർന്നു. ആ ക്ഷേത്രത്തോടു ചേർത്തുതന്നെ ദുർഗ്ഗാദേവിക്കും ക്ഷേത്രം പണികഴിപ്പിക്കുകയും അതിനു ‘കീഴേക്കാവ്’ എന്നു പേരിടുകയും ചെയ്തു. അവിടെ സദ്യകൾ നടത്തുന്നതിൻ ഒരു ഊട്ടുപുരയും ക്ഷേത്രത്തിലെ ഉപയോഗത്തിനും മറ്റുമായി ഒരു കിണറും ഉണ്ടാക്കിച്ചു.

ഇവിടെ ഇങ്ങനെയുണ്ടായ ക്ഷേത്രങ്ങൾക്കെല്ലാം കണ്ണേങ്കാവ്, മേലേക്കാവ്, കീഴേക്കാവ് മുതലായി പ്രത്യേകം പ്രത്യേകം ഓരോ പേരുകളും സിദ്ധിച്ചിട്ടുണ്ട്. എങ്കിലും അവയെ എല്ലാംകൂടി പറയുമ്പോൾ മൂക്കോലക്ഷേത്രങ്ങൾ എന്നാണ് പറഞ്ഞു വരുന്നത്. ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലം മൂന്നു ദിക്കുകളിൽനിന്ന് ഓരോ പെരുവഴികൾ വന്നുചേരുന്ന ഒരു കവലയിൽ ആയിരുന്നു. അതിനാൽ ആ സ്ഥലത്തെ എല്ലാവരും ‘മുക്കവല’ എന്നാണു പറഞ്ഞിരുന്നത്. അതിനാൽ ആ സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രങ്ങളെ മുക്കവലക്ഷേത്രങ്ങളെന്നും പറഞ്ഞിരുന്നു. കാലക്രമേണ മുക്കവല മുക്കോലയായിത്തീർന്നു. അതിനെ സംസ്കൃതപണ്ഡിതന്മാർ പരിഷ്കരിച്ച് ‘മുക്തിസ്ഥലം’ എന്നാക്കി പ്രയോഗിച്ചുതുടങ്ങി.

അവിടെയുള്ള ക്ഷേത്രങ്ങിളിൽ പ്രാധാന്യം മേലേക്കാവിനാണെന്നു മുമ്പുതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. എന്നാൽ കണ്ണേങ്കാവിനും ഒട്ടും പ്രാധാന്യക്കുറവില്ല. മേലേക്കാവിൽ ആരെങ്കിലും എന്തെങ്കിലും വഴിപാടു നടത്തിയാൽ അതുപോലെതന്നെ കണ്ണേങ്കാവിലും നടത്തണം. അങ്ങനെ ചെയ്യാതിരുന്നാൽ ആ ദേവിയുടെ (ഭദ്രകാളിയുടെ) വിരോധവും തന്നിമിത്തം പല അനർത്ഥങ്ങളും ഉണ്ടാകുമെന്നുള്ളതിനു സംശയമില്ല. ഇത് ഇപ്പോഴും കണ്ടുവരുന്ന ഒരു സംഗതിയാണ്. മേലേക്കാവിൽ ഭഗവതിക്കു രണ്ടുനേരവും പതിവുള്ള വെള്ളനിവേദ്യം ശ്രീകോവിലിന്റെ തൃപ്പടിയിന്മേൽ‌വെച്ച് ഇങ്ങോട്ടുംകൂടി പ്രാണാഹൂതി ചെയ്യുക ഇപ്പോഴും പതിവുണ്ട്.

ഈ ഭദ്രകാളിക്ക് അമ്പലം‌പണിയും കലശവും കഴിച്ചു പതിവായി പൂജ തുടങ്ങിയപ്പോൾ ആ ദേവിയുടെ ശക്തിയും ചൈതന്യവും അവിടെ ക്രമത്തിലധികം വർദ്ധിക്കുകയും ദേവിക്കു ‘ഭയങ്കരി’ എന്നുള്ള പേരു യഥാർത്ഥമായിത്തീരുകയും ചെയ്തു. പകൽ‌സമയത്തുപോലും അതിലേ സഞ്ചരിക്കുന്നതിനു ജനങ്ങൾക്കു വലിയ ഭയമായിത്തീർന്നു. രാത്രികാലങ്ങളിലെ കഥ പറയാനുമില്ല. രാത്രികാലങ്ങളിൽ അവിടെ ചെല്ലുകയ്യോ അതിലേ കടന്നുപോവുകയോ ചെയ്താൽ ആ ദേവിയുടെ ഭൂതഗണങ്ങളോ ദേവിതന്നെയോ പിടിച്ചുതിന്നുകയോ ചീന്തി ചോരകുടിക്കുകയോ ചെയ്യുമെന്നായിരുന്നു ജനങ്ങളുടെ വിചാരം. അങ്ങനെ വിചാരിക്കുവാൻതക്കവണ്ണം ചില സംഗതികൾ അക്കാലത്ത് അവിടെ ഉണ്ടായിട്ടുണ്ട്. വൃശ്ചികമാസം ഒന്നാംതിയതി മുതൽ പതിവുള്ള പാട്ടുതന്നെ ഏഴരനാഴിക രാച്ചെല്ലുന്നതിനുമുമ്പു കഴിച്ചുകൂട്ടി നടയുമടച്ചുപൂട്ടി എല്ലാവരും അവിടെ നിന്നു പോവുകയായിരുന്നു ആദ്യകാലത്തെ പതിവ്. കുറച്ചു കഴിഞ്ഞപ്പോൾ അതും നിവൃത്തിയില്ലാതായി. സന്ധ്യായായാൽ പിന്നെ ആരും അവിടെച്ചെല്ലാതെയായിത്തീർന്നു. പിന്നെ പാട്ടും മറ്റും നടത്തുന്നതെങ്ങനെയാണ്? ഇത്രയുമായപ്പോൾ തമ്പ്രാക്കളും തന്ത്രിയായ ചെന്നാസു നമ്പൂരിയും മറ്റേനകം യോഗ്യന്മാരുംകൂടി ആലോചിച്ച് ഇവിടെ വേദാർഹന്മാരായ ബ്രാഹ്മണരുടെ ശാന്തി വേണ്ടെന്നു വെച്ചാൽ ദേവിയുടെ ശക്തിയും ചൈതന്യവും ക്ഷയിക്കും. അപ്പോൾ ജനങ്ങളുടെ ഭയവും കുറയും. ക്ഷേത്രകാര്യങ്ങളെല്ലാം രാത്രിയിലും പകലും ഇഷ്ടം‌പോലെ നിർഭയം നടത്തറാവുകയും ചെയ്യും എന്നു നിശ്ചയിക്കുകയും അന്നുതന്നെ അവിടെ ശാന്തിക്ക് ഒരിളയതിനെ നിയമിക്കുകയും ക്ഷേത്രകാര്യങ്ങളെല്ലാം അന്വേഷിച്ച് നടത്തുന്നതിന് ആ ഇളയതിനെ അധികാരപ്പെടുത്തുകയും അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഭഗവതിയുടെ ശക്തിയും ജനങ്ങളുടെ ഭയവും കുറഞ്ഞ് സാമാന്യം പോലെ ആവുകയും ആ ക്ഷേത്രസന്നിധിയിൽ അഹോരാത്രം എല്ലാവരും നിർഭയം സഞ്ചരിച്ചുതുടങ്ങുകയും ചെയ്തു. പിന്നെയും തമ്പ്രാക്കൾ മാസംതോറും അവിടെ ചെന്നു ദർശനം നടത്തുക പതിവായിരുന്നു.

അനന്തരം ഏതാനും കൊല്ലങ്ങൾ കഴിഞ്ഞതിന്റെ ശേഷം ഒരിക്കൽ തമ്പ്രാക്കൾ ദർശനത്തിനായി അവിടെ ചെന്നപ്പോൾ അമ്പലത്തിൽ ചില നമ്പൂരിമാർ ജപിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവർ തമ്പ്രാക്കളെ കണ്ടിട്ടു പതിവുപോലെ എണീക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. അവരുടെ ധിക്കാരം തമ്പ്രാക്കൾ ഒട്ടും രസിച്ചില്ല. മലയാളബ്രാഹ്മണരിൽ പ്രാധാന്യം തമ്പ്രാക്കൾക്കായതുകൊണ്ട് അദ്ദേഹത്തെക്കണ്ടാൽ എല്ലാവരും ബഹുമാനിക്കണമെന്നായിരുന്നു തമ്പ്രാക്കളുടെ വിചാരം. അങ്ങനെ എല്ലാവരും ചെയ്ക പതിവുമായിരുന്നു. അവിടെ ഇരുന്നിരുന്ന നമ്പൂരിമാർ ക്ഷേത്രത്തിലെ ഊരായ്മക്കാരായിരുന്നു. അതിനാൽ അവിടെ അധികാരം തങ്ങൾക്കാണെന്നും തമ്പ്രാക്കൾക്കൊന്നുമില്ലെന്നും വിചാരിച്ചായിരിക്കാം അവർ തമ്പ്രാക്കളെ ബഹുമാനിക്കാഞ്ഞത്. ഏതെങ്കിലും തമ്പ്രാക്കളും കൂടെയുണ്ടായിരുന്ന തന്ത്രി ചെന്നാസ്സുനമ്പൂരി മുതലായവരും മുഷിഞ്ഞ് അവിടെനിന്ന് ഇറങ്ങിപ്പോയി. അതിൽ‌പിന്നെ തമ്പ്രാക്കളും ചെന്നാസ്സുനമ്പൂരിയും അവിടെപ്പോകാറില്ല. തമ്പ്രാക്കൾ അങ്ങോട്ടു ചെല്ലാതായതു കണ്ണങ്കാവുക്ഷേത്രത്തിലെ ശാന്തിക്കും കാര്യവിചാരത്തിനായി നിയമിക്കപ്പെട്ട ഇളയതിനു നല്ല തരമായിത്തീർന്നു. കാലക്രമേണ ഇളയത് ആ ക്ഷേത്രം സ്വന്തമാക്കി ഭരിച്ചുതുടങ്ങി. ഇപ്പോഴും അത് അങ്ങനെതന്നെയാണിരിക്കുന്നത്.

കിഴക്കെക്കാവെന്നു പറയപ്പെടുന്ന ദുർഗ്ഗാക്ഷേത്രത്തിനു കാലപ്പഴക്കംകൊണ്ടു കേടുസംഭവിച്ചപ്പോൾ അതിന്റെ ജീർണ്ണോദ്ധാരണവും അവിടെ ബിംബം മാറി പ്രതിഷ്ഠയും കലശവും മറ്റും നടത്തിച്ചത് ഒരു ഏറാൾപ്പാടുതമ്പുരാനാണ്. അതിനെപ്പറ്റി ഒരു ശ്ലോകം അവിടെ കാണുന്നതു താഴെ ചേർക്കുന്നു.

“ശുദ്ധോഭാവർദ്ധിസിദ്ധ്യാ കലിമലരഹിതോ-
ഗാബ്‌ധിനേതുഃ കനിയാൻ
രാജാ കൃത്വാ നവീനം പുരമതിരുചിരം
മുക്തിഗേഹാംബി കായാഃ
ബിംബം തത്ര പ്രതിഷ്ഠാപ്യ ച വസനസുവ-
ർണ്ണാന്നദാനൈര്യഥാർഹം
വർണ്ണാൻ സന്തർപ്യ സർവ്വാനപി വിധിവദഥാ-
കാരയച്ചാഭിഷേകം.”

ഈ ശ്ലോകത്തിന്റെ ആദ്യപാദത്തിൽത്തന്നെ “ശുദ്ധോഭാവർദ്ധിസിദ്ധ്യാ” എന്നുള്ളതുകൊണ്ടു കാണിച്ചിരിക്കുന്നതു തദ്ദിനകലിസംഖ്യയാണെന്നുള്ളതു സ്പഷ്ടമാണല്ലോ. ഇനി സർവ്വപ്രധാനമായ മേലെക്കാവിനെക്കുറിച്ചുകൂടി സ്വല്പം പറയാം.

ഇവിടെ ദേവിക്കു പതിവായി കാലത്തെയുള്ള മലർനിവേദ്യത്തിനു മലർ അന്നന്നു വറുത്തതെ പാടുള്ളൂ. ഇതുകൂടാതെ രണ്ടുനേരവും വെച്ചുനിവേദ്യവും പതിവുണ്ട്. നിവേദ്യം ചെയ്യുന്നതു ഓട്ടുപാത്രത്തിലല്ലാതെ പാടില്ല. ഇവിടെ രണ്ടു നേരവും നിവേദ്യം മാത്രമെ ഉള്ളൂ. പൂജ പതിവില്ല. പൂജ ആണ്ടുതോറും വൃശ്ചിക മാസത്തിൽ കാർത്തികനാൾ മാത്രമേയുള്ളു. അതിന് ഒരിക്കലും മുടക്കമില്ല. ആ പൂജ കഴിക്കുന്നത് അവിടത്തെ തന്ത്രിയായ അണിമംഗലത്തു നമ്പൂരിയാണ്. അവിടത്തെ പൂജാക്രമം ആ ഇല്ലക്കാർക്കല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാ. അത് അവർ അന്യന്മാരെ ഗ്രഹിപ്പിക്കുകയുമില്ല. കാർത്തികനാൾ പൂജയ്ക്കു തന്ത്രിയെ ക്ഷണിക്കാറില്ല. പതിവായതുകൊണ്ട് അവർ കാലേകൂട്ടി വന്നുകൊള്ളും അതിന് അവർ ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. വൃശ്ചികമാസത്തിൽ കാർത്തിക ഇവിടെ ഒരു മഹോത്സവമായിട്ടാണ് കൊണ്ടാടിവരുന്നത്. അന്നത്തെ വിളക്ക്, മാല്, സദ്യ മുതലായവയ്ക്കെല്ലാമുള്ള ചെലവുകൾ വഹിക്കുന്നതു സാമൂതിരിപ്പാടുതമ്പുരാനാണ്.

ഇവിടെ തന്ത്രിക്കല്ലാതെ പൂജ കഴിക്കാൻ പാടില്ലെന്നു മാത്രമല്ല, ശുകപുരഗ്രാമത്തിലുൾപ്പെട്ട നമ്പൂരിമാർക്കു ശാന്തിയും പാടില്ല. ഇവിടെ ശാന്തിക്കും കഴകത്തിനും ദേവസ്വത്തിൽനിന്നും പ്രതിഫലമൊന്നും കൊടുക്കാറില്ല. വഴിപാടുകൾ വരുന്നതുകൊണ്ട് ഇവിടെ ശാന്തിക്കാരനും കഴകക്കാരനും ധാരാളം സമ്പാദ്യമുണ്ടാകും. അതുകൊണ്ട് ഇവിടെ ശാന്തിക്കും കഴകത്തിനും ആളില്ലാതെ ഒരിക്കലും വരാറില്ല.

ആദ്യകാലത്ത് ഇവിടെ കിണറുണ്ടായിരുന്നില്ല. അഭിഷേകം, നിവേദ്യവെയ്പ് മുതലായവയ്ക്കെല്ലാം ആവശ്യമുള്ള വെള്ളം കീഴേക്കാവിൽനിന്നും കോരിക്കൊണ്ടുവന്നാണ് നടത്തിയിരുന്നത്. ഒരിക്കൽ അവിടെ ശാന്തി നടത്തിയിരുന്നതു വൃദ്ധനും ശുദ്ധഹൃദയനുമായ ഒരു നമ്പൂരിയായിരുന്നു. ഒരു ദിവസം രാത്രിയിൽ പതിവുള്ള ആവശ്യങ്ങളെല്ലാം കഴിഞ്ഞിട്ടു പിന്നെയും കുറച്ചുകൂടി വെള്ളം കൊണ്ടുവരേണ്ടതായ എന്തോ ആവശ്യം നേരിട്ടു. രാത്രിയിൽ‌പ്പോയി വെള്ളം കോരിക്കൊണ്ടുവരാനുള്ള ബുദ്ധിമുട്ടു വിചാരിച്ചിട്ടും ക്ഷീണം കൊണ്ടും ആ വൃദ്ധബ്രാഹ്മണനു സാമാന്യത്തിലധികം സങ്കടവും ദേഷ്യവുമുണ്ടായി. എങ്കിലും കാര്യം നടക്കണമല്ലോ എന്നു വിചാരിച്ച് ഒരു ചെപ്പുകുടവുമെടുത്തുകൊണ്ട് പുറപ്പെട്ട് ഇറങ്ങിയ ഉടനെ കാൽ ഒരു കല്ലിന്മേൽ മുട്ടി. മുമ്പേതന്നെ സങ്കടപ്പെട്ടുകൊണ്ടിരുന്ന ആ ശുദ്ധാത്മാവിന് ഇതിന്റെ വേദനയുംകൂടിയായപ്പോൾ ദേഷ്യം സഹിക്കവയ്യാതാവുകയാൽ ചെപ്പുകുടം വലിച്ചെറിഞ്ഞിട്ട് അത്താഴമൊന്നും കഴിക്കാതെ പോയി കിടന്നുറങ്ങി. പിറ്റേദിവസം കാലത്ത് ആ ചെപ്പുകുടം ചെന്നു വീണ സ്ഥലത്ത് ഒരൊന്നാന്തരം കിണർ കാണപ്പെട്ടു. അതു കുഴിച്ചെടുത്ത മണ്ണ് അവിടെയെങ്ങും കാണ്മാനില്ലായിരുന്നു. അവിടെനിന്ന് അരനാഴിക അകലെ ഒരു പാടത്തു തലേദിവസമില്ലാതെയിരുന്ന ഒരു മൺകുന്നു പിറ്റെദിവസം കാലത്തു കാണപ്പെടുകയും ചെയ്തു. ഈ കിണറു കുഴിച്ചത് ഭഗവതിയുടെ ഭൂതഗണങ്ങളാണെന്നാണ് പറയുന്നത്. ഭക്തവത്സലയായ ദേവിക്കു ഭക്തനും, അശക്തനും, ശുദ്ധനുമായ ആ ബ്രാഹ്മണനെക്കുറിച്ചു ദയയുണ്ടായിട്ട് അവിടുന്ന് ഇങ്ങനെ തന്റെ ഭൂതഗണങ്ങളെക്കൊണ്ടു ചെയ്യിച്ചതായിരിക്കും. മേൽക്കാവിൽഭഗവതി സകലാഭീഷ്ടപ്രദായിനിയും ഭക്തപ്രിയയുമാണെന്നുള്ളതു പ്രസിദ്ധമാണല്ലോ. അവിടെച്ചെന്നു ഭക്തിപൂർവ്വം ഭജിച്ചു പ്രാർത്ഥിച്ചാൽ സന്തതിയോ, സമ്പത്തോ, സംഗീതമോ, സാഹിത്യമോ എന്തുവേണമെങ്കിലുമുണ്ടാകും. വിശേഷിച്ചു കവിത്വമുണ്ടാകുന്നതിന് ഈ ദേവിയെ ഭജിക്കുന്നതുപോലെ സുഗമമായ മാർഗ്ഗം വേറെ യാതൊന്നുമില്ല. അതിനാൽ സ്ഥലത്തെ ‘ദക്ഷിണമൂകാംബി’ എന്നുതന്നെ ചിലർ പറയാറുണ്ട്.

ഉദ്ദണ്ഡശാസ്ത്രികൾ കേരളത്തിൽ വന്നതിന്റെശേഷം പല ക്ഷേത്രങ്ങൾ സന്ദർശിച്ചു. ഒരിടത്തു ചെന്നിട്ടും അദ്ദേഹത്തിന്റ്റെ മനസ്സിൽ ഭക്തി തോന്നിയില്ല. അതിനാലദ്ദേഹം ഒരിടത്തും ദർശനം കഴിച്ചില്ല. മേലേക്കാവിൽച്ചെന്നു നോക്കിയപ്പോൾ അദ്ദേഹത്തിനു വളരെ ഭക്തിതോന്നുകയാൽ അദ്ദേഹം അമ്പലത്തിനകത്തുകടന്നു ദേവിയെ വന്ദിച്ചു. അപ്പോൾ ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലിയാണ് അദ്ദേഹം വന്ദിച്ചത്. അതിന്റെ പൂർവ്വാർദ്ധമായ-

“സംഭരിതഭൂരികൃപമംബ! ശുഭമംഗം
ശുംഭതു ചിരന്തനമിദം തവ മദന്തഃ”

എന്നീ രണ്ടു പദം ചൊല്ലിക്കഴിഞ്ഞിട്ടു ശേഷം തോന്നാൻ ശാസ്ത്രികൾക്കു സ്വല്പം താമസം വന്നു. അപ്പോൾ നടയിൽ ഇടയ്ക്ക കൊട്ടിക്കൊണ്ടുനിന്നിരുന്ന മാരാർ ആ പൂർവ്വാർദ്ധത്തിന്റെ ഉത്തരാർദ്ധമായി-

“ജഭരിപുകുംഭിവരകുംഭയുഗഡംഭ-
സ്തംഭികുചകുംഭപരിരംഭപരശംഭുഃ”

എന്നു ചൊല്ല്ലി. അതുകേട്ടു ശാസ്ത്രികൾ സന്തോഷാത്ഭുതഭരിതനായി ‘നീ താൻ കവിമല്ലൻ’ എന്നു പറഞ്ഞു. പണ്ഡിതാഗ്രേസരനും മഹാകവിയുമായിരുന്ന ഉദ്ദണ്ഡശാസ്ത്രികളുടെ അഭിനന്ദനത്തിനു പാത്രീഭവിക്കുവാൻ തക്കവണ്ണമുള്ള കവിത്വം ആ മാരാർക്കു സിദ്ധിച്ചത് ഈ ദേവീയെ സേവിച്ചിട്ടുമാത്രമായിരുന്നു.

ജ്ഞാനപ്പാന മുതലായ കൃതികളുടെ നിർമ്മാതാവായ പൂന്താനത്തു നമ്പൂരിക്കു കവിതാവാസനയുണ്ടായതും ഈ ദേവിയെ സേവിച്ചിട്ടുതന്നെയായിരുന്നു. പൂന്താനത്തു നമ്പൂരി അദ്ദേഹത്തിന്റെ കവിത ഗുരുവായൂർ ക്ഷേത്രത്തിൽ ഭജിച്ചുകൊണ്ടിരുന്ന മേൽ‌പ്പത്തൂർ നാരായണഭട്ടതിരിയെ കേൾപ്പിച്ചപ്പോൾ ഭട്ടതിരി “വിഭക്തി കുറവാണ്” എന്നു പറഞ്ഞുവെന്നും ഭട്ടതിരി അങ്ങനെ പറഞ്ഞതിനാൽ ഇനി തന്റെ കവിതയെ ആരും ആദരിക്കുകയില്ലെന്നു വിചാരിച്ചു പൂന്താനത്ത് നമ്പൂരി വിഷാദത്തോടുകൂടി അവിടെനിന്ന് ഇറങ്ങിപ്പോയപ്പോൾ “വിഭക്തി കുറവാണെങ്കിലും ഭക്തി ഭട്ടതിരിക്കുള്ളതിലധികം പൂന്താനത്തിനുണ്ട്” എന്നു ഗുരുവായൂരപ്പൻ അരുളിച്ചെയ്തതു കേട്ടു ഭട്ടതിരി പശ്ചാത്താപത്തോടുകൂടി പൂന്താനത്തു നമ്പൂരിയുടെ അടുക്കൽച്ചെന്നു സമാധാനം പറഞ്ഞ് അദ്ദേഹത്തെ സന്തോഷിപ്പിച്ചുവെന്നുമുള്ള ഐതീഹ്യം സുപ്രസിദ്ധമാണല്ലോ. എന്നാൽ ഭട്ടതിരിയുടെ ആപത്ത് അതുകൊണ്ടു തീർന്നില്ല. മേലേക്കാവിൽ ഭഗവതിയുടെ പ്രധാനഭകതനായിരുന്നുവല്ലോ പൂന്താനത്തു നമ്പൂരി. അദ്ദേഹത്തിനു വിഭക്തിജ്ഞാനം ചുരുക്കമാണെന്നു പറഞ്ഞ് അധിക്ഷേപിച്ചത് ആ ദേവിക്കു രസിച്ചില്ല. ഭഗവതിയുടെ വിരോധം നിമിത്തം ഭട്ടതിരിക്ക് പല അനർത്ഥങ്ങൾ നേരിട്ടു. തൽ‌പ്പരിഹാരാർത്ഥം ഭട്ടതിരി മേലേക്കാവിൽച്ചെന്നു മണ്ഡലഭജനം നടത്തി ദേവിയുടെ വിരോധം തീർത്തു സന്തോഷിപ്പിച്ചു. ഭട്ടതിരി ആ ഭജനകാലത്തുണ്ടാക്കിയതാണ് ‘ശ്രീപാദസപ്തതി’ എന്ന സ്തോത്രകൃതി. അതിൽനിന്ന് ചില ശ്ലോകങ്ങൾ താഴെ പകർത്തുന്നു.

യത്‌സംവാഹനലോഭിനശശികലാ ചുഡസ്യ ഹസ്താംബുജ-
സ്പർശനാപി ച ലോഹിതായതിമുഹു സ്ത്വൽ‌പാദപങ്കേരുഹം
തേനൈവോദ്ധതകാസരാസുരശിര ശൃംഗാഗ്രസഞ്ചൂർണ്ണന
പ്രാചണ്ഡ്യം തദനുഷ്ഠിതം കില കഥം മുക്തിസ്ഥേലസ്ഥശിവേ?
ത്വൽ‌പാദം നിജമസ്തകേ ഘടയിതും കേ കേ നു ലോകേ ജനാഃ
കിം കിം നാരചയന്തി ദുശ്‌ചരതപശ്‌ചര്യാസപര്യാദികം
മന്യേ ധന്യതമം തു ദേവീ! മഹിഷം വൈരസ്ഥയൈവ ത്വയാ
യന്മൂർദ്ധനി സ്വയമേവ പാകതഹരം പാദാംബുജം പാതിതം.
ത്വൽ‌പാദാഞ്ചലരൂപകൽ‌പലതികാ ബാലപ്രവാളദ്വയം
യേ താവൽ കലയന്തീ ജാതു ശിരസാ നമ്രേണ കമ്‌റോജ്ജ്വലം
തേഷാമേവ ഹീ ദേവീ! നന്ദനവന ക്രീഡാസു ലഭ്യം പുനഃ
സ്വർവ്വല്ലീതരുണപ്രവാളഭരണം സേവാനുരുപം ഫലം.
ഘോരം പാദസഹസ്രകം പ്രകടയന്നാശാസു ഭാസാം‌പതി-ർ
ദ്ധ്വാന്തന്നോ പുനരാന്തരം ശമയിതും ശക്നോതി ശൈലാത്മജേ?
ത്വൽ‌പാദദ്വിതയേന കോമളതരേണാനേനനചേതഃസ്പൃശാ
ജന്തൂനാം ബഹിരന്തരന്ധതമസം കൃന്തസ്യനന്തംശിവേ!

ഭട്ടതിരി മേലേക്കാവിൽ‌പ്പോയി മണ്ഡലഭജനം നടത്തിയതും ശ്രീപാദസപ്തതിയുണ്ടാക്കിയതും ഗുരുവായൂർ ഭജനത്തിടയ്ക്കായിരുന്നു. അതിനാൽ മേലേക്കാവിലെ ഭജനം കഴിഞ്ഞതിന്റെ ശേഷം അദ്ദേഹം വീണ്ടും ഗുരുവായൂർതന്നെ ചെന്നു ഭജിച്ചുകൊണ്ടു താമസിച്ചു. അതിനിടയ്ക്ക് ഒരു ദിവസം ഗുരുവായൂരപ്പൻ ഭട്ടതിരിയോട് “ഒടുക്കം മുക്തി ലഭിക്കുന്നതിനും ‘മുക്തിസ്ഥലത്തു’ തന്നെ പോവുകയാണ് നല്ലത്” എന്നരുളിച്ചെയ്യുകയാൽ ഭട്ടതിരി ഗുരുവായൂർ ക്ഷേത്രത്തിലെ ഭജനം മതിയാക്കിയതിന്റെ ശേഷം അജീവനാന്തം മേലേക്കാവിൽ തിങ്കൾഭജനം നടത്തുകയും ഒടുക്കം അവിടെവച്ചുതന്നെ ചരമഗതിയെ പ്രാപിക്കുകയും ചെയ്തുവെന്നാണ് കേൾവി.

ഭാഗവതോത്തമനും ഭാഗവതപാരായണനുമായിരുന്ന കൂടല്ലൂർ കുഞ്ഞിക്കാവുനമ്പൂരിപ്പാട്ടിലേക്കു മേലേക്കാവിൽ ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. അദ്ദേഹം ആണ്ടുതോറും നവരാത്രികാലത്ത് അവിടെച്ചെന്ന് ദേവിയെ ഭജിച്ചുകൊണ്ട് താമസിക്കുകയും മുടക്കംകൂടാതെ ഭാഗവതപാരായണം നടത്തുകയും പതിവായിരുന്നു. കൂടല്ലൂർ നമ്പൂരിപ്പാടു വന്നു ഭാഗവതപാരായണം തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞാൽ എവിടെയായാലും അതു കേൾക്കുന്നതിന് അസംഖ്യമാളുകൾ വന്നുകൂടുകയും അവരെല്ലാവരും യഥാശക്തി കുറേശ്ശേ പണം നമ്പൂരിപ്പാട്ടിലെ മുമ്പിൽ‌വെച്ചു വന്ദിക്കുകയും പതിവായിരുന്നു. അങ്ങനെ വരുന്ന പണമൊന്നും നമ്പൂരിപ്പാടെടുത്തു സമ്പാദിക്കുക പതിവില്ല. എവിടെയായാലും അതതു സ്ഥലങ്ങളിൽ ആ പണം മുഴുവനും ഈശ്വരാർത്ഥമായി ചെലവു ചെയ്യുകയാണ് പതിവ്. അവിടെ വച്ചുണ്ടായ പണം ശേഖരിച്ചുവെച്ചു ക്ഷേത്രത്തിനു ജീർണ്ണോദ്ധാരണം ചെയ്യിക്കുകയും ചെമ്പുപലക അടിപ്പിക്കുകയും ചെയ്തു. പിന്നെ നവരാത്രികാലത്തു അവിടെക്കൂടുന്ന ബ്രാഹ്മണർക്കു പതിവായി അത്താഴം കൊടുക്കുന്നതിലേക്കായി ആയിരമുറുപ്പിക ദേവസ്വത്തിൽ ഏൽ‌‌പ്പിക്കുകയും ചെയ്തു.

മേലേക്കാവിലെ പ്രധാന വഴിപാടു മണ്ഡലക്കാലത്തു വാരം കഴിക്കുകയാണ്. അതു ചുരുക്കത്തിലായാൽ‌പ്പോര. ആയിരം നേന്ത്രപ്പഴംകൊണ്ടു പ്രഥമനും, വലിയ പപ്പടം, പഞ്ചസാര, ശർക്കരപുരട്ടിയുപ്പേരി മുതലായ വിഭവങ്ങളും വേണം. ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി ഈ വഴിപാടു പലരും നടത്താറുണ്ട്. എങ്കിലും കൊല്ലത്തിൽ നാലഞ്ചു വാരത്തിലധികം ഉണ്ടാകാറില്ല. ആയിരം പഴംകൊണ്ടു പ്രഥമനുള്ള വാരം നടത്തുന്ന ദിവസം ദേവിക്കു പതിനെട്ടു പറ അരി വെച്ചു വെള്ള നിവേദ്യം വേണം. അതിനാൽ ഈ വഴിപാടു ഒരു വിധം ധനികന്മാർക്കല്ലാതെ നടത്തിവാൻ സാധിക്കുകയില്ല. വാരമില്ലാത്ത ദിവസങ്ങളിൽ അവിടെ ബ്രാഹ്മണർക്ക് അത്താഴത്തിനു മാർഗ്ഗമൊന്നുമില്ലായിരുന്നു. അതിനാലാണു കൂടല്ലൂർ നമ്പൂരിപ്പാട് അത്താഴത്തിനു വകവെച്ചുകൊടുത്തത്.

ഇവിടെ ‘കെട്ടുമാല’ എന്നൊരു വഴിപാടും പതിവുണ്ടായിരുന്നു. ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി ഇതു പലരും പ്രാർത്ഥിക്കുകയും കാര്യങ്ങൾ സാധിക്കുകയും വഴിപാടു നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഭക്തിയോടുകൂടിയല്ലാതെ ഊറ്റം കാണിക്കുന്നതിനായി വഴിപാടു നടത്തുക ദേവിക്കു ഒട്ടും ഇഷ്ടമില്ല. അങ്ങനെ നടത്തുന്ന വഴിപാടുകൾ അവിടെ ഒരിക്കലും ശരിയായി നടക്കാറുമില്ല. ആ വഴിപാടിന്റെ സ്വഭാവമെങ്ങനെയെന്നാൽ, ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രപറമ്പിലുള്ള വൃക്ഷത്തിന്മേൽ‌പ്പോലും നിറച്ചു മാലകൾ ചാർത്തുകയും വിളക്കുകൾ വെയ്ക്കുകയും കീഴേക്കാവിൽ‌വെച്ചു കേമമായി സദ്യ നടത്തുകയുമാണ്. ഒരിക്കൽ കുതിരവട്ടത്തു നായരുടെ ഭവനത്തിലെ മൂത്ത നേത്യാര് ഇവിടെ ഒരു കെട്ടുമാല കഴിക്കുകയുണ്ടായി. അതു തന്റെ ധനശക്തിയും പ്രഭാവവും കാണിക്കാൻ‌കൂടിയായിരുന്നു. നേത്യാരു നേരത്തെ തൊഴാനായിട്ടു ക്ഷേത്രത്തിൽ ചെന്നപ്പോൾത്തന്നെ വഴിപാടു നടത്താൻ ചുമതലക്കാരായ ക്ഷേത്രസംബന്ധികളോടും മറ്റും “പണം എത്രയായാലും വിരോധമില്ല, കെട്ടുമാല ഇടിപൊടിയാകണം” എന്നുപറഞ്ഞു പ്രത്യേകം ചട്ടംകെട്ടി. നേരം സന്ധ്യയാകാറായപ്പോൾ മുതൽ രാത്രി മുഴുവനും അതികലശലായിട്ടുള്ള ഇടിയും മഴയും കാറ്റുമുണ്ടായിരുന്നതിനാൽ അന്നു സാമാന്യം പോലെ വിളക്കുവെയ്ക്കുന്നതിനും മാല ചാർത്തുന്നതിനും മറ്റും സാധിച്ചില്ല. അഹമ്മതിയോടുകൂടി അവിടെ വരുന്നവർക്കെല്ലാം ഇച്ഛാഭംഗത്തോടുകൂടിയല്ലാതെ മടങ്ങിപ്പോകാൻ ഒരിക്കലും സാധിക്കാറില്ല.

മേലേക്കാവിൽ ഭഗവതിക്കു വിശേഷദിവസങ്ങളിൽ അരയ്ക്കു മേല്പോട്ടു ചന്ദനം ചാർത്തുക പതിവുണ്ട്. അത് ഓരോരുത്തരുടെ വഴിപാടായിട്ടാണ് പതിവ്. അവിടെ ചാർത്താൻ അനവധി തിരുവാഭരണങ്ങളും വഴിപാടായിത്തന്നെ വരും. അവിടെ ക്ഷേത്രത്തിൽ അശുദ്ധി ബാധിച്ചാൽ പുണ്യാഹം പതിവില്ല. പൂവും മാലയുമെല്ലാമെടുത്തു പുറത്തിട്ടു വെള്ളമൊഴിച്ചു ബിംബം കഴുകുക മാത്രമെ പതിവുള്ളു. പൂവും മാലയുമെടുത്തു പുറത്തിടുന്നതിനോടുകൂടി തിരുവാഭരണങ്ങളുമെടുത്തു പുറത്തിടും. ആ തിരുവാഭരണങ്ങളെല്ലാം കിഴക്കേക്കാവിലേയ്ക്കെടുത്തു മുതൽക്കൂട്ടി അവിടെ സൂക്ഷിക്കും. അങ്ങനെയാണ് പതിവ്.

അവിടെ ശ്രീകോവിലിനകത്തു ബിംബത്തിന്റെ മുമ്പിൽ തറയിൽ ഒരു ദ്വാരമുണ്ട്. അത് എപ്പോഴും ഒരു പലകകൊണ്ട് അടച്ചിരിക്കും. ആവശ്യം‌പോലെ ആ പലക മാറ്റി ആ ദ്വാരത്തിൽ കൈയിട്ടു നോക്കിയാൽ ഒരു മാതിരി കല്ലു കിട്ടും. അതിനു ‘മുക്കോലക്കല്ല്’ എന്നാണു പേരു പറഞ്ഞുവരുന്നത്. ആ കല്ലു സ്വർണ്ണംകൊണ്ടോ വെള്ളികൊണ്ടോ കെട്ടിച്ചു ദേഹത്തിൽ ധരിച്ചാൽ ദുർദ്ദേവതമാരുടെ ഉപദ്രവവും മഹാരോഗങ്ങളും ഉണ്ടാവുകയില്ല. അതിനാൽ ആ കല്ലു വാങ്ങിക്കൊണ്ടുപോകാനായി അവിടെ അസംഖ്യമാളുകൾ വരുന്നുണ്ട്. ആവശ്യക്കാർ തലേദിവസംതന്നെ അവിടെച്ചെന്നു ശാന്തിക്കാരനെപ്പറഞ്ഞേൽ‌പ്പിക്കണം. പിറ്റേദിവസം കാലത്തെ കുളിച്ച് അമ്പലത്തിൽച്ചെന്നു ദേവീദർശ്ശനവും യഥാശക്തി വഴിപാടും ശാന്തിക്കാരനു ദക്ഷിണയും കഴിച്ചാൽ ശാന്തിക്കാരൻ അടപ്പുപലക മാറ്റി ദ്വാരത്തിൽ കൈയിട്ടു കല്ലെടുത്തു കൊടുക്കും. ഈ കല്ലു കെട്ടിച്ച് സ്ത്രീകൾ കഴുത്തിലും പുരുഷന്മാർ അരയിലുമാണ് ധരിക്കുക പതിവ്.

“നമ്പൂരിമാർക്ക് ഊരായ്മയുള്ള ക്ഷേത്രത്തിലെ സ്വത്തുകളെല്ലാം വാരം കഴിച്ചും പൂരം ഘോഷിച്ചും തമ്മിത്തല്ലി വ്യവഹാരങ്ങൾ നടത്തിയും നശിപ്പിക്കുകയും ഒടുക്കം അവരും നശിക്കുകയുമാണ് പതിവ്” എന്നു ജനങ്ങളുടെ ഇടയിൽ ഒരു സംസാരവും വിശ്വാസവുമുള്ളതിനു മേലേക്കാവിലെ സ്ഥിതിയും ഒട്ടും വ്യത്യാസമായിരിക്കുന്നില്ല.