Jump to content

ഐതിഹ്യമാല/കിളിരൂർകുന്നിന്മേൽ ഭഗവതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കിളിരൂർകുന്നിന്മേൽ ഭഗവതി


തിരുവതാംകൂർ സംസ്ഥാനത്ത് കോട്ടയം താലൂക്കിൽ കിളിരൂർ ദേശം[1] പണ്ടു തെക്കുംകൂർ രാജ്യത്തുൾപ്പെട്ടതായിരുന്നു. അതിനാൽ ഈ ഭഗവതി ക്ഷേത്രം കിളിരൂർ ദേശക്കാർ തെക്കുംകൂർ രാജാവിന്റെ അനുവാദത്തോടും സഹായത്തോടും കൂടിയാണ് പണികഴിപ്പിച്ചത്. എന്നാൽ അവരുടെ വിചാരം ഇവിടെ ഭഗവതിയെ പ്രതിഷ്ഠിക്കണമെന്നല്ലായിരുന്നു. ശാസ്താവിനെ പ്രതിഷ്ഠിക്കണമെന്നുവിചാരിച്ചാണ് ആ ദേശക്കാർ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അമ്പലത്തിന്റെ പണിയെല്ലാം കുറേ തീർപ്പിക്കുകയും ശാസ്താവിന്റെ ഒരു വിഗ്രഹമുണ്ടാക്കിക്കുകയും പ്രതിഷ്ഠയ്ക്കായി മുഹൂർത്തം നോക്കിച്ചു നിശ്ചയിക്കുകയും അടുത്തുള്ള തിരുവാർപ്പു ക്ഷേത്രത്തിലെ തന്ത്രിയായ മറ്റപ്പള്ളി നമ്പൂരിപ്പാട്ടിലെ അടുക്കൽനിന്നു പ്രതിഷ്ഠക്കും കലശം മുതലായതിനും വേണ്ടുന്ന ഉപകരണങ്ങൾക്കും മറ്റും പടിത്തരച്ചാർത്തു വാങ്ങുകയും സാമാനങ്ങൾ ശേഖരിച്ചു തുടങ്ങുകയും പ്രതിഷ്ഠാദികൾ മുറയ്ക്കു നടത്തിക്കുന്നതിനായി കരയിൽ പ്രധാനിമാരായ പള്ളിയിൽ മേനോൻ, വെട്ടികുളങ്ങര കയ്മൾ മുതലായവരുടെ അപേക്ഷ പ്രകാരം തെക്കുംകൂർ രാജാവ് മുൻകൂട്ടി സ്ഥലത്തെത്തി വേണ്ടുന്ന ചട്ടംകെട്ടുകളെല്ലാം ചെയ്തുകൊണ്ടു താമസം തുടങ്ങുകയും ചെയ്തു.

ഈ സംഗതികൾ നടന്നു കൊണ്ടിരിക്കുന്ന കാലത്തു കിളിരൂർ ദേശത്തു 'കണ്ണാട്ട്' എന്ന വീട്ടിൽ 'കോത' എന്നു പേരായ് ഒരു സ്ത്രീ ഉണ്ടായിരുന്നു. വയോവൃദ്ധയും ഈശ്വരഭക്തയും സത്ഗുണവതിയുമായിരുന്ന അവരെ എല്ലാവരും കോതയമ്മ എന്നാണു വിളിച്ചിരുന്നത്. അവർക്ക് ഏഴര നാഴികവെളുപ്പിനു കുളിയും ചില ജപങ്ങളും മറ്റും പതിവുണ്ടായിരുന്നു. ഒരു യോഗീശ്വരൻ അവർക്കു ദിവ്യമന്ത്രം ഉപദേശിച്ചിരുന്നതിനാൽ ആ മന്ത്രം ജപിചു ജപിച്ചു അവർ ഒരു ദിവ്യയായിത്തീർന്നുവത്രേ. അവർ വെളുപ്പാൻ കാലത്തു കുളിക്കാൻപോകുന്ന സമയം 'കാർത്യായനി' എന്നു പേരായി അവർക്കുണ്ടായിരുന്ന മകളെക്കൂടെ കൊണ്ടുപോവുക പതിവായിരുന്നു.

ഒരു ദിവസം വെളുപ്പാൻ കാലത്തു കുളിക്കാൻപോകാറായപ്പോൾ കോതയമ്മ പതിവു പോലെ മകളെ വിളിച്ചു. 'അമ്മ മുൻപേ പൊയ്ക്കൊള്ളൂ, ഞാൻപിന്നാലെവന്നു കൊള്ളാം' എന്നു പറയുകയാൽ വൃദ്ധ പോയി. പുഴയിലിറങ്ങി കുളി ആരംഭിച്ചു. അപ്പോൾ മറുകരയിൽ നിന്നു ആരോ വെള്ളത്തിലിറങ്ങി നടന്നു തന്റെ നേരേ വരുന്നതായി തോന്നുകയാൽ വൃദ്ധ സ്വല്പം ഭയത്തോടുകൂടി "കാർത്ത്യായനീ" എന്നു ഉറക്കെ വിളിച്ചു. അപ്പോൾ വെള്ളത്തിൽക്കൂടി നടന്നു വന്ന ആൾ ഉച്ചത്തിൽ വിളി കേട്ടുകൊണ്ടു കോതയമ്മയുടെ അടുക്കലേയ്ക്ക് ചെന്നു. അതു തന്റെ മകളായിരിക്കുമെന്നു വിചാരിച്ചിട്ട് കോതയമ്മ, "നീയിപ്പോൾ അക്കരയ്ക്കു പോയതെന്തിനാണ്?" എന്നു ചോദിച്ചു. അപ്പോൾ വന്നയാൾ "അമ്മേ ഞാൻഒരു കാർത്ത്യായനി തന്നെയാണ് എങ്കിലും നിങ്ങളുടെ മകളല്ല"എന്നു പറഞ്ഞു. അതു കേട്ട് വൃദ്ധസൂക്ഷിച്ചു നോക്കി. വൃദ്ധയ്ക്ക് നയനേന്ദ്രിയശക്തി കുറഞ്ഞുപോയിരുന്നുവെങ്കിലും അപ്പോൾ കുറേശ്ശെ നിലാവുണ്ടായിരുന്നതിനാൽ ആവന്നയാൾ സർവ്വാംഗസുന്ദരിയും നവയവ്വൗനയുക്തയുമായ ഒരു കന്യകയാണന്നും ആ ബാലിക തലമുടി ഭംഗിയായി ചീകിക്കെട്ടി സുരഭിലകുസുമങ്ങൾ ചൂടുകയും, കാതിൽ ഓലയും കഴുത്തിൽ പാലയ്ക്കാ മോതിരവും അരയിൽ പട്ടുവസ്ത്രവും, ധരിയ്ക്കുകയും ചെയ്തിട്ടുണ്ടന്നും വൃദ്ധ മനസ്സിലാക്കുകയും അവർ തമ്മിൽ സ്വല്പം സംഭാ‌ഷണം നടക്കുകയുംചെയ്തു.

വൃദ്ധ: നീ എവിടെ നിന്നാണ് വരുന്നതു? എങ്ങോട്ടു പോകുന്നു?

കന്യക: ഞാൻ സ്വല്പം കിഴക്കുനിന്നാണു വരുന്നതു ഇവിടെ കുന്നിന്മേൽ പുത്തനായി ഒരു ക്ഷേത്രം പണീകഴിപ്പിച്ചിട്ടുണ്ടല്ലോ.ഞാൻ അവിടെ കയറി പാർക്കാനായിട്ടാണു പോകുന്നത്.

വൃദ്ധ: ആ അമ്പലം ശാസ്താവിനെ പ്രതിഷ്ഠിക്കാനായിട്ടു പണിയി ച്ചിട്ടുള്ളതാണല്ലോ.

കന്യക: അതു ശരിതന്നെ. എങ്കിലും ഞാൻതന്നെ അവിടെ പാർക്കും. ഞങ്ങൾ ഏഴുപേരാണ് കിഴക്കുനിന്നും പോന്നത്. ശേ‌ഷമെല്ലാവരും ഇടയ്ക്കു ഓരോസ്ഥലങ്ങളിൽ കയറി താമസമായി. എനിക്കു മാത്രം എങ്ങും സ്ഥലം കിട്ടിയില്ല. അപ്പോഴാണു ഇങ്ങിനെ ഒരു സ്ഥലം തയ്യാറായിട്ടുണ്ടെന്ന് അറിഞ്ഞത്. ഉടനെ ഇങ്ങോട്ടു പോരികയും ചെയ്തു. ശാസ്താവിനെ പ്രതിഷ്ഠിക്കാൻ വേണമെങ്കിൽ വേറെ അമ്പലം പണിയിച്ചു കൊള്ളുവാൻ നിങ്ങൾ നിങ്ങളുടെ സഹോദരൻ മുഖാന്തിരം പള്ളിയിൽ മേനോൻ മുതലായവരെ അറിയിച്ചേക്കണം. അവർ രാജാവിന്റെ അടുക്കൽ അറിയിച്ചുകൊള്ളുമല്ലോ. ഇനി മേലാൽ ഈ കരയിൽ കുട്ടികൾക്കു കാർത്ത്യായനി എന്നു പേരിടുകയും പാലയ്ക്കാമോതിരം കെട്ടിയ്ക്കുകയും ചെയ്യരുതെന്നും നിങ്ങൾ നിങ്ങളുടെ സഹോദരൻ മുഖാന്തിരം ജനങ്ങളെ അറിയിച്ചേക്കണം. ഇതൊന്നും പറഞ്ഞതായിട്ടും നമ്മൾ തമ്മിൽ കണ്ടതായിട്ടും ആരോടും നിങ്ങൾ പറകയുമരുത്.

ഇവരുടെ സംഭാ‌ഷണം കേട്ടുകൊണ്ട് ആ ദേശക്കാരനും,നല്ല ജോത്സ്യനുംപ്രശ്നമാർഗ്ഗനിപുണനും ഒരുദിവ്യനുമായ കണിയാംപറമ്പിൽ കണിയാർ ഒരു മരത്തിനു മറഞ്ഞു നിന്നിരുന്നു. കന്യകയുടെ സംഭാ‌ഷണമവസാനിച്ചപ്പോൾ ഉടനെ ആ കണീയാർ അടിയൻ "ഇതെലാം കേട്ടുവല്ലോ" എന്നു പറഞ്ഞു. അപ്പോൾ ആ കന്യക എന്നാൽ നീയുമിതൊന്നും ആരോടും മിണ്ടിപ്പോകരുത്. നീ ആരോടെങ്കിലും പറഞ്ഞാൽ നിന്റെ സന്താനങ്ങളെല്ലാം എന്നും ചട്ടനും , പൊട്ടനും (മുടന്തനും, ബധിരനും) ആയിത്തീരും" എന്നും, വൃദ്ധയോടു "കുന്നിന്മേൽ വന്നാൽ ഇനിയും നിങ്ങൾക്കു എന്നെ കാണാം" എന്നും പറഞ്ഞിട്ടു അദൃശ്യയായി ഭവിക്കുകയും ചെയ്തു. ആ കന്യകയുടെ സ്വരൂപം കാണുകയും സംഭാഷണം കേൾക്കുകയും ചെയ്തിട്ട് ഭയവിസ്മയവിഹ്വലയായിത്തീർന്ന കോതയമ്മ ക്ഷണത്തിൽ കുളി കഴിച്ചു വീട്ടിലെത്തി പതിവുള്ള ജപവും മറ്റും കഴിച്ചുകൂട്ടി. അപ്പോഴേക്കും കോതയമ്മയുടെ സഹോദരനായ കൊച്ചയപ്പനും അവിടെയെത്തി. ഉടനെ കോതയമ്മ കൊച്ചയ്യപ്പനോട്' "എടാ! കൊച്ചയ്യപ്പാ! കുന്നിന്മേൽ പണികഴിപ്പിച്ചിരിക്കുന്ന അമ്പലത്തിൽ ഒരു ഭഗവതി ഇളകൊണ്ടിരിക്കുന്നു. അതിനാൽ ഇനി ശാസ്താവിനെ പ്രതിഷ്ഠിക്കണമെങ്കിൽ അമ്പലം വേറെ ഉണ്ടാക്കിക്കണം. അവിടെ ഇളകൊണ്ടിരിക്കുന്നതു സാക്ഷാൽ കാർത്ത്യായനിയാണ്. അതിനാൽ ഇനി മേലാൽ ഈ കരയിൽ ആർക്കും കാർത്ത്യായനി എന്നു പേരിട്ടുകൂടാ. ആരെയും പാലയ്ക്കാ മോതിരം കെട്ടിയ്ക്കയുമരുത്. നീ ഈ വിവരം കരയിൽ പ്രധാനന്മാരായ പള്ളിയിൽ മേനോൻ, വെട്ടിക്കുളങ്ങര കൈമൾ മുതലായവരെ ഇപ്പോൾ തന്നെ ധരിപ്പിക്കണം. രാജാവിന്റെ അടുക്കൽ അവർ അറിയിച്ചുകൊള്ളുമല്ലോ" എന്നു പറഞ്ഞു. ഇതു കേട്ടിട്ടു കോതയമ്മ എന്തോ പിച്ചു പറയുന്നു എന്നാണു കൊച്ചയ്യപ്പനു തോന്നിയത്. എങ്കിലും അയാൾ ഉടന ഈ വിവരം പള്ളിയിൽ മേനോൻ മുതലായവരെ ഗ്രഹിപ്പിക്കുകയും മേനോൻ തെക്കുംകൂർ രാജാവിന്റെ അടുക്കൽ അറിയിക്കുകയും ചെയ്തു. കോതയമ്മ പറഞ്ഞതായതുകൊണ്ട് ഇതു കേവലം അബദ്ധമായിരിക്കുയില്ലന്നു വിചാരിച്ചു രാജാവും, പള്ളിയിൽ മേനോൻ മുതലായവരും കുന്നിന്മേൽ കൂടുകയും കണീയാൻ പറമ്പിൽ കണിയാനെ വരുത്തി പ്രശ്നം വയ്പ്പിച്ചു നോക്കിക്കുകയും ചെയ്തു. ഈ പണിക്കൂറ തീർത്തിരിക്കുന്ന ക്ഷേത്രത്തിൽ ദേവീസാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടെന്നുള്ളതു വാസ്തവം തന്നെയാണന്നും സാക്ഷാൽ മഹാമായയാകുന്ന കാർത്ത്യായനീ ദേവി ലോകരക്ഷാർത്ഥം പല മൂർത്തികളായിപ്പിരിഞ്ഞു ഇപ്പോൾ കേരളത്തിൽ സഞ്ചരിച്ചു ഒരോ സ്ഥലങ്ങളിൽ കയറി ഇളകൊണ്ടിരിക്കുകയാണെന്നും, അക്കൂട്ടത്തിൽ ഒരു മൂർത്തിയാണിവിടെയും ഇളകൊണ്ടിരി ക്കുന്നതെന്നും പല മൂർത്തികളായി പിരിഞ്ഞിരിക്കുന്നുവെങ്കിലും എല്ലാം മഹാമായ ഒരാൾ തന്നെയാണന്നും, ഏകൈവാഹം ജഗ്രത്യത്ര ദ്വിതീയാ കാ മമാപര? എന്നാണല്ലോ ദേവി അരുളിച്ചെയ്തിരിക്കുന്നത് എന്നും കണിയാൻ പറഞ്ഞു. അപ്പോൾ എല്ലാവരും ഇതെല്ലാം വിശ്വസിക്കുകയും ചെയ്തു.

ഈ സമയം കോതയമ്മയും കുന്നിന്മേൽ എത്തി. "കുന്നിന്മേൽ വന്നാൽ ഇനിയും നിങ്ങൾക്കു എന്നെ കാണാം" എന്നു ദേവി അരുളിച്ചെയ്തതിനെ ഓർത്തു അവർ അമ്പലത്തിൽ കയറി ശ്രീകോവിലിനകത്തേക്കു നോക്കിഅപ്പോൾ അവർ അവിടെ നാലെട്ടു തൃക്കൈകളിലുജ്വലിക്കും ശൂലാദിനാനായുധഭാസമാനയായും മൂർത്ത്യാമനോജ്ഞയായുമിരിക്കുന്ന കാർത്ത്യായനിയെ പ്രത്യക്ഷമായിക്കണ്ടിട്ട് വിസ്മയാകുലയായിത്തീരുകയും ചില സ്തോത്രങ്ങൾ ചൊല്ലി ദേവിയെ സ്തുതി ക്കുകയും ചെയ്തു. ആ സമയം ഭക്തയെ തൊട്ടുകൊണ്ട് നോക്കിയവരെലാം ദേവിയുടെ രൂപം മേല്പറഞ്ഞപ്രകാരം കണ്ട് ഏറ്റവും ഭയാത്ഭുതപരവശന്മാരായി തീർന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടെ ദുർനിരീക്ഷ്യമായ ഒരു തേജസ്സ് മാത്രം അവശേ‌ഷിക്കുകയും ക്രമേണ അദൃശ്യമായിതീരുകയും ചെയ്തു. അനന്തരം അവിടെ കൂടിയിരുന്ന മഹാന്മാരുടെ ആലോചന അടുത്ത മുഹൂർത്തത്തിൽ പ്രതിഷ്ഠിപ്പാനായി പണിതു വച്ചിരിക്കുന്ന ശാസ്താവിന്റെ വിഗ്രഹം ഇനി എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു. പുത്തനായി പണിയിച്ചിട്ടുള്ള അമ്പലത്തിന്റെ അടുക്കൽ തന്നെ തത്ക്കാലം ഒരു ശ്രീകോവിൽ മാത്രം പണിയിച്ചു ശാസ്താവിനെ പ്രതിഷ്ഠ നടത്തിക്കാമെന്നു എല്ലാവരും കൂടി തീരുമാനമെടുത്തു. അപ്രകാരം അഞ്ചെട്ടു ദിവസം കൊണ്ട് ഒരു ശ്രീകോവിൽ തീർത്തു കുറ തീർപ്പിക്കുകയും ചെയ്തു. പ്രതിഷ്ഠയ്ക്കുള്ള ക്രിയകൾ തുടങ്ങുന്നതിനു തലേദിവസം തന്നെ തന്ത്രി, പരികർമികൾ മുതലായവർ സ്ഥലത്തെത്തി. അപ്പോൾ അവിടെ ഉണ്ടായ വിശേ‌ഷങ്ങളെല്ലാം പള്ളിയിൽ മേനോൻ തന്ത്രി നമ്പൂരിപ്പാട്ടിലെ അറിയിച്ചു. ഉടനെ നമ്പൂരിപ്പാട്ടീന്നു എന്നാൽ ദേവീപ്രതിഷ്ഠ കൂടി ഇപ്പോൾ തന്നെ നടക്കുകയാണല്ലോ വേണ്ടത്. ദേവി ഇവിടെ ഇള കൊണ്ടിട്ടുണ്ടന്നു നിങ്ങൾക്കെല്ലാവർക്കും വിശ്വാസം വന്നിട്ടുണ്ടെങ്കിലും എല്ലാവർക്കും കാണത്തക്ക വിധം ഒരു അർച്ചനാബിംബം പ്രതിഷ്ഠ കൂടി ചെയേണ്ടത് അത്യാവശ്യമാണ്. അങ്ങിനെ തീർച്ചപ്പെടുത്തുന്നപക്ഷം അതിലേയ്ക്കും വേണ്ടുന്ന ഉപകരണങ്ങളും ഒരു ബിംബവും വേണം എന്നു പറഞ്ഞു. അപ്പോൾ മേനോൻ മുതലായവർ "ഉപകരണ ങ്ങളൊക്കെയും ഉണ്ടാക്കാം. അതിനു പ്രയാസമില്ല . ഈ മുഹൂർത്തത്തിനു പ്രതിഷ്ഠിക്കവണ്ണം ബിംബമുണ്ടാക്കിക്കുന്ന കാര്യം അസാദ്ധ്യമാണ്. അതിനാൽ ദേവീപ്രതിഷ്ഠ ഇനി ആദ്യമുണ്ടാകുന്ന മുഹൂർത്തത്തിലാകാമെന്നു വെയ്ക്കാനേ നിവൃത്തിയുള്ളു" എന്നു പറഞ്ഞു. "എന്നാൽ അങ്ങനെ മതി" എന്നു നമ്പൂരിപ്പാടും സമ്മതിച്ചു. അന്നു രാത്രിയിൽ കോതയമ്മയ്ക്കു ഒരു സ്വപ്നമുണ്ടായി. കുറച്ചു ദിവസം മുൻപ് അവർ ആറ്റുകടവിൽ വചു കണ്ടതായ ആ കന്യക അവരുടെ അടുക്കൽ ചെന്നു, "നിങ്ങൾ പതിവായി കുളിക്കുന്ന കടവിൽ നിന്നു സ്വല്പം പടിഞ്ഞാട്ടുമാറി ഒരു കയമുണ്ടല്ലോ. ആ കയത്തിൽ എന്റെ ഒരു ശിലാവിഗ്രഹം കിടക്കുന്നുണ്ട്. അതെടുപ്പിച്ചു ഈ അടുത്ത മുഹൂർത്തത്തിൽ തന്നെ എന്റെ പ്രതിഷ്ഠയും നടത്തിക്കണം. തോണിയിൽ കയറി ആ കയത്തിന്റെ സമീപത്തു ചെന്നാൽ അവിടെ വെള്ളത്തിനടിയിൽ നിന്നു ധാരാളം പാലയ്ക്കാ പൊങ്ങിവരുന്നതു കാണാം.ആ സ്ഥലത്തു മുങ്ങിത്തപ്പിയാൽ വിഗ്രഹം കണ്ടുകിട്ടും" എന്നു പറഞ്ഞു എന്നായിരുന്നു സ്വപ്നം. സ്വപ്നം കണ്ട ഉടനെ വൃദ്ധ ഉണർന്നു കണ്ണു തുറന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു ദേവി എഴുന്നള്ളി അരുളിച്ചെയ്തതുതന്നെയാണെന്നു വിശ്വസിച്ചുകൊണ്ട് കോതയമ്മ ഈ വിവരം കൊച്ചയ്യപ്പൻ മുഖാന്തിരം അതിരാവിലെ പള്ളീയിൽ മേനോൻ മുതലായവരെ അറിയിച്ചു. കോതയമ്മയുടെവാക്കു ഒരിക്കലും തെറ്റിപ്പോകയില്ലന്നുള്ള വിശ്വാസമെല്ലാവർക്കുമുണ്ടായിരുന്നതിനാൽ പള്ളിയിൽ മേനോൻ മുതലായ ചില പ്രധാനന്മാർ വെള്ളത്തിൽ മുങ്ങിത്തപ്പാൻ പരിചയവും സാമർത്ഥ്യവുമുള്ള ചിലരോടു കൂടി ഉടനെ വള്ളത്തിൽ കയറി ആ കയത്തിലേയ്ക്കു പോയി. അവിടെ ചെന്നപ്പോൾ ഒരു സ്ഥലത്തു സംഖ്യയില്ലാതെ പാലയ്ക്കാ വെള്ളത്തിനടിയിൽ നിന്നും പൊങ്ങി വരുന്നതായി കാണുകയും അവിടെ ചിലർ മുങ്ങിത്തപ്പിയപ്പോൾ ബിംബം കണ്ടുകിട്ടുകയും അതെടുത്ത് കുന്നിന്മേൽ കൊണ്ടുവരികയും പിന്നെ ബിംബപരിഗ്രഹം മുതലായ സകലക്രിയകളും ചെയ്തു നിശ്ചിത മുഹൂർത്തത്തിൽ തന്നെ ദേവിയുടേയും ശാസ്താവിന്റെയും പ്രതിഷ്ഠയും കലശവും നടത്തുകയും ചെയ്തു. അതോടുകൂടി അതികേമമായി ഉത്സവവും നടത്തി.

അക്കാലത്തു തെക്കുംകൂർ രാജാവും തന്ത്രിയും പള്ളിയിൽ മേനോൻ മുതലായവരും കൂടി ക്ഷേത്രത്തിൽ ഉത്സവം മുതലായ ആട്ടവിശേ‌ഷങ്ങൾ, മാസവിശേ‌ഷങ്ങൾ, നിത്യനിദാനം മുതലായവയ്ക്കു പടിത്തരം നിശ്ചയിക്കുകയും അവയ്ക്കെല്ലാം വകവച്ചു ധാരാളം വസ്തുക്കൾ ദേവസ്വം പേരിൽ പതിയ്ക്കുകയും ചെയ്തു. അതിനാൽ ആ ഭഗവതി ദേവസ്വം ഏറ്റവും ധനപുഷ്ഠിയുള്ളതായി തീർന്നു. അവിടെ പ്രാധാന്യവും ദേവിയ്ക്ക് തന്നെ സിദ്ധിച്ചു. ശാസ്താവിന് അവിടെ ഒരു ഉപദേവന്റെ സ്ഥാനം മാത്രമെ സിദ്ധിച്ചുള്ളു. എങ്കിലും ദേവിയ്ക്ക് ഇതുകൊണ്ടൊന്നും നല്ല തൃപ്തിയായില്ല. പടിത്തരം നിശ്ചയിച്ച ദിവസം രാത്രിയിൽതെക്കുംകൂർ രാജാവിനുഒരു സ്വപ്നമുണ്ടായി.സർവാംഗസുന്ദരിയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, "ഇതൊന്നുകൊണ്ടും എനിക്കു തൃപ്തിയായിട്ടില്ല, എനിക്കു തൃപ്തിയാകണമെങ്കിൽ എന്റെ കോതയമ്മയ്ക്കു കൂടി എന്തെങ്കിലും കൊടുക്കണം. കോതയമ്മ സന്തോ‌ഷിച്ചാൽ ഞാനും സന്തോ‌ഷിക്കും" എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം. ആ സമയത്തു തന്നെ ഇപ്രകാരമൊരുസ്വപ്നം പള്ളിയിൽ മേനോനുമുണ്ടായി. നേരം വെളുത്തയുടനെ പള്ളിയിൽ മേനോൻ രാജസന്നിധിയിലെത്തി തനിയ്ക്കുണ്ടായ സ്വപ്നത്തിന്റെ വിവരം അറിയിച്ചു. തനിക്കും ഇപ്രകാരമൊരു സ്വപ്നമുണ്ടായി എന്നു രാജാവും പറഞ്ഞു. ഉടനെ രണ്ടുപേരും കൂടി ആളയച്ചു കണിയാൻ പറമ്പിൽ കണിയാനെ വരുത്തി പ്രശ്നം വയ്പ്പിച്ചു നോക്കിച്ചു. അപ്പോൾ ഈ ഉണ്ടായിട്ടുള്ളതു ദേവിയുടെ ദർശനം തന്നെയാണന്നും കോതയമ്മ യ്ക്കു കൂടി എന്തെങ്കിലും ശരിയായിട്ടു കൊടുത്തില്ലങ്കിൽ ദേവിയുടെ കോപവും തന്നിമിത്തം അനേകം അനർഥങ്ങളുണ്ടായിത്തീരുമെന്നും കണിയാൻ വിധിച്ചു.

അതിനാൽ കോതയമ്മയുടെ പേരിൽ ഏതാനും പുഞ്ചനിലം ഇനാമായിപതിച്ചു കൊടുത്തതു കൂടാതെ അവരുടെ സഹോദരനായ കൊച്ചയ്യപ്പനെ ദേവസ്വത്തിൽ മാറാച്ചന്തിരമായി നിയമിക്കുകയും ചെയ്തു. കോതയമ്മയുടെ പേരിൽ പതിച്ചു കൊടുത്ത നിലത്തിനു 'കോത നേടിയ നിലം' എന്നാണു പറഞ്ഞു വന്നിരുന്നത്. അതു കാലക്രമേണ ലോപിച്ചു കോതാടിനിലമെന്നായിത്തീർന്നു. ആ നിലം ഏതാനും കൊല്ലങ്ങൾക്കു മുൻപ് (1070-ആമാണ്ട്) വരെ കണ്ണാട്ടു വീട്ടുകാരുടെ കൈവശാനുഭത്തിൽ തന്നെ ഇരുന്നിരുന്നു. പിന്നീട് അവർ എഴുതി വിറ്റു കളഞ്ഞതിനാൽ അന്യാധീനപ്പെട്ടുപോയി. എങ്കിലും ആ നിലത്തിനു കോതാടിനിലം എന്നു തന്നെയാണു പറഞ്ഞു വരുന്നത്. ആ വീട്ടുകാർക്കു ദേവസ്വത്തിൽ 1030-ആമാണ്ടുവരെ മാറാച്ചന്തിരവുമുണ്ടായിരുന്നു. പിന്നീട് ചില കാരണങ്ങളാൽ അതും മാറിപ്പോയി. എങ്കിലും ആ വീട്ടുകാർക്കു പ്രതിവർ‌ഷം 72 പറ നെല്ലുവീതം ഗവൺമെന്റിൽ നിന്നു ഇനാമായി ഇപ്പോഴും കൊടുത്തുവരുന്നുണ്ട്.

കോതയമ്മയ്ക്കു ഇനാമായി നിലം പതിച്ചു കൊടുത്ത കാലത്തു കണിയാൻ പറമ്പിൽ കണിയാനും ചില വസ്തുക്കൾ പതിച്ചു കൊടുത്തിരുന്നു. വിശേ‌ഷിച്ചു അവരുടെ തറവാട്ടിലേയ്ക്ക് മെച്ചര് എന്നൊരു സ്ഥനപ്പേരുകൂടി തെക്കുംകൂർ രാജാവ് കല്പിചു കൊടുത്തു. വസ്തുക്കളെല്ലാം അവർ ഓരൊ കാലത്തായി എഴുതി വിറ്റു കളഞ്ഞതിനാൽ ഇപ്പോൾ അവർക്കു കുടിപാർക്കുന്ന പുരയിടവും മെച്ചെര് എന്നുള്ള സ്ഥാനപ്പേരും മാത്രമേയുള്ളു. എങ്കിലും ദേവിയുടെ ശാപം അവർ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. കോതയമ്മയും ദേവിയും തമ്മിൽ ആറ്റുകടവിൽ വച്ചുണ്ടായ സംഭാ‌ഷണം മറഞ്ഞു നിന്നു കേട്ട കണിയാൻ ആ വർത്തമാനം അപ്പോൾ തന്നെ സ്വകാര്യമായി അവന്റെ ഭാര്യയോടു പറഞ്ഞു. അതിനാൽ അവന്റെ കുടുംബത്തിലുണ്ടാകുന്ന പുരു‌ഷന്മാർ പൊട്ടനോ ചട്ടനോ ആയിരിക്കുമെന്നുള്ള ദേവിയുടെ ശാപത്തിനു ഇപ്പോഴും വ്യത്യാസം വന്നിട്ടില്ല.

പ്രസ്തുത ഭഗവതിക്ഷേത്രത്തിൽ ആദ്യകാലം മുതൽക്കു തന്നെ തെക്കുംകൂർ രാജാവിനു നാമമാത്രമായി ഒരു മേലാഴ്മ സ്ഥാനം ഉണ്ടായിരുന്നുവെങ്കിലും അവിടെ സകല കൈകാര്യകർത്തൃത്വവും കരക്കാർക്കു തന്നെയായിരുന്നു. തെക്കുംകൂർ രാജ്യം തിരുവതാംകൂറിൽ ചേർന്നിട്ടുംവളരെക്കാലത്തേയ്ക്കു ആ ദേവസ്വം കരക്കാരുടെ കൈവശത്തിൽ തന്നെ ഇരുന്നിരുന്നു. കൊല്ലം 987-ാമാണ്ട് ഈ ദേവസ്വം തിരുവിതാംകൂർ സർക്കാരിൽ ചേർക്കുകയും അതോടുകൂടി കരക്കാരുടെ അധികാരങ്ങളെല്ലാംവിട്ടു പോവുകയും ചെയ്തു. എങ്കിലും ആ ദേശക്കാർ ആ ദേവിയെ ഇപ്പോഴും തങ്ങളുടെ പരദേവതയായിത്തന്നെ ആദരിക്കു കയും ആചരിക്കുകയും ചെയ്തുവരുന്നുണ്ട്. മൂവ്വായിരപ്പറനിലവും അസംഖ്യം പുരയിടങ്ങളും തനതു പേരിൽ തന്നെ ഉണ്ടായിരുന്ന ഈ ദേവസ്വം സർക്കാരിൽ ചേർത്തപ്പോൾ അന്നു ബ്രിട്ടീ‌ഷ് റസിഡണ്ടും തിരുവതാംകൂർ ദിവാനുമായിരുന്ന മൺട്രോ സായിപ്പവർകൾ ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് മുൻപു നിശ്ചയിച്ചിരുന്ന പതിവുകളെല്ലാം കുറച്ചു കളഞ്ഞതിനാൽഅവിടെ ഉത്സവാദികൾക്ക് മുതൽ ഒട്ടും മതിയാകാതെയായിത്തീർന്നു. ഈയിടെ ഉണ്ടായ ദേവസ്വം പരി‌ഷ്ക്കാരത്തോടു കൂടി ആ മതിയായ്ക പരമകാഷ്ഠയെ പ്രാപിക്കുകയും ചെയ്തു. എങ്കിലും ആ ദേശക്കാർക്കു ക്ഷേത്രകാര്യങ്ങളിലുള്ള പ്രതിപത്തിയും ശ്രദ്ധയും ഒട്ടും കുറഞ്ഞു പോയിട്ടില്ലാത്തതിനാൽ അവിടെ വേണ്ടുന്ന കാര്യങ്ങളെല്ലാം ഇപ്പോഴും ഭംഗിയായിത്തന്നെ നടന്നു പോരുന്നുണ്ട്. ക്ഷേത്രകാര്യങ്ങൾക്കായി ദേശക്കാർ ഏതാനും പണം ശേഖരിച്ചിട്ടുള്ളതിനാൽ സർക്കാരിൽ നിന്നുപതിവുള്ളതു കഴിച്ചു പോരാത്തതിനു ദേശക്കാരുടെ ആ പണത്തിന്റെ പലിശയിൽ നിന്നുകൂടി ചെലവു ചെയ്താണു അവിടെ അവർ ഉത്സവം മുതലായവ നടത്തിപ്പോരുന്നത്. കരക്കാർ വിശേ‌ഷാൽ ചില തിരുവാഭരണങ്ങളും മറ്റും കൂടി ഉണ്ടാക്കിച്ചിട്ടുണ്ട്. അവയെല്ലാം കരക്കാരുടെ കൈവശം തന്നെയാണു ഇപ്പോഴും ഇരിക്കുന്നത്. ഉത്സവകാലത്തും മറ്റു വിശേ‌ഷങ്ങളിലും ഉപയോഗിക്കുന്നതിനായി അവർ അവ എടുത്തു കൊടുക്കുകയും അടിയന്തിരം കഴിഞ്ഞാൽ തിരിയെ വാങ്ങിവെച്ചു സൂക്ഷിക്കുകയും ചെയ്തു വരുന്നു. അവയൊന്നും അവർ സർക്കാരിലേയ്ക്കു വിട്ടു കൊടുത്തില്ല.

കിളിരൂർ കുന്നിന്മേൽ ദേവീപ്രതിഷ്ഠ കഴിഞ്ഞിട്ട് ആദ്യമായി നടന ഉൽസവം മീനമാസത്തിൽ രോഹിണി കൊടിയേറ്റും പൂരം ആറാട്ടുമായിട്ടായിരുന്നു. അങ്ങനെതന്നെ ഇപ്പോഴും നടന്നുവരുന്നു. മീനമാസത്തിൽ കാർത്തിക ഭഗവതിയുടെ തിരുനാളെന്നു സങ്കല്പിച്ച് ആ ദിവസത്തെയും ഒരുൽസവംപോലെതന്നെ ആഘോ‌ഷപൂർവം കൊണ്ടാടിവരുന്നുണ്ട്. അതും ദേശക്കാർകൂടി പണം ചെലവുചെയ്താണ് നടത്തിവരുന്നത്. സർക്കാർ ക്ഷേത്രത്തിൽ ദേശക്കാരുടെ സഹകരണം ഇതുപോലെ മറ്റെങ്ങുമുണ്ടെന്നു തോന്നുന്നില്ല. ഈ ക്ഷേത്രത്തിൽ 1022-ആമാണ്ടു മണ്ഡപത്തിനുംചെമ്പിടുവിച്ചതു ശ്രീകോവിലിനും 1060-ആമാണ്ടുദേശക്കാർ തന്നെയാണ്. അടുത്തകാലത്ത് അഗ്നിബാധയാൽ നഷ്ടപ്പെട്ടു പോയ ശ്രീകോവിൽ സർക്കാരനുവാദപ്രകാരം വീണ്ടും പണികഴിച്ചു ചെമ്പിടുവിക്കാൻ ഉൽസാഹിച്ചുവരുന്നതും ഈ ദേശക്കാർ തന്നെ. ഇതെല്ലാം ആ ദേശക്കാർക്കു ദേവിയെക്കുറിച്ചുള്ള ഭക്തികൊണ്ടു മാത്രമല്ല; ഭയംകൊണ്ടു കൂടിയാണ്. ആ ദേവിയുടെ ചൈതന്യവും മാഹാത്മ്യവും അത്രയ്ക്കുമാത്രമുണ്ട്. അതിലേക്കു ചില ദൃഷ്ടാന്തങ്ങൾകൂടി പറയാം.

കിളിരൂർ ദേശത്തിൽ ആർക്കും കാർത്ത്യായനിയെന്നു പേരിടുകയും പാലയ്ക്കാ മോതിരം കെട്ടിക്കയുമരുതെന്നു ദേവി മുൻപേതന്നെ അരുളിച്ചെയ്തിരുന്നല്ലോ. ആ രണ്ടു കൂട്ടവും ഇപ്പോഴും ആ ദേശത്തു പതിവില്ല. ആ ദേശത്തുള്ള പുരു‌ഷന്മാർ സംബന്ധം ചെയ്തോ മറ്റോ കാർത്ത്യായനി എന്നു പേരായ സ്ത്രീകളെ അന്യദേശത്തുനിന്ന് അവിടെ ക്കൊണ്ടുവന്നു താമസിപ്പിച്ചാലും സുഖമായി അധികദിവസം താമസിക്കാനിടയില്ല എന്തെങ്കിലും കാരണവശാൽ ആ സ്ത്രീകൾ പെട്ടെന്ന് ആ ദിക്കു വിട്ടു പോകേണ്ടതായി വരും. ഇത് ഇപ്പോഴും കണ്ടുവരുന്ന ഒരു സംഗതിയാണ്.

പണ്ടൊരിക്കൽ ചെങ്ങളം എന്ന ദേശത്ത് ഒരു വീട്ടിൽ സ്ത്രീ സന്താനമില്ലാതെയിരുന്നതിനാൽ "ഒരു പെൺകുട്ടിയുണ്ടായാൽ ആ കുട്ടിയെ കിളിരൂർ കുന്നിന്മേൽ ഭഗവതിയുടെ നടയിൽ കൊണ്ടുപോയി ചോറു കൊടുത്തേക്കാം" എന്ന് ആ വീട്ടുകാർ നിശ്ചയിച്ചു. അനന്തരം അധികം താമസിയാതെ ആ വീട്ടിൽ ഒരു സ്ത്രീ ഗർഭം ധരിക്കുകയും യഥാകാലം ഒരു പെൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. ആ വീട്ടുകാർ അത്യന്തം സന്തോ‌ഷിച്ച് ആറാം മാസത്തിൽ ചോറു കൊടുക്കുന്നതിനായി കുട്ടിയേയുംകൊണ്ട് കിളിരൂർ കുന്നിന്മേലെത്തി ചില വഴിപാടുകൾ നടത്തി, ചോറു കൊടുക്കുന്നതിനായി ആഭരണങ്ങളുമണിയിച്ചു. കുട്ടി കണ്ണു തുറക്കുകയോ മുല കുടിക്കുകയോ ചെയ്യാതെ വെയിലത്തിട്ട താളുപോലെ വാടിത്തളർന്നു കിടക്കുന്നതു കണ്ടു കുട്ടിയുടെ മാതാപിതാക്കൾ മാത്രമല്ല, ദേവീദർശനത്തിനായി അവിടെ കൂടിയിരുന്ന അന്യജനങ്ങൾ പോലും അത്യന്തം വി‌ഷണ്ണരായിത്തീർന്നു. ഉടനെ ഒരു ദൈവജ്ഞനെ വരുത്തി പ്രശ്നംവെയ്പിച്ചുനോക്കുകയും കുട്ടിയുടെ അസ്വാസ്ഥ്യത്തിന്റെ കാരണം, അതിനെ പാലയ്ക്കാമോതിരം കെട്ടിച്ചു നടയിൽ കൊണ്ടു വന്നതാണെന്നും ആ മോതിരമഴിച്ചു നടയ്ക്കുവെച്ചാൽ കുട്ടിയ്ക്കു സുഖമാകുമെന്നും പ്രശ്നക്കാരൻ വിധിക്കുകയും കുട്ടിയുടെ ഉടമസ്ഥന്മാർ ആ മോതിരമഴിച്ചു നടയ്ക്കുവെക്കുകയും ഉടനെ കുട്ടിക്കു സുഖമാകയാൽ ചോറു കൊടുത്തു കൊണ്ടുപോവുകയും ചെയ്തു. ആ പാലയ്ക്കാ മോതിരം മറ്റുള്ള തിരുവാഭരണങ്ങളുടെ കൂട്ടത്തിൽ കരക്കാരുടെ കൈവശം ഇപ്പോഴുമവിടെ ഇരിക്കുന്നുണ്ട്. അത് അവിടെ ഉത്സവകാലങ്ങളിലും മറ്റും എഴുന്നള്ളിപ്പിന് അങ്കിയിൽ ചാർത്തുകയാണ് ചെയ്തുവരുന്നത്.

വൈക്കത്തു കോട്ടയംമുഖം സന്ധ്യവേലയ്ക്കു വേണ്ടുന്ന അരി, കറിക്കോപ്പുകൾ മുതലായ സാമാനങ്ങളെല്ലാം കോട്ടയം പാർവത്യക്കാരൻ ശേഖരിച്ച്, വള്ളങ്ങളിലാക്കി വൈക്കത്തു കൊണ്ടുപോയി സന്ധ്യവേല നടത്തുകയായിരുന്നു മുൻകാലങ്ങളിൽ പതിവ്. സാമാനങ്ങളെല്ലാം വള്ള ങ്ങളിലാക്കി വൈക്കത്തേക്കു പുറപ്പെടുന്ന ദിവസം പാർവത്യക്കാരൻ മുതലായവരുടെ വകയായി കിളിരൂർ കുന്നിന്മേൽ ഭഗവതിക്ക് ഒരു ചരക്കിലട വഴിപാടു നടത്തുകയും പതിവായിരുന്നു. സർക്കാർവക കോട്ടയം താലൂക്കു വക അടിയന്തിരങ്ങൾക്കുള്ള സാമാനങ്ങൾക്കെല്ലാം കുത്തകയേർപ്പാടായപ്പോൾ സന്ധ്യവേലയ്ക്കുള്ള സാമാനങ്ങൾ പാർവത്യക്കാരന്മാർ ശേഖരിച്ചു കൊണ്ടുപോവുകയെന്നുള്ള പതിവുനിന്നുപോയി. അതോടുകൂടി കുന്നിന്മേൽ ഭഗവതിക്കു പതിവുണ്ടായിരുന്ന അടവഴിപാടും നിറുത്തലാക്കി. അപ്പോൾ വൈക്കത്തു ചില ദുർലക്ഷണങ്ങൾ കണ്ടു തുടങ്ങി. സന്ധ്യവേലസ്സദ്യയ്ക്കുള്ള പ്രഥമനിൽ അട്ട വീഴുക, കാളനിൽ ഗൗളി വീഴുക മുതലായ ദുർലക്ഷണങ്ങൾ പതിവായി കണ്ടു തുടങ്ങിയപ്പോൾ അതിന്റെ കാരണമറിയുന്നതിനായി പ്രശ്നംവെയ്പിച്ചു നോക്കിച്ചു. അപ്പോൾ ഈ അമംഗളങ്ങൾ കാണുന്നതിന്റെ കാരണം കിളിരൂർ കുന്നിന്മേൽ ഭഗവതിക്കു പതിവുള്ള വഴിപാടു നടത്താത്തതുകൊണ്ടു വൈക്കത്തപ്പനുണ്ടായിട്ടുള്ള വിരോധമാണെന്നും "എന്റെ കാർത്ത്യായനിക്കു പതിവുള്ളതു കൊടുക്കാതെ എനിക്കു പതിവുള്ളതുഞാൻ സ്വീകരിക്കുകയില" എന്നാണ് വൈക്കത്തപ്പന്റെ ഭാവമെന്നും പ്രശ്നക്കാരൻ വിധിച്ചു. അതിനെസ്സംബന്ധിച്ചും എഴുത്തുകുത്തുകൾ നടത്തുകയാൽ സർക്കാർ വകയായി ആ വഴിപാടു നടത്തിക്കൊള്ളുന്നതിന് ഗവൺമെന്റ് അനുവദിച്ചു. പണ്ടത്തെപ്പോലെയൊന്നുമല്ലെങ്കിലും സന്ധ്യവേല വകയായി ആ വഴിപാടു നാമമാത്രമായിട്ടെങ്കിലും ഇപ്പോഴും നടക്കുന്നുണ്ട്.

ഇനി ഇവിടെ ദേവിക്ക് അടവഴിപാട് പ്രധാനമായിത്തീർന്നതിന്റെ കാരണം കൂടി പറയാം. ദേവിയുടെ ബിംബത്തിനു പ്രാണപ്രതിഷ്ഠ കഴിച്ചദിവസം തന്ത്രിനമ്പൂരിപ്പാട്ടിലേക്ക് എന്തോ അത്താഴമില്ലാത്ത ദിവസമായിരുന്നു. അതിനാൽ പലഹാരത്തിന് അരിപൊടിച്ചു കൊണ്ടുചെന്നു കൊടുക്കണമെന്ന് ശാന്തിക്കാരൻ കഴകക്കാരോടു പറഞ്ഞു. കഴകക്കാർ ഇരുനാഴി ഉണക്കലരിയാണ് പൊടിച്ചു കൊണ്ടുചെന്നു കൊടുത്തത്. അതിനാൽ ശാന്തിക്കാരൻ അതിനു ചേരുന്ന ശർക്കരയും നാളികേരവും ചേർത്തുണ്ടാക്കിയ വൽസൻ (അട) ആയിരുന്നു തന്ത്രിക്കു കൊടുത്തത്. അതു കണ്ടിട്ടു തന്ത്രിനമ്പൂരിപ്പാട് "വൽസനാണോ പലഹാരം? എന്നാൽ അതു നിവേദിച്ചിട്ടു വേണം തിന്നാൻ. ബിംബത്തിനു പ്രാണപ്രതിഷ്ഠ കഴിഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ എന്തെങ്കിലും നിവേദിക്കണമല്ലോ. അതിന് ഇതു തന്നെആയിക്കളയാം" എന്നു പറഞ്ഞ് ആവൽസനെടുത്തുവെച്ച് അദ്ദേഹംതന്നെ നിവേദ്യം കഴിച്ചു. അന്നു രാത്രിയിൽ നമ്പൂരിപ്പാട്ടിലേക്കു ദേവിയുടെ ദർശനമുണ്ടായി. "വൽസൻ നിവേദ്യം എനിക്കു വളരെ തൃപ്തികരമായിരിക്കുന്നു. പതിവായി അത്താഴപ്പൂജയോടുകൂടി നിവേദിക്കുന്നതിന് ഏർപ്പാടുചെയ്യണം" എന്നു ദേവി അരുളിച്ചെയ്തതായിട്ടാണ് നമ്പൂരിപ്പാട്ടിലേക്കു ദർശനമുണ്ടായത്. ഇങ്ങനെ ദർശനമുണ്ടായ വിവരം പിറ്റേ ദിവസം തന്ത്രി നമ്പൂരിപ്പാട് രാജാവിന്റെ അടുക്കലും പള്ളിയിൽമേനോൻ മുതലായവരോടും പറഞ്ഞു. അവർ പ്രശ്നം വെയ്പ്പിച്ചുനോക്കിയതിൽ അതു ദേവിയുടെ അരുളപ്പാടുതന്നെ യാണെന്നു പ്രശ്നക്കാരൻ വിധിക്കുകയും ചെയ്തു. അതിനാൽ പ്രതിദിനം അത്താഴപൂജയ്ക്ക് ഇരുനാഴിയരിയുടെ വൽസൻകൂടി പടിത്തരക്കണക്കിൽ എഴുത്തിച്ചേർത്തു. അതു പതിവായിത്തീരുകയും ചെയ്തു. അതിപ്പോഴും നടന്നുവരുന്നുണ്ട്. അടവഴിപാടു ദേവിക്കു പ്രീതികരമാണെന്ന് അറിയുകയാൽ ഓരോരുത്തർ ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി യഥാശക്തി മൂന്നേകാലിടങ്ങഴി അരികൊണ്ടും ആറേകാലിടങ്ങഴി അരികൊണ്ടും പന്ത്രണ്ടേകാലിടങ്ങഴി അരികൊണ്ടും ഇരുപത്തഞ്ചേകാലിടങ്ങഴി അരി കൊണ്ടും മറ്റും അടവഴിപാടുപ്രാർത്ഥിച്ചുതുടങ്ങുകയും എല്ലാവർക്കും കാര്യങ്ങൾ സാധിച്ചു തുടങ്ങുകയും ചെയ്തു. അങ്ങനെ അടവഴിപാട് അവിടെ നടപ്പാവുകയും അതിനു പ്രാധാന്യം സിദ്ധിക്കുകയും ചെയ്തു. പന്ത്രണ്ടേകാലിടങ്ങഴി അരികൊണ്ടുള്ളതിനു "പന്തിരുനാഴിയട" എന്നാണ് പറഞ്ഞുവരുന്നത്. അതിൽക്കുറഞ്ഞതിന് അരപ്പന്തിരുനാഴി, കാൽപ്പന്തിരു നാഴി എന്നും യഥാക്രമം പേർ പറയുന്നു. ഇരുപത്തഞ്ചേകാലിടങ്ങഴി അരികൊണ്ടുള്ള അട വലിയ ചരക്കിൽ (വാർപ്പിൽ) അല്ലാതെ ഉണ്ടാക്കാൻ പാടില്ല. അതിനാൽ അതിനു "ചരക്കിലട" എന്നും പേർ പറഞ്ഞുവരുന്നു. ചരക്കിലടയ്ക്കു നൂറ്റൊന്നു നാഴി അരി, നൂറ്റൊന്നു നാളികേരം, നൂറ്റൊന്നു കദളിപ്പഴം, മൂന്നു തുലാം ശർക്കര, മുന്നാഴി നെയ്യ് ഇങ്ങനെയാണ് പതിവ്. പന്തിരുനാഴിയട മുതലായവയ്ക്കും ഈ കണക്കനുസരിച്ചു വീതപ്രകാരമുള്ള നാളികേരം, ശർക്കര മുതലായവ ചേർക്കണം. കദളിപ്പഴം കിട്ടാതെ വന്നാൽ അതിനു പകരം നേന്ത്രപ്പഴവും വരിക്കച്ചക്കപ്പഴവും ചേർക്കാറുണ്ട്. അടവഴിപാടുണ്ടായാൽ സമീപസ്ഥന്മാരായ ആബാലവൃദ്ധം അനേകം ജനങ്ങൾ ആ ക്ഷേത്രസന്നിധിയിൽ വന്നുകൂടുക പതിവാണ്. ഇത്രയിടങ്ങഴി അരികൊണ്ട് അടയുണ്ടായാൽ ബ്രഹ്മസ്വമായും ശാന്തിക്കാരൻ, കശക്കാരൻ, തേങ്ങാപ്പണിക്കാരൻ, പള്ളിയിൽ മേനോൻ, വെട്ടിക്കുളങ്ങരക്കയ്മൾ, പാത്രം തേപ്പുകാരൻ, ഇലയും വിറകും കൊടുക്കുന്നയാൾ മുതലായവർക്ക് ഇത്ര ഇത്ര അടവീതം കൊടുക്കണമെന്നു കണക്കുണ്ട്. അതൊക്കെ കഴിഞ്ഞാൽ ഉള്ളതിന്റെ അവസ്ഥപോലെ ഒന്നോ രണ്ടോ അടവീതം അവിടെ വന്നുകൂടുന്നവർക്കെല്ലാവർക്കും കൊടുക്കണമെന്നു നിർബന്ധമാണ്. അതുപോലെ ഒരു ഭാഗം വഴിപാടു നടത്തുന്ന ആൾക്കുമുണ്ട്. അതു കൊടുത്തില്ലെങ്കിലും വെറുതെ വരുന്നവർക്കു കൊടുക്കാതെയിരിക്കാൻ പാടില്ല. അവർക്കു കൊടുക്കാതെയിരുന്നാൽ ആ വഴിപാടുകൊണ്ട് യാതൊരു ഫലവുമുണ്ടാവുകയില്ലെന്നു മാത്രമല്ല, ദേവിയുടെ വിരോധമുണ്ടാവുകയും ചെയ്യും. ഇതിനു ദൃഷ്ടാന്തമായി പല സംഗതികളുമുണ്ടായിട്ടുണ്ട്. അവയിൽ ഒന്നു മാത്രം പ്രസ്താവിച്ചുകൊള്ളുന്നു.

ഒരാണ്ടിൽ വൈക്കത്തു സന്ധ്യവേലയ്ക്കു സാമാനങ്ങളെല്ലാം ശേഖരിച്ചു വള്ളത്തിലാക്കിക്കൊണ്ടുപോയ പാർവത്യക്കാരൻ, പതിവുള്ള ചരക്കിലട കഴിച്ചിട്ടു ശാന്തിക്കാരൻ മുതലായ അനുഭവക്കാർക്കുമാത്രം പതിവുള്ളതു കൊടുത്തതിന്റെ ശേ‌ഷം പിന്നെയുണ്ടായിരുന്ന അടയെല്ലാം വാങ്ങി ഭാണ്ഡംകെട്ടിക്കൊണ്ടുപോയി. ഉടനെ വൈക്കത്തിനു യാത്രയാവുകയും ചെയ്തു. അട കിട്ടുമെന്നാഗ്രഹിച്ചു വന്നവരെല്ലാം ഇച്ഛാഭംഗത്തോടുകൂടി തിരികെപ്പോയി. ചില കുട്ടികൾ ഉറക്കെ കരഞ്ഞുകൊണ്ടാണ് മടങ്ങിയത്. അതു കണ്ടിട്ട് ചിലർ, "ഇതു ഭഗവതി സഹിക്കുമെന്നു തോന്നുന്നില്ല. എന്തെല്ലാമാപത്തുകൾ വന്നുകൂടുമോ എന്തോ" എന്നു പറഞ്ഞുകൊണ്ടാണ് മടങ്ങിപ്പോയത്. കാര്യം അങ്ങനെതന്നെ പറ്റുകയും ചെയ്തു.

പാർവത്യക്കാരൻ മുതലായവർ വേമ്പനാട്ടുകായലിൽ എത്തിയപ്പോഴേക്കും അതികലശലായി കാറ്റും മഴയും തുടങ്ങി. കായലിൽ ഓളങ്ങൾ പെരുകി വള്ളങ്ങളിൽ വെള്ളം അടിച്ചുകയറി. വള്ളം മുങ്ങുമെന്ന ദിക്കായി. പാർവത്യക്കാരൻ മുതലായവർക്കു പരിഭ്രമവും കലശലായി. പ്രാണഭീതി നിമിത്തം ചിലർ നിലവിളിയും തുടങ്ങി. അപ്പോൾ പഴമപരിചയമുള്ളവരായി വള്ളത്തിലുണ്ടായിരുന്നവരിൽ ചിലർ, "അവിടെ വന്നുകൂടിയവർക്കാരുക്കും അട കൊടുക്കാത്തത് ഭഗവതിക്കൊട്ടും രസിച്ചില്ല. ദേവിയുടെ വിരോധം കൊണ്ടുതന്നെയാണ് ഇപ്പോൾ ഈ കാറ്റും പിശറും വന്നു കൂടിയത്. എന്തെങ്കിലും ഒരു പ്രായച്ഛിത്തം ചെയ്യാമെന്നു നിശ്ചയിച്ചില്ലെങ്കിൽ വള്ളങ്ങൾ മുങ്ങുകതന്നെ ചെയ്യും" എന്നു പറഞ്ഞു. അതു കേട്ടു പാർവത്യക്കാരൻ "എന്നാൽ വൈക്കത്തു പോയി സന്ധ്യവേല കഴിഞ്ഞു തിരിച്ചെത്തിയാലുടനെ പ്രായശ്ചിത്തമായി ഒരു ചരക്കിലടകൂടി കഴിക്കുകയും അവിടെ വരുന്നവർക്കെല്ലാം ധാരാളമായി കൊടുക്കുകയും ചെയ്തേക്കാം. ഈ കാറ്റും പിശറും മാറട്ടെ" എന്നു പറഞ്ഞു. ഉടനെ കാറ്റും മഴയും മാറുകയാൽ കായൽ ശാന്തതയെ പ്രാപിക്കുകയും ചെയ്തു. സന്ധ്യവേല കഴിഞ്ഞു മടങ്ങിയെത്തിയ ഉടനെ പാർവത്യക്കാരൻ നിശ്ചയിച്ചതുപോലെ പ്രായശ്ചിത്തവഴിപാടു നടത്തുകയും അന്നവിടെ ചെന്നുകൂടിയവർക്കെല്ലാം അട പതിവിലധികം കൊടുക്കുകയും ചെയ്തു. ദേവിയുടെ മാഹാത്മ്യത്തെ സംബന്ധിച്ച ഒന്നുരണ്ടു സംഗതികൾകൂടി പറഞ്ഞിട്ട് ഈ ലേഖനമവസാനി പ്പിക്കാമെന്നു വിചാരിക്കുന്നു.

1078-ആമാണ്ടു കുംഭമാസത്തിൽകിളിരൂർദേശത്തുതന്നെയുള്ള "പുത്തൻമഠത്തിൽ ശിവയ്യൻ" എന്ന പരദേശബ്രാഹ്മണനു മസൂരികാ (വസൂരി) ദീനമുണ്ടായി. ദീനം ഏറ്റവും കടുത്ത വകയായിരുന്നു. അവിടെ ദീനരക്ഷയ്ക്കായിട്ടിരുന്നവരും ദീനം ചെന്നു കണ്ടവരായ അന്യന്മാരുമെല്ലാം ആ ബ്രാഹ്മണൻ കുളിക്കുന്ന കാര്യം അസാദ്ധ്യമാണെന്നുതന്നെ തീർച്ചപ്പെടുത്തി. താൻ ഇതിനാലെ മരിച്ചുപോകുമെന്നു രോഗിക്കും തോന്നി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, "കുന്നിന്മേൽ ഭഗവതിക്കു പന്ത്രണ്ടു ചരക്കിലട കഴിച്ചേക്കാമെന്നു നിശ്ചയിക്കൂ. അങ്ങേക്കു കുളിച്ചുതൊഴാൻ സംഗതിയാകും" എന്നു പറഞ്ഞതായി തോന്നി. അദ്ദേഹം കണ്ണു തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. "എന്തോ വെറുതെ സ്വപ്നം കണ്ടതായിരിക്കും" എന്നു വിചാരിച്ച് അദ്ദേഹം പിന്നെയും കണ്ണടച്ചു കിടന്നു. അദ്ദേഹം മയങ്ങിത്തുടങ്ങിയപ്പോൾ പിന്നെയും യഥാപൂർവ്വം ഒരാൾ അടുക്കൽ ചെന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. അങ്ങനെ മൂന്നു പ്രാവശ്യമുണ്ടായി. മൂന്നാം പ്രാവശ്യം അദ്ദേഹം കണ്ണു തുറന്നു നോക്കിയപ്പോൾ സർവാംഗസുന്ദരിയായ ഒരു തരുണി ആ മുറിയിൽനിന്ന് ഇറങ്ങിപ്പോകുന്നതായി അദ്ദേഹം കാണുകയും ചെയ്തു. അപ്പോൾ അത് ദേവിയുടെ അരുളപ്പാടുതന്നെയാണെന്ന് അദ്ദേഹത്തിനു തോന്നുകയും കുളിച്ചു തൊഴുന്ന ദിവസംതന്നെ പന്ത്രണ്ടു ചരക്കിലട കഴിച്ചേക്കാമെന്ന് അദ്ദേഹം നിശ്ചയിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതൽ ദീനത്തിന് ഇറക്കം തുടങ്ങി. ദീനമാരംഭിച്ചതിന്റെ ഇരുപത്തിരണ്ടാം ദിവസം അദ്ദേഹത്തെ കുളിപ്പിച്ചു. ഒരു വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ കുളിപ്പിച്ചത്. അടുത്ത ഞാറാഴ്ച അദ്ദേഹത്തെ കുന്നിന്മേൽ കൊണ്ടുപോയി തൊഴീക്കുകയും അന്നുതന്നെ പന്ത്രണ്ടു ചരക്കിലട കഴിക്കുകയും ചെയ്തു.

ഈ ദേശത്തുതന്നെ മറ്റൊരു മഠത്തിൽ 1085-ആമാണ്ട് യുവാവായ ഒരു ബ്രാഹ്മണനു വസൂരിദീനമുണ്ടായി. ആ ദീനവും ഏറ്റവും കടുത്ത വകയായിരുന്നു. അദ്ദേഹവും ഈ ദീനത്താൽ മരിച്ചുപോകുമെന്ന് എല്ലാവരും തീർച്ചപ്പെടുത്തി. ആ ബ്രാഹ്മണന്റെ ഭാര്യയായ അമ്മ്യാർ വ്യസനാക്രാന്തയായിട്ട്, " എന്റെ ഭർത്താവിനെ കുളിപ്പിച്ചു തൊഴീക്കാൻ സംഗതിയായാൽ തൊഴീക്കുന്ന ദിവസം എന്റെ കഴുത്തിൽ പതിവായി കെട്ടിവരുന്ന പവൻമാല ഞാൻനടയ്ക്കു വെച്ചേക്കാം" എന്നു നിശ്ചയിച്ചു. ഇതു മറ്റാരോടും പറഞ്ഞില്ല. ബ്രാഹ്മണനു ക്രമേണ ദീനം ഭേദപ്പെട്ടുതുടങ്ങി. പതിനെട്ടാം ദിവസം അദ്ദേഹത്തെ കുളിപ്പിച്ചു. അപ്പോൾ അമ്മ്യാർക്കു വിചാരമായി: "അയ്യോ! എന്റെ പവൻമാല കൊടുക്കണമല്ലോ. അതു പ്രയാസവുമാണ്. ഇതിൽനിന്ന് ഒരു പവൻ ഊരിയെടുത്തു നടയ്ക്കു വെച്ചേക്കാം. അതു മതി" എന്ന് ആലോചിച്ചു തീർച്ചപ്പെടുത്തി. ബ്രാഹ്മണനെ നടയിൽകൊണ്ടുപോയി തൊഴീച്ച ദിവസം അമ്മ്യാരും കൂടെപ്പോ യിരുന്നു. അവർ നിശ്ചയിച്ചതുപോലെ ഒരു പവൻ ഊരിയെടുത്തു നടയ്ക്കു വെച്ചു. ദീനമുണ്ടായ ബ്രാഹ്മണൻ ഉടൻ വിറയ്ക്കുവാൻ തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് അദ്ദേഹത്തിനു കലികൊണ്ടതുപോലെയായിട്ടു വെളിച്ചപ്പാടന്മാർ പറയുന്നതുപോലെ "കൊണ്ടുവാ, പവൻമാല അഴിച്ചുകൊണ്ടുവാ. അല്ലാതെ ഞാൻസമ്മതിക്കുകയില്ല" എന്നു വിളിച്ചു പറഞ്ഞുതുടങ്ങി. ഉടനെ ബ്രാഹ്മണന്റെ ഭാര്യ പവൻമാല അഴിച്ചു ബ്രാഹ്മണന്റെ കൈയിൽ ക്കൊടുത്തു. അദ്ദേഹം അതു നടയ്ക്കു വെച്ചിട്ടു പള്ളിയിൽ മേനോനെ വിളിച്ച് "ഇതെടുത്തുമറ്റുള്ള തിരുവാഭരണങ്ങളുടെകൂട്ടത്തിൽ സൂക്ഷിച്ചുകൊള്ളണം. വിശേ‌ഷദിവസങ്ങളിൽ അകത്തു കൊടുത്തു ബിംബത്തിന്മേൽ ചാർത്തിക്കണം" എന്നു പറയുകയും കലിയടങ്ങി ബ്രാഹ്മണൻ പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. ആ പവൻമാല ഇപ്പോഴും കരക്കാരുടെ കൈവശംതന്നെ ഇരിക്കുന്നു. വിശേ‌ഷദിവസ ങ്ങളിൽ ദേവിയുടെ ബിംബത്തിന്മേൽ ചാർത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ പവൻമാലയിൽ ഒറ്റക്കുഴ വെച്ചതായ പതിനെട്ട് അരപ്പവനും ഒരു മുഴുപ്പവനുമാണുള്ളത്.

ഇങ്ങനെ പറയുകയാണെങ്കിൽ കിളിരൂർ കുന്നിന്മേൽ ഭഗവതിയുടെ അത്ഭുതമാഹാത്മ്യങ്ങൾ ഇനിയും വളരെയുണ്ട്. വിസ്തരഭയത്താൽ അതിനായി തുനിയുന്നില്ല. ഈ ദേവിയുടെ പ്രതിഷ്ഠയെപ്പറ്റി ഒരു വിദ്വാൻ ഉണ്ടാക്കീട്ടുള്ളതായി കേട്ടിട്ടുള്ള ശ്ലോകംകൂടി താഴെ എഴുതിക്കൊള്ളുന്നു.

"കോളംബാബ്ദേ സുപൂജ്യേ ദിനകൃതിഝ‌ഷഗേ, കീരദേശാലയേസ്മിൻ
മംഗല്യേ സന്മുഹൂർത്തേ നിജജനഹിതകൃൽ ബിംബിലീശോ മഹാത്മാ
യസ്യാം ബിംബപ്രതിഷ്ഠാം ക്ഷിതിവിബുധവരൈഃ കാരയാമാസ ധീര
സ്സാ ദേവീ ശൈലകന്യാ കലയത കുശലം സർവദാ സർവ്വഥാ നഃ"

ഈ ശ്ലോകം കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠ നടന്നതു കൊല്ലം ഒരുനൂറ്റിപതിനേഴാമാണ്ടു മീനമാസത്തിലാണെന്നും അതു നടത്തിച്ചതു തദ്ദേശവാസികളായ ജനങ്ങളുടെ ഇഷ്ടപ്രകാരം തെക്കുംകൂർ രാജാവാണെന്നും സ്പഷ്ടമാകുന്നുണ്ടല്ലോ.

കുറിപ്പുകൾ

[തിരുത്തുക]

1.^ ഇപ്പോൾ കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ.