Jump to content

ഐതിഹ്യമാല/ഇടിവെട്ടിക്കാട്ടു നമ്പൂരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ഇടിവെട്ടിക്കാട്ടു നമ്പൂരി


കൊല്ലവർ‌ഷം പത്താം ശതകത്തിൽ ജീവിച്ചിരുന്ന മഹാകവികളുടെ കൂട്ടത്തിൽ 'ഇടവെട്ടിക്കാട്ട്' എന്നില്ലപ്പേരായിട്ട് ഒരു നമ്പൂരിയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കവിതകളുടെ രസികത്വം വിചാരിച്ചാൽ അക്കാലത്തുണ്ടായിരുന്ന കവികളിൽ പ്രഥമഗണനീയൻ ഇദ്ദേഹം തന്നെയായിരുന്നു എന്നു തോന്നിപ്പോകും. ഇദ്ദേഹത്തിന്റെ പ്രധാനകൃതികളിൽ പ്രസിദ്ധങ്ങളായിട്ടുള്ളവ ദക്ഷയാഗം, രുഗ്മിണീസ്വയംവരം എന്നീ ചമ്പുപ്രബന്ധങ്ങളും ചില ആട്ട കഥകളുമാണ്. ആ ചമ്പു പ്രബന്ധങ്ങൾ പട്ടേരി പ്രബന്ധങ്ങളിൽ ഒട്ടും താഴെയല്ലാന്നാണ് സഹൃദയന്മാരുടെ അഭിപ്രായം. ഈ നമ്പൂരിയുടെ ഒറ്റ ശ്ശോകങ്ങൾക്കുള്ള രസികത്വം വിചാരിച്ചാൽ അവയും സർവ്വശ്ളാഖ്യയങ്ങൾ തന്നെയാണ്.

973-ആമാണ്ട് നാടു നീങ്ങിയകാർത്തികതിരുനാൾ രാമവർമ്മമഹാരാജാവ് തിരുമനസ്സുകൊണ്ട് കൽപ്പിച്ചു നടത്തിയ ഒരു മുറജപക്കാലത്തു ഇടവെട്ടിക്കാട്ടു നമ്പൂരിയും തിരുവനന്തപുരത്തു ചെന്നു ചേർന്നിരുന്നു. അദ്ദേഹം മുഖംകാണിച്ച സമയം തിരുമനസ്സിലേയ്ക്കു രണ്ടുശ്ലോകങ്ങൾ എഴുതിക്കൊടുക്കുകയുണ്ടായി. അവ താഴെ ചേർക്കുന്നു.

"കോപി ശ്രീപത്മനാഭപ്രചുരതരകൃപാ
സാരപീയൂഷസേക-
സ്ഫീതപ്രോത്തുംഗവിദ്യാവിടപതതിലസ
ന്നീതിസാരപ്രവാളഃ
ധന്യോ ധർമ്മപ്രസൂനപ്രഭവനവയശ-
സ്സരൗഭാകൃഷ്ടലോകോ
ഭാതീ ശ്രേയഃഫലഘൈർദ്വിജകുലശരണം
രാമരാജാമരദ്രുഃ
കംസീകൃത്യ ദിവം ഭുവം തുലിതവാ-
നാധായ വേധാസ്തയോ
രിന്ദ്രം ത്വാഞ്ച പരിക്ഷിതും ഗരിമണി-
ദ്യൌസ്താണവദൂർദ്ധ്വം ഗതാ
ദേവാനപ്സരസസ്സുരദ്രുമഗണാൻ
നിക്ഷിപ്യ തത്രാനതാ
വദ്യ ക്ഷ്മാതലതോ ബാഹൂൻ സുകൃതിനോ
പ്യൂന്നീയ വിന്യസ്യതി."

സാരം:

1. ശ്രീ പത്മനാഭന്റെ അത്യധികമായ കൃപാസാരമാകുന്നനയ്ക്കുകയാൽ വർദ്ധിച്ചു വളർന്നുയർന്നിരിക്കുന്ന അമൃതുകൊണ്ടു വിദ്യകളാകുന്ന ശിഖരക്കൂട്ടങ്ങളിൽ പരിശോഭിക്കുന്ന നീതിസാരങ്ങളാകുന്ന തളിരുകളോടുകൂടിയതും ഭാഗ്യമുള്ളതും ധർമ്മങ്ങളാകുന്ന പു‌ഷ്പങ്ങളിൽ നിന്നു പുറപ്പെടുന്ന പുതിയ കീർത്തിയാകുന്ന സരൗഭ്യത്താൽ അകർ‌ഷിക്കപ്പെടുന്ന ജനങ്ങളോടു കൂടിയതും ശ്രയസ്സുകളാകുന്ന ഫലഗണങ്ങൾ ഹേതുവായിട്ടു ദ്വിജകുലങ്ങൾക്കു ബ്രാഹമണർക്കു (പക്ഷികൾ എന്നും)ശരണമായിരിക്കുന്നതുമായ ഒരു രാമരാജകൽപവൃക്ഷം ശോഭിക്കുന്നു.

2. അല്ലയോ മഹാരാജാവേ! ബ്രഹ്മാവു ദേവേന്ദ്രന്റെയും ഭവാന്റെയും കനം തൂക്കി അറിയൂന്നതിനായി സ്വർഗ്ഗത്തെയും ഭൂമിയേയും തുലാസിന്റെ രണ്ടു തട്ടുകളാക്കി കൽപിച്ചിട്ട് സ്വർഗ്ഗമാകുന്ന തട്ടിൽ ദേവേന്ദ്രനെയും ഭൂമിയാകുന്ന തട്ടിൽ ഭവാനെയും വെച്ചു. അപ്പോൾ ദേവേന്ദ്രന്റെ കനക്കുറവു കൊണ്ട് സ്വർഗ്ഗമാകുന്ന തട്ട് വളരെ മുകളിലും ഭവാന്റെ കനക്കൂടുതൽ കൊണ്ട് ഭൂമിയാകുന്ന തട്ട് വളരെത്താഴെയുമായിതീർന്നു. അതിനാൽ പിന്നെ സ്വർഗ്ഗമാകുന്ന തട്ടിൽ ദേവന്മാരേയും ദേവസ്ത്രീകളെയും കൽപകവൃക്ഷങ്ങളും കൂടി വെച്ചു. പിന്നെയും ആ തട്ടു താണു വരുകയാൽ ഇപ്പോഴും ഭൂമിയിൽ നിന്നു അനേകം അനേകം സുകൃതികളെ മേല്പോട്ടുയർത്തി ആ തട്ടിൽ കയറ്റിവച്ചുകൊണ്ടിരിക്കുന്നു.

ഈ ശ്ലോകങ്ങൾ കണ്ടു മഹാരാജാവ് തിരുമനസ്സുകൊണ്ട് അത്യന്തം സന്തോ‌ഷിച്ചു. നമ്പൂരിയുടെ രണ്ട് കൈയ്ക്കും വീരശൃംഖല കൽപ്പിചുകൊടുത്തു.

ആ മുറജപക്കാലത്തുതന്നെ ധനുമാസത്തിൽ ഒരു ദിവസം രാത്രിയിൽ ശീവേലി സമയത്തു തിരുമനസ്സുകൊണ്ട് മതിൽക്കകത്ത് എഴുന്നള്ളിയത് ഒരു സാല്വ പുതച്ചുംകൊണ്ടായിരുന്നു. തിരുമനസ്സിലേക്കു അക്കാലത്തു വാർദ്ധക്യം ബാധിക്കുകകൊണ്ടും മഞ്ഞിന്റെ തണുപ്പ് അതികഠിനവുമായിരിക്കുകകൊണ്ടുമാണ് അവിടുന്നങ്ങിനെ ചെയ്തത്. പത്മനാഭസ്വാമിയെ എഴുന്നള്ളിച്ചതിന്റെ പിന്നാലെയാണ് തിരുമനസ്സുകൊണ്ട് എഴുന്നള്ളിയിരുന്നത്. തിരുമനസ്സിലെ പിന്നാലെ ചില സേവകന്മാരും അനേകം നമ്പൂരിമാരുമുണ്ടായിരുന്നു. അപ്പോൾ ഇടിവെട്ടിക്കാട്ടുനമ്പൂരി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന നമ്പൂരിമാരോട് "ഞാനിപ്പോൾ വേണമെങ്കിൽ മഹാരാജാവ് പുതച്ചിരിക്കുന്ന ആ സാല്വ മേടിച്ചുകൊണ്ടുവരാം" എന്നു പറഞ്ഞു. അതു കേട്ടു ശേ‌ഷമുണ്ടായിരുന്ന നമ്പൂരിമാർ "അതു കേവലം അസാധ്യമാണ്" എന്നു പറഞ്ഞു. "ആട്ടെ, പരീക്ഷിച്ചു നോക്കട്ടെ എന്നു പറഞ്ഞ് ഇടവെട്ടിക്കാട്ട് നമ്പൂരി നമ്പൂരിമാരുടെ കൂട്ടത്തിൽനിന്നു പിരിഞ്ഞുപോയി തിരുമനസ്സിലെ അടുക്കലെത്തിയപ്പോൾ തിരുമനസ്സുകൊണ്ട് നമ്പൂരിയോട് "എന്താ?" എന്നു കൽപ്പിച്ചു ചോദിച്ചു. ഉടനെ നമ്പൂരി-

ശീതാർത്താ ഇവ സങ്കുചന്തി ദിവസാ,
നഹ്യംബരം ശർവ്വരീ
ശീഘ്റം മുഞ്ചതി, സോപി ഹന്ത! ഹുതഭു-
ക്കോണം ഗതോ ഭാസ്കരഃ
ത്വഞ്ചാനംഗകൃശാനുതപ്തഹൃദയേ
മുഗ്ദ്ധാംഗനാനാം ഗതോ
രാജൻ! കിം കരവാമ കേവലമമീ
ശീതാഭിഭൂതാ വയം?

എന്നൊരു ശ്ലോകം ചൊല്ലി.

സാരം:

തണുപ്പുകൊണ്ട പരവശങ്ങളായിട്ടോ എന്നു തോന്നുമാറു ദിവസങ്ങൾ (പകലുകൾ) ചുരുങ്ങുന്നു. രാത്രി അംബരത്തെ-ആകാശത്തെ (വസ്ത്രത്തെ എന്നും) വേഗത്തിൽ ഉപേക്ഷിക്കുന്നില്ല. സൂര്യൻ അഗ്നി കോണത്തിലെത്തിയിരിക്കുന്നു. അല്ലയോ രാജാവേ! അങ്ങു കാമാഗ്നി കൊണ്ടു ചൂടുപിടിച്ചിരിക്കുന്ന സുന്ദരിമാരുടെ ഹൃദയത്തെയും ഗമിച്ചിരിക്കുന്നു. തണുപ്പുകൊണ്ട് പരവശന്മാരായിരിക്കുന്ന ഞങ്ങളെന്താണു ചെയ്യേണ്ടത്?

തുലാമാസം മുതൽ മേടമാസം വരെ പകൽ കുറഞ്ഞും രാത്രി കൂടുതലുമായിരിക്കുമല്ലോ. പകൽ ചുരുങ്ങുന്നതും രാത്രി അംബരത്തെ വേഗത്തിൽ ഉപേക്ഷിയ്ക്കാത്തതും തണുപ്പിന്റെ ദുസ്സഹത്വം കൊണ്ടാണോ എന്നു കവി ഉൽപ്രേക്ഷിക്കുന്നു. അപ്രകാരം തന്നെ ദക്ഷിണായനത്തിൽ സൂര്യൻ തെക്കോട്ടു മാറുന്നതു സാധാരണമാണങ്കിലും അഗ്നികോണിലേക്കു പോകുന്നതു തണുപ്പു കൊണ്ടാണോ എന്നും ഉൽപ്രേക്ഷിക്കുന്നു. തണുപ്പുകാലത്തു ചിലർ തീയിന്റെ അടുക്കലേയ്ക്കു പോകുമല്ലോ. സുന്ദരിമാരുടെ ഹൃദയം കാമാഗ്നിതപ്തമായിരിക്കുമ്പോൾ അതിനകത്തിരിക്കുന്ന രാജാവിനു ശീതബാധയുണ്ടാവുകയില്ല. മഹാരാജാവിനെ കണ്ടിട്ടു സുന്ദരിമാരായിരിക്കുന്ന സ്ത്രീകൾ കാമപരവശകളായിരിക്കുന്നു എന്നു താൽപര്യം. ഇതുകൊണ്ടു മഹാരാജാവ് തിരുമനസ്സിലെ സൗന്ദര്യത്തെ സൂചിപ്പിച്ചിരിക്കുന്നു. ഇപ്രകാരമിരിക്കുന്ന ഇക്കാലത്തു തണുപ്പിനെ തടുക്കുന്നതിനു ഈയുള്ളവർക്ക് (എനിക്കു)ഒരു നിവൃത്തിയില്ലന്നു ഭാവം.

ഈ ശ്ലോകം കേട്ട ക്ഷണത്തിൽ തിരുമനസ്സുകൊണ്ടു പുതച്ചിരുന്ന സാല്വയെടുത്തു നമ്പൂരിക്കു കല്പ്പിച്ചു കൊടുത്തു.

മേലെഴുതിയിരിക്കുന്ന ശ്ലോകങ്ങൾകൊണ്ടുതന്നെ ഈ നമ്പൂരി ഒരു രസികനും മഹാകവിയുമായിരുന്നു എന്നു സ്പഷ്ടമാകുമല്ലോ.

അന്നു തിരുവനന്തപുരത്തുണ്ടായിരുന്ന സകല സഹൃദയന്മാരും ഈ മൂന്നു ശ്ലോകങ്ങളും വളരെ നന്നായി എന്നു സശിരക്കമ്പം സമ്മതിച്ചു. എന്നാൽ രണ്ടാമത്തെ ശ്ലോകമാണു അധികം നന്നായെതെന്നുള്ള പക്ഷക്കാരും പലരുമുണ്ടായിരുന്നു. അക്കാലത്തു ടിപ്പുസുൽത്താന്റെ ഉപദ്രവം കൊണ്ടനേകം ബ്രാഹ്മണർ തിരുവനന്തപുരത്തു ചെന്നു മഹാരാജാവിനെ ശരണം പ്രാപിച്ചിരുന്നതുകൊണ്ട് ഒന്നാം ശ്ലോകത്തിലെ "ദ്വിജകുലശരണം" എന്നുള്ള പ്രയോഗത്തെയും എല്ലാവരും വളരെ ശ്ളാഘിച്ചു. നമ്പൂരിയുടെ യോഗ്യതയ്ക്കു തക്കവണ്ണം സംഭാവനകൾ ചെയ്തും തിരുമനസ്സിലെ വിദ്വത്വം, ഔദാര്യം, ദയാലുത്വം മുതലായ ഗുണങ്ങളെകുറിച്ചും എല്ലാവരും പുകഴ്ത്തി. മേൽപറഞ്ഞപ്രകാരം മഹാരാജാവ് തിരുമനസ്സിലെ സംഭാവനകൾക്കു പാത്രീഭവിച്ച മഹാകവിയായിരുന്നു ആ നമ്പൂരിയുടെ ഇല്ലം തിരുവതാംകൂറിൽ കുന്നത്തുനാട് താലൂക്കിൽ ചേർന്ന പാങ്കോട്ടുദേശത്താണെന്നും ആ ഇല്ലം ഇപ്പോഴുമുണ്ടന്നുമറിയുന്നത് ഈ നാട്ടുകാർക്കു സന്തോ‌ഷാവഹവും അഭിമാനകരവുമായിരിക്കുമല്ലോ.