ഉമാകേരളം/മൂന്നാം സർഗ്ഗം
←രണ്ടാം സർഗ്ഗം | ഉമാകേരളം (മഹാകാവ്യം) രചന: മൂന്നാം സർഗ്ഗം |
നാലാം സർഗ്ഗം→ |
ആക്കാമിനിക്കന്നു ശിവാരുതത്തേ-
ക്കേൾക്കായ്പരം ദുർവിധിഗർജിതംപോൽ;
ശ്രീക്കാസ്പദം കങ്കണമൂരിവീണു
പോക്കാർന്നിടും ലക്ഷ്മി കണക്കു മന്നിൽ. 8
ആതങ്കമോടിങ്ങനെ ദുർന്നിമിത്ത-
വ്രാതം കരിങ്കാറണിവേണി കാൺകെ
ഹാ! തങ്കനേർമേനിയിലശ്രുവീഴ്ത്തി
പ്രേതംകണക്കുൾച്ചൊടിയറ്റിരുന്നാൾ. 9
എന്തോ വരാൻപോവതു മേലിലെന്നായ്
ചിന്തോർമ്മിജാലത്തിൽ മനസ്സുമുങ്ങി
തൻതോഴിമാരോടുരിയാടൽവിട്ടു
പന്തോടെതിർക്കും മുലയാളിരുന്നാൾ. 10
ഹേ! തന്വി! നിന്നെ ക്ഷിതികാത്തിടും നിൻ
താതൻ വിളിക്കുന്നു ജവത്തിലെന്നായ്
സ്വാതന്ത്ര്യമോടേകനണഞ്ഞു കാല-
ദൂതൻ കണക്കോടിയടുത്തു ചെന്നാൻ. 11
പോ നീ വരാം ഞാൻ പിറകേ മുറയ്ക്കെ-
ന്നാനീലലോലാളകചൊന്നനേരം
ആനീതയാക്കുന്നതിനാജ്ഞയുണ്ടെ-
ന്നാ നീണ്ട ദണ്ഡേന്തിന ദൂതനോതി. 12
വന്നോഫലം ദുശ്ശകുനവ്രജത്തി-
ന്നെന്നോർത്തു തീയിൽത്തളിർപോലെ വാടി
പൊന്നോമലാ,ളെങ്കിലിതാ വരുന്നേ-
നെന്നോതിയദ്ദൂതനൊടൊത്തു പോയാൾ. 13
സ്മേരാനനം പൂണ്ട പിതാവിനെക്ക-
ണ്ടാരാമ തൻ ദുശ്ശകുനങ്ങളെല്ലാം
ആരാലുണർത്തുന്നതിനോർത്തു ചെന്നാ-
ളാരാലുമേ ഭാവിയദൃശ്യമല്ലോ. 14
തന്നാലയിൽ സ്വൈരമണഞ്ഞിടുമ്പോൾ
ചെന്നായെ നേരിട്ടിടുമാടുപോലെ
അന്നാരി രുട്ടാലധരം വിറയ്ക്കും
മന്നാളുവോനെബ്ഭയമാണ്ടു കണ്ടാൾ. 15
ആയംപെടും കോളിൽ വിശാലമാകും
കായല്ക്കകംപോലരിശത്തഴപ്പിൽ
ഭൂയസ്തരാം ഭൂപതി ദുർന്നിരീക്ഷ്യ-
ശ്രീയന്നു ഹാഹന്ത! വഹിച്ചിരുന്നു. 16
മോടിക്കനേകം സുഗുണങ്ങൾ കൂട്ടം
കൂടിക്കളിക്കുന്ന നൃപാശയത്തിൽ
ചാടിക്കടുംക്രോധമണഞ്ഞു പുഷ്പ-
വാടിക്കകം മൂത്തകുരങ്ങുപോലെ. 17
വൻമാരിവിട്ടാലുമതിൻതണുപ്പു
പിന്മാറുകില്ലൂഴിയിലക്കണക്കേ
സന്മാന്യനാം മന്ത്രിയകന്നുമന്നാ
നന്മാനവൻതൻ ക്രുധ നീങ്ങിയില്ല. 18
ചൊന്നാനവൻ നന്ദിനിയോടു: 'കേൾക്ക,
നിൻനാഥനാകുന്നതിനോർത്ത തമ്പാൻ
ഇന്നാശു തോവാള കടന്നിടുന്നു;
തൻനാശബീജം തദകൃത്യമാർക്കും. 19
കുന്നിങ്കൽനിന്നാറുകണക്കു കണ്ണിൽ-
നിന്നിത്ഥമെന്തശ്രു പതിച്ചിടുന്നു?
പൊന്നിൻപതക്കത്തെയെടുത്തു പൊട്ട-
ക്കുന്നിക്കുരുത്താലിയിലാരു കോർക്കും? 20
പോകട്ടെ പു,ല്ലപ്പുരുഷൻ; നിനക്കു
പാകത്തിൽ ഞാൻ കാന്തനെ വേറെ നൽകാം;
വാകപ്പുതുത്താരിനു കള്ളിമുള്ളു
ശോകത്തിനല്ലാതെ സുഖത്തിനാമോ? 21
മച്ഛക്തിയെന്തെന്നറിയാതെ ശുദ്ധ-
തുച്ഛസ്വഭാവം തുടരൊല്ല കുഞ്ഞേ!
ഇച്ഛയ്ക്കു കൊല്ലും കൊലയും നടത്താ-
നച്ഛ,ന്നവൻ മന്നവനോർമ്മവേണം' 22
ഏവം കഥിച്ചൊട്ടു സമാശ്വസിച്ചാൻ
ഭൂവല്ലഭൻ ഭാരമിറക്കുവോൻപോൽ,
സ്ത്രീവർഗ്ഗമുത്തും പിളർമിന്നലേറ്റ
പൂവല്ലിപോൽ വാടി നിലത്തു വീണാൾ. 23
താപക്കൊടുംകാറ്റടിയേറ്റ കന്യാ-
ദീപത്തിനെത്തന്നുടെ മുന്നിൽനിന്നും
ഭൂപൻ വെളിക്കാക്കി; കൃപാംബുവാർക്കും
കോപക്കനൽക്കട്ടയിലാവിതന്നെ. 24
വ്യാധന്റെ ബാണം ഹൃദയത്തിലേറ്റു
ബോധം നശിക്കും ഹരിണിക്കു മുറ്റും
സാധർമ്മ്യമാർന്നീടിന തയ്യലാളെ-
സ്സൗധത്തിൽവച്ചാളികൾ താങ്ങിവാങ്ങി. 25
ശീതോപചാരം ചിരമേറ്റനേരം
പ്രേതോപമാവസ്ഥയെ വിട്ടുനീങ്ങി
ശാതോദരീമുത്തെഴുന്നേറ്റു മന്ത്രി-
ക്കേതോ പുരാപുണ്യമിരിക്കമൂലം. 26
പിന്നീടമാത്യന്നു പിണഞ്ഞൊരാപ-
ത്തന്നീലപത്മാക്ഷിയൊടാകമാനം
ചൊന്നീടിനാരാളികൾ; വിശ്വസൃട്ടേ!
നിൻ നീട്ടൊരാൾക്കും നിരസിച്ചിടാമോ? 27
എൻ തോഴിമാരേ! ഹതയായി ഞാനെ-
ന്നെന്തോതിയാലും വിലപിച്ചു പാരിൽ
വെന്തോരു ഹൃത്തോടു പതിച്ചു പാവ-
മെന്തോന്നു ദൈവപ്പകയോടു കാട്ടാം? 28
അന്നാടു വിട്ടീടുമമാത്യവര്യൻ
തൻ നാഥയെക്കാണ്മതിനക്ഷണത്തിൽ
മന്നാളുവോൻ കല്പനനൽകി മുന്നിൽ-
ച്ചെന്നാൻ; വിയോഗാർത്തിയസഹ്യമാർക്കും; 29
ധീരത്വമേറീടിന മന്ത്രി വന്ന
നേരത്തു ലജ്ജാഖ്യയെയേകയാക്കി
ദൂരത്തു പിന്മാറി നതാംഗിയാൾതൻ
ചാരത്തെഴും മറ്റു സഖീകദംബം. 30
ഹൃത്തിൽക്കിടക്കും സുഖവിത്തമാകെ-
ക്കുത്തിക്കവർന്നീടിന ദുഃഖചോരൻ
അത്തിഗ്മഭാസ്സൊത്തൊരമാത്യനിൽഭീ-
മെത്തിക്കുരംഗാക്ഷിയെയപ്പോൾ വിട്ടോ? 31
ശ്രീലാസ്യഭൂവാമബലാമണിക്കു
ചേലാർന്ന നേത്രങ്ങളിലശ്രുബിന്ദു
ആലാക്കിലുൾച്ചേർന്നിതു, മഞ്ഞുതുള്ളി
നീലാബ്ജപത്രങ്ങളിലെന്നപോലെ. 32
അത്തയ്യലാൾതന്നതിനിമ്നമാകും
ഹൃത്തട്ടിലാഴിക്കകമൂർമ്മിപോലെ
ഒത്തന്നുദിച്ചോരു വികാരവായ്പിൻ
വൃത്തം വെടിപ്പായ് മുഖഭാവമോതി. 33
രണ്ടായിരം നാക്കു കഴുത്തിലുള്ള
തണ്ടാർദലാക്ഷന്റെ കിടക്കകൂടി
കണ്ടാൽക്കൊതിക്കുംപടി കണ്ണുകൊണ്ടു
രണ്ടാളുമന്തർഗ്ഗതമൊക്കെയോതി. 34
നാവിൻ പരാതിക്കിട നൽകിടായ്‌വാൻ
ധീ വിങ്ങിടും മന്ത്രി നിനയ്ക്കകൊണ്ടോ
ആ വിശ്വസ്സമ്മോഹിനിയോടിവണ്ണ-
മാവിഗ്നഹൃത്തായുരചെയ്തു പിന്നെ. 35
'ബാലേ! വധൂടീകുലമൗലിമുക്താ-
മാലേ! മനോജ്ഞാംഗി! മരാളയാനേ!
ബാലേന്ദുഫാലേ വിധിവൈപരീത്യ-
ത്താലേതു കല്ലാലിലയാവതില്ല ? 36
കൊറ്റിന്നു പോക്കറ്റു വടക്കുനിന്ന്
തെറ്റിത്തെറിച്ചെത്തിയൊരെന്നെ മേന്മേൽ
പോറ്റി, കലാശത്തിലിളേശനേവം
പറ്റിച്ച പറ്റീശ്വര! രാമരാമ! 37
വയ്യാർക്കുമോതാൻ ! നൃപനുച്ചിവച്ച
കയ്യാൽക്കഴിച്ചാനുദകപ്രദാനം
തയ്യാകുമെൻ ജീവിതവല്ലിയോടോ
കയ്യാങ്കളിക്കേറ്റു വിപത്തടിത്തേ? (യുഗ്മകം) 38
നിഷ്കാരണം വഞ്ചിയിൽനിന്നുമെന്നെ
നിഷ്കാസനം ചെയ്ത നൃപൻ നിമിത്തം
ദുഷ്കാലദാവാഗ്നിയിലെന്നഭീഷ്ട -
ശുഷ്കാഗമത്തെ ചുടുചാമ്പലായി. 39
ചേലാളുവോരെൻ പുകൾവെള്ളിമേട
മേലാകവേ താർമഷി കോരിവീഴ്ത്തി
വേലാതിഗക്ഷേമസരിത്തു ദു:ഖ-
ഹാലാഹലാംഭോനിധിയാക്കി മന്നൻ. 40
ആഴത്തിലെൻ നെറ്റിയിലറ്റമെന്യേ
വീഴക്ഷരം ചേർത്ത വിരിഞ്ചനിപ്പോൾ
പാഴറ്റ പീയൂഷഘടം പിടുങ്ങി -
താഴത്തു തട്ടിച്ചിതറിക്കളഞ്ഞു. 41
പോകട്ടെ സർവസ്വമുണക്കുപുല്ലു!
നീ കൈക്കലായാൽ ജഗദീശ്വരൻ ഞാൻ ;
ഹാ കഷ്ട,മില്ലായ്‌കിൽ നിരർത്ഥമാകും
ലോകത്രയം നേടുകിലും ദരിദ്രൻ. 42
ഹേ, വഞ്ചിഭൂപാലകപുത്രി! നിന്നി-
ലേവം തഴയ്‌ക്കുന്ന മമാനുരാഗം
ദൈവം സഹിച്ചില്ല ; ലഭിച്ചിടാത്തൊ-
രാവസ്തുവിൽ കാംക്ഷ വിപന്നിദാനം. 43
എന്തിന്നതെല്ലാം പറയുന്ന, തറ്റു,
ചിന്തിക്കിൽ നമ്മൾക്കു പെടുന്ന ബന്ധം;
പന്തിക്കിതെൻ പൂർവജനുസ്സിൽ നട്ട
വൻതിന്മയാം വിത്തിനു കൊയ്ത്തുകാലം . 44
വേകുന്നൊരുൾത്തട്ടൊടു നിന്നെ വിട്ടു
പോകുന്നു ഞാനെങ്കിലുമോമലാളേ!
ചാകുന്നകാലംവരെ നിന്നഭിഖ്യ
തൂകുന്ന മേനിക്കതു പീഠമത്രേ. 45
ഒട്ടിത്തരം പല്ലുകടിച്ചു വല്ല
മട്ടിന്നുമോരോന്നവനോതിടുമ്പോൾ
വെട്ടിത്തുറന്നക്ഷിയിൽ നിന്നു സേതു
പൊട്ടിക്കുമാറ്റിൻപടി നീരുവാർന്നു. 46
ഭീ തങ്കുമുള്ളത്തോടു വർത്തമാനം
ഭൂതം ഭവിഷ്യത്തിവയോർത്തനേരം
മാതംഗയാനക്കുളവാം വികാര -
ഭൂതവ്രജം നാക്കു പിടിച്ചുതാഴ്ത്തി . 47
ചൊന്നാൾ പണിപ്പെട്ടവൾ വല്ലപാടു-
'മെൻനാഥ! ഞാനന്യസഹായമറ്റോൾ;
എന്നാൽ സഹിപ്പാനരുതീ വിയോഗ,-
മെന്നാളുമുണ്ടോ നിഴൽ വസ്തുവെന്യേ? 48
ശ്രീരാമനെബ്ഭൂസുത, പാണ്ഡുപുത്ര -
ന്മാരാമിളാനാഥരെ യാജ്ഞസേനി,
ധീരാഗ്ര്യനാകും നിഷധേശനെപ്പ-
ണ്ടാരാമവൈദർഭിയുമെന്തു ചെയ്തു ? 49
ആ മട്ടു ഞാനും പ്രിയനെത്തുടർന്നു
പോമാബ്ധിപാരത്തിലുമില്ല വാദം;
ഓമൽക്കഴൽത്താർ പണിയുന്നൊരെന്നെ
ദ്ധീമൻ, വെടിഞ്ഞാലതുഘോരപാപം. (യുഗ്മകം) 50
പങ്കം പെടാത്തോരു ഭവാനെയിദ്ദു-
ശ്ശങ്കക്കു ലാക്കാക്കി വലച്ച താതൻ
തങ്കത്തിനെപ്പിച്ചളയായ് മതിച്ചു
തൻകണ്ണു താൻതന്നെ പൊടിച്ചുവല്ലോ! 51
മാതാവിനെക്കണ്ടറിവില്ലെനിക്കു
ഹാ! താതനോ സാധു, തുണയ്‌ക്കു മന്നിൽ
ഏതാണൊരാൾ നാഥ! ഭവാൻ വെടിഞ്ഞാൽ?
ജേതാവുതാൻ ദുർവിധിയെന്തുചെയ്യാം? 52
ആറോടു പത്താകിൽ വയസ്സു നിന്നിൽ-
ക്കൂറോടു തമ്പാൻ മുറിനൽകുമെന്നായ്
മാറോടു ചേർത്തന്നു പിതാവു കണ്ണീ-
രാറോടുമാറോതിയതേവമായോ? 53
താരാഗണം തൊട്ടു ശശിക്കു താപം
തീരാൻ പദാർത്ഥങ്ങളനേകമുണ്ടാം;
ആ രാവിനും നാഥ! കുമുദ്വതിക്കു-
മാരാണൊരുത്തൻ തുണ തിങ്കളെന്യേ? 54
ധീയെന്നുമാർന്നോരവിടുന്നു നായർ
സ്ത്രീയെന്നു ചിന്തിക്കരു, തന്യനുള്ളം
ഹ്രീയെന്നിയേ നൽകിലുടൻ നശിപ്പാ-
നീയെന്നെ ഞാൻ തന്നെ ശപിച്ചിടുന്നു. 55
കുഞ്ഞോർക്കിലീഞാൻ, പുകഴിൻ നിറത്താൽ
മഞ്ഞോടെതിർക്കുന്ന ഭവാൻ വെടിഞ്ഞാൽ,
നെഞ്ഞോടുതീചേർന്നുകഴിഞ്ഞു; പിന്നെ
നഞ്ഞോ തുണയ്പാൻ കയറോ പയസ്സോ? 56
എന്നോതിയശ്രുപ്പുഴയിൽക്കുളിച്ചു
തന്നോമനബ്ബാഹുലതായുഗത്തെ
അന്നോഷധീശാനന മന്ത്രിതന്റെ
മുന്നോട്ടുചായുന്ന കഴുത്തിലിട്ടു. 57
തൂക്കിന്നുമുൻപായ്‌ക്കൊലപാതകിക്കു
ലാക്കിന്നുകിട്ടുന്നൊരു സദ്യപോലെ
ഊക്കിന്നരങ്ങാം സചിവാഗ്രഗാമി -
ക്കാകന്യകാലിംഗനമന്നു തീർന്നു. 58
ഒന്നേ പുണർന്നുള്ളു വധൂപുമാന്മാ-
മന്നേരമന്യോന്യമനല്പരാഗം;
പിന്നേടമെന്തോ കഥ? മാനസത്തിൽ
വന്നേറിടും മാലൊടു മാറിനിന്നു. 59
ശ്രീതിങ്ങുമാ മങ്കയൊടൊത്തു വഞ്ചി-
ഭൂ തിട്ടമന്നാൾ വെടിവാൻ കഴിഞ്ഞും
ചെയ്തില്ലതൊന്നും ക്ഷിതിപാലമന്ത്രി;
നീതിജ്ഞർതൻ പദ്ധതിയേവമല്ലോ. 60
പേരാർന്നമന്ത്രിക്കെഴുമുൾക്കളത്തിൽ-
പ്പോരാടി രാഗത്തിനെ രാജഭക്തി
ആരാൽ ജയിക്കുന്നതു കണ്ടു പോവാ-
നാരാമ കണ്ണാലനുവാദമേകി. 61
നില്ലാതനന്താന്തമമാത്യഭാസ്വാൻ
വല്ലാതെ കൈവിട്ടു ഗമിച്ചിടുമ്പോൾ
ഉല്ലാസമപ്പത്‌മിനിതൻ മുഖത്തി-
ലില്ലാതെയായ്ത്തീർന്നതിലെന്തു ചിത്രം? 62
സ്നേഹം വഹിക്കാതെ നൃപാലകൻ ദുർ-
മ്മോഹത്തിനാൽ മന്ത്രിയെ നീക്കിയപ്പോൾ
ഹാഹന്ത! രാവിങ്കൽ വിളക്കുകെട്ട
ഗേഹം കണക്കായിതു വഞ്ചിരാജ്യം. 63
ഏകാകിയായ്പ്പോം സചിവന്നു സാഹ്യ-
മേകാനൊരാളില്ല വഴിക്കതോർത്തോ
വൈകാതെയത്തയ്യലകമ്പടിക്കു
ശോകാഢ്യമാം തൻ ഹൃദയത്തെ വിട്ടാൾ 64
തള്ളിക്കടക്കും വധുവിന്റെ മേനി-
ക്കുള്ളിൽ സ്ഥലം നൽകിടുവാൻ നിനച്ചോ
പുള്ളിക്കുരാംഗാക്ഷിയെ വിട്ടുപോമ-
പ്പുള്ളിക്കു നേത്രാംബു വെളിക്കുചാടി? 65
ഹൃത്തിങ്കൽ മേവും കമനിക്കു വായു-
വെത്തിച്ചു ജീവൻ നിലനിർത്തുവാനോ
അ,ത്തിങ്ങിടും കീർത്തികലർന്ന മന്ത്രി
മൂത്തിദ്ധതാപം നെടുവീർപ്പുവിട്ടു? 66
അമ്മാന്യനാം മന്ത്രിയകത്തുകേറ്റി-
യമ്മാ! വിടും നിശ്വസിതം തദാനീം
കമ്മാളനുള്ളോരുലയൂത്തുപോലെ-
യമ്മാനസത്തിൽച്ചുടുതീ വളർത്തി. 67
കൂറൊത്തു വേണ്ടുംപടി ബാഷ്പവൃഷ്ടി
മാറത്തു നേത്രാബ്ജയുഗം പൊഴിച്ചും
ആറിത്തുടങ്ങീലകമെന്നു ചൂടു
പേറിത്തഴയ്ക്കും നെടുവീർപ്പുരച്ചു. 68
വേകുന്നൊരുള്ളാർന്നു ശിവത്തൊടസ്സ-
ലാകുന്ന വഞ്ചിക്ഷിതി വിട്ടു ദൂരെ
പോകുന്ന മന്ത്രിക്കഴലോടു പൗര-
രേകുന്നൊരാശിസ്സുകൾ കൂടെയെത്തി. 69
ഭീമാഗ്ര്യരാം കിങ്കരരാറുപേര
സ്സാമാന്യനല്ലാത്ത പുമാനെ മുറ്റും
കാമാദിഷൾക്കം മലഹീനമാകു-
മാമാനസത്തെപ്പടി പിൻതുടർന്നു. 70
സന്മന്ത്രിയെത്തെല്ലുമലിഞ്ഞിടാതാ-
വന്മർത്യർ തോവാള കടത്തിവിട്ടാർ,
തിന്മയ്ക്കു ദുർവാസനമൂക്കുവോർ മു-
ജ്ജന്മത്തിലെപ്പുണ്യഫലത്തിനെപ്പോൽ. ഫലകം:കട്ടി-ശ്ലോ
തർഷം നിലങ്ങൾക്കു കുറ,ച്ചനല്പോൽ-
കർഷം നിചോളപ്രകരത്തിനേകി,
ഹർഷം കൃഷിക്കാർക്കകമേ വരുത്തി,
വർഷർത്തുവും വഞ്ചിയിൽ വന്നിതപ്പോൾ. 72
ലോകം വിറയ്ക്കുംപടി ഘോഷയാത്ര
ഹാ കഷ്ടമേ! ചണ്ഡമരുത്തു ചെയ്തു;
കൈകണ്ടപോലാശുഗബാധ മേനി-
ക്കാകമ്പമേവർക്കുമിയറ്റുമല്ലോ. 73
മങ്ങാതമാനത്തൊടു കാമനാം തൻ-
ചങ്ങാതിയെത്താണുവണങ്ങിടാത്തോർ
എങ്ങാനുമുണ്ടെങ്കിൽ വരട്ടെയെന്നാ-
യങ്ങാർത്തുമന്നൊക്കെ നടന്നു വായു 74
നീരൊത്തവാതം തനുവിൽക്കടന്നാൽ
തീരെത്തരംപോര സുഖത്തിനെന്നായ്
പാരിൽത്തുലോം മാനുഷരോർത്തതേറെ-
ദ്ദൂരത്തുനിൽക്കും പടി വാതിൽപൂട്ടി 75
ആശാവകാശങ്ങളിലുക്കനന്താ-
ധീശാഗ്ര്യനാദിത്യനു നീങ്ങിയപ്പോൾ
ഹാ! ശാശ്വതഖ്യാതി ലഭിച്ചു വമ്പു
പേശാൻ വെറും കമ്പിളിയും മുതിർന്നു 76
പാരാണ്ട ചണ്ഡാനിലശൈത്യമേകും
ഘോരാർത്തിനീങ്ങിസ്സുഖമാളുവാനോ
നേരായ്ക്കനംവാച്ച മുകില്പുതപ്പാൽ
പാരാതെ വാനും തനുവാകെ മൂടി? 77
ഭൂവിന്നധീശന്റെയകീർത്തി പുഞ്ജ-
മാ വിണ്ണിലും വാച്ചു പരക്കകൊണ്ടോ
ദ്യോവിങ്കലെങ്ങും നിലവിട്ടു നീല-
ശ്രീവിങ്ങി, യാരോ കരിതേച്ചപോലെ? 78
മന്നന്റെ നന്മാളികയാം ചുരുട്ടു
മുന്നം വലിച്ചഗ്നി വമിച്ച ധൂമം
അന്നന്തരീക്ഷത്തിൽ നിറഞ്ഞുകാണായ്
കന്നൽക്കരിങ്കാർകപടത്തിനാലേ 79
മിന്നൽപ്പിണർപൊന്നണി മാലപൂണ്ടു-
മെന്നല്ലഹോ! സജ്ജഘനാഢ്യയായും
അന്നത്രയും തീർത്തിതു നീലകണ്ഠ-
ഖിന്നത്വമാദ്യോവഗപുത്രിപോലെ 80
സാദത്തൊടും ശത്രുതപൂണ്ട ചക്രി
ഖേദത്തിൽ ഞെട്ടുന്നതു നോക്കിനോക്കി
വാദംവിനാ കേകി വഹിച്ചു മേഘ-
നാദപ്രിയത്വം ദശകണ്ഠനൊപ്പം 81
വായും പിളർന്നംബരസാഗരത്തിൽ-
പ്പായുന്ന കാളാബ്ദതിമിവ്രജത്തിൻ
ഭീയുറ്റു നിത്യോഡുപകേളി വിട്ടു
പോയുള്ളിൽ മാലേന്തിന കാലദാശൻ 82
ഭൂമിക്കു താപം ഘൃണവിട്ടണച്ചൊ-
രാമിത്രനെ ക്രോധഹുതാശനങ്കൽ
ഹോമിക്കുവാൻ കാറുകൾ വാനിലെങ്ങും
തൂമിന്നലാം ചൂട്ടുപിടിച്ചു നോക്കി 83
ദ്യോവാകെയാദിത്യനെഴാതെ മിന്നൽ-
ക്കൈവാളുമന്നിന്ദ്രധനുസ്സുമേന്തി
ആവാരിദശ്രേണിയുറക്കെ,യർക്ക!
വാ വാ പടയ്ക്കെന്നിടിയാൽ വിളിച്ചു 84
ഇണ്ടൽപ്പെടുത്തും സ്തനിതാട്ടഹാസം
പൂണ്ടത്തടിദ്ദംഷ്ട്രകൾ കാട്ടി,യാരും
രണ്ടക്ഷിയും കാതുമടയ്ക്കുമാറു
കൊണ്ടൽക്കരിങ്കാളികൾ പാഞ്ഞു വാനിൽ 85
വ്യോമപ്പെരുമ്പാറയിൽ വാരിഭേദ-
സ്തോമം മദത്താൽ കൊലകൊമ്പുരയ്ക്കേ
കാമം തെറിച്ചുഴിയിൽ വന്നുവീഴും
ഭീമസ്ഥുലിംഗപ്പടി മിന്നൽ മിന്നി 86
സാമർത്ഥ്യമേറും ജലദം ദിനേശ-
സോമഗ്രഹോഡുക്കളെ വാനിൽനിന്നും
കാമം പറപ്പിച്ചിതു, മന്നിൽ നിന്നു
രാമൻ പുരാ ബാഹുജരെക്കണക്കേ 87
വക്രത്വമാണ്ടും, സുഗുണം വെടിഞ്ഞും
തക്കത്തിൽ നാനാവിധവർണ്ണമാർന്നും
പാർക്കിൽ തുലോമിക്കലികാലമർത്യ-
ന്മാർക്കൊത്തുകാണായ് മഴവില്ലു വാനിൽ 88
നന്നായിടിബ്ഭേരി മുഴക്കി മിന്ന-
ലെന്നാഖ്യയാം ദീപികയും കൊളുത്തി
സന്നാഹമോടും ജയയാത്ര വാനി-
ലന്നാൾ തുടർന്നാർ ഭുവനം ഭരിപ്പോർ 89
ആമട്ടുപോകും ഘനസാർവഭൗമ-
സ്തോമത്തിനാത്മപ്രഭുശക്തി കാട്ടാൻ
വ്യോമത്തിൽ വർഷർത്തു ചമച്ചൊരാരാർക്കായ്
ശ്രീമത്ത്വമേറും മഴവില്ലുതോർന്നി 90
നീലം നിറം മങ്ങി നശിച്ചുപോക-
മൂലം കറുപ്പേറിടുമംബരത്തെ
വെയ്ലറ്റു വർഷാരജകാംഗനയ്ക്കാ-
ക്കാലത്തലക്കാൻ കഴിവായതില്ല 91
ഹാ! ദംഭമില്ലാതെ രജസ്സിണങ്ങി-
സ്സാദം ഭവിച്ചോരു ധരിത്രിയാളെ
ശ്രീദം കഴിപ്പിച്ചു ജലാഭിഷേകം
കാദംബിനിത്തോഴികൾ ശുദ്ധി ചേർപ്പാൻ 92
ദീനർക്കു വേണ്ടും രസമേകിടാഞ്ഞാൽ
മാനത്തിൽ നൽജീവനമെന്തിനെന്നായ്
ആ നല്ല മേഘങ്ങൾ നിനച്ചുതന്നെ
നൂനം തദാ പാതകതൃപ്തിനൽകി 93
കൂട്ടാക്കിടാതാജിതുടർന്ന കൊണ്ടൽ
ക്കാട്ടാന രണ്ടിന്റെ ശിരസ്സിൽനിന്നും
ത്വിട്ടാർന്നു താഴെച്ചിതറുന്ന മുത്തിൻ
മട്ടായി മന്നിൽക്കരകങ്ങൾ വീണു 94
ഊക്കൊത്ത ഭൂപന്റെ കൊടുംകൃപാണം
സൽക്കീർത്തിപുഞ്ജം വിളയിച്ചിടുംപോൽ
ലാക്കിൽത്തുലോം കാർഷ്ണ്യമെഴും ഘനങ്ങ-
ളൊക്കെത്തദാ ശുഭ്രപയസ്സുപെയ്തു 95
ഹാ! കഷ്ടമേ നമ്മുടെ നാടുകാക്കാൻ
പാകത്തിലാരുള്ളതു മേലിലെന്നായ്
നാകസ്ഥരാം വഞ്ചിധരേശരശ്രു-
ശോകത്തൊടും വർഷമിഷാൽപ്പൊഴിച്ചോ? 96
ഭൂയസ്തരാം നീരസയായ് ഭവിച്ചാൽ
ജായയ്ക്കു പൊയ്പോം രസയെന്ന നാമം;
ശ്രീയമ്പുമാ വിഷ്ണുവിവണ്ണമോർത്തു
തോയം പൊഴിച്ചോ സ്വപദത്തിൽനിന്നും? 97
ഭേകങ്ങൾകുകിക്കുകവീന്ദ്രർപോലെ
ലോകത്തിനെല്ലാം ശ്രുതിശല്യമേകി
പാകത്തിലാരും നദിയെസ്സുസാധ്വീ-
കോകസ്തനിക്കൊപ്പമടുത്തതില്ല 98
ധാരാധരേശദ്വിപദാനവാരി
ധാരാളമെങ്ങും പ്രസരിക്കമൂലം
പാരായതിൽ ഭോജനിരുന്ന നാൾക്കു-
നേരായ് വിളങ്ങീ സുമനസ്സമൂഹം 99
ചാരുത്വമേറുന്നൊരു ജാതിതന്റെ
പേരൊത്ത പുഷ്പോദ്ഗമവേലയിങ്കൽ
ചാരത്തു തേന്മാവിലെഴും ശുകസ്ത്രീ-
വാരത്തിൽനിന്നുത്തമഗീതി പൊങ്ങി 100
വാർക്കുന്ന നീരാർന്ന വിയുക്തയാരാ-
മയ്ക്കണ്ണിയാൾതൻ മിഴിയെന്നപോലെ
മുക്കുന്ന വർഷത്തൊടിമുട്ടു ചുറ്റും
വായ്ക്കുന്നതാം യാമിനി ദീർഘമായി 101
നല്ലാർക്കു വായ്ക്കുന്ന പയോധരങ്ങൾ
വല്ലാതെ കണ്ടാർത്തിയെഴും യുവാക്കൾ
നല്ലാർക്കു വായ്ക്കുന്ന പയോധരങ്ങ-
ളല്ലാതെ കണ്ടില്ല സഹായമൊന്നും. 102
കാന്താനനേന്ദുസ്മിത ചന്ദ്രഭാസ്സിൽ
നീന്താത്ത ദൃക്ചഞ്ചുപുടങ്ങളോടും
ഹന്താധികം ഭൂപസുതോചകോരി
സന്താപമന്നാളകതാരിലേന്തി 103
കോപത്തൊടഭ്രങ്ങൾ പൊഴിച്ച തോയ-
രോപങ്ങളേല്പാൻ പണിയാകമൂലം
താപവ്രജം മന്നിനകം വെടിഞ്ഞു
ഭൂപന്റെ പുത്രിക്കകമേ കടന്നോ? 104
ലോകാന്തരത്തിൽപ്പെടുവോർക്കുകൂടി-
ക്കൈകാൽവിറയ്ക്കുന്ന മഴദ്ദിനത്തിൽ
വൈകാതെയാബ്ബാലികതൻ മനസ്സിൽ-
ത്തീകായുവാൻതന്നെ കടന്നു കാമൻ 105
ധ്വാന്തം നിമിത്തം വഴിതെറ്റുപറ്റി
ക്ലാന്തത്വമുൾക്കൊണ്ടതു ഹേതുവാലോ
താൻതന്നെ കേഴുന്നളവിൽത്തുണയ്പാൻ
കാന്തയ്ക്കു നിദ്രാസഖി വന്നതില്ല? 106
പെണ്ണാകുമസ്സാധു നിമേഷമൊന്നു
വിണ്ണാളുവോർതൻ ശതവർഷമെന്നായ്
എണ്ണാൻ തുടർന്നാൾ;പരമെന്തു ഭൂത-
ക്കണ്ണാടിയോ മന്നിൽ വിയോഗദുഃഖം? 107
പ്രാണങ്ങളാം തന്വിയെ വിട്ടമൂലം
ഞാണറ്റവില്ലിന്റെ ശരിപ്പകർപ്പായ്
ക്ഷീണപ്രഭാവൻ സചിവപ്രധാനൻ
കേണങ്ങുമിങ്ങും നടകൊൾകയായി 108
ധാരാളമോരോവിധമുള്ള മാലിൽ
മാരാർത്തി കൂനിൽക്കുരുവെന്നപോലെ
പാരാതെ പൊങ്ങുമ്പൊഴമാത്യനാർന്ന
ഘോരാകുലത്വം പറയാവതല്ല 109
മേനിക്കുമുള്ളിന്നുമമന്ദദുഃഖ-
ഹാനിക്കു വേരായ മഹേന്ദ്രശൈലം
വാനിൽക്കുതിക്കും ശിഖരത്തൊടാരും
മാനിക്കുമാറങ്ങവനെന്നു കാണായ് 110
ഓർത്താനവൻ: 'നൂനമിതിങ്കലല്ലോ
പാർത്താധിപോക്കുന്നതു മാമുനീന്ദ്രർ
ആർത്താവനം ചെയ്യുമിളാഭൃദഗ്ര്യൻ
പേർത്താശ്രയിപ്പാനഖിലർക്കുമർഹൻ.' 111
വായ്ക്കും രസത്താൽത്തൊഴുവോർക്കഭീഷ്ടം
കായ്ക്കുന്ന സത്താം ഹരിചന്ദനത്തെ
പോയ്ക്കുമ്പിടാനായ് മണിസാനുവൊക്കു-
മാക്കുംഭിനീഭൃത്തിലണഞ്ഞു തമ്പാൻ 112
തീരാതെവായ്പോരസമാധിതീർപ്പാ-
നാരാൽ സമാധിപ്രിയനായമാത്യൻ
പേരാളുമാ മാമലമേൽ വസിച്ചു
ധീരാഗ്രഗർക്കെങ്ങു വിപദ്വിഷാദം? 113
ആമട്ടവൻ വാഴ്വളവെത്തി കീർത്തി-
സ്തോമംപെടും ഹുണമഹർഷിയേകൻ
ഈ മന്നിൽ നാം സേവിയറെന്നു ചൊല്ലും
കേമന്റെ ശിഷ്യാഗ്രിമശിഷ്യശിഷ്യൻ 114
അടവിൽ സാത്വികഗുണമോ
സ്ഫുടമാം പാശ്ചാത്യകീർത്തിസമ്പത്തോ
ഉടലാർന്നപോലെ ശുഭ്രത
തടവും മെയ്പൂണ്ട ജെസ്യുവിറ്റ്സിദ്ധൻ (യുഗ്മകം)115
ചേതസ്സിനുള്ള വിമലത്വമകം നിറഞ്ഞു
ചൈതന്യമുറ്റു വെളിയിൽപ്പടരുന്നപോലെ
ശ്രീതങ്കിടും സ്ഫടികവും തൊഴുവോരവൻതൻ
പൂതത്വമാളുമുടൽ കാണ്മതു പൂർവപുണ്യം 116
പാലാഴിയിൽ പരിണതേന്ദു ശരത്തിലംശു-
മാലാകലാപമണിയിപ്പളവെന്നപോലെ
ചേലാർന്ന മന്ദഹസിതം നിജമാം വളർക്ഷ-
ശ്രീലാസ്യഭൂതനുവിൽ വെങ്കളിയിട്ടിടുന്നു 117
ആരാന്മഹേന്ദ്രഗിരിമേൽ പ്രഭുസന്നിധാന-
മാരാഞ്ഞണഞ്ഞിടുമൊരഭ്രമുകാന്തനെന്നോ
പാരാളുമീശനുടെ നന്മകൾ വാഴ്ത്തി വാനിൽ-
പ്പാരാതെ പോകുമൊരു പത്മജപുത്രനെന്നോ 118
തന്നിച്ഛപോലെ നയനത്തിനു ശൈത്യമാർക്കും
കുന്നിച്ചിടുന്ന ഘനസാരവിശേഷമെന്നോ
ഉന്നദ്രിമാം പരിമളം ദിവസാത്യയത്തിൽ
മന്നിൽ പരത്തുമൊരു പിച്ചകമാല്യമെന്നോ 119
നാളത്തിൽ നിന്നു വിടരും സിതപത്മമെന്നോ
മേളത്തിൽ മീട്ടിടുമൊരോമനവീണയെന്നോ
ക്ഷ്വേളംകുടിച്ച വിഭുവിൻ വരവാഹമെന്നോ
കോളറ്റുമിന്നുമതലാന്തികസിന്ധുവെന്നോ 120
ഏനശ്ശമിക്കുടയ ദിവ്യകുഠാരമെന്നോ
ദീനവ്രജത്തിനിയലും നിധികുംഭമെന്നോ
ആനന്ദവാരി നിറയുന്ന തടാകമെന്നോ
വാനത്തു മർത്യനണവാനൊരു കോണിയെന്നോ 121
ആരും വിതർക്കമിയലുന്നൊരവന്റെ പുണ്യ-
ചാരുത്വമാർന്ന തനു കണ്ടു തെളിഞ്ഞു തമ്പാൻ
ചേരുന്ന മൈത്രിയൊടു തന്നുടെ പേരുമെന്ന-
ല്ലൂരും കഴിഞ്ഞ കഥയും മുഴുവൻ കഥിച്ചു 122
ആജാനപാവനനപാരകൃപാസരസ്വാ-
നാജാനുബാഹുയുഗനത്ഭുതചാരുവൃത്തൻ
രാജാർച്ചിതാംഘ്രി മുനിയും നിജമാം ചരിത്രം
പൂജാർഹനാം സചിവനോടുരചെയ്തു സർവം 123
വൈകല്യമറ്റിരുവരും ദൃഢസഖ്യമൊന്നു
പാകത്തിലന്നവിടെവച്ചു മുറയ്ക്കു ചെയ്തു
ശോകം ശമിപ്പതിനു പണ്ടൊരു കാലമൃശ്യ-
മൂകത്തിൽവച്ചിനജരാഘവരെന്നപോലെ 124
ധീയിൽപ്പെരുത്തുയരെനിൽക്കുമമാത്യനൊട്ട-
സ്സായിപ്പുമായ് സുദൃഢമൈത്രി ലഭിച്ചനേരം
ഹ്രീയിൽപ്പരുങ്ങി വലയാതെയരാതി ഹാനി -
ക്കായിപ്പതുക്കെയവനൊത്തവിടം വെടിഞ്ഞു 125