ഉപയോക്താവ്:Rafi kannanalloor

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക പ്രയോഗങ്ങൾ l. മുതവാതിർ ഏതൊരു ഹദീസിനും രണ്ടുഭാഗങ്ങളുണ്ട്. നിവേദകശ്രേണി(സനദ്)യും നിവേദിത വചന(മത്ന്)വും. ഇവയുമായി ബന്ധപ്പെട്ട് ഹദീസിന്റെ സ്വീകാര്യതയ്ക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്വങ്ങളുമാണ്ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക പ്രയോഗങ്ങളുടെ ഉള്ളടക്കം.   നിവേദകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഹദീസുകളെ മുതവാതിർ, ആഹാദ് എന്നിങ്ങനെ രണ്ടുവിഭാഗമായി തരംതിരിച്ചിട്ടുണ്ട്: സത്യവിരുദ്ധമാകാൻ നിർവാഹമില്ലാത്തവിധം അനേകം ആളുകൾ ഉദ്ധരിച്ച ഹദീസാണ് മുതവാതിർ.  നിവേദകശ്രേണിയുടെ ഓരോ പടവിലും ഈ വിധം നിവേദകരുടെ ആധിക്യം ഉണ്ടാവണമെന്ന് വ്യവസ്ഥയുണ്ട്. നിവേദകർ ഉദ്ധരിക്കുന്നത് തങ്ങൾ നേരിട്ട് കേട്ടതോ  കണ്ടതോ ആവണമെന്നതും ഹദീസ് മുതവാതിറാവാനുള്ള ഉപാധിയാണ്. ഈ ഉപാധികളിലൊന്നിന്റെ അഭാവത്തിൽ ഹദീസ്  മുതവാതിർ അല്ലാതാവും.   മുതവാതിർ രണ്ട് തരമുണ്ട്: 1. വാചികം (المتواتر اللفظي): വാക്യവും ഉള്ളടക്കവും ഒരുപോലെ മുതവാതിറായി വന്നിട്ടുള്ളതാണ് വാചികമായ മുതവാതിർ. 2. ആശയപരം (المتواتر المعنوى): വാക്യങ്ങളിൽ മാറ്റമുള്ളതോടൊപ്പം ആശയപരമായി മുതവാതിറായ ഹദീസാണ് മുതവാതിർ മഅ്നവി.   I. സ്വഹീഹ്, ഹസൻ മുതവാതിറായ ഹദീസുകളുടെ സ്വീകാര്യതയിൽ തർക്കമില്ലെന്നു മാത്രമല്ല. അതിന്റെ ഉള്ളടക്കം ഖണ്ഡിതമായി ബോധ്യപ്പെടുന്നതുമാണ്. ഇത്തരം ഹദീസുകളെ പണ്ഡിതൻമാർ രണ്ടിനങ്ങളിലായി വീണ്ടും വിഭജിച്ചിരിക്കുന്നു. 1. സ്വഹീഹ് 2. ഹസൻ  

  •  സ്വഹീഹ്

صحيح : അന്യൂനം, കുറ്റമറ്റത്, ആരോഗ്യമുള്ളത് എന്നൊക്കെയാണ് സ്വഹീഹിന്റെ ഭാഷാർഥം. വിശ്വസ്തരും ധർമനിഷ്ഠരും ഹദീസ് കൈകാര്യ നിർവഹണത്തിൽ കൃത്യനിഷ്ഠയുള്ളവരുമായ നിവേദകരുടെ ഇടമുറിയാത്ത പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടതും മറ്റു നിവേദനങ്ങളോട് വിയോജിക്കാത്തതും, ന്യുനതകളിൽ നിന്ന് മുക്തമായതുമായ ഹദീസാണ് സാങ്കേതികമായി സ്വഹീഹ് എന്നറിയപ്പെടുന്നത്. ഹദീസ് സ്വഹീഹാകണമെങ്കിൽ താഴെപറയുന്ന നിബന്ധനകളുണ്ടാവേണ്ടതുണ്ട്:   1. ഓരോ നിവേദകനും താൻ നിവേദനംചെയ്ത ഹദീസ് തന്റെ മീതെയുള്ളവരിൽനിന്ന് നേരിട്ട് സ്വീകരിക്കുക. 2. നിവേദകരെല്ലാവരും ധർമനിഷ്ഠയുള്ളവരും വിവേകമതികളും കളങ്കമേൽക്കാത്ത മാന്യതയുള്ളവരും പ്രായപൂർത്തിവന്നവരുമായിരിക്കുക. 3. താൻ ഉദ്ധരിച്ച ഹദീസ് തന്നെക്കാൾ പ്രാമാണികനായ നിവേദകൻ ഉദ്ധരിച്ച ഹദീസിനോട് എതിരാവാതിരിക്കുക. 4. ഹദീസ് ന്യൂനതകളിൽനിന്ന് മുക്തമാവുക. 5. ഓരോ റിപ്പോർട്ടറും തനിക്കു ലഭിച്ച ഹദീസ് കൃത്യമായി ഹൃദിസ്ഥമാക്കി സൂക്ഷിക്കുന്നതിൽ ജാഗ്രതയും നിഷ്ഠയുമുള്ളവനായിരിക്കുക.  

  • ഹസൻ

حسن : ഉത്തമം, ഉൽകൃഷ്ടം, മനോഹരമായത് എന്നൊക്കെയാണ് ഹസനിന്റെ ഭാഷാർഥം. സ്വഹീഹായ ഹദീസിനുള്ള അഞ്ചാമത്തെ നിബന്ധന ഒഴികെയുള്ള മുഴുവൻ നിബന്ധനകളുമൊത്ത ഹദീസുകളാണ് ഹസൻ.  അഥവാ ഓരോ നിവേദകനും ഹദീസ്രേഖപ്പെടുത്തിയോ ഹൃദിസ്ഥമാക്കിയോ സൂക്ഷിക്കുന്ന കാര്യത്തിൽ കൃത്യനിഷ്ഠയും ജാഗ്രതയുമുള്ളവനായിരിക്കുക എന്ന നിബന്ധന ഹസന് ബാധകമല്ല. ഇതാണ് സ്വഹീഹും ഹസനും തമ്മിലുള്ള പ്രധാന അന്തരം. പ്രാബല്യത്തിൽ സ്വഹീഹിന്റെ താഴെയാണ് ഹസന്റെ പദവിയെങ്കിലും സ്വീകാര്യവും പ്രാമാണികവുമായ ഹദീസുകൾക്കൊപ്പമാണ് ഹസന്റെ സ്ഥാനം.   II. ഖബറുൽ ആഹാദ് മുതവാതിറല്ലാത്ത ഹദീസുകളൊക്കെ ഖബറുൽ ആഹാദ് (خبرالآحاد)എന്ന സംജ്ഞയിൽ ഉൾപ്പെടുന്നു. നിവേദകരുടെ എണ്ണത്തെ ആസ്പദിച്ച് ആഹാദിനെ മശ്ഹൂർ(مشهور) ,  അസീസ്(عزيز) , ഗരീബ് (غريب) എന്നീമൂന്ന് ഇനങ്ങളിലായി വിഭജിച്ചിട്ടുണ്ട്.   A. മശ്ഹൂർ مشهور :  നിവേദകശ്രേണിയിലെ ഓരോ പടവിലും മൂന്നോ അതിലധികമോ നിവേദകരുള്ള ഹദീസ്. ഇതിന് മുസ്തഫീദ് എന്നും പേരുണ്ട്.   B. അസീസ് عزيز: നിവേദകശ്രേണിയുടെ പടവുകളിലോരോന്നിലും രണ്ടിൽ കുറയാത്ത നിവേദകരുള്ള ഹദീസിനെയാണ് അസീസ് എന്ന് പറയുന്നത്. ഒരുപടവിൽമാത്രം രണ്ട്പേരും മറ്റുള്ള എല്ലാപടവുകളിലും മൂന്നോ അതിലധികമോ നിവേദകരുണ്ടായാലും ഹദീസ്് عزيز തന്നെ.   C. ഗരീബ് غريب : നിവേദകപരമ്പരയിലെ ഏതെങ്കിലും ഒരുപടവിൽ നിവേദകർ ഒരാൾ മാത്രമായാൽ അവയാണ് ഗരീബ്. ഇത് രണ്ട് ഇനമുണ്ട്. 1. ഗരീബ് മുത്ലഖ്. 2. ഗരീബ് നിസബി.  

  •   ഗരീബ് മുത്ലഖ്

ഒരാൾമാത്രം നിവേദകനായി വരുന്നത്  ശ്രേണിയുടെ തുടക്കത്തി (സഹാബി) ലാണെങ്കിൽ غريب مطلق എന്ന് പറയുന്നു.  

  • ഗരീബ് നിസബി.

സഹാബിയല്ലാത്തവരാണ് ഒറ്റയാളായി വരുന്നതെങ്കിൽ അതിനെ غريب نسبي എന്നും പറയുന്നു.   III. തിരസ്കൃത ഹദീസുകൾ നിവേദകപരമ്പരയിൽനിന്ന് ഒന്നോ അതിലധികമോ കണ്ണികൾ നഷ്ടമായതുകൊണ്ടോ നിവേദകന്റെ അയോഗ്യതകാരണമായോ നിവേദനത്തിന്റെ വിശ്വാസ്യത സംശയാസ്പദമായി തിരസ്കൃതമാകുന്ന ഹദീസുകളാണ് ضعيف ആയ ഹദീസുകൾ.   A. നിവേദക ശ്രേണിയിൽ നിന്ന് കണ്ണി നഷ്ടമാകൽ നിവേദകശ്രേണിയിൽനിന്ന് അപ്രത്യക്ഷമായ നിവേദകരുടെ എണ്ണവും സ്ഥാനവും പരിഗണിച്ച് ഹദീസുകളെ നാല് ഇനമായി തിരിക്കാം: 1. മുഅല്ലഖ്. 2. മുർസൽ. 3. മുഅ്ദൽ. 4. മുൻഖത്വിഅ്.  

  • മുഅല്ലഖ്

معلق : നിവേദകശ്രേണിയുടെ ആദ്യഭാഗത്ത് ഒന്നോ അതിലധികമോ നിവേദകരെ ഒഴിവാക്കിയിട്ടുള്ള ഹദീസാണിത്. നിവേദകരിൽ ആരെയും പരാമർശിക്കാതെ ‘'നബി തിരുമേനി പ്രസ്താവിച്ചു....'’ എന്നിങ്ങനെ ഉദ്ധരിക്കുന്ന ഹദീസ് ഈ ഗണത്തിൽ പെടുന്നു. ഈ വിധം വിട്ട് കളഞ്ഞ നിവേദകർ അജ്ഞാതമായിരിക്കുമ്പോൾ ഹദീസ് ദുർബലമാണെന്ന് വിധിക്കും. അധ്യായ ശീർഷകങ്ങൾക്കു താഴെ അനുബന്ധമായി ബുഖാരി ഉദ്ധരിച്ചിട്ടുള്ള ഇത്തരം ഹദീസ്സ്വഹീഹിന്റെ ഭാഗമായല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ‘'ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിച്ചത്'’ എന്ന് ഇത്തരം ഹദീസുകളെകുറിച്ച് പറയാവതല്ല; ‘'ബുഖാരി മുഅല്ലഖായി ഉദ്ധരിച്ചത്'’ എന്നേ പറയാവൂ.  

  • മുർസൽ

مرسل : നിവേദകപരമ്പരയിലെ അവസാനത്തിൽ താബിഇന്ശേഷം പരാമർശിക്കപ്പെടേണ്ട നിവേദകനെ വിട്ടുകളഞ്ഞ ഹദീസുകളാണ് മുർസൽ. നബി(സ)ഇപ്രകാരം പറഞ്ഞുവെന്ന് ഒരു താബിഅ് പ്രസ്താവിക്കുന്ന രൂപത്തിലാണ് ഇത് വരുന്നത്. ഇത്തരം ഹദീസുകൾ മറ്റു നിവേദനങ്ങളിലൂടെ വ്യക്തമാകാതിരുന്നാൽ അവ അസ്വീകാര്യവും ദുർബലവുമായിത്തീരും.  

  • മുഅ്ദൽ

നിവേദകപരമ്പരയിൽനിന്ന് തുടർച്ചയായി രണ്ടോ അതിലധികമോ നിവേദകർ വിട്ടുപോയ ഹദീസാണ് معضل .  

  • മുൻഖത്വിഅ്

നിവേദകപരമ്പരയിലെ ചിലകണ്ണികൾ നഷ്ടമായ ഹദീസുകളാണ് മുൻഖത്വിഅ് എന്നതിന്റെ സാമാന്യ വിവക്ഷ. മുകളിൽ പറയപ്പെട്ട മൂന്നിനങ്ങളും മുൻഖത്വിഅ് ആണെങ്കിലും, നിവേദകശ്രേണിയുടെ മധ്യഭാഗത്ത് നിവേദകൻ വിട്ടു പോയ ഹദീസിനെയാണ് منقطع എന്ന് സാങ്കേതികമായി വിളിക്കുന്നത്.   സനദുമായി ബന്ധപ്പെട്ട ചില സംജ്ഞകൾ മുദല്ലസ്. അൽ മുർസലുൽ ഖഫിയ്യ്.   •    മുദല്ലസ് തദ്ലീസ് എന്ന ക്രിയാനാമത്തിൽനിന്നും നിഷ്പന്നമായ കർമപദമാണ് മുദല്ലസ്. ക്രയവസ്തുവിന്റെ ന്യൂനത, ക്രേതാവിൽനിന്നു മറച്ചുവെക്കുന്നതിന്നാണ് ഭാഷയിൽ തദ്ലീസ് എന്ന് പറയുന്നത്. അഥവാ, നിവേദക ശ്രേണിയുടെ ന്യൂനത മറച്ചുവെച്ച് ബാഹ്യരൂപം ഭംഗിയാക്കുന്നതാണ് സാങ്കേതികമായി തദ്ലീസ് എന്നു പറയുന്നത്. ഇത് രണ്ട്വിധമുണ്ട്: 1. തദ്ലീസുൽ ഇസ്നാദ്. 2. തദ്ലീസുശ്ശുയൂഖ്.   •    തദ്ലീസുൽ ഇസ്നാദ് നിവേദകൻ തന്റെ ഗുരുവിൽനിന്ന് നേരിട്ട് കേൾക്കാത്ത ഹദീസ് നേരിട്ടു കേട്ടതാണെന്ന് പറയാതെ ഉദ്ധരിക്കലാണ് തദ്ലീസുൽ ഇസ്നാദ്.   •    തദ്ലീസുശ്ശുയൂഖ് നിവേദകൻ തന്റെ ഗുരുവിൽനിന്ന് നേരിട്ടുകേട്ട ഹദീസ് ഉദ്ധരിക്കുമ്പോൾ ഗുരുവിനെ അദ്ദേഹം അറിയപ്പെടാത്ത ഒരു അപരനാമത്തിൽ പരാമർശിക്കുന്ന രീതിയാണിത്.  

  •    അൽ മുർസലുൽ ഖഫിയ്യ്

പരോക്ഷ മുർസൽ : നിവേദകൻ കാണുകയോ തന്റെ സമകാലികനായി ജീവിക്കുകയോ ചെയ്ത ഒരാളിൽനിന്ന് താൻ കേൾക്കാത്ത ഹദീസ് നേരിട്ട് കേട്ടതാണെന്നോ അല്ലെന്നോ സ്പഷ്ടമാക്കാതെ രണ്ടിനും സാധ്യതയുള്ള രൂപത്തിൽ നിവേദനം ചെയ്യുന്ന ശൈലിയാണിത്. 1. താൻ ഹദീസുദ്ധരിച്ചവനുമായി നിവേദകൻ സന്ധിച്ചിട്ടില്ലെന്നോ പ്രസ്തുത ഹദീസ് അദ്ദേഹത്തിൽനിന്ന് ലഭിച്ചതല്ലെന്നോ പണ്ഡിതന്മാരിൽ ചിലർ സാക്ഷ്യപ്പെടുത്തൽ. 2. നിവേദകൻ സ്വയംതന്നെ അത് വെളിപ്പെടുത്തുക. 3. നിവേദകനും അദ്ദേഹം ഉദ്ധരിക്കുന്ന വ്യക്തിക്കും മധ്യേ മറ്റൊരാളെ പരാമർശിക്കുന്ന വേറെ നിവേദനമുണ്ടാവുക. ഈ ഇനം മുൻഖത്വിഇന്റെ ഗണത്തിൽ പെട്ടതിനാൽ ദുർബലമായ ഹദീസാണ്.   B. നിവേദകന്റെ ന്യൂനതകൾ 1. കളവു പറയൽ. 2. കളവു പറഞ്ഞു എന്ന ആരോപണം. 3. അധാർമിക നടപടികൾ. 4. നിവേദകന്റെ അനാചാര ബന്ധം. 5. നിവേദകൻ അജ്ഞാതനാവുക. (ഇവ അഞ്ചും മതധാർമിക നിലപാടുമായി ബന്ധപ്പെട്ടതാണ്.  തുടർന്നുവരുന്ന അഞ്ചെണ്ണം ഹദീസിന്റെ ആദാനപ്രദാനങ്ങളുമായും  വിനിമയരംഗത്തെ വൈകല്യങ്ങളുമായും ബന്ധമുള്ളവയാണ്) 6. ഗുരുതരമായ അബദ്ധങ്ങൾ. 7. മനഃപാഠ വൈകല്യം. 8. അശ്രദ്ധ. 9. ധാരണപ്പിശകുകളുടെ ആധിക്യം. 10.പ്രാമാണികരോടുള്ള വിയോജിപ്പ്. മേൽപറഞ്ഞ കാരണങ്ങളാൽ തള്ളിക്കളയാവുന്ന ഹദീസുകളുടെ ഇനങ്ങൾ താഴെപറയുന്നവയാണ്.  

  •  മൌദൂഅ്

നിവേദകന്റെ അയോഗ്യതക്ക് കാരണം നബി(സ)യുടെ പേരിൽ കളവു പറഞ്ഞു എന്നതാണെങ്കിൽ അയാൾ റിപ്പോർട്ട് ചെയ്യുന്നവ മൌദൂഅ് (കൽപിതം) ആണ്. സ്വയം സൃഷ്ടവും സ്വകൽപിതവും ആയ വ്യാജ സംഗതികൾ നബിയുടെപേരിൽ അവതരിപ്പിക്കുക എന്നതാണ് മൌദൂഇന്റെ സാങ്കേതിക നിർവചനം. ഈ ഇനം ഏറെ നിന്ദ്യവും ദുർബലവുമാണ്.  

  •  മത്റൂഖ്

കളവ്പറഞ്ഞു എന്ന ആരോപണമാണ് നിവേദകന്റെ അയോഗ്യതക്കു കാരണമെങ്കിൽ അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസ് المتروك (വർജ്യം) എന്നറിയപ്പെടുന്നു. നിവേദകൻ കളവുപറയുന്നവനായി ആരോപിക്കപ്പെടുന്നത് രണ്ട് കാരണങ്ങളാലാണ്:   1. താൻ വഴിയല്ലാതെ ആ ഹദീസ് ഉദ്ധരിക്കപ്പെടാതിരിക്കുകയും ദീനിന്റെ സുപരിചിത തത്വങ്ങൾക്ക് അത് എതിരാവുകയും ചെയ്യുക. 2. നിവേദകൻ സാധാരണ സംസാരങ്ങളിൽ കളവു പറയുന്നവനായി അറിയപ്പെടുക. എന്നാൽ നബി(സ)യുടെ പേരിൽ കളവ് പറഞ്ഞതായി തെളിയാതിരിക്കുകയും ചെയ്യുക.  

  •  മുൻകർ

ഗുരുതര അബദ്ധം, തികഞ്ഞ അശ്രദ്ധ, അധാർമിക നടപടികളിൽ അധിക്ഷേപിക്കപ്പെട്ടവൻ എന്നീ ന്യൂനതകളാൽ ആക്ഷേപിക്കപ്പെടുന്ന വ്യക്തി നിവേദക പരമ്പരയിലുണ്ടെങ്കിൽ അത്തരം ഹദീസിനെ المنكر എന്നുപറയുന്നു.  

  •  മുഅല്ലൽ

ധാരണപ്പിശകാണ് ഒരാളുടെ അയോഗ്യതയ്ക്കു കാരണമെങ്കിൽ അയാളുദ്ധരിക്കുന്ന ഹദീസാണ് المعلل(വികലം) എന്നറിയപ്പെടുന്നത്. ബാഹ്യരൂപം കുറ്റമറ്റതായിരിക്കെ, സാധുതയെ ദോഷകരമായി ബാധിക്കുന്ന നിഗൂഢവൈകല്യങ്ങൾ കണ്ടെത്തിയിട്ടുള്ള ഹദീസ് എന്നാണ് ഇതിന്റെ സാങ്കേതിക നിർവചനം. ഈ വൈകല്യത്തെ 'ഇല്ലത്ത്' എന്ന് പറയുന്നു. ഇല്ലത്തുകളെപ്പറ്റിയുള്ള ജ്ഞാനം ഹദീസ് വിജ്ഞാനീയത്തിന്റെ ഉൽകൃഷ്ടവും അതിസൂക്ഷ്മവുമായ വശമാണ്.   പ്രമാണികരോടുള്ള വിയോജിപ്പ് പ്രാമാണികരുമായുള്ള വിയോജിപ്പാണ് നിവേദകൻ അനഭിമതനാവാനുള്ള മറ്റൊരു കാരണം. ഈ വിയോജിപ്പ് അഞ്ചു തരത്തിലാകാം: 1. സനദിന്റെ ശരിയായ ക്രമം തെറ്റിച്ചുകൊണ്ടോ, സഹാബിയുടെ അഥവാ താബിഇന്റെ പ്രസ്താവനയെ നബിവചനമാക്കി അവതരിപ്പിച്ചുകൊണ്ടോ ഹദീസ് ഉദ്ധരിക്കുക(മുദ്റജ്). 2. വാക്കുകൾ സ്ഥാനം മാറ്റി ഉദ്ധരിക്കുക (മഖ്ലൂബ്). 3. സനദിൽ ഉൾപ്പെടാത്ത ഒരാളെ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുക. 4. ഒരു നിവേദകനുപകരം മറ്റൊരാളെ പരാമർശിക്കുകയോ മൂലവാക്യം വൈവിധ്യങ്ങളോടെ അവതരിപ്പിക്കുകയോ ചെയ്യുക (മുദ്ത്വരിബ്). 5. വാക്യഘടനയ്ക്കു ഭംഗം സംഭവിക്കാതെ പദത്തിനുമാറ്റം വരുത്തി ഉദ്ധരിക്കുക (മുസ്വഹ്ഹഫ്).  

  •    മുദ്റജ്

നിവേദക ശ്രേണിയുടെ ശരിയായ ക്രമത്തിന് ഭംഗം സംഭവിച്ചിട്ടുള്ളതോ മൂലവാക്യത്തിൽ ഉൾപ്പെടാത്തതു വല്ലതും അതിൽ ചേർന്നു വന്നതോ ആയ ഹദീസാണ് ഇത്. പ്രവേശിപ്പിക്കുക, ഉൾക്കൊള്ളിക്കുക എന്നൊക്കെയാണ് ഇതിന്റെ ഭാഷാർഥം. ശ്രേണിക്കാണ് ഭംഗം ഉണ്ടായതെങ്കിൽ അതിനെ  മുദ്റജുൽ ഇസ്നാദ് എന്നും മൂലവാക്യത്തിൽ എന്തെങ്കിലും ചേർന്നുവന്നാൽ അതിനെ മുദ്റജുൽ മത്ൻ എന്നും പറയുന്നു.  

  •    മഖ്ലൂബ്

  നിവേദക പരമ്പരയിലോ മൂലവചനത്തിലോ ഉള്ള രണ്ടുപദങ്ങളെ പരസ്പരം മാറ്റിപ്പറയുക എന്നതാണിതിന്റെ സാങ്കേതിക വിവക്ഷ. കീഴ്മേൽ മറിക്കുക എന്നാണ്  ഖൽബിന്റെ ഭാഷാർഥം. ഇത് രണ്ട്വിധമുണ്ട്: 1. മഖ്ലൂബുസ്സനദ്. 2. മഖ്ലൂബുൽ മത്ൻ.   •  മഖ്ലൂബുസ്സനദ് നിവേദകശ്രേണിയിലുള്ള പദങ്ങൾ സ്ഥാനം മാറുക. കഅ്ബുബ്നുമുർറഃ എന്നിടത്ത് മുർറത്തുബ്നു കഅ്ബ് എന്ന് തിരിച്ചു പറയുന്നത് ഇതിന് ഉദാഹരണമാണ്.   • മഖ്ലൂബുൽ മത്ൻ. മൂലവചനത്തിലെ പദങ്ങൾക്ക് സ്ഥാനചലനം സംഭവിക്കുക. 'ഇടതുകൈ ചെലവഴിക്കുന്നത് വലതുകൈ അറിയാതിരിക്കുമാറ്' എന്ന് ചില നിവേദകർ ഉദ്ധരിച്ചത് ഇതിനുദാഹരണമാണ്.   •    അൽമസീദു ഫീ മുത്തസ്വിലിൽ അസാനീദ് കണ്ണികളൊന്നും വിട്ടുപോയിട്ടില്ലാത്തതും കുറ്റമറ്റതെന്ന് തോന്നിക്കുന്നതുമായ നിവേദകശ്രണിയിൽ അധികപ്പറ്റായി ചില നിവേദകനാമങ്ങൾ കടന്നു കൂടിയിട്ടുള്ള ഹദീസാണിത്.   •    മുദ്ത്വരിബ് സമീകരണം(ജംഅ്) പ്രായോഗികമല്ലാത്ത വിധം വിവിധ നിവേദനങ്ങളിലൂടെ ഭിന്ന രൂപങ്ങളിൽ ഉദ്ധരിക്കപ്പെട്ട ഹദീസാണിത്. നിവേദനങ്ങളുടെ ബലാബലം തുല്യമായതിനാൽ അവയിലൊന്നിന് മുൻഗണന(തർജീഹ്) നൽകി മറ്റുള്ളവ തിരസ്കരിക്കാൻ നിർവാഹവുമില്ല. ഇത് രണ്ടു വിധമുണ്ട്: 1. മുദ്ത്വരിബുസ്സനദ് 2. മുദ്ത്വരിബുൽ മത്ന്   •  മുദ്ത്വരിബുസ്സനദ് (നിവേദകശ്രേണി അസ്ഥിരമായത്) ഒരേ മൂലവാക്യം വൈവിധ്യമാർന്ന രൂപത്തിൽ ഉദ്ധരിക്കപ്പെട്ട    يا رسول الله أراك شبت قال شيبتني هود وأخواتها എന്ന ഹദീസ് ഇതിന് ഉദാഹരണമാണ്. ചിലരുടെ നിവേദനത്തിൽ സ്വഹാബിയുടെ സ്ഥാനത്ത് അബൂബക്കർ(റ) ആണെങ്കിൽ ചിലരുടേതിൽ സഅ്ദും വേറെ ചിലരുടേതിൽ ആഇശ(റ)യുമാണ്.   •  മുദ്ത്വരിബുൽ മത്ന് (മൂലവചനം അസ്ഥിരമായത്) ഒരേ നിവേദക പരമ്പരയിലൂടെ ഭിന്ന രൂപത്തിൽ മൂലവചനം ഉദ്ധരിക്കപ്പെട്ട ഹദീസ്.   إن في المال حقا سوى الزكاة   (നിശ്ചയം ധനത്തിൽ സകാത്തല്ലാത്ത ബാധ്യതയുമുണ്ട്)എന്ന് തിർമിദി ഉദ്ധരിച്ച  മൂലവചനം, അതേ പരമ്പരകളോടെ ഇബ്നുമാജ ഉദ്ധരിക്കുന്നത് ليس في المال حق سوى الزكاة (ധനത്തിൽ സകാത്തൊഴികെ യാതൊരു ബാധ്യതയുമില്ല) എന്നാണ്.   •    മുസ്വഹ്ഹഫ് അർഥവ്യത്യാസം ഉളവാകും വിധം പദത്തിൽ മാറ്റം വരുത്തി ഉദ്ധരിച്ച ഹദീസാണ് مصحف . രൂപഭേദം വരുന്നത് സനദിലോ മത്നിലോ ആവാം.   സനദിൽ സംഭവിച്ചതിന് ഉദാഹരണം: ശുഅ്ബ ഉദ്ധരിച്ച ഒരു ഹദീസിന്റെ നിവേദകരിൽ ഒരാളുടെ പേര് كعب بن مرّة എന്നാണ്. എന്നാൽ ഇബ്നു മഈൻ ഈ നാമത്തെ مرّة بن كعب തസ്വ്ഹീഫ് വരുത്തിയിരിക്കുന്നു   മത്നിൽ സംഭവിച്ചതിന് ഉദാഹരണം: സൈദുബ്നു സാബിതിന്റെ ഹദീസിൽ ورجل تصدّق بصدقة فأخفاها حتى لا تعلم شماله ما تنفق يمينه എന്നുള്ളത് ഇബ്നു ലഹീഅഃ ഉദ്ധരിച്ചത് حتى لا تعلم يمينه ما تنفق شماله  എന്നാണ്.   IV. ശാദ്ദായ ഹദീസുകൾ പ്രാമാണികൻ ഉദ്ധരിച്ചതിന് ഭിന്നമായി നിവേദനം ചെയ്യപ്പെടുന്ന ഹദീസാണ് ശാദ്ദ് എന്നറിയപ്പെടുന്നത്. ഒറ്റപ്പെട്ടത് എന്നാണ് ശാദ്ദിന്റെ ഭാഷാർഥം. സ്വീകാര്യയോഗ്യനായ നിവേദകൻ, തന്നെക്കാൾ യോഗ്യനായ നിവേദകൻ ഉദ്ധരിച്ചതിനു ഭിന്നമായി നിവേദനം ചെയ്ത ഹദീസ് എന്നാണ് ശാദ്ദിന്റെ സാങ്കേതിക നിർവചനം. ഫജ്ർ(സുബ്ഹ്) നമസ്കാരം നിർവഹിച്ചു കഴിഞ്ഞാൽ നബി(സ) വലതുവശം ചരിഞ്ഞു കിടന്നിരുന്നു എന്ന് ധാരാളം പ്രമാണികരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്ന് വ്യത്യസ്തമായി, ഈ ഹദീസിന്റെ നിവേദകരിൽ ഒരാളായ അബ്ദുൽ വാഹിദ് ഇതിനെ നബിയുടെ ഒരു പ്രസ്താവനയും നിർദേശവുമായി, إذا صلى أحدكم الفجر فليضطجع عن يمينه (നിങ്ങളിലൊരുവൻ ഫജ്ർ നമസ്കാരം നിർവഹിച്ചു കഴിഞ്ഞാൽ വലതുവശം ചരിഞ്ഞു കിടക്കട്ടെ) എന്നാണ് ഉദ്ധരിച്ചിട്ടുള്ളത്. സനദിലും ശാദ്ദ് സംഭവിക്കാം. ശാദ്ദിനു വിരുദ്ധമായ നിവേദനം മഹ്ഫൂള് എന്നറിയപ്പെടുന്നു.   V. ഖുദ്സിയായ ഹദീസും മർഫൂആയ ഹദീസും നിവേദക ശ്രേണിവഴി ഉദ്ധരിക്കപ്പെടുന്ന വചനം അല്ലെങ്കിൽ വസ്തുത ആരുമായി ബന്ധപ്പെടുന്നുവെന്നതിനെ ആധാരമാക്കി ഹദീസുകളെ നാലു വിഭാഗമാക്കി തരം തിരിക്കാറുണ്ട്: 1. അൽ ഹദീസുൽ ഖുദ്സീ 2. മർഫൂഉ് 3. മൌഖൂഫ് 4. മഖ്ത്വൂഅ്  

  • അൽ ഹദീസുൽ ഖുദ്സീ

الحديث القدسي : വിശുദ്ധ സത്ത(അല്ലാഹു)യുമായി  ബന്ധപ്പെട്ട വചനം എന്നാണ് ഇതിന്റെ വാചികാർഥം. നബി(സ) വഴി അല്ലാഹുവിന്റെ പ്രസ്താവനയായി നമുക്ക് ഉദ്ധരിച്ച് ലഭിക്കുന്ന വചനം എന്നതാണിതിന്റെ സാങ്കേതിക വിവക്ഷ. ഖുർആനും ഹദീസുൽ ഖുദ്സിയും വ്യത്യസ്തങ്ങളാണ്. ഖുർആനിലെ പദങ്ങളും ആശയങ്ങളും പൂർണമായും അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. മാത്രമല്ല ഖുർആന്റെ ഓരോ വാക്യവും മുതവാതിറാകണമെന്ന് നിബന്ധനയുണ്ട്.   അല്ലാഹു പ്രസ്താവിച്ചതായി നബി(സ) ഉദ്ധരിക്കുന്നു: ഞാൻ, എന്റെ മേൽ അക്രമം വിലക്കിയിരിക്കുന്നു. നിങ്ങൾക്കിടയിൽ അത് നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്..... ഇത്തരത്തിൽ ഖുദുസിയായ ഹദീസുകൾ ഇരുന്നൂറിൽ പരം മാത്രമാണുള്ളത്.  

  • മർഫൂഉ്

ഉന്നതി നൽകപ്പെട്ടത് എന്നാണിതിന്റെ പദാർഥം. നബി(സ)യുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കപ്പെട്ട വാക്ക്, പ്രവൃത്തി, അംഗീകാരം, ഗുണവർണന എന്നിവയ്ക്കാണ് സാങ്കേതിക ഭാഷയിൽ മർഫൂഅ് എന്ന് പറയുന്നത്. 'നബി(സ)ജനങ്ങളിൽവെച്ച് ഏറ്റവും ഉൽകൃഷ്ട സ്വഭാവമുള്ള ആളായിരുന്നു' എന്ന വചനം ഗുണങ്ങൾ വർണിക്കുന്ന മർഫൂആയ ഹദീസിന് ഉദാഹരണമാണ്.  

  •  മൌഖൂഫ്

നിർത്തിവെക്കപ്പെട്ടത് (സ്വഹാബിയിലെത്തി നിൽക്കുന്നത്) എന്നാണ് ഭാഷാർഥം. സ്വഹാബിയുടേതായി ഉദ്ധരിക്കപ്പെടുന്ന പ്രസ്താവനയോ പ്രവൃത്തിയോ അംഗീകാരമോ ആണ് അതിന്റെ വിവക്ഷ.  

  •  മഖ്ത്വൂഅ്

ഛേദിക്കപ്പെട്ടത് എന്നാണ് ഭാഷാർഥം. താബിഇൽനിന്നോ അദ്ദേഹത്തിന് താഴെയുള്ളവരിൽനിന്നോ ഉദ്ധരിക്കപ്പെടുന്ന വാക്കോ പ്രവൃത്തിയോ ആണ്  സാങ്കേതികമായി മഖ്ത്വൂഅ്.   VI. മുസ്നദും മുത്തസിലും സ്വീകാര്യമെന്നോ അസ്വീകാര്യമെന്നോ ഭേദമില്ലാത്ത ഹദീസുമായി ബന്ധപ്പെട്ട ചില സാങ്കേതിക സംജ്ഞകളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്: 1. മുസ്നദ് 2. മുത്തസ്വിൽ 3. സിയാദാത്തുഥ്ഥിഖാത്ത്   ചേർത്തു പറയപ്പെടുന്നത്, ചാരിവെക്കപ്പെട്ടത് എന്നെല്ലാമാണ് ഭാഷാർഥം. ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ)യിൽനിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് എന്നാണ് മുസ്നദിന്റെ സാങ്കേതിക നിർവചനം.  

  •  മുത്തസ്വിൽ

ഇടവിടാതെ ചേർന്നു വന്നത്, അവിഛിന്നം എന്നെല്ലാം ഭാഷാർഥം. സാങ്കേതിക ഭാഷയിൽ ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ)യിൽനിന്നോ സ്വഹാബിയിൽനിന്നോ ഉദ്ധരിക്കപ്പെടുന്നത് എന്ന് നിർവചിക്കാം.  

  • സിയാദാത്തു ഥ്ഥിഖാത്ത്
زيادات الثقات പ്രാമാണികർ അധികരിപ്പിച്ചവ എന്നർഥം. ഒരു ഹദീസിന്റെ നിവേദകൻമാരിൽ ഒരാൾ മറ്റു നിവേദകന്മാർ ഉദ്ധരിച്ചതിനേക്കാൾ അധികമായി നിവേദനം ചെയ്തിട്ടുള്ള ഭാഗമെന്നതാണ് ഇതിന്റെ വിവക്ഷ.

  കുറിപ്പ് ഹദീസ് സ്വഹീഹാണെന്ന് തെളിഞ്ഞാൽ അത് ശർഈ വിധികൾക്ക് ആധാരമാക്കേണ്ട പ്രമാണമായിത്തീരും. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അതിനെ അവഗണിക്കാൻ നിർവാഹമില്ല. هذا حديث صحيح എന്ന് പണ്ഡിതൻമാർ പറയുന്നതിന്റെ വിവക്ഷ നേരത്തെ വിവരിച്ച അഞ്ച് ഉപാധികളും പൂർത്തീകരിച്ച ഹദീസ് എന്നാണ്. അതേപ്രകാരംهذا حديث غير صحيح  എന്ന് പറഞ്ഞാൽ അഞ്ച് ഉപാധികൾ അതിൽ ഒത്തുചേർന്നിട്ടില്ല എന്നേ അർത്ഥമുള്ളൂ. ആ ഹദീസ് വ്യാജമാണെന്ന ധ്വനി അതിലില്ല. സഹീഹായ ഹദീസുകൾ മാത്രം സമാഹരിച്ചുകൊണ്ടുള്ള ആദ്യരചന സ്വഹീഹുൽ ബുഖാരിയാണ്. പിന്നീട് സ്വഹീഹ് മുസ്ലിമും. എന്നാൽ സ്വഹീഹായ മുഴുവൻ ഹദീസുകളും പ്രസ്തുത കൃതികളിൽ ഉൾക്കൊള്ളുന്നില്ല.     തദ്ലീസ് അഭിശംസനീയമാവാനുള്ള കാരണങ്ങൾ ഇവയാണ്: 1. താൻ ഹദീസ് പഠിച്ചിട്ടില്ലാത്ത ഒരാളിൽനിന്നും ഹദീസ് പഠിച്ചുവെന്ന് നിവേദകൻ തെറ്റിദ്ധരിപ്പിക്കുന്നു. 2. വസ്തുനിഷ്ഠവും സുവ്യക്തവുമായ നിലപാട് കൈകൊള്ളുന്നതിന് പകരം അവ്യക്തവും സംശയാസ്പദവുമായ രീതി അവലംബിക്കുന്നു. 3. താൻ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന നിവേദകനെ വെളിപ്പെടുന്ന പക്ഷം നിവേദനം അസ്വീകാര്യമാകുമെന്ന വസ്തുത.   അധിക പണ്ഡിതൻമാരും ഗരീബ് മുതലഖിനെ فرض مطلق എന്നും, ഗരീബ് നിസബിയെغريب  എന്നുമാണ് വിളിക്കുന്നത്   ഹദീസ് വിശേഷാൽ പതിപ്പ് (പ്രബോധനം)

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Rafi_kannanalloor&oldid=174641" എന്ന താളിൽനിന്ന് ശേഖരിച്ചത്