ഉണ്ണുനീലിസന്ദേശം/പൂർവ്വഭാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൂൎവ്വഭാഗം

തണ്ടാർമാതാണ്ടഴകു പൊഴിയും മിക്ക മുണ്ടെക്കൽ മേവും
വണ്ടാർകോലക്കുഴലികൾശിഖാമുണ്ണുനീലീമുദാരാം
കൊണ്ടാടിപ്പൂണ്ടരുണമണിവാ കൊണ്ടുകൊണ്ടാത്തരാഗം
പണ്ടേപ്പോല്ലേ പരമനുഭവം കോഽപി കാമീ ജഗാമ.        1

വക്ഷോഭേശേ സുരതകലഹ്യവ്യാകുലാം താം വഹന്തം
യക്ഷീ കാചിത് പുനരമുമുറങ്ങിൻറ നേരം നിനായ
ദക്ഷാ ചാലച്ചതിയിൽ മദനോന്മാദിനീ ദക്ഷിണാശാം
രക്ഷോരാജന്നിളയ സഹജാ ലക്ഷ്മണം രാക്ഷസീവ.        2

സ്യാനന്ദൂരേ ബത! പുരവരേ ചെൻറ നേരത്തുണൎന്നാ -
നാനന്ദത്തോടിഹ വിരഹിതോ വേറിരുന്നുണ്ണുനീലീം
ശോകോന്മാദം മനസി കനമുണ്ടാകിലും മന്ത്രശക്ത്യാ-
മുക്തോ ദൈവാൽ പുനരവളുടേ കൈയ്യിൽ നിന്റേഷ കാമീ.        3

അല്പിത്താർമാതണയ മരുവും പദ്മനാഭന്നുപാന്തേ
മെല്ലെത്താണ്ണങ്ങവനവനിയിൽപ്പയ്യവേ ചെൻറിരുന്നാൻ
അല്ലൽപ്പെട്ടാൻ നിജ സഹചരിം വേറിരുന്നേറ്റമേറ്റാൻ
മുല്ലപ്പൂവിൻ പരിമളമെഴും തെൻറൽ തീഴെൻറപോലെ.        4

അമ്മേ! ദേശം പുനരിവിടമേതേതു നാടെൻറുമെല്ലാം
ദിങ്മോഹാൎത്തം പുനരവനുടേ ചിത്തമുന്മീലയന്ത്യ
നന്മയ്കായ് നീ നിഖിലജഗതാം പദ്മനാഭാ! മുരാരേ!
ചിമ്മിടാതേ തിരുനയനമെൻറുദ ഗതാ വന്ദിവാച.        5

കാളം പോലേ കുസുമധനുഷോ ഹന്ത! പൂങ്കോഴി ക്രകീ
ചോളം പോലേ ചിതറിവിളറീ താരകാണാം നികായം
താളം പോലേ പുലരിവനിതയ്ക്കാഗതൗ സൂൎയ്യചന്ദ്രൗ
നാളം പോലേ നളിനകുഹരാദുദ്ഗതാ ഭൃംഗരാജി.        6

നീലക്കുൻറിൻ മണിമകുടവദ് ദൃശ്യതേ ഭാനുബിംബം
ചാലത്താണൂ കടലിലണിവെണ്ടിങ്കൾ നാലൊൻറു പോരെ
കാലത്തേ നീ തുയിലെഴു കുയിൽപ്പേട പാടിൻറതും കേൾ
വേലപ്പെണ്ണിൻ മുലയിലിതമുറ്റമ്പുമെൻ തമ്പിരാനേ        7

എൻെറല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിൻറ നേരം
കുൻറിച്ചെങ്ങും കുയിൽനിനദവും കൂവുമക്കാവുതോറും
ഒൻറിച്ചുച്ചൈരയുഗശരനോടാർത്തു വണ്ടിൻനിനാദൈ-
രെൻറല്ലപ്പോളൊരു പടുകൊലക്കാരി വന്നാൻ വസന്തഃ        8

തേന്മാവിന്മേൽപ്പരഭൃതകുലം, ഭൃംഗമാലാ പലാശേ,
മാരൻകൂരമ്പുള ചുഴലവും ചെമ്പകക്കൊമ്പുതോറും
തെൻറൽക്കൻറുണ്ടിനിയ ബകുളേ, കിംശുകേ കിംശുകാളീ,
നാളീകത്താർ നളിനിയിലവന്നെങ്ങു നോക്കാവുതെൻറു്        9

കോകശ്രേണീവിരഹനിഹിതം തീനുറുങ്ങെൻറ പോലേ
തൂകിത്തൂകിത്തുഹിനകണികാം തൂർന്ന പൂങ്കാവിലൂടെ
സ്തോകോന്മീലന്നളിനതെളിതേൻ കാളകൂടാംബു കോരി-
ത്തേകിത്തേകി പ്പവനനവനെച്ചെൻറു കൊൻറാൻ തദാനീം        10

സ്വസ്ഥാദേശാദിഷു ചലദൃശാം മാരണേ വൈരിപുംസാം
ചിത്തോന്മേഷാദിഷു ച വിദുഷാം പാർക്കിൽ നല്ലോരു മന്ത്രം
തൃപ്പാപ്പൂർ മൂപ്പഴകു പൊഴിയും വീരനാതിച്ചവർമ്മൻ
മുല്പാടുണ്ടാം വിരുതു സഹസാ തസ്യ മൃത്യുഞ്ജയോടഭൂത്.        11

കണ്ടാൻ കണ്ടിപ്പുരികഴലിമാർമാരനെ പ്പിന്നെ മുന്നൽ
ക്കൊണ്ടാടാവോ ചില ഗുണഗണം ചേർന്ന പുണ്യാംബുരാശിം
തണ്ടാർമാതും കവിവനിതയും തണ്ടിയൻറൻറു പുല്‌കും
ചണ്ടാർ വെൻറിക്കൊടിയെ വെടിയിൻേറാർക്കു കല്പാന്തവഹ്നിം.        12

നീർത്താനിന്ദുപലമിവ തെളിഞ്ഞാമ്പൽപോലെ ചിരിച്ചാൻ
ആർത്താൻ വണ്ടിൻകുലമിവ, വളർന്നാൻ പയോരാശിപോലേ,
പീത്വാ രൂപാമൃതമിളകിനാനേഷ ചെമ്പോത്തുപോലേ
കൂഴ്ത്താൻ കാമീ മദനനിവ പോന്നാഗതേ വീരചന്ദ്രേ.        13

താന്താനേ വന്നയമുപഗതോ ദൈവയോഗാദിദാനീം
കാന്താചാന്താർമുലയിണ പിരിഞ്ഞുള്ള താപം വിഹന്തും
ആന്താനെൻറങ്ങവനുടനണഞ്ഞേത്തിനാനാത്തരാഗം
ചെന്താർമാതിൻ കുലനിലയമാം വീരവേണാടർകോനെ.        14

ആകല്പം വാണ്ണരുളു പകയർക്കന്തകാ! ഹന്ത ഭൂമി-
ക്കാകല്പം നീ പവഴമണിയേ, വാണിയും പൂവിൽമാതും
വീകിച്ചേ വന്നഴകൊടു പുണർന്നീടുമാതിച്ചവർമ്മാ!
മേകത്തോടും കൊടയിലിടയിൻേറാരു കാരുണ്യസിന്ധോ!        15

എണ്ണിക്കൊള്ളാം പടയിലെഴുനള്ളത്തു കൊല്ലത്തുനിൻേറാ
കണ്ണിൽക്കൂടാതടയരുടൽകൂറാളി! തോവാളനിൻേറാ
വർണ്ണിച്ചേറ്റം ഭുജഗശയനം കണ്ടു കൈകൂപ്പുവാനെൻ
പുണ്യത്തിൻേറ പെരുമ നവരം നിൻ വരത്തൻറു മന്യേ.        16

ആറല്ലോ ചൊല്ലമരസരണൌ സംസ്കൃതപ്രാകൃതാഭ്യാം
മാറില്ലല്ലോ പുനരതിൽ നിനക്കിൻറു മംഗല്യകീർത്തേ!
ആറല്ലേ മൂൻറവനിവിഷയേ ചേർന്ന ഭാഷാവിശേഷം
വേറല്ലേ നീ പറകിലവയിറ്റങ്കലും വീരമൌലേ!        17

രാജ്യാനാമങ്ങിനിയ പതിനെട്ടിന്നുമിൻറായുധാനാം
വിദ്യാനാഞ്ച ത്വമസി പെരുമാൾ വീരസംഗ്രാമധീര!
നാലിന്നുമറ്ററുപതിനുമിൻറക്കലാകൌശലാനാം
ഗ്രാമാണാഞ്ച ശ്രിയമനുദിനം വാഴ്ത്തുവോരാപ്തബന്ധോ!        18

ശൌണ്ഡീ, വേണു, സ്തനി, ശബരികാ, പങ്കിതം, രാവണങ്കൈ,
സാരംഗം, നന്തുണി, നിറമെഴുന്തണ്ണി, വീണാ, പിനാകം
മറ്റും വാദ്യോൽക്കരമനുതരിക്കിൻറ ഗീതാമൃതം തേ
കേൾപ്പുണ്ടോ വന്നൊളിയിലമരാധീശഗന്ധർവ്വസംഘാഃ?        19

വട്ടത്തിൽച്ചേർന്നടയരുടലിൽ ച്ചേരുമച്ചോരിവെള്ളം
മുട്ടക്കോരിക്കഴുകുമെഴുപാറും കുടിക്കുംപ്രകാരം
വെട്ടിക്കീറിപ്പടയിലുടവാൾകൊണ്ടു കൂറിട്ടു വേറി-
ട്ടൊട്ടൊട്ടേടം നരവര! പരന്നും വിരുന്നുണ്മതുണ്ടോ?        20

വ്യായാമംകൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി-
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം
പ്രാണാപായം കരുതിന തുലിക്കൻപടക്കോപ്പിനെണ്ണം
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തു ചെൻ‌റു        21

മുറ്റത്തല്ലോ നനു സുരപതേന്നില്പുതക്കല്പവൃക്ഷം
മുറ്റികേൾക്കും വരസുരഭിയും വാരുണീഹോമധേനു
വെറ്റിക്കൂറില്ലറികിലളകേശന്നുമീശേ നിരാശേ
മുറ്റും നീയേ വരുമിരവലക്കിൻ‌റു കല്യാണമേഘം        22

ഇത്ഥം നാനാ കുശലമവനോടാപ്തിപൂർവ്വം വിചാരി-
'ച്ചാസ്ഥാ ലോകേ വിപുലമനസാ'മെൻറുമുൽപ്പെട്ടു കാട്ടീ
പ്രാർത്ഥിച്ചാൻ തൻ കരുമമവനെ പ്രാർത്ഥനീയാനുഭാവം
സ്വാർത്ഥ പ്രതൃത്ഥികളിലെവിടെക്കാമുകനാം വിവേകം?        23

ആർത്തത്രാണപ്രവണ കരുണാവാരിധേ! കാമുകാനാം
നേത്രശ്രേണീ മധുപനളിനീം വേറിരുന്നുണ്ണുനീലീം
വാർത്തപ്പെട്ടേനിഹ വിരഹിണാം ഞാൻ തുലോമിൻറുപാർമേൽ
കീർത്തിപ്പാനൊൻറരുതതു ശരച്ചന്ദ്രികാചാരുകീർത്തേ!        24

സിന്ധുദ്വീപെൻെറാരു പൂരവരം ബിംബലീ പാലകാനാം
കേൾപ്പുണ്ടല്ലോ ജഗതി വിദിതം മേദിനീസ്വർഗ്ഗഖണ്ഡം
തസ്മിൻ മാരന്നിനിയ പടവീടുണ്ടു മുണ്ടെക്കലെന്മോ-
രില്ലം മല്ലക്കുവലയദൃശാം പാരിലാരൂഢകീർത്തേ!        25

കാമോന്മാദാൽക്കനിവൊടു ചമഞ്ഞുർവ്വശീ നിർവ്വിശങ്കം
ഭൂമൗ ഭൂമീശ്വരനിൽ മരുവീടിൻ‌റ നാൾ വിക്രമാഖ്യേ
ഉണ്ടായീപോലഴകിലവൾപാകത്തു നിൻ‌റത്യുദാരം
തണ്ടാർമാതിൻ കുലനിലയമാം വംശമേതൽ പൃഥിവ്യാം        26

തസ്മിൻ വംശേ തരുണനയനങ്ങൾക്കു പീയൂഷധാരാ
താരുണ്യാനാം ജഗതി ജനനീ താർചരന്നസ്ത്രശാലാ
താരാർമാതിന്നഭിമതസഖീ താമ്രബിംബാധരോഷ്ഠീ
താരാനാഥ പ്രതിഭടമുഖീ തിണ്ണമെന്നുണ്ണുനീലീ.        27

ഞാനും തന്വീതിലകമവളും കൂടി വാടാത കാന്ത്യാ
കാമക്രീഡാചപലവപുഷൗ ചേർന്നുറങ്ങിൻ‌റ നേരം
കല്യാണാംഗീം കഥമപി പിരിച്ചെങ്ങനേ ഞാനറിഞ്ഞീ-
ലെന്നെക്കൈക്കൊണ്ടപഗതവതീ കാപി യക്ഷീ നിശായാം        28

കാതത്തിന്മേലുപരി ഗഗനേ ചെൻറ നേരത്തുണർന്നേ-
നാതപ്തോ ഞാനിഹ ബഹുമതാം വേറിരുന്നുണ്ണുനീലീം
പേടിച്ചേറ്റം വിരവിൽ നരസിംഹാഖ്യമന്ത്രം ജപിച്ചേ-
നോടിപ്പോയാളവൾ മുറയുമിട്ടങ്ങു കൈവിട്ടു നമ്മെ.        29

താങ്ങിത്താങ്ങിത്തദനു മൃദുനാ മാരുതേനാനുയാതോ
മന്ദം മന്ദം പുനരഹമിഹൈകത്ര ദൈവാനുഗുണ്യാൽ
സമ്മൂഢം മാമിവിടമറിയിപ്പിച്ചിതംഭോജനാഭം
പാടിപ്പാടിപ്പുലരി പുകഴും ഗായകാനാം വചാംസി.        30

ദേവം നത്വാ ഭുജഗശയനം വാതിൽമാടത്തിൽ മേവി-
ത്താവും പെണ്മാൻമിഴിയൊടു പിരിഞ്ഞേറെ നീറിടുമെന്നെ
ഏവം പൂവില്ലവനുമുടനിക്കാലവും വെണ്ണിലാവും
കൂവും കോലക്കുയിലുമഴകിൽത്തെൻ‌റലും കൊൻ‌റുതല്ലോ.        31

മുണ്ടെക്കൽക്കങ്ങൊരു തിലകമാമുണ്ണുനീലീവിയോഗം
കൊണ്ടിട്ടൂരുമ്മനസിജശരൈർജ്ജീവിതാപന്നമെന്നെ
കണ്ടപ്പോഴേ കനിവിനൊടുണർത്തിപ്പുണർത്തിൻറ നിന്നെ
ക്കണ്ടിട്ടിപ്പോൾ മമ ബത! മഹാനന്ദമഭ്യേതി ചേതഃ        32

കാമാർത്താനാം ഝടിതി മൃതസഞ്ജീവനം പോന്നിനക്കെ-
ൻേറാമൽപ്പെണ്മാൻമിഴികൾ മദനാ! തേറിനോം ഞാങ്ങളെൻ‌റാൽ
നീയേ വേണ്ടും നരവര! വിരഞ്ഞെങ്ങൾ വാർത്താമുണർത്തി-
ക്കാമാപന്നാം കളഭഗമനാം പോറ്റി! പോറ്റീടുവാനും.        33

എൻറാൽ നീ പോയ് വടമതുരയിൽച്ചെൻറു കണ്ടുണ്ണുനീലീ-
മൊൻെറാൻേറ മച്ചരിതമറിയിപ്പിച്ചു തേററീടുവാനായ്
നൻറും നൻറായ് വരുക തിരുവള്ളം നിനക്കെന്നിലിന്നും
മൻറിൽക്കീർത്തീം മതുമത വിതച്ചീടുമാതിച്ചവർമ്മാ.        34

അഞ്ചാം പക്കം വരമിതു തുലോം വാരവും വീരമൗലേ!
നാളും നൻറേ നളിനവനിതയ്ക്കമ്പനേ! മുമ്പിലേതു്
മേടം വേണാടരിൽമകുടമേ! രാശിയും വാഗധീശൻ
നാലാമേടത്തയുമുപഗതോ ഭൂതികാമാഖ്യയോഗഃ        35

​എൻറാൽ കേൾപ്പൂ വഴിയിവിടെനിൻറക്കടത്തേത്തലാന്തം
ചെൻ‌റാൽ മാലക്കുഴലികൾമണിക്കിൻറുണൎത്തിൻറതും നീ
എല്ലാമേററം നവരമറിയിൻേറാൎക്കുമിൻ‌റുള്ളവണ്ണം
കേട്ടാൽ വാട്ടം മനസി കുറയും ചെയ്യുമൎത്ഥാന്തരാണി.        36

നാഭീപദ്മം നിഖിലഭുവനം ഞാറുചെയ്താത്മയോനിം
നാഗേന്ദ്രന്മേൽബ്ബത! മതുമതപ്പള്ളികൊള്ളും പിരാനെ
നാഗാരാതിധ്വജനെ നവരം മുമ്പിൽ നീ കുമ്പിടേണ്ടും
നാൽവേതത്തിൻ പരമപൊരുളാം നമ്മുടേ തമ്പിരാനെ.        37

വേലപ്പെണ്ണിൻ മുലയിലലിയും ചന്ദനാമോദരമ്യേ
ചാലച്ചീററം പെരുകിയുരുകീടിൻറ വിശ്വംഭരായാഃ
കോലക്കണ്ണിൻ മുന കനമകം പുക്കു നിൻ മാർവിൽ മന്ദം
നീലക്കല്ലായ് വിലസിന മണീകൌസ്തുഭം വെൽവുതാക.        38

ക്ഷീരാംഭോധൌ ഭുജഗവരനാം മെത്തമേലത്യുദാരം
താരാർമാതിൻ കുളുർമുലയുഗം പൂണ്ടു പൂർണ്ണാനുരാഗം
പാരേഴിന്നും തുയിർ കുറവറപ്പോക്കുവാൻ പള്ളികൊള്ളും
കാരുണ്യാബ്‌ധേ! തവ പദയുഗം പദ്‌മനാഭാ തൊഴിൻേറൻ.        39

മീനായ് വേദാൻ, കമഠവപുഷാ മന്ദരം, പൻറിയായ് പ്പാർ
നാകാധീശം നരഹരിരുചാ പോറ്റിനാ മാണിയായും
ഭൂഭൃദ്രക്ഷസ്സുരരിപുകുലം രാമനായ് കൃഷ്ണനായും
വെൻറാ, വെൽവാ കില ജഗദിദം കല്ക്കിയായും നമസ്തേ.        40

നീലസ്നിഗ്‌ദ്ധം ഗഗനതലമാം മിക്ക മേൽക്കട്ടി തൻ കീഴ്
പാലാർവെള്ളത്തിരനുര തരം ചേർന്ന ഭോഗീന്ദ്രഭോഗേ
മാർവിൽത്തങ്ങുമ്മണിവരമഹാദീപികേ പൂവിൽമാതി-
ന്നോമൽപ്പൂൺപായ്‌ത്തെളിവിൽ മരുവും ഭാഗ്യസീമൻ നമസ്തേ.        41

വജ്രക്രൂരൈർന്നഖരനികരൈർദ്ദാരിതേ ദൈത്യവീരൻ-
മാർവ്വിൽത്തങ്ങും നെടിയ കുടരാൽച്ചാർത്തുമമ്മൂർത്തി തന്നെ
ഭക്തത്രാണപ്രവണചരണാംഭോരുഹം നാരസിംഹം
പിന്നെക്കുമ്പിട്ടരുളുക സഖേ! തെക്കിനേൽത്തമ്പിരാനെ.        42

ഭേദാഭേദപ്രഗുണിതപുരാണേതിഹാസാഗമാനാം
കേദാരത്തെച്ചിരമടി തൊഴിൻേറാർക്കു ചിന്താമണിം തം
വേദാന്നാലാക്കിന മുനിവരം വേദവേദാന്തബീജം
പാദാംഭോജേ തൊഴുക തരസാ വീണ്ണു സർവ്വാംഗനാഥം.        43

വിഷ്വൿസേനം പ്രഥമമഥ നീ ദീപശാലാന്തരാളേ
രാമം രാമാനുജമപി ഹനൂമന്തമന്തേ വണങ്ങി
രത്നോദഞ്ചൽക്കനകവളഭീമണ്ഡിതേ മണ്ഡപേ ചെ-
ൻറത്യാമോദാൽത്തൊഴുക നയനാനന്ദനം നന്ദസൂനും.        44

ഊയൽപ്പൂമെത്തയിൽ മരുവുമക്കണ്ണനാമുണ്ണി തന്നെ-
ത്താലോലിച്ചും തഴുകിയുമുടൻ നിൻറു വൈകാതവണ്ണം
ചൂഡാഗ്രംകൊണ്ടണിമതി തൊടും വാതിൽമാടം പുറപ്പെ-
ട്ടാൎയ്യം വീൎയ്യം സ്വയമിവ വലത്തിട്ടു നീ കുമ്പിടമ്പി.        45

മൻറിൽച്ചെൽവം പെരിയ തിരുവാമ്പാടിയിൽക്കൂടിയാടി-
ക്കൻറിൽക്കൂടിത്തെളിവൊടു കളിച്ചീടുമമ്മൂർത്തി തന്നെ
കുൻേറക്കൊണ്ടങ്ങട മഴ തടുത്താച്ചിമാർവീടുതോറും
ചെൻറപ്പാൽനെയ് പരുകിമരുവും കണ്ണനെ ക്കൈതൊഴേണ്ടും.        46

കാലിക്കാലിൽ ത്തടവിന പ്പൊടിച്ചാൎത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാൽക്കലിതചികരം പീതകൗശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലന്നീലന്തവ നിയതവും കോയിൽ കൊൾകെങ്ങളുള്ളിൽ.        47

എൻറീവണ്ണം തൊഴുതു വിടയും കൊണ്ടെനിക്കും നിനക്കും
നൻറും നന്മയ്ക്കഴകൊടു ഭവാനുണ്ണുനീലിക്കുമെല്ലാം
ഒൻറിന്നും നീ നരവര! വലത്തിട്ടുകൊണ്ടങ്ങു നേരേ
ചെൻറാൽ ക്കുമ്പിട്ടരുളു കരുണാപാത്രമാം ക്ഷേത്രപാലം.        48

വൈകുണ്ഠം നീ വലിയ ബലിപീഠോപകണ്ഠത്തിൽ നിൻേറ
കുമ്പിട്ടമ്പിൽപ്പുനരപി സഖേ! പ്രാൎത്ഥയൻ വാഞ്ഛിതാൎത്ഥാൻ
സമ്പൽപ്രാപ്ത്യൈ വിരവൊടു പുറപ്പെട്ടെഴുന്നള്ളിദാനീം
ചെമ്പൊൽക്കുൻറിൻ പെരുമ കവരും ഗോപുരേണാപരേണ.        49

അപ്പോൾ മുൽപ്പാടണയ വഴിമേൽ കാണലാം തേ വലത്ത-
ങ്ങപ്പൂപ്പെന്നും നിജ സഹചരീമുപ്പനഭ്യേതി വാമാൽ;
തൃപ്പാപ്പൂർ വാണ്ണഴകു പൊഴിയും വീര! മംഗല്യശംസീ
മുൽപ്പാടപ്പാൽക്കിമപി ച വലംപാടു പാടും വയാനും.        50

വീണാവാണീം വടിവിനൊടിടത്തങ്ങടുത്തുണ്ണിയച്ചീ-
മേണാങ്കന്നും ചെറുതു കുറവാക്കിൻറ വക്ത്രാരവിന്ദാം
ഓണം പോലേ വിരവിലെഴുനള്ളിൻറ നിന്മേൽത്തദാനീം
കാണാം തൂവെൺ മുറുവൽ മലരാൽത്തൂകി മേവിൻറവാറു്.        51

പിന്നെപ്പൊന്നിൻ മെതിയടി കഴിച്ചങ്ങു തണ്ടിൽക്കരേറി
ക്കന്നക്കണ്ണാർമനസിജ! മതിപ്പെട്ട സേനാജനേന
പുന്നപ്പൂവിൻ പരിമളഭൃതാ മാരുതേനാനുയാതോ
മുന്നിൽക്കാണാമിതവിയ നടെക്കാവു നീ പിന്നിടേഥാഃ        52

പാലും നെയ്യും പരഭൃതഗിരാം വീടുതോറും കവൎന്നോ-
രോമൽപ്പൈതൽക്കിളയളയി ഞാനെൻറു ചൊല്ലിൻറപോലേ
പാരേഴിന്നും പ്രഥമജനനീം പാൽക്കുളത്തിൽക്കുളിക്കും
ദേവീം ദുൎഗ്ഗാം തൊഴുക ദിവിഷദ്വേഷിവിദ്വേഷിണീം താം.        53

മേതിൽച്ചൊല്ലുള്ളസുരനിവഹം പാരിൽനിൻെററ്റി മാറ്റി-
പാതിപ്പെട്ടോ, ചില ദിവിഷദാം മൈ വളൎത്തും മരുന്നേ!
കാതിൽപ്പാമ്പും കനകരചിതം തോടയും ചേൎത്തു ചാൎത്തും
മാതശ്ശീതദ്യുതികലയണിഞ്ഞംബികേ! കൈ തൊഴുൻേറൻ.        54

നേരേ ചെൻറാൽ പ്രിയസഖ! വിരഞ്ഞംബുരാശേരുദാരം
തീരം കാണാം പുകഴ്‌പൊലിവെഴും വീരർകോനേ! തദാനീം
ഓരോൻേറ നിൻറതുമിതുമുടൻ ചൊല്ലി വൈകിപ്പതെല്ലാം
പോരാതോ കാൺ നിഖിലമറിയും നിന്നൊടിന്നാട്ടിൽനിൻറു്.        55

സത്ത്വം, ഗംഭീരത, വടിവിടമ്പാടു രത്നാകരത്വം,
മുറ്റും പാൎത്താൽ തവ ഗുണഗണം ചേൎന്നെഴും വാരിരാശി
തന്നിൽത്തങ്ങും തുരഗശിഖിനാ ഹന്ത! വെന്തറ്റിടിൻേറാൻ
മന്യേ തന്നാൽപ്പെരികൊരുപജീവിത്വമില്ലാൎക്കുമെൻറു്.        56

മണ്ടുംമാൻനേർമിഴികൾമദനാ! മന്മഥാരാതി തന്നെ
ത്തെങ്കൊല്ലത്തിനൊരു തിലകമേ! തിങ്കൾചൂടും പിരാനെ,
കാണ്മൂ പിന്നെക്കമലവനിതയ്ക്കമ്പനേ! നിൻ വിയമ്പേ-
രാളും കാളീപിതരം എതിരില്ലാത മംഗല്യകീൎത്തേ!        57

ആനത്തോലോ കൊടിയ വിഷമോ വെള്ളമോ വെള്ളെലിമ്പോ
മാനോ മീനധ്വജചുടലയാം കണ്ണിലാകിൻറ തീയോ
നീറോ വേറേ പറകിൽ മലമാതിന്നു നിന്നെ കനക്ക-
ക്കൂറാവാനൊൻറിതവിയതു ചൊല്ലേതു ശീതാംശുമൌലേ?        58

'ശംഭോ! ഗംഗാധര! ഗിരിസുതാനാഥ! ശീതാംശുമൌലേ!
കാമാരാതേ! ഹര! ഹര! ജയേ'ത്യുച്ചകൈരുച്ചനേരം
പൂജാകാലം കഴിയുമളവമൂൎദ്ധ്‌നി ബദ്ധാഞ്ജലിസ്ത്വം
വാഴ്ത്തിക്കുമ്പിട്ടരുളതിമുദാ തുമ്പചൂടും പിരാനെ.        59

മാതംഗാനാം കരപരിഗളൽസ്വേദസംസിക്തശീതേ
മാകന്ദാനാം തണലിൽ മണലിൽക്കുഞ്ചിഭിശ്ചഞ്ചലാഗ്രൈഃ
പിൻകാലേകം കുടിലശിഥിലം പയ്യവേ വച്ചിദാനീം
നിദ്രായന്തേ തവ വടിവെഴും രാജിനോ രാജസിംഹ!        60

ഇത്ഥം വൈതാളികനുതിഗിരാമന്തരാ യാമികന്മാ-
രപ്പോൾ വന്നിട്ടമൃതു പൊലിവാൻ കാലമാവേദയേയുഃ
തൃപ്പാപ്പൂൎക്കിൻെറാരു തിലകമേ! നീ കഴിച്ചങ്ങതെല്ലാ-
മപ്പോഴേ പോയ് പൊഴി മുതലയാലങ്കിതം പിന്നിടേഥാഃ        61

കോലം കോലും ചവരിനികരം വീയവീയത്തദാനീം
നീലപ്പീലിത്തഴകൾനിഴലാമന്നടക്കാവിലൂടെ
പാലും തേനും തൊഴുതമൊഴിമാർ മൌലിയാമുണ്ണുനീലീം
ചാലക്കാണ്മാനുഴറുക സഖേ! പുത്തറം മുന്നിലേതു്.        62

ചോണാട്ടല്ലോ മിളകു പിരിയം, ചോഴിയക്കാടു ചത്താൻ,
വേണാട്ടിക്കിത്തിരമമഴിയും, വെച്ചിയൂർച്ചെൻറിതൊണ്ടോ?
ചാണാക്യം നീ പറവതു തികച്ചാത്തനൂരൽക്കമൊണ്ടോ?
മാണാക്കിന്നാം ചെറുമനെ മണൽക്കാടു പോകായ്കിൽ നൻറു്.        63

അച്ചൻ ചേലയ്ക്കിഴയഴകിതൊട്ടച്ചിയാരച്ചു തിൻറാൾ
തുച്ചീലം നീ പറവതു തനിക്കാട്ടിനൊണ്ടോ പ്രമേയം
എച്ചിൽച്ചോറും വിറകൂമടിയന്നൊട്ടു പോരും കിടങ്ങൂർ
തച്ചൻകാടേ വരിക തടിയൻ പോകിലൊല്ലാഞ്ഞുതില്ല.        64

ഇന്തപ്പൊന്നുക്കിനിയ കഴശല്ലപ്പരേ! നായിനാരേ!
ശന്തപ്പൻ പാടവാഹളഴകപ്പിള്ള ചൊണ്ടാങ്കി കൊണ്ടാർ
മായസ്സെട്ടീഹ്വിമലഹസകണക്കുണ്ടു കോൎജ്ജിട്ടകൈനേ?
തുഹ്മസ്സംഘേ മൊദിരമഹദും കണ്ടിരേ സാക്കുകാല.        65

എൻറീവണ്ണം പഥികർ പറയും പാഴബദ്ധങ്ങളെല്ലാം
ഒൻെറാൻേറ കേട്ടുദിതഹസിതം തോഴ! നേരേ നടന്നാൽ
കൻറും കുൻറും പിരിയുമിളമാൻ കണ്ണിമാർമാരനേ! നീ
മൻറിൽ ചാലപ്പുകൾ പൊലിവെഴും വല്ക്കലെച്ചെൽക പിന്നെ.        66

കുന്ദസ്മേരാനനമതിമുദാ രുഗ്‌മിണീകൊങ്കയിന്മേൽ
നന്ദിച്ചീടും നരകമഥനം നന്ദഗോപസ്യ സൂനം
മന്ദം മന്ദം മധുരമധുരം വേണുമാകൂജയന്തം
വന്ദിക്കേണ്ടും വരഗുണനിധേ! വൽക്കലെത്തമ്പിരാനെ.        67

വേഗേന ത്വം വടിവിൽ വിടകൊണ്ടങ്ങു മുല്പാടു മേവും
ദേവീം ദുൎഗ്ഗാം തൊഴുതു പുഴയും പിന്നെ നീ പിന്നിലാക്കി
കോളംബാഖ്യാം നിജകുലപുരീം കൂപകാധീശമൗലേ!
നാളൊൻറുക്കേ സമുദയവതീം കാൺക സൎവ്വാങ്‌ഗനാഥ!        68

ഏഷാ ഭൂഷാമണിരിവ ഭുവോ ഹന്ത! വേണാടർകോനും
നീയും പാലിച്ചപഗതഭയം വൎദ്ധിതാ നാളിൽ നാളിൽ
ഇന്ദ്രോപേന്ദ്രക്ഷപിതദിതിജോപദ്രവാമദ്യ മന്യേ
നാണിക്കിൻെറാളമരനഗരീം നാമമാത്രാവശേഷാം        69

ചൊങ്കും ചമ്പ്രാണിയുമുടനുടൻ വന്ന ചോണാടനും കൊ-
ണ്ടാക്രാമന്തീ ജലധിമഖിലം നിന്നുടേ കീൎത്തിപോലെ
പൊന്മാടാനാം മണിമകുടമാം നാവുകൊണ്ടെച്ചിലാക്കി
കൂടെക്കൂടെക്കടലിൽ മുഴുകിച്ചംബുദാൻ ഖേദയന്തീ.        70

രമ്യശ്രീമന്നയനസുഭഗമ്മറ്റുമോരോ പദാൎത്ഥാൻ
നാട്ടാർ വൎണ്ണിപ്പതു, പുനരിടം കേവലം കൊല്ലമെൻറു്,
എൻറാലീരേഴുലകിലുമിതിന്നൊപ്പമൊൻറില്ല ചൊൽവാൻ
കൊല്ലം കൊല്ലം ഭവതു നിതരാം, പിന്നെയും കൊല്ലമെൻറു്.        71

വീണാവാണീം വിപുലജഘനാം ബിംബതാമ്രാധരോഷ്ഠീം
ക്ഷീണാം മദ്ധ്യേ കിസലയമൃദുസ്നിഗ്‌ദ്ധ മുഗ്‌ദ്ധാംഗരേഖാം
പൂണാർകൊങ്കക്കലശനമിതാം മിക്ക വെള്ളൂർ വിളങ്ങും
നാണീം കാണാം വഴിയിലുടനേ വന്നു നിൽക്കിൻറ വാറു്.        72

വാരിപൊക്കിപ്പഴവുമടയും ചക്കയും നൽക്കരിമ്പും
മേരുക്കുൻറിൻ പരിചു മരുവും ബാലകം ചന്ദ്രമൗലേഃ
മൂരിത്തിട്ടയ്ക്കഴകു പൊഴിയിക്കിൻറ മാതംഗവക്‌ത്രം
ചാരെച്ചെൻറങ്ങടിമലരിൽ വീണഞ്ജസാ കൈതോഴേണ്ടും.        73

നേരേ പിന്നെ പ്രിയസഖ! പനങ്ങാവനന്നീ യകം പു-
ക്കാരാവം കൊണ്ടഖിലജഗതാം ഭൈരവീം ഭൈരവീം താം
നീരാൎന്നീടും കരിമുകിൽ നിറം കൊണ്ട നിൻ മൂലതായെ-
ക്കോരിച്ചോരിക്കടൽ പെരുകുമക്കാളിയെ കൈതൊഴേണ്ടും.        74

അപ്പോഴാതിച്ചപുരമമരിൻറപ്പനെ ക്കൈ വണങ്ങി
തൃപ്പാപ്പൂൎക്കിൻെറാരു തിലകമേ! നീ നടപ്പോരു നേരം
താനത്തിന്നായ് തദനു ചുഴലെപ്പുക്കു സേവിച്ചു നിന്നെ
പ്പോമേ ഭട്ടാരണർ കില വിപക്ഷാസികാഃ പൂജ്യപാദാഃ.        75

അൎത്ഥിശ്രേണിയ്ക്കഭിമതഫലം നൻകുവാൻ പാരിജാതം
വിദ്വൽപദ്മാകരദിനകരം വിശ്വലോകൈകദീപം
മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം
കുറ്റക്കാർ മൽപ്പുരികഴലിമാർമാരനെക്കാണ്ക പിന്നെ.        76

വേലപ്പെണ്ണിന്നഴകു പൊഴിയും കണ്ണനെപ്പോരിൽ മാറ്റാർ
മൂലത്തിന്നേ മുടിവിനൊരു മുക്കണ്ണനെ പ്പുണ്യകീൎത്തേ!
വേരിച്ചൊല്ലാർ മനസിജ! നിനക്കണ്ണനെ ച്ചെൻറു നേരേ
കോരിക്കൈകൂപ്പുടനിരവിവർമ്മാഖ്യവേണാടർകോനെ.        77

അസ്മദ്വാൎത്താം മുഴുവനറിയിപ്പിച്ചു മാമ്പള്ളിയെക്കൊ-
ണ്ടല്പസ്മേരാനമിതവദനം വീര! നില്പോരു നേരം
മുന്നേ നമ്മിൽക്കനിവു കനമുണ്ടാകയാൽ പോകപോകെ-
ൻെറന്നേ നിന്നോടവനവനിപാലൈകവീരോ വിരഞ്ഞും.        78

രത്നശ്രേണീകനകനിചയം കാഴ്ചയും വച്ചു കാണ്മാൻ
തിക്കിക്കൂടും പുനരറികിലോ നാവികാനാം നികായം
അപ്പോഴേ നീ നരവര! പുറപ്പെട്ടു മൂവന്തിനേരം
മുച്ചന്തിക്കൽച്ചുഴല മരുവും വാണിയും കാണ്ക പിന്നെ.        79

തട്ടും കട്ടിൽക്കയറു പലകക്കട്ടിൽ മഞ്ചട്ടി കൊട്ടം
മൊട്ടും മുട്ടിൽക്കരയുമരിയും പെട്ടിയും പട്ടുനൂലും
പട്ടും ചൊട്ടക്കയറുമുറിയും കട്ടിലും കട്ടിയാവും
തട്ടും ചട്ടിക്കലവുമിലയും കൊട്ടയും കെട്ടുനാരും.        80

മിന്നും പൊന്നും തുവലുമവലും പാരയും പാരവാളും
പാലും തോലും വളയുമുളിയും പൂണിയും പൂണുനൂലും
ആടും ചാടും കുടയുമുടയും പഞ്ഞിയും മൂഞ്ഞവേരും
നൂറും ചോറും ചുറയുമുറയും കാരവും കാരിരുമ്പും        81

കൂരൻ ചോഴൻ പഴവരി കരക്കൊങ്ങണൻവെണ്ണൽ കണ്ണൻ
മോടൻ കാടൻ കുറുവ കൊടിയൻ പങ്കി പൊങ്കാളി ചെന്നൽ
ആനക്കോടൻ കിളിയിറകനങ്ങാരിയൻ വീരവിത്തൻ
കാണാം മറ്റും പലവിധമുടൻ നെല്ലു കല്യാണകീൎത്തേ!        82

കോലാ മൂങ്ങൻ ചുറകു കൊഴുമീൻ കൊഞ്ചു പാമ്പാട പൂമീൻ
ചേർമീൻ ആരോൻചുറകു കരിമീൻ കെണ്ടമീനണ്ടികള്ളി
കൂമീൻ ചേർമീൻ അയില ഞെരിമീൻ പൂളകൻ വാള നന്തൻ
മറ്റും മീനിൻനികരമവിടെക്കാണലാം വില്ക്കുമാറു്.        83

ഏലം കോലം കടുകു തകരം കുന്തിരിക്കംതുരിക്കം
ചോനപ്പുല്ലും ചുകിലുമകിലും നാകുണം തൂണിയാകം
തീമ്പൂ കഞ്ചാപുലവു വിടയം മാഞ്ചി മഞ്ചട്ടി കൊട്ടം
ചാതിക്കായും പലവുമവിടെക്കാണലാം തേ മരുന്നും.        84

കത്തുരിക്കൊണ്ടിരുപതുപണം, കത്തികൊണ്ടുള്ളി താ നീ,
പുത്തൂരിക്കോ പുടവ? പുറമെന്തുണ്ടു നിൻകൈയിൽ മിച്ചം?
പത്തോ കൊണ്ടൂ പരിച? പനിനീർ മറ്റു മുന്നേതു നല്ലൂ,
കുത്തോ കാചൊൻറതിനു തിരമം ചൊല്ലു നീ കാരിതേവാ.        85

ചുക്കിന്നുണ്ടോ പെരിയ തുവ? നൂച്ചുക്കുടിക്കെട്ടു കാചു-
ണ്ടക്കോൽകൊണ്ടോ മിളകു തരകിന്നക്കടാ നമ്പിയാതീ
ശിക്കാണിസ്സോദുഖനു ശിതിയേ പാരിതായാരെയേയേം
കുക്കോ കുജ്ജീ കളിരി കുനിയസ്സഹ്മി തുഹ്മേ ഭണാഹ.        86

ഇത്ഥം വില്ക്കും വിവിധവിപണിദ്രവ്യഭാഷാവിശേഷം
കണ്ടും കേട്ടും പഴകി മുഴുവൻ കൌതുകം കെട്ട നീ പോയ്
ചിന്തിച്ചേറ്റം മമ സഹചരീം വേഗവാനാകിലും ചെ-
ൻറന്തിക്കാലം നരവര! കരിപ്പൂക്കളം പൂക പിന്നെ.        87

അപ്പോഴുദ്യുൽക്കുളുർമതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴെത്താഴും തിമിരചികരാ ചാരുതാരാശ്രമാംബുഃ
കിഞ്ചിൽ കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെ നന്വേതി സന്ധ്യാ.        88

അന്തിത്തേവാരവുമയി സഖേ! ശാൎവരഞ്ചാപി കൃത്വാ
ബന്ധുസ്നേഹാദിദമപനയൻ നിദ്രയാ യാനഖേദം
സിന്ധുദ്വീപം പ്രതി യദുപതേ! പോവതിന്നൊട്ടിരാവേ
വന്ദിശ്രേണീമധുരവചനം കേട്ടെഴുന്നേല്ക്കു പിന്നെ.        89

കൂടെപ്പിന്നെ കുളി വയറയിട്ടങ്ങു തേവാരവും പു-
ക്കീടിക്കൂടും ദ്വിജപരിഷദേ നിത്യദാനം വിധായ
കേടറ്റീടും ഗുണഗണനിധേ! ചാരു മാവാരതം കേ-
ട്ടോടിക്കൊണ്ടങ്ങഴകിലെഴുനള്ളീടു സംഗ്രാമധീര!        90

പിന്നെച്ചെമ്മേ പുതിയ പൊഴിയും തോഴ! പൂക്കൈതയും നീ
പിന്നിട്ടമ്പിൽ തൊഴുക വഴിമേൽ പന്മനത്തമ്പിരാനെ
ചിന്നച്ചാൎത്തിൻ കുരലിൽ മുരളും കാളവും കൊമ്പുമെല്ലാം
മന്നിൽപ്പൊങ്ങും പടയോടു കടന്നീടു കൻേറ റ്റി തന്നെ.        91

തേടിക്കൊണ്ടൊൻറഴകിലലരിത്തയ്യൽ മയ്യാൎന്ന കണ്ണി-
ട്ടോടച്ചാൎത്തിൽ ച്ചുഴല വിതറും മുത്തുകൊണ്ടത്യുദാരം
വേടക്കാട്ടിൻ പരിചഴകെഴെപ്പൊങ്ങുമത്തെങ്ങു കൊണ്ട-
ങ്ങീടിക്കൂടും നിഖിലവിഭവം മുന്നിലേതോടനാടു്.        92

അൎത്ഥപ്രാപ്ത്യൈ കനമടികളാൽ‍ സോമവൽ പീഡിതാനാം
വേവച്ചന്നിൽച്ചളവു പിബതാം കേവലം വാവൽപോലെ
ബിഭ്രാണാനാം വിഴമുതിരവൽക്കത്തിമേകാം ദ്വിജാനാം
കാണാം മുൽപ്പാടിടയിലിടയിൽ തത്ര ദേശാന്തരാണി.        93

തസ്മിൻ കായംകുളവരളവേ മുക്കരിക്കുൻറതാകിൽ
പാണ്ടിക്കെട്ടാലുപഗതമിതെൻറാത്തകോപാകുലാക്ഷഃ
വീരശ്രീമന്മുകുരമുടവാൾ നീയെടുപ്പാനടുക്ക-
പ്പേടിക്കിൻേറൻ വഴിയിലതുകൊണ്ടൊട്ടു വൈകീടുമെൻറു്.        94

ഏണാക്ഷീണാം കുലതിലകമാമുണ്ണുനീലിക്കു വാണാൾ
നീണാളാവാൻ നിരുപമഗുണഗ്രാമ! വേഗേന പോമ്പോൾ
ബാണാരേസ്തൽ ഭവനയുഗളം പിന്നിലിട്ടങ്ങു ചെൻറാൽ
കാണാം കായംകുളമിതി കുളുത്തീടുമങ്ങാടി തന്നെ.        95

പൂന്തൊത്തെന്നും കുളുർമുല ചുമന്നോമൽവക്ത്രം വണങ്ങി
കിഞ്ചിൽ ചഞ്ചന്മധുപവചനംകൊണ്ടു കൊണ്ടാടി മന്ദം
മാർഗ്ഗോപാന്തേ മലർനിര ചൊരിഞ്ഞന്നടക്കാവിലെങ്ങും
വല്ലീവാലത്തരുണികളുടൻ കാണലാം നില്ക്കുമാറു്.        96

വിങ്ങിപ്പൊങ്ങിച്ചിതറിന മലർത്തേൻറൽ പീത്വാ മയങ്ങി
തെങ്ങിൽത്തങ്ങിത്തരുണികൾ മുലത്തൊത്തിലുച്ചൈരുറങ്ങി
തിങ്ങിതിങ്ങിച്ചുഴലവരിവണ്ടിണ്ടയാംകണ്ടിയൂരിൽ
പങ്ങിപ്പങ്ങിപ്പരിമളമെഴും വായു വീയും തദാനീം.        97

കറ്റക്കാർ മൽക്കുഴലികളൊരോ രാഗഭേദം പുണൎത്തീ-
ട്ടിറ്റിറ്റോലും മധുരസമയം ചിന്തു പാടും ദശായാം
മുറ്റം തോറും കിളികളതിനെക്കേട്ടിരുന്നക്കണക്കേ
മുറ്റും പാടിൻറിടമയി സഖേ! മറ്റമങ്ങേതു പിന്നെ.        98

തട്ടാൻ പൂൎവ്വം വഴിയിലഴകാൎന്നമ്പലം മുമ്പിലുണ്ട-
ങ്ങൊട്ടേ വൈകീടിലുമവിടെനിൻറമ്പിലങ്ങാടിയൂടെ
തീൎത്വാ പാലം നൃപവര! വലത്തേ നടന്നിണ്ടൽ തീര-
ക്കണ്ടേ തണ്ടാർമകൾ മരുവുമക്കണ്ടിയൂരാം പ്രദേശം.        99

കണ്ടം വണ്ടിൻനിറമുടയനെക്കെങ്കനീരോടു തിങ്കൾ-
ത്തുണ്ടം ചാൎത്തും പരനെ മലമാതിന്നു മെയ് പാതിയോനെ
മണ്ടും മാനേൽക്കരനെയരനെക്കമ്പി പാമ്പാക്കുവോനെ-
ക്കണ്ടേ പോവാൻ തരമവിടെ നീ കണ്ടിയൂർത്തമ്പിരാനെ.        100

മാറ്റേ റും നൽക്കനകകലശം വെൻറ പോർകൊങ്ക താങ്ങി-
ക്കാറ്റോടാടും നടുവു കുലയപ്പോൻറു നിന്മുമ്പിൽ വന്നു്
കോറ്റേൻവെല്ലുംമൊഴി ചെറുകരച്ചേൎന്ന കുട്ടത്തി നിന്നെ-
പ്പോറ്റീ! വൈകിച്ചരുളുകിലെനക്കൊണ്ടു വല്ലായ്മ ചാലെ.        101

ആട്ടം വല്ലും പരിചുമിഴിയും തോററമാളാമണിക്കീഴ്-
പാട്ടും കോലാഹലമഴകെഴും കോലവും കിം പ്രലാപൈഃ
നാട്ടിൽ ച്ചൊല്ലേറിന ചെറുകരെത്തെങ്ങിനോരുണ്ണിയാടീം
വീട്ടിൽച്ചെല്ലായ്കിലുമയി സഖേ! കണ്ടു കിട്ടിൻറതൊണ്ടാം.        102

വീണാവാണീം വടിവിനൊടുടുത്തോരു കാവിത്തടുപ്പിൻ
കോണാൽ പൂണാർ മുലയിണ മറച്ചങ്ങനേ താൻ ചമഞ്ഞു്
വേണീ ഭാരേ കവരിയുമണിഞ്ഞങ്ങു മാൎഗ്ഗോപകണ്ഠേ
കാണാം മുത്തൂറ്റമരുമിളയച്ചിക്കയൽക്കണ്ണി തന്നെ.        103

കാണ്മൂ പിന്നെക്കമലവനിതാമാനനേ വാചി വാണീം
വാണ്മേൽ വീരശ്രിയമപി വഹിക്കിൻറ വിഖ്യാതകീൎത്തിം
തൂണ്മേലുണ്ടാം നരഹരിനിഭം ചെൻെറതിപ്പോൎക്കും നിത്യം
കാണ്മോർ കണ്ണിന്നമൃതകരനാമോടനാടാൎന്ന കോനെ.        104

എല്ലാ നാളും നിജസമുദയം ചൊല്ലി നിദ്രാവിഹീനം
ദൃഷ്ടാ ദേവം മരവിജയിനം പാണ്ഡവന്നെൻറ പോലെ
നിന്നെക്കാണുമ്പൊഴുതിരവിവൎമ്മന്നു മന്യേ തദാനീ-
മെന്നേ! വന്നോരനുഭവരസം തന്നെയും മേൽവഴിഞ്ഞു്.        105

ആനന്ദാബ്ധൗ മുഴുകിയൊഴുകിപ്പൊങ്ങിനീന്തിത്തുടങ്ങി-
ൻേറനം സംഭാവയ യദുകുലാധീശ! സംഭോജനാദ്യൈഃ
പല്ലില്ലാഞ്ഞഴകു പൊഴിയും പ്രേമവേഗം മുഴുപ്പാൻ
കൊള്ളുൻറു പോൽത്തരുണർ മണിവായ്‌ത്തമ്പലം വല്ലഭായാഃ        106

മന്ദം മന്ദസ്മിതനികരമാം ചാരു കർപ്പൂരരാശിം
നോക്കാം നീലക്കുവളമലരും കാഴ്ച വെച്ചെൻറ പോലെ
കാണും നിന്നെത്തദനു കമനീയാംഗി വൻേറ റ്റമമ്പു-
റേറണാക്ഷീണം മുടിമണി കുറുങ്ങാട്ടു വാഴ്‌ന്നുണ്ണുനീലി.        107

മിന്നും മിന്നൽക്കൊടിലിവ ചിരസ്ഥായിനീ കാർമുകിൽക്കീഴ്
ചെൻറപ്പൂവാർകുഴൽ നിഴലെഴച്ചേൎന്ന ചാമ്പേയഗൗരീ
നിന്നെപ്പുല്‌കും നയനനിഴൽകൊണ്ടക്കുറുങ്ങാട്ടെ രണ്ടാം
കന്നക്കണ്ണാൾ തദനു കനിവോടുണ്ണുനീലീ സലീലം.        108

നമ്മിൽച്ചാലെക്കനിവു കനമുണ്ടെങ്കിലും വീരമൗലേ!
നിമ്മിൽക്കാണുംപൊഴുതിരവി വൎമ്മന്നു മറെറാൻറു ചേതഃ
എൻറാലസ്മൽ പ്രിയമിതവനെക്കൊണ്ടു ചൊല്ലിച്ചുകൊൾവാൻ
നൻേടം ഞാൻ കഥമപി വഴങ്ങിൻറിതാരൂഢകീത്തേ!        109

എണ്ണറ്റീടും ഗുണസമുദയം ചേൎന്നിണങ്ങും കുറുങ്ങാ-
ട്ടുണ്ണിച്ചക്കിക്കടൽവനിതയാം മൽപ്രിയാപ്രേമസിന്ധോഃ
കൎണ്ണത്തോളം നെടിയ കുടിലക്കൺവിലാസങ്ങൾ നിന്മേൽ
പുണ്യത്താൽ വന്നിടപെടുകിലും തോഴ! വൈകാതെവേണ്ടും        110

ചാന്താൎന്നേന്തും കുചഭരനതാം ചാമ്പി മാഴ്കിൻറ നേത്രാം
പൂന്തേനോലും മധുരവചനാം പൂൎണ്ണലീലാഭിരാമം
പോമ്പോഴാമ്പൽപ്രിയതമമുഖീമാക്കുറുങ്ങാട്ടു മേവും
ചാമ്പേയാംഗീം മഹിതചിരുതേവീമുടൻ കാണലാം തേ.        111

പിറ്റേ നാളൊട്ടെതിരെ മറിമാൻകണ്ണിമാർമാരനേ! നീ
മറ്റം പിന്നിട്ടിനിയ പുഴയും കണ്ടിയൂരേ വരേണ്ടും;
കറ്റക്കാർമൽക്കുഴലികൾ ചുഴൻറുല്ലസിക്കും പ്രദേശം
മുറ്റുഞ്ചെന്നിത്തല മറുകരത്തമ്പിലാലോകയേഥാഃ.        112

ചോമന്തുണ്ടം ചടയിലണിയും തമ്പിരാനോടു വേറേ
കാമൻതന്നോടിനി മതി വഴക്കെൻറിരന്നും വലിഞ്ഞും
കൂമമ്പാച്ചൻ മധുരവചസാ പോർ പൊരുത്തീടുമേടം
നാമം ചൊൽവാനരുതവിടവും കണ്ടു കുമ്പിട്ടു പൊക.        113

കൂവിൽപൂവിൻ പരിമളഭരം നമ്പുതോലും നടപ്പാൻ
മേവും കാവും കഴിയുഴറി നീ തൃക്കുറട്ടിക്കു ചെൻറു്
ദേവം തസ്മിൻ തൊഴുതു വഴിമേൽനിൻറു നേരേ നടന്നാൽ
കൂവീടപ്പാൽപ്പഥി പനയനാർകാവു മംഗല്യകീൎത്തേ!        114

കച്ചയ്ക്കൊക്കെക്കതിനനെ മുറിച്ചുച്ചകൈർദ്ദിഗ്ഗജേന്ദ്രാ-
നച്ചച്ചച്ചോ! ശിവശിവ! മഹാഘോരമോരോ യുഗാന്തേ
പച്ചച്ചോരിക്കളി വെതുവെതെക്കോരിയാര ക്കുടിച്ചോ-
രെച്ചിൽക്കിണ്ണം തവ വിയദിദം ദേവി! തുഭ്യം നമോസ്തു.        115

ഇത്ഥം വാഴ്ത്തിത്തൊഴുതെരികനൽക്കണ്ണർകണ്ണിൽത്തനൂജാം
മത്തേഭേന്ദ്രാൻ തല പൊരുതുടൻ കാതിലിട്ടമ്മ തന്നെ
ഉൾത്തൂൎന്നെങ്ങും മകരനിവഹം തോഴ! നിൽക്കിൻറതും ക-
ണ്ടത്യാമോദാൽ പ്പുനരയി സഖേ! പാലവും പിന്നിടേഥാഃ.        116

മുൽപ്പാടസ്മിൻ മരുവുമപ്പെണ്ണിനെ ക്കൈവണങ്ങി-
ത്തൃപ്പാപ്പൂർമുപ്പുടയ മടവാർമാരനേ! നീ വിരഞ്ഞു്
എപ്പോളും നിന്നുടമ പെരുകും രായരക്ഷോണിപാലം
കെല്പാൎന്നീടും മഹിതചിറവാവീരനെക്കണ്ടു പോക.        117

കൈതക്കാട്ടേക്കുവലയദൃശാം പാട്ടു കേട്ടങ്ങിരുന്നാൽ
കാലം വൈകും പെരികെ നിരണത്തിന്നു പോകാൻ വഴങ്ങേൻ;
എൻറാൽ പ്പാരിൽ പ്രഥിതചിറവായ്ക്കില്ലമാലന്തുരുത്തി-
ക്കൂടെക്കൂടെക്കഴിക പഴവാറെൻറു ചൊല്ലും ചടങ്ങും.        118

വീടുണ്ടല്ലോ തദനു ഭവതോ മുമ്പിലായാണി പാർമേൽ
മാടമ്പീനാമവിടെ വസതാം ധന്യമാകും നിവാസം
മാടം ചെൻറങ്ങുഡുപതികലാം ചൂടി മാതേവരാവാൻ
തെടിൻേറടം പുനരവിടയും ചെൽക പോരുംദശായാം.        119

മെത്തും മത്തഭ്രമരമുഖരാം മത്തമാർപോർമുലത്തൊ-
ത്തൊത്തിൻേറാമൽക്കളഭകളിയിൽ പ്പൊങ്ങുമംഭോരുഹാഢ്യാം
തത്തിതത്തിച്ചെറുതിരകളിൽച്ചേൎന്ന മുക്താകലാപാം
കൊത്തിക്കൊത്തിക്കുരുക പെരികെച്ചേൎന്ന തീരാഭിരാമാം.        120

പ്രാതർ ഭുക്താ പഴയ തൂവയും കൂട്ടിയപ്പൽ കറുപ്പി-
ച്ചേറ്റം തസ്മിൻ തലമുടിയിലപ്പൂണ്ടനൂലും കളഞ്ഞു്
കെട്ടിച്ചുറ്റി ത്തദനു മറയോരൂക്കു് വാളും വിറപ്പി-
ച്ചേണ്ഡന്മാരെത്തരുണി ചിറമേൽ കാണിലാം പോരുമാറു്. [1]

പിന്നെപ്പിന്നിട്ടമലസലിലം താം നദീം പാടമേ പോയ്
കന്നകണ്ണാർ കുസുമശര! നീ വല്ലവാഴ്ക്കങ്ങു ചെൻറു്
ഉന്നിദ്രാണപ്രസവവിസരൽ കേസരോദ്യാനവാതൈ-
രുന്നിക്കാമം മതിലകമകം പൂക ഭൂപാലമൗലേ!        121

പൊൽപ്പൂമാതിൻ കുളിരിള മുലത്തൊത്തിൽ മെത്തിൻറ കോലം
കർപ്പൂരാപൂരിത മലയജം ചാൎത്തുമാനന്ദമൂൎത്തിം
തൃപ്പാപ്പൂർവാണമൃതകരനേ! വല്ലവാഴ്ക്കോയിൽകൊള്ളി-
ൻറപ്പൻതന്നെത്തൊഴുക മഴ കോലിൻറ നീലാംബുദാഭം.        122

അപ്പോഴ് നിന്നെത്തെളിവിലിളമൺ മിക്ക മേച്ചേരി മറ്റും
തസ്മിൻ മേവും പെരിയ മറയോർ വന്നു താന്താൻ മുതിൎന്നു്
ഉദ്യൽ ക്കോലാഹലമുപചരിക്കിൻറ സത്രം പൊറുപ്പാ-
നച്ചച്ചോ, ചോല്ലരുതു വഴുതിക്കൊൾക നീ കൗശലേന.        123

കുമ്പിട്ടൻപിൽ ത്തദനു വിനതാനന്ദനം തണ്ടിലേറി-
ച്ചെമ്പൊൽക്കാളം തെളുതെളെ മുതിൎന്നംബരമ്മേൽ മുഴങ്ങ
വമ്പുറ്റീടും കുട തഴ ചുഴൻറങ്ങു നേരേ നടന്നാൽ
മുൻപിൽക്കാണാം പഥി കരിയനാടെന്നു പേരായ കാവു്.        124

ചൂഴം വില്ക്കും വിവിധവിഭവം നോക്കിനാലുച്ചയോളം
കോഴിക്കോടും പുനരതിനെടോ! കോല്ലവും തുല്യമല്ല
ആഴിപ്പെണ്ണും നിഖിലജനവും വൈകിനാൽ വാങ്ങുമസ്മിൻ
കോഴിക്കൂടും ചെറിയ കുറുമാർ പോലുമില്ലങ്ങു പിന്നെ.        125

മുത്തൂറ്റം ചേൎന്നണിമുല പിരിഞ്ഞുള്ള മാരാതിരേകം
മുത്തൂറ്റിൻറൂ മമ പുനരതങ്ങുണ്ണുനീലിക്കു ചൊൽവാൻ
മുത്തൂറ്റിൽച്ചെന്നിനിയ ചിറയും പിന്നിലിട്ടേച്ചു ഗംഗാ-
മുത്തീൎയ്യ ത്വം വിരവൊടു സഖേ നാലുകോടിക്കു ചെല്ക.        126

മുക്കാലും ചെൻറിമയവർ തൊഴും തൃക്കൊടിത്താനമണ്പി-
ൻറാക്കൎവണ്ണൻ ചരണയുഗളം കൂപ്പി നേരേ നടന്നാൽ
തെക്കിൻകൂറങ്ങതു കഴിവൊളം കാടിടത്തും വലത്തും
മിക്കേടത്തും പുനരവിടമോ ഞാനുണൎത്തിൻറിതില്ല.        127

അഗ്രേ കാണാം തദനു മണികണ്ഠാഖ്യപൂർവം പുരം തേ
തെക്കിൻകൂറ്റിന്നൊരു മണിവരം തത്ര മേവും മുരാരിം
ഭക്ത്യാ നീ ചെൻറഴകൊടു തോഴുന്നേരമീശാനകോണേ
നിൽക്കിൽ കേൾക്കാം പഥികനിവഹം നിൻറഴക്കിൻറവാറു്.        128

ചൎച്ചിച്ചാലും ചരണമതെനിക്കുണ്ടതില്ലെൻറുമസ്മി-
ന്നിട്ടേടം ചൊല്ലവിടമരുതെൻറമ്മയെക്കേട്ടൂകൊൾക
ഇട്ടുണ്മെൻ ഞാൻ തുളുവനൊരുവൻ പേർ പകൎന്നേടമെങ്ങൂ
സാദ്ധ്യക്കാരൻ പറയനവിധാ കാലെടുക്കട്ടെ പാഴാ.        129

എൻെറല്ലാം കേട്ടവിടെയുളനാമാകിൽ നീ ബിംബലീശം
വെൻറിക്കുൻറിന്നൊരു തിലകമാം വീൎയ്യവൎമ്മാഭിധാനം
കണ്ടിട്ടേറ്റം വിരവിൽ മരുവാർകാലനേ! വൈകിയാതേ
ചെഞ്ചെമ്മേ പോയ് മഹിതതിരുവഞ്ചപ്പുഴയ്ക്കങ്ങു ചെൽക.        130

വിപ്രേന്ദ്രാണാമഭിജനവതാം വാസസങ്കേതസീമാം
ഏനാം ജാനുദ്വയസമധുര സ്വച്ഛ നീരാഭിരാമാം
ച്ഛത്രശ്രേണീവിരചിതനടപ്പന്തലൂടേ കടന്നേ
തത്രത്യാനാം വിവിധമവിധാനാദവും കേട്ടുകേട്ടു്.        131

  1. ഉണ്ണുനീലി സന്ദേശത്തിന്റെ ചില പാഠഭേദങ്ങളിൽ മാത്രം കാണപ്പെടുന്നു