ഈസോപ്പ് കഥകൾ/തേൻകുടവും ഈച്ചകളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
തേൻകുടവും ഈച്ചകളും

ഒരു കുടത്തിൽ ഉണ്ടായിരുന്ന തേൻ തുളുമ്പി കുടത്തിന്റെ ചുവട്ടിൽ വീണു കിടന്നു. ഇതു കണ്ട ഒരു പറ്റം ഈച്ചകൾ അതിൽ തേനിൽ ചെന്നിരുന്നു ആർത്തിയോടെ കുടിക്കാൻ തുടങ്ങി. താമസിയാതെ ഈച്ചകളുടെ കാലുകൾ തേൻ കൊണ്ടു പൊതിയപ്പെട്ടു. തേനിൽ പൂണ്ടുപോയ കാലുകൾ വലിച്ചെടുക്കാനോ, പറന്നു പോകാനോ സാധിക്കാതെ ആ ഈച്ചകൾ തേനിൽ തന്നെ ശ്വാസം മുട്ടി ചത്തു. ജീവൻ പോയ്കൊണ്ടിരുന്നപ്പോൾ അവ വിലപിച്ചു. "ഞങ്ങൾ എത്ര വിഡ്ഢികൾ. അല്പനേരത്തെ ആനന്ദത്തിനു പിന്നാലെ പോയതാണ് ഞങ്ങളുടെ നാശത്തിനു വഴിവെച്ചത്."

ഗുണപാഠം: അമിതമായാൽ അമൃതും വിഷം.