Jump to content

ആരാധകൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആരാധകൻ (ഖണ്ഡകാവ്യം)

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള (1935)

       ഒന്ന്

വിജയനും സോമനും യൌവനത്തിൽ
വികസിതകാന്തിയണിഞ്ഞിരുന്നു.
ഒരു ഞെട്ടിലങ്കുരിച്ചാത്തശോഭം
വിലസിടും രണ്ടോമൽപ്പൂക്കൾപോലെ,
അവരിരുപേരുമൊരാലയത്തി-
ലവിരളാനന്ദം സമുല്ലസിച്ചു.
അപരിചിതന്മാരവരെയേവ-
മൊരുമിച്ചടുപ്പിച്ച സുപ്രഭാതം,
അതിദൂരമെത്തിക്കഴിഞ്ഞു, വെന്നാ-
ലവരിന്നുമാബദ്ധരാണു തമ്മിൽ

പരമാർത്ഥസ്നേഹമിപ്പാരിലെങ്ങും
പരമസുദുർല്ലഭമായിരിക്കാം;
ശരി, യെന്നാലായതിൻ ലാളനങ്ങ-
ളനുഭവിപ്പോരെത്ര ഭാഗ്യവാന്മാർ!
ഹൃദയങ്ങൾതമ്മിൽപ്പുണർന്നിടുമ്പോ-
ളുദിതമാം വിദ്യുത്പ്രവാഹമലേ,
ക്ഷണികമാമീ ലോകജീവിതാങ്കം
കനകാഭമാക്കുന്നൊരിന്ദ്രജാലം?
ഭുവനസൌഭാഗ്യങ്ങളാകമാന-
മതിൽനിന്നുതിരുന്ന രശ്മിമാത്രം!

വിജയനു സോമനും, സോമനേവം
വിജയനും പ്രാണനായ്‌ത്തീർന്നുപോയി;
മരണത്തിനെക്കൊണ്ടുമവുകില്ലൊ-
ന്നവരെയന്യോന്യമകറ്റിമാറ്റാൻ.
മദനമനോഹരമംഗളാംഗൻ
വിജയകുമാരൻ വിമലശീലൻ.
പലപല കായികമത്സരത്തിൽ
പരമവിചക്ഷണനാർദ്രചിത്തൻ,
സരസഗുണാങ്കിതൻ സോമനാഥൻ
സുവിദിതനാമൊരു ചിത്രകാരൻ.

ഒരു നിമിഷത്തെ വിരഹംപോലും
യുഗശതമാക്കുന്നൊരാത്മബന്ധം
ഹൃദയതന്തുക്കളെക്കോർത്തുകെട്ടി
ക്ഷിതിയിലവർക്കൊരു നാമമേകി.
വിജയൻ വിജയനെവിസ്മരിച്ചു
വിബുധനാം സോമനിൽച്ചേർന്നലിഞ്ഞു.
അതുവിധം സോമനും സോമനേയു-
മവഗണിച്ചാത്മസുഹൃത്തിലാണ്ടു.
അഴലെന്നതെന്തെന്നറിഞ്ഞിടാത-
ന്നവരത്ര സംതൃപ്തരായ് സുഖിച്ചു.

അനുദിനമന്തിമസന്ധ്യയിങ്ക-
ലയൽനാട്ടിലുള്ള നദീതടത്തിൽ
പ്രകൃതിസൌന്ദര്യം സമാസ്വദിക്കാ-
നവരിരുപേരും സവാരിപോകും.
ഒരു സുന്ദരാശയം മാത്രമേന്തും
സരളമാം രണ്ടീരടികൾപോലെ,
ഒരു ദിവ്യചേതസ്സെഴുന്നതാം ര-
ണ്ടുടലുകളായവരുല്ലസിച്ചു.
അവനിയിൽ സ്വർഗ്ഗവിശുദ്ധി ചേർക്കു-
മവരോർക്കി, ലുത്ഭിന്നഭാഗധേയർ!

പതിവുപോലന്നും ദിനാന്തരംഗം
പരിണിതകാന്തിയണിഞ്ഞു മിന്നി.
പലപല പുഷ്പങ്ങൾ തിങ്ങിനിൽക്കും
പനിമലർത്തോപ്പിൻ പകർപ്പുപോലെ;
കമിതാവെക്കാണുന്ന കാമിനിതൻ
കവിളിണക്കൂമ്പിൻ തുടുപ്പുപോലെ;
സുലളിതവാർമണിമേഘജാലം
വിലസിയാ വാരുണദിക്കിലെല്ലാം.
ചിരിയടക്കിക്കൊണ്ടവയ്ക്കിടയിൽ
ചിലവെള്ളിനക്ഷത്രമെത്തിനോക്കി.

വിജയനും സോമനും വീതതാപം
വിഹരിച്ചിരുന്നു നദീതടത്തിൽ.
അകലെത്തിളങ്ങുന്ന ചക്രവാള-
മതിലംഘിച്ചീടും തൻ ഭാവനയിൽ
അഴകിൻതിരകളിലങ്ങുമിങ്ങു-
മൊഴുകിനാനായുവചിത്രകാരൻ.
പ്രകൃതിയവനെയണച്ചുപുൽകി
പ്രകൃതിയവനിലലിഞ്ഞൊഴുകി,
സിരകളുണർന്നവനപ്പൊഴേതോ
സുരതരുച്ഛായയിൽച്ചെന്നുപറ്റി.

അവികലാശ്ചര്യത്തിനാസ്പദമാ-
യവരൊരു സൌന്ദര്യം കാണ്മു മുന്നിൽ;
അരയൊടടുക്കിപ്പിടിച്ചിരുന്ന
ജലഘടഭാരത്താൽച്ചെറ്റു ചാഞ്ഞും;
കുറുമൊഴിമുല്ലപ്പൂമാല ചൂടി-
ച്ചുരുൾമുടി പിന്നിലഴിഞ്ഞുലഞ്ഞും;
നറുവണ്ണിലാവിൻ വിലാസലേശ-
മരുണാധരത്തിൽ പൊടിഞ്ഞുതിർന്നും;
അതിലൂടണയുന്നു മന്ദമന്ദം
കുളിരണിയുന്നൊരു ദീപനാളം!

നവയൌവനാശ്ലേഷിതാംഗിയാകു-
മവളൊരു സംഗീതമായിരുന്നു.
ഉലകിലുടലെടുത്തുല്ലസിക്കു-
മൊരു മുരളീഗാനമായിരുന്നു! ...
അവളപാംഗത്താലുഴിഞ്ഞെറിഞ്ഞോ-
രനഘവിദ്യുല്ലതാബീജലേശം,
അവരിലിന്നാരുടെ മാനസത്തി-
ലധികാരപൂർവ്വം പടർന്നതാവോ!
ഭുവനമറിഞ്ഞില്ലുടനെ രണ്ടു
യുവഹൃദയങ്ങൾ തുടിച്ച കാര്യം!

കനകാംഗി പോയി;-മറഞ്ഞു സൂര്യൻ
കമനീയസന്ധ്യ മയങ്ങിമങ്ങി,
കുളിർവെണ്ണിലാവെങ്ങും വാരിവീശി-
ശ്ശിശിരാംശുലേഖ കിളർന്നു പൊങ്ങി.
മലയമന്ദാനിലനേറ്റു മന്ദം
മലരണിവല്ലികൾ നൃത്തമാടി.
അരുവിയും, തീരവും, മൺകുടവു-
മതു വഹിച്ചെത്തിയ പൊൻകിനാവും!-

വിവിധവിചാരതരളിതരായ്
വിജയനും സോമനും പിന്മടങ്ങി!

      രണ്ട്

വേനലും മഞ്ഞും മഴയുമായി-
ക്കാലം പതുക്കെക്കടന്നുപോയി.
ആയിരം മൊട്ടുകൾ പൂക്കളായി;
ആയിരം പൂക്കളടർന്നുപോയി.
ഏതെല്ലാം മാറ്റങ്ങളേശിയാലും
ലോകത്തിനെല്ലാം വെറും വിനോദം!
എന്നാൽ, വിജയനും സോമനുമായ്
നിന്നിടും ബന്ധത്തിനില്ല ഭേദം.
പണ്ടു കഴിഞ്ഞ തരത്തിലിന്നു-
മിണ്ടലകന്നവർ ലാലസിപ്പൂ!

മുൻപൊരു സന്ധ്യയിൽനമ്മൾ കണ്ട
ചമ്പകമേനിയാമോമലാളും
ഈ രണ്ടു ജീവസഖാക്കളുമാ-
യോരോദിവസവും കണ്ടുമുട്ടി.
ചേലിലൽപാൽപമായ് തമ്മിലന്നാ-
ളേറിത്തുടങ്ങി പരിചയവും.
അത്തടിനീതടമായവർതൻ
നിത്യസന്ദർശനരംഗമായി.
നിർമ്മലസ്നേഹം തുളുമ്പുമോരോ
നർമ്മസല്ലാപസങ്കേതമായി.

സാമോദമേകശിലാതലത്തിൽ
സോമനും തോഴനും ചേർന്നിരിക്കും.
മുൻപിലായ് പൂത്തോരു രാജമല്ലി-
ക്കൊമ്പുചേർന്നോമലാൾ ചാഞ്ഞുനിൽക്കും.
വാരുണാങ്കത്തിലണഞ്ഞ സൂര്യൻ
വാരൊളിയങ്ങെങ്ങും വാരിവീശും.
അത്യന്തവാചാലനാം വിജയൻ
നിർത്തിടാതോരോ വിശേഷമോതും.
പൊന്മണിനാദംപോലപ്പൊഴപ്പോൾ
പെണ്മണി പൊട്ടിച്ചിരിച്ചുപോകും!

മിത്രത്തെപ്പോലെ, യസ്സാധു സോമ-
നത്ര വാചാലനല്ലായിരുന്നു.
ഗൌനിക്കുമെങ്കിലും മിക്കവാറും
മൌനിയായ്ത്തന്നെ കഴിച്ചിരുന്നു.
വല്ലതുമൽപമൊന്നോതിയാലും
തെല്ലതിൽ നാണം പൊടിച്ചിരുന്നു!
പാറപ്പടർപ്പിൽപ്പുളഞ്ഞൊഴുകും
നീരോട്ടമാണാ വിജയനെങ്കിൽ,
സോമനോ നൽത്തെളിനീർ തുളുമ്പും
താമരപ്പൂമ്പൊയ്കയായിരുന്നു!

ഓരോദിനങ്ങൾ കഴിഞ്ഞുപോന്നു;
പ്രേമം പതുക്കെപ്പൊടിച്ചുവന്നു.
ഉല്ലാസലോലൻ വിജയനെന്നും
സല്ലാപവീചിയിൽത്താണുമുങ്ങി.
മാലെഴാതാ മനമെപ്പൊഴുതും
മാലതീമന്ത്രമുരുക്കഴിക്കെ,
സോമഹൃദന്തരമെന്തുകൊണ്ടോ
ദീനമായ്ത്തേങ്ങിക്കരഞ്ഞതാവോ!
ആ മുഖത്തെന്തൊരു മന്ദഹാസം!
ആ മനസ്സിങ്കലൊരഗ്നികുണ്ഡം! ...

മാലതി, നീയൊരു മാനസത്തിൽ
മാലിൻദുരന്തമാം വിത്തുപാകി.
ആ രണ്ടു കൽപകശാഖികളും
ഹാ, നിന്നെത്തന്നെ ഭജിക്കയല്ലേ?
ഹന്ത, യവനിയിലിന്നൊന്നിൽമാത്ര-
മെന്തിനുപിന്നെ നീ ചേർന്നു പറ്റി?
ആടലിൽനിന്നുമുയർന്നുതിരും
ചൂടിലത്തൈമരം വാടിയാലോ?
എത്രവസന്തം കഴിഞ്ഞു വേണ-
മക്കലാസൌരഭം പൂർണ്ണമാവാൻ!

വാർമുറ്റുമക്കലാകല്പവൃക്ഷം
വാടിയാൽ ലോകത്തിനെന്തുചേതം?
ആവുംവിധത്തിലതിങ്കൽനിന്നും
നേടേണ്ടതൊക്കെയും നേടിയല്ലോ?
അച്ചെറുതൂലിക കാഴ്ചവെച്ച
ചിത്രങ്ങൾ, ജീവരക്താങ്കിതങ്ങൾ.
രാഗാർദ്രമാമൊരു മാനസത്തിൻ-
ശോകപ്രകടനമായിരുന്നു!-
ഉദ്വേഗങ്ങളുതിർക്കുമോരോ
വിദ്യുല്ലതികകളായിരുന്നു!-

മാലതീചിത്രം രചിക്കുവാന-
ത്തൂലികയൊന്നു പിടഞ്ഞുണർന്നു.
അന്തരീക്ഷത്തിലവിടെയെല്ലാം
സൌന്ദര്യസാരം തിരയടിച്ചു.
നിശ്ശബ്ദസങ്കടംകൊണ്ടൊരോമൽ-
സ്വപ്നപശ്ചാത്തലം സജ്ജമായി
നാനാവികാരങ്ങൾ വെമ്പിയെത്തി-
ച്ചായങ്ങൾ ചാലിച്ചു പിന്മടങ്ങി.
പ്രേമസങ്കോചം വിലക്കിയാലും
ഭാവന പക്ഷപുടം വിടുർത്തി.

ജീവിതലോലധവളപത്രം
സാവധാനത്തിൽ നിവർത്തിനോക്കി
മാലതീചിത്രരചനയിങ്കൽ
സോമഹൃദയം വിരണ്ടു മണ്ടി.
യൌവനസ്വപ്നങ്ങൾ മാറിമാറി-
സ്സൌവർണ്ണവർണ്ണങ്ങൾ വീശിവീശി,
നാലഞ്ചുനാളുകൾക്കുള്ളിലേതോ
നാകാംഗനാചിത്രം ജാതമായി!-
ശോകാർദ്രരായതിൽസാക്ഷിനിന്നോ-
രേകാന്തമാത്രകൾ ധന്യരായി!

ഒന്നതിൻ നെറ്റിയിലുമ്മവെയ്ക്കാ-
നുന്നി, മുന്നോട്ടു തെല്ലാഞ്ഞു സോമൻ.
എന്നാലും, പെട്ടെന്നു ഞെട്ടിമാറി-
ദ്ധന്യനപ്പൂരുഷൻ പിന്മടങ്ങി.
ആ ദിവ്യസ്നേഹത്തിൻസന്നിധിയിൽ-
ത്താനത്രനീചനായ് മാറുകെന്നോ!-
ആത്മപുഷ്പത്താൽത്താനാചരിക്കു-
മാരാധനകൾ ദുഷിക്കുകെന്നോ!-
വെൽക നീ, നിർമ്മലസൌഹൃദമേ!
വെൽക നീ, നിർവ്വാണകന്ദളമേ!

      മൂന്ന്

നിതകൌതുകം സംഭവസഞ്ചയം
ജയപതാക പറപ്പിച്ചു പോകവേ;
ചകിതചിത്തങ്ങൾ തേങ്ങിക്കരകിലും
നിയതി നോക്കിച്ചിരിക്കയാണദ്ഭുതം.
പിടയുകയാണു പിന്നെയും പിന്നെയും
കൊടുനിരാശയിൽ ജീവിതമെന്തിനോ!
ക്ഷണികഭാഗ്യങ്ങൾ പിന്നിട്ടറുതിയിൽ
പ്രണയമയ്യോ, കരയുന്നു ദീനമായ്!
ഇവിടെയെന്തിനീയാദർശകാഹളം;
ഇവിടെയെന്തിനീമാതൃകാജീവിതം?

വിജയമാലതീരാഗതരംഗിണി-
ക്കൊരുവിളംബവുമേശീലൊരൽപവും.
അതു യഥോചിതം മന്ദയാനം തുട-
ർന്നതുലമോദമവർക്കേകി നിത്യവും.
ഹൃദയവേദന താങ്ങാനശക്തനായ്
പ്രണയചിന്ത മറക്കാനസാധ്യമായ്,
നിപതിതനായി ഹാ, ദീനശയ്യയിൽ
നിഹതനായൊരസ്സോമനും തൽക്ഷണം.
അവനു കേൾക്കായവനിൽ പലപ്പൊഴും
ശിഥിലമാം ചില ചിത്തത്തുടിപ്പുകൾ!

സതതമോരോ പരിചര്യചെയ്തുകൊ-
ണ്ടരികിൽ നിൽക്കും വിജയനെക്കാൺകവേ,
അവനടക്കാൻ കഴിഞ്ഞതില്ലക്ഷിയി-
ലവതരിക്കുന്നൊരശ്രുകണങ്ങളെ!
അവരിരുവരുമൊന്നിച്ചനാൾമുതൽ-
ക്കതുവരെയ്ക്കും കഴിഞ്ഞതഖിലവും,
ചലനചിത്രത്തിലെന്നപോൽ, ക്കാൺകയാ-
യവനനുക്രമം ഭൂതസ്മരണയിൽ.
അവ സമസ്തവും സ്നേഹസാന്ദ്രോജ്ജ്വല-
മനഘമാനന്ദതുന്ദിലം നിർമ്മലം!

അരുതരുതു സഹിക്കുവാൻ സോമന-
സ്മരണയുള്ളിൽക്കൊളുത്തുന്ന സങ്കടം.
അവരിരുവരുമന്യോന്യമോതിടാ-
തവനിയിലില്ലൊരാത്മരഹസ്യവും.
വിജയനെപ്പോഴുമോതുന്നു തന്നൊടാ
വിമലരാഗവിശേഷങ്ങളൊക്കെയും.
അവനറിവീല, താനുമത്തന്വിയി-
ലഭിനിഷ്ടനാണെന്നുള്ള വാസ്തവം!-
ചുടുചിതയിൽ, പ്രപഞ്ചമറിഞ്ഞിടാ-
തടിയണം, ഹന്ത സോമരാഗാങ്കുരം!

വിജനതയിൽ, വിറയ്ക്കും കരങ്ങളിൽ
ഹൃദയനാഥതൻ ചിത്രവുമായവൻ,
തരളചിത്തം തകർന്നു, കണ്ണീരിനാൽ-
ത്തലയണയും നനച്ചുകൊണ്ടങ്ങനെ
ശിലയുമേതാണ്ടലിഞ്ഞുപോകുംവിധം
ചലനമറ്റുകിടക്കും പലപ്പൊഴും.
പ്രണയസാരപരിമളം വീശിടു-
മൊരു സനാതനസങ്കൽപനന്ദനം
അവനൊരുക്കിക്കൊടുക്കുമിടയ്ക്കിട-
യ്ക്കമലമാമൊരു പുഷ്പശയ്യാതലം!

പരിചിലേറെനാളാശിച്ചിരുന്ന, തൻ-
പരിണയോത്സവമാസന്നമാകയായ്!
വിവിധലോലവികാരതരംഗിത-
വിധുരമായി വുജയഹൃദന്തരം.
കുസുമകാലമായ്, മൊട്ടിട്ടു മുല്ലകൾ
കുളിരിളംതെന്നൽ വീശിയെല്ലാടവും,
മൃദുഹിരണ്മയധൂളികാപാളി ചേർ-
ന്നതിമനോജ്ഞം തെളിഞ്ഞിതഷ്ടാശകൾ!-
എവിടെയും കേൾപ്പതാനന്ദമർമ്മരം
എവിടെയാണിനി ദുസ്സഹഗദ്ഗദം?

ഒരു മയക്കത്തിൽനിന്നും പൊടുന്നനെ-
ക്കരളു ഞെട്ടിപ്പിടഞ്ഞുണർന്നേൽക്കവേ.
അരികിലായ്ക്കണ്ടു സോമൻ വിജയനൊ-
ത്തവിടെ നിൽക്കുന്ന മാലതീദേവിയെ!
ഞൊടിയിലായിരം മിന്നാൽപ്പിണരുക-
ളിടറി, വീങ്ങിത്തുടിക്കും മനസ്സുമായ്,
മറവി മായ്ക്കിലും മായാത്തമാതിരി-
ക്കവനവരെയൊന്നുറ്റുനോക്കീടിനാൻ.
മിഴിയിണയിൽ നിറഞ്ഞു, കവിളിലൂ-
ടൊഴുകി ധാരയായ് ക്കണ്ണീർക്കണികകൾ!

അരുതു കാണാ, നിതെന്തൊരു സംഭവം?
ക്ഷണികലോകമേ, നീയെത്ര നിഷ്ഠുരം!
പ്രളയ, മെങ്ങാ പ്രളയം?-അതിനക-
ത്തവനി താണിടാനെന്തിനിത്താമസം?
മരുമരീചികൾ!-ദാഹങ്ങൾ!-ചൂടുകൾ!-
എരിപൊരിക്കൊണ്ടിടും കൊടും തൃഷ്ണകൾ!-
അനുനിമേഷമെരിഞ്ഞു പടർന്നടർ-
ന്നലറിയേറുന്ന തീപ്പൊരിക്കാടുകൾ!-
ഇവിടമല്ലേ സുഖം?-കനൽക്കട്ടയാ-
മിവിടമല്ലേ കുസുമശയ്യാതലം? ...

മതി ജഗത്തേ, മതി നിൻ പരിഭവം;
മതി തെളിഞ്ഞിനി മന്ദഹസിക്ക നീ!
അവിടെനിന്നിതാ കേൾപ്പിതവ്യക്തമാ-
യിളകീടും ചില മാരണമർമ്മരം!-
"വിവശിതാത്മനായ്, വിശ്വം വെടിഞ്ഞിതാ
വിജയ, സോദര, പോവുകയായി ഞാൻ!
ഇവനെ നിങ്ങൾ മറക്കിലു, മെന്റെയി-
ച്ചപലചിത്രം വെടിയായ്കൊരിക്കലും!
ഒരു സുനിർമ്മലസ്നേഹാർദ്രമാനസ-
സ്മരണയായിതു കാത്തുകൊള്ളേണമേ!"

വിജയമാലതീപാദപങ്കേരുഹ-
യുഗളചുംബിയായക്കലാപാടവം!
വിവരമില്ലാത്തൊരോമനപ്പൈതൽപോൽ
വിജയനക്ഷണം വാവിട്ടുകേണുപോയ്!
അതിദയനീയശോകാദ്ഭുതങ്ങളാ-
ലകമഴിഞ്ഞുടൻ മാഴ്കിനാൾ മാലതി.
..........................
..........................

മഹിതകാന്തി പൊലിഞ്ഞു!- കൊടുമിരുൾ
മരണവസ്ത്രം വിരിച്ചിതെല്ലാടവും!
തരുശിഖരിയിൽത്താന്തസ്വരങ്ങളിൽ-
ച്ചിറകടിച്ചു കരകയായ് മൂങ്ങകൾ! ...

-ഡിസംബർ 1934.

"https://ml.wikisource.org/w/index.php?title=ആരാധകൻ&oldid=39736" എന്ന താളിൽനിന്ന് ശേഖരിച്ചത്