അസ്ഥിയുടെ പൂക്കൾ/അസ്ഥിയുടെ പൂക്കൾ
അസ്ഥിയുടെ പൂക്കൾ
അസ്ഥികൾ പൂത്തു, ചിറകടിച്ചുജ്ജ്വല-
ചിത്രശലഭങ്ങളാർത്തണഞ്ഞു.
ആമോദസാന്ദ്രമായുല്ലസിച്ചീടിനോ-
രാമരന്ദം നുകർന്നാത്തമോദം
ചുറ്റിപ്പറന്നവ ചോദിച്ചിതീവിധം
"തെറ്റിന്റെ തേനും മധുരമാണോ?"
കണ്ണീരിൻ പര്യായമായൊരക്കല്ലറ
കന്നിനിലാവിൽ കുളിച്ചുനിന്നു.
സ്വച്ഛന്ദനിദ്രയിൽ മാറോടുമാർചേർന്ന-
ന്നച്ഛനുമമ്മയുമുല്ലസിക്കേ!
സ്വപ്നസമൃദ്ധിയാൽക്കൊച്ചനുജന്മാരെ
സ്വർഗ്ഗം യഥേഷ്ടമായ് സത്കരിക്കേ,
ഒച്ചകേൾപ്പിക്കാതെ വാതിൽ പയ്യെത്തുറ-
ന്നുച്ചലസ്പന്ദിതഹൃത്തുമായി
ഹർഷഭരിതയായ്, മന്ദാക്ഷലോലയ-
ക്കർഷകകന്യ പുറത്തുവന്നു.
കായ്കനിത്തോപ്പിലത്തേന്മാവിൻചോട്ടിലാ-
ക്കാമുകകാമനൊളിച്ചുനിന്നു.
തോളോടുതോൾചേർന്നു നീങ്ങുകയായ് രണ്ടു
നീലനിഴലുകൾ പൂനിലാവിൽ!
അക്കല്ലറതൻ ചവിട്ടുപടിയിലാ
സ്വർഗ്ഗീയജീവികൾ ചെന്നിരുന്നു.
പുൽക്കൂമ്പൊളിപ്പട്ടുജമ്പറിനുള്ളിലാ-
പ്പൊൽക്കുടം വിപ്ലവപ്പെട്ടുനിൽക്കേ,
കോമളകാമുകഹസ്താർപ്പിതങ്ങളാം
കോരിത്തരിപ്പിന്റെ സാന്ത്വനങ്ങൾ,
ചൂടി, യവയ്ക്കു വികസിക്കുവാൻവേണ്ട
ചൂടും വെളിച്ചവും സംഭരിക്കേ,
അസ്ഥികൾ പൂത്തോരസ്സൌരഭധാരയാ-
ലുദ്ദീപ്തയായവൾ കൊഞ്ചിയോതി:
"ഭൂതകാലത്തിൽനിന്നൂറിയെത്തുന്നൊരി-
ച്ചേതോഹരമാം, പരിമളത്തിൽ,
പ്രാണനിലോർത്തിടാതൊട്ടിപ്പിടിക്കുന്ന
രേണുക്കളുണ്ടാവാനെന്തുബന്ധം?"
അമ്മഴവില്ലൊളിപ്പൂങ്കവിള്രണ്ടിലു-
മുമ്മവെച്ചാ യുവാവേവമോതി:
"അസ്ഥികൾ പൂക്കില്ല-പൂക്കുന്നൊരസ്ഥികൾ-
ക്കത്തരമത്ഭുതശക്തികാണും!"
"നമ്മൽതന്നസ്ഥികൾ പൂക്കുമോ?"-സസ്മിതം
നർമ്മസ്വരത്തിൽത്തിരക്കിയോമലാൾ
"നമ്മൾതന്നസ്ഥികൾ പൂത്തതുതന്നെയാ-
ണിമ്മഞ്ജുസൌരഭമോമലാളേ!"