'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/കുടുംബിനിയോ പൗരയോ?

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?
രചന:ജെ. ദേവിക
കുടുംബിനിയോ പൗരയോ?
[ 193 ]


കുടുംബിനിയോ പൗരയോ?


'കേരളമാതൃക'യുടെ ആരാധകർ എത്രതന്നെ പാടിപ്പുകഴ്ത്തിയാലും കേരളത്തിലെ സ്ത്രീകൾക്ക് ഇന്നും പൂർണ്ണപൗരത്വം ലഭിച്ചിട്ടില്ലെന്ന സത്യം നമ്മുടെ മുമ്പിലുണ്ട്. സ്ത്രീകൾക്ക് ഐ.എ.എസ് പരീക്ഷയ്ക്ക് എഴുതാൻ തുല്യാവകാശമുണ്ട്, സ്വാതന്ത്ര്യത്തോടുകൂടി വഴിയേ നടക്കാനവകാശമില്ല എന്ന വിചിത്രമായ അവസ്ഥ കേരളത്തിൽ നിലനിൽക്കുന്നുവെന്നത് 'കേരളമാതൃക'യുടെ വക്താക്കളും മെല്ലെ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. എന്നാൽ ഇന്ന് മലയാളിസ്ത്രീകൾ അനുഭവിക്കുന്ന പരിമിതമായ പൗരാവകാശങ്ങൾപോലും വളരെ ശക്തമായ ആശയസമരങ്ങളിലൂടെയും സഹനങ്ങളിലൂടെയും നേടിയതാണെന്ന വസ്തുത നമുക്ക് അവഗണിക്കാൻ കഴിയാത്ത ഒന്നാണ്. പൗരാവകാശങ്ങൾ ആരും വച്ചുനീട്ടുന്ന സൗജന്യമല്ലെന്ന ബോധത്തെ മുറുകെപ്പിടിച്ചുകൊണ്ട് അവയ്ക്കുവേണ്ടി പോരാടിയ മലയാളിസ്ത്രീപക്ഷത്തിന്റെ ആദ്യതലമുറയുടെ ധൈര്യത്തെ തിരിച്ചറിയേണ്ടതുണ്ട്.


എന്താണീ പൗരത്വം?

പൗരത്വം (citizenship) എന്ന് കേൾക്കുമ്പോൾ നാം സാധാരണ ഓർക്കുന്നത് ഇന്ത്യൻ പൗരത്വം, അമേരിക്കൻ പൗരത്വം എന്നൊക്കെയാണ്. ഇന്ത്യൻ പൗരത്വമുണ്ടെങ്കിലേ ഇന്ത്യയിൽ വോട്ടവകാശം നേടാൻകഴിയൂ എന്നും നമുക്കറിയാം. ഏതെങ്കിലും രാജ്യത്ത് ജനിക്കുന്നതിനെയാണോ പൗരത്വമെന്നു പറയുന്നത്? ആയിക്കൊള്ളണമെന്നില്ല. ഇന്ത്യയിൽ ജനിച്ച് വിദേശത്തുപോയി അവിടങ്ങളിലെ [ 194 ] പൗരത്വം സ്വീകരിച്ചുകഴിയുന്ന എത്രയോ ഇന്ത്യക്കാരുണ്ട്!

പിന്നെ നമുക്കറിയാം, പൗരത്വമില്ലാത്തവർക്ക് വോട്ടവകാശമില്ല. പക്ഷേ വോട്ടവകാശംമാത്രമല്ല പൗരത്വം. ഏതെങ്കിലും രാജ്യത്തെ പൗരത്വം നമുക്കുണ്ടെങ്കിൽ ആ രാജ്യത്തെ സർക്കാരിൽനിന്നുള്ള സംരക്ഷണത്തിനു നാം അർഹരാകുന്നു. ജനാധിപത്യരാജ്യമാണെങ്കിൽ സർക്കാരിനെ തെരഞ്ഞെടുക്കാനും അതിൽ പങ്കുചേരാനും അവകാശമുണ്ടാകും. ആ നാട്ടിൽ സ്ഥിരമായി പാർക്കാനും ന്യായമായ ഏതു ജോലിയുംചെയ്ത് ജീവിക്കാനും അവകാശമുണ്ടാകും. അവിടത്തെ പൊതുസൗകര്യങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താനും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളാകാനും അവിടുത്തെ കോടതികളിൽനിന്നും നീതി ലഭിക്കാനും പൂർണ്ണമായ അവകാശമുണ്ടാകും. അതായത് അന്തസ്സോടുകൂടി ജീവിക്കാനുള്ള അവകാശം - പൗരാവകാശം (citizenship rights).

എന്നാൽ ഇന്ത്യൻഭരണഘടന വാഗ്ദാനംചെയ്യുന്ന അന്തസ്സുറ്റ പൗരത്വം എല്ലാ പൗരജനങ്ങൾക്കും ലഭിക്കുന്നുണ്ടോ? ദിവസവും പത്രമെടുത്തു നോക്കിയാൽമതി, എത്രയെത്ര പൗരാവാകാശലംഘനങ്ങളാണ് നാട്ടിൽ നടക്കുന്നത്? സ്ത്രീപുരുഷന്മാർക്ക് തുല്യപൗരത്വമാണ് ഇന്ത്യൻഭരണഘടന വാഗ്ദാനംചെയ്തിട്ടുള്ളത്. എന്നിട്ടോ? കേരളത്തിന്റെ കാര്യംതന്നെയെടുക്കുക. കേരളത്തിലെ പൊതുസ്ഥലങ്ങളിൽ - അതായത് റോഡുകളിൽ, പൊതുപാർക്കുകളിൽ, വായനശാലകളിൽ, ഉത്സവപ്പറമ്പുകളിൽ - സ്ത്രീകൾക്ക് പൂർണ്ണമായ ഇടമുണ്ടോ? ഇല്ലെന്ന സങ്കടകരമായസത്യം നമുക്കേവർക്കുമറിയാം. ഇത് സ്ത്രീകളുടെ പൗരാവകാശലംഘനമാണ്. 'വേണ്ടാത്തിടത്ത്, വേണ്ടാത്ത സമയത്ത് പെണ്ണുങ്ങൾക്ക് പോകാൻ എന്താണിത്ര കൊതി? ആവശ്യമുള്ള സ്ഥലങ്ങളിൽ നല്ലസമയത്ത് പോയാൽപ്പോരേ?'- ചിലരൊക്കെ ചോദിക്കാറുണ്ട്. സ്ത്രീകൾക്ക് ആവശ്യമുണ്ടോ അസമയമാണോ എന്നതൊന്നുമല്ല പ്രശ്നം - ഇതൊന്നും ആണുങ്ങളുടെ കാര്യത്തിൽ ആരും തിരക്കാറില്ലെന്നത് വേറെ കാര്യം. സ്ത്രീകളെ പൗരജനങ്ങളായി അംഗീകരിക്കുന്നുണ്ടോ? ഇല്ലെന്നതാണിവിടെ പ്രശ്നം. പൗരജനങ്ങൾക്ക് അവരുടെ നാട്ടിൽ പൊതുസ്ഥലങ്ങളിൽ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പോകാനുള്ള അവകാശമുണ്ട്. അത് സ്ത്രീകളുടെ കാര്യത്തിൽ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം.

കേരളത്തിൽ ഈ അംഗീകാരം അത്ര കാര്യമായിട്ടൊന്നുമില്ല. എന്നാൽ, പൗരാവകാശങ്ങൾക്കുവേണ്ടി ഇവിടത്തെ സ്ത്രീകൾ ശബ്ദമുയർത്താഞ്ഞിട്ടല്ല കാര്യങ്ങൾ ഈ വിധത്തിലായത്. ഇരുപതാം നൂറ്റാണ്ടിനു മുമ്പുതന്നെ ഈ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇന്ന് കേരളത്തിലെ സ്ത്രീകൾ പുരുഷന്മാർക്കൊപ്പം വിദ്യാഭ്യാസംചെയ്യുന്നു. പലയിടത്തും ജോലിനോക്കുന്നു. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കുറച്ചെങ്കിലും സ്ത്രീകളുണ്ട്. പരിമിതങ്ങളായ ഈ അവകാശങ്ങൾപോലും വെറുതേ കൈയിൽക്കിട്ടിയതല്ല. ഇവയ്ക്കുവേണ്ടി ദീർഘകാലം വാദിച്ച സ്ത്രീകളുടെ ഒരു മുൻതലമുറ നമുക്കുണ്ടായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നടന്ന അവരുടെ പോരാട്ടങ്ങളെക്കുറിച്ചാണ് ഈ അദ്ധ്യായം.

ഇന്നും വ്യത്യസ്തമല്ല
സ്ത്രീകളുടെ പൗരാവകാശങ്ങളുടെ കാര്യത്തിൽ മലയാളികളായ നാം വളരെ മടികാണിക്കുന്നുവെന്നതാണ് ദുഃഖസത്യം. 1999-2000 വർഷങ്ങളിൽ കേരളത്തിൽ കോളിളക്കമുണ്ടാക്കിയ രണ്ടു കേസുകൾ പലരും ഓർക്കുന്നുണ്ടാവും. ഒന്ന്, 2000ത്തിൽ കോഴിക്കോട് സർവ്വകലാശാലയിൽ ജോലിയെടുക്കുന്ന പി.ഇ. ഉഷ തന്നെക്കുറിച്ച് പ്രകാശൻ എന്ന സഹപ്രവർത്തകൻ അപവാദം പ്രചിരിപ്പിക്കുന്നുവെന്നു ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് അധികൃതർക്ക് പരാതി നൽകിയതിനെതിരെ പൊട്ടിപ്പുറപ്പെട്ട കോലാഹലമാണ്. പുരോഗമനകേരളം ഉഷയോടു കാട്ടിയ അനീതിയും അസഹിഷ്ണുതയും ഈ ബഹളത്തിലുടനീളം ദൃശ്യമായിരുന്നു. 1997ലെ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പുവരുത്താൻ അധികൃതർ നിർബന്ധമായും സ്വീകരിക്കേണ്ട നടപടിക്രമത്തിനനുസരിച്ച് തങ്ങൾ പ്രവർത്തിച്ചുവെന്ന് വരുത്തിത്തീർക്കാൻ അധികൃതർ കാട്ടിയ വ്യഗ്രത, ഉഷയെ തേജോവധംചെയ്യാനും ഭീഷണിപ്പെടുത്താനും പുരോഗമനവക്താക്കളും സാംസ്കാരികനായകരും കാട്ടിയ താൽപര്യം. ഇതൊക്കെ മലയാളിസ്ത്രീക്കായി ഇവിടുത്തെ പുരോഗമന-പുരുഷാധികാരം തീർത്തിട്ടുള്ള ലക്ഷ്മണരേഖയെ വെളിച്ചത്താക്കി. രണ്ടാമത്തെ കേസ് ഐ.എ.എസ് ഉദ്യോഗസ്ഥയായ നളിനി നെറ്റൊ, മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർക്കെതിരെ ഉയർത്തിയ പരാതിയാണ്. അദ്ദേഹത്തിൽനിന്ന് ലൈംഗികാതിക്രമമുണ്ടായി എന്നാണ് അവർ പരാതിയുന്നയിച്ചത്. നിയമപ്രകാരം സുപ്രീംകോടതി ഉറപ്പുതരുന്ന സംരക്ഷണം സ്ത്രീക്കു കിട്ടാതിരിക്കാൻ പല തലമൂത്ത രാഷ്ട്രീയക്കാരും കിണഞ്ഞുശ്രമിക്കുന്ന കാഴ്ചയായിരുന്നു അപ്പോഴും. ഇത്തരം ലംഘനങ്ങൾ കീഴാളസ്ത്രീകൾക്കെതിരെയാകുമ്പോൾ പ്രശ്നം കൂടുതൽ ഗുരുകരമാകുന്നുവെന്നും സമീപകാലാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
[ 195 ]
തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിയമസഭകൾ
1888ലാണ് തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിൽ സ്ഥാപിക്കപ്പെട്ടത്. കേവലം ഉപദേശകസ്വഭാവമുണ്ടായിരുന്ന ഈ എട്ടംഗസഭയെ 1913ൽ 13 അംഗങ്ങളുള്ള സഭയാക്കി - എട്ട് ഔദ്യോഗികാംഗങ്ങളും അഞ്ച് അനൗദ്യോഗികാംഗങ്ങളും. 1904ൽ ശ്രീമുലം പ്രജാസഭ ആരംഭിച്ചു. തെരഞ്ഞെടുത്ത അനൗദ്യോഗികാംഗങ്ങൾ മാത്രമുണ്ടായിരുന്ന ഈ സഭ വർഷത്തിലൊരിക്കൽ ദിവാന്റെ അദ്ധ്യക്ഷതയിൽ കൂടി. 1914ൽ നൂറ് അംഗങ്ങളുള്ള സഭയായി ഇതു വികസിക്കപ്പെട്ടു. ഇതിൽ 77 പേർ തെരഞ്ഞെടുക്കപ്പെട്ടവരും 23 പേർ 'ദുർബലവിഭാഗങ്ങളി'ൽനിന്നു നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. ഇതിനുശേഷമുണ്ടായ പരീക്ഷണങ്ങളിലാണ് സ്ത്രീകൾ രംഗപ്രവേശം ചെയ്തത്. കൊച്ചിയിൽ നിയമസഭ ആരംഭിച്ചത് 1925ലാണ്. 45 അംഗങ്ങളുള്ള സഭയിൽ 30 ഔദ്യോഗികാംഗങ്ങളും 15 അനൗദ്യോഗികാംഗങ്ങളുമാണുണ്ടായിരുന്നത്. 1930കളിൽ നിയമസഭയിലെ അംഗത്വം, വോട്ടവകാശം, അധികാരങ്ങൾ മുതലായവയെസ്സംബന്ധിച്ചുള്ള നിരവധി പരിഷ്കാരങ്ങൾ ഈ രണ്ടു നാട്ടുരാജ്യങ്ങളിലും നടപ്പിൽവന്നെങ്കിലും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ഇവിടെ ഉയർന്നുവന്ന പ്രസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താൻ അവയ്ക്കു കഴിഞ്ഞില്ല.
(പി.കെ.കെ മേനോൻ, The History of Freedom Movement in Kerala, വാല്യം 2, തിരുവനന്തപുരം, 1972)പൗരാവകാശങ്ങൾക്കുവേണ്ടി

വോട്ടവകാശത്തിന്റെ കാര്യം ആദ്യമെടുക്കാം. ബ്രിട്ടിഷ് ഇന്ത്യയിലെ സ്ത്രീകൾക്ക് ലഭിക്കും മുമ്പുതന്നെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സ്ത്രീകൾക്ക് അത് ലഭിച്ചുകഴിഞ്ഞിരുന്നു. > കാണുക പുറം 63 < 1919ലെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തിന്റെ ഭാഗമായി നിശ്ചിത കരം സർക്കാരിലേക്കടയ്ക്കുന്ന സ്ത്രീ പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചു. കൂടാതെ ഇവിടങ്ങളിലെ ജനപ്രതിനിധി സഭകളിൽ അംഗങ്ങളായിരിക്കാനുള്ള അവകാശം 1922ൽ സ്ത്രീകൾക്ക് ലഭിച്ചു.

തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചുകൊണ്ട് അവരെ പ്രതിനിധീകരിക്കാൻ ചില പ്രമുഖവനിതകളെ നാമനിർദ്ദേശംചെയ്യുന്ന രീതി നിലവിൽ വന്നു. തിരുവിതാംകൂറിലെ നിയമസഭാകൗൺസിലർ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. മേരി പുന്നൻ ലൂക്കോസ് 1924ൽ നിയമിതയായി. ഇതേവർഷംതന്നെ കൊച്ചിയിൽ തോട്ടയ്ക്കാട്ട് മാധവിയമ്മ നിയമനിർമ്മാണ കൗൺസിൽ അംഗമായി. പിന്നീട് 1928ൽ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിലേക്ക് എലിസബത്ത് കുരുവിള നിയമിതയായി. തുടർന്നുള്ള വർഷങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിയമസഭയിൽ ശബ്ദമുയർത്തിയ നിരവധി സ്ത്രീകളുണ്ടായിരുന്നു - ടി.നാരായണിയമ്മ, ഗൗരി പവിത്രൻ, അന്നാചാണ്ടി, കെ. ദേവകി അന്തർജനം, തങ്കമ്മ മേനോൻ മുതലായവർ.

മറ്റു പ്രദേശങ്ങളെയപേക്ഷിച്ച് ഇവിടത്തെ സ്ത്രീകൾക്ക് കഴിവും വിദ്യാഭ്യാസവും അധികമാണെന്നും അവർ സ്വതന്ത്രരാണെന്നുംമറ്റും അന്നത്തെ തിരുവിതാംകൂറിലെ ഭരണാധികാരികൾ വീമ്പിളക്കിയിരുന്നു. മരുമക്കത്തായസ്ത്രീകൾ അനുഭവിച്ചിരുന്ന സ്വത്തവകാശത്തെയാണ് ഇവർ ഇങ്ങനെ ഊതിപ്പെരുപ്പിച്ചത്. പക്ഷേ, ഇവിടത്തെ വിവിധവിഭാഗക്കാരായ സ്ത്രീകളുടെനില പലവിധമായിരുന്നു. നമ്പൂതിരിസമുദായത്തിലെ സ്ത്രീകൾക്കും ക്രിസ്ത്യൻസ്ത്രീകൾക്കുംമറ്റും സ്വത്തവകാശം വളരെ കമ്മിയായിരുന്നെന്നുവേണം പറയാൻ. 1916ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശനിയമം സുറിയാനിക്രിസ്ത്യാനിസ്ത്രീകളുടെ സ്വത്തവകാശത്തിന് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. 5000 രൂപയ്ക്കപ്പുറം കുടുംബസ്വത്തിൽ സ്ത്രീക്ക് അവകാശമില്ലെന്നുവന്നു - അതിനുമീതെ കിട്ടുന്നതു മുഴുവൻ അപ്പന്റെയും ആങ്ങളമാരുടെയും ഔദാര്യം! 1980കളിൽ മേരി റോയിയും മറ്റുചില ധീരവനിതകളും ചേർന്നാണ് ഈ കടുത്ത അനീതിക്ക് പരിഹാരംകണ്ടത്.

മലയാളസ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു വീമ്പുപറഞ്ഞവർ മറച്ചുപിടിച്ച ഏറ്റവും പ്രധാനപ്പെട്ടകാര്യം മറ്റൊന്നായിരുന്നു. കഠിനമായ ജാതി മാമൂലുകൾ നിലനിന്നിരുന്ന കേരളത്തിൽ കീഴ്ജാതിക്കാർ വമ്പിച്ച പൗരാവകാശനിഷേധത്തെയാണ് നേരിടേണ്ടിവന്നത്. സ്വതന്ത്രമായി പൊതുവഴികളിലൂടെ സഞ്ചരിക്കാനോ അന്തസ്സായി വസ്ത്രംധരിക്കാനോ നല്ല വീടുകളിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാനോ കീഴാളരിലെ സ്ത്രീക്കോ പുരുഷനോ അവകാശമില്ലായിരുന്നു. ഈ അവകാശനിഷേധത്തിന്റെ - ജാതിമാമൂലിന്റെ - കാവൽക്കാരായിരുന്നു ഇവിടുത്തെ രാജാക്കന്മാരും ഭരണാധികാരികളും എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ കീഴാളജനങ്ങൾ ഇതിനെതിരെ സംഘടിച്ചുതുടങ്ങി. മിഷണറിമാരുടെ മേൽക്കൈയോടെ നടന്ന മാറുമറയ്ക്കൽ കലാപത്തെപ്പറ്റി [ 196 ] പറഞ്ഞുവല്ലോ. തുടർന്നുള്ള കാലത്തും ജാതിയുടെ ചിഹ്നങ്ങളായ വസ്ത്രങ്ങളും ആഭരണങ്ങളും ഉപേക്ഷിക്കാനും അന്തസ്സുള്ള വസ്ത്രംധരിക്കാനും കീഴ്ജാതിനേതാക്കന്മാർ ആഹ്വാനംചെയ്തു. ഇത്തരം അവശതകൾ നാട്ടിലെ ബഹുഭൂരിപക്ഷം സ്ത്രീകളും അനുഭവിക്കവെ, ചില വിഭാഗക്കാർമാത്രം അനുഭവിച്ചിരുന്ന പരിമിതസ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടി പൊള്ളയായ അവകാശവാദങ്ങൾ അവതരിപ്പിക്കുന്നതിന്റെ അർത്ഥശൂന്യത അക്കാലത്ത് ചിലരെങ്കിലും തിരിച്ചറിഞ്ഞിരുന്നു.

തോട്ടയ്ക്കാട്ട് മാധവിയമ്മ (1888-1968)
സുഭദ്രാർജ്ജുനം നാടകമെഴുതി പ്രശസ്തയായിത്തീർന്ന തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ മകൾ. മലയാളത്തിനുപുറമെ സംസ്കൃതത്തിലും ഇംഗ്ലിഷിലും മറ്റു യൂറോപ്യൻഭാഷകളിലും പ്രാവീണ്യം സമ്പാദിച്ചു. എറണാകുളം സ്ത്രീസമാജത്തിന്റെ സജീവപ്രവർത്തകയായിരുന്നു. 1952ൽ കൊച്ചി നിയമനിർമ്മാണ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. നായർസമുദായ സംഘടനാപ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു. 1932ൽ നായർസമുദായനേതാവ് മന്നത്തു പത്മനാഭനെ വിവാഹംകഴിച്ചു.


വഴിനടക്കാനുള്ള അവകാശത്തിനായി നിരവധി ചെറുസമരങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിലും അതിനുശേഷവുമുണ്ടായി. ഏറ്റവുമധികം ശ്രദ്ധ പക്ഷേ, ലഭിച്ചത് വൈക്കംസത്യാഗ്രഹത്തിനായിരുന്നു. സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി കരുതണമെന്ന വാദം (അതായത് നായർ, ഈഴവ, മുസ്ലിം, ക്രിസ്ത്യൻ മുതലായ വിഭാഗങ്ങളെപ്പോലെ) ഇക്കാലത്ത് പരിചിതമായിക്കഴിഞ്ഞിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ചുരുക്കം മലയാളിസ്ത്രീകളിൽ ഒരാളായിരുന്ന വടക്കേച്ചരുവിൽ കല്ല്യാണി ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള വഴികളിൽ കീഴാളജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യമില്ലെന്ന വസ്തുത കീഴ്ജാതിക്കാരായ സ്ത്രീകളുടെയും പ്രശ്നമാണെന്ന് ചൂണ്ടിക്കാണിച്ചു. അതിലുപരിയായി, കീഴ്ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ പ്രശ്നത്തെ സ്ത്രീകളുടെ പൊതുപ്രശ്നമായി കണക്കാക്കണമെന്ന് അവർ വാദിച്ചു.

പ്രിയ സഹോദരികളെ, ഈയവസരത്തിൽ നമ്മുടെ കടമയെന്താണ്? സഞ്ചാരസ്വാതന്ത്ര്യം ആർക്കും ലഭിക്കേണ്ടതല്ലയോ? വഴിനടക്കേണ്ടത് സ്ത്രീകളുടേയും ആവശ്യമാണല്ലോ. സ്ത്രീകളിൽ ഒരു വലിയവിഭാഗത്തിനുള്ള ഈ അസ്വാതന്ത്ര്യം നീക്കിയെടുക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്.

('കേരളീയ ഹിന്ദുസ്ത്രീകളോട് ഒരഭ്യർത്ഥന', മലയാളമനോരമ, 24 ജൂലൈ 1924)


പൊതുവഴികളിലും പുറംലോകത്തും അനുഭവിച്ചുവന്ന അസ്വാതന്ത്ര്യങ്ങൾക്കുപുറമെ കുടുംബത്തിലും അകത്തളങ്ങളിലും സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഉയർന്നജാതിക്കാരായ സ്ത്രീകൾക്ക്, കടുത്ത നിയന്ത്രണങ്ങളെ നേരിടേണ്ടിവന്നിരുന്നു. സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങൾ പലപ്പോഴും ഇവയെ വിമർശിച്ചിരുന്നുവെന്നത് നേരാണ്. പക്ഷേ, സ്ത്രീകളുടെ തുല്യപൗരത്വത്തെ അവ ഹൃദയപൂർവ്വം സ്വാഗതംചെയ്തിരുന്നോ എന്നത് സംശയമാണ്. കേരളത്തിലെ ഏറ്റവും ഉയർന്നജാതിക്കാരായിരുന്ന നമ്പൂതിരിബ്രാഹ്മണരുടെയിടയിൽ സ്ത്രീകൾ വളരെ കഠിനമായ നിയന്ത്രണത്തിനുള്ളിലാണ് കഴിഞ്ഞിരുന്നതെന്നു കണ്ടല്ലോ. 1920കളിൽ ഇവർക്കുവേണ്ടി സമരംചെയ്യാൻ 'നമ്പൂതിരിയുവജനസംഘം' തയ്യാറായി. നമ്പൂതിരിമാരുടെ സാമുദായികസംഘടനയായ 'യോഗക്ഷേമസഭ'യോട് ഇവർ നിരവധി തവണ ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലുകളിലെ നായകസ്ഥാനത്ത് വി.ടി. ഭട്ടതിരിപ്പാട്, എം.ആർ. ഭട്ടതിരിപ്പാട് മുതലായവരായിരുന്നു. > കാണുക പുറം 84,87< നമ്പൂതിരിസ്ത്രീകൾക്ക് ആധുനിക വിദ്യാഭ്യാസവും വസ്ത്രധാരണരീതി കളും പരിഷ്കൃതവിവാഹവും നേടിക്കൊടുക്കാൻ ഇവർ വളരെ പണിപ്പെട്ടു. ഇതുപോലെ സ്ത്രീ കളുടെ നില മെച്ചപ്പെടുത്താനും അവരെ വിദ്യാസമ്പന്നരാക്കാനും ഒട്ടുമിക്ക സാമുദായിക പ്രസ്ഥാനങ്ങളും പണിപ്പെട്ടു. എന്നാൽ സ്ത്രീകളെ പൂർണ്ണപൗരത്വത്തിനർഹതയുള്ള സവിശേഷജനവിഭാഗമായി കണക്കാക്കി, അവരുടെ പൗരത്വാവകാശത്തിനുവേണ്ടി പോരാടുന്ന രീതിയല്ല മിക്ക സാമുദായികപ്രസ്ഥാനങ്ങളും സ്വീകരിച്ചത്. പിന്നെയോ, സമുദായത്തെ നവീകരിക്കാനാവശ്യമായ അൽപ്പം സ്വാതന്ത്ര്യം സ്ത്രീകൾക്ക് നൽകുകയെന്ന പരിമിതലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളു. 1916ലെ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം സ്ത്രീകളോടു കാണിച്ച അനീതിക്കെതിരെ ശബ്ദമുയർത്തിയ ശ്രീമതി ഐ.സി. ചാക്കോ > കാണുക പുറം 106< 1927ൽ കത്തോലിക്കാസമുദായ സമ്മേളനത്തിൽ സ്ത്രീകളുടെ ഹിതമോ മതമോ അന്വേഷിക്കാതെ അവരുടെ തലയിൽ ഇത്ര അന്യായമായൊരു നിയമത്തെ കെട്ടിവച്ച സർക്കാരിനെ ശക്തമായഭാഷയിൽ അപലപിക്കുകയുണ്ടായി. ഈ പ്രസംഗം വലിയ വിവാദമാകുകയും ശ്രീമതി ഐ.സി. ചാക്കോയ്ക്ക് നിരവധി ഭീഷണിക്കത്തുകൾ ലഭിക്കുകയും ചെയ്തു. സ്ത്രീകളുടെ പക്ഷം [ 197 ] പറയുന്നത് കുടുംബത്തെയും സമുദായത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണെ ന്നുപോലും ചില സമുദായസ്നേഹികൾ പ്രസ്താ വിച്ചു!

1920കളിൽ ജനപ്രതിനിധിസഭകൾക്കുള്ളിൽ സ്ത്രീകൾക്കു ലഭിക്കേണ്ട മതിയായ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള വാദവും ധാരാളം കേൾക്കാനുണ്ടായിരുന്നു. ഇതരവിഭാഗക്കാരെയപേക്ഷിച്ച് വലിപ്പമുള്ള വിഭാഗമാണെങ്കിലും, ജനസംഖ്യയുടെതന്നെ പകുതിയിലധികമാണെങ്കിലും, സ്ത്രീകൾക്ക് വേണ്ടത്ര പ്രതിനിധികളില്ലാതാകുന്നതിനെക്കുറിച്ച് അനവധി പരാതികൾ ഈ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിലൊന്ന് ഇപ്രകാരമായിരുന്നു:

1921 ലെ ജനസംഖ്യാകണക്കു പ്രകാരം രാജ്യത്ത് 1167 ജൂതസമുദായക്കാരാണുള്ളത്. അവരിൽത്തന്നെ 100 പേർക്കുമാത്രമാണ് വോട്ടവകാശമുള്ളത്! എങ്കിലും അവർക്ക് [കൊച്ചി നിയമനിർമ്മാണ] കൗൺസിലിൽ ഒരു പ്രത്യേക സീറ്റുണ്ട്. വാണിജ്യവ്യവസായരംഗത്തിന്റെ പ്രതിനിധിക്കും ഒരു സീറ്റുണ്ട്. 70 വോട്ടർമാർക്കാണ് ഈയൊരു പ്രതിനിധിയെ തെരെഞ്ഞെടുക്കാനുള്ള അവകാശം. ഈ രാജ്യത്തിലെ തോട്ടമുടമകളുടെ എണ്ണം വിരലിലെണ്ണാനേയുള്ളു! വെറും ഏഴുപേർമാത്രമുള്ള ഈ വിഭാഗത്തിന് കൊച്ചി നിയമനിർമ്മാണകൗൺസിലിൽ ഒരു സീറ്റുണ്ട്. പക്ഷേ, ജനങ്ങളുടെ പകുതി സ്ത്രീകളായിട്ടും 1500 സ്ത്രീവോട്ടർമാർ ഉണ്ടായിട്ടും കൗൺസിലിൽ അവർക്ക് മൂന്ന് പ്രതിനിധികളില്ല.

('A Cochin Lady', മലയാള മനോരമ, 28 മാർച്ച് 1925)


ധീരവനിതകൾ അവകാശങ്ങൾ പിടിച്ചെടുക്കുന്നു
1986 ഫെബ്രുവരി 23ന് സുപ്രീംകോടതി തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം റദ്ദുചെയ്തു. റദ്ദുചെയ്യപ്പെട്ട നിയമപ്രകാരം കുടുംബസ്വത്തിൽ ഒരു മകളുടെ പരമാവധി അവകാശം വെറും 5,000 രൂപ മാത്രമായിരുന്നു. ഭർത്താവിനെ സ്വയം തെരഞ്ഞെടുത്ത, എന്നാൽ പിന്നീട് ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ച മേരി റോയി എന്ന സ്ത്രീ നീണ്ട നിയമയുദ്ധത്തിനുശേഷം നേടിയെടുത്തതാണ് ഈ വിധി. മുമ്പുപറഞ്ഞ നിയമം ഇന്ത്യൻ ഭരണഘടന വാഗ്ദാനംചെയ്യുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നു തെളിയിക്കാൻ അവർക്കു കഴിഞ്ഞു. സഹോദരന്മാരുടെ അനീതികൊണ്ടു പൊറുതിമുട്ടിയ അവിവാഹിതരായ രണ്ടു സ്ത്രീകളും അവർക്കൊപ്പം കക്ഷിചേർന്നു. അങ്ങനെ കേരളത്തിലെ എല്ലാ ക്രിസ്തീയസമുദായങ്ങൾക്കും 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശനിയമം ബാധകമാണെന്നുവന്നു. ഇന്ത്യൻ വിവാഹമോചനനിയമത്തിൽ കാര്യമായ മാറ്റംവരുത്തിയ ഇന്ത്യൻ വിവാഹമോചനനിയമം (2001) മറ്റൊരു ചുവടായിരുന്നു.


തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകളുടെ രാഷ്ട്രീയാവകാശങ്ങൾ വർദ്ധിപ്പിക്കുന്ന പല നടപടികളുമുണ്ടായത് അന്നത്തെ ജനകീയപ്രസ്ഥാനങ്ങൾക്ക് തീരെ അഭിമതമല്ലായിരുന്ന സർക്കാരിന്റെ പക്ഷത്തുനിന്നായിരുന്നു. തിരുവിതാംകൂറിലെ നിവർത്തനപ്രക്ഷോഭത്തെ അടിച്ചമർത്തുകയും ജനാധിപത്യമര്യാദകളെ മുഴുവൻ കാറ്റിൽപ്പറത്തുകയുംചെയ്ത ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ ആജ്ഞാനുവർത്തികളായിരുന്നു 'സ്ത്രീപക്ഷക്കാർ' എന്നൊരു അപഖ്യാതിയുണ്ടായിരുന്നു. പക്ഷേ, ഈ ജനകീയപ്രസ്ഥാനങ്ങളോ സാമുദായികപ്രസ്ഥാനങ്ങളോ [ 198 ]
float
float
സ്ത്രീകളുടെ രാഷ്ട്രീയാവകാശങ്ങൾക്ക് ഒട്ടും പ്രാധാന്യം കൽപ്പിച്ചിരുന്നില്ലെന്നതും നേരായിരുന്നു. അതുകൊണ്ട് രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ അവഗണിക്കപ്പെടുമെന്നും സർക്കാരിന്റെ നാമനിർദ്ദേശത്തിലൂടെ മാത്രമേ സ്ത്രീകൾ നിയമസഭകളിലെത്തൂ എന്നുമുള്ള തോന്നൽ സ്ത്രീവാദികളായ നിരീക്ഷകരിൽ പലർക്കുമുണ്ടായിരുന്നു. 1944ലെ തിരുവിതാംകൂർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ അവഗണനയെ അപലപിച്ചുകൊണ്ട് വനിതാമിത്രം എന്ന സ്ത്രീപ്രസിദ്ധീകരണത്തിന്റെ പ്രസാധികയായിരുന്ന ടി.എൻ. കല്ല്യാണിക്കുട്ടിയമ്മ ഇപ്രകാരമെഴുതി:


[ 199 ]

പൊതുനിയോജകമണ്ഡലങ്ങളിൽ നിൽക്കുന്ന സ്ത്രീ സ്ഥാനാർത്ഥികൾക്ക് അവരുടെ വ്യക്തിമഹാത്മ്യം എത്ര അനിഷേധ്യമായിരുന്നാൽത്തന്നെയും ലഭിക്കാവുന്ന പിന്തുണ സംശയാസ്പദമായിട്ടാണ് ജനങ്ങൾക്ക് തോന്നുന്നത്. സ്ത്രീവോട്ടർമാരുടെ ശതമാനം സ്ഥാനാർത്ഥികൾക്ക് നിശ്ചിതമായ വിജയംലഭിക്കത്തക്കവണ്ണം അനുകൂലതരമായിരുന്നാലും സ്ത്രീസ്ഥാനാർത്ഥികളെത്തന്നെ സഹായിക്കുവാനുള്ള കർത്തവ്യബോധം ഉണ്ടാകത്തക്കവണ്ണം വനിതാവോട്ടർമാർക്ക് തദ്വിഷയത്തിൽ വേണ്ടത്ര മുന്നറിവും ഉദ്ബോധനവും ലഭിച്ചിട്ടുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.

(പത്രാധിപക്കുറിപ്പ്, വനിതാമിത്രം, 1(8), 1944, ആഗസ്റ്റ്)


ഇക്കാരണത്താൽ കൂടുതൽ സ്ത്രീകളെ നാമനിർദ്ദേശംചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് അവർ ഈ കുറിപ്പ് അവസാനിപ്പിച്ചത്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം തിരുവിതാംകൂറും കൊച്ചിയും യോജിപ്പിച്ച് തിരു-കൊച്ചി യൂണിയൻ സംസ്ഥാനമാണ് ആദ്യമുണ്ടാക്കിയത്. യൂണിയൻ നിയമസഭയിലും സ്ത്രീകൾ നാമമാത്രമായിരുന്നു. 178 അംഗങ്ങളുള്ള സഭയിൽ രണ്ടു സ്ത്രീകളേ ഉണ്ടായിരുന്നുള്ളു. അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു. - ആനി തയ്യിൽ ആയിരുന്നു അവരിൽ പ്രധാനി. ഇവർ സ്ത്രീകൾക്കുവേണ്ടി സംസാരിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുശേഷവും സ്ത്രീകൾ അധികം രാഷ്ട്രീയത്തിലുണ്ടാകേണ്ട കാര്യമില്ലെന്നു പറയാൻ മടിക്കാത്ത നേതാക്കന്മാരുണ്ടായി, ഈ സ്വതന്ത്രജനാധിപത്യകേരളത്തിൽ > കാണുക പുറം 62 < ഇതിനെതിരെ പ്രതിഷേധിച്ച അക്കമ്മ ചെറിയാന് കോൺഗ്രസ്സ് വിടേണ്ടിവന്നു. 1952ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച 126 കോൺഗ്രസ്സ് സ്ഥാനാർത്ഥികളിൽ ഒരൊറ്റ സ്ത്രീപോലുമുണ്ടായിരുന്നില്ല. 1953ലെ ഉപതെരഞ്ഞെടുപ്പിൽ അക്കാമ്മ കോൺഗ്രസ്സിനെ ധിക്കരിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളിയിൽ പ്രതിപക്ഷപിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചു. അവർ ഏകദേശം പൂർണ്ണ ഗർഭിണിയായിരുന്നപ്പോഴായിരുന്നു പ്രചരണം. കടുത്ത അപവാദവും പരിഹാസവുംസഹിച്ച് അവർ പ്രചരണംനടത്തി. പ്രചരണപ്രസംഗങ്ങളിൽ അവർ സ്ത്രീകളോട് നേരിട്ടുസംസാരിച്ചു. അക്കാമ്മയുടെ വിജയം അവരുടെ വിജയമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. മൊത്തംവോട്ടുകളുടെ 43 ശതമാനം നേടിയെങ്കിലും അക്കാമ്മ പരാജയപ്പെട്ടു. പ്രചരണത്തിന്റെ അവസാനത്തെ രണ്ടാഴ്ച അവർ ആശുപത്രിയിലായിരുന്നു. സ്ത്രീകളെ പ്രത്യേക വിഭാഗമായി - രാഷ്ട്രീയസ്വഭാവമുള്ള ജനവിഭാഗമായി - കണക്കാക്കുന്നുവെന്ന് നാവുകൊണ്ടുള്ള പറച്ചിൽ തുടർന്നുണ്ടായെങ്കിലും പ്രായോഗികതലത്തിൽ അതു നിലച്ചു.

സമുദായത്തിന്റെ താൽപ്പര്യവും സ്ത്രീയുടെ താൽപ്പര്യവും
സ്ത്രീകളുടെ സംരക്ഷണവും മേൽഗതിയും ഉറപ്പാക്കുന്ന നിയമങ്ങൾ സമുദായതാൽപ്പര്യത്തിനെതിരാണോ? സത്യത്തിൽ അത്തരം നിയമങ്ങൾ സമുദായത്തിന്റെ അഭിവൃദ്ധിയെ സഹായിക്കുകയില്ലേ? ഇന്ത്യയിലെ പല സമുദായങ്ങളിലും സ്ത്രീകൾ ഈ ചോദ്യങ്ങൾ ഉയർത്തിത്തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ ചർച്ച വളരെ കാലപ്പഴക്കമുള്ളതാണ്. പലപ്പോഴും സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാനുള്ള നിയമങ്ങൾ സമുദായങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുന്നുവെന്ന് സമുദായനേതാക്കൾ പറഞ്ഞു. എന്നാൽ, അവർ സ്ത്രീകൾക്ക് സമുദായത്തിന്റെയുള്ളിൽ മതിയായ സ്ഥാനമോ പരിഗണനയോ നൽകാൻ മിക്കപ്പൊഴും തയ്യാറുമല്ല. സമുദായങ്ങളുടെ അകത്തും പുറത്തും സ്ത്രീകൾ ഈ മനോഭാവത്തെ ചോദ്യംചെയ്തിട്ടുണ്ട്. 1986ൽ ഇന്ത്യയിലൊട്ടാകെ ചർച്ചാവിഷയമായ ഒന്നാണ് ഷാബാനോ എന്ന എഴുപത്തിരണ്ടുവയസ്സുകാരിയായ മുസ്ലിംസ്ത്രീയുടെ സുരക്ഷയുടെ പ്രശ്നം. വിവാഹമോചനത്തെത്തുടർന്ന് ഇവർക്ക് ചെലവിനുകിട്ടാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതിനെത്തുടർന്ന് വലിയ ഒച്ചപ്പാടുണ്ടായി. സമുദായനേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് അന്നത്തെ സർക്കാർ മുസ്ലിംസ്ത്രീകളെ ക്രിമിനൽ പ്രൊസിജ്യൂർ കോഡിലെ 125-ാം വകുപ്പിന്റെ സംരക്ഷണത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് നിയമം പാസ്സാക്കി. ഈ പശ്ചാത്തലത്തിൽ പ്രത്യേക സമുദായനിയമങ്ങൾക്കു പകരം എല്ലാവർക്കും ബാധകമായ ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നാണ് പലരും വാദിച്ചത്. ഇക്കൂട്ടത്തിൽ ഹിന്ദുവർഗ്ഗീയതയുടെ വക്താക്കളുടെ ശബ്ദം വളരെ ഉച്ചത്തിൽ കേട്ടിരുന്നു. എന്നാൽ ഇവരുടെ ഉദ്ദേശ്യം അത്ര ശുദ്ധമല്ലെന്നു വ്യക്തമായിരുന്നു. മുസ്ലിങ്ങളുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇവർ സ്വന്തം സമുദായത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ച തികഞ്ഞ അന്ധതയാണ് പുലർത്തിയിരുന്നത്. സമുദായങ്ങൾക്കുള്ളിൽനിന്നുകൊണ്ടുതന്നെ തങ്ങളുടെ അവകാശങ്ങൾ വികസിപ്പിക്കാൻ സ്ത്രീകൾ ഇന്ന് കൂടുതൽ ഊർജ്ജിതമായി ശ്രമിച്ചുവരുന്നു. 'മുസ്ലിംസ്ത്രീവാദം'പോലെയുള്ള രാഷ്ട്രീയരൂപങ്ങളോട് കൂടുതൽ താൽപര്യം ഇന്നു കണ്ടുവരുന്നുണ്ട്.


മാത്രമല്ല, 'സ്ത്രീകളുടെ പ്രതിനിധികളാ'യി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചവരെപ്പോലും സമുദായാടിസ്ഥാനത്തിൽ വീക്ഷിക്കുന്ന പ്രവണതയാണ് നിലവിൽവന്നത്. 1931ൽ അന്നാ ചാണ്ടി > കാണുക പുറം 64 < [ 200 ] രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അവരെ സുറിയാനി ക്രിസ്ത്യാനി സ്ഥാനാർത്ഥിയായി ചിത്രീകരിക്കാനും അവർക്കെതിരെ അശ്ലീലചുവരെഴുത്തുകൾ നടത്താനും തയ്യാറായ കൂട്ടർ തിരുവനന്തപുരത്തുണ്ടായിരുന്നു. അക്കാമ്മ ചെറിയാൻ തിരുവിതാംകൂറിലെ ദിവാൻവിരുദ്ധജനാധിപത്യപ്രക്ഷോഭത്തിന്റെ നായികയായപ്പോൾ അവരെ 'തിരുവിതാംകൂറിന്റെ വിശുദ്ധ ജോവാൻ ഓഫ് ആർക്ക്' എന്നു ക്രിസ്ത്യാനികളും 'വേലുത്തമ്പിയുടെ പിന്മുറക്കാരി' എന്ന് ഹിന്ദുക്കളും ചിത്രീകരിച്ചു. > കാണുക പുറം 217, 223 < ഇടുങ്ങിയ സമുദായസ്വത്വങ്ങൾക്കപ്പുറം 'സ്ത്രീ' എന്ന സ്വത്വ ത്തിന് വളരാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

സ്ത്രീകൾക്ക് ഉദ്യോഗങ്ങൾ കിട്ടാനിടയായതും ഇതുപോലെ വലിയ വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു. അവിടെയും വിജയം ഭാഗികമായിരുന്നുവെന്നേ പറയാൻ കഴിയൂ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകൾ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിൽ അദ്ധ്യാപികമാരായും അസിസ്റ്റന്റ് ഇൻസെപ്ക്ട്രസ്സുമാരായും ആരോഗ്യവകുപ്പിൽ നഴ്സുമാരായും മറ്റും ജോലിനോക്കിത്തുടങ്ങിയിരുന്നു. ഈ കാലം മുതൽക്കുതന്നെ 'വിവാഹിതകളായ സ്ത്രീകൾക്ക് സർക്കാർ ജോലി കൊടുക്കരുത്' എന്ന പല്ലവി ഇവിടങ്ങളിലും മലബാറിലും കേട്ടുതുടങ്ങി യിരുന്നു. അന്നു നായർസമുദായപ്രവർത്തനരംഗത്തെ പ്രമുഖയും ഉദ്യോഗസ്ഥയുമായിരുന്ന കെ. ചിന്നമ്മയെപ്പോലുള്ളവർ ഇതിനെ എതിർത്ത് സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. > കാണുക പുറം 155 < 1920കളിൽ ആരോഗ്യവകുപ്പിലെ നഴ്സുമാരുടെ സേവനവ്യവസ്ഥകളെച്ചൊല്ലി വീണ്ടും ഒച്ചപ്പാടുണ്ടായി. അവിവാഹിതകൾക്കേ ജോലികൊടുക്കാവൂ എന്ന നിയമം അനാവശ്യമാണെന്ന് പുരോഗമനപക്ഷക്കാരായ സ്ത്രീപുരുഷന്മാർ വാദിച്ചു. ഇക്കാര്യം 1926ൽ തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിലിൽ ചർച്ചാവിഷയമായി. പക്ഷേ, അന്ന് ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസ് ഈ നിയമത്തെ ന്യായീകരിച്ചു. കുടുംബത്തിൽ ഉത്തരവാദിത്വമുള്ള സ്ത്രീകൾക്ക് നഴ്സിങ് ജോലി കാര്യക്ഷമമായി ചെയ്യാൻകഴിയില്ലെന്നും രണ്ടിനുംകൂടിയുള്ള ഊർജ്ജവും സമയവും അവർക്കുണ്ടാകാനിടയില്ല എന്നുമായിരുന്നു ആ മഹതിയുടെ അഭിപ്രായം! എന്തായാലും 1933ൽ ഈ പ്രശ്നം വീണ്ടും ശ്രീമൂലം പ്രജാസഭയ്ക്കു മുന്നിൽ ഉയർന്നുവന്നു. എന്നാൽ, അന്ന് സഭയിലെ വനിതാ പ്രതിനിധിയായ ടി.നാരായണിയമ്മ കുറിക്കുകൊള്ളുന്ന മറുപടികൊടുത്തു. ഗൃഹജോലികൾ വിവാഹിതകൾക്കും അവിവാഹിതകൾക്കും ഒരുപോലെ ബാധകമായേക്കാമെന്ന് അവർ ചൂണ്ടിക്കാണിച്ചു.

ഇതുപോലെ ഗുമസ്തപ്പണിക്ക് സ്ത്രീകൾ പറ്റില്ലെന്നും പലരും വാദിച്ചു. കാരണം പുരുഷന്മാരായ ഉദ്യോഗസ്ഥർക്കൊപ്പം സർക്കീട്ടിനുംമറ്റും പോകേണ്ടിവരും. അത് സദാചാരപ്രശ്നമാകുമെന്ന ഭയം. അന്യപുരുഷന്മാരോട് അടുത്തിടപഴകേണ്ടിവരുന്ന ജോലിചെയ്യുന്ന പെണ്ണുങ്ങൾ 'ചീത്ത'യാണെന്ന തോന്നലും നാട്ടിൽ പെരുകി. എന്തായാലും അഭ്യസ്തവിദ്യരായ സ്ത്രീകൾ ഉദ്യോഗങ്ങൾക്കായുള്ള ശ്രമം തുടർന്നുകൊണ്ടുതന്നെയിരുന്നു. 1927ൽ തിരുവിതാംകൂറിലെ ബിരുദധാരിണികൾ 'തിരുവിതാംകൂർ ബിരുദധാരിണിസംഘം' (Travancore Lady Graduates Association) എന്ന പേരിൽ സംഘടനയുണ്ടാക്കി. സമുദായക്കാർക്ക് സംവരണം അനുവദിച്ചതുപോലെ സ്ത്രീകൾക്കും പ്രത്യേക സംവരണംവേണമെന്ന് ആവശ്യപ്പെട്ടു. സർക്കാർ അൽപ്പം വഴങ്ങുകയുംചെയ്തു. അങ്ങനെ 1929ൽ ഹജൂർകച്ചേരി (ഇന്നത്തെ സെക്രട്ടേറിയറ്റ്), റവന്യൂ വകുപ്പ്, ഹൈക്കോടതി എന്നിവിടങ്ങളിൽ നാലു ബി.എക്കാരികൾക്ക് ജോലികിട്ടി. ഇത് വലിയൊരു കോലാഹലത്തിലേക്കു നയിച്ചു. അന്നത്തെ കൊലകൊമ്പന്മാരും പ്രമാണിമാരുമായിരുന്ന പലരും വലിയ ഒച്ചപ്പാടുണ്ടാക്കി. അതിലൊരാളായ സദസ്യതിലകം ടി.കെ. വേലുപ്പിള്ള അറിയപ്പെട്ട പണ്ഡിതനും സർക്കാർ അനുകൂലിയും തിരുവനന്തപുരം നിയമകോളേജ് പ്രാഫസറും ആയിരുന്നു. അദ്ദേഹം ഇതിനെച്ചൊല്ലി ഘോരമായ ഒരു പ്രസംഗവും നടത്തി. ഈ പ്രസംഗത്തെ അതിശക്തമായ മറുപ്രസംഗത്തിലൂടെ അന്നാചാണ്ടി നേരിട്ടു. > കാണുക പുറം 63,64 < നിരവധി ചോദ്യങ്ങൾ തൊടുത്തിവിട്ടുകൊണ്ടാണ് അവർ വേലുപ്പിള്ളയുടെ വാദഗതികളെ പൊളിച്ചത്:

വിവാഹിതകളായ അദ്ധ്യാപികമാരും സ്കൂൾ അസിസ്റ്റന്റ് ഇൻസ്പക്ട്രസ്സുമാരും സർക്കാർജോലിക്ക് പോകാൻതുടങ്ങിയ കാലത്തോ ദാമ്പത്യബന്ധത്തിൽപ്പെട്ട പരിചാരികമാരും ലേഡീഡോക്ടർമാരും ഉദ്യോഗതലത്തിൽ പ്രവേശിച്ച കാലത്തോ ഉണ്ടാകാത്ത സംഗ്രാമകോലാഹലം ഇപ്പോൾ ആരുണ്ടാക്കിയെന്നാണ് എനിക്ക് മനസ്സിലാകാത്തത്? വിവാഹിതകൾക്ക് സർക്കാർ ഉദ്യോഗംകൊടുക്കുകയില്ലയെന്നുവന്നാൽ വല്ലവിധത്തിലും വിവാഹം ത്യജിച്ചിട്ടെങ്കിലും ഉദ്യോഗം വഹിക്കണമെന്നേ സ്ത്രീകൾ വിചാരിക്കുകയുള്ളു. കുടുംബങ്ങളിലെ ഏക സ്ത്രീസന്താനങ്ങൾ ഉദ്യോഗത്തിനായി നിത്യകന്യാകത്വം സ്വീകരിച്ചാൽ അവരുടെ കുടുംബങ്ങൾ അന്യംനിൽക്കുവാൻ ഇടവരുകയില്ലയോ...

...ഉദ്യോഗസ്ഥയായ ഭാര്യയോട് വിസ്കിയുടെ [ 201 ]
float
float
നാറ്റം യൂക്കാലിപ്റ്റസിന്റെ വാസനയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുകയില്ലായിരിക്കാം. ഭർത്താവിന്റെ രാത്രിസഞ്ചാരം ഉദ്യോഗത്തിനാവശ്യമുള്ള കൃത്യനിർവ്വഹണമെന്നു പറഞ്ഞാൽ ചെല്ലുകയില്ലായിരിക്കാം. രണ്ടുപേർക്കും സാമ്പത്തികസ്വാതന്ത്ര്യം ഉള്ളപ്പോൾ ഒരാളിന്റെ മർദ്ദനപരമായ കലഹങ്ങളും സുഗ്രീവാജ്ഞകളും സാധിക്കുകയില്ലായിരിക്കാം.

...സ്ത്രീകളെ ഉദ്യോഗത്തിലാക്കിയാൽ അവരെല്ലാം പുരുഷന്മാർക്ക് മാനക്കേട് വരുത്തത്തക്കവിധത്തിൽ ഡഫോദാരന്മാരായും [പ്യൂൺ] മറ്റും നടക്കുന്നതായി കാണേണ്ടിവരുമെന്നുള്ളതാണ് [വേലുപ്പിള്ളയുടെ] മറ്റൊരു ഭയം. പുരുഷന്മാരെല്ലാവരും ഡഫോദാരന്മാരാകാത്തകാലത്തോളം എല്ലാ സ്ത്രീകളും സ്ത്രീപ്യൂൺമാരാകില്ല. ചക്രവർത്തിമുതൽ തൂപ്പുകാരന്മാർ വരെയുള്ളവർ പുരുഷവർഗ്ഗത്തിലുണ്ടെങ്കിൽ മഹാറാണിമുതൽ തൂപ്പുകാരിവരെയുള്ളവർ സ്ത്രീകളുടെ ഇടയിലും കാണാം. എല്ലാ സ്ത്രീകളും മഹാറാണിമാരാകണമെന്നോ ഹജൂർ സെക്രട്ടറിമാരാകണമെന്നോ ശഠിക്കുമോ... കൂടാതെ സ്ത്രീ ഡാഫോദാരന്മാരെ കാണുന്നതുകൊണ്ടുള്ള മാനക്കേട് എന്നാണു തുടങ്ങിയതെന്ന് മനസ്സിലാകുന്നില്ല. നിത്യവൃത്തിക്കായി നെല്ലുചുമ്മി ചാലക്കമ്പോളത്തിലേക്കു പോയിട്ട് ദുർവൃത്തരായ ചില പുരുഷന്മാരുടെ അധർമ്മസംഭാഷണങ്ങളാലും മറ്റും സങ്കടമനുഭവിച്ച് തിരിച്ചുപോകുന്ന അനേകായിരം സ്ത്രീകളെ കണ്ടിട്ട് തോന്നാത്ത മാനക്കേട്, സങ്കൽപ്പലോകത്തിലെ സ്ത്രീഡഫോദാരന്മാരുടെ പെട്ടിയെടുപ്പുകൊണ്ടുണ്ടാകുന്നുപോലും.

(അന്നാചാണ്ടി, 'സ്ത്രീസ്വാതന്ത്യ്രത്തെപറ്റി', സഹോദരൻ വിശേഷാൽ പ്രതി, 1929)

ഇങ്ങനെപോയി അന്നാചാണ്ടിയുടെ വാഗ്ദ്ധോരിണി. ഈ പ്രസംഗം വലിയ കോളിളക്കമുണ്ടാക്കി. എന്തായാലും സ്ത്രീകളെ ഗുമസ്തകളായി നിയമിക്കരുതെന്ന വാദം സർക്കാരിൽ ചെലവായില്ല. പക്ഷേ, വിവാഹിതകളായ സ്ത്രീകൾക്ക് പലയിടത്തും തടസ്സങ്ങളുണ്ടായിരുന്നു.

സർക്കാരുദ്യോഗം സ്ത്രീകൾക്ക് കൊടുക്കരുതെന്ന വാദഗതി ചെലവാകാതെ വന്നപ്പോൾ 'പുരുഷസ്വഭാവ'ത്തിന് പറ്റിയതെന്നു കരുതപ്പെട്ട പോലീസുദ്യോഗം അവർക്ക് കൊടുക്കാൻപാടില്ലെന്ന് ചിലർ വാദിച്ചുതുടങ്ങി. എന്നാൽ കയ്യൂക്കാണ് പോലീസുകാരുടെ പ്രധാനഗുണമെന്ന വാദം അബദ്ധമാണെന്നും ഉദ്ബോധനത്തിലും സംയമനത്തിലും വേരൂന്നിയ നിയമപാലനവ്യവസ്ഥയിൽ സ്ത്രീകൾക്ക് തീർച്ചയായും ഇടമുണ്ടെന്നും മറ്റുപലരും വാദിച്ചു. 1930കളിൽ ഈ സംവാദം തുടർന്നു. 1940കളിൽ തിരുവിതാംകൂറിലെ പോലീസ്‌സേനയിൽ വനിതകളുണ്ടായി. എന്നാൽ അതികഠിനമായ പരിഹാസമാണ് ആദ്യതലമുറയിൽപ്പെട്ട പോലീസുകാരികൾ നേരിട്ടത്. പൗരാവകാശകാംക്ഷികളായ സ്ത്രീകളെ നിരന്തരം [ 202 ] പരിഹസിച്ചിരുന്ന നാരദർ എന്ന മാസികയിൽ 1941ൽ പ്രസിദ്ധീകരിച്ച 'പെൺപോലീസ്ഗീത' വായിച്ചുനോക്കുക:

റൗഡികളൊക്കെ സാവേഗം - വഞ്ചി-
നാടുവിട്ടോടുക വേഗം
'കൊച്ചുണ്ണി'പോലും നടുങ്ങും - കാക്കി-
ക്കൊച്ചമ്മയൊന്നു കുണുങ്ങിൽ
ശൃംഗരിച്ചൊന്നവൾ നോക്കിൽ - ഉടൻ
'ചെങ്കുളം മമ്മൂ' നടുങ്ങും
ചുംബനമെന്ന് കേട്ടീടിൽ - ഏതു
'ജംബുലിംഗം' നടുങ്ങീടാ
അമ്മടിമോന്ത കണ്ടീടിൽ - സർവ്വ
തെമ്മാടിവർഗ്ഗവുമോടും
ചുട്ടകഠാരി നിസ്സാരം - കരി-
ക്കട്ടച്ചൊടികൾ താൻ ഘോരം
വെന്നാലും പോലീസ് പിടകൾ - നിങ്ങ-
ളെന്നാളുമൊന്നാംകിടയിൽ
ആണുങ്ങളെക്കാൾ മിടുക്ക - രെന്നു
കാണിക്കുമേ ഇവരൊക്കെ.

എത്ര സ്ത്രീവിരുദ്ധവും അസൂയാകലുഷിതവുമായ പദ്യം! ആദ്യകാലത്ത് ജോലിയുള്ള സ്ത്രീകളെ വിവാഹംകഴിക്കാനും മിക്ക സമുദായങ്ങളിലേയും പുരുഷന്മാർ മടിച്ചിരുന്നു. അവർ ചീത്തകളാണെന്ന മനഃസ്ഥിതി അത്ര വ്യാപകമായിരുന്നു. പിന്നീട്, സാമ്പത്തികബുദ്ധിമുട്ടുകൾ 1930കളിൽ വർദ്ധിക്കുകയും > കാണുക പുറം 105 < 1940കളിൽ രൂക്ഷമാകുകയും ചെയ്തതോടെ അദ്ധ്യാപികമാരെ വിവാഹംചെയ്യാൻ ചിലരൊക്കെ തയ്യാറായി. എന്നിട്ടും നഴ്സുമാർക്ക് ഭർത്താക്കന്മാരെക്കിട്ടാൻ എളുപ്പമായിരുന്നില്ല. സമൂഹത്തിൽ ഇത്രയും അടിയന്തിരമായ മനുഷ്യസേവനം നടത്തുന്ന ഒരുകൂട്ടർ സഹിക്കേണ്ടിവന്ന അപമാനവും അവഗണനയും ചില്ലറയായിരുന്നില്ല. പോലീസുകാരികളെ മാത്രമല്ല, നഴ്സുകളെയും കഠിനമായി അപമാനിക്കുന്ന പദ്യങ്ങൾ പ്രസിദ്ധീകരിക്കാൻ 'ഹാസ്യ'പ്രസിദ്ധീകരണങ്ങൾ മടിച്ചുമില്ല. ഇതുപോലുള്ള കടുത്ത എതിർപ്പിനെ നേരിട്ടുകൊണ്ടാണ് നമ്മുടെ മുൻതലമുറയിലെ മലയാളിസ്ത്രീകൾ സർക്കാർജോലി ചെയ്യാനുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചെടുത്തതെന്ന കാര്യം നാം അറിയുന്നുണ്ടോ?

ഈ നൂറുനൂറു തടസ്സവാദങ്ങളിൽനിന്ന് നാമെന്താണ് മനസ്സിലാക്കേണ്ടത്? സ്ത്രീകൾക്ക് കുടുംബബാദ്ധ്യതകളും സദാചാരബാദ്ധ്യതകളുമുള്ളതുകൊണ്ട് അവർക്ക് പൂർണ്ണപൗരത്വം നൽകാനാവില്ലെന്ന തീർപ്പാണ് സ്ത്രീകളുടെ സർക്കാരുദ്യോഗത്തെ സംബന്ധിച്ച തടസ്സവാദങ്ങളിൽ മുഴങ്ങിക്കേട്ടത്. പക്ഷേ, 1930കൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലമായിരുന്നു. കൂട്ടുകുടുംബജീവിതം ഏറെക്കുറെ അവസാനിച്ചുതുടങ്ങിയതോടുകൂടി ജീവിതംതന്നെ ബുദ്ധിമുട്ടായി മാറിത്തുടങ്ങി - പ്രത്യേകിച്ച് ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും. ഈ സാഹചര്യത്തിൽ ഇടത്തരക്കാരികൾ ജോലിക്കുപോയിത്തുടങ്ങി. കുടുംബത്തിന് വരുമാനമുണ്ടാക്കാനല്ലാതെ പൗരാവകാശമെന്ന നിലയ്ക്കല്ല. ജോലിക്കുപോകുന്ന പെണ്ണുങ്ങളുടെ സംരക്ഷണത്തിനായി അച്ഛനോ ആങ്ങളയോ ഒക്കെ കൂടെപ്പോയിരുന്ന ഒരുഘട്ടമുണ്ടായിരുന്നു; ഇന്നും അദൃശ്യമായ കണ്ണുകൾ നമ്മളെ ജോലിസ്ഥലംവരെ പിന്തുടരുന്നുവെന്ന് നമുക്കറിയാം. പൊതുവിടങ്ങളിൽ ആണുംപെണ്ണും മാറിമാറി നിൽക്കുന്നത് കേരളത്തിന്റെ സവിശേഷതയാണ്. പൊതുവിടങ്ങളിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ 'പരിശുദ്ധി' സംരക്ഷിക്കാനായി ഉരുത്തിരിഞ്ഞുവന്ന ഏർപ്പാടാണത് - എന്നും പുരുഷബന്ധുക്കൾക്ക് കൂടെവരാനാവില്ലല്ലോ! പൊതുസ്ഥലങ്ങളിൽ ആണുങ്ങൾ കറങ്ങിനടക്കുമ്പോലെ പെണ്ണുങ്ങൾക്ക് പാടില്ല; വിദ്യാഭ്യാസം, കുടുംബാവശ്യം (ജോലിക്കു പോകുന്നത് ഇതിൽപ്പെടും) ഇതിനൊക്കെ മാത്രമേ അവർ പുറത്തിറങ്ങാവൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, പൂർണ്ണസ്വാതന്ത്ര്യമനുഭവിക്കുന്ന പൗരജനങ്ങളായിട്ടല്ല നമ്മുടെ സ്ത്രീകൾ പൊതുവിടങ്ങളിൽ വരുന്നത് - കുടുംബത്തിന്റെയും സമുദായത്തിന്റെയും സദാചാരം (ഒറ്റയ്ക്ക്) പേറുന്ന 'കുലീനകളാ'യിട്ടാണ്.

ഈ പരിമിതികളൊക്കെ അന്നത്തെ ചില സ്ത്രീവാദികൾ തിരിച്ചറിഞ്ഞിരുന്നു. 1930കൾവരെ തിരുവിതാംകൂറിൽ സ്ത്രീകളെയും ബ്രാഹ്മണരെയും കൊലക്കയറിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരം ഒഴിവുകൾ അനാവശ്യങ്ങളും സ്ത്രീകളുടെ തുല്യപൗരത്വത്തിനെതിരുമാണെന്ന് വാദിച്ച അന്നാ ചാണ്ടി അവയെ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടു. ഭർത്താവിൽനിന്ന് അകന്നുകഴിയാൻ നിശ്ചയിച്ച സ്ത്രീയെ ബലമായി ഭർത്താവിനേൽപ്പിച്ചുകൊടുക്കാൻ വകുപ്പുള്ള തിരുവിതാംകൂർ സിവിൽ കോഡ് സ്ത്രീകൾക്ക് തുല്യനീതിയാണോ പ്രദാനംചെയ്യുന്നതെന്ന് ആലോചിക്കേണ്ടതുണ്ട് എന്നവർ ഓർമ്മിപ്പിച്ചു. അതുപോലെ പല അവകാശങ്ങളുണ്ടെങ്കിലും ഇവിടത്തെ സ്ത്രീയുടെ സ്വാതന്ത്ര്യം പരിമിതമാണെന്ന് തുറന്നുപറയാൻ അവർ മടിച്ചില്ല:

കേരളീയസഹോദരിമാരിൽ പലർക്കും സ്വത്തവകാശമുണ്ട്, സമ്മതിദാനാവകാശമുണ്ട്, സാമ്പത്തികസ്വാതന്ത്ര്യമുണ്ട്. എത്രപേർക്ക് സ്വന്തം ശരീരത്തിനുമേൽ [ 203 ] അധികാരമുണ്ട്? സ്ത്രീശരീരം പുരുഷസുഖത്തിനുള്ള ഒരുപകരണംമാത്രമാണെന്നുള്ള മൂഢവിശ്വാസം എത്ര സ്ത്രീകളെയാണ് അപകർഷഗർത്തത്തിൽ ആപതിപ്പിച്ചിരിക്കുന്നത്?

(അന്നാ ചാണ്ടി, 'ദൗർബല്യബോധം', മലയാളമനോരമ വിശേഷാൽപ്രതി 1935)


പക്ഷേ, സ്ത്രീകൾക്കിടയിൽപ്പോലും ഇത് ഒറ്റപ്പെട്ട സ്വരമായിരുന്നു, അക്കാലത്തും.


'കുലസ്ത്രീ'കളുടെ പരിമിതികൾ

പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള ഈ വാദങ്ങൾ 1950കളാകുമ്പോഴേക്കും മെല്ലെ നിലയ്ക്കാൻ തുടങ്ങിയിരുന്നു. കെ. സരസ്വതിയമ്മയെപ്പോലുള്ള ചിലരുടെ ശബ്ദംമാത്രമേ അപ്പോഴും കേട്ടിരുന്നുള്ളു. > കാണുക പുറം 121 < ആദ്യതലമുറയിലെ സ്ത്രീപക്ഷവാദികൾ അക്കാലത്ത് സർവ്വശക്തരായിത്തീർന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളോട് ചേർന്നുനിന്നവരായിരുന്നില്ല. കൂടാതെ, ഇവരെല്ലാംതന്നെ സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽ ഉൾപ്പെട്ടവരായിരുന്നു. മദ്ധ്യവർഗ്ഗസദാചാരത്തെ - സ്ത്രീക്കും പുരുഷനും രണ്ട് അളവുകോലുകൾ നാട്ടുന്ന സദാചാരത്തെ - ഇവർ പലപ്പോഴും വിമർശിച്ചു. എന്നാൽ അവർ അതിനെ പൂർണ്ണമായും മറികടന്നോ? സംശയമാണ്.

'മാന്യരല്ലാത്ത' സ്ത്രീകൾ അവരുടെ ചിന്താമണ്ഡലത്തിനു പുറത്തായിരുന്നു. കേരളത്തിലെ തൊഴിലാളികളിൽ വലിയൊരുവിഭാഗം സ്ത്രീകളായിരുന്നിട്ടും അവരുടെ പ്രശ്നങ്ങളെ സമീപിക്കാൻപോലും ആദ്യകാലസ്ത്രീവാദികൾക്കു കഴിഞ്ഞില്ല. അവരെ 'ഉദ്ധരിക്കുക' എന്നതിനപ്പുറം, അവരുമായി തുല്യനിലയിൽ സംവദിക്കണമെന്ന തോന്നൽ അവർക്കുണ്ടായില്ല. എന്നാൽ മദ്ധ്യവർഗ്ഗ ഇരട്ടസദാചാരത്തിനപ്പുറത്ത് ജീവിക്കുന്ന സ്ത്രീകൾ തിരുവിതാംകൂറിലുണ്ടായിരുന്നു. അവർ പല ആവശ്യങ്ങളുമായി സർക്കാരിനെ സമീപിച്ചിരുന്നു. അവരുമായി ബന്ധപ്പെട്ട് സംഘടിക്കാൻ ഈ സ്ത്രീപക്ഷ വിമർശകസംഘത്തിന് കഴിഞ്ഞില്ല. 'കുലസ്ത്രീ'കളല്ലാത്തവരുടെ കാര്യം പറയാൻകൂടി കഴിയില്ലായിരുന്നു. 1930ൽ തെക്കൻതിരുവിതാംകൂറിലെ ദേവദാസിസമ്പ്രദായത്തെ നിരോധിച്ചപ്പോൾ ആ സ്ത്രീകൾ സർക്കാരിനൊരു സങ്കടഹർജി സമർപ്പിച്ചു:

സ്ത്രീകൾക്ക് പബ്ലിക്‌സർവ്വീസിൽ പ്രവേശനം നൽകി പ്രോത്സാഹനംകൊടുക്കുന്ന ഈ അവസരത്തിൽ തങ്ങളെ സ്ത്രീകളായിട്ട് പരിഗണിക്കാതെ പിരിച്ചുവിടുന്നത് നന്നല്ലെന്നും അപ്രകാരം പിരിച്ചുവിടുകയാണെങ്കിൽ മേലിൽ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവുണ്ടാകണമെന്നും കാണിച്ചുകൊണ്ട് [ദേവദാസികൾ] ഒരു സങ്കടഹർജി അധികാരസ്ഥാപനങ്ങളിലേക്കയച്ചിരുന്നതായി അറിയിക്കുന്നു.

(മലയാളമനോരമ, 8 ആഗസ്റ്റ് 1930)

ദേവദാസികൾ മദ്ധ്യവർഗ്ഗസദാചാരപ്രകാരം 'ചീത്ത'യായതുകൊണ്ട് അവർക്ക് പരിഗണനകൊടുക്കേണ്ടതായി മേലാളസ്ത്രീകൾക്ക് തോന്നാനിടയില്ലായിരുന്നു! കീഴാളസ്ത്രീകളുടെ ആവശ്യങ്ങളെ സർക്കാർതലത്തിലും മറ്റും ഇവരാരും തീരെ ഉന്നയിച്ചില്ലെന്നല്ല. ഉദാഹരണത്തിന് 1940കളിൽ കൊച്ചി നിയമനിർമ്മാണകൗൺസിലിൽ അംഗമായിരുന്ന ദാക്ഷായണി വേലായുധൻ ദളിത്‌സമുദായങ്ങളിലെ സ്ത്രീകളുടെ ആവശ്യങ്ങൾ സർക്കാരിന്റെമുന്നിൽ അവതരിപ്പിക്കുയുണ്ടായി. > കാണുക പുറം 159 < അവരുടെ ആദ്യപ്രസംഗത്തിൽത്തന്നെ (1945ൽ) കൊച്ചി പൊതുജനാരോഗ്യവകുപ്പിന്റെ മിഡ്‌വൈഫുമാർ കീഴാള കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ചെല്ലാറില്ലെന്നും അതുകൊണ്ട് കീഴാളസമുദായങ്ങളിൽനിന്നുള്ളവരെത്തന്നെ നിയമിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ദാക്ഷായണിയെപ്പോലെ വളരെപ്പേർ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 'ചീത്തസ്ത്രീകൾക്കു'വേണ്ടി വാദിക്കാൻ, പക്ഷേ, ആരും തന്നെയില്ലായിരുന്നു. മദ്ധ്യവർഗ്ഗസദാചാരത്തെ വന്ദിക്കാത്ത സ്ത്രീകൾക്ക് ഭാഗികപൗരത്വം പോലുമുണ്ടായിരുന്നില്ലെന്നർത്ഥം.

തങ്ങളുടെ പൂർണ്ണപൗരത്വകാംക്ഷ, 'അമിതസ്വാതന്ത്ര്യ'കാംക്ഷയല്ലെന്ന് തെളിയിക്കാൻ ആദ്യകാലസ്ത്രീവാദികളിൽ ബഹുഭൂരിപക്ഷത്തിനും നല്ല താൽപര്യമുണ്ടായിരുന്നു. 'മാന്യത'യ്ക്കു പുറകേപോകുമ്പോൾ പൂർണ്ണപൗരത്വം നഷ്ടമാകുമെന്ന വസ്തുത അവരിൽ പലരും കണ്ടതുപോലുമില്ല. ആധുനികവിദ്യാഭ്യാസം നേടിയ സ്ത്രീകൾ 'ആട്ടമാടാനും' 'പാശ്ചാത്യസ്ത്രീകളെപ്പോലെ' ആകാനും ശ്രമിക്കുന്നുവെന്ന ആരോപണത്തിന് അത് ആണുങ്ങളുടെ ശീലമാണെന്നും തങ്ങളിൽ അത് ആരോപിക്കേണ്ടെന്നും ചില സ്ത്രീകൾ പ്രസ്താവിച്ചു. അന്നത്തെ പ്രമുഖ ബുദ്ധിജീവിയായിരുന്ന പുത്തേഴത്ത് രാമമേനോൻ ഇങ്ങനെ ഒരരോപണം ഉന്നയിച്ചപ്പോൾ സി.പി. കല്യാണിയമ്മ അദ്ദേഹത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്:

പുരുഷന്മാർ എത്രയോപേർ ഒരു സ്കൂളിന്റെ സമീപത്തുകൂടി കടന്നുപോയിട്ടുണ്ടെന്നോ, ജ്യേഷ്ഠന്മാരോ അമ്മാവന്മാരോ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടെന്നോ വച്ച് തല ക്രോപ്പ് ചെയ്ത് ചുരുട്ടോ ബീഡിയോ വലിച്ച് ആരെയും കൂട്ടാക്കാതെ... നടക്കുന്നു? ഇങ്ങനെയുള്ളവരുടെ ഭാര്യമാരായിരിപ്പാൻ യോഗംവന്ന ചില സ്ത്രീകളായിരിക്കും റെയിൽവേസ്റ്റേഷനിലും മറ്റും ഇറങ്ങി സോഡയും ലെമണേഡും കഴിക്കുന്നതായി മിസ്റ്റർ മേനോൻ കണ്ടു എന്നുപറയുന്നത്.

(സി. പി. കല്യാണിയമ്മ, 'അനുകരണഭ്രമം', ലക്ഷ്മീഭായി 10(12), 1915)[ 206 ]

തങ്ങൾക്ക് പാർക്കുകളിൽ ചുറ്റിക്കറങ്ങാനോ നാടകാശാലകളിൽ പോകാനോ ഒന്നും ആഗ്രഹമില്ലെന്നുപോലും ഇവർ പറഞ്ഞുകളഞ്ഞു! അതൊക്കെ 'പാശ്ചാത്യസ്ത്രീകളുടെ' ശീലങ്ങളാണത്രെ! ആർക്കും ക്ഷതമുണ്ടാകാത്ത ആനന്ദത്തിലേർപ്പെടാൻ ഓരോ പൗരനും പൗരയ്ക്കും അവകാശമുണ്ട്. ആ അവകാശമാണ് ഇവിടെ അടിയറവച്ചത്. അതുപോലെ സ്ത്രീകൾക്ക് ജോലി വേണമെന്ന് വാദിച്ചവർപോലും കഴിവതും വീടിനു ചുറ്റുമെവിടെങ്കിലും സ്ത്രീകൾക്ക് ജോലി കൊടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളുടെ സൗകര്യംനോക്കിയാണ് ഈ അപേക്ഷയുണ്ടായതെങ്കിലും 'ആദ്യം കുടുംബം, പിന്നെ ജോലി' എന്ന പരിഗണനാക്രമത്തെ ഉറപ്പിക്കാനാണ് ഇതു സഹായകമായത്. ഉദാഹരണത്തിന് കൊച്ചിയിൽ 1930കളിൽ നിലവിലുണ്ടായിരുന്ന അദ്ധ്യാപികമാരുടെ സംഘടന - 'കൊച്ചി ഉപാദ്ധ്യായനീസംഘം' - 1934ലെ സമ്മേളനത്തിൽ വിവാഹിതകൾക്ക് സർക്കാർജോലി നിഷേധിക്കാനുള്ള നീക്കത്തെ എതിർത്തു. പക്ഷേ, സ്ത്രീകൾക്ക് അവരുടെ വീടിനടുത്തുള്ള സ്ഥലങ്ങളിൽ ജോലി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകളെപ്പോലെ പുരുഷന്മാർക്കും കുടുംബത്തിൽ ഉത്തരവാദിത്വമുണ്ടെന്ന കാര്യം വ്യക്തമാണല്ലോ. എന്നാൽ അവരുടെ ജോലിക്കാര്യത്തിൽ ഇത്തരമൊരു പരിഗണന ഉണ്ടാകണമെന്ന് ആരും നിർദ്ദേശിച്ചില്ല.

ഈ ആന്തരികബലഹീനതകൾക്കു പുറമേ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നിലപാടിനെപ്പറ്റി പറഞ്ഞുവല്ലോ. വാസ്തവത്തിൽ സ്ത്രീകളെ അണിനിരത്താൻ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും തയ്യാറായെങ്കിലും സ്ത്രീകളുടെ പൂർണ്ണപൗരത്വത്തിനുവേണ്ടി സമരംചെയ്യാൻ പൊതുവേ അധികം പേരില്ലായിരുന്നു. 1955ൽ ഈ കുറവിനെക്കുറിച്ച് കുറിക്കുകൊള്ളുന്ന ഭാഷയിൽ 'കുമാരി സരസ്വതി' (ഭാഷാശൈലി കണ്ടാൽ കെ.സരസ്വതിയമ്മയല്ലേയെന്നു സംശയിച്ചുപോകും) എഴുതി:

പുരുഷന്മാർ ഇന്നു ഭാഗ്യവാന്മാരാണ്. കാരണം ഞങ്ങൾക്കിന്ന് ഒരു സംഘടനയില്ല. ഞങ്ങളുടേതായ ഒരു സംഘടന ഞങ്ങളുടെ അടിമത്വം മാറ്റുന്നതിനും അവശതനീക്കുന്നതിനും കരുത്തും കാര്യശേഷിയുമുള്ള ഒരു സംഘടന ഇല്ലതന്നെ.

('വനിതാസംഘടന', കൗമുദി ആഴ്ചപ്പതിപ്പ്, 9, മെയ് 1955)


കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും സ്ത്രീസംഘടനകൾ ഉണ്ടാക്കുന്നെങ്കിലും പാർട്ടികളുടെയും വർഗ്ഗങ്ങളുടെയും പ്രശ്നങ്ങൾക്കാണ് മുൻതൂക്കമെന്ന് അവർ ചൂണ്ടിക്കാണിച്ചു. ഇവയ്ക്ക ബദലായി സ്ത്രീകളുടെ പ്രശ്നങ്ങൾക്കെതിരെ - പുരുഷാധിപത്യം അവരിൽ അടിച്ചേൽപ്പിക്കുന്ന ഭാരങ്ങൾക്കെതിരെ - പോരാടാൻ കരുത്തുള്ള ഒരു വനിതാസംഘടന കെട്ടിപ്പടുക്കണമെന്ന് അവർ നിർദ്ദേശിച്ചു.

1930ലെ സിവിൽ നിയമലംഘനപ്രക്ഷോഭകാലത്ത് മലബാറിൽ ഉയർന്നുവന്ന അനേകം സ്ത്രീ സംഘടനകളിലൊന്നായിരുന്നു 'കേരള മഹിളദേശസേവികാസംഘം'. ഈ പ്രക്ഷോഭകാലത്ത് വടകരവച്ചു നടന്ന പ്രാദേശികസമ്മേളനത്തിൽ ദേശീയത, ഗാന്ധിയൻജീവിതശൈലി എന്നിങ്ങനെ പല പൊതുവിഷയങ്ങളെയും താൽപര്യങ്ങളെയും പിന്താങ്ങിക്കൊണ്ട് പ്രമേയം പാസാക്കിയ സ്ത്രീകളായ ദേശീയപ്രവർത്തകർ, പക്ഷേ, സ്വന്തം പൗരത്വതാൽപര്യങ്ങളെ മറന്നില്ല. സർക്കാരുദ്യോഗത്തിൽ സംവരണത്തിലൂടെ സ്ത്രീകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന പ്രമേയവും അവർ പാസാക്കി. അതുപോലെ ഇന്ത്യയിലെ അന്നത്തെ പ്രധാനപ്പെട്ട സ്ത്രീപ്രസ്ഥാനമായിരുന്ന അഖിലേന്ത്യാ സ്ത്രീസംഘം മലബാറിൽ വളർന്നത് അന്നത്തെ ദേശീയപ്രസ്ഥാനത്തിന്റെ മുൻനിരക്കാരായ സ്ത്രീകളിലൂടെയായിരുന്നു. 1930ൽ എം. കാർത്യായനി അമ്മയായിരുന്നു സെക്രട്ടറി. തലശ്ശേരി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഈ സംഘടനടയ്ക്ക് ശാഖകളുണ്ടായിരുന്നു. കോഴിക്കോടുള്ള ദേശീയപ്രവർത്തകർ എല്ലാവർഷവും സംഘടിപ്പിച്ചുവന്ന 'സ്വദേശിപ്രദർശനങ്ങളിൽ' അഖിലേന്ത്യാ സ്ത്രീസംഘം വളരെ സജീവമായി പങ്കെടുത്തിരുന്നു. തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളോടു താരതമ്യംചെയ്യുമ്പോൾ നേരിട്ടുള്ള വിദേശഭരണത്തിനു കീഴിലായിരുന്ന മലബാറിലെ സ്ത്രീപ്രവർത്തകർ പൗരാവകാശങ്ങളെക്കാൾ പ്രധാനം വിദേശഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണെന്നു കരുതി. എങ്കിൽപ്പോലും ദേശീയപ്രവർത്തനത്തിലും പൗരാവകാശങ്ങളുടെ ആവശ്യം ഉയർത്താൻ സ്ത്രീപ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ ദൃഢനിശ്ചയമാണ് 1950കളായപ്പോഴേക്കും സ്ത്രീകൾക്ക് നഷ്ടമായത്. അപ്പോഴേക്കും സ്വന്തം പൗരാവകാശങ്ങൾ അത്ര പ്രധാനമല്ലെന്നുപോലും ചിലർക്ക് തോന്നിയിരുന്നു. [ 207 ]

ഇതിനുശേഷം 1980കളിലാണ് വീണ്ടും സ്ത്രീകളുടെ പൂർണ്ണപൗരത്വമില്ലായ്മയെക്കുറിച്ചുള്ള ചർച്ച സജീവമായത്. സ്ത്രീവാദം ഇവിടെ പ്രത്യക്ഷപ്പെട്ട സമയമായിരുന്നു അത്. സ്ത്രീകളെ ഒരു പ്രത്യേകവിഭാഗമായി കണക്കാക്കാമെന്നും അവർക്ക് പ്രത്യേകമായി ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനുണ്ടെന്നുമുള്ള വാദം വീണ്ടും സജീവമായി. 1990കളിൽ ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം എന്നിവയിലൂടെ സ്ത്രീകൾക്ക് പ്രത്യേക വികസനഫണ്ട് (Women's Component Plan), 33 ശതമാനം സീറ്റ് സംവരണം എന്നിവ നിലവിൽവന്നു. ഇത് മുൻകാലസ്ത്രീവാദികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് പ്രത്യക്ഷത്തിൽ തോന്നാം. പക്ഷേ, ഫലത്തിൽ ഇത് സ്ത്രീകളുടെ പൗരാവകാശങ്ങളുടെ അംഗീകാരമാകണമെങ്കിൽ സ്ത്രീകൾതന്നെ ഇറങ്ങി പ്രവർത്തിച്ചേ മതിയാകൂ. സ്ത്രീകളുടെ ചരിത്രപരമായ അവകാശം എന്നതിനുപകരം വികസനത്തിനും കുടുംബങ്ങളുടെ ക്ഷേമത്തിനും സ്ത്രീകളെ വിനിയോഗിക്കലായി ഈ ജനാധിപത്യപരീക്ഷണം അധഃപതിക്കാതിരിക്കാൻ സ്ത്രീകൾ തന്നെ പരിശ്രമിക്കേണ്ടതുണ്ട്. ഇന്ന് ഏറ്റവുംനല്ല പ്രവർത്തനം കാഴ്ചവച്ച്, കഴിവുതെളിയിച്ച വനിതാ പഞ്ചായത്ത് അദ്ധ്യക്ഷകൾപോലും പലപ്പോഴും കുടുംബത്തിന്റെ അന്യായമായ പിന്നോട്ടുവലി സഹിക്കുന്നവരാണ്; അതുപോലെ സദാചാരക്കുരുക്കുകൾ അവരെയും വല്ലാതെ ബന്ധിക്കുന്നുണ്ട്. എത്ര പരോപകാരിയും സമർത്ഥയുമാണെങ്കിലും ഒരു പഞ്ചായത്ത്പ്രവർത്തക 'ചീത്ത'യാണെന്ന് ആ നാട്ടിൽ വരുത്തിത്തീർത്താൽ അവളുടെ രാഷ്ട്രീയഭാവി അടഞ്ഞുപോകുമെന്ന അവസ്ഥപോലുമുണ്ട്! ഇവിടെയാണ് പൂർണ്ണപൗരത്വത്തിന്റെ പ്രസക്തി. സ്വകാര്യജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം പൗരത്വലംഘനമാണ്. മറ്റുള്ളവർക്ക് ഹാനികരമില്ലാത്തിടത്തോളം ഇഷ്ടമുള്ളരീതിയിൽ സ്വകാര്യജീവിതംനയിക്കാനുള്ള അവകാശം ഓരോ പൗരയ്ക്കും പൗരനുമുണ്ട്. അത് നേടിയെടുക്കാനുള്ള മനഃശക്തി നമുക്കുണ്ടാകാനിടവരട്ടെ. പൊതുസ്ഥലങ്ങളിൽ പേടികൂടാതെ ഏതുസമയത്തും സഞ്ചരിക്കാനും സ്ത്രീകളെ മാത്രം അധികമായി കുരുക്കുന്ന ഇരട്ടസദാചാരത്തെ തള്ളിക്കളഞ്ഞ് പൂർണ്ണപൗരത്വത്തിലെത്താനും നമുക്കു കഴിയണം. ഈ സമരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് ഈ അദ്ധ്യായത്തിൽ പറയാൻ ശ്രമിച്ചത്; ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്നും.


float
float


കൂടുതൽ ആലോചനയ്ക്ക്

തൊഴിൽരംഗത്തേക്ക് സ്ത്രീകൾ കടന്നാൽ, അതായത് അവർ വീടിനുപുറത്ത് പ്രതിഫലം ലഭിക്കുന്ന ജോലികളിൽ ഏർപ്പെട്ടാൽ - പൗരാവകാശങ്ങൾ പിന്നാലെ വന്നുകൊള്ളും എന്ന ധാരണ നമ്മുടെയിടയിലും സാമൂഹ്യശാസ്ത്രചർച്ചകളിലും വികസനനയങ്ങളിലും എല്ലായിടത്തും ഇന്ന് സർവ്വസാധാരണയായി കാണാറുണ്ട്. സ്ത്രീകൾക്കായി നടപ്പാക്കുന്ന വികസന പരിപാടികൾ പലതും ഈ ധാരണയെ മുൻനിർത്തിക്കൊണ്ടുള്ളവയാണ്. എന്നാൽ കാര്യങ്ങൾ അത്ര ലളിതമല്ലെന്നാണ് ഈ അദ്ധ്യായത്തിലെ പരിശോധന വെളിവാക്കുന്നത്. സ്ത്രീകൾ ജോലിയെടുക്കാൻ തയ്യാറായതിനു കാരണം പൂർണ്ണപൗരത്വകാംക്ഷ മാത്രമായിരുന്നില്ലെന്നും വ്യക്തമാണ്. പൊതുരംഗത്ത് ഒന്നുചേർന്ന് സമരംചെയ്യുന്നതിലൂടെയാണ് സ്ത്രീകളുടെ അവകാശങ്ങൾ വർദ്ധിച്ചതെന്നും അല്ലാതെ, 'കാലത്തിന്റെ മാറ്റ'ത്തിൽ തന്നെത്താൻ നടപ്പിലായതല്ലെന്നും ലോകസ്ത്രീചരിത്രം തെളിയിക്കുന്നു. 'പുരോഗതി', 'വികസനം' മുതലായ നമ്മുടെ സങ്കൽപ്പങ്ങളെ ഇതെങ്ങനെ ബാധിക്കുന്നു? ⚫