സൗന്ദര്യലഹരി (കുമാരനാശാന്‍)
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
സൗന്ദര്യലഹരി |
|
സ്തോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
[തിരുത്തുക] പൂര്‍വ്വഭാഗം
ചൊല്ലേറും ശക്തിയോടൊത്തിഹ ശിവനഖിലം
- ചെയ്യുവാന്‍ ശക്തനാകു-
ന്നല്ലെന്നാല്‍ ചെറ്റനങ്ങുന്നതിനുമറികിലാ-
- ദ്ദേവനാളല്ലയല്ലോ
മല്ലാക്ഷന്‍ ശംഭുമുമ്പാം മഹിതവിബുധരാല്‍
- മാന്യയാം നിന്നെ വാഴ്ത്തി
ചൊല്ലാനും കുമ്പിടാനും ജനനി പുനരിതാ-
- ര്‍ക്കാവു പുണ്യം പെറാഞ്ഞാല്‍? (1)
നിമ്പാദാംഭോരുഹത്തീന്നിളകിയ നിതരാം
- സൂക്ഷ്മമാം ധൂളിജാലം
സമ്പാദിച്ചിട്ടു ധാതാവഖിലഭുവനവും
- ദേവി! സൃഷ്ടിച്ചിടുന്നു;
അംഭോജാക്ഷന്‍ പണിപ്പെട്ടതിനെയഥ ശിര
- സ്സായിരംകൊണ്ടുമാളു-
ന്നമ്പില്‍ ധൂളീകരിച്ചിട്ടമലഭസിതമാ-
- യീശനും പൂശിടുന്നു. (2)
ആദിത്യദീപമല്ലോ ഭവതിയിരുളക-
- റ്റാനവിദ്യാവശന്നും
ചൈതന്യപ്പൂംകുലയ്ക്കുള്ളൊഴുകിയ ചെറുതേന്‍-
- കേണിയല്ലോ ജഡന്നും
ഏതാനും സ്വത്തുമില്ലാത്തവനുമരിയ ചി-
- ന്താമണിശ്രേണിയല്ലോ
മാതാ ജന്മാബ്ധിയാഴുന്നവനുമിഹ മഹാ
- ദംഷ്ടിതന്‍ ദംഷ്ട്രയല്ലോ (3)
ആമോദം പൂണ്ടു കൈകൊണ്ടമരരഭയമോ
- ടൊത്തഭീഷ്ടം കൊടുക്കും
നീമാത്രം ദേവി!യെന്നാല്‍ നലമൊടവയെ ന
- ല്‍കുന്നതമ്മട്ടിലല്ലാ;
ഭീ മാറ്റിപ്പാലനം ചെയ്‌വതിനുമുടനഭീ
- ഷ്ടാധികം നല്‍കുവാനും
സാമര്‍ത്ഥ്യം പൂണ്ടതോര്‍ക്കില്‍ തവ കഴലിണയാ-
- കുന്നു ലോകൈകനാഥേ (4)
പണ്ടംഭോജാക്ഷനാര്യേ ! പ്രണതനു ബഹുസൌ-
- ഭാഗ്യമേകുന്ന നിന്നെ-
ത്തെണ്ടിസ്ത്രീവേഷമാര്‍ന്നാ ത്രിപുരഹരനുമു
- ണ്ടാക്കി പാരം വികാരം
തണ്ടാരമ്പന്‍ ഭജിച്ചും രതുയുടെ നയനം
- നക്കുവാന്തക്ക മേനി-
ത്തണ്ടാര്‍ന്നുംകൊണ്ടു തത്തന്മുനികള്‍മനമിള
- ക്കാനുമൂക്കാര്‍ന്നിടുന്നു. (5)
ഒക്കെപ്പൂവാണു വില്ലും, ശരമതു വെറുമ-
- ഞ്ചാണു, വണ്ടാണു ഞാണും
തെക്കന്‍ കാറ്റാണു തേരും, സുരഭിസമയമൊ-
- ന്നാണു കാണും സുഹൃത്തും :
നില്‍ക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
- നിന്‍ കടാക്ഷത്തിലേതോ
കൈക്കൊണ്ടുംകൊണ്ടനംഗന്‍ ഭുവനമഖിലവും
- നിന്നു വെല്ലുന്നുവല്ലോ (6)
കാഞ്ചീനാദം പൊഴിഞ്ഞും കഠിനകുചഭരം
- കൊണ്ടു മെല്ലെക്കുനിഞ്ഞും
ചഞ്ചന്മദ്ധ്യം മെലിഞ്ഞും ചതുരതരശര-
- ച്ചന്ദ്രതുണ്ഡം കനിഞ്ഞും
പൂഞ്ചാപം പുഷ്പബാണം ഭുജമതിലഥ പാ-
- ശാംകുശം പൂണ്ടുമമ്പാ-
ര്‍ന്നെന്‍ ചാരത്തായ് വരട്ടേ പുരരിപുഭഗവാന്‍
- തന്റെ തന്റേടദംഭം (7)
ആ പീയൂഷാര്‍ണ്ണവത്തിന്‍ നടുവിലമരദാ
- രുക്കള്‍ ചൂഴുന്ന രത്ന-
ദീപത്തില്‍ പൂം കടമ്പിന്നിടയിലരിയ ചി-
- ന്താശമവേശ്മോദരത്തില്‍
ശോഭിക്കും ശൈവമഞ്ചോപരി പരമശിവന്‍
- തന്റെ പര്യങ്കമേലും
ദീപാനന്ദോര്‍മ്മിയാകും ഭവതിയെ നിയതം
- കുമ്പിടും പുണ്യവാന്മാര്‍ (8)
ഒന്നാമാധാരചക്രം നടുവിലവനിര-
- ണ്ടാമതുള്ളഗ്നിതത്ത്വം
മൂന്നാമത്തേതിലംഭസ്സതിനുപരി മരു-
- ത്തപ്പുറത്തഭ്രമേവം
പിന്നെ ഭ്രൂമദ്ധ്യമേലും മനമൊടു കളമാര്‍ഗ്ഗ-
- ങ്ങളെല്ലാം കടന്നാ-
പ്പൊന്നംഭോജാകാരത്തില്‍ ഭവതി പതിയൊടും
- ഗൂഢമായ് ക്രീഡയല്ലീ? (9)
തൃപ്പാദത്തീന്നൊലിക്കുന്നമൃതലഹരികൊ-
- ണ്ടൊക്കെ മുക്കി പ്രപഞ്ചം
പില്‍പ്പാടും ചന്ദ്രബിംബം പരിചിനൊടു വെടി-
- ഞ്ഞിട്ടു കീഴോട്ടിറങ്ങി
അപ്പൂര്‍വ്വസ്ഥാനമെത്തീട്ടവിടെയഹികണ-
- ക്കൊട്ടു ചുറ്റീട്ടു രന്ധ്രം
മേല്പൊങ്ങും മൂലകുണ്ഡോപരി ഭവതിയുറ-
- ങ്ങുന്നു തങ്ങുന്ന മോദാല്‍ (10)
ശ്രീകണ്ഠീയങ്ങള്‍ നാലും ശിവയുടെ പരി-
- ഭിന്നങ്ങള്‍ ചക്രങ്ങളഞ്ചും
സാകം ബ്രഹ്മാണ്ഡമൂലപ്രകൃതിപദമിയ-
- ന്നമ്പിടുന്നൊമ്പതോടും
ആകെച്ചേര്‍ന്നെട്ടൊടീരെട്ടിതളിതയൊടെഴും
- വൃത്തരേഖാത്രയം ചേ-
ര്‍ന്നാകം നാല്പത്തിനാലാണരിയ വസതിയോ-
- ടൊത്ത നിന്‍ ചിത്രകോണം (11)
ത്വത്സൌന്ദര്യാതിരേകം തുഹിനഗിരിസുതേ!
- തുല്യമായൊന്നിനോതി-
സ്സത്സാഹിത്യം ചമപ്പാന്‍ വിധിമുതല്‍ വിബുധ-
- ന്മാരുമിന്നാരുമാകാ;
ഔത്സുക്യതാലതല്ലേയമരികളതു കാ-
- ണ്മാനലഭ്യത്വമോര്‍ക്കാ-
തുത്സാഹിക്കുന്നു കേറുന്നതിനിഹ ശിവസാ-
- യൂജ്യമാം പൂജ്യമാര്‍ഗ്ഗേ (12)
ചന്തം കാഴ്ചയ്ക്കു വേണ്ട, ചതുരത ചുടുവാ-
- ക്കോതുവാന്‍ വേണ്ട ചെറ്റും
ചിന്തിച്ചാല്‍ നിന്‍ കടാക്ഷം തടവിയ ജഠരന്‍-
- തന്നെയും തന്വി കണ്ടാല്‍
കൂന്തല്‍ക്കെട്ടൊട്ടഴിഞ്ഞും കുചകലശദുകൂ-
- ലാഞ്ചലം വീണിഴഞ്ഞും
ബന്ധം കാഞ്ചിക്കിഴിഞ്ഞും വിഗതവസനയാ-
- യോടിയെത്തീടുമാര്യേ! (13)
അമ്പത്താറാകുമര്‍ച്ചിസ്സവനിയിലുദകം-
- തന്നിലമ്പത്തിരണ്ടാ-
മംഭസ്സിന്‍ ശത്രുമിത്രങ്ങളിലൊരറുപതും
- രണ്ടുമമ്പത്തി നാലും
തന്‍ഭ്രൂമദ്ധ്യാംബരത്തില്‍ തരമൊടെഴുപതും
- രണ്ടുമുണ്ടൂന്നി നില്‍ക്കു-
ന്നമ്പുന്നെട്ടെട്ടു ചേതസ്സിലുമതിനുമ-
- ങ്ങപ്പുറം ത്വല്‍ പദാബ്ജം (14)
തേനോലും വെണ്ണിലാവിന്‍ ധവളതനുവൊടും
- തിങ്കള്‍ ചൂടും കിരീടം
ധ്യാനിച്ചും തൃക്കരങ്ങള്‍ക്കഭയവരദവി-
- ദ്യാക്ഷസൂത്രങ്ങളോര്‍ത്തും
നൂനം നിന്നെത്തൊഴതങ്ങനെ കവി നിപുണ
- ന്മാര്‍ക്കുദിക്കുന്നു വാക്യം
തേനും പാലും നറും മുന്തിരിയുടെ കനിയും
- തോറ്റ ചട്ടറ്റമട്ടില്‍ (15)
കത്തും കാന്ത്യാ വിളങ്ങും കവിവരഹൃദയാം-
- ഭോജബാലാതപം പോല്‍
ചിത്തത്തില്‍ ചേര്‍ത്തിടുന്നൂ ചിലരുമരുണയാം
- നിന്നെയദ്ധന്യരെല്ലാം
മെത്തും വാഗ്ദേവിതന്നുജ്ജ്വലരസലഹരീ-
- ചാരുഗംഭീരവാണീ-
നൃത്തത്തിന്‍ വൈഭവത്താല്‍ സഹൃദയഹൃദയാ-
- ഹ്ലാദനം ചെയ്തിടുന്നൂ (16)
ചേതസ്സില്‍ ചന്ദ്രകാന്തോപലദലവിശദ-
- ശ്രീനിറഞ്ഞുള്ള ശബ്ദ-
വ്രാതത്തിന്‍ മാതൃഭാവം കലരുമൊരു വശി-
- ന്യാദിയോടൊത്തു നിന്നെ
ബോധിച്ചെടുന്ന മര്‍ത്ത്യന്‍ ബഹുവിധരചനാ-
- സ്വാദ്യമാം പദ്യജാലം
ചെയ്തീടും ചാരുവാണീവദനകമലസൌ-
- രഭ്യസൌലഭ്യമോടും (17)
ദേവി! ത്വദേഹകാന്തിപ്രചുരിമ ദിനനാ-
- ഥന്റെ ബാലാതപം പോല്‍
ദ്യോവും ഭൂവും നിറഞ്ഞുള്ളരുണനിറമൊടും
- ഭാവനം ചെയ്‌വവന്ന്
ആവിര്‍ഭീത്യാ വലഞ്ഞോടിയ വനവരിമാന്‍
- പോലെ വല്ലാത്തനാണം
താവും കമ്രാക്ഷിമാരുര്‍വശിമുതലെവരും
- വശ്യരാം വേശ്യമാരും (18)
ബിന്ദുസ്ഥാനത്തിലാസ്യത്തെയുമഥ കുചയു-
- ഗ്മത്തെയും നിന്നെയും നിന്‍
കന്ദര്‍പ്പന്‍ തന്റെ ധാമത്തെയുമടിയില്‍ മഹാ-
- ദേവി ! ഭാവിക്കുമെന്നാല്‍
അന്നെരത്തുദ്ഭ്രമിക്കുന്നബലകളതു നി-
- സ്സാരമാദിത്യചന്ദ്ര
ദ്വന്ദ്വം വക്ഷോജമാകും ജഗതി മുഴുവനും
- സാമ്പ്രതം സംഭ്രമിക്കും (19)
കായത്തിന്‍ കാന്തിസന്താനകരസമൊഴുകി-
- ച്ചായുമച്ചന്ദ്രകാന്ത-
സ്ഥായിശ്രീചേര്‍ന്നമട്ടില്‍ ഭവതിയുടെ വപു-
- സ്സന്തരാ ചിന്തചെയ്താല്‍
പായിക്കാം സര്‍പ്പദര്‍പ്പം പെരിയ ഖഗപതി-
- ക്കൊത്തുടന്‍ നേത്രനാഡീ-
പീയൂഷസ്രാവശക്ത്യാ ജ്വരിതപരിഭവം
- നോക്കിയും സൌഖ്യമാക്കാം (20)
വിദ്യുത്തോടൊത്ത സൂക്ഷ്മാകൃതിയില്‍ മിഹിരച-
- ന്ദ്രാഗ്നിരൂപത്തിലെന്നും
വിദ്യോതിയ്ക്കും ഷ്ഡാധാരവുമധിഗതമായ്
- നിന്റെ തേജോ വിശേഷം
ഉദ്യത്പത്മാകരത്തിന്നിടയിലതിനെയു-
- ദ്ധൂതമായാമലന്മാര്‍
വിദ്വാന്മാര്‍ കണ്ടുകൈക്കൊണ്ടിടുമൊരു പരമാ-
- നന്ദനിഷ്യന്ദപൂരം (21)
ദാസന്‍ ഞാന്‍ ഗൌരി! നീ മാം പ്രതി കരുണാകല-
- ര്‍ന്നൊന്നു നോക്കെന്നുരയ്ക്കാ-
നാസംഗപ്പെട്ടൊരുമ്പെട്ടരമൊഴി മമ ഗൌ-
- രീതി വാഴ്ത്തും ക്ഷണത്തില്‍
നീ സായൂജ്യം കൊടുക്കുന്നവനു ഹരിവിരി-
- ഞ്ചാദി ചൂഡാഞ്ചലത്തില്‍
ഭാസിക്കും രത്നദീപാവലി പദകമലാ
- രാധനം ചെയ്തിടുന്നൂ. (22)
ചെന്താര്‍ബാണാരി മെയ്യില്‍ പകുതിയപഹരി-
- ച്ചാദ്യമേയദ്യപോരാ-
ഞ്ഞന്തര്‍മ്മോദേന മറ്റേ പകുതിയുമഗജേ!
- നീ ഹരിച്ചെന്നു തോന്നും
എന്തെന്നാല്‍ നിന്‍ ശരീരം മുഴുവനരുണമായ്
- കണ്ണു മൂന്നായി കൊങ്ക-
പ്പന്തിനു ഭാരേണ കൂന്നും പനിമതിയൊടു ചൂ-
- ടുന്ന കോടീരമാര്‍ന്നും (23)
സ്രഷ്ടാ സൃഷ്ടിച്ചിടുന്ന ഹരിയതു പരിപാ-
- ലിച്ചിടുന്നിന്ദുചൂഡന്‍
നഷ്ടം ചെയ്യുന്നു തന്നോടഖിലമഥ മറ-
- യ്ക്കുന്നു ലോകം മഹേശന്‍
സൃഷ്ടിപ്പാനായ് സദാ പൂര്‍വകനുപരി ശിവന്‍
- സ്വീകരിക്കുന്നതും നിന്‍-
കഷ്ടാതീതം ഭ്രമിക്കും ഭ്രുകുടിഘടനതന്‍
- സംജ്ഞയാമാജ്ഞയാലേ (24)
ചിന്തിച്ചാല്‍ മൂര്‍ത്തി മൂന്നായ് ത്രിഗുണമതിലെഴും-
- മൂന്നിനും നിന്റെ പാദ-
ച്ചെന്താരില്‍ ചെയ്തുകൊള്ളും ചതുരതകലരും
- പൂജയേ പൂജയാകൂ
എന്തെന്നാല്‍ നിന്റെ പാദാവഹനവിഹിതര-
- ത്നാസനാസന്നദേശ-
ത്തന്തം കൂടാതെ ഹസ്താഞ്ജലി മുടിയിലണി-
- ഞ്ഞമ്പുമീയുമ്പര്‍കോന്മാര്‍ (25)
ബ്രഹ്മാവും വേര്‍പെടുന്നൂ വിധുവുമുപരമി-
- ക്കുന്നുവൈവസ്വതനും
തന്മൂര്‍ത്തിത്വം കെടുന്നൂ ധനദനുമുടനേ-
- തന്നെ നാശം വരുന്നു
മേന്മെല്‍ നില്‍ക്കും മഹേന്ദ്രാവലിയുമഥ മിഴി
- ക്കുന്നു സംഹാരകാല
ത്തമ്മട്ടും ക്രീഡയല്ലോ ഭഗവതി സതിയാം
നിന്റെ ഭര്‍ത്താവിനോര്‍ത്താല്‍ (26)
സംസാരിക്കുന്നതെല്ലാം ജലമഖിലകര-
- ന്യാസവും മുദ്രയേവം
സഞ്ചാരം ദക്ഷിണാവര്‍ത്തനവുമശനപാ-
- നങ്ങള്‍ ഹോമങ്ങളും മേ
സംവേശം തന്നെ സാഷ്ടാംഗവുമഖിലസുഖം
- താനുമാത്മാര്‍പ്പണത്തിന്‍
സവിത്താല്‍ നിന്‍ സപര്യാവിധിയില്‍ വരിക ഞാന്‍
- കാട്ടിടും ചേഷ്ടയെല്ലാം (27)
വാർദ്ധക്യം മൃത്യുവെന്നീ വലിയഭയമക-
- റ്റുന്ന പീയൂഷപാനം
മെത്തും മോദേന ചെയ്തും മൃതരിഹ വിധിമു-
- മ്പായിടും വിണ്ണവന്മാർ
അത്യുഗ്രക്ഷ്വേളഭുക്കാം തവ പതിയറിയു-
- ന്നില്ലഹോ കാലഭേദം
കത്തും നിൻ കാതിലോലയ്ക്കുടയ മഹിമയാ-
- കുന്നതിൻ മൂലമമ്മേ (28)
മാറ്റൂ മല്ലാസനന തൻ മുടി മധുമഥനൻ-
- തന്റെ കോടീരകോടി-
ക്കേറ്റൂ ഹേ! താൻ തടഞ്ഞൂ സുരപതിമകുട-
- ത്തെപ്പുറത്തോട്ടു തള്ളൂ
മുറ്റും കുമ്പിട്ടിടുമ്പോളിവർ ഭവതിയെഴീ-
- ക്കുമ്പൊളീശൻ വരുമ്പോൾ
തെറ്റെന്നേവം തുടങ്ങുന്നരികിൽ നിജഭടാ-
ലാപകോലാഹലങ്ങൾ (29)
മെത്തും മെയ്യീന്നു പൊങ്ങുന്നണിമ മഹിമയി-
- ത്യാദിയൊത്താഭ ചൂഴും
നിത്യേ ! നിന്നേ നിരൂപിച്ചഹമിതി നിതരാ-
- മേവർ ഭാവിച്ചിടുന്നൂ
തത്താദൃക്‌കാം ത്രിണേത്രന്നുടയ പടിമയും
- ധിക്കരിക്കുന്നവർക്കായ്
കത്തും കാലാഗ്നി നീരാജനമരുളുവതോ
- പാർക്കിലാശ്ചര്യമാര്യേ ! (30)
ഓരോരോ സിദ്ധി നൽകുമ്പടിയൊരറുപതും
- നാലുമുണ്ടാക്കി തന്ത്രം
പാരെല്ലാവും ചതിച്ചപ്പശുപതി പരമാ-
- നന്ദമുൾക്കൊണ്ടിരിക്കെ
പാരം നിർബന്ധമോതിപ്പുനരിഹ പുരുഷാ-
- ർത്ഥങ്ങൾ നാലും കൊടുപ്പാൻ
പോരുന്നിത്തന്ത്രമേവം ക്ഷിതിയിലവതരി-
- പ്പിച്ചു നീ സ്വച്ഛമാര്യേ !(31)
പാരിൽ ക്ലിപ്തം ശിവൻ ശക്തിയുമലർശരനും
- ഭൂമിയും പിന്നെയർക്കൻ
താരാധീശൻ സ്മരൻ ഹംസവുമഥ ഹരിയും
- പിൻപരാ കാമനിന്ദ്രൻ
ഓരോ ഹ്രീങ്കാരമീ മൂന്നിനുമൊടുവിലുദി-
- ക്കുമ്പൊഴീ വർണ്ണജാലം
നേരേ നിൻ നാമധേയത്തിനു ജനനി ! പെടു-
- ന്നംഗമായ് ഭംഗമെന്യേ (32)
നിത്യേ ! നിൻ മന്ത്രരത്നം മുടിയിലലർശരൻ-
- തന്നെയും നിന്നെയും ശ്രീ-
തത്ത്വത്തെയും നിനച്ചും സപദി ചില മഹാ-
- ഭോഗയോഗോത്സുകന്മാർ
ചിത്തം ചേർക്കുന്നു ചിന്താമണിജപപടമേ-
- ന്തിശ്ശിവാവഹ്നിതന്നെ-
ക്കത്തിച്ചക്കാമധുക്കിൻ ഘൃതലഹരി ഹവി-
- സ്സാക്കി ഹോമിച്ചിടുന്നു (33)
സോമര്‍ക്കദ്വന്ദ്വമാകും സ്തനയുഗളമെഴും
- നീ ശിവന്‍ തന്‍ ശരീരം
ശ്രീമാനാകും നവാത്മാവതുമിഹ ഭവദാ-
- ത്മാവതാം ദേവിയോര്‍ത്താല്‍
ഈമട്ടില്‍ ശേഷശേഷിത്വവുമുരുപരമാ-
- നന്ദസംസൃഷ്ടസമ്പദ്-
ധാമത്വം പൂണ്ട നിങ്ങള്ക്കിവിടെയുഭയസാ-
- മാന്യസംബന്ധമത്രേ (34)
നീയേ ചേതസ്സു നീയേപവനപദവി നീ-
- യേ മരുത്തും ഹവിസ്സും
നീയാണംഭസ്സു നീയാണവനി വിവൃതയാം
- നിന്നെവിട്ടന്യമില്ലാ
നീയേ നിന്നെജ്ജഗത്തായ് ജനനി പരിണമി-
- പ്പിക്കുവാന്‍ ചിത്സുഖാത്മാ-
വായും തീരുന്നു പാര്‍ക്കില്‍ പരമശിവനൊടും
- പേരെഴും ദാരഭാവാല്‍ (35)
ഭ്രൂമദ്ധ്യത്തിങ്കലബ്ഭാസ്കരഹിമകരകോ-
- ടിപ്രഭാധാടിയോടും
ശ്രീമച്ചിച്ഛക്തി ചേരും തനുവുടയ ശിവന്‍
- തന്‍ പദം കുമ്പിടുന്നേന്‍
സാമോദം ഹന്ത തത്സേവകനു സകലതേ-
- ജസ്സിനും ഭാസ്സിനും മേല്‍
സോമസ്തോമപ്രകാശം തവ ജനനി ലഭി-
- ക്കുന്നു നിര്‍ല്ലോകലോകം (36)
നണ്ണീടുന്നേന്‍ നഭസ്സിന്നുദയനിലയമായ്
- ശുദ്ധിയില്‍ ശുദ്ധവെള്ള
ക്കണ്ണാടിക്കാന്തികാളും ശിവനെയുമതുപോല്‍
- കേവലം ദേവിയേയും
എണ്ണുമ്പോഴിന്ദുരമ്യദ്യുതിയൊടെതിര്‍പൊരും-
- പോലവര്‍ക്കുള്ള കാന്ത്യാ
ചണ്ഡാന്തദ്ധ്വാന്തവും പോയ് ജഗതി സുഖമൊട-
- മ്പുന്നു ചെമ്പോത്തുപോലെ (37)
ചാലെ പൊങ്ങും ചിദംബോരുഹമധു നുകരാന്‍
- ചാരു ചാതുര്യഭാരം
കോലും സന്മാനസത്തില്‍ കുടിയെഴുമരയ-
- ന്നദ്വയം കുമ്പിടുന്നേന്‍
ആലാപംകൊണ്ടതഷ്ടാദശകലകള്‍ പെറു-
ന്നവഹിക്കുന്നശേഷം
പാലും പാനീയവും പോല്‍ പ്രകലിതഗുണഭാ-
- വത്തെ ദോഷത്തില്‍ നിന്നും (38)
സ്വാധിഷ്ഠാഗ്നിതന്നില്‍ സതതമഭിരമി-
- ക്കുന്ന സംവര്‍ത്തസംജ്ഞന്‍
ഭൂതേശന്‍ തന്നെയും തത്സമയയവലെയും
- മാതൃകേ ! കൈതൊഴുന്നേന്‍
ക്രോധത്തീകത്തിയെത്തുന്നവനുടെ മിഴി ലോ-
- കം ദഹിപ്പിച്ചിടുമ്പോള്‍
ജാതപ്രേമാര്‍ദ്രദൃഷ്ട്യാ ജഗതിയവളു ചെ-
- യ്യുന്നു ശീതോപചാരം (39)
ധാമം തേടുന്ന ശക്ത്യാ തിമിരഭരമക-
- റ്റും തടില്ലേഖയോടും
ശ്രീമന്നാനാമണി ശ്രേണികളണിതിരളു-
- ന്നിന്ദ്രചാപാങ്കമോടും
ശ്യാമശ്യാമാഭയോടും ശിവരവിഹതമാം
- വിഷ്ടപം തന്നില്‍ വൃഷ്ടി-
സ്തോമം പെയ്യുന്ന ധാരാധരമതു മണിപൂ-
- രത്തില്‍ ഞാന്‍ വാഴ്ത്തിടുന്നേന്‍ (40)
മൂലാധാരത്തില്‍ മേവും ഭഗവതി സമയേ
- കിം നവാത്മാവതല്ലേ
നീ ലാസ്യം ചെയ്തിടുമ്പോള്‍ നവരസനടമാ-
- ടുന്ന ദേവന്‍ നടേശന്‍
കാലേ കാരുണ്യമോടൊത്തവിടെയരുളിടും
- നിങ്ങള്‍ സൃഷ്ടിക്കയാനി-
ന്നീ ലോകങ്ങള്‍ക്കശേഷം ജനകജനനിമാ-
- രുണ്ടഹോ രണ്ടുപേരും (41)
കുന്നിന്മാതേ ! ഭവല്‍ കുന്തളമതില്‍ മിഹിര
- ശ്രേണിമാണിക്യമായ് സ്വ-
ച്ഛന്ദം ചേര്‍ത്തുള്ള ചാമീകരമകുടമെടു-
- ത്തെണ്ണി വര്‍ണ്ണിച്ചിടുമ്പോള്‍
ചന്ദ്രച്ഛേദത്തെയമ്മണ്ഡലതിരണമടി-
- ച്ചാശു ചിത്രീഭവിച്ചി-
ട്ടിന്ദ്രന്‍ തന്‍ ചാപമാണെന്നവനെഴുതുമഭി-
- പ്രായമന്യായമാമോ (42)
മുറ്റും തിങ്ങിത്തഴച്ചമ്മിനുമിനുസമതാം
- നിന്റെ നീലോല്പലപ്പൂ-
ങ്കറ്റക്കാര്‍കൂന്തലന്തസ്തിമിരഭരമക-
- റ്റട്ടെ ഞങ്ങള്‍ക്കു ഭദ്രേ!
ചുറ്റും ചേരുന്നതില്‍ പൂനിരകള്‍ സഹജമാം
- തല്‍ സുഗന്ധത്തെ നിത്യം
പറ്റിപ്പോവാന്‍ വലദ്വേഷിയുടെ മലര്‍വന-
ത്തീന്നു വന്നെന്നപോലെ (43)
ക്ഷേമം നല്‍കട്ടെ ഞങ്ങള്‍ക്കയി തവ മുഖസൌ-
- ന്ദര്യനിര്യത്നവേണി-
ക്കോമത്സ്രോതഃപ്രണാളിക്കുരുസമതപെറും
- നിന്റെ സീമന്തമാര്‍ഗം
കാമം തത്രത്യമാം കുങ്കുമനിരയരിയാം
- കുന്തളക്കൂരിരുട്ടി-
ന്നാമത്തില്‍ പെട്ടിരിക്കുന്നരുണകരകിശോ-
രങ്ങളാണെന്നു തോന്നും (44)
കുട്ടിക്കാര്‍വണ്ടിനൊക്കും കുടിലകുറുനിര-
- ക്കൂട്ടമാളും തവാസ്യം
ചട്ടറ്റീടുന്നചെന്താമരയെയുപഹസി-
- ക്കുന്നു സുസ്മേരമാര്യേ
മൃഷ്ടം സൌരഭ്യമുണ്ടാ മൃദുഹസിതരുചി-
- ത്തൊങ്ങലുണ്ടുന്മദത്താല്‍
മട്ടൂറുന്നുണ്ടു മാരാരിയുടെ മിഴികളാ-
- കും മിളിന്ദങ്ങള്‍ മൂന്നും (45)
കത്തും തേജോവിലാസത്തൊടു തവ നിറുക-
- ക്കാന്തി കണ്ടല്‍ കിരീടം
പ്രത്യാരോപിച്ച മറ്റേപ്പകുതി വിധുവതാ-
- ണെന്നു തോന്നുന്നു ഗൌരീ
വ്യത്യസ്തത്വേന വയ്ക്കപ്പെടുമിതു സമമായ്
- രണ്ടുമൊന്നിക്കുമെന്നാല്‍
പുത്തന്‍ പൂവെണ്ണിലാവിന്‍ പുടിക പരിണമി-
- ക്കുന്നു പൂര്‍ണ്ണേന്ദുവായും (46)
തെറ്റെന്നാത്രാസമെല്ലാം ത്രിഭുവനമതിലും
- നീക്കുവാന്‍ വ്യഗ്രയാം നിന്‍
ചെറ്റുള്‍ക്കൂനാര്‍ന്ന ചില്ലിക്കൊടികള്‍ ചടുലവ-
- ണ്ടൊത്ത കണ്ണാം ഗുണത്താല്‍
കുറ്റം കൂടാതിടത്തേക്കരമതില്‍ മണിബ-
- ന്ധത്തിനാല്‍ മുഷ്ടിയാലും
മുറ്റും മദ്ധ്യം മറച്ചാ മലര്‍വിശിഖനെടു-
- ക്കുന്ന വില്ലെന്നു തോന്നും (47)
അല്ലിത്താര്‍ബന്ധുവല്ലോ തവ ജനനി! വലം-
- കണ്ണതിന്നാണഹസ്സും
ചൊല്ലേറും ചന്ദ്രനല്ലോ ചടുലമിഴി!യിടം
- കണ്ണതിനാണു രാവും
ഫുല്ലത്വം പൂര്‍ണ്ണമാകാതൊരു ചെറുതുപുടം
- വിട്ട പൊന്താമരപ്പൂ
വെല്ലും ശ്രീയാര്‍ന്ന മൂന്നാം തിരുമിഴിയതിലാ-
- ണന്തരാ സന്ധ്യതാനും (48)
ചൊല്ലേറീടും വിശാലാ, ചപലകുവലയ-
- ത്താലയോദ്ധ്യാ, നിനച്ചാല്‍
കല്യാണീ കാണ്‍കിലാ ഭോഗവതി മധുര ക-
- ല്ലോല കാരുണ്യധാരാ
കില്ലെന്യേ മാമവന്തീ ബഹുപുരവിജയാ
- കേവലം വൈഭവത്താ-
ലെല്ലാ നീവൃത്തുകള്‍ക്കുള്ളഭിധയോറ്റൂമിണ-
- ങ്ങുന്നു നിന്‍ ദൃഷ്ടിയാര്യേ! (49)
കൊണ്ടാടിക്കാവ്യമോതും കവികളുടെ വചോ-
- വല്ലരിസാരഭാരം
തെണ്ടീടും കാതിലെത്തിക്കടമിഴിയിണയാം
- രണ്ടുവണ്ടിന്‍ കിടാങ്ങള്‍
ഉണ്ടീടുന്മുഖപ്പെട്ടുരുനവരസമെ-
- ന്നുള്ളിലീര്‍ഷ്യാസുബന്ധം-
കൊണ്ടാണല്ലീ ചുവന്നൂ ജനനി ! കൊതിയൊടും
- ചെറ്റു നിന്‍നെറ്റി നേത്രം. (50)
[തിരുത്തുക] ഉത്തരഭാഗം
- കാതോളവും മിഴി കരുങ്കമലത്തിനുള്ള
ചേതോഹരപ്രഭ കലര്‍ന്നൊരു ചാരുമേനി
ശീതാംശുപൂണ്ട ചികുരാവലിയെന്നിതുള്ള
ഭൂതേശപത്നിയുടെ പാദയുഗം തൊഴുന്നേന്‍ (1)
- മൂലത്തിലില്ലാത്തത്, ആശാന്റെ സ്വന്തമായിരിക്കും എന്ന് ഊഹിക്കുന്നു.
ശൃംഗാരശ്രീവിലേപം ശിവനിതരജന-
- ങ്ങള്‍ക്കു ബീഭത്സകുത്സം
ഗംഗാദേവിയ്ക്കു രൌദ്രം ഗിരിശനടുമിഴി-
- ക്കദ്ഭുതൈകാന്തകാന്തം
അംഗാരാക്ഷാഹികള്‍ക്കാബ്‌ഭയയുതമരവി-
- ന്ദത്തിനാവീരമാളീ-
സംഘത്തിന്നംബ ! ഹാസം രസമടിയനു നിന്‍
- കണ്ണു കാരുണ്യപൂര്‍ണ്ണം (2)
കര്‍ണ്ണാന്തത്തോളമെത്തുന്നഴകിയ കഴുകന്‍-
- തൂവലൊത്തക്ഷിരോമം
തിണ്ണം ചേരുന്നു സാക്ഷാത് ത്രിപുരരിപുമന-
- ക്കാമ്പിളക്കുന്നിതഗ്രാല്‍
കണ്ണേവം നിനതോര്‍ക്കില്‍ കുലഗിരികുല ചൂ-
- ഡാമണേ ! കാമദേവന്‍
കര്‍ണ്ണത്തോളം വലിച്ചേറ്റിയ കണകളതിന്‍
- കൌതുകം ചെയ്തിടുന്നു (3)
ലീലാനീലാഞ്ജനത്താല്‍ നലമൊടു നിറഭേ-
- ദങ്ങള്‍ മൂന്നും തെളിഞ്ഞി-
ട്ടാലോലം നിന്റെ നേത്രത്രിതയമതഖിലലോ-
കൈകനാഥൈകനാഥേ!
കാലാഗ്നിപ്ലുഷ്ടരാകുന്നജഹരിഹരരേ-
- പ്പിന്നെയും സൃഷ്ടിചെയ്‌വാന്‍
നീ ലാളിക്കന്ന സത്ത്വപ്രഭൃതി നിജഗുണം
- മൂന്നുമായ് തോന്നുമാര്യേ ! (4)
ഇക്കണ്ടോര്‍ക്കാത്മശുദ്ധികിടയിലിഹ ചുവ-
- പ്പും വെളുപ്പും കറുപ്പും
കൈക്കൊണ്ടാക്കണ്ണു മൂന്നും കനിവൊടുമിയലും
- നീ ശിവായത്തചിത്തേ!
ചൊല്‍ക്കൊള്ളും ശോണമാകും നദമരിയമഹാ-
- ഗംഗ കാളിന്ദിയെന്നാ-
യിക്കാണും മൂന്നു തീര്‍ത്ഥത്തിനുമരുളുകയോ
- സംഗമം മംഗളാഢ്യം (5)
ഉന്മീലിപ്പൂം നിമീലിപ്പതുമുദയലയ-
- ങ്ങള്‍ക്കു ഹേതുക്കളെന്നായ്
ചെമ്മേ ശൈലെന്ദ്രകന്യേ ജഗതി സപദി സ-
- ത്തുക്കള്‍ ചൊല്ലുന്നുവല്ലോ
ഉന്മേഷത്തീന്നുദിക്കും ഭുവനമഖിലവും
- ഘോരസംഹാരതാപം
തന്മേല്‍നിന്നുദ്ധരിപ്പാന്‍ തവ മിഴിയിമവെ-
- ട്ടാത്തതാണോര്‍ത്തിടുമ്പോള്‍ (6)
കര്‍ണ്ണത്തില്‍ പുക്കു നിന്നോടിഹ കുരള കഥി-
- ക്കുന്നു കണ്ണെന്നു നീരില്‍
കണ്ണും പൂട്ടാതൊളിക്കുന്നിതു ശരി കരിമീന്‍ -
- പേടമാര്‍ പേടിമൂലം
ചണ്ഡീ ! നീലാബ്ദഗര്‍ഭച്ഛദമരരമട-
- ച്ചാശു കാലത്തിറങ്ങി-
ത്തിണ്ണെന്നെത്തുന്നു രാവില്‍ തിരിയെയതു തുറ-
- ന്നുള്ളിലാക്കള്ളലക്ഷ്മി (7)
ഫുല്ലിച്ചീടുന്ന നീലംബുജമുകുളനിറം
- പൂണ്ടു നീണ്ടുള്ള കണ്ണാല്‍
തെല്ലീ ദൂരസ്ഥനാം ദീനനിലുമലിവു നീ
- തൂവണം ദേവദേവി
ഇല്ലല്ലോ ചേതമമ്മയ്ക്കിതിലടിയനുടന്‍
- ധന്യനായ് ത്തീരുമല്ലോ
തുല്യം തൂവുന്നു ചന്ദ്രന്‍ കരമടവിയിലും
- മോടിയാം മേടമേലും (8)
ആവക്രം നിന്റെ പാളീയിണകളിവകളെ-
- ന്നദ്രിരാജകന്യേ!
പൂവമ്പന്‍ പൂണ്ട വില്ലിന്‍ പുതുമയഭിനയി-
- ക്കാത്തതാര്‍ക്കാണുരയ്ക്കില്‍
ഏവം തത്കര്‍ണ്ണമാര്‍ഗം വിരവിനൊടു കട-
- ന്നീ വിലങ്ങത്തിലേറി-
പ്പോവും പീലിക്കടക്കണ്മുനകള്‍ കണതൊടു-
- ക്കുന്നപോല്‍ തോന്നിടുന്നു (9)
രണ്ടും ബിംബിച്ചു തങ്കക്കവിളിണ വിരവില്‍
- തക്കചക്രങ്ങള്‍ നാലായ്-
തണ്ടാരമ്പന്റെ തേരായ് തവ മുഖകമലം-
- തന്നെ ഞാനുന്നിടുന്നു
ചണ്ഡത്വത്തോടിതേറിജ്ഝടിതി വിരുതില്‍ വെ-
- ല്ലുന്നു ചന്ദ്രാര്‍ക്കചക്രം
പൂണ്ടീടും ഭൂരഥം പൂട്ടിയ പുരഹരനെ-
പ്പോരില്‍ നേരിട്ടു മാരന്‍ (10)
പുത്തന്‍ പീയൂഷധാരയ്ക്കുടയ പടിമ ക-
- യ്ക്കൊണ്ടു വാഗ്ദേവിയോതും
ചിത്രശ്ലോകങ്ങള്‍ കാതാം പരപുടമതുകൊ
- ണ്ടേറ്റു മുറ്റും നുകര്‍ന്നു
ചിത്താഹ്ലാദപ്രയോഗത്തിനു ഭവതി ശിരഃ
- കമ്പനം ചെയ്തിടുമ്പോള്‍
പ്രത്യാമോദിക്കയല്ലീ ഝണഝണജ്ഝണിതം
- ചണ്ഡി ! നിന്‍ കുണ്ഡലങ്ങള്‍ (11)
ചൊല്‍പ്പൊങ്ങുന്നെന്റെ ശൈലാധിപഭവനപതാ-
- കേ ! നമുക്കൊക്കെയും നി-
ന്മൂക്കായിടും മുളക്കാമ്പിതു മുഹുരിഹ ന-
ല്‍കട്ടെ വേണ്ടും വരങ്ങള്‍
ഉള്‍ക്കൊണ്ടീടുന്ന മുക്താമണികളധികമായ്
- ശീതനിശ്വാസമേറ്റു-
ന്മുക്തീഭൂതങ്ങളത്രേ വെളിയിലതു വഹി
- ക്കുന്ന മുക്താഫലങ്ങള്‍ (12)
ചോരചെഞ്ചുണ്ടതില്‍ തേ സുമുഖി സഹജമാ-
- യുള്ള ശോഭയ്ക്കു തുല്യം
പോരും സാദൃശ്യമോതാം പവിഴലതികമെല്‍
- നല്ല പക്വം ജനിക്കില്‍
പോരാ ബിംബം സമാനം പറവതിനതു ബിം-
- ബിച്ചു സിദ്ധിച്ച കാന്ത്യാ
നേരിട്ടാല്‍ തെല്ലിനോടും ത്രപവരുമധികം
- ത്രാസമാം ത്രാസിലേറാന്‍ (13)
മന്ദസ്മേരാഖ്യമാം നിന്മുഖവിധുവിനെഴും
- വെണ്ണിലാവുണ്ടു ചുണ്ടും
മന്ദിച്ചേറ്റം ചെടിച്ചു മധുരമധികമാ-
- യിച്ചകോരത്തിനെല്ലാം
പിന്നെപ്പാരം പുളിപ്പില്‍ പ്രിയമൊടിവ ശശാ-
- ങ്കന്റെ പീയൂഷവര്‍ഷം
തന്നെസ്സേവിച്ചിടുന്നൂ നിശി നിശി നിയതം
- മോടിയായ് കാടി പോലെ (14)
പ്രാണപ്രേയാനെ നിത്യം പലവുരുവു പുക-
- ഴ്ത്തുന്ന ജിഹ്വാഞ്ചലം തേ
ചേണൊക്കും ചെമ്പരുത്തിക്കുസുമമൊടു സമം
- ദേവി! ശോഭിച്ചിടുന്നൂ
വാണിക്കുള്ളോരു ശുദ്ധസ്ഫടികസദൃശമാ-
- യുള്ള വെള്ളശ്ശരീരം
മാണിക്യമ്പോലെയാകുന്നവിടെ മരുവിടും-
- മൂലമക്കാലമെല്ലാം (15)
തോത്പിച്ചാദൈത്യയൂഥം സപദി പടകഴി-
- ഞ്ഞാത്തലപ്പാവു പൊക്കി
ക്കുപ്പായത്തോടുമാരാല്‍ വരുമളവു കുമാ-
- രേന്ദ്രനാരായണന്മാര്‍
ത്വദ്ഭര്‍ത്രൂച്ഛിഷ്ടമോര്‍ക്കില്‍ പ്രമഥനിതി വെറു
- ത്തും മുറുക്കുന്നു വാങ്ങി-
ക്കര്‍പ്പൂരച്ചേദമോടും തവ കവിളിനക
- ത്തമ്പിടും തമ്പലങ്ങള്‍ (16)
ചെന്താര്‍ബാണാരിചിത്രസ്തുതികള്‍ പലതുമാ-
- വാണി വായിച്ചിടുമ്പോള്‍
ചിന്തും മോദേന നീയും ചെറുതു തല കുലു-
- ക്കീട്ടു ചൊല്ലാന്‍ തുടര്‍ന്നാല്‍
പൈന്തേനിന്‍ വാണി ! നിന്‍ വാങ്മാധുരിമയതിനാല്‍
- ശബ്ദമേറായ്കമൂലം
സ്വന്തം കൈവീണതന്നെക്കവിയണയിലെടു-
- ത്തിട്ടു കെട്ടുന്നു വേഗം (17)
ഉണ്ണിക്കാലത്തു കൈകൊണ്ടഗപതിയനുമോ-
- ദിച്ചതായും സദാ മു-
ക്കണ്ണന്‍ മോഹാന്ധനായ് വന്നധരമതു കുടി
- പ്പാനുയര്‍ത്തുന്നതായും
വര്‍ണ്ണിപ്പാന്‍ വസ്തുകിട്ടാത്തൊരു കരഗതമാം
- വാമദേവന്റെ വക്ത്ര-
ക്കണ്ണാടിത്തണ്ടതാം നിന്‍ ചിബുകമടിയനി-
- നോര്‍ക്കിലെന്തൊന്നുരയ്ക്കും (18)
കണ്ടീടാം ദേവി ! നിത്യം ഹരകരപരിരംഭത്തി-
- ലുദ്ധൂതമാം നിന്‍
കണ്ഠത്തില്‍ കണ്ടകമ്പൂണ്ടൊരു മുഖകമല-
- ത്തിന്റെ തണ്ടിന്റെ ലക്ഷ്മി
ഉണ്ടേവം കാരകില്‍ച്ചേറുരുവിയഥ കറു-
- ത്തും സ്വഗത്യാ വെളുത്തും
തണ്ടിന്‍ താഴത്തു തണ്ടാര്‍ വലയവടിവിലും
- ചാരുവാം ഹാരവല്ലി (19)
പണ്ടാവേളിക്കു ബന്ധിച്ചൊരു ചരടുകള്‍ തന്‍
- ലഗ്നകം പോല്‍ കഴുത്തില്‍
ക്കണ്ടീടും രേഖ മൂന്നും ഗതിഗമകമഹാ
- ഗീത ചാതുര്യവാസേ!
കൊണ്ടാടും ശോഭതേടുന്നിതമിതമധുരാം
- രാഗരത്നാകരത്വം
തെണ്ടും ഗ്രാമത്രയത്തിന്‍ സ്ഥിതിയെ നിലനിറു-
- ത്തുന്ന കാഷ്ഠാത്രയം പോല്‍ (20)
ലോലത്വം പൂണ്ട തണ്ടാര്‍വലയമൃദുലമാം
- നിന്റെ കൈനാലുമേലും
ലാലിത്യം വാഴ്ത്തിടുന്നു നളിനനിലയനന്‍
- നാലുവക്ത്രങ്ങള്‍ കൊണ്ടും
കാലപ്രദ്ധ്വംസിതന്‍ കൈനഖനിരയിലലം
- പേടിയായ് ശിഷ്ടശീര്‍ഷം
നാലിന്നും ദേവിയൊന്നായഭയകരമുയ-
- ര്‍ത്തീടുമെന്നൂഢബുദ്ധ്യാ (21)
പുത്തന്‍ ചെന്താമരപ്പൂനിറമരിയ നഖം
- കൊണ്ടു നിന്ദിച്ചിടും നിന്‍ -
കൈത്താരിന്‍ കാന്തി ഞാനെങ്ങനെ പറയുമുമേ
- ഹന്ത നീ തന്നെ ചൊല്‍ക
നൃത്തംചെയ്യും മഹാലക്ഷ്മിയുടെ കഴലിണ-
- യ്ക്കേലുമാലക്തകം പൂ-
ണ്ടത്യര്‍ത്ഥം നില്‍ക്കിലപ്പങ്കജമൊരു ലവലേ-
- ശത്തിനോടൊത്തിടട്ടേ (22)
അമ്പൊത്തൊന്നിച്ചു ലംബോദരനുമനുജനും
- വന്നു പാലുണ്ടിടും നിന്‍
തുമ്പെപ്പോഴും നനഞുള്ള കുചയുഗളം
- തീര്‍ക്കുമെന്‍ ദുഃഖമെല്ലാം
മുന്‍പില്‍ കണ്ടായതിന്നും ദ്വീപവദനനുമേ!
- ഹാസ്യമമ്മാറു മോഹാല്‍
തുമ്പിക്കൈകൊണ്ടു തൂര്‍ണ്ണം ശിരസി തടവി നോ-
- ക്കുന്നു തത് കുംഭയുഗ്മം (23)
മാണിക്യത്തോല്‍ക്കുടംതാനമൃതഭരിതമാ-
- കുന്നതാകുന്നു രണ്ടി-
ക്കാണും നിന്‍ കൊങ്ക കുന്നിന്‍കൊടി!യടിയനിതി-
- നില്ല തെല്ലും വിവാദം
ചേണൊക്കുന്നായതുണ്ടിഹ ഗനപതിയും
- സ്കന്ദനും നാരിമാരെ
ഘ്രാണിച്ചീടാതെയിന്നും തവ മുലകുടി മാ-
- റാത്ത കൈത്തോകകങ്ങള്‍ (24)
ചണ്ഡത്വം പൂണ്ട നാഗാസുരനുടെ തല കീ-
- റീട്ടെടുത്തുള്ള മുത്തിന്‍ -
ഷണ്ഡത്തെക്കോര്‍ത്തു കൊങ്കത്തടമതിലനിയും
- മുഗ്ദ്ധമുക്താരസം തേ
ചണ്ഡീ! ചെന്തൊണ്ടിതൊല്‍ക്കുന്നധരരുചികളാല്‍
- ചിത്രമായാ പ്രതാപോ-
ദ്ദണ്ഡശ്രീയില്‍ കലര്‍ന്നീടിന പുരരിപുവിന്‍
മൂര്‍ത്തയാം കീര്‍ത്തിപോലെ (25)
പാലെന്നുള്ളോരു കള്ളത്തൊടുമയി ജനനീ!
- വൈഖരീശബ്ദജാല-
പ്പാലംഭോരാശിയല്ലോ തവ ഹൃദയമതീ-
- ന്നൂര്‍ന്നു പായുന്നതോര്‍ത്താല്‍
കോലും വാത്സല്യമോടും ദ്രവിഡശിശുവിനായ്
- നീ കൊടുത്താസ്വദിച്ചാ-
ബാലന്‍ സംവൃത്തനായാന്‍ പ്രഥിതകവികളില്‍
- ദിവ്യനാം കാവ്യകര്‍ത്താ (26)
ദേവന്‍ തന്‍ ക്രോധമാകും ദഹനശിഖകളില്‍
- ദ്ദേഹമാഹന്ത വെന്താ-
പ്പൂവമ്പന്‍ വന്നു വീണാന്‍ ഝടിതി ഭവതിതന്‍
- നാഭിയാം വാപിതന്നില്‍
ആവിശ്ശ്യാമാഭമപ്പോള്‍ ചെറിയ പുക പുറ-
- പ്പെട്ടു മേല്‍പ്പോട്ടതിന്നും
ഭാവിച്ചീടുന്നു ലോകം ജനനി ഭവതിതന്‍
- രോമദാമാഭയെന്നും (27)
കണ്ടാല്‍ കാളിന്ദിനീരിന്‍ ചെറിയ ക-
- ല്ലോലകമ്പോലെയേതാ-
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ
ബുദ്ധിമാന്മാര്‍ക്കതോര്‍ക്കില്‍
കണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിട
- യ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയില്‍ വരികയാ-
- ണെന്നു തോന്നീടുമാര്യേ (28)
മാറിപ്പോകാത്ത മന്ദാകിനിയുടെ ചുഴിയോ
- മൊട്ടു രണ്ടിട്ടു രൊമ
ത്താരൊക്കും തൈലതയ്ക്കുള്ളരിയൊരു തടമോ
- താര്‍ശരക്കര്‍ശനത്തീ
നീറീടും കുണ്ഡമോ നാഭികയിതു രതിതന്‍
- നിത്യമാം കൂത്തരങ്ങോ
ദ്വാരോ സിദ്ധിക്കു ഗൌരീഗിരീശമിഴികള്‍തന്‍
- വീക്ഷ്യമാം ലക്ഷ്യമെന്നോ (29)
പണ്ടേ പാരം ക്ഷയിച്ചും പെരിയ കുചഭരം
- കൊണ്ടുപിന്നെ ശ്രമിച്ചും
കണ്ടാലാനമ്രയാം നിന്‍ കടിലതികയൊടി
ഞ്ഞീടുമിന്നെന്നു തോന്നും
കണ്ടിക്കര്‍വേണിമൌലേ നദിയുടെ കരനി
- ല്‍ക്കും മരത്തിന്റെ വേരിന്‍
തണ്ടോളം സ്ഥൈര്യമേയുള്ളതിനു ധരസുതേ
- നന്മ മേന്മേല്‍ വരട്ടേ (30)
അപ്പപ്പോള്‍ വിയര്‍ത്തും വിരവിനൊടു വിജൃം
- ഭിച്ചും കക്ഷം കവിഞ്ഞും
കുപ്പായത്തിന്‍ കുഴഞ്ഞുള്ളൊരു കവിളു മുറി-
- ക്കുന്ന കൊങ്കക്കുടങ്ങള്‍
കല്പിച്ചിട്ടാശുകാമന്‍ ജനനിയൊടിയുമെ
- ന്നോര്‍ത്തു നിന്‍ മദ്ധ്യദേശം
കെല്‍പ്പോടും മൂന്നുവട്ടം ലവലിലതകളാല്‍
- കെട്ടിനാന്‍ തിട്ടമാര്യേ (31)
ഭാരം വിസ്താരമെന്നീവകയെ നിജ നിതം-
- ബത്തില്‍ നിന്നന്ദ്രിരാജന്‍
വാരിത്തന്നായിരിക്കാം തവ ജനനി വധൂ
- ശുല്‍ക്കമായുള്ളതെല്ലാം
നേരോര്‍ക്കുമ്പോഴതല്ലേയതിവിപുലഭരം
- നിന്റെ നൈതംബബിംബം
പാരാകത്താന്‍ മറയ്ക്കുന്നതിനെ ലഘുവതായ്
- ചെയ്കയും ചെയ്തിടുന്നു (32)
തത്തല്‍ കുംഭീന്ദ്രര്‍ തേടും കരനിരകളതും
- തങ്കവാഴതരത്തില്ന്‍
പുത്തന്‍ കാണ്ഡങ്ങളും പോര്‍ത്തുടകളിവകളാല്‍
- നിന്നു നീ വെന്നു രണ്ടും
ഭര്‍ത്താവിന്‍ മുമ്പു കുമ്പിട്ടധികപരുഷമാം
- വൃത്തജാനുദ്വയത്താല്‍
കര്‍ത്തവ്യജ്ഞേ ജയിക്കുന്നമരകരിവരന്‍
- കുംഭവും ശംഭുജായേ (33)
യുദ്ധേ തോത്പിച്ചിടേണം ശിവനെ നിയതമെ-
- ന്നാശ്ശരശ്രേണിയിപ്പോള്‍
പത്താക്കിപ്പഞ്ചബാണന്‍ ഭവതിയുടെ കണ-
- ങ്കലു തൂണീരമാക്കി
പ്രത്യക്ഷിക്കുന്നിതെന്‍ കീഴ്‌നഖരകപടമായ്
- പത്തുമസ്ത്രാഗ്രമാര്യേ
നിത്യം വാനോര്‍കിരീടോപലനികഷമതില്‍
- തേച്ചെഴും മൂര്‍ച്ചയോടും (34)
വേദങ്ങള്‍ക്കുള്ള മൂര്‍ദ്ധാക്കളില്‍ മുടികള്‍സമം
- ചേരുമച്ചാരുവാം നിന്‍
പാദദ്വന്ദ്വം കനിഞ്ഞെന്‍ ജനനി മമ ശിരോ
- ദിക്കിലും വയ്ക്കണം നീ
യാതൊന്നിന്‍ പാദതീര്‍ത്ഥം ഹരനുടെ ജടയില്‍
- തങ്ങിടും ഗംഗയല്ലോ
യാതൊന്നിന്‍ ലാക്ഷ സാക്ഷാല്‍ നൃഹരിമകുടമാ-
- ണിക്യവിഖ്യാതയല്ലോ (35)
നമിന്നോതാം നമസ്സിന്‍നിരകള്‍ നയനര-
- മ്യാഭമായ് നല്ലരക്കില്‍
താവും കമ്രാഭിരാമദ്യുതിയധികമെഴും
- നിന്നടിത്താരിനാര്യേ!
ഭാവിച്ചീടുന്നതിന്‍ താഡനരസമിവനെ-
- ന്നെന്നുമന്തഃപുരപ്പൂം-
കാവില്‍ കാണുന്ന കങ്കേളിയൊടു പശുപതി-
- ക്കെപ്പൊഴില്ലഭ്യസൂയ? (36)
പേരല്പം മാറിയോതിപ്പുനരടിപണിവാന്‍
- വന്നുടന്‍ കള്ളലജ്ജാ-
ഭാരം കാണിച്ചു വീഴും പതിയുടെ നിടിലം
- തന്നില്‍ നിന്‍ ധന്യപാദം
പാരം തല്ലുന്ന നേരം ദഹനപരിഭവം
- വീണ്ടതെങ്ങും ജയത്താല്‍
ചേരും പാദാംഗദത്തിന്നൊലി കിലികിലിതം
- ചെയ്തതാം ചൂതബാണന്‍ (37)
മഞ്ഞില്‍പ്പെട്ടെങ്കില്‍ മങ്ങും മുഴുവനിരവിലും
- നിന്നുറങ്ങും വിശേഷാല്‍
കഞ്ജത്താരേകലക്ഷ്മിനിലയമിതു കഴല്‍-
- ത്താമരത്താരു രണ്ടും
മഞ്ഞേലും കുന്നിലാടും പകലുമിരവിലും
- ശോഭതേടും ഭജിച്ചാല്‍
മഞ്ജുശ്രീ വേണ്ടതേകും പുനരിതിനു ജയം
- ചിത്രമോ? ഗോത്രകന്യേ! (38)
ചൊല്ലിന്നസ്ഥാനമാം നിന്‍ ചരണമഴലിന-
- സ്ഥാനമാമായതിന്നും
തുല്യം വല്ലാത്തൊരാമപ്പിടയുടെ മുതുകെ-
- ന്നോതിയാല്‍ സാധുവാമോ?
മെല്ലെന്നാ വേളിനാളില്‍ പദമലരു കരം
- രണ്ടുകൊണ്ടും പിടിച്ചാ-
ക്കല്ലിന്മേല്‍ വച്ച കാലാരിയുടെ കടുമന-
- സ്സിന്നു കാരുണ്യമുണ്ടോ? (39)
വാനില്‍ തങ്ങുന്ന വാര്‍കേശ്ശികള്‍ കരകമലം
- കൂമ്പുമാറമ്പിളിക്കൊ-
ത്തൂനം വിട്ടീ നഖമ്പൂണ്ടടികളുപഹസി-
- ക്കുന്നതാം നന്ദനത്തെ
വാനോര്‍മാത്രം വരിച്ചാല്‍ കരതളിരതിനാല്‍
- കല്പകം ഭിക്ഷയേകും
ദീനന്മാക്കേകിടും നിന്‍ പദതളിരനിശം
- ഭവ്യമാം ദ്രവ്യമാര്യേ! (40)
ഭാവം കണ്ടിട്ടു വേണ്ടും പദവി പരവശ-
- ന്മാര്‍ക്കു ചേര്‍ക്കുന്നതായും
താവും സൌന്ദര്യസാരദ്യുതിയെ മധുവൊഴു-
- ക്കായൊഴുക്കുന്നതായും
ദേവി ത്വത്‌പാദമെന്നുള്ളമരലതികതന്‍
- പൂംകുലയ്ക്കുള്ളിലിന്നെന്‍
ജീവന്‍ ജീവിക്കുമാറിന്ദ്രിയമൊടുമറുകാല്‍
- പൂണ്ടു വണ്ടായ് വരട്ടെ (41)
തെറ്റിപ്പോയിട്ടുപോലും തവ നടയെ മുതി-
- ര്‍ന്നഭ്യസിക്കുന്നപോല്‍ നിന്‍
മുറ്റത്തുള്ളോരു ഹംസപ്പിടകള്‍ വെടിയുമാ
- റില്ലഹൊ തുല്യയാനം
മറ്റെന്തോതുന്നതോര്‍ത്താല്‍ തവ കഴല്‍മണിമ-
- ഞ്ജീരമഞ്ജുസ്വരത്തില്‍
കുറ്റം കൂടാതവയ്ക്കും ഗതിമുറയുപദേ-
ശിക്കയാം ശ്ലാഘ്യയാനേ! (42)
സേവാസന്നദ്ധരാകും ദ്രുഹിണഹരിഹര-
- ന്മാര്‍ഭവന്മഞ്ചമായാര്‍
മേല്‍വസ്ത്രം മൂടുകെന്നായതിനു ശിവനുമാ-
- സ്വച്ഛകാന്തിച്ഛലത്താല്‍
ദേവി! ത്വദ്ദേഹദിവ്യപ്രഭകളുടനതില്‍ -
- പ്പെട്ടു രക്താഭനായാ-
ദ്ദേവന്‍ ശൃംഗാരമൂര്‍ത്തിദ്യുതിസദൃശമഹോ
- കണ്ണിനാനന്ദമായാന്‍ (43)
മല്ലിക്കാര്‍കൂന്തല്‍തന്നില്‍ കുടിലത മൃദുഹാ-
- സത്തിലത്യാര്‍ജ്ജവം വന്‍
കല്ലിന്‍ ദാര്‍ഢ്യം കുചത്തില്‍ കുസുമസഹജ-
- സൌഭാഗ്യമന്തര്‍ഗ്ഗതത്തില്‍
സ്ഥൌല്യം ശ്രോണീഭരത്തില്‍ സ്ഫുടതരമരയില്‍
- സൌക്ഷ്മ്യേവം ജഗത്തി-
ന്നെല്ലാമാലംബമാകും ശിവകരുണ ജയി
- ക്കുന്നു ശോണാഭിരാമാ (44)
അങ്കം കസ്തൂരിയാണങ്ങതിധവളകലാ-
- രാശി കര്‍പ്പൂരമാണാ
ത്തിങ്കള്‍ബിംബം ജലാഢ്യം മരതകമരവി-
- ത്തട്ടമാണിട്ടുവയ്പ്പാന്‍
ശങ്കിപ്പാനില്ലതിങ്കല്‍ ഭവതിയതുപയോ-
- ഗിച്ചു പാത്രം വെടിഞ്ഞാല്‍
സങ്കേതിക്കുന്നു വീണ്ടും വിധിയതിലഖിലം
- ദേവി! നിന്‍ സേവനാര്‍ത്ഥം (45)
അമ്പോടോര്‍ക്കുമ്പൊഴാര്യേ ! ഭഗവതി പുരഭി
- ത്തിന്റെയന്ത:പുരം നീ
നിന്‍ പൂജാവൃത്തി പിന്നീയനിയതകരണ-
- ന്മാര്‍ക്കു സിദ്ധിക്കുമോവാന്‍
ജംഭാരിപ്രഖ്യരാകും വലിയ വിബുധരും
- തുല്യമില്ലാത്ത സിദ്ധ്യാ
സമ്പന്നന്മാരതായിട്ടണിമമുതലൊടും
- ദ്വാരചാരത്തിലല്ലേ? (46)
ധാതാവിന്‍ പത്നിതന്നെക്കവികലനുഭവി-
- ക്കാത്തതാരാണുരയ്ക്കില്‍
ശ്രീദേവിയ്ക്കും നിനച്ചാലിഹ പതിയെവനാ-
- ക്കില്ലരക്കാശിരിക്കില്‍
ഭൂതേശന്തന്നെ വിട്ടെന്‍ഭഗവതി സതികള്‍
- ക്കുത്തമോത്തംസമേ നീ
ചൂതേലും കൊങ്കചെരന്‍ കുരവകതരുവും
- ഗോത്രജേ പാത്രമല്ലാ (47)
പാലോലും വാണി പദ്മാസനനു രമണിയാ-
- പ്പത്മനാഭന്നു പദ്മാ
ഫാലാക്ഷന്‍പത്നിയാള്‍ പാര്‍വതിയിതി പറയു-
- ന്നുണ്ടഹോ പണ്ഡിതന്മാര്‍
നാലാമത്തേതിതേതാണ്ടവിദിതമഹിമാ
- ഹാ മഹാമായേ ഹാ നി-
ര്‍വേലാ വിശ്വം ഭ്രമിപ്പിപ്പവള്‍ ഭവതി പര-
- ബ്രഹ്മപട്ടാഭിഷിക്ത (48)
എപ്പോഴാണംബ ലാക്ഷാരസ കലിതമാം
- നിന്റെ പൊന്‍താമരപ്പൂം
തൃപ്പാദക്ഷാളതീര്‍ത്ഥോദകമരുള്‍ക കുടി
- ക്കുന്ന വിദ്യാര്‍ത്ഥിയായ് ഞാന്‍
ഉല്പത്യാമൂകനും നിന്നുരുകവിത പൊഴി-
- പ്പിക്കുമത്തീര്‍ത്ഥമേന്തു-
ന്നെപ്പോഴാണംബ വാണീവദനകമലതാം-
- ബൂലലീലാരസത്വം (49)
ബ്രഹ്മാണിക്കും രമയ്ക്കും വിധിഹരിസമനായ്
- തന്നെ വാണുല്ലസിക്കും
രമ്യം സൌഭാഗ്യമാര്‍ന്നാ രതിയുടയ സതീ-
- നിഷ്ഠയും ഭ്രഷ്ടയാക്കും
ചെമ്മേ ജീവിച്ചിരിക്കും ചിരമിഹ പശുപാ-
- ശങ്ങളെല്ലാമരുക്കും
ബ്രഹ്മാനന്ദാഭിധാനം രസവുമനുഭവി
- ക്കും ഭവദ്ഭക്തനാര്യേ! (50)
ദീപത്തിന്‍ ജ്വാലതന്നാല്‍ ദിനകരനു സമാ-
രാധനം ദേവി, യിന്ദു-
ഗ്രാവത്തില്‍ ശീകരത്താല്‍ ഹിമകരനു വിധി
ക്കുന്ന പൂജാവിധാനം
ആപം തന്റേതെടുത്തംബുധിയതിനരുളും
- തര്‍പ്പണം തന്നെ നിന്നെ
ബ്ഭാവിച്ചീ നിന്റെ വാക്കാല്‍ ജനനി! ലിപിമയീ!
- തീര്‍ത്തൊരിസ്തോത്രജാലം. (51)
സൌന്ദര്യലഹരി ഭാഷ സമാപ്തം.