സ്പന്ദിക്കുന്ന അസ്ഥിമാടം/സൗഹൃദമുദ്ര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പ്രിയസഹജ, ഭവാനയച്ച മാദ്ധ്വീ-
മയകവനാത്മകലേഖനപ്രസൂനം,
നിയതമഴലിൽ നീറുമെന്മനസ്സിൽ
സ്വയമമൃതം പകരുന്നിതിന്നു നൂനം.

തവ മൃദുഹൃദയത്തിലെന്നോടുള്ളോ-
രവധിയെഴാത്തൊരു സൌഹൃദം സ്മരിയ്ക്കെ,
നവപുളകമണിഞ്ഞണിഞ്ഞു, ഹർഷോ-
ത്സവജയഭേരിയടിപ്പിതെൻ ഹൃദന്തം.

അനുപമഗുണവാരിധേ, ഭവാനെ-
ന്നനുചിതജീവിതരീതിയാധിചേർപ്പൂ;
മനുജനു വിധി നീക്കിടാവതല്ലീ-
യനുജനൊടങ്ങതിൽ നീരസപ്പെടൊല്ലേ!

മതി മമ തകരുന്നു, ദൈവകോപം
പതിയു, മെനിയ്ക്കു ലഭിയ്ക്കുമുഗശാപം;
ഗതിയിവനിനിയില്ല-നിത്യതപ്ത-
സ്മൃതികളിലിങ്ങനെ നീറി ഞാൻ മരിയ്ക്കും!

ഇതുവരെയുലകിങ്കലന്യരെപോ-
ലതുലപരാക്രമ, വാണിരുന്ന നമ്മൾ,
ഇതുവിധമൊരുപോലെ ജീവനായ്ത്തീർ-
ന്നതു, കരുതീടുകി, ലാത്മബന്ധമല്ലേ?

നിയതിഗതിയി, ലായതിൻ വിലാസോ-
ദയമനിവാര്യ, മശേഷവിശ്വവശ്യം;
നിയതമതിനു നാം വിധേയരായ്, നിർ-
ഭയമതിനെപ്പുണരുന്നതല്ലി കാമ്യം?

ഒരുപിടി മണലിന്നു മേന്മയെന്തു,-
ണ്ടൊരു ദിനമാ മണൽ മണ്ണടിഞ്ഞിടില്ലേ?
വരുവതുവരു, മാക്രമിയ്ക്കു, മയേ്യാ,
പൊരുതുകിലും ഫലമില്ല, കാലുതെറ്റും!

തടയുവതിലൊരർത്ഥമി, ല്ലൊഴുക്കാ-
ക്കടയൊടടുത്തു മറിച്ചു കൊണ്ടുപോകും;
വിടപികഥയിതാണു, പിന്നെ വാഴ-
ത്തടയുടെയോ?- വിജയിപ്പൂ, ഹാ, വിധേ, നീ!

അലറിയലറിയെത്തുമിക്കൊടുങ്കാ-
റ്റലകൾ മുറിച്ചു മുറിച്ചു നീന്തി നീന്തി,
ഉലവൊരു ചിറകിന്നു തെല്ലുപോലും
ബലമിനിയില്ല തകർന്നു വീണുപോം ഞാൻ!

അലഘുതരസുദീപ്തപൌരുഷോഗാ-
നല, തവ രാജസദാഹകാഭ കാൺകേ,
ചില രിപുശലഭങ്ങളാത്തഗർവ്വം
നിലയറിയാതെതിരിട്ടിടാനണഞ്ഞു.

ചിലരതിലുടൻ വെന്തു വീണൊടുങ്ങീ;
ചിലർ ചിറകറ്റു പിടഞ്ഞു പിന്മടങ്ങീ;
പലരുമുടലു ചൂടുതട്ടി ഞെട്ട്ടി-
പ്പലവഴി പാഞ്ഞു പലായനം തുടങ്ങീ.

ഫലരഹിതമിതെന്നു കണ്ടറിഞ്ഞോർ
ചില നയശാലികൾ, പിന്നിലായി നിന്നോർ,
നലമൊടിതിനു ചുറ്റുമായി, മിത്ര-
ച്ഛലകുതുതോത്സവനർത്തനം തുടങ്ങീ.

പ്രിയമധുരസൌഹൃദാമൃതാർദ്രാ-
ശയ, തവ സാത്വികസാത്വനാഭ കാൺകേ,
നിയതമരികിലങ്ങയോടു ചേർന്നാ-
മയമണയാതെ സഖാക്കളുല്ലസിപ്പൂ.

കനിവു ഹിമകണങ്ങൾ പോലെ ചിന്നി-
ജ്ജനിതവിനോദസുഗന്ധസാന്ദ്രമായി,
അനിശമഴകിൽ മുങ്ങിനിൽപൊരോമൽ-
പ്പനിമലരാണു തവാമലാർദ്രചിത്തം!

കവിപദചപലാഭിലാഷമാണാ-
ക്കവിതയുമായി രമിപ്പവർക്കുലക്ഷ്യം;
കവിതിലക, ഭവാനതല്ല, ഹൃത്തിൽ-
ക്കവിയുവതുണ്ടതുകൊണ്ടു ചാരിതാർത്ഥ്യം.

അവികലവിമലാനുഭൂതിയുൾക്കൊ-
ണ്ടവിരളകോമളഗാനധാരതൂകി,
ഛവിയിളകുമസീമകാവ്യപുഷ്പാ-
ടവിയി, ലയേ, കളകണ്ഠ, നീ ലസിപ്പൂ!

ഇവനൊരു കവിപോലും!- ആയിരിയ്ക്കാം,
ശിവ, ശിവ, ഞാനതുകൊണ്ടു വീർപ്പുമുട്ടി
അവസരമിവനില്ല വിശ്രമത്തി-
ന്നവനിയെനിയ്ക്കിതൊരഗ്നികുണ്ഡമായി!

കവി, കവി, സുകൃതസ്വരൂപി, യോർക്കിൽ
ഭുവിയതുപോലൊരു ഭാഗ്യശാലിയുണ്ടോ?
എവിടെ നിജപദം, പവിത്ര, മെങ്ങീ-
യവിഹിതമോഹിതശപ്തപാപകീടം?

ചരിതമറിവതാ, രെനിയ്ക്കു മേന്മേ-
ലെരിയുകയാണു യശസ്സിനുള്ളദാഹം!
പരിധൃതവിഷവിത്തപാദപത്തിൽ
പരിധിപെടാതെ പടർന്നിടുന്നു മോഹം!

എവിടെവിടെ വിലക്കിടുന്നു ഞാൻ, ഞാ-
നവിടവിടാർത്തു മദിച്ചു മത്തടിപ്പൂ;
കവി, കവി, കവിയാണുപോലുമയേ്യാ,
കവിണി ചുഴറ്റിയെറിഞ്ഞിടേണ്ടൊരീ ഞാൻ!

മമ സഹജ കഥിയ്ക്കുകിത്ര കാലം
മമതയോടെങ്ങനെ പോറ്റിയെന്നെ ലോകം?
ശമഗുണനില നോക്കു, കർത്ഥവത്തീ
ക്ഷമ, യിതിലിപ്പൊഴുമുല്ലസിപ്പൂ ഹാ, ഞാൻ!

നരനിലനഘദൈവികാംശമേറെ-
ത്തിരളുവതാണു കവിത്വമെന്നിരിയ്ക്കിൽ,
ഹര, ഹര, കവിമാനിയാവ, തയേ്യാ,
ഗരളസമഗതമോഗനിപ്പിശാചോ?

ക്ഷിതി നരകസമാനമായി, ധർമ്മ-
ച്യുതിയുടെ ചൂടിലെനിയ്ക്കു വീർപ്പുമുട്ടി;
മൃതിയണവതിനാശയായി-പക്ഷേ
മുതിരുകയില്ലിവനാത്മഹത്യചെയ്യാൻ!

അതിനു മൊരുവ, നൽപമൊക്കെ വേണം
മതിഘടനയ്ക്കൊരു മാർദ്ദവം, മഹത്വം;
ചതിയൊടഖിലദൌഷ്ട്യമൊത്തെഴുന്നെൻ-
മതിയിതിനില്ലതിനുള്ള മേന്മപോലും!

നിയമബിരുദസിദ്ധിയിങ്കലൊട്ടും
പ്രിയമിവനി,ല്ലറികാത്മമിത്രമേ, നീ!
ഹയരഹിതരഥസ്ഥസാരഥിയ്ക്കെ-
ന്തയനനിയന്ത്രണ, മെന്തിനശ്വദണ്ഡം?

മതി മതി, ലവമിന്നു നന്മയിങ്കൽ-
ക്കൊതിയിവനില്ല, നശിച്ചിടട്ടെ, ഹാ, ഞാൻ;
പതിയുമുയരുകിൽ-പ്പറന്നു മേഘ-
ദ്യുതിയി, ലിതാ ചിറകറ്റു ഞാൻപതിപ്പൂ!

സുലഭവിഭവ, ഭാഗ്യസിന്ധുവിൻ പൊ-
ന്നലകളിൽ വാണിടുമാർദ്രരാജഹംസ,
സുലളിതസുഖസുപ്രഭാത മങ്ങേ-
യ്ക്കലഘുനവോന്നതി നിത്യവും തരട്ടേ!

ഗുണമിളിത, മനഗർഘധർമ്മദാര-
പ്രണയമയോജ്ജ്വല, മങ്ങതൻ കുടുംബം,
പ്രണമിതജനസേവനാങ്കിതാന്തം
പ്രണവസമാനസനാതനപ്രശാന്തം;

സുതവദനനവാരവിന്ദമന്ദ-
സ്മിതമകരന്ദമനോജ്ഞധർമ്മസാന്ദ്രം!-
ഹതനിവനതു വിസ്മരിയ്ക്കുകില്ലാ
ക്ഷതമിയലാത്ത കുടുംബഭാഗധേയം!

ഉടലിനു സുഖമില്ല, നീരിറങ്ങി-
ത്തുടയിലണഞ്ഞിഹ താവളം പിടിച്ചു;
ഇടയിടെ ജലദോഷമുണ്ടു, തുമ്മി-
പ്പിടയുവതേറ്റമസഹ്യമെൻസുഹൃത്തേ!

പനി മമ പതിവാണു, വന്നു പോകും,
തുനിയുകയില്ലതൊരാക്രമം നടത്താൻ;
ഇനിയധികവിശേഷമില്ല ചൊല്ലാ-
നനിയനു, കത്തിനിയൊന്നടുത്തയയ്ക്കാം!

നവസമ തഴുകുന്ന 'ക്രിസ്തുമസ്സി'-
ന്റവധിയിൽ ഞാൻ വരു, മന്നു കണ്ടുമുട്ടാം;
ഭവഭയഹരനായ പത്മനാഭൻ
ശിവമവിടേയ്ക്കളവറ്റു നൽകിടട്ടേ!! ....
                               20-3-1120

54

ഇനിയും രാധതൻ മിഴിനീരീ വൃന്ദാ-
വനികയിലെത്ര പൊഴിയണം?
കരിമുകിൽവർണ്ണനിനിയുമെന്നോടു
കഴിയാറായില്ലേ പരിഭവം?
                               18-9-1107

55

ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
വേനലിൽ ഞാറു കരിഞ്ഞുപോയി.
ആവതിലേറെയായ് ഞങ്ങൾ നിത്യം
ത്ലാവിട്ടു തേവി നനച്ചു നോക്കി.
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
മുച്ചക്കൊടും വെയിലേറ്റുവാടി.
വേലചെയ്യാതില്ല വേണ്ടുവോളം
കാലം പിഴച്ചാൽ പിന്നെന്തുചെയ്യും?
നാലഞ്ചിടമഴ പെയ്തുവെങ്കിൽ
നാശമൊന്നും വരില്ലായിരുന്നു.
                               8-5-1113

56

അഗതികൾ ഞങ്ങൾതൻ ശോകഭാര-
മലിവറ്റലോകത്തിലാരറിയും?
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
നുകവും കരിക്കോലും തോളിലേന്തി-
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
വെയിലില്ല, ചൂടില്ല, വേനലില്ല,
മഴയില്ല, മഞ്ഞില്ല, വർഷമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പണിതന്നെ;-തീരാത്ത ജോലിതന്നെ!42

മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ-
മാലിനീതീരത്തിരിയ്ക്കുമാറുണ്ടവൾ.
വിണ്ണിങ്കലന്തിയിൽക്കിന്നരകന്യകൾ
പൊന്നശോകപ്പൂ വിതറുന്ന വേളയിൽ
ഓളങ്ങളോടിവന്നാലിംഗനം ചെയ്യു-
മോമലിരിയ്ക്കും ശിലാതളിമത്തിനെ!
പച്ചിലച്ചാർത്തിൻ പഴുതിലൂടപ്പപ്പൊ-
ളെത്തിനോക്കും ലസൽ സായാഹ്നദീപ്തികൾ!
                               7-11-1113

വീട്ടുകാർ, നിലവറയിൽ-
ക്കൈവിലങ്ങും ചാർത്തി
വീർപ്പുമുട്ടി, പ്പട്ടിണിയ്ക്കു
ചീട്ടുമായിരിപ്പൂ!
"പറ്റി!-തെല്ലു മോർത്തതില്ല-
ന്നീയബദ്ധം ഞങ്ങൾ! ..."
പ്പട്ടകളുലച്ചുരയ്പു
കേരകൽപകങ്ങൾ!!
                               13-3-1120


പ്രതിദിനയത്നമിതിനു കിട്ടും
പ്രതിഫലമോ, വെറും പട്ടിണിയും!
ആരുമൊരവലംബ-
മില്ലാത്തോരാണു ഞങ്ങ-
ളാരാരു ഞങ്ങളെ-
ക്കുറിച്ചു പാടും?
                               6-4-1113