സ്പന്ദിക്കുന്ന അസ്ഥിമാടം/സ്പന്ദിക്കുന്ന അസ്ഥിമാടം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


ബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി.
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
അത്തലാലലം വീർപ്പിട്ടുവീർപ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,
കഷ്ട,മിക്കൊച്ചു നീർപ്പോളമാത്രം!

ദു:ഖചിന്തേ, മതി മതി,യേവം
ഞെക്കിടായ്ക നീയെൻമൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമല്പം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാ,ലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാലസ്മൃതികളുമായ് ഞാൻ!....

സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചുതന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമൽ-
സ്നേഹമൂർത്തിയെക്കാണിച്ചുതന്നു.
പ്രാണനുംകൂടിക്കോൾമയിർക്കോള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ-
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു!
കർമ്മബന്ധപ്രഭാവമേ, ഹാ, നിൻ-
നർമ്മലീലകളാരെന്തറിഞ്ഞു!

മായയിൽ ജീവകോടികൾ തമ്മി-
ലീയൊളിച്ചുകളികൾക്കിടയിൽ,
ഭിന്നരൂപപ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങൾ, പോരെങ്കി,ലോരോ
വേലികെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരു കാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ!
എന്നുകൂടിയിട്ടെങ്കിലും,തമ്മി-
ലൊന്നുചേർന്നവ നിർവൃതിക്കൊള്ളും!
മർത്ത്യനീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈകോർത്തു നിന്നാടും!
അബ്ധി,യപ്പോഴെറുമ്പുചാൽമാത്രം!
അദ്രികൂടം ചിതൽപ്പുറ്റുമാത്രം!
ഹാ, വിദൂരധ്രുവയുഗം, മുല്ല-
പ്പൂവിതളിന്റെ വക്കുകൾമാത്രം!

മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യനീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി.
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്വവിചാരം!
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപിണ്ഡം തണലിൽ!....

പഞ്ചത ഞാനടഞ്ഞെന്നിൽനിന്നെൻ-
പഞ്ചഭൂതങ്ങൾ വേർപെടും നാളിൽ,
പൂനിലാവലതല്ലുന്ന രാവിൽ,
പൂവണിക്കുളിർമാമരക്കാവിൽ,
കൊക്കുരുമ്മി, ക്കിളി മരക്കൊമ്പിൽ,
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം,
രാക്കിളിക,ളന്നെന്നസ്ഥിമാടം
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:-

"താരകളേ, കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേതകുടീരം?
ഹന്ത, യിന്നതിൻ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ,
മന്ദമന്ദം പൊടിപ്പതായ്ക്കേൽക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളിൽ!
പാട്ടുനിർത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ.
അത്തുടിപ്പുകളൊന്നിച്ചുചേർന്നി-
ട്ടിത്തരമൊരു പല്ലവിയാകും:

    'മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
    എന്നണുക്കളി, ലേവ, മോരോന്നും,
    ത്വൽപ്രണയസ്മൃതികളുലാവി
    സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!....'

താദൃശോത്സവമുണ്ടോ, കഥിപ്പിൻ
താരകകളേ, നിങ്ങൾതൻ നാട്ടിൽ? ... "

--19-10-1944

1

ലോകം ശാശ്വതമല്ല, ജീവിതസുഖ-
സ്സ്വപ്നങ്ങൾ മായും, വരും
ശോകം, മായികബുദ്ബുദങ്ങൾ മറയും,
പായും സരിത്സഞ്ചയം,
നാകം കാല്പനികോത്സവാങ്കിതലസൽ-
ക്കാനൽജ്ജലം!- പിന്നെ,യെ-
ന്തേകം, സത്യ, മനശ്വരം? മൃതി!-യതേ,
മൃത്യോ, ജയിക്കുന്നു നീ!

--1-5-1944

2

താമരപ്പൊയ്കയിൽ,ത്തങ്കത്തെളിവെയിൽ
താവിച്ചിരിച്ചോരുഷസ്സിൽ,
ആളികളൊത്തു ചേർന്നാടിക്കുഴഞ്ഞു നീ
കേളിനീരാട്ടിനന്നെത്തി.
കൊഞ്ചുന്നതത്തകൾ ചൂഴു,മൊരുകൊച്ചു-
പഞ്ചവർണ്ണക്കിളിപോലെ!
കണ്ടു ഞാൻ നിന്നെ,ക്കുവലയമദ്ധ്യത്തിൽ-
ച്ചെണ്ടിട്ട തണ്ടലർപോലെ!!

--6-1-1936

3

സുന്ദരകലാശാലാമന്ദിരപ്രാന്തത്തിലെ
നന്ദനവനത്തി,ലാ ഗീഷ്മാന്തസായന്തനം,
കങ്കേളിപ്പൂച്ചെണ്ടുകളൊട്ടേറെ,യോരോ നേർത്ത
തങ്കനൂലിന്മേൽക്കോർത്ത തോരണം കെട്ടിത്തൂക്കി.
കണ്ണാടിച്ചെപ്പിൽ പിടിച്ചിട്ട മിന്നലുപോലെ
കണ്ണഞ്ചും പൂമൊട്ടുകൾ വിടർന്നകമ്പിക്കാലിൽ
കാറ്റാടിച്ചെടികളാ 'റേഡിയോ' പെയ്യും ഗാന-
മേറ്റുപാടിക്കൊണ്ടാരാലുലഞ്ഞു കുളിർകാറ്റിൽ!
കൊച്ചിയി,ലഴിമുഖ,ത്തലമാലകൾക്കക-
ത്തുജ്ജ്വലമാമാദിത്യബിംബം, ഹാ, മറഞ്ഞുപോയ്!
മാമകപിതാവിന്റെ ജന്മദേശത്താക്കാഴ്ച
മാനസത്തിങ്കൽ, കഷ്ടം, സങ്കടം കൊളുത്തുന്നു.
അമ്മട്ടു മറഞ്ഞുപോയച്ഛനുമൊരിയ്ക്കലാ-
ക്കണ്ണടഞ്ഞപ്പോൾ 'കൊച്ചുകുട്ട'നെക്കണ്ടില്ലല്ലോ!
സ്പന്ദനം നിലയ്ക്കുംവരേയ്ക്കവനെക്കുറിച്ചെത്ര
ചിന്തകളെരിഞ്ഞിട്ടി; ല്ലാ മൃദുഹൃദയത്തിൽ!! ...

--23-4-1938