സന്തതം സ്തുതിചെയ്യുവിൻ പരനെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

സന്തതം സ്തുതി ചെയ്യുവിൻ പരനെ
ഹൃദി ചിന്ത തെല്ലും കലങ്ങാതെ

സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവൻ
ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭൻ താൻ
ബന്ധുവായോരിവൻ സാലേം അന്തരം വിനാ പണിയും
അന്ധരായ്‌ ചിതറിയോരെ ഹന്ത ശേഖരിച്ചിടുന്നു

അന്തരെ നുറുക്കമുള്ള സ്വന്ത ജനങ്ങളെയവൻ
അന്തികെ ചേർത്തണച്ചനുബന്ധനം ചെയ്യും
അന്ധകാരെ വിളങ്ങുമനന്ത താര ഗണങ്ങളിൻ
വൻ തുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു

ശക്തിമാനവനധികം ബുദ്ധിമാനവനതിനാൽ
സത്വഗുണ പ്രധാനനായ്‌ സാധു ജനത്തെ
എത്രയുമുയർത്തി ദുഷ്ട മർത്ത്യരെ നിലം വരെയും
താഴ്ത്തിടുന്നതിനാൽ വാദ്യയുക്തമാം സ്തുതി കൊടുപ്പിൻ