വനമാല/ഷഷ്ടിപൂർത്തിമംഗളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഷഷ്ടിപൂർത്തിമംഗളം (കുമാരനാശാൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

          (വഞ്ചിപ്പാട്ട്)

അടവിചൂഴും സഹ്യന്റെ കൊടുമുടികളും മൂന്നു
കടലുകളും കാക്കുന്ന കേരളത്തിന്റെ

മുടിമണിപോലെ തെക്കു വിളങ്ങും വഞ്ചിരാജ്യത്തിൽ
കുടിപാർക്കുന്നവർതന്നെ ധന്യരൂഴിയിൽ.

അവരന്യപ്രജകൾപോലരിഭീതിയറിവീല
അവർക്കീതിഭയവുമില്ലൊരുകാലത്തും,

അവനം ചെയ്യുന്നു നിത്യമനുഭാവഗരിഷ്ഠന്മാർ
അവരെക്കുലശേഖരപ്പെരുമാക്കന്മാർ.

കരവഴി മുകിലനും കടും മൈസൂർക്കടുവായും
ഉരപെടും കടലൂടെ പറങ്കികളും

വിരയെവന്നു പിടിപ്പാൻ, വഞ്ചിശ്രീ തട്ടിക്കളഞ്ഞു
കരങ്ങളെ-യവൾ വീരക്കളത്രമല്ലീ!

മംഗലചരിതംകൊണ്ടും മതിവൈഭവങ്ങൾകൊണ്ടും
തുംഗമാം തേജസ്സുകൊണ്ടും തിളങ്ങി നിൽക്കും

ആംഗലമഹാലക്ഷ്മിയെ വഞ്ചിലക്ഷ്മി സഖിയായി-
സ്സംഗമിച്ചു-സത്തു ചേരും സത്തിനോടുതാൻ

അതിപുരാതനം വഞ്ചിരാജവംശം ചെന്നെത്തുകി-
ല്ലതിനുടെയടിക്കെങ്ങും ചരിത്രദൃഷ്ടി

അതിനാലക്ഖനിയുടെ മുകളിലെച്ചില ചാരു-
ദ്യുതിപെടും രത്നങ്ങളെയറിവൂ നമ്മൾ

ക്ഷതികൾ നീക്കിയും രാജ്യപരിധികൾ പരത്തിയും
സ്ഥിതിയുറപ്പിച്ചും കാത്തും പരിഷ്കരിച്ചും

അതിമാനുഷഗുണന്മാരടുത്തകാലത്തു വഞ്ചി-
ക്ഷിതി വാണിരുന്നു പല തമ്പുരാക്കന്മാർ

അഹിതതമസ്സകറ്റിയന്വർത്ഥസംജ്ഞതേടിയ
മഹിതചരിത്രൻ സാക്ഷാ‍ൽ മാർത്താണ്ഡവർമ്മ.

മഹിയിൽ പ്രസിദ്ധിയാർന്ന ബാലരാമവർമ്മ പിന്നെ
മഹിളമാരുമയമ്മ പാർവ്വതീരാജ്ഞി,

ഖ്യാതിയേറീടും സകലകലാവല്ലഭരായോര-
സ്സ്വാതി,യായില്യം,വിശാഖം തിരുമേനിമാർ

നീതിയോടിവരെല്ലാരും ഭരിച്ചിന്നാടിന്നു നിത്യ
ഭൂതിചേർത്തതിന്നും നമ്മൾ സ്മരിപ്പതല്ലോ.

ധവളയശസ്സുകൊണ്ടു ധരണിയിൽ വെണ്മതേടു-
മവരുടെയനുഗ്രഹശേവധിയായി,

ഭുവനവിളക്കായ്, ഭാഗ്യപരമാവധിയായ്, ഭക്ത-
കുവലയങ്ങൾക്കു പുത്തൻ കുളിർമതിയായ്,

അവരും നമ്മളും ഭാവിപ്രജകളുമ്പിൽചെയ്തോ-
രവധിയറ്റ പുണ്യത്തിൻ പരിപാകമായ്

അവനിയിൽ മൂലതാരമതിപ്രഖ്യാതമാംവണ്ണം
അവതരിച്ചരുളിയ പൊന്നുതമ്പുരാൻ,

കരുണാവാരിധി ചിത്തകമലത്തെ കമലാക്ഷ-
ചരണപീഠീകരിച്ച ചരിതവ്രതൻ,

നിരുപമഗുണനിധി നിഗമാർത്ഥജ്ഞൻ നിശാത-
നിരവദ്യമതി നാനാനീതികോവിദൻ,

നരദേവനിന്നു നമ്മെബ്ഭരിച്ചു വാണരുളുന്നു
ധരയിൽ നമ്മെപ്പോലുണ്ടോ ഭാഗ്യശാലികൾ!

പരം പല ഭിന്നജാതിമതസ്ഥരാം നമ്മെയെല്ലാം
തിരുമേനി സ്നേഹിക്കുന്നു തനയരെപ്പോൽ.

പിറയും കുരിശും നീളെ പക്ഷീന്ദ്രനും വൃഷഭവും
കുറവെന്യേ കൊടികളിൽ പൊങ്ങിനിൽക്കുന്നു!

പറയക്കിടാങ്ങളോടൊത്തെഴുത്തിനിരുന്നീടുന്നു
മറയോരുടെയുണ്ണിമാർ മറ്റെന്തുചൊൽ‌വൂ!

ഇന്നാളല്ലോ പൊന്നുതിരുമേനി തിരുമുപ്പേറ്റതി-
ന്നെന്നാൽ മുപ്പത്തിരണ്ടബ്ദം പറന്നുപോയി.

എന്നല്ല നാം ചിരംകാ‍ത്ത ഷഷ്ടിപൂർത്തിമഹാമഹ-
മിന്നാണല്ലോ ഹന്ത ഭാഗ്യം ഹരി ഓ! ഹരി!

  • * *


അഞ്ചിതഗുണഗണരായബ്ജനാഭപാദപത്മ-
ചഞ്ചരീകചിത്തരായ തമ്പുരാന്മാരിൽ

സഞ്ചിതസമൃദ്ധിയോടും സകലഹിതമാമ്മാറീ-
വഞ്ചിനാടു വാണിരുന്നില്ലിതുപോലാരും

നെഞ്ചലിഞ്ഞു ജനഹിതമൊന്നിനെ മുൻ‌നിർത്തിയേതു
വഞ്ചിലവും ചെയ്തിടുന്നു വസുന്ധരേശൻ

മുഞ്ചരിതംവിടാതെയും മുറുകെപ്പിടിക്കാതേയും
തഞ്ചമായ് നീതിമാർഗ്ഗങ്ങൾ തെളിയിക്കുന്നു.

നാഞ്ചിനാട്ടുമരുഭൂവിൽ നദിയെത്തടഞ്ഞുകേറ്റി
കാഞ്ചനം വിളയിക്കുന്നു കരുണാനിധി

വാഞ്ഛിതം നമുക്കുണർത്താൻ വഴിനല്കും പ്രജാസഭ
പാഞ്ചജന്യപാണിഭക്തൻ നടത്തിക്കുന്നു.

പീവരമാം മലയടി തുരന്നും പാതകൾവെട്ടി-
യാവിവണ്ടി നടത്തുന്നിതൊട്ടുദൂരത്തിൽ,

കേവലം കീഴ്നടപ്പുകൾ ഗണിയാതെ വർഗ്ഗങ്ങൾക്കു
പാവനനിയമം നൃപൻ നിർമ്മിപ്പിക്കുന്നു.

അടവിയിൽ വഴിവെട്ടിത്തെളിക്കുന്നു മുകിൽമൂറ്റും
കൊടിയ മലയും കൃഷിത്തോട്ടമാക്കുന്നു,

വടിവിൽ തുറമുഖങ്ങൾ തുറക്കുന്നു തിരതല്ലും
കടലിലും പാലം പണിതുറപ്പിക്കുന്നു.

ധനം വർദ്ധിച്ചിതു നാട്ടിൽ ധാരാളം വിദ്യ വർദ്ധിച്ചു
ജനവും വർദ്ധിച്ചു-ഹന്ത! ജയിപ്പൂ ഭൂപൻ!

അനന്തഗുണമിയലുമനന്തരവരുമൊന്നി-
ച്ചനന്തശായി കാരുണ്യാമൃതസേവയാൽ

അനന്തരായം ശതാബ്ദമഹവും കഴിഞ്ഞു നൃപ-
നനന്താതലം വാഴട്ടെയനന്തകാലം!

ആസുരഭാവം ഭൂവിൽനിന്നകലട്ടെ നിത്യം ശുഭ-
വാസരങ്ങൾകൊണ്ടു വിശ്വം തെളിഞ്ഞീടട്ടെ!

‘കൈസറു’ടെ കരബലമസ്തമിച്ചെങ്ങു ‘മാംഗല’-
കേസരിപതാക കാറ്റിൽ കളിയാടട്ടെ!

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ