ശ്രീബുദ്ധചരിതം/ഒന്നാം കാണ്ഡം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്തോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
ശ്രീ ബുദ്ധചരിതം
ഒന്നാം കാണ്ഡം
ഭഗവാന്‍ ഭവഭക്തിദായകന്‍ ബുദ്ധന്‍ തന്റെ
നിഗമരത്നം ജയിച്ചീടുന്ന് സര്‍വോത്തമം
ജഗതീപതിസുതന്‍ വിശ്രുതന്‍ സിദ്ധാര്‍ത്ഥനു
ജഗത്തില്‍ മൂന്നിങ്കലുമാരുള്ളൂ സമാനന്മാര്‍.
സര്‍വപൂജിതന്‍ സാക്ഷാല്‍ സര്‍വജ്ഞന്‍ സര്‍വോത്തമന്‍
സര്‍വഭൂതൈകദയാവാരിധി തപോനിധി
നിര്‍വാണത്തെയുമിഹ നിത്യമാം ധര്‍മ്മത്തെയും
നിര്‍വ്വാദമകമലിഞ്ഞരുളും ദിവ്യാചാര്യന്‍,
ഭൂമിയില്‍ മര്‍ത്ത്യരുടെ ഭാഗ്യത്താല്‍ വീണ്ടും പണ്ടു
സാമോദമവതരിച്ചിടേണ്ട കാലം വന്നു.
ദിവ്യമാമഗ്രഭൂമി തന്നുടെ താഴത്തതി-
ഭവ്യന്മാര്‍ വാണീടുന്നു നാലുപേര്‍ ലോകേശന്മാര്‍
ഭരിച്ചീടുന്നിതവര്‍ മര്‍ത്ത്യലോകത്തെയവ-
രിരിക്കുന്നതിനു താഴത്തു മേഖലകളില്‍.
മരുവീടുന്നു പരേതന്മാരായ് ഭൂവെടിഞ്ഞു
പെരിയതപോധനസത്തമരടുക്കല്‍താന്‍
മുപ്പതിനായിരത്താണ്ടമ്മഹാത്മാക്കളങ്ങു
കെല്‍പ്പാടുമിരുന്നവതരിച്ചീടുന്നു വീണ്ടും
ആ ദിവ്യഭൂമി തന്നിലത്രകാലവുമസ്ത-
ഖേദം വാനരുളിയ ഭഗവാന്‍ ബുദ്ധന്നപ്പോള്‍
കാണായിതവതാരചിഹ്നങ്ങളഞ്ചും സ്വയം
ക്ഷോണിതന്‍ ക്ഷേമത്തിനായെന്നതേ പറയേണ്ടൂ.
വാനവരിതു കണ്ടു വീതസന്ദേഹമണ-
ഞ്ഞാനന്ദാകുലമരുളീടിനാരിപ്രകാരം:
“ഭഗവന്‍, ഭവാനിന്നു ലോകസംരക്ഷണത്തിനാ-
യഘനാശന! പോകുമാറായിതറിഞ്ഞാലും.”
അതുകേട്ടരുള്‍ ചെയ്തു സര്‍വജ്ഞന്‍-“ പോകുന്നു ഞാ-
നിതുതാനെന്റെയന്ത്യമായീടുമവതാരം;
ഇതിനാല്‍ത്തന്നെ സംസാരാംബുധി കടന്നീടും
ഗതകല്‍മഷം ഞാനും മദ്ധര്‍മ്മരതന്മാരും;
ശ്ലാഘ്യമാം ഹിമാലയദക്ഷിണസാനുഭൂവില്‍
ശാക്യന്മാരുടെ കുലത്തിങ്കല്‍ ഞാന്‍ ജനിച്ചീടും;
യോഗ്യരാം ജനങ്ങളുമവിടെ വാഴുന്നിതു
ഭാഗ്യവാനായിന്നൊരു ധര്‍മ്മിഷ്ഠന്‍ നരേന്ദ്രനും.”
ഇങ്ങനെസ്സംവാദം നടന്ന രാവില്‍ത്തന്നെ
മംഗലാത്മാവാം ശ്രീ ശുദ്ധോദനനരേന്ദ്രന്റെ
മഹിഷി മായാദേവി കാന്തനൊത്തുറങ്ങുമ്പോള്‍
മഹനീയമായൊരത്യദ്ഭുത സ്വപ്നം കണ്ടാള്‍.
കാമധേനുവിന്‍ നറുമ്പാലുപോല്‍ വെളുത്തതി-
കോമളങ്ങളാമാറു കൊമ്പുകള്‍ പൂണ്ടു മിന്നും
വാരണവീരന്‍ തന്റെ വടിവില്‍ ദ്യോവില്‍ നിന്നു
പാരമുജ്ജ്വലിച്ചൊരു നക്ഷത്രമതിശീഘ്രം
ചാരുവാം മാണിക്യത്തിന്‍ ഛായ നന്മുത്തില്‍ ചേര്‍ന്നു-
ള്ളാരോമല്‍കാന്തികാളുമാറു രശ്മികള്‍ ചിന്നി
അന്തരീക്ഷത്തിലൂടെയെരിഞ്ഞുവരുന്നതു-
മന്തികമണവതും ദക്ഷിണപര്‍ശ്വത്തൂടെ
സ്വന്തമാം ജഠരത്തിലായതു പൂകുന്നതും
ബന്ധുരഗാത്രി കണ്ടാ;ളുണര്‍ന്നാളുടന്‍തന്നെ.
മര്‍ത്ത്യമാതാക്കളാരുമോരാത്തൊരത്യാനന്ദ-
മത്തരുണിയാല്‍ക്കുള്ളില്‍ കവിഞ്ഞുവഴിഞ്ഞിതു.
സത്വരം പരന്നിതു പുലര്‍കാലത്തിന്നു മു-
ന്‍പെത്രയും മനോജ്ഞമാം പ്രഭയൊന്നെല്ലാടവും
പെരിയ പര്‍വതങ്ങള്‍ വിറച്ചിതപ്പോള്‍ പാരില്‍
തിരകളടങ്ങിയംബുധി നിശ്ചലമായി
സരസം കാലത്തിതള്‍ വിരിയും പൂക്കളെല്ലാം
തരസാ വിടര്‍ന്നുച്ചയായാലത്തെപ്പോല്‍ നിന്നു.
ഇരുളാര്‍ന്നൊരു കാട്ടിനിടയില്‍ ഭാനുമാന്റെ
കിരണം ചാരുകാന്തി കലര്‍ന്നു പരക്കുംപോല്‍
നരനായകപത്നിയാള്‍ക്കകതാരില്‍ തിങ്ങും
പരമാനന്ദപൂരമൊഴുകി പാതാളാന്തം
അതുമല്ലഹോ രസാതലവാസികലപ്പോള്‍
മൃദുവായ് തമ്മില്‍തമ്മില്‍ മന്ത്രിച്ചു നീളെയേവം:
“ഇതു കേള്‍ക്കുവിന്‍ ജനിച്ചീടേണ്ടും പ്രേതങ്ങളെ,
മൃതരാവാന്‍ പോകുന്ന ജീവിസഞ്ചയങ്ങളേ,
വ്യഥവിട്ടാശ നിങ്ങള്‍ കൈക്കൊള്‍വിനെഴുന്നേല്‍പ്പിന്‍;
പൃഥ്വിവിയിങ്കലവതരിച്ചിതിന്നു ബുദ്ധന്‍”
ഇതുകേട്ടമെയമാമാശ്വാസമോടും പൊങ്ങി-
യതുലാമോദം ചരാചരങ്ങള്‍ക്കകക്കാമ്പില്‍.
വിദിതമല്ലാത്തൊരത്യാനന്ദം നല്‍കുമാറു
മൃദുവാം കാറ്റു വീശി യൂഴിയിലാഴിയിലും.
അഥ വന്നിതു പുലര്‍കാലമപ്പോള്‍ സ്വപ്നാര്‍ത്ഥ-
കഥകന്മാരാം വൃദ്ധരീവിധം വ്യാഖ്യാനിച്ചാര്‍:
“അതിശോഭനം സ്വപ്നം- കര്‍ക്കടകത്തില്‍ ദിന-
പതി നില്‍ക്കുന്നു; ദേവി പെറ്റിടും കുമാരനെ;
അതിദിവ്യനാം പുത്രനവനദ്ഭുതജ്ഞാന-
നിധിയാം നിഖിലലോകത്തിനും താങ്ങാമോര്‍ത്താല്‍;
അതുമല്ലജ്ഞാനാന്ധകാരത്തില്‍ നിന്നുയര്‍ത്തി-
ഗ്ഗതി നല്‍കിടും മര്‍ത്ത്യര്‍ക്കിങ്ങവ; നല്ലെന്നാകില്‍,
ക്ഷിതിമണ്ഡലമൊറ്റ വെണ്‍കൊറ്റക്കുടയ്ക്കു കീഴ്
ഗതകല്‍മഷം കാക്കുമതുതാനിഷ്ടമെങ്കില്‍.”
അതിപാവനന്‍ ബുദ്ധന്‍ ശ്രീമായാജഠരത്തില്‍
പദമൂന്നിയ പുണ്യവൃത്താന്തമേവമല്ലോ.
കറ്റവാര്‍വേണി മായാദേവിയാള്‍ പിന്നെഗ്ഗര്‍ഭം
മുറ്റിവാണിടും കാലം തന്നുടെ സൌധത്തിന്റെ
മുറ്റത്തു ചമതവൃക്ഷത്തിന്റെ കുളിര്‍നിഴല്‍
പറ്റിനിന്നുതേയൊരു ദിവസം മദ്ധ്യാഹ്നത്തില്‍
തുംഗമായ് ദേവാലയത്തിന്‍ കൊടിമരം പോലെ
ഭംഗിയില്‍ വളര്‍ന്നെഴുമൂര്‍ദ്ധ്വശാഖയ്ക്കുള്ളതാം
മംഗളസ്നിഗ്ദ്ധമൃദുപല്ലവങ്ങളും ഹൃത-
ഭൃംഗങ്ങളായി മണമ്പൂണ്ടെഴും പുഷ്പങ്ങളും
തിങ്ങിമിന്നുന്ന മണിമകുടശ്രീയേലുമ-
ശ്ശൃംഗത്തെ മെല്ലെമെല്ലെയാനമിപ്പിച്ചു വൃക്ഷം
ശൃംഗാരകുഞ്ജം പോലെ ദേവിയ്ക്കു തണലേകാ-
നിംഗിതമറിഞ്ഞുടന്‍ താണിതു;- ചിത്രമല്ല;
ജംഗമസ്ഥാവരങ്ങളൊക്കെയും ജഗത്തിങ്കല്‍
സംഗതിയറിഞ്ഞുതാന്‍ വാണിതമ്മുഹൂര്‍ത്തത്തില്‍.
ഭൂമിയുമുടന്‍ ബഹു പൂക്കളുത്ഗമിപ്പിച്ചു
പൂമെത്ത തീര്‍ത്തിതപ്പോള്‍ ദേവിക്കു ശയിക്കുവാന്‍;
പ്രേമത്താല്‍ കരിങ്കല്ലുമൊഴുക്കി സ്വേച്ഛോദക-
സ്തോമത്തെയരുവിയായ് രാജ്ഞിയ്ക്കു നീരാടുവാന്‍;
കോമളാംഗിയാം ദേവിയീവിധമ്മങ്ങു തെല്ലു-
മാമനസ്യം കൂടാതെ പെറ്റിതു കുമാരനെ
പൂര്‍ത്തിയായ്‌ത്തിരുമെയ്യില്‍ പൂണ്ടിരുന്നുതേ പുത്രന്‍
ദ്വാത്രിംശന്മഹാഭാഗപുരുഷചിഹ്നങ്ങളും,
വാര്‍ത്തയീവിധമെല്ലാം വിരവില്‍ കേട്ടറിഞ്ഞു
ചീര്‍ത്ത കൌതുകം പൂണ്ടുമന്നവനുടന്‍ തന്നെ
പുത്രനെച്ചെന്നു കൊണ്ടുപോരുവാന്‍ രമണീയ-
ചിത്രശോഭിതമായ ശിബികയയച്ചിതു.
ചിത്രമെത്രയുമെന്നാല്‍ തിരികെയതു ചുമ-
ന്നെത്തിയതന്നു ദിഗീശന്മാര്‍ നാല്‍വരുമത്രേ.
പാരിലെക്കര്‍മ്മങ്ങള്‍ ചെമ്പോലയില്‍ കുറിക്കുവാന്‍
മേരുവിന്നധിത്യകമേല്‍ നിന്നു പോന്നാരിവര്‍;
പൌരസ്ത്യദിക്പാലകനിന്ദ്രന്‍ ;രജത’ വസ്ത്ര-
ധാരികളായിക്കരതാരില്‍ മുത്തണിഞ്ഞുള്ള
ചാരുവാം പരിചകള്‍ കൈകൊണ്ടു മിന്നും പരി-
ചാരകന്മാരുമൊത്തു ശോഭിച്ചു മഹാഭാഗന്‍.
ജംഭാരിമണിമയമാം പരിചയും പൂണ്ടു
ഡംഭാര്‍ന്ന നീലാശ്വത്തിലേറിസ്സഞ്ചരിച്ചീടും.
കുംഭിനീസ്വര്‍ഗ്ഗപാതാളങ്ങളില്‍ പേര്‍കൊള്ളുന്ന
കുംഭാണ്ഡരൊത്തു ദക്ഷിണാശേശന്‍ വിളങ്ങിനാന്‍
പിന്നെയാപശ്ചിമാശാപതിയുമേവം കയ്യില്‍
മിന്നുന്ന പവിഴത്തിന്‍ പരിചയേന്തിയെന്നും
ഉന്നതശോണഹയമേറിപ്പിന്തുടരുന്ന
പന്നഗവീരപരിവാരത്താല്‍ വിലസിനാന്‍
ഉത്തരദിഗീശ്വരന്‍ വിത്തേശന്‍ താനുമേവം
സത്വരം പൊന്‍ചട്ടയും പൊന്‍പരിചയും പൂണ്ടു,
ബദ്ധാഡംബരം പൊന്നിന്‍കുതിരയേറിപ്പിന്‍പേ
യെത്തിടും യക്ഷഭടന്മാരോടും വിരാജിച്ചാന്‍
കണ്ടീടാവല്ലാതുള്ള മോടി പൂണ്ടവര്‍, വേഷം-
കൊണ്ടല്ല രൂപം കൊണ്ടും വാഹകസമാനന്മാര്‍,
അണ്ടര്‍കോന്മാരാമിവര്‍ തന്നെയപ്പല്ലക്കിന്റെ
തണ്ടുകള്‍ ചുമന്നുപോന്നാര്‍ മഹാതേജസ്വികള്‍
കുണ്ഠതയെന്യേയന്നു മര്‍ത്ത്യരോടൊത്തങ്ങവര്‍
കണ്ടറിഞ്ഞിട്ടും ചേര്‍ന്നു നടന്നു വാനവര്ന്മാര്‍,
വീണ്ടും ഭൂമിയ്ക്കുണ്ടായ ബുദ്ധാവതാരഭാഗ്യം
കണ്ടുടന്‍ സ്വര്‍ഗ്ഗം ഹര്‍ഷാംബുധിയില്‍ മുങ്ങുകയാല്‍
എന്നാലതൊന്നും ഗ്രഹീച്ചീടാതെ ശുദ്ധോദന-
മന്നവന്‍ ദുര്‍ന്നിമിത്തശങ്കയാല്‍ മാഴ്കീടിനാന്‍
അന്നേരം ദൈവജ്ഞന്മാര്‍ ചിന്തിച്ചോതിനാര്‍ നൃപ-
നന്ദനന്‍ ഭൂവിലേറ്റം പ്രഥിതനാകുമെന്നും;
എന്നല്ലായിരത്താണ്ടു ചൊല്ലുമ്പോളൊരിക്കലീ-
മന്നിടം പാലിക്കുവാന്‍ വന്നവതരിച്ചീടും
ചക്രവര്‍ത്തികള്‍ തന്നിലേകനാണെന്നും ; സാക്ഷാല്‍
ഉത്കടങ്ങളാം സപ്തസിദ്ധികള്‍ കാണുന്നെന്നും
ചൊല്‍ക്കൊള്ളും സിദ്ധികളില്‍ ചക്രരത്നമാണാദ്യ,
മര്‍ഘാതീതമാം മഹാരത്നം രണ്ടാമത്തേതാം.
ഉത്കടഹംകാരമാര്‍ന്നഭ്രമത്തിലൂടെയോടും
ശീഘ്രഗാമിയാമശ്വരത്നമാം മൂന്നാമത്;
മഞ്ഞുപോല്‍ ധവളമായ് മന്നവനേറിപ്പോവാന്‍
സജ്ഞാതമാകും ഹസ്തിരത്നമാം നാലാമത്;
കൃത്യകൌശലശാലി മന്ത്രീന്ദ്രനഞ്ചാമതാം;
പ്രത്യര്‍ത്ഥിഭയങ്കരന്‍ സേനാനിയാറാമതാം;
പ്രത്യുഷസ്സിനേക്കാളുമതി മോഹനയായി
പ്രത്യംഗസൌന്ദര്യത്താലസമാനയായെന്നും
ശുദ്ധശീലയായ് തന്റെ ധര്‍മ്മദാരത്വം പൂണ്ട
സുസ്ത്രീരത്നമാമേഴാമത്തേതുമറിഞ്ഞാലും
അത്തരം ചിഹ്നങ്ങള്‍ തന്‍ അദ്ഭുതാകാരനായ
പുത്രനില്‍ കണ്ടു പാരം തെളിഞ്ഞു ശുദ്ധോദനന്‍
അത്യന്തം ജനാനന്ദകരമാം മഹോത്സവം
സത്വരം നഗരിയില്‍ കൂട്ടുകെന്നാജ്ഞാപിച്ചാന്‍
ഝടുതി വഴിയൊക്കെയടിച്ചും പനിനീരാ-
ലുടനെ തെരുവുകള്‍ നനച്ചും പൌരരെല്ലാം
കൊടികള്‍ വിളക്കുകളെന്നിവ വൃക്ഷങ്ങടെ
നെടിയ കൊമ്പുകളില്‍ തൂക്കിയും തുടങ്ങിനാര്‍
അറിഞ്ഞു കൌതൂഹലം പൂണ്ടു കാണികള്‍ വന്നു
നിറഞ്ഞു കാഴ്ചകണ്ടു മിഴിച്ചു നിന്നാര്‍ നീളെ
വാള്‍പ്പയറ്റുകാര്‍, കായാഭ്യാസികള്‍, കണ്‍കെട്ടുകാര്‍
നല്പാമ്പാട്ടിക,ളൂഞ്ഞാല്‍കളിക്കാര്‍, ഞാണേറ്റുവോര്‍
ആലോലഹാസത്തിനു താളം പോലിളകുന്ന
കാലിണകളില്‍ കിലുങ്ങിടും കിങ്ങിണി പൂണ്ടും
ചേലെഴും കച്ചപ്പുറം കെട്ടിയുമാടീടുന്ന
ലോലാംഗിമാരാം വാരനാരിമാരെന്നുവേണ്ട,
കാലോളമംഗമെല്ലാം കരടിമാനിവറ്റിന്‍-
തോലുടുത്തുടന്‍ വേഷം പകര്‍ന്നു തുള്ളീടുവോര്‍
വ്യാഘ്രത്തെ മരുക്കുവോര്‍, മല്ലന്മാരോരോ പക്ഷി-
വര്‍ഗ്ഗത്തെക്കൊത്തിയ്ക്കുവോര്‍, കുഴലൂതുവോര്‍, പിന്നെ
ചട്ടറ്റ മൃദംഗവാദകര്‍, വൈണികന്മാരു-
മൊട്ടല്ല ഹര്‍ഷം ജനങ്ങള്‍ക്കേകി നൃപാജ്ഞയാല്‍
കേട്ടറിഞ്ഞഥ കുമാരോത്ഭവം ദൂരസ്ഥമാം,
ശ്രേഷ്ഠികള്‍ വാണിജ്യസമ്പന്നന്മാര്‍ വന്നു മോദാല്‍
ശ്രേഷ്ഠമാം കാണിക്കകളോരോന്നു നല്ല തങ്ക-
ത്തട്ടങ്ങള്‍ തന്മേല്‍ വാരിനിറച്ചു കാഴ്ചവച്ചാര്‍
കംബളം, സുഗന്ധദ്രവ്യങ്ങള്‍, നല്പളുങ്കു, സ-
ന്ധ്യാംബരകാന്തി കാളും രത്നഭേദങ്ങള്‍ താനും,
പന്ത്രണ്ടു ചേര്‍ന്നാല്‍ പോലും മൈമറയ്ക്കാത്ത മൃദു-
തന്തുക്കള്‍ പൂണ്ട ലോലമാം മൂടുപടങ്ങളും
നന്മുത്തു നിരത്തിവച്ചഴകില്‍ തുന്നീട്ടുള്ള
രമ്യകഞ്ചുകങ്ങളും ചന്ദനഖണ്ഡങ്ങളും,
അത്രയുമല്ല പാരിതോഷികം സാമന്തന്മാര്‍-
പത്തനങ്ങളില്‍ നിന്നും വന്നുതേ ബഹുതരം
ഋദ്ധികണ്ടേവം ജനം ബാലനു പേര്‍ ‘സര്‍വാര്‍ത്ഥ
സിദ്ധ’നെന്നേകി; സംക്ഷേപിച്ചു ‘സിദ്ധാര്‍ത്ഥ’നെന്നും
വന്നുപോല്‍ വൈദേശികന്മാലന്നൊരാള്‍ വൃദ്ധന്‍
ധന്യനാം തപോധന’നസിത’നെന്നു പേരായ്
മന്നിലേ വൃത്താന്തങ്ങള്‍ മറന്നും ദ്യോവിലേയ്ക്കു
തന്നുടെ കര്‍ണ്ണങ്ങളെത്തുറന്നും മേവും യോഗി
താനെന്നുമിരിക്കുന്നോരരയാല്‍ വൃക്ഷത്തിന്‍ കീഴ്
ധ്യാനേനിഷ്ഠനായ് വാഴുമളവില്‍ വെളിവായി,
വാനവര്‍ ബുദ്ധാവതാരോത്സവത്തിങ്കല്‍ പാടും
ഗാനങ്ങള്‍ കേട്ടാനവനാകാശമാര്‍ഗത്തിങ്കല്‍
കെല്‍പ്പാര്‍ന്ന തപസ്സാലുമേറിയ വയസ്സാലു-
മദ്ഭുതവിജ്ഞാനം പൂണ്ടെത്രയും വന്ദ്യനാകും
അപ്പുമാനന്തികത്തിലണയുന്നതു കണ്ടു
ക്ഷിപ്രമങ്ങേറ്റു വന്ദിച്ചിരുത്തി ക്ഷിതീശ്വരന്‍
അപ്പൊഴേ ദേവി താനും കുട്ടിയെയമ്പോടെടു-
ത്തപ്പവിത്രാത്മാവിന്റെ പദാന്തത്തിങ്കല്‍ വച്ചാള്‍
തരസാ കുമാരനെക്കണ്ടു വൃദ്ധനാം മുനി
“അരുതേ ദേവി, ഹന്ത ! ചെയ്യരുതേവ” മെന്നാന്‍.
പരമാവത്സപാദകമലം തൊട്ടു യോഗി
ധരയില്‍ വീണു നമസ്കരിച്ചു സാഷ്ടാംഗമായ്,
അന്യവസ്തുവില്‍ പതിക്കാത്ത തന്‍ദൃഷ്ടി ബാല-
ധന്യപാദത്തില്‍ ചേര്‍ത്തു പിന്നെയും ചൊന്നാനേവം:
‘നിന്നെക്കുമ്പിടുന്നു ഞാനോമനേ, നീയേ ബുദ്ധന്‍;
നിന്നില്‍ കാണുന്ന പാടലാഭമാം ജ്യോതിസ്സ് ഞാന്‍;
പദപങ്കജത്തിലീരേഖകളെല്ലാവു, മീ
മൃദുവല്ലികപോലെ പിണയും സ്വസ്തികവും
അതിപാവനം മുഖ്യചിഹ്നം മുപ്പതും രണ്ടു-
മതുമല്ലുപചിഹ്നം കാണുന്നിതെണ്‍പതുമേ
നീ തന്നെ ബുദ്ധന്‍; ധര്‍മ്മരഹസ്യം ലോകത്തിന്നു
നീതന്നെയുപദേശിച്ചീടുവാന്‍ പോകുന്നതും
ആ ധര്‍മ്മമറിഞ്ഞനുഷ്ഠിപ്പവര്‍ക്കെല്ലാം ഗതി
നീ തന്നെ നല്‍കുന്നതു; മീയുള്ളോനതു കാണ്മാന്‍
യോഗമുണ്ടാകാനൂന;മണയുമന്തമത്ര
വേഗ;മീ ദേഹത്യാഗം കംക്ഷിച്ചു മുന്നമേ ഞാന്‍
ആകട്ടെയേതാകിലുമായതു; നിന്നെക്കാണ്മാന്‍
ഹാ! കഴിഞ്ഞതു മതി ‘യെന്നോതി വീണ്ടും ചൊന്നാന്‍
“അറിക രാജന്‍ വര്‍ഷമസംഖ്യം പോയാലൊരു
കുറിയീമര്‍ത്ത്യലോകമാം മരംതന്മേലുണ്ടാം
അരിയപൂമൊട്ടാണീയര്‍ഭകന്‍; മേലിതു
തരസാ പരിണിതകാന്തിയായ് വിടരുമ്പോള്‍
കറയറ്റേലും ജ്ഞാനസൌരഭ്യം കൊണ്ടുലോകം
നിറയും ദയാമകരന്ദബിന്ദുക്കള്‍കൊണ്ടും
സ്ഫുടമീബാലന്‍ രാജകുലമാം തടാകത്തില്‍
വിടരും ദിവ്യമായ താമരയെന്നും ചൊല്ലാം
ധന്യമായിന്നീകുല,-മെന്നാല്‍ ധന്യത പാരി-
ലന്യൂനമായ് വരില്ല;“ യെന്നോതി, ദേവിയോടായ്.
ഭവികാത്മാവാം യോഗി പുനരോര്‍ത്തരുള്‍ ചെയ്താന്‍;
“അവിതര്‍ക്കം ഹാ! രാജ്ഞി, ഭിന്നമായ് തീര്‍ന്നിതപ്പോള്‍
ഭവതിയുടെ കുക്ഷി, കേവലം കുമാരന്റെ-
യവതാരത്താല്‍ ഖഡ്ഗപാതത്താലെന്നപോലെ
പ്രിയയായ് തീര്‍ന്നു ഭദ്രേ! ദേവര്‍ക്കും മനുഷ്യര്‍ക്കും
സ്വയമീ മഹാവതാരം കൊണ്ടു നീ,യെന്നാലും
അഥ മേല്‍ ദുഃഖമനുഭവിയാതാകുംവണ്ണ-
മതിപാവനയായും തീര്‍ന്നിതിന്നാകയാലേ
വ്യഥകൂടാതെയേഴുനാള്‍ക്കുള്‍ലില്‍ നിനക്കെത്തും
വ്യഥതന്നന്തം;-ഹന്ത! സംസാരദുഃഖം ദേവി!“
അതുപോല്‍ സംഭവിച്ചിതേഴാന്നാളപരാഹ്ന-
മതില്‍ മന്ദസ്മിതം പൂണ്ടുറങ്ങി മായാദേവി
അഥ പിന്നുണര്‍ന്നീല; തുഷ്ടയായ് ദേഹം വിട്ടു
പ്രഥിതം മുപ്പത്തിമൂന്നാം സ്വര്‍ഗപദം ചേര്‍ന്നാള്‍
അവിടെദിവ്യമാതൃസ്ഥാനത്തില്‍ ദേവഗണ-
മവളെയാരാധിച്ചു സേവിച്ചുനില്‍പ്പതിന്നും
പുനരര്‍ഭകന്തന്നെപ്പോറ്റുവാന്‍ ധാത്രിയായാ-
ളനവദ്യാംഗി രാജ്ഞിയാം മഹാപ്രജാവതി;
ഘനകാരുണ്യാമൃതമൊഴുകും മൊഴികളാ-
ലനിശം വിശ്വം കുളിര്‍പ്പിക്കുന്ന സുഗതന്റെ
അനഘാധരങ്ങള്‍ക്കു മഹിതപയസ്സേലും
സ്തനമേകിനാളവള്‍ സദയമെന്നേ വേണ്ടൂ.
വതസരം കഴിഞു പിന്നെട്ടു; കൃത്യജ്ഞന്‍ നൃപന്‍
വത്സനെ രാജകുമാരോചിതമാകും വണ്ണം
അദ്ധ്യയനം ചെയ്യിപ്പാന്‍ ചിന്തിച്ചാന്‍ മുന്‍പറിഞ്ഞോ-
രത്യന്തവിലക്ഷണമാം ഭാവികഥയിലെ
ബുദ്ധന്റെ ദിവ്യമാഹാത്മ്യങ്ങളും ദുഃഖങ്ങളും
ബുദ്ധിയില്‍ നിനച്ചത്തില്‍ വൈമുഖ്യമാകയാലേ.
അഥ തന്നമാത്യന്മാര്‍ നിറഞ്ഞ സദസ്സിങ്കല്‍
പൃഥ്വീവീപതി ചിന്തിച്ചതീവിധം ചോദ്യം ചെയ്താന്‍;
“അതിമാന്യരേ, രാജപുത്രന്മാരറിയേണ്ടും
വിതതകലാജാലമെല്ലാമെന്‍ കുമാരനു
വിധിപോലുപദേശിച്ചീടുവാന്‍ വിദഗ്ധനാം
പ്രഥിതപണ്ഡിതേന്ദ്രനാരെന്നു പറഞ്ഞാലും”
അതിനുത്തരമവരേവരുമൊന്നായ് ചൊന്നാര്‍:
“ക്ഷിതിപമണേ ! വിശ്വാമിത്രന്‍ താന്‍ ബുധശ്രേഷ്ഠന്‍,
ശ്രുതിപാരീണന്‍, ശാസ്ത്രനിഷ്ണാതന്‍, കലകളി-
ലതുല:നെന്നല്ലതി വിദഗ്ദ്ധനെല്ലാറ്റിലും.”
പിന്നെ വിശ്വാമിത്രനെ വരുത്തി നിയോഗിച്ചു
മന്നവന്‍; കുമാരനു ശുഭമാം മുഹൂര്‍ത്തത്തില്‍,
സുന്ദരരത്നരാജി ചുറ്റും മിന്നുന്ന രക്ത-
ചന്ദനപ്പലകയും ചെറുകൈത്താരിലേന്തി,
സ്ഫാടികമൃദുപാംസു വിരിച്ചങ്ങതില്‍, മറ്റേ-
യേടലര്‍കര തന്നിലെഴുത്തുകോലുമായി
അന്‍പോടു മുനീന്ദ്രന്റെ മുന്‍പാകെ വന്നു മുഖം
കുമ്പിട്ടുനിന്നീടിനാ; നപ്പൊഴോതിനാന്‍ മുനി;
“എഴുതിയാലുമുണ്ണീ, ഗായത്രി-ദ്വിജാതികള്‍-
ക്കൊഴികെ കേള്‍ക്കാവല്ലാതുള്ളൊരാ വേദമന്ത്രം.”
വഴിയേ പിന്നെ ‘ഓം തത്സവിതൂര്‍ വരേണ്യാ”ദി
മൊഴികളുപദേശിച്ചീടിനാന്‍ ക്രമത്താലെ.
‘സാദരമെഴുതുന്നേന്‍ സത്ഗുരോ’യെന്നു ചൊല്ലി-
യേതു വൈകാതെ ബാലന്‍ പൊടിമേലെഴുതിനാന്‍.
ഒരു ഭാഷയിലല്ല; രണ്ടിലല്ലഹോ! മന്ത്രം
തരസാ ബഹുലിപിഭേദത്തില്‍ പകര്‍ത്തിനാന്‍
‘മംഗലം’, ‘പരുഷം’ ‘യാവാ’ദി വര്‍ണ്ണങ്ങള്‍ തന്നില്‍
മംഗലശീലനെഴുതീടിനാ;നതുപോലെ
ചിത്രഭാഷയില്‍,ചിഹനഭാഷയില്ല് താനും ഗുഹാ-
വര്‍ത്തികള്‍ സമുദ്രവാസികള്‍ പാതാളത്തുള്ള
സര്‍പ്പോപാസക, രഗ്നിസൂര്യഭക്തന്മാര്‍, ഗിരി-
വപ്രവാസികളിവര്‍ക്കുള്ള മുദ്രകളിലും,
എന്നല്ലയോരോ രാജ്യവാസികള്‍ക്കുള്ള ഭാഷാ-
വൃന്ദത്തിലോരോന്നെഴുതി കുമാരകന്‍;
വായിച്ചാന്‍ പിന്നെ മന്ത്രം ഭാകളെറ്റാറ്റിലും
മായതു കണ്ടു മുനി “പോരുമിതുണ്ണീ’യെന്നാന്‍
“ഇനി നീ കണക്കുകള്‍ പഠിക്ക; ചൊല്‍വ,നെന്നെ-
യനുവര്‍ത്തിച്ചു ലക്ഷം വരെ യോതുക’യെന്നായ്
സംഖ്യകളൊന്നു, രണ്ടു, മൂന്നു, നാലിത്യാദിയു-
മങ്കങ്ങള്‍ പത്തുന്‍ഊറോടായിരമിത്യാദിയും
ചൊല്ലിനാന്‍ വിശ്വാമിത്രന്‍, ബാലനുമതുപോലെ
നില്ലാതെ ലക്ഷം വരെ തുടര്‍ന്നു ചൊല്ലീടിനാന്‍
പിന്നെയും ചൊന്നാന്‍ മന്ദസ്വരമായ് മേല്‍പ്പോട്ടുള്ളോ-
രന്യസംഖ്യാസ്ഥാനങ്ങള്‍ കുമുദത്തോളം ബാലന്‍
‘ഗന്ഥിക’ ‘ഉത്പലവും’ പുണ്ഡരീകവുമവന്‍
ഹന്ത! പിന്നതിന്മേല്ലാം ‘പത്മ’വു‘മെണ്ണീടിനാന്‍
അതിസൂക്ഷ്മമായ് ‘ഹസ്തഗിരിയെ‘പ്പൊടിച്ചീടി-
ലതിന്റെപാംസുവെത്ര, അത്രയാണത്രേ ‘പത്മം’
അതിന്നപ്പുറം കാഷ്ഠയാകുന്നു- രാവില്‍ ദ്യോവില്‍
വിതതമായ താരജാലത്തിനു സംഖ്യയതാം,
കോടികാഷ്ഠയാകുന്നിതപ്പുറമാഴിയ്ക്കുള്ളില്‍-
പാടേ തങ്ങീടുന്ന നീര്‍ത്തുള്ളികളത്രയാം പോല്‍.
വര്‍ത്തുലവസ്തുക്കള്‍ തന്‍ സംഖ്യയില്‍ പ്രസിദ്ധമായ്
വര്‍ത്തിക്കും സര്‍വനിക്ഷേപാഖ്യയു-ണ്ടതു പാര്‍ക്കില്‍
വിസ്തൃതയായ ഗംഗയ്ക്കടിയില്‍ തരിമണ-
ലെത്രയുണ്ടെണ്ണീടുകി,ലത്രയാകുന്നു പോലും
ഇതിനപ്പുറത്തുള്ള സംഖ്യയാണന്തഃ കല്പ-
മിതുതാന്‍ പത്തുകോടി കൂടിയാലുണ്ടാമതും
അതിനുമേലുമങ്കമെണ്ണുന്നു നിപുണന്മാര്‍,
പ്രഥിതമസംഖ്യമെന്ന;-ത്രയാകുന്നു പോലും
പതിനായിരത്താണ്ടു ഭൂമിയില്‍ മുടങ്ങാതെ-
യതിഘോരമായ് പെയ്യും മാരിയില്‍ നീര്‍ത്തുള്ളികള്‍.
അപ്പുറം മഹാകല്പ-മതിനാല്‍ ദേവഗണം
തല്‍ഭൂതഭാവികാലഘട്ടങ്ങളെണ്ണീടുന്നു
എന്നതുകേട്ടു മുനി ”ഹാ മഹാത്മാവേ, നൃപ-
നന്ദന,യിവയൊക്കെ നീയറിഞ്ഞിരുന്നിതേ!
നന്നായിതിനി; ദൈര്‍ഘ്യമാനാദി ഗണിതങ്ങ-
ളിന്നു ഞാന്‍ പറഞ്ഞറിയേണ്ടതില്ലല്ലോ”യെന്നാന്‍
വിനയം പൂണ്ടു വീണ്ടും ചൊന്നാന്‍ ബാലകന്‍ ഗുരോ,
കനിവാര്‍ന്നങ്ങു കേട്ടുകൊണ്ടാലും ; കഥിക്കുന്നേന്‍;
പരമാണുക്കള്‍ പത്തു കൂടിയാല്‍ പരസൂക്ഷ്മം
പരസൂക്ഷ്മങ്ങള്‍ പത്തുകൂടുമ്പോള്‍ ത്രസരേണു
പരമേഴതു ചേര്‍ന്നാലുണ്ടാകും സ്ഫുടം സൂര്യ-
കിരണങ്ങളില്‍ പരിവര്‍ത്തിക്കുമൊരു രേണു.
അരിയോരോ രേണുക്കളേഴു പിന്നെയും ചേര്‍ന്നാല്‍
ഗിരികമുഖരോമാഗ്രത്തിന്റെ പരിമാണം
അതു പത്തു ചേരുമ്പോള്‍ ലിഖ്യമാം ; പത്തു ലിഖ്യ-
മഥ ചേരുമ്പോള്‍ യൂകമാം ; യൂകം പത്തു ചേര്‍ന്നാല്‍
യവബീജത്തിന്‍ കാമ്പാമേഴതു ചേര്‍ന്നാല്‍ വണ്ടി-
ന്നവലഗ്നമാ ; മഥ പിന്നെയും ചൊന്നാനേവം
മൃദുസര്‍ഷപമുല്‍ഗയവങ്ങള്‍ ; യവം പത്താ-
മഥ പിന്നൊരംഗുലം ; പന്ത്രണ്ടംഗുലങ്ങളാം
വിതസ്തി ; ഹസ്തഗജചാപങ്ങള്‍ പിന്നെ മേല്‍മേ-
ലതിനൊക്കെയും മേലാം പ്രാസമാം ദീര്‍ഘമാനം
പ്രാസങ്ങളിരുപതു കൂടുന്ന ദൂരമേക-
ശ്വാസമാനമാ;മൊരു ശ്വാസത്താല്‍ ഗമ്യമതും.
അതു നാല്‍പ്പതു ചേര്‍ന്നാല്‍ ഗവ്യൂതി ; ഗവ്യൂതി നാ-
ലഥ ചേരുന്നതാണ് യോജന ; യിനിഗ്ഗുരോ!
ഒരു യോജനയുള്ളില്‍ സൂര്യരശ്മിയില്‍ കാണും
ചെറുധൂളികളെത്രയെന്നും ചൊല്ലുവനെന്നായ്
വിരുതാര്‍ന്നുടന്‍ യോജനാന്തരാളത്തിലെത്ര
പരമാണുക്കളെന്നും പറഞ്ഞാന്‍ സ്പഷ്ടം ബാലന്‍
അതു കേട്ടുടന്‍ വീണു വണങ്ങിക്കുമാരനെ
വിധുരഭാമോടും ചൊല്ലിനാന്‍ വിശ്വാമിത്രന്‍
ഗുരുക്കന്മാര്‍ക്കും ഗുരുവല്ലോ നിന്തിരുവടി
ഗുരുവല്ലവിടേയ്ക്കു ഞാ;നെന്റെ ഗുരുവങ്ങാം
പണിവന്‍ നിന്നെ മോഹനാകൃതേ, കുമാരാ നീ-
യണഞ്ഞു നൂനമെന്റെ മുന്‍പാകെ വിദ്യയെല്ലാം
ഒന്നൊഴിയാതെ ഗ്രന്ഥമൊന്നും താന്‍ പഠിയാതെ
തന്നെത്താന്‍ സര്‍വ്വമറിയുന്നെന്നറിയിപ്പാന്‍
എന്നല്ലീവിദ്യകളൊക്കവേപോലെയുള്ളില്‍
നന്നായ് നീ വിനയാഖ്യഗുണഗുണവുമറിയുന്നു
അത്യന്തമീ വിനയം ഭഗവാന്‍ ബുദ്ധദേവന്‍
നിത്യവും കാട്ടി ഗുരുക്കന്മാരിലെല്ലാരിലും
വിദ്വാന്മാരവരൊക്കെയറിയുന്നതില്‍ കവി-
ഞ്ഞെത്രയും തനിക്കു വിജ്ഞാനമുണ്ടെന്നാലും താന്‍
മൃദുഭാഷിയാണവന്‍ പണ്ഡിതനെന്നാകിലും
മൃദുശീലനാം രാജഗാംഭീര്യമേറുകിലും
വിനയം ബഹുമാനം കൃപയുമാര്‍ന്നാന്‍ ബാലന്‍
ജനങ്ങളോട് ശൂരക്ഷത്രിയന്‍ താനെന്നാലും,
യുവരാജാക്കള്‍ ചേര്‍ന്നു മോറ്റിയില്‍ നായാടുമ്പോ-
ളവനെക്കാള്‍ ധൈര്യമാര്‍ന്നോടിച്ചീലശ്വന്മാരും
കളിച്ചുപോരാടുമ്പോള്‍ മുറ്റത്തു യുവാക്കള്‍ തേര്‍
തെളിച്ചീടുന്നതിലുമവനെ വെന്നീലാരും
എന്നാലും ബാലന്‍ വേട്ടയാടുമ്പോളടിക്കടി
നിന്നുപോമോടിപ്പോകും മൃഗത്തെയെയ്തീടാതെ;
എന്നല്ല പതിവെന്ന പന്തയം വിട്ടുനില്‍ക്കും
തന്നുടെയശ്വമോടിത്തളര്‍ന്നു തേങ്ങിയെന്നാല്‍ ;
എന്നുമല്ലിഷ്ടകുമാരന്മാര്‍ക്കാര്‍ക്കെങ്കിലും
ഖിന്നത തോല്‍വികൊണ്ടു കണ്ടാലും മത്സരത്തില്‍;
അല്ലെങ്കില്‍ ചിന്താശീലനവനുള്ളത്തില്‍ സ്വയം
വല്ലൊരൌത്സുക്യം തോന്നിയാലുമങ്ങനെ നില്‍ക്കും
കാലങ്ങള്‍ പോകുംതോറും പിന്നെയീയനുകമ്പാ-
ശീലവും കുമാരനു വര്‍ദ്ധിച്ചിതുള്‍ത്തടത്തില്‍
മാലകറ്റുന്ന തണലേകുവാനാദ്യം രണ്ടു
ലോലപല്ലവം പൂണ്ടു വളരും വൃക്ഷം പോലെ
ഉണ്ണിയാമവനെന്നാല്‍ ദുഃഖവും വേദനയും
കണ്ണീരുമെന്താണെന്നതറിഞ്ഞീലൊരിക്കലും
മന്നവരൊരുനാളുമറിയെപ്പോകാത്തതായ്
മന്നിലുള്ളേതിന്റെയോ നാമങ്ങളെന്നല്ലാതെ
അക്കാലമൊരുദിനം നൃപന്റെയുദ്യാനത്തില്‍
പുഷ്കലമായ പുഷ്പകാലത്തില്‍ പറന്നെത്തി
ചൊല്‍ക്കൊള്ളും ഹിമാലയനടുവില്‍ തങ്ങള്‍ക്കുള്ള
നല്‍കുലായങ്ങള്‍ നോക്കിപ്പോകുമൊരന്നക്കൂട്ടം
മഞ്ഞുമൂടിടുമമ്മാമലതന്‍ തടത്തൂടെ
യഞ്ജസാ പ്രണയരാഗങ്ങളും പാടിപ്പാടി
രഞ്ജിച്ചു തമ്മില്‍ പ്രേമനീതരായ് വെളുത്തേറെ
മഞ്ജിമകാളുന്നൊരാപ്പക്ഷികള്‍ പറക്കുമ്പോള്‍
സത്വരം നോക്കി വില്ലുകുലച്ചു ശരമെയ്താന്‍
സിദ്ധാര്‍ത്ഥപിതൃവ്യനന്ദനനാം ദേവദത്തന്‍
അംബുധിപോലെ നീലവര്‍ണ്ണമായ് തടവറ്റോ-
രംബരവീഥിതന്റെ നടുവേ ഭയമെന്യേ
അമ്പോടു തൂവലെല്ലാം പരത്തിപ്പറന്നാഞ്ഞു
മുമ്പേപോമന്നത്തിന്റെ ചിറകിനേറ്റൂ ബാണം
ചെമ്പട്ടു പോലെ ചാടും ചോരയാല്‍ വെള്ളത്തൂവല്‍
സമ്പ്രതി വിവര്‍ണ്ണമായ് തറച്ച കൂരമ്പോടും
പാരിലപ്പക്ഷി വീണൂ, തത്ക്ഷണം കണ്ടു മന-
താരലിഞ്ഞുടന്‍ ബുദ്ധനതിനെ ചെന്നെടുത്തു
കാലിന്മേല്‍ കാല്വച്ചിരുന്നങ്കത്തിലണച്ചുടന്‍
ചാലവേ മന്ദം തലോടിനാന്‍ ഭയം തീരാന്‍;
ചിന്നിയ തൂവലുകള്‍തറ്റകിയൊതുക്കിനാ-
നന്യൂനമിളകുന്ന നെഞ്ചിടിയടക്കിനാന്‍;
പിന്നെ നല്ലിളം വാഴത്താളുപോല്‍ തണുത്തുള്ള
തന്നുടെ സസ്നേഹമാം കോമളകരാഗ്രത്താല്‍
അതിനെ ലാളിച്ചൊട്ടൊട്ടാശ്വാസം നല്‍കീട്ടുടന്‍
സദയമിടം കയ്യാല്‍ പക്ഷിയെത്താങ്ങി സ്വയം
അതിതീക്ഷ്ണമാം ശരം മുറിവില്‍ നിന്നു മെല്ലേ
വ്യഥതോന്നാതെയൂരിയെടുത്തു വലം കൈയാല്‍
അതിരോപണമായ മധുവും തണുത്തുള്ള
മൃദുപല്ലവങ്ങളും വച്ചുകെട്ടിനാന്‍ ക്ഷതം
എങ്കിലും വ്യഥയെന്തെന്നുന്നേതുമേയറിയാതെ
ശങ്കതേടീട്ടു ശരാഗ്രം കൊണ്ടു കൈത്തണ്ടിന്മേല്‍
കൌതുകമാര്‍ന്നു കുട്ടി കുത്തിനോക്കിനാ;നുട-
നതു നല്‍കീടും രുജയറിഞ്ഞു പിന്നെയവന്‍
ചൊരിഞ്ഞ കണ്ണീരോടും ഹന്ത! പക്ഷിയെ വീണ്ടും
തിരിഞ്ഞു നോക്കിയാശ്വസിപ്പിച്ചാന്‍ പലവിധം;
അക്ഷണമൊരാളോടിവന്നു ചൊല്ലിനാ “നൊരു
പക്ഷിയെയെയ്തു വീഴ്ത്തി മത്സ്വാമി നൃപാത്മജന്‍
ഇപ്പനിനീര്‍പ്പൂവാടിക്കുള്ളിലായിങ്ങുതന്നെ-
യിപ്പോഴായതു വീണു; തിരുമേനിയോടുടന്‍
കല്പനവാങ്ങിയെടുത്തതിനെക്കൊണ്ടു ചെല്ലാന്‍
മല്പ്രഭു കല്‍പ്പിച്ചിതു; പക്ഷിയെ നല്‍കുകല്ലീ?”
“ഇല്ല ഞാന്‍ തരികയില്ലിതിനെ, പക്ഷിയിതു
ചെല്ലേണ്ടതാകാം, കൊന്നൊരാള്‍ക്കുടന്‍ മരിച്ചെങ്കില്‍
ജീവിച്ചുവീണീടുന്നിതിപ്പോഴുമിമ്മരാളം
ധാവള്യമേറീടുന്നൊരിതിന്റെ പക്ഷങ്ങളില്‍
ദേവകള്‍ക്കുള്ളപോലെ താങ്ങുമാകാശഗതി
കേവലം ധ്വംസിച്ചുവെന്നേയുള്ളു മത്സഹോദരന്‍”
ഈ വിധമകമലിഞ്ഞോതി സിദ്ധാര്‍ത്ഥനുടന്‍
ദേവദത്തനും സ്വയമെത്തിയുത്തരം ചൊന്നാന്‍;
“കാട്ടിലെ ജന്തു ജീവിച്ചീടിലും മരിക്കിലും
വേട്ടയിലാരു വീഴ്ത്തിയപ്പോഴതവന്റേതാം;
ഒട്ടൊരാള്‍ക്കുള്ളതല്ലായിരുന്നിതാകാശത്തില്‍;
തിട്ടമെന്നമ്പേറ്റിങ്ങു വീഴ്കയാലെന്റേതിപ്പോള്‍;
പരിചിലെനിക്കിന്നു സിദ്ധിച്ചതെനിക്കു താന്‍
തരിക;- നീതിനിഷ്ഠനല്ലോ സോദര! ഭവാന്‍.”
ഭഗവാനുടനരയന്നത്തിന്‍ കഴുത്തു തന്‍-
സുകുമാരമാം കവിള്‍ത്തടത്തില്‍ ചേര്‍ത്തുകൊണ്ടു
പറഞ്ഞാന്‍ സഗൌരവം;“ ചൊല്ലരുതീവണ്ണമി-
പ്പറവയെനിക്കുള്ളതാകുന്നു ധരിച്ചാലും,
പരമമാം കൃപകൊണ്ടും സ്നേഹപ്രാഭവം കൊണ്ടും
ധരയിലെന്റേതാകുമസംഖ്യംസത്വങ്ങളില്‍
ഇതുതാനൊന്നാമത്തേതായതു;-മെനിക്കിന്നു-
മതിയില്‍ബോധമുളവാകുന്നു മര്‍ത്ത്യര്‍ക്കു ഞാന്‍
കരുണാശീലമുപദേശിക്കുമെന്നും പാരില്‍
പരമഭയങ്കരഹിംസയെത്തടുത്തുടന്‍
നരലോകത്തിനല്ല, കേവലം നാവില്ലാത്ത
ചരജാതിയ്ക്കും വേണ്ടി സ്ഥാപിക്കും ധര്‍മ്മമെന്നും
നൃപനന്ദനാ! ഭവാനിനിയും തര്‍ക്കമെങ്കില്‍
സപദി ധരിപ്പിക്ക പണ്ഡിതന്മാരെക്കാര്യം
അവര്‍ കല്പിക്കുമ്പോലെ കേള്‍ക്ക നാ’മൊന്നുടന്‍
നൃവരസഭതന്നില്‍ നടന്നു വാദമതും
ചിലരൊന്നോതി, മറ്റു ചിലപേര്‍ മറ്റൊന്നോതി;
പലരും പലതേവമുരയ്ക്കും മദ്ധ്യത്തിങ്കല്‍
അവരിലാരുമറഞ്ഞിടാത്ത ഭിക്ഷുവേക-
നവിടെയെഴുന്നേറ്റു ചൊല്ലിനാനിപ്രകാരം:
“ജീവിതമൊരു ഗണ്യവസ്തുവെന്നിരിക്കിലോ
ജീവിയുമതിനെ രക്ഷിച്ചവനുള്ളതത്രേ;
കൊല്ലുവാന്തുടര്‍ന്നവനുള്ളതല്ല;വന്‍ ജീവ-
നല്ലലും നാശവുമുണ്ടാക്കുന്നു; ലാളിപ്പോനോ,
നല്ലപ്പോലതിനെ രക്ഷിക്കയാണ;തുമൂലം
കില്ലകന്നീയന്നത്തെയവനു നല്‍കീടണം.”
വിധിയിതെല്ലാവര്‍ക്കും സമ്മതമായി; നൃപ-
നതിമോദത്തോടുമമ്മുനിയെ സമ്മാനിപ്പാന്‍
തേടുമ്പോള്‍ കണ്ടീലെ;-ന്നാലാ വഴി പടം വിതൃ-
ത്തോടിപ്പോമൊരു നല്ല പാമ്പിനെയൊരാള്‍ കണ്ടു
ദേവന്മാര്‍ വേഷം പകര്‍ന്നീടുമാറുണ്ടുപോലു-
മീവിധം;- ബുദ്ധന്‍ പിന്നെത്തനിക്കു സിദ്ധിച്ചതാ-
മന്നത്തെയതിന്‍ വര്‍ഗ്ഗത്തോടു ചേരുവാന്‍ വിട്ടു
ധന്യനായ് ദായാകൃത്യമിങ്ങനെയാരംഭിച്ചാന്‍
എന്നാലാവൃണം പൊറുത്താനന്ദമോടും പോയ
വന്യഹംസത്തിനുള്ള വേദനയൊന്നല്ലാതെ
അന്യദുഃഖങ്ങളറിഞ്ഞീടാത്ത മകനോടു
മന്നവന്‍ പിന്നൊരുനാളീവണ്ണമരുള്‍ചെയ്താന്‍:
“വരികയുണ്ണീ, ചാരുവസന്തകാലത്തിന്റെ
പരമാനന്ദഭൂതി കാണ്‍കെടോ കുമാര നീ
വിളഭൂമികളെല്ലാം കൃഷിക്കാര്‍ക്കൊരുപോലെ-
യളവില്ലാതവണ്ണം സമ്പത്തു നല്‍കുന്നതും;
ഒരു നാളെന്മേലഗ്നികാളുമ്പോള്‍ നിന്റേതാമി-
ദ്ധരണി സമൃദ്ധിയാല്‍ പ്രജയെപ്പോറ്റുന്നതും
നരനാഥനാമെന്റെ ഭണ്ഡാരം നിറപ്പതും
വരിക കാണ്‍ക,യെത്രരമ്യമീയൃതുവോര്‍ത്താല്‍
പുതിയ പല്ലവങ്ങള്‍കൊണ്ടും തോട്ടങ്ങള്‍തോറു-
മതിഭാസുരങ്ങളാം പുഷ്പങ്ങള്‍കൊണ്ടും, ഭൂവില്‍
വിതതമായ പച്ചപ്പുല്ലുകള്‍കൊണ്ടും നിലം
സതതമുഴുന്ന കോലാഹലംകൊണ്ടുമിപ്പോള്‍“
ഇങ്ങനെയരുള്‍ചെയ്തു നൃപനും കുമാരനു-
മങ്ങങ്ങു കുളങ്ങള്‍ തോട്ടങ്ങളും നിറഞ്ഞെഴും
ഒരു ദിക്കിലേക്കശ്വാരൂഢരായെഴുന്നള്ളി
നിരപ്പേ കൊഴുത്ത ചെമ്മണ്ണെഴുമബ്‌ഭൂമിയില്‍
തോളിന്മേലൂക്കാല്‍ ഞെരിഞ്ഞീടുന്ന നുകമേന്തി-
ക്കാളകള്‍ വലിച്ചിതു കരിയെ മേലും കീഴും;
മേളിച്ചു കലപ്പതന്‍ പിന്നാലെ നീണ്ടു നിര-
ന്നോളം പോല്‍ കൊഴുത്ത മണ്ണിളകിമറിഞ്ഞിതു
പൊന്തുന്ന കോല്‍മരത്തിന്മീതെ പാദങ്ങള്‍ രണ്ടും
സന്ധിപ്പിച്ചിതു ചാലു താഴുവാനുഴവുകാര്‍
പനകള്‍ കവുങ്ങുകളിവതന്‍ നടുവൂടെ
മുനങ്ങി മെല്ലെമെല്ലെയൊഴുകീ കൈത്തോടുകള്‍
ഭംഗിയില്‍ തോട്ടിന്നിരുകരയ്ക്കും വാച്ചു നിന്നു
ഞെങ്ങണം പുല്ലു ചേലവക്കിലെക്കരകള്‍പോല്‍
എത്രയുമുത്സാഹം പൂണ്ടൊരുക്കും നിലം തോറും
വിത്തെറിഞ്ഞൊട്ടു ജനം നിന്നു വേറൊരു ദിക്കില്‍
കാടുകളെല്ലാം കൂടുകെട്ടീടും പറവകള്‍
പാടുകമൂലം പൊട്ടിച്ചിരിക്കുമ്പോലെ തോന്നി;
അഴകാര്‍ന്നെഴും വസന്താരംഭം കണ്ടു മോദം
വഴിയും പല്ലി, തേനീച്ചകള്‍, വണ്ടുകള്‍, പിന്നെ
ഇഴജന്തുക്കളെന്നിച്ചെറുജീവികള്‍ തൂര്‍ന്നു
മുഴുവന്‍ കുറ്റിക്കാടും മുഖരമായിതെങ്ങും
മാവിന്തോട്ടത്തിലൊന്നില്‍നിന്നു മറ്റൊന്നില്‍ മോദം
താവുന്ന മഞ്ഞക്കിളി പറന്നു മിന്നല്‍ പോലെ;
ചെമ്പുകൊട്ടിപോല്‍ പച്ചപടര്‍പ്പാമുലപറ്റി
ചെമ്പോത്തു വാണു ശബ്ദം മുഴക്കി മടിയെന്യേ;
പറന്നിതീച്ചതിന്നും പക്ഷികള്‍ നീലച്ചോപ്പു-
നിറം പൂണ്ടഴും പൂമ്പാറ്റകളെയോടിച്ചെങ്ങു ;
തറയില്‍ വിരണ്ടോടിയണ്ണാര്‍ക്കണ്ണന്മാര്‍ ; തീറ്റി
ചിറകുവിതിര്‍ത്താഞ്ഞു പെറുക്കീ മൈനാക്കിളി ;
കുരുവിക്കൂട്ടം ചിലച്ചിരുന്നു മുള്‍ച്ചെടിമേല്‍
കരുതിക്കുളത്തിന്മേല്‍ പറന്നു മീങ്കൊത്തികള്‍;
നടന്നു പൊത്തുകളോടാഞ്ഞു കുളക്കോഴി ;
നടുവിണ്ണിന്മേല്‍ ചുറ്റിത്തിരിഞ്ഞു പരുന്തുകള്‍ ;
ചിത്രശില്പങ്ങളാര്‍ന്ന കോവിലില്‍ ചുറ്റും ശോഭ-
മെത്തും പീലികള്‍ നീട്ടിപ്പറന്നൂ മയിലുകള്‍
നീലവര്‍ണ്ണം തേടിയ മാടപ്രാവുകള്‍ തണ്ണീര്‍-
ച്ചോലകള്‍തോറും തങ്ങിയിരുന്നു മൂളി മന്ദം
ഊരിലുള്ളോരു വിവാഹോത്സവങ്ങളിലതി-
ദൂരത്തു കേള്‍ക്കുമാറായ് വാദ്യഘോഷങ്ങള്‍താനും
ഇങ്ങനെ കാണുന്നതും കേള്‍പ്പതും വിളിച്ചോതി-
യെങ്ങുമേ സമൃദ്ധിയും ക്ഷേമവുമെന്നു തന്നെ
കണ്ടിതൊക്കെയും നൃപനന്ദനനകതാരില്‍
പൂണ്ടിതേ പാരം മോദമുടനേ,യെന്നാകിലും
വീണ്ടും ഗാഢമായോര്‍ത്തു വിശ്വമാം പനിനീര്‍പ്പൂ-
ന്തണ്ടിന്റെ താഴത്തുള്ള മുള്ളുകള്‍ പാര്‍ത്താനവന്‍;
കൂലിയ്ക്കുവേണ്ടി വിയര്‍പ്പണിഞ്ഞൂ കൃഷിക്കാരന്‍
വേലചെയ്തീടുന്നതും വയറുപോറ്റാന്‍ നിത്യം;
എരിയും വെയിലിലൂടെ വലിച്ചു കലപ്പയെ
വിരവില്‍ പോകായ്കയാല്‍, വിരിഞ്ഞ കണ്ണേലുന്ന
മാട്ടിന്റെ മിനുത്ത പട്ടൊക്കും വ്‌ലാപ്പുറങ്ങളില്‍
ചാട്ടകൊണ്ടവന്‍ കനിവെന്നിയേ തല്ലുന്നതും;
പല്ലിചെന്നുറുമ്പിനെബ്‌ഭക്ഷിക്കുന്നതും ; പാമ്പു
പല്ലിയെപ്പിടിച്ചു തിന്നുന്നതും;മവരണ്ടും
പരുന്തിനിരയായിത്തീര്‍ന്നീടുന്നതും; പിന്നെ-
ക്കരുത്തില്‍ മീങ്കൊത്തി കൊത്തീടിനമത്സ്യത്തെ പ്രാ-
പ്പിടിയന്‍ പാഞ്ഞുചെന്നിട്ടവന്റെ കൊക്കില്‍നിന്നു
ഝടിതി റാഞ്ചിക്കൊണ്ടു പറന്നുപോകുന്നതും :
അരിയ ചിത്രശലഭങ്ങളെയെല്ലാം ചെറു
കുരുവിക്കൂട്ടങ്ങള്‍ കൊല്ലുന്നതുമവറ്റയെ-
ക്കരുണകൂടാതതുപോലെ താന്‍ കടന്നെത്തി-
ത്തരസാ പെരും പുള്ളു വേട്ടയാടീടുന്നതും ;
ഒന്നിനെയൊന്നു കൊന്നീടുന്നതുമുടനെ മ-
റ്റൊന്നിനങ്ങതുമിരയാവതുമിതുപോലെ
മരണം ജീവിതത്തെപ്പോറ്റീടും പ്രകാരങ്ങ-
ളൊരുപോലവന്‍ കണ്ടാനവിടെയെല്ലാടവും
പുഴുക്കള്‍ തൊട്ടു മനുഷ്യാന്തം ജന്തുക്കള്‍തമ്മി-
ലൊഴിയാതേവം യുദ്ധനാടകമതിഘോരം
ഗൂഢമായ് താന്‍ കണുമാ വസന്തകാലത്തിന്റെ
മോടിയാം തിരശ്ശീലയ്ക്കകത്തു നടിപ്പതും,
പാരാതെ പിന്നെയിവയ്ക്കൊക്കെ വൈരിയാം നരന്‍
പോരാടിത്തന്റെ സമസൃഷ്ടിയെക്കൊല്ലുന്നതും
കൊറ്റിനായുഴുവതും കര്‍ഷകന്‍ കൂറ്റന്‍ നൊന്തു
മുറ്റും തോളടിപൊട്ടിക്കലപ്പ വലിപ്പതും
ജീവിതമാകും പോരില്‍ ജന്തുക്കള്‍ ഞെരുങ്ങുവ-
തീവിധം കണ്ടു നെടുവീര്‍പ്പിട്ടു നൃപാത്മജന്‍
ചൊല്ലിനാ:-“നിതുതാനോയിങ്ങു ഞാന്‍ കണ്ടിടേണ്ട
ചൊല്ലെഴും സുഖാവഹമായൊരു ലോകം കഷ്ടം!
എത്രയേലുന്നു ഖേദമെളിയ കൃഷിക്കാരന്‍
എത്ര കഷ്ടപ്പെടുന്നു പാവങ്ങളെരുതുകള്‍
നേര്‍ത്തു ശക്തരും ശക്തിഹീനരും തമ്മില്‍ ജീവ-
യാത്രയില്‍ ചെയ്തീടുമിപ്പൊരെത്ര ഭയങ്കരം !
ആകാശത്തിലുമെന്തൊരക്രമം നടക്കുന്നു !
പൂകുവാനുണ്ടോ വല്ല ശരണം വെള്ളത്തിലും?
പോകനാമിനിത്താതാ, ചെന്നൊരു ദിക്കിലിരു-
ന്നാകെ ഞാന്‍ ചിന്തിക്കട്ടെയിക്കണ്ട വിശേഷങ്ങള്‍“
ഇങ്ങനെയരുള്‍ചെയ്തഭഗവാന്‍ ശാക്യസിംഹ-
നങ്ങൊരു ഞാവലിന്റെ തണലിലണഞ്ഞുടന്‍
ഭംഗിയിലിരുന്നു വീരാസനം ബന്ധിച്ചുകൊ-
ണിറ്റിങ്ങു നാം കാണാറുള്ള ബുദ്ധവിഗ്രഹം പോലെ
ചിന്തിച്ചാനവന്‍ ഗാഢം പിന്നെയീ സംസാരമാം
സന്തതമഹാവ്യാധിയെങ്ങനെയുള്ളതെന്നും
എന്തൊരു നിദാനത്താലുളവായെന്നു,മിതി
നന്തമുണ്ടാക്കീടുവാനെന്തുള്ളൂ മരുന്നെന്നും
മനതാര്‍ വിള്ളുമാറു കവിഞ്ഞിതവനപ്പോള്‍
തനിയെ ജന്തുക്കളില്‍ സ്നേഹവും കാരുണ്യവും
പുനരിങ്ങവയ്ക്കുള്ള ദുഃഖങ്ങള്‍ നീക്കീടാനൊ
രനഘോപായം കാണാഞ്ഞേറിയിതുത്ക്കണ്ഠയും
ഇത്തരം ശുഭവിചാരങ്ങളാല്‍ ഞെരുങ്ങുന്ന
ഹൃത്തടം വിട്ടവന്റെ ചേതന പൊങ്ങി വേഗം
മര്‍ത്ത്യന്റെ മലിനമാമിന്ദ്രിയമാനസങ്ങള്‍-
ക്കെത്താത്തൊരാനന്ദാനുഭൂതിയില്‍ ചെന്നു നിന്നു
സര്‍വ്വവന്ദ്യനാം ബുദ്ധനിങ്ങനെ ധ്യാനമെന്ന
നിര്‍വാണമാര്‍ഗത്തിന്റെയൊന്നാം കലപയേറി
ഉടനങ്ങതുവഴി പോകുമ്പോള്‍ വിണ്ണില്‍ മാര്‍ഗം
തടഞ്ഞു തങ്ങിനിന്നൊരഞ്ചുപേര്‍ ദേവര്‍ഷിമാര്‍
സ്ഫുടമായേതു ദിവ്യതരശക്തിയാല്‍ തങ്ങ-
ളിടയില്‍ തടഞ്ഞുനില്‍ക്കുന്നിതെന്നാശ്ചര്യത്താല്‍
ദേവന്മാരോരുമല്ലോ ദിവ്യവൈഭവമേതും
പാവനാത്മാക്കള്‍ വാഴും പുണ്യദേശവും സ്വയം
അതിനാല്‍ താഴോട്ടവര്‍ നോക്കുമ്പോള്‍ വൃക്ഷത്തിന്‍ കീ-
ഴതിപാടലപരിവേഷത്താല്‍ ശോഭ തേടി,
ഗതി, ലോകങ്ങള്‍ക്കേകാന്‍ ദീക്ഷിച്ചു നല്‍ധ്യാനത്തില്‍
സ്ഥിതിചെയ്യുന്ന ബുദ്ധഭഗവാന്തന്നെക്കണ്ടാര്‍
“അറിവിനിതുതന്നെ നിര്‍വാണം നല്‍കും നാഥ,-
നിറങ്ങിവന്നു വന്ദിച്ചീടുവിനൃഷിമാരേ !“
സ്ഫുടമിങ്ങനെയൊരു വാക്യവും ഞാവല്‍കാവി-
ന്നിടയില്‍ നിന്നു പുറപ്പെട്ടു തത്ക്ഷണം സ്വയം
ഉടനേയദ്ദിവ്യതേജസ്വികള്‍ ചെന്നു കണ്ടു
വടിവില്‍ കൈകള്‍ കൂപ്പി വന്ദിച്ചു ഭഗവാനെ,
പടുതയോടും ദിവ്യസ്തോത്രവും പാടിപ്പോയാര്‍
ഝടിതി ദേവന്മാര്‍ക്കീ വൃത്താന്തമുണര്‍ത്തുവാന്‍
പിന്നെ മദ്ധ്യാഹ്നകാലം കഴിഞ്ഞു പടിഞ്ഞാറെ-
ക്കുന്നിന്മേല്‍ ചെന്നു സൂര്യനെത്തിയസ്തമിക്കുവാന്‍;
എന്നിട്ടും കുമാരനെ കാണാഞ്ഞു ബദ്ധപ്പെട്ടു
മന്നവനയച്ചൊരു പൂരുഷനണഞ്ഞുടന്‍
അപ്പോഴും ധ്യാനത്തില്‍ നിന്നിളകാതങ്ങുതന്നെ
യപ്പൈതലിരിപ്പതു കണ്ടാനെന്നല്ല കാവില്‍
മറ്റു വൃക്ഷങ്ങള്‍ക്കെഴും ഛായകള്‍ മൂടുവിട്ടു
മുറ്റും ദൂരത്തില്‍ നീണ്ടുപോകിലും സായാഹ്നത്തില്‍
ചാഞ്ഞെഴും സൂര്യരശ്മിതാനുമദ്ധന്യന്റെമേ-
ലാഞ്ഞുടന്‍ തിരുമെയ്യെ ബാധിച്ചീടാതവണ്ണം
നിഷ്ഠയില്‍ ബാലനിരുന്നരുളുംദിക്കില്‍നിന്ന-
ങ്ങൊട്ടും ഞാവലിന്‍ നിഴല്‍ നീങ്ങീടാത്തതും കണ്ടാന്‍
അതുമല്ലമ്മരത്തിനഗ്രത്തില്‍ നിറഞ്ഞെഴും
പുതുപ്പൂന്നിരകള്‍ തന്നിടയില്‍ നിന്നുമപ്പോള്‍
“സ്ഥിതി ചെയ്യട്ടേ നൃപനന്ദനനുള്ളത്തിങ്കല്‍
പതിഞ്ഞ ദുഃഖച്ഛായ പോവോളമിങ്ങുതന്നെ ;
അതുപര്യന്തം ഞാനെന്‍ ഛായയുമവന്റെമേല്‍
പതിപ്പിച്ചീടും” മെന്നീവാക്യവും കേട്ടു ചിത്രം !