വൈരുധ്യാത്മക ഭൗതികവാദം/വിപരീതങ്ങളുടെ ഐക്യവും സമരവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം)
രചന:എം.പി. പരമേശ്വരൻ
വിപരീതങ്ങളുടെ ഐക്യവും സമരവും


[ 97 ]

8

വിപരീതങ്ങളുടെ

ഐക്യവും സമരവും


തൊരു വസ്തുവിലും ഏതൊരു പ്രക്രിയയിലും രണ്ട് വിപരീതങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നാം കണുകയുണ്ടായി. അവയുടെ പരസ്പരം വേർതിരിക്കാനകായ്മയാണ് 'ഐക്യം' എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ഒരു പ്രത്യേകതരത്തിലുള്ള ഐക്യമാണിത്. വിപരീതങ്ങൾ തികച്ചും സമാധാനപരമായി വേർതിരിക്കുകയല്ല ചെയ്യുന്നത്. അത്തരം സഹവർതിത്വം സൂചിപ്പിക്കുന്നത് പരസ്പര ബന്ധരാഹിത്യത്തെയാണ്. അപ്പോൾ പിന്നെ വിപരീതം എന്ന വാക്കിനു തന്നെ അർഥമില്ലാതാകുകയും ചെയ്യുന്നു. വിപരീതങ്ങൾ തമ്മിലുള്ള യഥാർഥബന്ധം സംഘർഷത്തിന്റെത്, സമരത്തിന്റെത്, ആണ്. ഈ സമരത്തിന്റെ ഫലമാണ് വളർച, ചലനം, ഉണ്ടാകുന്നത്.

ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും ചരിത്രത്തിൽ വിപരീതങ്ങളുടെ സമരമാണ് വളർചക്ക് നിദാനമെന്ന് തെളിയിക്കുന്ന ഒട്ടേറെ കാര്യങ്ങൾ കാണാം. വളരെ വളരെ വ്യത്യസ്തമായ രൂപങ്ങളിലാണ് ഓരോ തുറയിലും ഓരോ സന്ദർഭത്തിലും ഈ സമരം പ്രകാശിതമാകുക.

ആദ്യമായി നമുക്ക് ഭൗതികശാസ്ത്രങ്ങളിൽ നിന്ന് ചില ഉദാഹരണങ്ങൾ എടുക്കാം, വിരുദ്ധ ബലങ്ങളായ ആകർഷണ-വികർഷണങ്ങൾ എല്ലാം അചേ [ 98 ] അചേതന പദാർഥങ്ങളിലും കാണാം. ഗുരുത്വാകർഷണ ബലം, വൈദ്യൂതബലം, അണുകേന്ദ്രബലം എന്നിവ കൊണ്ടുണ്ടാകുന്ന ആകർഷണ-വികർഷണങ്ങളാണ് അണുകേന്ദ്രത്തിന്റെ നിലനിൽപിനും അണുവിന്റെയും തൻമാത്രകളുടേയും രൂപീകരണത്തിനും ആധാരിമായിട്ടുള്ളത്. ഈ ബലങ്ങൾ തമ്മിലുള്ള സംഘർഷമാണ് നമ്മുടെ സൗരയൂതത്തിന്റെ രൂപീകരണത്തിനുതന്നെ പ്രധാന കാരണങ്ങളിൽ ഒന്ന്. അനന്തമായ ബാഹ്യപ്രപഞ്ചത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങൾകും നിദാനം ഈ ബലങ്ങൾ തന്നെ. പ്രപഞ്ചത്തിൽ ഒരിടത്തും ഇവ പൂർണ്ണമായി സന്തുലിതമായിരിക്കില്ല. ഒന്ന് മറ്റേതിനെക്കാൾ കൂടുതലായിരിക്കും. എവിടെ വികർഷണം മുന്നിൽ നിൽകുന്നുവോ അവിടെ ദ്രവ്യവും ഈർജവും സാന്ദ്രീകൃതമാകുന്നു, പുതിയ നക്ഷത്രങ്ങൾ ജനിക്കുന്നു. പരസ്പരം വിരുദ്ധങ്ങളായ ആകർഷണ-വികർഷണ ബലങ്ങളുടെ സംഘർഷത്തിൽപെട്ട് ദ്രവ്യവും ഊർജവും അനന്തപ്രപഞ്ചത്തിൽ നിതാന്ത ചലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതേസമയം ദ്രവ്യവും ഊർജവും തന്നെയാണ് ഈ ബലങ്ങളുടെ ഉറവിടം എന്ന കാര്യവും ഓർകുക.

അനന്തപ്രപഞ്ചത്തിന്റെ കാര്യം വിട്ട് നമുക്ക്, ഈ ഭൂമിയിൽ നിത്യജീവിതത്തിൽ കാണുന്ന കാര്യങ്ങൾ തന്നെ എടുക്കുക. പരുക്കൻ പറമ്പിൽ നിലത്തിൽ കൂടെ തട്ടിയ ഒരു പന്ത് കുറച്ചുദൂരം സഞ്ചരിച്ച് നിൽകുന്നു. അതേ ശക്തിയിൽ മുകളിലൂടെ തട്ടിയാൽ ആ പന്ത് കുറെക്കൂടി ദൂരം പോകും. എന്താണ് ഈ വ്യത്യാസത്തിന് കാരണം? നിലം പരുപരുത്തതാകയാൽ ഉരസൽ, ഘർഷണം, വായുവിലേതിനേക്കാൾ കൂടുതലാണ് എന്നത്. അപ്പോൾ ഘർഷണമെന്നു പറയുന്നത് ചലനത്തിന് തടസമുണ്ടാക്കുന്ന ഒരു സ്വഭാവമാണല്ലൊ. അതെ, സംശയമില്ല. ഈ ഘർഷണം കുറക്കാനാണ് ചക്രങ്ങൾക് ബെയ്റിങുകൾ കൊടുക്കുന്നതും ഉയരുന്ന പ്രതലങ്ങൾകിടയിൽ എണ്ണയിടുന്നതും എല്ലാം. ഇനി നമുക്കൊരു പരീക്ഷണം സങ്കൽപിക്കാം. (സങ്കൽപിച്ചാൽ മതി, അല്ലെങ്കിൽ തകരാറാണ്!). നല്ലപോലെ മിനുസപ്പെടുത്തിയ സിമന്റിട്ട നിലം. അതിന്റെ മിനുസം വർധിപ്പിക്കാനായി കുറെ നല്ല താളിയും പിഴിഞ്ഞൊഴിച്ചിട്ടുണ്ടെന്നു കുരുതുക. ഘർഷണം തീരെ കുറഞ്ഞ, ചലനത്തിന് ഏറ്റവും സഹായകരമായ, ഒരു പ്രതലമായിരിക്കും അത്. ശരി, അതിലൂടെ ഒന്നുവേഗം നടന്നു നോക്കൂ! (സങ്കൽപത്തിൽ മതി എന്നു പറഞ്ഞല്ലോ) ഒരടിപോലും മുന്നോട്ടുവെക്കാൻ പറ്റില്ല. വഴുക്കിവീണ് മണ്ട പൊട്ടും. പ്രതലത്തിൽ ഘർഷണമില്ലെങ്കിൽ നടക്കാൻപറ്റില്ല. അപ്പോൾ ഘർഷണം ചലനത്തിന് തടസമാകുന്നതുപോലെ ചലനത്തിന് ആവശ്യവുമായിത്തീരുന്നു.

വൈദ്യൂതമോട്ടോർ തിരിയുന്നത് വൈദ്യുതിയുടെ ആകർഷണ-വികർഷണബലങ്ങളുടെ സംഘർഷഫലമായാണ്. പ്രവർതന-പ്രതിപ്രവർതന ഫലമായാണ് റോക്കറ്റുകൾ ചലിക്കുന്നത്.

എല്ലാ ജീവികളിലുമുള്ള വിപരീത പ്രക്രിയകളാണ് ചയവും (സ്വാംശീകരണം) അപചയവും (വിഘടിച്ചു വിസർജിക്കൽ) എന്ന് നാം നേരത്തെ [ 99 ] കാണുകയുണ്ടായല്ലോ. എല്ലാ ജീവന്റെയും വികാസത്തിന്റെ അടിസ്ഥാനം ഈ രണ്ടു പ്രക്രിയകൾ ആണ്; സംഘർഷം ആണ്; പരസ്പര പ്രതിപ്രവർതനം ആണ്. ഒരിക്കലും അവ നൂറ് ശതമാനവും സന്തുലിതമായിരിക്കില്ല. ജീവിയുടെ ഇളം പ്രായത്തിൽ ചയപ്രക്രിയകൾക് അപചയ പ്രക്രിയയെ അപേക്ഷിച്ച് മുൻതൂക്കം കാണും. വളർചയുടെ കാരണമിതാണ്. പ്രായമാകുമ്പോൾ അപചയ പ്രക്രിയക്ക് ക്രമേണ ക്രമേണ മുൻതൂക്കം കൂടിവരുന്നു. ജീവിയുടെ ക്ഷയത്തിന്, ഇത് കാരണമാകുന്നു. ചയാപചയ പ്രക്രിയകൾ തമ്മിലുള്ള പ്രതിപ്രവർതനമില്ലെങ്കിൽ ജീവൻ നിൽക്കുന്നു.

ഏതൊരു സമൂഹത്തിനും അതിന്റെ നിലനിൽപിനാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിക്കണമല്ലൊ. ഉൽ‌പാദനത്തിന് കരുക്കളും അധ്വാനശക്തിയും, ചുരുക്കത്തിൽ ഉൽപാദനശക്തികൾ, ആവശ്യമാണ്. മാത്രമല്ല, സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ ഉൽപാദനം നടത്തുന്നതിനുവേണ്ട ചില പരസ്പര ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കയും വേണം. ഈ ഉൽപാദനബന്ദങ്ങളും ഉൽപാദനശക്തികളും തമ്മിലുള്ള വൈരുധ്യം, അവ തമ്മിലുള്ള സമരം, ആണ് അടിമ വ്യവസ്ഥയിൽനിന്ന് ഫ്യൂഡൽ വ്യവസ്ഥയിലേക്കും (നാടുവാഴിവ്യവസ്ഥ) അതിൽനിന്ന് മുതലാളിത്തത്തിലേക്കും പിന്നീട് സോഷ്യലിസത്തിലേക്കും മനുഷ്യസമൂഹത്തെ നയിച്ചത്. ഈ പരിവർതനങ്ങൾ നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നതിനാൽ, കൂടുതൽ വിശദമായി പരിശോധിക്കാം.

എന്തെല്ലാമാണ് ഇന്ന് സമൂഹത്തിൽ കാണുന്ന വൈപരീത്യങ്ങൾ അഥവാ വൈരുദ്ധ്യങ്ങൾ? വ്യക്തികൾ തമ്മിലോ ഗ്രൂപ്പുകൾ തമ്മിലോ ഉള്ള സ്പർധ എന്ന നിലയിലല്ല നാമിത് പിരശോധിക്കേണ്ടത്. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ അനിവാര്യഫലമെന്ന നിലക്ക് കാണുന്ന വൈരുധ്യങ്ങൾ എന്ത്? അതാണ് നാം നോക്കുന്നത്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വൈരുധ്യം അങ്ങനെയുള്ള ഒന്നാണ്. മുതലാളി ആഗ്രഹിച്ചാലും തൊഴിലാളി ആഗ്രഹിച്ചാലും രണ്ടുപേരും ഒരുമിച്ച് ശ്രമിച്ചാലും അതില്ലാതാക്കാൻ പറ്റില്ല. രണ്ടുപേരും ഇല്ലാതായാൽ അവർ തമ്മിലുള്ള വൈരുധ്യം ഇല്ലാതാകില്ല. ഒരു മുതലാളിയും ഒരു തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിന്റെ കാര്യമല്ല ഇത്. മുതലാളിമാർ പൊതുവിലും തൊഴിലാളികൾ പൊതുവിലും തമ്മിലുള്ള ബന്ധത്തിന്റെ കാര്യമാണത്.

മുതലാളി, തൊഴിലാളി എന്നീ വാക്കുകൾക് വളരെ നിഷ്കൃഷ്ടമായ അർഥമുണ്ടെന്ന് നാം നേരത്തെ കണ്ടല്ലൊ. തൊഴിലാളിയുടെ പക്കൻ ഉൽപാദന ഉപകരണങ്ങൾ ഒന്നുമില്ല, അതെല്ലാം മുതലാളിയുടെതാണ്. മുതലാളിക്കാകട്ടെ ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ഉൽപാദനം നടത്തണമെങ്കിൽ തൊഴിലാളിയുടെ സഹായം കൂടാതെയും നിവൃത്തിയില്ല. മുതലാളിമാർ എണ്ണത്തിൽ വളരെ കുറവും തൊഴിലാളികൾ വളരെ കൂടുതലുമാണ്, സമൂഹത്തിൽ മുതലാളിമാരും തൊഴിലാളികളുമല്ലാത്തവർ ഉണ്ടെങ്കിലും അവരിൽ ന്യൂനപക്ഷം മുതലാളിമാരും (ഉൽപാദന ഉപകരണങ്ങളുടെ ഉടമകളും) ഭൂരിപക്ഷം തൊഴിലാളികളുമായി മാറിക്കൊണ്ടിരിക്കയാണ്. [ 100 ]

ഇപ്പോഴത്തെ പരിശോധനക്ക് സമൂഹത്തെയാകെ രണ്ടേ രണ്ട് ഗ്രൂപ്പുമാത്രമായി-മുതലാളിമാരും തൊഴിലാളികളും മാത്രമായി-വേർതിരിക്കാം. മുതലാളിമാരുടെ കയ്യിൽ തുടക്കത്തിൽ കുറെ യന്ത്രങ്ങളും കുറെ അസംസ്കൃത പദാർത്ഥങ്ങളുമുണ്ട്. തൊഴിലാളികളെ കൂലിക്ക് നിർതി ഇവയുപയോഗിച്ച് അവർ ചരക്കുകളുണ്ടാക്കുന്നു. യന്ത്രങ്ങളും അസംസ്കൃതപദാർത്ഥങ്ങളും മുഴുവൻ 'മുതലാളിസമൂഹ'ത്തിന്റെയാണ്. ആയതിനാൽ അവയ്ക്ക് തൽക്കാലം പ്രത്യേകമായി വില കൊടുക്കേണ്ടതില്ല എന്നു കരുതാം. മുതലാളിമാർ തമ്മിൽ തമ്മിലുള്ള അഡ്ജസ്റ്റുമെന്റിന്റെ പ്രശ്നം മാത്രമേയുള്ളൂ. തൽകാലത്തേക്ക് ചരക്കുണ്ടാക്കുന്നതിൽ മുതലാളിക്കുള്ള ചെലവ് കൂലിച്ചെലവ് മാത്രമാണെന്ന് കരുതാം. എല്ലാ തൊഴിലാളികളും കൂടി ഒരുനൂറൂ യൂണിറ്റ് ചരക്കുകള് -എല്ലാ തരത്തിലും പെട്ടവ- ഉണ്ടാക്കുന്നു എന്ന് കരുതുക. കൂലിയായി മുതലാളിമാർ തൊഴിലാളികൾക്ക് 100 യൂണിറ്റ് പണം നൽകുന്നു എന്നും കരുതുക. അതുകൊണ്ടുവേണം തൊഴിലാളികൾക്ക് നിത്യവൃത്തി കഴിയുവാൻ, അവർക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങുവാൻ. തൊഴിലാളികൾ ഉണ്ടാക്കിയ 100 യൂണിറ്റ് ചരക്കുകളുടേയും ഉടമസ്ഥർ മുതലാളിമാരാണ്. അരിയും തുണിയും മരുന്നുമൊക്കെ ഓരോരോ മുതലാളിയുടെ വകയാണ്. അതിലെ വളരെ ചെറിയ ഒരു ശതമാനമേ അവർക്ക് സ്വന്തം ഉപയോഗത്തിന് ആവശ്യമുള്ളൂ. അവർക്ക് വേണ്ടത് ലാഭമാണ്. തങ്ങൾ ചെലവാക്കിയതിനേക്കാൾ കൂടുതൽ പണം. അതാണല്ലൊ മുതലാളിമാരുടേയും മുതലാളിത്തത്തിന്റെയും മൌലികസ്വഭാവം. എങ്ങനെയാണവർക്ക് പണം കിട്ടുന്നത്? ഇറക്കിയതിനേക്കാൾ കൂടുതൽ പണം കിട്ടുന്നത്? ചരക്കുകൾ വില്ക്കണം. എത്ര പണത്തിന് വിൽക്കണം. 10 ശതമാനം ലാഭം കിട്ടണം എന്നുവെക്കുക. എങ്കിൽ 110 യൂണിറ്റ് പണം കിട്ടണം. ആർകാണ് വിൽകുക, ആരാണ് വാങ്ങുക? തൊഴിലാളികൾ (നാം നേരത്തെ തന്നെ പറഞ്ഞല്ലൊ തൊഴിലാളികളും മുതലാളികളും മാത്രമെ ഉള്ളു സമൂഹത്തിൽ എന്ന്). അപ്പോൾ തൊഴിലാളികൾ 110 യൂണിറ്റ് പണംകൊടുത്ത് ഇവ വാങ്ങണം. എവിടെനിന്നാണ് തൊഴിലാളികൾക്ക് പണം കിട്ടുന്നത്? മുതലാളി നൽകിയ കൂലിയിൽനിന്ന്. അതെത്രയാണ് നൽകിയിട്ടുള്ളത്? 100 യൂണിറ്റ്. പിന്നെ എങ്ങനെ അവർ 110 യൂണിറ്റ് പണം മുതലാളിമാർക് കൊടുക്കും? കൊടുക്കാൻ പറ്റില്ല. അപ്പോൾ മുതലാളിമാർക് എങ്ങനെ ലാഭം ഉണ്ടാകും? ഉണ്ടാക്കാൻ പറ്റില്ല. മുതലാളിത്തത്തിലെ അടിസ്ഥാനപരമായ ഒരു വൈരുധ്യമാണിത്, ആഭ്യന്തരമായ ഒരു വൈരുധ്യം. മുതലാളിക്ക് ലാഭം സാക്ഷാത്കരിക്കാൻ പറ്റുന്നതല്ല. മുതലാളിത്തത്തിന്റെ മൗലിക സ്വഭാവത്തിൽ നിന്നുതന്നെ ഉദ്ഭവിക്കുന്ന ഈ വൈരുധ്യം മുതലാളിയും തൊഴിലാളിയുമായുള്ള കാലത്തോളം നിലനിൽകും. അതിനാൽ ചരക്കുകൾ സ്വന്തം ആവശ്യങ്ങൾകുവേണ്ടി ധൂർതമായി ഉപയോഗിച്ചുകൊണ്ട്, ധൂർത് കൂട്ടിക്കൊണ്ട്, ലാഭം സാക്ഷാത്കരിക്കാൻ മുതലാളിമാർ ശ്രമിക്കുന്നു. നമുക്കുചുറ്റും കാണാവുന്ന കാര്യമാണിത്. എന്നാൽ ഇതുകൊണ്ട് മുതലാളിത്തം ശക്തിപ്പെടുകയില്ല. തളരുകയേ ഉള്ളൂ. കാരണം, ഉല്പാദനം വർധിപ്പിച്ചുകൊണ്ടു വന്നാലെ മുതലാളിത്തം വളരുകയുള്ളു. [ 101 ]

മുകളിൽ കൊടുത്ത അപഗ്രഥനം ഇന്ന് നാം നമുക്കു ചുറ്റും കാണുന്ന യാഥാർത്ഥ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നില്ല എന്ന് കാണാൻ പ്രയാസമില്ല. കാര്യം ശരിയാണ്. കാരണം ഇന്ന് നമ്മുടെ സമൂഹത്തിൽ ശുദ്ധതൊഴിലാളികളും ശുദ്ധ മുതലാളിമാരും മാത്രമല്ല ഉള്ളത്. ഭൂവുടമകളുണ്ട്, കൃഷിക്കാരുണ്ട്, കച്ചവടക്കാരുണ്ട്, കലാകാരൻമാരുണ്ട്....അങ്ങനെ പലരും. തങ്ങളുടെ "അദ്ധ്വാനശേഷിയല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാത്ത" തൊഴിലാളികളുമുണ്ട്. ഈ അവസാനം പറഞ്ഞവരുടെ എണ്ണമാകട്ടെ വർധിച്ചുവരികയാണുതാനും. പണ്ടുകാലത്ത്, ഏറെ പിന്നോക്കമൊന്നും പോകണ്ട നൂറോ നൂറ്റമ്പതോ കൊല്ലം മതി, ഇവരിൽ ഭൂരിപക്ഷം പേർകും കുറച്ച് ഭൂമിയും മറ്റു ചില സ്വത്തുക്കളുമുണ്ടായിരുന്നു. അപ്പോൾ മുതലാളിമാർക് ലാഭമുണ്ടാക്കാനുള്ള വകുപ്പുമുണ്ട്. ഓരോ കൂട്ടരെ ഓരോ കൂട്ടരെ ആയി പാപ്പരാക്കിക്കൊണ്ടാണ് മുതലാളിത്തം വളർനത്. ഇന്നും ആ പ്രക്രിയ തുടരുന്നുണ്ട്. നമുക്കോരോരുത്തർക്കും അനുഭവപ്പെടുന്നുമുണ്ട്. പാപ്പരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇനിയും പാപ്പരീകരിക്കപ്പെടാതെ അവശേഷിക്കുന്നവരുടെ എണ്ണം കുറയുന്നതിനനുസരിച്ച്, ലാഭമുണ്ടാക്കാനുള്ള, മുതലാളിയായി നിലനിൽകാനുള്ള മുതലാളിയുടെ കഴിവ് കുറയുന്നു. അപ്പോൾ മുതലാളിമാർ തമ്മിൽ തമ്മിൽ മത്സരം വർധിക്കുന്നു. താരതമ്യേന കഴിവു കുറഞ്ഞ മുതലാളിമാർ തകരുന്നു. അവരെ തകർതുകൊണ്ടല്ലാതെ, മറ്റൂള്ള മുതലാളിമാർക്, അതായത് മുതലാളിത്തത്തിനു തന്നെ നിലനിൽകാനാവില്ല. ഓരോ രാജ്യത്തിനുമകത്തെ കുത്തകകളുടെയും ലോകമാകെ എടുക്കുമ്പോൾ സാമ്രാജ്യത്വത്തിന്റെയും വളർച കാണിക്കുന്നത് ഈ പ്രതിഭാസത്തെയാണ്. അതുപോലെ മുതലാളിമാർക് വളരണമെങ്കിൽ പണി എടുപ്പിക്കാൻ തൊഴിലാളികളെ കിട്ടണം; അസംസ്കൃതപദാർത്ഥങ്ങളും വെള്ളം, ഭൂമി മുതലായവയും അവരുടെ വരുതിയിൽ വരണം. കൃഷിക്കാരും ജൻമിമാരും കുടിയാൻമാരും അവരുടെ ഭൂമികളിൽ പണിയെടുക്കുന്ന തൊഴിലാളികളും മുതലാളിയുടെ കൂടെ പണിക്ക് വരില്ല, കാർഷികമേഖലയിൽ മാറ്റം വരുത്തുകയും ജൻമിമാരെ ഇല്ലാതാക്കി ഭൂമിയെയും ഒരു ക്രയവിക്രയച്ചരക്കാക്കി മാറ്റുകയും കൂടുതൽ കൂടുതൽ ആളുകളെ കാർഷികരംഗത്തുനിന്നും മോചിപ്പിക്കുകയും ചെയ്യേണ്ടത് മുതലാളിത്തത്തിന്റെ വളർചക്ക് ആവശ്യമാണ്. ഇതാണ് 15‌-16 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നടന്നത്; കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്ത് ഇന്ത്യയിലും നടന്നത്. ഭൂമി നഷ്ടപ്പെട്ടും പരമ്പരാഗത തൊഴിൽ നഷ്ടപ്പെട്ടും കമ്പനിപ്പണിക്കാരായിത്തീർന നുറ്റുക്കണക്കിനുപേരെ നമുക്കോരോരുത്തർകും ഓർമിക്കാൻ കഴിയും. തനിക്കുള്ളത് നഷ്ടപ്പെടുന്നതിനെ എല്ലാവരും ചെറുക്കും. അത്തരം ചെറുത്തുനിൽപുകളും സംഘട്ടനങ്ങളും ധാരാളം നടന്നിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലും എത്രയെത്ര കർഷക കലാപങ്ങൾ നടന്നിട്ടുണ്ട്. തൊഴിലാളികളുടെ സമരങ്ങളാണെങ്കിലോ, അതിന് കയ്യും കണക്കുമില്ല.

അങ്ങനെ മുതലാളിയും തൊഴിലാളിയും തമ്മിൽ പരിഹരിക്കാനാവാത്ത ഒരു വൈരുധ്യം കാണാം. അതേ സമയം ഒരു കൂട്ടരില്ലാതെ മറ്റേ കൂട്ടർക് [ 102 ] നിലനിൽപില്ലതാനും. ഇവർ തമ്മിലുള്ള വൈരുദ്ധ്യത്തെ പരിഹരിക്കാനാവാത്തത് എന്നു പറയുന്നതിന്റെ അർഥം ഇതാണ്: മുതലാളിത്തത്തിന്റെ അടിസ്ഥാനപരമായ സ്വഭാവം ലാഭം ഉണ്ടാക്കൽ ആണ്; ശുദ്ധമുതലാളിത്തത്തിൽ മുതലാളിക്ക് ലാഭം ഉണ്ടാക്കാൻ പറ്റുകയുമില്ല. ഈ വൈരുദ്ധ്യത്തിന് പരിഹാരം കാണാൻ ഒരേ ഒരു മാർഗമേ ഉള്ളൂ: മുതലാളിത്തം തന്നെ ഇല്ലാതാക്കുക, മുതലാളിയും തൊഴിലാളിയും ഇല്ലാതാകുക, തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് ആവശ്യമാണ്. മൃഗതുല്യമായ ജീവിതത്തിൽ നിന്ന് മോചനം നേടാനും മനുഷ്യനായി ഉയരാനും തൊഴിലാളികൾക്ക് ഈ വ്യവസ്ഥ അവസാനിപ്പിച്ചേ പറ്റു, മുതലാളിത്തം നശിച്ചാൽ അവർക് നഷ്ടപ്പെടാൻ ഒന്നുമില്ല. നേടാനാകട്ടെ ഒരു പുതിയ ജീവിതം, ഒരു പുതിയ ലോകം മുഴുവനുമുണ്ടുതാനും. നേരെമറിച്ച്, മുതലാളിമാർക് ഒട്ടേറെ നഷ്ടപ്പെടാനുണ്ട്. അതിനാൽ മുതലാളിത്തം അവസാനിപ്പിക്കുന്നതിനെ അവർ ചെറുക്കുന്നു. ആ ശ്രമത്തിലാകട്ടെ തൊഴിലാളികൾക്കെതിരായി മുതലാളിമാർ സംഘടിക്കുമെങ്കിലും ഓരോരുത്തരും താന്താങ്ങളുടെ നിലനില്പിനായി മറ്റുള്ള മുതലാളിമാരുമായി മത്സരിക്കുകയും അവരെ വെട്ടിൽ വീഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ചെയ്യാതിരിക്കാൻ അവർക് നിവൃത്തിയില്ല. അതായത്, മുതലാളിമാരും മുതലാളിമാരും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കണമെങ്കിലും മുതലാളിത്തവ്യവസ്ഥയും മുതലാളിമാരും ഇല്ലാതാവുകയോ നിവൃത്തിയുള്ളു.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് മുതലായ രാജ്യങ്ങളെ നാം സാമ്രാജ്യശക്തികളെന്നു പറയാറുണ്ട്. അശോകന്റെയോ അക്ബറുടെതുപോലെയോ ഉള്ള ഒരു 'സാമ്രാജ്യം' അവർകില്ല. പക്ഷേ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഒട്ടേറെ രാജ്യങ്ങളെ അവർ തങ്ങളുടെ സാമ്പത്തികവും സൈനികവും രാഷ്ട്രീയവും ആയ പിടിയിൽ അമർത്തിയിട്ടുണ്ട്. ഇതിനെതിരായി ഈ നൂറ്റാണ്ടിൽ നടന്നിട്ടുള്ള പോരാട്ടങ്ങൾ, വിശിഷ്യ വിയത്‍നാമിന്റെ ഐതിഹാസികങ്ങളാണ്. ഇന്നും ഈ സാമ്രാജ്യങ്ങൾ ഒട്ടേറെ പിന്നണിരാജ്യങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ചൂഷണം ചെയ്യുന്നുണ്ട്. ജനങ്ങളെ മുഴുവൻ പാപ്പരീകരിച്ച് ഒന്നുകിൽ തൊഴിലാളികളാക്കുക അല്ലെങ്കിൽ തെണ്ടികളാക്കുക എന്നതാണല്ലൊ മുതലാളിത്തത്തിന്റെ സ്വഭാവം. ഓരോ രാജ്യത്തിലെയും മുതലാളിമാർ തങ്ങളുടെ രാജ്യത്തെ ജനങ്ങളെ പാപ്പരീകരിക്കുന്നതുകൊണ്ടും അതിൽനിന്ന് കിട്ടുന്നതുകൊണ്ടും തൃപ്തിപ്പെടാതെ ഈ അവികസിത രാജ്യങ്ങളിലെ ജനങ്ങളെക്കൂടി പിഴിയുകയാണ്. പക്ഷേ, അവികസിതരാജ്യങ്ങളിലുമുണ്ട് മുതലാളിമാർ. തങ്ങളുടെ നാട്ടിലെ ജനങ്ങൾ തങ്ങൾക്കവകാശപ്പെട്ട കറവപ്പശുക്കളാണെന്നാണ് അവരുടെ ധാരണ. സ്വാഭാവികമായും 'വിദേശ'ങ്ങളിലെ മുതലാളിമാരുടെ മത്സരത്തെ അവർ ചെറുക്കുന്നു. എന്നാൽ ഇവർക്ക് തന്നത്താൻ എത്രത്തോളം ചെറുക്കാൻ സാധിക്കും? ഒട്ടും പറ്റില്ല. അതിനാൽ ജനങ്ങളെ മുഴുവൻ കൂട്ടുപിടിക്കാൻ ഇവർ ശ്രമിക്കുന്നു, ഒരതിരുവരെ ജനങ്ങൾ അവരുടെകൂടെ നിൽക്കുന്നു. കാരണം, സാമ്രാജ്യത്വശക്തികൾ തങ്ങൾക്ക് ആപത്കരമാണെന്ന് അവർക്കും അറിയാം. [ 103 ] അതേസമയം തന്നാട്ടുമുതലാളിമാരും തങ്ങളുടെ മിത്രങ്ങളല്ലെന്ന് അവർക്ക് അറിയാം. സാമ്രാജ്യത്വരാജ്യങ്ങളും അവികസിത('കോളനി') രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളും മുതലാളിത്തവ്യവസ്ഥയുടെ അന്ത്യത്തോടുകൂടി മാത്രമേ ഇല്ലാതാകുന്നുള്ളു.

ഇതൊന്നും വെറുതെ പറയുന്നതല്ല. ചരിത്രാനുഭവങ്ങളിൽ നിന്നുള്ള യുക്തിയുക്തമായ നിഗമനങ്ങളാണ്. ഈ നൂറ്റാണ്ടിന്റെ ചരിത്രം അത്യുജ്ജ്വലമായ രീതിയിൽ ഇത് തെളിയിച്ചിട്ടുമുണ്ട്. 1917 ഒൿടോബറിൽ റഷ്യയിൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവവും അതിനെത്തുടർന്ന് മറ്റൊട്ടേറെ രാജ്യങ്ങളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ വിപ്ലവങ്ങളും മുതലാളിത്തം അവസാനിപ്പിക്കപ്പെടുമെന്നും അതിനുശേഷം വരുന്ന സോഷ്യലിസ്റ്റ് സമൂഹത്തിന്റെ രൂപം എന്തായിരിക്കുമെന്നും നമുക്ക് കാണിച്ചുതരുന്നുണ്ട്. (ഈ രൂപത്തെ വികൃതമാക്കി വരച്ചുകാട്ടാൻ ശ്രമിക്കുന്നവരുണ്ട്. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനുപകരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിലാണ് ഇവർക് താല്പര്യം. അതുപോകട്ടെ) ഈ അനുഭവങ്ങൾ ഒരു കാര്യം വ്യക്തമായി തെളിയിച്ചിട്ടുണ്ട്: അവിടങ്ങളിൽ മുതലാളിമാരില്ലാതായി; മുതലാളിമാരും തൊഴിലാളിമാരും തമ്മിലും മുതലാളിമാരും മുതലാളിമാരും തമ്മിലുമുള്ള വൈരുധ്യവും ഇല്ലാതായി. തൊഴിലാളികൾക്ക് എണ്ണമറ്റ നേട്ടങ്ങൾ ഉണ്ടായി. മറ്റു രാജ്യങ്ങളിലെ മുതലാളിമാരെ സംബന്ധിച്ചിടത്തോളം ഏറെ പരിഭ്രാന്തിജനകമായ ഒരവസ്ഥയാണിത്. റഷ്യൻ വിപ്ലവം നടന്ന അന്നു തുടങ്ങി ഈ വിപ്ലവത്തെ തകിടം മറിക്കാനും അവിടെ മുതലാളിത്തം പുന:സ്ഥാപിക്കാനുമുള്ള ഇവരുടെ ശ്രമം. അതിനെ ചെറുക്കുന്നതിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയങ്ങൾ മാനവചരിത്രത്തിലെ തന്നെ അവിസ്മരണീയങ്ങളായ അധ്യായങ്ങളാണ്.

ജനകീയ ചൈനയെ ഒറ്റപ്പെടുത്താനും ചുറ്റിപ്പിടിക്കാനുമായി സാമ്രാജ്യത്വശക്തികൾ നടത്തിയ ശ്രമങ്ങളും അതിദയനീയമായി പരാജയപ്പെട്ടു. എന്തിനേറെ, വിയത്‍നാമിനെപ്പോലുള്ള ഒരു കൊച്ചുരാജ്യത്തുപോലും കാൽ നൂറ്റാണ്ടോളം കാലം ആക്രമണ യുദ്ധം നടത്തി അവസാനം തോറ്റ് തൊപ്പിയിട്ട് പിന്മാറേണ്ടിവന്നു അമേരിക്കയെപ്പോലുള്ള ഒരു വൻ സാമ്രാജ്യശക്തിക്ക്. ലോകചരിത്രത്തിന്റെ ഗതി നമുക്ക് പകൽപോലെ വ്യക്തമാക്കിത്തരുന്നതാണ് ഈ സംഭവങ്ങൾ. മുതലാളിത്തം തകർന്നുകൊണ്ടിരിക്കുകയാണ്. സോഷ്യലിസം വളർന്നുകൊണ്ടിരിക്കുകയാണ്. ഭീതിപൂണ്ട മുതലാളിത്തരാജ്യങ്ങൾ, സാമ്രാജ്യത്വരാജ്യങ്ങൾ, ഒത്തുകൂടി സോഷ്യലിസത്തെ നശിപ്പിക്കാൻ കച്ചകെട്ടിയിരിക്കുന്നു. 1917ൽ ആരംഭിച്ച ഈ ശ്രമം കൂടുതൽ ക്രൗര്യത്തോടെ ഇന്നും തുടരുകയാണ്. ചതി, കുത്തിത്തിരുപ്പ്, കടന്നാക്രമണം തുടങ്ങിയ എല്ലാ കുത്സിത മാർഗങ്ങളും ഇവർ ഇതിനായി ഉപയോഗിക്കുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങൾ സംഘടിതമായി ഇതിനെ ചെറുക്കുന്നു. (അവരുടെ ഇടയിലും അഭിപ്രായവ്യത്യസങ്ങൾ ഉണ്ടെന്നത് ശരിതന്നെ). അങ്ങനെ ലോകമാകെ രണ്ടു [ 104 ] മഹാചേരികളായി. സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയുമായി വേർതിരിഞ്ഞിരിക്കുകയാണ്. ഒട്ടേറെ ചേരിചേരാരാജ്യങ്ങളുണ്ടെങ്കിലും അവയുടെ ചേരിചേരായ്മയ്ക്ക് അടിസ്ഥാനം തന്നെ ഈ രണ്ടുചേരികളുടെ നിലനില്പാണ്. സന്ദർഭമനുസരിച്ച് ഒരു ചേരിയുടെ കൂടെയോ മറ്റേ ചേരിയുടെ കൂടെയോ നിൽക്കാൻ ഇവർ നിർബന്ധിതരാകുന്നു. ഈ രണ്ടു ചേരികളും തമ്മിലുള്ള വൈരുദ്ധ്യം എണ്ണമറ്റ സംഘട്ടനങ്ങളിലൂടെ, യുദ്ധങ്ങളിലൂടെ, പ്രകടമാകുന്നുണ്ട്; ആഗോളവ്യാപകവും സർവനാശവുമായ ഒരു അണുവായുധ യുദ്ധഭീതി അത് ഉളവാക്കുന്നുണ്ട്; ന്യൂട്രോൺ ബോംബുകളും രോഗാണു ബോംബുകളും രാസവിഷബോംബുകളുമായി എണ്ണമറ്റ നശീകരണോപാധികൾ അവർ നിർമ്മിച്ചുവരുന്നു. ഈ അവസ്ഥ മാറണമെങ്കിൽ, യുദ്ധമില്ലാത്ത ഒരു ലോകമുണ്ടാവണമെങ്കിൽ, ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നും മുതലാളിത്തവ്യവസ്ഥ തുടച്ചുമാറ്റപ്പെടേണ്ടിയിരിക്കുന്നു. ചരിത്രത്തിന്റെ ഗതി ആ ദിശയിലാണ് എന്നത്രേ അനുഭവങ്ങൾ തെളിയിക്കുന്നത്.

ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാകുന്നു: മാനവസമൂഹത്തെ ആകെ എടുക്കുകയാണെങ്കിൽ, അതിൽ പല തരത്തിലുള്ള വൈരുദ്ധ്യങ്ങൾ കാണാം - മുതലാളിയും തൊഴിലാളിയും തമ്മിൽ, സാമ്രാജ്യത്വവും കോളനി (അവികസിത) രാജ്യങ്ങളും തമ്മിൽ, സാമ്രാജ്യത്വചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിൽ... അങ്ങനെ പല വൈരുദ്ധ്യങ്ങളും. ഇവയൊന്നും തന്നെ മുതലാളിത്തം നശിച്ചല്ലാതെ പരിഹരിക്കപ്പെടുകയുമില്ല. ഇപ്രകാരമുള്ള വൈരുദ്ധ്യത്തെ ശത്രുതാപരമായ വൈരുദ്ധ്യം എന്നു പറയുന്നു. ഏതൊരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥക്കുള്ളിലാണോ ഈ വൈരുദ്ധ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ആ വ്യവസ്ഥ നശിച്ചല്ലാതെ ഈ വൈരുദ്ധ്യങ്ങൾ ഇല്ലാതാകില്ല. അതിനാലാണ് ശത്രുതാപരം എന്നു പറയുന്നത്. ഇത്തരത്തിൽ പെട്ടതല്ലാത്തതായ വൈരുദ്ധ്യങ്ങളും ഉണ്ട്. പലപ്പോഴും 'ഭീഷണ'മായ രൂപത്തിൽ നമ്മുടെ കണ്ണിനുമുൻപിൽ പ്രത്യക്ഷപ്പെടുന്നത് അവയാണ്. ജാതിയുടെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ഒക്കെ പേരിൽ അവ പ്രത്യക്ഷപ്പെടുന്നു. കായികാധ്വാനവും മാനസികാധ്വാനവും വ്യവസായവും കൃഷിയും... ഇങ്ങനെ സമൂഹത്തിന് അവശ്യം വേണ്ട പ്രവർത്തനങ്ങൾ തമ്മിലും വൈരുദ്ധ്യങ്ങൾ ഉണ്ട്. എന്നാൽ ഇവ പരിഹരിക്കപ്പെടാൻ കൃഷിയും വ്യവസായവും ഇല്ലാതാകുകയോ, കായികാധ്വാനവും മാനസികാധ്വാനവും ഇല്ലാതാകുകയോ അല്ല വേണ്ടത്. കൃഷിയിലും കായികാധ്വാനത്തിലും വരുന്ന ഗുണപരമായ മുന്നേറ്റമാണ് ഇവക്ക് പരിഹാരം. ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളെ ശത്രുതാപരമല്ലാത്ത വൈരുദ്ധ്യങ്ങൾ എന്നു പറയുന്നു.

നേരത്തെ പറഞ്ഞപോലെ ലോകമൊട്ടാകെ എടുത്താൽ പലതരം വൈരുദ്ധ്യങ്ങളും കാണാമെങ്കിലും ഇന്നത്തെ അതിന്റെ ഏറ്റവും തീക്ഷ്ണമായ രൂപം സാമ്രാജ്യത്വചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള [ 105 ] വൈരുദ്ധ്യത്തിന്റെതാണ്. മറ്റെല്ലാ വൈരുദ്ധ്യങ്ങളുടെ പരിഹാരത്തിലും ഇത് നിർണ്ണായകമായ ഒരു പങ്കു വഹിക്കുന്നുണ്ട്. ഇന്നത്തെ മുഖ്യവൈരുദ്ധ്യം ആണ് അതെന്നു പറയുന്നു. പക്ഷേ, ഇന്ത്യയിലോ മറ്റേതെങ്കിലും മുതലാളിത്തരാജ്യത്തിലെയോ സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ, അതിനകത്തെ തന്നെ മുഖ്യവർഗ്ഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ പരിഹാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യയിൽ ഉടനടി ഒരു സോഷ്യലിസ്റ്റ് വിപ്ലവം വരുമോ, അതോ ജനകീയ ജനാധിപത്യ വിപ്ലവമാണോ നടക്കുക, അതോ ദേശീയ ജനാധിപത്യവിപ്ലവമോ....? ഇത് നിർണ്ണയിക്കുന്നത് ഇന്ത്യക്കകത്തെ വിവിധ വർഗ്ഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ - ആഭ്യന്തര വൈരുദ്ധ്യങ്ങൾ ആണ്. സാമ്രാജ്യത്വ രാജ്യങ്ങളിലെ മുതലാളിമാരുമായുള്ളതും സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ളതുമൊക്കെയായ ബാഹ്യവൈരുദ്ധ്യങ്ങളും അതിൽ വരുന്ന മാറ്റങ്ങളും ഇതിനെ ത്വരിതപ്പെടുത്തുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാം. അങ്ങനെ,

a) വൈരുദ്ധ്യങ്ങളെ ശത്രുതാപരം - അല്ലാത്തത്, മുഖ്യം - അമുഖ്യം; ആഭ്യന്തരം-ബാഹ്യം, അവശ്യം- യാദൃച്ഛികം എന്നിങ്ങനെ വിവിധരീതിയിൽ വേർതിരിക്കാം.

b) ആഭ്യന്തരവൈരുദ്ധ്യങ്ങളാണ് ഒരു പ്രക്രിയയയുടെ ദിശയും സ്വഭാവവും നിർണ്ണയിക്കുന്നത്; ബാഹ്യവൈരുദ്ധ്യം അതിനെ സ്വാധീനിക്കുക മാത്രമേ ചെയ്യുന്നുള്ളൂ;

c) ശത്രുതാപരമായ വൈരുദ്ധ്യങ്ങളോടുകൂടിയ വ്യവസ്ഥ ആ വൈരുദ്ധ്യങ്ങളുടെ പരിഹാരത്തോടെ നശിക്കുന്നു.

വൈരുദ്ധ്യാത്മകമായ ഈ അപഗ്രഥനം മനുഷ്യ സമൂഹത്തിനു മാത്രമല്ല, ഈ പ്രപഞ്ചത്തിലുള്ള സകലതിനും അചേതനവും സചേതനവുമായ സകലതിനും ബാധമകമാണ്; ഏത് വസ്തു എടുത്തുപരിശോധിച്ചാലും ഏതു പ്രക്രിയ എടുത്തു പരിശോധിച്ചാലും വേർപിരിക്കാനാവാത്ത (ഐക്യം) വിപരീതങ്ങളുടെ (സമരം) ആകെത്തുകയാണത് എന്നു കാണാൻ സാധിക്കും. ഗണിതശാസ്ത്രത്തിലെ ധനവും ഋണവും, ഭൂമിശാസ്ത്രത്തിലെ തെക്കും വടക്കും ഭൌതികത്തിലെ ആകർഷണവും വികർഷണവും, രസന്ത്രത്തിലെ വിഘടനവും സംയോജനവും, ജീവശാസ്ത്രത്തിലെ സ്വാംശീകരണവും വിസർജ്ജനവും, മനശ്ശാസ്ത്രത്തിലെ സുഖദുഃഖാദികളും ഭയക്രോധാദികളും ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. പ്രപഞ്ചത്തിന്റെ, അതിന്റെ ഓരോ ഘടകത്തിന്റെയും നിലനിൽപ്പിന്റെ രൂപം ചലനമാണ് എന്ന് നേരത്തേ പറയുകയുണ്ടായല്ലോ. ഈ ചലനത്തിനാധാരം ഇപ്പറഞ്ഞ വൈരുദ്ധ്യങ്ങളുടെ വിപരീതങ്ങളുടെ പരസ്പര സംഘട്ടനമാണ്. പ്രപഞ്ചത്തിലെ മാറ്റങ്ങളുടെ, ചലനത്തിന്റെ ഒന്നാമത്തെ നിയമത്തെ ഇങ്ങനെ നിർവ്വചിക്കാം: വിപരീതങ്ങളുടെ ഐക്യവും സമരവും. [ 106 ]


ചോദ്യങ്ങൾ

  1. യാന്ത്രിക മാറ്റം എന്നാലെന്ത്?
  2. മാറ്റത്തെ വൈരുധ്യാത്മകവാദികൾ കാണുന്നതെങ്ങനെ?
  3. ചരിത്രപരമായ വികാസമെന്നാലെന്ത്?
  4. എന്തുകൊണ്ട് മാറ്റങ്ങൾ സംഭവിക്കുന്നു?
  5. എന്തല്ല വൈരുധ്യാത്മകത?