വൈരുധ്യാത്മക ഭൗതികവാദം/ജീവ പ്രപഞ്ചം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം)
രചന:എം.പി. പരമേശ്വരൻ
ജീവ പ്രപഞ്ചം


[ 40 ]

4

ജീവപ്രപഞ്ചം


ഭൗതികവാ‍ദികളെ വെട്ടിയിടാനായി വേദാന്തികളും കൂട്ടരും വളരെക്കാലമായി ഉപയോഗിക്കുന്ന തുരുപ്പുശീട്ടാണ് ‘ജീവൻ’ എന്ന അദ്ഭുതപ്രതിഭാസം. ആലോചിക്കുന്തോറും മനസ്സിലാക്കുന്തോറും അദ്ഭുതമേറിവരുന്ന ഒരു പ്രതിഭാസം തന്നെയാണ് ജീവൻ. ഭൌതികശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ, ദ്രവ്യത്തിൻറെ അടിസ്ഥാനത്തിൽ അതിനെ നിർവചിക്കുക പ്രയാസമായിരുന്നു. അനിർവചനീയവും അജ്ഞേയവും ഭൌതികേതരവും ആയ ഒരു ദിവ്യശക്തിയാണ് ജീവൻ എന്നൊക്കെ വേദാന്തികളും കൂട്ടരും വാദിച്ചു. ആശയവാദത്തിൻറെ പിടിമുറുക്കുന്നതിന് വളരെയധികം സഹായിച്ച ഒന്നാണ് ജീവൻറെ സ്വഭാവത്തെപ്പറ്റിയും ഉദ്ഭവത്തെപ്പറ്റിയും ഉള്ള ഈ അനിശ്ചിതത്വം. പക്ഷേ, ആശയവാദികൾക്ക് ഇന്ന് ഇതിൻറെ സഹായം കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. ആധുനികശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും ജീവനെപ്പറ്റി വളരെ വ്യക്തമായ ധാരണകൾ ഉണ്ട്.


ജീവൻ എന്ന പ്രതിഭാസം

അചേതനങ്ങളായ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന അതേ പദാർഥകണികകൾ തന്നെയാണ് സചേതന വസ്തുക്കളിലും ഉള്ളതെന്നും അവയുടെ രചനാപരമായ സങ്കീർണ്ണതയാണ് സ്വഭാവവൈജാത്യത്തിന് , അതായത്, അചേതന- സചേതന വ്യത്യാസത്തിന് കാരണമെന്നും ഉള്ള കാര്യത്തിൽ ഇന്ന് ശാസ്ത്രജ്ഞന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. ഈ [ 41 ] സ്വഭാവവൈജാത്യങ്ങളെ, അല്ലെങ്കിൽ ജീവൻറെ സ്വഭാവത്തെ എങ്ങനെ നിർവചിക്കാം. എങ്ങനെയാണ് ഇത്തരം സങ്കീർണ പദാർഥരൂപങ്ങൾ ഉടലെടുത്തത് എന്നിവയെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്ന് പറയുക വയ്യ. എകീകൃതമായ ഒരു അഭിപ്രായം ഇനിയും രൂപം കൊള്ളേണ്ടതായാണിരിക്കുന്നത്. പ്രപഞ്ചത്തിൽ ജീവൻ എന്നും എവിടെയും ഉണ്ടായിരുന്നു എന്ന് അടുത്തകാലം വരെ പലരും വിശ്വസിച്ചിരുന്നു. എന്നാൽ, അചേതന പദാർഥങ്ങളിൽ നിന്ന്, സുദീർഘമായ ഒരു കാലയളവിൽ വൈവിധ്യമാർന്ന പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ചലനാത്മകമായ ഒരു പരിത:സ്ഥിതിയിൽ സങ്കീർണങ്ങളായ ഭൌതിക-രാസിക പ്രക്രിയകളിലൂടെയാണ് ജീവനെന്ന പ്രത്യേക സ്വഭാവത്തോടുകൂടിയ സചേതനവസ്തുക്കൾ രൂപം കൊണ്ടതെന്ന കാര്യത്തിൽ ഇന്ന് പരക്കെ യോജിപ്പാണ്. അതേസമയം, ജീവനെന്ന സ്വഭാവവിശേഷത്തിന് പൂർണമായ ഒരു നിർവചനം കൊടുക്കുക എളുപ്പവുമല്ല.

ജീവവസ്തുവിൻറെ ഏറ്റവും അടിസ്ഥാനപരമായ സ്വഭാവം വർഗവർധനവിനുള്ള, അതായത് തന്റേതിന് തുല്യമായ രൂപങ്ങളെ സ്വയം സൃഷ്ടിക്കാനുള്ള കഴിവ് ആണ്. ഇതിന് പ്രത്യുൽപാദനശേഷി എന്നു പറയുന്നു. ഇത്ര തന്നെ പ്രധാനമായ മറ്റൊരു സ്വഭാവവിശേഷം കൂടി ഉണ്ട്. സ്വരൂപങ്ങളെ പ്രത്യുൽപാദിപ്പിക്കുന്നതിനോടൊപ്പം അതിൽ പുതുമ കലരുവാനുള്ള സാധ്യതയാണിത്. ഈ കഴിവാണ് വിവിധ ജീവരൂപങ്ങൾ ഉണ്ടാകുന്നതിനും പരിണാമത്തിനും ഉള്ള കാരണം. പ്രത്യുല്പാദനത്തിനാവശ്യമായ ഘടകപദാർഥങ്ങൾ പുറമെനിന്ന് ലഭിക്കണമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ജീവൻ എന്ന സ്വഭാവത്തിന് ഏറ്റവും ലളിതമായ ഒരു നിർവചനം നൽകുകയാണെങ്കിൽ അതിങ്ങനെ ആകാം.

“ഒരു വസ്തുവിന് തനതായ സംഘടിതരൂപം ഉണ്ടായിരിക്കുകയും അത് ചുറ്റുമുള്ള മാധ്യമത്തിൽ നിന്ന് ഭക്ഷണം (ഊർജ്ജം) സ്വീകരിക്കുകയും അതുപയോഗിച്ച് സ്വയം വളരുകയും സ്വരൂപങ്ങളെ പ്രത്യുല്പാദിപ്പിക്കുകയും, അങ്ങനെ ചെയ്യുന്നതോടൊപ്പം അവയിൽ എന്തെങ്കിലും പുതുമ കലരുവാനുള്ള സംഭാവ്യത ഉണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ അത് സചേതനമാണ്, അതിന് ജിവൻ ഉണ്ട് എന്നുപറയാം.”

കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ...തുടങ്ങി സാധാരണ അചേതനവസ്തുക്കളിൽ കാണുന്ന അതേ മൂലകങ്ങൾ തന്നെയാണ് ജീവനുള്ള വസ്തുക്കളിലും കാണുന്നത്. അപ്പോൾ അവർക്കെപ്പൊഴാണ് ഈ സചേതന സ്വഭാവം കൈവരുന്നത്? എന്താണിതിന്റെ മെക്കാനിസം? ആധുനിക ജീവശാസ്ത്രത്തിൻറെയും ഭൌതികത്തിന്റെയും രസതന്ത്രത്തിന്റെയും ചക്രവാളങ്ങളിലേക്കാണ് ഈ ചോദ്യങ്ങൾ നമ്മെ നയിക്കുന്നത്. അവിടെ എത്തുമ്പോൾ ചില പദങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് കേൾക്കാൻ തുടങ്ങുന്നു. ഡി.എൻ.എ ആർ.എൻ.എ അമിനോ അമ്ലങ്ങൾ, ന്യൂക്ലിയോടൈഡുകൾ, പ്രോട്ടീനുകൾ തുടങ്ങിയവയാണ് ഈ പദങ്ങൾ. ഇവയെല്ലാം സങ്കീർണങ്ങളായ രാസയൌഗികങ്ങളാണ്. പലതും പോളിമറുകൾ എന്ന പേരിൽ [ 42 ] അറിയുന്നവയുമാണ്. അവയുടെ സങ്കീർണതയെപ്പറ്റി ഇത്തരുണത്തിൽ നമുക്കേറെ പരിഭ്രമിക്കേണ്ടതില്ല. ഒന്നുമാത്രം ധരിച്ചാൽ മതി, ജീവന്റെ പണിപ്പുരയിലെ പ്രധാന നിർമ്മാണസാമഗ്രികളും സൂത്രധാരൻമാരുമാണിവ. ഇവയെപ്പറ്റിയുള്ള പഠനശാഖക്ക് തൻമാത്രാജീവശാസ്ത്രം എന്നു പറയുന്നു.


ഡി എൻ എ-ആർ എൻ എ-പ്രോട്ടീൻ കൂട്ടുകെട്ട്

രോഗാണുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ തുടങ്ങി പലതരം ജീവികളേയും പറ്റി നാം കേട്ടിട്ടുണ്ട്. പലതരം രോഗങ്ങളും ഇവകൊണ്ടാണുണ്ടാകുന്നത്. അതിസൂക്ഷ്മങ്ങളായ ജീവരൂപങ്ങളാണിവ. ഇതിൽ വൈറസുകൾ പ്രത്യേകശ്രദ്ധ ആകർഷിക്കുന്നു. അതിശക്തങ്ങളായ സൂക്ഷ്മദർശിനകളിൽ കൂടി മാത്രമേ ഇവയെ കാണുവാൻ കഴിയൂ. ഇവയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവ സചേതനവസ്തുക്കളെപ്പോലെയും അചേതന വസ്തുക്കളെപ്പോലെയും പെരുമാറുന്നു. സാധാരണ രാസപ്രക്രിയകൾക്ക് വിധേയമാക്കി ഉണക്കിപ്പൊടിച്ച് കുപ്പികളിലാക്കി വർഷങ്ങളോളം സൂക്ഷിച്ച് വെക്കാം. സങ്കീർണ്ണമായ ഒരു അചേതന രാസയൗഗികം എന്നേ ഇതിനെപ്പറ്റി പറയാൻ ആകൂ. എന്നാൽ അനുകൂലങ്ങളായ മാധ്യമങ്ങളിൽ, മറ്റു ജീവികളിൽ, ചെന്നുപെട്ടാൽ പെട്ടെന്നവയുടെ സ്വഭാവം മാറുന്നു. സചേതനങ്ങളായിത്തീർന്ന് പ്രത്യുൽപാദനമടക്കമുള്ള എല്ലാ ജീവലക്ഷണങ്ങളും കാണിക്കുന്നതാണ്. സചേതനത്തിന്റേയും അചേതനത്തിന്റേയും ഇടയ്ക്കുള്ള പാലമാണ് അവ. സചേതനവസ്തുക്കളിലെ അറിയപ്പെടുന്ന ഏറ്റവും ഉയർന്നരൂൂപം മനുഷ്യനും, ഏന്തുകൊണ്ട് മനുഷ്യനെ ഏറ്റവും ഉയർന്നരൂപമെന്ന് പറയുന്നുവെന്ന് വഴിയെ ചർചിക്കാം.

വൈറസ് മുതൽ മനുഷ്യൻവരെയുള്ള ജീവലോകത്തിന്റെ മുഴുവനും പാരമ്പര്യ സ്വഭാവം അടക്കമുള്ള എല്ലാ ജൈവസ്വഭാവങളെയും നിയന്ത്രിക്കുന്നത്, പ്രധാനമായും, ഡി എൻ എ ആണ്. ചുരുക്കം ചില വൈറസുകളിൽ (ഉദാ: പുകയിലയിലെ മഞ്ഞപ്പൂപ്പ് വൈറസ്) ഡി എൻ എ ക്ക് പകരം ആർ എൻ എ ആണു ഈ ധർമ്മം നിർവഹിക്കുന്നത്. ന്യൂക്ലിയോറ്റൈഡുകൾ എന്ന പേരിൽ അറിയപ്പെടുന്ന സങ്കീർണങ്ങളായ തന്മാത്രകൾ അസംഖ്യം എണ്ണം കോർതിണക്കിയുണ്ടാക്കുന്ന നീണ്ട ചങ്ങലയുടെ രൂപത്തിലുള്ള ഭീമ തന്മാത്രകളാണ് ഡി എൻ എ. ഇവയിലെ ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണ സ്വഭാവമാണ് ജൈവ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന കോഡ്. ഡി എൻ എയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന് സ്വയം പുനരാവർത്തിക്കാൻ, അതായത് സ്വരൂപത്തെ പ്രത്യുല്പാദിപ്പിക്കാൻ കഴിയും എന്നതാണ്. മാത്രമല്ല, മ്യൂട്ടേഷനുകൾകുള്ള അതായത്, ന്യൂക്ലിയോടൈഡുകളുടെ എണ്ണത്തിലും ക്രമത്തിലും വ്യത്യാസം വരുന്നതിനും അങ്ങനെ അടുത്ത തലമുറയ്ക്ക്, പുതിയ സ്വഭാവങ്ങൾ നൽകുന്നതിനുമുള്ള, സാധ്യതകൾകൂടി ഇതിന്റെ ഘടനയിലുണ്ട്. മ്യൂട്ടേഷനുകൾ ഡി എൻ എ യുടെ തലത്തിൽ മാത്രമല്ല, കൂടുതൽ ഉയർന്ന തലത്തിലും നടക്കുന്നതാണ്. നിരവധി മ്യൂട്ടേഷനുകളുടെ സമാകലിതഫലമാൺ വിവിധ ജീവിവർഗങ്ങളുടെ പരിണാമം. ജീവന്റെ ആവിർഭാവത്തിന്റെ [ 43 ] നിർണായകഘട്ടം ഡി എൻ എ യുടെ രൂപീകരണമാണ്. ജീവശരീരത്തിന്റെ ഏറ്റവും പ്രധാനമായ ഘടകങ്ങളിലൊന്നാണല്ലോ പ്രോട്ടീനുകൾ. ജീവന്റെ നിലനിൽപിനെ ബാധിക്കുന്ന രണ്ട് പ്രധാന ധർമങ്ങൾ അവ നിർവഹിക്കുന്നു. ഒന്നാമതായി, ജൈവഗുണങ്ങൾ നിലനിൽക്കാൻ തക്കവണ്ണം സങ്കീർണമായ ഘടനാവിശേഷം ജീവശരീരത്തിന് നൽകുന്നത് അവയാണ്. വ്യത്യസ്ത ജീവികളുടെ ഘടനാപരമായ വൈവിധ്യത്തിന് കാരണവും പ്രോട്ടീനുകളുടെ ഈ സ്വഭാവവിശേഷമാണ്. രണ്ടാമതായി, രാസപ്രതിപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു എൻസൈമുകളായും പ്രോട്ടീനുകൾ വർത്തിക്കുന്നു.

ഏകദേശം 100 മുതൽ 300 വരെ അമിനോ അമ്ളതൻമാത്രകൾ കൂടിച്ചേർന്നാണ് പ്രോട്ടീൻ തന്മാത്രകൾ ഉണ്ടാകുന്നത്. രണ്ട് ഡസനോളം അമിനോ അമ്ളങ്ങൾ ഉണ്ട്. ഇവ പല രീതിയിലും അനുപാതത്തിലും കൂടിച്ചേരുന്നതുകൊണ്ടാണ് പ്രോട്ടീനുകൾക്ക് എണ്ണമറ്റ വൈവിധ്യം ലഭിക്കുന്നത്. ഏതേത് അമിനോ അമ്ളങ്ങളാണ് ഒരോ പ്രോട്ടീനിന്റെയും നിർമ്മിതിയിൽ പങ്കുചേരേണ്ടത്, ഏതു ചേരുവയിലും ക്രമത്തിലും ആണ് അത് നടക്കേണ്ടത് എന്ന് നിർണയിക്കുന്നത് ഡി എൻ എ ആണ്. ഡി എൻ എ യുടെ നിർദേശങ്ങൾ വേണ്ടിടങ്ങളിൽ കൊണ്ടെത്തിക്കുന്ന ദൂതൻമാരാണ് ആർ എൻ എ. ഇങ്ങനെയുള്ള ഡി എൻ എ - ആർ എൻ എ കൂട്ടുപ്രവർത്തനമാണ് ജീവൻ എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാനം എന്ന് ഇന്ന് സാമാന്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തന്മാത്രാജീവശാസ്ത്രത്തിൽ അടുത്ത കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഉണ്ടായ പുരോഗതിയാണ് ഇത്രയും വിവരങ്ങൾതന്നെ ലഭിക്കുന്നതിന് കാരണം. തികച്ചും അചേതനങ്ങളായ രാസയൗഗികങ്ങളിൽ നിന്ന് ആരംഭിച്ച് ഡി എൻ എയുടെ ഒരു ഭാഗം (ഒരു ജീൻ) സംശ്ലേഷിക്കുവാൻ ഇന്ന് കഴിഞ്ഞിട്ടുണ്ട്. ഹർ ഗോവിന്ദ് ഖൊരാന എന്ന ഭാരതീയനായ അമേരിക്കൻ ശാസ്ത്രജ്ഞന് നോബൽ സമ്മാനം കിട്ടിയത് അതിനാണ്.

ജീവനെന്ന 'അദ്ഭുതപ്രതിഭാസം' മനുഷ്യന്റെ പരീക്ഷണനാളിയിൽ ഇന്നല്ലെങ്കിൽ നാളെ സൃഷ്ടിക്കപ്പെടുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.


ജീവന്റെ രൂപീകരണം

ഭൂമിയിൽ ആദ്യമായി ജീവൻ എങ്ങനെയുണ്ടായി? അതിനെങ്ങനെ ഇന്നത്തെ വൈവിധ്യം സിദ്ധിച്ചു? ഇത്തരം പല പ്രശ്നങ്ങളും പൂർണമായി ഉത്തരം ലഭിക്കാതെ ഇനിയും അവശേഷിക്കുന്നുണ്ട്. ജീവൻ ഭൂമിയിൽതന്നെ രൂപം കൊണ്ടാതാണോ? അതോ മറ്റേതെങ്കിലും ഗോളങ്ങളിൽ രൂപംകൊണ്ടശേഷം ഭൂമിയിൽ എത്തിച്ചേർന്നതാണോ? പണ്ടൊക്കെ രണ്ടാമത്തേതിൽ വിശ്വസിക്കുന്നവരായിരുന്നു കൂടുതൽ. പക്ഷെ, അത് പ്രശ്നത്തെ മറ്റൊരിടത്തേക്ക് തള്ളിവിടുക മാത്രമാണ് ചെയ്യുന്നത്. ഭൂമിയിൽ കാണുന്ന ജീവൻ രൂപംകൊണ്ടത് ഇവിടെവെച്ചുതന്നെയാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷവും. പക്ഷെ, ഈ ഭൂമിയും മറ്റു ഗ്രഹങ്ങളുംതന്നെ എങ്ങനെ ഉണ്ടായി? എന്ന് ഉണ്ടായി? [ 44 ]

സുര്യനും അതിനു ചുറ്റും സഞ്ചരിക്കുന്ന ബുധൻ (മെർകുറി), വെള്ളി (വീനസ്), ഭൂമി, ചൊവ്വ (മാർസ്), വ്യാഴം (ജൂപ്പിറ്റർ), ശനി (സാറ്റേൺ), യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നീ ഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും ചൊവ്വക്കും വ്യാഴത്തിനും ഇടക്കായി സൂര്യനുചുറ്റും പോകുന്ന ക്ഷുദ്രഗ്രഹങ്ങളും അടങ്ങിയതാണ് സൌരയൂഥം. ഇവയിൽ ഭൂമിയിൽ മാത്രമാണ് ജീവനുള്ളതായി തെളിഞ്ഞിട്ടുള്ളത്. ചൊവ്വയിലും വെള്ളിയിലും ജീവനുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ട്. പക്ഷേ, അവയിൽ ജീവന്റെ അസ്ഥിത്വം ഇതേവരെ സംശയാതീതമായി തെളിഞ്ഞിട്ടില്ല. കിട്ടിയേടത്തോളം തെളിവുകൾ എതിരാണുതാനും. പക്ഷേ, അനന്തമായ പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ ജീവികളുള്ള ഇതരഗോളങ്ങൾ ഉണ്ടാകാനുള്ള സംഭവ്യത വലുതാണ്, ഉണ്ടെന്ന് ഏതാണ്ട് ഉറപ്പികാവുന്നതാണ്. പക്ഷേ, അവയെപ്പറ്റി പഠിക്കാൻ തക്കവണ്ണം ശാസ്ത്രവും സാങ്കേതികവിദ്യകളും ഇന്നും പുരോഗമിച്ചിട്ടില്ല. അതിനാൽ നമ്മുടെ പഠനം ഭൂമിയിലെ ജീവന്റെ ഉദ്ഭവത്തെക്കുറിച്ച് മാത്രമായി പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു.

ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും ഉല്പത്തിയെക്കുറിച്ചുതന്നെ നിരവധി സിദ്ധാന്തങ്ങളുണ്ട്.

സൂര്യനിൽനിന്ന് തെറിച്ചുപോയ കഷണങ്ങളാണ് അവ എന്നതാണ് ഒരു സിദ്ധാന്തം. പണ്ടെന്നോ സമീപത്തുകൂടെ ഭീമാകാരനായ ഒരു നക്ഷത്രം കടന്നുപോയി എന്നും അപ്പോൾ സൂര്യനിലുണ്ടായ വേലിയേറ്റത്തിന്റെ ഫലമായാണ് ഈ കഷണങ്ങൾ തെറിച്ചുപോയത് എന്നും ആണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ സിദ്ധാന്തിച്ചിരുന്നത്. ഇന്ന് ശാസ്ത്രലോകം പൂർണമായും തള്ളിക്കളഞ്ഞ ഒരു സിദ്ധാന്തമാണിത്.

സുര്യന് ഇണയായി മറ്റൊരു നക്ഷത്രം ഉണ്ടായിരുന്നു എന്നും അത് സൂപ്പർനോവയായി പൊട്ടിത്തെറിക്കുകയും (കൊള്ളിമീനല്ല, ബെഥലത്തിലെ നക്ഷത്രം പോലെ ഒന്ന്) ചെറുതുണ്ടങ്ങളെമാത്രം സുര്യന്റെ ആകർഷണവലയത്തിൽ അവശേഷിപ്പിച്ചുകൊണ്ട് ദൂരേക്ക് രക്ഷപെടുകയും ചെയ്തു എന്നാണ് മറ്റൊരു സിദ്ധാന്തം.

സൂര്യനുചുറ്റും ആദ്യം മുതൽകേ ഉണ്ടായിരുന്ന നേർത വാതകപടലം കട്ടികൂടി ഘനീഭവിച്ചാണ് ഗ്രഹങ്ങൾ ഉണ്ടായതെന്നായിരുന്നു പ്രസിദ്ധനായ ലപ്ലാസിന്റെ സിദ്ധാന്തം. അടുത്തകാലം വരെപ്പോലും പലരും ഇതിൽ വിശ്വസിച്ചിരുന്നു.

അനന്ത പ്രപഞ്ചത്തിലൂടെയുള്ള പ്രയാണവേളയിൽ സൂര്യന് ഭീമമായ ഒരു ധൂമ-ധൂളി പടലത്തിലൂടെ കടന്നുപോകാൻ സംഗതിവരികയും അപ്പോൾ സംഭരിച്ച പിണ്ഡങ്ങൾ പിന്നീട് ഗ്രഹങ്ങളും മരുമായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണ് ഓട്ടോഷ്മിഡ്തിന്റെ അഭിപ്രായം.

സൌരയൂഥത്തിന്റെ ഉല്പത്തിയെക്കുറിച്ച് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സിദ്ധാതം ഇനിയും ഉണ്ടാവേണ്ടതായാണ് ഇരിക്കുന്നത്. എങ്കിലും ‘ഭൂമി’ യെന്ന ഗോളത്തിന്റെ ‘പ്രായ‘ത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ സാമാന്യമായ [ 45 ] ഒരു ധാരണയിൽ എത്തിയിട്ടുണ്ട്.ഏകദേശം 500 കോടി കൊല്ലത്തിന്റെ ചുറ്റുവട്ടത്തിലാണിത്.ആദ്യകാലങ്ങളിൽ ഈ ഗോളത്തിലുണ്ടായിരുന്ന പരിത:സ്ഥിതികൾ ജീവനെ നിലനിർത്തുന്നതിന് സഹായകരമായിരുന്നില്ല.വളരെ നീണ്ട കാലത്തെ പരിവർത്തനങ്ങൾക്ക് ശേഷമാണ് ജീവന്റെ പ്രാഥമികരൂപങ്ങൾ ഉണ്ടാകാൻ ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടായിത്തീർന്നത്.

ജീവന്റെ ആവിർഭവത്തിലേക്ക് നയിച്ച നീണ്ട നീണ്ട രാസപരിണാമത്തെപ്പറ്റിയും ശാസ്ത്രജ്ഞർക്കിടയിൽ ഇനിയും അഭിപ്രായഐക്യം ഉണ്ടായിട്ടില്ല.പക്ഷേ,പൊതുവായ ഒരു പരിണാമഗതിയുടെ കാര്യത്തിൽ ഭൂരിപക്ഷം ശാസ്ത്രജ്ഞരും യോജിക്കുന്നു.ഈ പരിണാമത്തെ മൂന്നുഘട്ടങ്ങളായി വേർതിരിക്കാം.

ഒന്നാമത്തെ ഘട്ടത്തിൽ ജീവന്റെ അടിസ്ഥാന മൂലകങ്ങളായ ഹൈഡ്രജൻ ,കാർബൺ,നൈട്രജൻ,ഓക്സിജൻ എന്നിവയിൽ നിന്ന് പ്രാഥമിക യൗഗികങ്ങളായ അമോണിയ,മീഥേൻ,ജലം തുടങ്ങിയവയും അവയിൽ നിന്ന് അമിനോ അമ്ലങ്ങൾ ,ജൈവബേസുകൾ തുടങ്ങിയവയും നിർമ്മിക്കപ്പെട്ടു.ഇതിന്റെ വിശദാംശങ്ങളിലേക്ക് നാമിപ്പോൾ കടക്കേണ്ടതില്ല.

രണ്ടാം ഘട്ടത്തിൽ ഈ വിവിധ കാർബണിക യൗഗികങ്ങൾകൂടിച്ചേർന്ന് പുനരാവർത്തിക്കാൻ ,അതായത് സ്വരൂപങ്ങളെ സൃഷ്ടിക്കാൻ ,കഴിവുള്ള ഡി എൻ എ,ആർ എൻ എ തുടങ്ങിയ ന്യൂക്ലിക അമ്ലങ്ങളും സങ്കീർണ്ണങ്ങളായ മറ്റു കാർബണിക യൗഗികങ്ങളും രൂപം കൊണ്ടു.അഡിനോസിൽ ഫോസ്ഫേറ്റുകൾ ,പോളിസാക്കറൈഡുകൾ ,കൊഴുപ്പുകൾ ,പ്രോട്ടീനുകൾ ,ന്യൂക്ലിക്ക് അമ്ലങ്ങൾ എന്നിവയാണ് ഇതിലെ അഞ്ച് പ്രമുഖ വിഭാഗങ്ങൾ.

ഇപ്രകാരമുള്ള തൻമാത്രകളിൽ നിന്ന് കോശത്തിലേക്കുള്ള പരിണാമമാണ് മൂന്നാം ഘട്ടം.ഏറ്റവും ലളിതമായ രൂപത്തിലുള്ള ജീവകോശമായിരിക്കണം ആദിമ ജീവവസ്തു എന്നാണല്ലോ നമ്മുടെയെല്ലാം ധാരണ.പക്ഷേ,ഇത്തരം ജീവവസ്തു രൂപം കൊള്ളുന്നതിന് മുമ്പുതന്നെ ജീവൻ എന്ന വിശേഷണത്തിനർഹമായ സ്വഭാവവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഘട്ടങ്ങൾ ഉണ്ടായി എന്നു നാം കണ്ടു.ആദിമ ജീവകോശങ്ങൾക്ക് പിൽക്കാലത്ത് പോഷണ ദൗർബല്യം നേരിട്ടതിന്റെ ഫലമായി പല രൂപാന്തരങ്ങളും വന്നു.ഇതിന്റെ ഫലമായാണ് പല ജന്തുരൂപങ്ങളും സസ്യരൂപങ്ങളും ഉടലെടുത്തത്.എന്നാണ് ഇവ നടന്നത്?എന്നാണ് ആദിമ ജീവകോശങ്ങൾ ഉടലെടുത്തത്.എന്നാണ് ന്യൂക്ലിക്ക് അമ്ലങ്ങളും മറ്റും രൂപംകൊണ്ടത്? തുടങ്ങിയ ചോദ്യങ്ങൾക്ക് നൂറുശതമാനവും തൃപ്തികരമായ ഉത്തരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല.ഏതാണ് 350-400 കോടി വർഷങ്ങൾക്ക് മുമ്പാണ് ആദിമ ജീവകണികകൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടതെന്ന് സാമാന്യമായി കരുതാം.തെക്കൻ റൊഡേഷ്യയിൽ നിന്നും മറ്റും കണ്ടെടുത്തിട്ടുള്ള ചില ഫോസിലുകളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് 300 കോടി വർഷങ്ങൾക്ക് മുമ്പ് തന്നെ സൂഷ്മ സസ്യജീവികൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.പക്ഷേ ,കഴിഞ്ഞ 50 കോടി കൊല്ലക്കാലത്തെ ജൈവപരിണാമ ചരിത്രത്തെക്കുറിച്ച് മാത്രമേ ഇന്ന് വ്യക്തമായ ഫോസിൽരേഖകൾ ഉള്ളു. [ 46 ]


മനുഷ്യന്റെ ആവിർഭാവം

ആദിമ സൂക്ഷ്മജീവികളിൽനിന്ന് ഇന്ന് കാണുന്ന വൈവിധ്യമാർന സങ്കീർണജീവരൂപങ്ങളിലേക്കുള്ള പരിവർതനം എന്നു നടന്നു? എത്രകാലമെടുത്തു? മനുഷ്യക്കുരങ്ങിൽ നിന്ന് മനുഷ്യൻ രൂപമെടുക്കാൻ എത്രകാലം പിടിച്ചു? എന്നാണ് നടന്നത്? എന്നു തുടങ്ങിയവയെക്കുറിച്ച് വളരെ തിട്ടമായൊന്നും ഇപ്പോഴും പറയാൻ വയ്യ. എങ്കിലും ഏതാണ്ട് പത്തുലക്ഷം സംവത്സരങ്ങൾക് മുമ്പായിരിക്കണം വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർതനം നടന്നത് എന്നാണ് സാമാന്യമായി കരുതുന്നത്. ഈ പരിണാമങ്ങൾ എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് ചിലതെല്ലാം പറയാൻ കഴിയും ഇന്നത്തെ മനുഷ്യക്കുരങ്ങിൽ നിന്ന് വലരെ കൂടുതൽ വികസം പ്രാപിച്ചിരുന്നവരായിരിക്കണം മനുഷ്യന്റെ പൂർവികരായ 'ആൾക്കുരങ്ങ'ന്മാർ. അവരുടെ പരിണാമം പകുതിക്കുവെച്ച് നിലച്ചുപോയതിന്റെ ഫലമാണ് ഇന്ന് കാണുന്നവ എന്ന് ധരിക്കരുത്.

മേലുമുഴുവൻ രോമവും നീണ്ടുവളർന താടിയും കൂർതചിവികളുമുള്ള ഇവർ കൂട്ടംകൂട്ടമായി മരങ്ങളിൽ ജീവിച്ചുപോന്നു. മരം കയറുമ്പോൾ കാലുകൾകും കൈകൾകും വ്യത്യസ്ത ജോലികളാണല്ലോ ഉള്ളത്. അതനുസരിച്ച് ആ അവയവങ്ങളുറ്റെ വളർചയിലും വ്യത്യാസം വന്നു. പിന്നീട് ഇവർ മരങ്ങളിലുള്ള വാസസ്ഥലങ്ങൾ ഉപേക്ഷിച്ച് നിലത്തിറങ്ങി ജീവിക്കാൻ തുടങ്ങി. അതോടുകൂടി നടക്കുന്നതിന് കൈ തീരെ ഉപയോഗിക്കാതായി. കൂടുതൽ നിവർന് രണ്ടുകാലിന്മേൽ മാത്രമായി നടക്കുന്ന ഒരു പ്രകൃതം വന്നു. ആദ്യകാലത്ത് ഇത് ഒരു പതിവുമാത്രമായിരുന്നിരിക്കാം. എന്നാൽ പിൽകലത്ത് ഇത് ഒരു ആവശ്യമായിത്തിർനു.

നടത്തത്തിൽ നിന്ന് സ്വതന്ത്രമാക്കപ്പെട്ട കൈകൾക് വളരെ സാവധാനത്തിലെങ്കിലും മറ്റു ചുമതലകൾ വന്നുചേർനു. മനുഷ്യന്റെ കൈകൊണ്ട് ആദ്യമായി ഒരു കൽകഷണം കത്തിയായി രൂപാന്തരപ്പെടുത്തിയെടുക്കാൻ നിരവധി അയിരം വർഷങ്ങൾ വേണ്ടിവന്നിരിക്കാം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ നമുക്കറിയാവുന്ന കാലഘട്ടം വളരെ ചെറുതാണ്. പക്ഷേ, വളരെ പ്രധാനമായ ഒരു ചുവടുവെപ്പ് നടന്നുകഴിഞ്ഞു. കൈ സ്വതന്ത്രമായി. അതേത്തുടർന് കൈയുടെ പ്രവർതനനൈപുണ്യവും കുശലതയും കൂടിക്കൂടിവന്നു. തലമുറതലമുറയായി ഈ കഴിവകളെല്ലാം വർധിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നോക്കുമ്പോൾ അധ്വാനിക്കുവാനുള്ള ഒരു അവയവം മാത്രമല്ല കൈ എന്നും അത് അധ്വാനത്തിന്റെ ഉൽപന്നം കൂടിയാണെന്നും കാണാം. അധ്വാനം മൂലവും നിരന്തരം പുതിയപുതിയ പ്രവൃത്തികളുമായി ബന്ധപ്പെട്ടതുമൂലവും മാംസപേശികൾകും ലിഗ്‌മെന്റുകൾകും-ദീർഘകാലാടിസ്ഥാനത്തിൽ എല്ലുകൾകും- മറ്റുമുണ്ടായ പ്രത്യേക തരത്തിലുള്ള വികാസവും അതിന്റെ തൽമുറയിൽ നിന്ന് തലമുറയിലേക്കുള്ള കൈമാറ്റവും ഈ പുതിയ കൗശലം ഉപയോഗപ്പെടുത്തി നൂതനവും കൂടുതൽ സങ്കീർണവും ആയ പ്രവർതനങ്ങളിൽ ഏർപെടലും ഒക്കെക്കൊണ്ട് മാത്രമാണ് ഈജിപ്തിലെ പിരമിഡുകളും [ 47 ] താജ്മഹലും രവിവർമയുടെയും ദാവിൻചിയുടെയും ചിത്രങ്ങളും കൂറ്റൻ ക്ഷേത്രങ്ങളും പള്ളികളും ഒക്കെ സൃഷ്ടിച്ചെടുക്കാൻ കഴിവുള്ള തികച്ചും പരിപൂർണമായ, മനുഷ്യക്കൈ രൂപംകൊണ്ടത്.

പക്ഷേ, കയ്യിനുമാത്രം സ്വതന്ത്രമായി വികാസം കൊള്ളാൻ ആകില്ലല്ലോ. പൂർണവും തികച്ചും സങ്കീർണവും ആയ മനുഷ്യനെന്ന ജീവിയുടെ ഒരു ഭാഗം മാത്രമാണത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിൻ മേൽ കയ്യിന്റെ വികാസം ചെലുത്തിയിട്ടുള്ള സ്വാധീനവും വളരെ പ്രധാനമണ്. കയ്യിന്റെ വികാസവും അധ്വാനവും കൂടിച്ചേർനപ്പോൾ പ്രകൃതിയുടെമേലുള്ള മനുഷ്യന്റെ ശക്തി വർധിച്ചു വന്നു. ഓരോ ഘട്ടത്തിലും മനുഷ്യന്റെ ചക്രവാളം കൂടുതൽ കൂടുതൽ വികസ്വാമായിക്കൊണ്ടിരുന്നു. പ്രകൃതിയിലെ പദാർഥങ്ങളുടെ സ്വഭാവത്തെ സംബധിച്ചുള്ള, അതുവരെ അറിയപ്പെടാത്ത പല വിവരങ്ങളും അവൻ നേടിക്കൊണ്ടിരുന്നു. അതേസമയം, അമനുഷ്യർ അന്യോന്യം സഹായിക്കാനും കൂട്ടായ പ്രവർതനങ്ങളിൽ ഏർപെടാനും ഈ കൂട്ടായ പ്രവർതനങ്ങളിൽ നിന്ന് ഓരോ വ്യക്തിക്കും പ്രയോജനകരമായ നേട്ടങ്ങൾ ലഭ്യമാകാനും തുടങ്ങി. ഇതിന്റെ ഫലമായി സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള അടുപ്പം കൂടിക്കൂടിവന്നു. അങ്ങനെ മനുഷ്യർക് തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയണം എന്ന നില വന്നു. വാനരന്റെ അവികസിത കണ്ഠം കൂടുതൽ വികസിക്കുകയും ക്രമേണ വായയിലെ അവയവങ്ങൾ ഒന്നിനുപുറകെ ഒന്നായി സ്പഷ്ടമായ ശബ്ദങ്ങൾ ഉച്ചരിക്കാൻ പഠിക്കുകയും ചെയ്തു.

അധ്വാനവും ഭാഷയും കൂടിച്ചേർനാണ് പടിപടിയായി വാനരന്റെ അവികസിത തലച്ചോറിൽ നിന്ന് കൂടുതൽ വികസിതവും പൂർണവും ആയ മനുഷ്യന്റെ തലച്ചോറിലേക്കുള്ള പരിണാമത്തിന് വഴിതെളിച്ചത്. തലച്ചോറിന്റെ വികാസത്തോടൊപ്പം അതിനോട് ഏറ്റവും അടുത്ത് ബന്ധപ്പെട്ട സംവേദനേന്ദ്രിയങ്ങളുടെ വികാസവും നടന്നു. ഭാഷക്കുണ്ടായ വികാസവും ശ്രവണാവയവങ്ങൾ കൂടുതൽ പരിഷ്കരിക്കപ്പെടാൻ കാരണമായതുപോലെ, തലച്ചോറിന്റെ വികാസം അതിനോട് ബന്ധപ്പെട്ട എല്ലാ ഇന്ദ്രിയങ്ങളുടെയും വളർചക്ക് കളമൊരുക്കി. ബുദ്ധിശക്തിയുടെയും (തലച്ചോറിന്റെയും) അതിനോട് ബന്ധപ്പെട്ട ഇന്ദ്രിയങ്ങളുടെയും വികാസം കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരുന്ന ഒരു ബോധമണ്ഡലത്തിന്റെ ആവിർഭാവം, കാര്യങ്ങളെ വേർതിരിച്ചുകാണാനും അമൂർതമായി ചിന്തിക്കാനും വിലയിരുത്താനുമുള്ള കഴിവ്- എന്നിവയുടെ പ്രതിപ്രവർതനം‌മൂലം അധ്വാനവും ഭാഷയും കൂടുതൽ കൂടുതൽ വികസിച്ചു വന്നു. വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർതനം പൂർതിയായിട്ടും ഈ വികാസം നിലക്കുകയുണ്ടായില്ല. ചില പ്രത്യേക ദിശകളുലൂടെ നയിക്കപ്പെട്ടുകൊണ്ട് ശക്തിമത്തായി മുന്നോട്ടുപോവുകയും അവസാനം തികച്ചും പൂർണനായ ഒരു മനുഷ്യനോടൊപ്പം സമൂഹം എന്ന ഒരു പുതിയ ഘടകം നിലവില്വരികയും ചെയ്തു.

മറ്റു ജീവികളിൽ നിന്ന് രക്ഷപ്പെടുക എന്നതിനുപകരം അവ മനുഷ്യരിൽ നിന്ന് രക്ഷപ്പെടുക എന്ന സ്ഥിതിവിശേഷവും ഇതോടെ സംജാതമായി [ 48 ] -നായാട്ടിന്റെയും മീൻപിടുത്തത്തിന്റെയും ആവിർഭാവം. സസ്യഭക്ഷണത്തിൽ നിന്ന് മാംസഭക്ഷണത്തിലേക്കുള്ള പരിവർത്തനത്തെയും ഇത് കുറിക്കുന്നു. മാംസഭക്ഷണത്തിൽ ജീവിയുടെ ചയ-ഉപചയ പ്രക്രിയകൾക് ആവശ്യമായ ഘടകങ്ങളെല്ലാം ഏറക്കുറെ പാകപ്പെടുത്തിയ അവസ്ഥയിൽ തന്നെ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഫലമായി ദഹനത്തിന് ആവശ്യമായ സമയം കുറഞ്ഞു. തലച്ചോറിന്റെ വളർചക്കും വികാസത്തിനും ആവശ്യമായ ഘടകങ്ങൾ മുൻപത്തേതിനെ അപേക്ഷിച്ച് ധാരാളമായി ലഭ്യമാകുകയും തൽഫലമായി ഓരോ തലമുറ കഴിയുമ്പോഴും തലച്ചോറ് കൂടുതൽ വേഗത്തിൽ കൂടുതൽ പൂർണമായി വികസിക്കുകയും ചെയ്തു. തീയിനെ വശപ്പെടുത്തുകയും വേവിച്ച ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഈ പ്രക്രിയക്ക് പിന്നെയും വേഗം കിട്ടി. പിന്നീട് മൃഗങ്ങളെ മെരുക്കി വളർതാൻ തുടങ്ങിയതോടെ മാംസവും കൂടുതൽ സുഭിക്ഷമായി.

ആഹാരയോഗ്യമായ എല്ലാം ഭക്ഷിക്കാൻ പഠിച്ചതുപോലെ തന്നെ ഏത് കാലാവസ്ഥയിലും ജീവിക്കാനും മനുഷ്യൻ പഠിച്ചു. അവൻ ലോകത്തിലെ നിവാൽസയോഗ്യമായ എല്ലായിടങ്ങളിലും എത്തി. സ്വയം ഇപ്രകാരം ചെയ്യാനുള്ള കഴിവ് പൂർണമായും ആർജിച്ച ഏക ജീവി മനുഷ്യൻ മാത്രമായിരുന്നു. കൈകളുടെയും സംസാരിക്കുന്നതിനുള അവയവങ്ങളുടെയും തലച്ചോറിന്റെയും കൂട്ടായ പ്രവർതനത്തിന്റെ ഫലമായി, വ്യക്തികളിൽ മാത്രമല്ല, സമൂഹത്തിന്റെ ഒട്ടാകെതന്നെ, കൂടുതൽ കൂടുതൽ സങ്കീർണമായ പ്രവർതനങ്ങളിൽ ഏർപെടുന്നതിനും കൂടുതൽ കൂടുതൽ ഉയർന ലക്‌ഷ്യങ്ങളെ ഉന്നംവെച്ചു പ്രവർതിക്കുന്നതിനും ഉള്ള കഴിവ് മനുഷ്യൻ സ്വായത്തമാക്കി. കൃഷി, നൂൽനൂൽപ്, ലോഹപ്പണി, കപ്പലോട്ടം തുടങ്ങിയതൊക്കെ ആവിർഭവിച്ചു. കലയും ശാസ്ത്രവും രൂപം പൂണ്ടു. ദേശങ്ങളും രാജ്യങ്ങളും ഉണ്ടായി. നിയമങ്ങളും രാഷ്ട്രതന്ത്രങ്ങളും രൂപമെടുത്തു. അവയോടൊപ്പം തന്നെ മാനുഷികമായ കാര്യങ്ങൾ മനുഷ്യമനസിൽ പതിയുമ്പോഴുണ്ടാകുന്ന ആ അവിശ്വസനീയമായ പ്രതിബിംബവും-മതവും-രൂപംകൊണ്ടു. മനുഷ്യമൻസിന്റെ തന്നെ ഉൽപന്നങ്ങളാണെങ്കിലും മനുഷ്യസമൂഹങ്ങളെ മുഴുവൻ അടക്കിവാഴുന്നതായി തോന്നിക്കുന്ന ഈ സൃഷ്ടികളുടെ ആവിർഭാവത്തോടെ അധ്വാനിക്കുന്ന കയ്യിന്റെ എളിയ പ്രവർതനങ്ങൾ അവഗണിക്കപ്പെട്ടു. അധ്വാനം ആസൂത്രണം ചെയ്തിരുന്ന മനസിന് അത് ആസൂത്രണം ചെയ്തുകഴിഞ്ഞ അധ്വാനം, സ്വന്തം കൈ ഉപയോഗിക്കാതെ മറ്റു കൈകളെക്കൊണ്ട് നിർവഹിപ്പിക്കാൻ കഴിയുമെന്നുവന്നതോടെ സംസ്കാരത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനുള്ള എല്ലാം അംഗീകാരവും ബോധത്തിനും തലച്ചോറിന്റെ വികാസ പ്രവർതനങ്ങൾകും നൽകപ്പെട്ടു. മനുഷ്യർ തങ്ങളുടെ പ്രവർതനങ്ങളെ സ്വന്തം ആവശ്യങ്ങളുടെ വെളിച്ചത്തിലെന്നതിനുപകരം സ്വന്തം ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന സ്വഭാവം കൈവരിച്ചു. അങ്ങനെ പ്രത്യേകിച്ചും ആദിമകാലഘട്ടത്തിന്റെ അവസാനത്തോടെ മനുഷ്യമനസുകളെ മുഴുവൻ കീഴ്പെടുത്തിയ ആശയവാദപരമായ ഒരു വീക്ഷണഗതി ഉയർനുവന്നു. അതിൽ നിന്ന് മനുഷ്യൻ ഇനിയും പൂർണമായി മോചനം നേടിയിട്ടില്ല. [ 49 ] ചിന്ത, ബോധം, വിചാരവികാരങ്ങൾ മുതലായവയൊക്കെ തികച്ചും സ്വതന്ത്രങ്ങളായ, ഭൗതികലോകവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും ജീവൻ എന്ന പ്രതിഭാസം തന്നെയും അനിർവചനീയവും ഭൗതികേതരവും ആയ ഒരു ശക്തിവിശേഷം ആണെന്നും ഉള്ള ചിന്താഗതി ഉറച്ചുവന്നു.

കഴിഞ്ഞ, രണ്ടുമൂന്നു നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്രത്തിന്റെ വളർച, അബദ്ധജടിലമായ ഈ ചിന്താഗതിയെ സാരമായി പിടിച്ചു കുലുക്കി. ആദ്യം മതപുരോഹിതന്മാരാൽ നിശിതമായി എതിർക്കപ്പെട്ടുവെങ്കിലും അവസാനം ഡാർവിന്റെ പരിണാമവാദം ശാസ്ത്രലോകത്തിൽ സാമാന്യം അംഗീകരിക്കപ്പെട്ടു. മാർക്സിന്റെയും എംഗൽസിന്റെയും വൈരുധ്യാത്മകഭൗതികവാദം സ്രഷ്ടാവായ ഈശ്വരനെ കാലഹരണപ്പെടുത്തി; ആശയത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി. ആധുനിക ജീവശാസ്ത്രം ഈ സിദ്ധാന്തങ്ങൾക് വർധമാനമായ തെളിവുകൾ നൽകി. പക്ഷേ, ചൂഷണത്തിൽ, അതായത് പരുക്കനായി പറകയാണെങ്കിൽ ഒരാളുടെ തലച്ചോറ് ആസൂത്രണം ചെയ്ത പ്രവൃത്തി മറ്റൊരാളുടെ കൈകളെക്കൊണ്ട് ചെയ്യിക്കുകയും അതിന്റെ ഫലം സ്വന്തമാക്കുകയും ചെയ്യുന്ന ഏർപാടിൽ, അധിഷ്ഠിതമായ സമൂഹങ്ങൾക് ശാസ്ത്രത്തിന്റെ ഈ മുന്നേറ്റം ഒരു ഭീഷണിയായിത്തീർന്നു. ശാസ്ത്രത്തെ വളച്ചൊടിക്കാനും ദുർവ്യാഖ്യാനം ചെയ്യാനും അവർ നിർബന്ധിതരായി. ചിലർ ശാസ്ത്രത്തെത്തന്നെ ചോദ്യം ചെയ്യാനും തുടങ്ങി.

ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് മനുഷ്യർ ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം സീമാതീതമായി പെരുകിവന്നു. ഭൗതികശാസ്ത്രങ്ങളുടെയും ജീവശാസ്ത്രങ്ങളുടെയും മുന്നണിയിൽ എത്തിയ ശാസ്ത്രജ്ഞർ വർധമാനമായ രീതിയിൽ വ്യാപിക്കുന്ന ചക്രവാളം കണ്ട് അമ്പരന്നു. മുമ്പെന്നത്തെക്കാളും കൂടുതൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇന്ന് മനുഷ്യന്റെ മുമ്പിലുണ്ടെന്ന നിലവന്നു. അറിഞ്ഞതിനെക്കാൾ കൂടുതൽ അറിയാത്തതിനെപ്പറ്റിയുള്ള ബോധം പല ശാസ്ത്രജ്ഞരെയും സ്തംഭനാവസ്ഥയിൽ എത്തിച്ചു. 'അറിയുക' എന്ന പ്രക്രിയയെപ്പറ്റി ശരിയായ ബോധം ഇല്ലാതിരുന്നതിനാൽ, കയ്യിന്റെയും കണ്ണിന്റെയും തലച്ചോറിന്റെയും ഭാഷയുടെയും കൂട്ടായ, ചുറ്റുമുള്ള പ്രകൃതിയുടെ മേലുള്ള പ്രവർത്തനവും പ്രതിപ്രവർത്തനവും അതിന്റെ ചരിത്രപരമായ വളർചയുടെ അടിസ്ഥാനത്തിൽ മനസിലാക്കാൻ കഴിയാതിരുന്നതിനാൽ, ശാസ്ത്രം ഒരു പ്രതിസന്ധിയിൽ എത്തിയിരിക്കുന്നതായി പല ശാസ്ത്രജ്ഞരും ആക്രോശിച്ചു. ഭൗതികവാദത്തിന്റെ നിഷേധമായി ആശയവാദികൾ ഇതിനെ വ്യാഖ്യാനിച്ചു. മനസിന്റെ, ആശയത്തിന്റെ, കേവലസ്വാതന്ത്ര്യവും അധ്വാനിക്കുന്ന കൈകളെ ചൂഷണം ചെയ്യാനുള്ള അതിന്റെ അവകാശവും അവർ ഉയർത്തിപ്പിടിച്ചു. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ ഇനിയും അറിയാതെ കിടക്കുന്ന നിയമങ്ങൾ ഇതിന്റെ പ്രമാണങ്ങളായി അവർ ഉദ്ഘോഷിച്ചു. സ്വത്തുണ്ടാക്കാനും സുഖിക്കാനും ചൂഷണം അതിനുള്ള ഉപാധിയായി സ്വീകരിക്കാനുമുള്ള അവകാശം മൗലികമാണെന്ന് അവർ അംഗീകരിച്ചു. ചൂഷണാധിഷ്ഠിതമായ മുതലാളിത്ത സമൂഹം അതിന്റെ അന്തിമമായ ആശയസമരം ആരംഭിക്കുകയാണ്. എന്നാൽ വൈരുധ്യാതമക ഭൗതികവാദികൾക്ക് [ 50 ] പ്രകൃതിയുടെ നിയമങ്ങളെക്കുറിച്ചും ജീവൻ എന്ന പ്രതിഭാസത്തെക്കുറിച്ചും അതിന്റെ വികാസത്തേയും മനുഷ്യരൂപത്തിലേക്കുള്ള പരിണാമത്തെയും കുറിച്ചും മനുഷ്യസമൂഹത്തിലെ നിയമങ്ങളെക്കുറിച്ചും കൂടുതൽ ശരിയായി അറിയാം; അതിനെ തങ്ങളുടെ ദർശനമായി അംഗീകരിച്ച തൊഴിലാളിവർഗത്തിനു് പ്രകൃതിയേയും സമൂഹത്തേയും തങ്ങൾക്കു് അനുകൂലമാക്കുന്നതിനു് വേണ്ട യഥാർത്ഥ സ്വാതന്ത്ര്യം ഉണ്ടു്. എന്നാൽ മനസ്സ്, ബോധം, ചിന്ത മുതലായവയെ കുറിച്ചുള്ള ധാരണകൾ തികച്ചും വ്യക്തമാകാത്തവരാണു് പലരും. തലച്ചോറു് എന്ന ഭൗതികപദാർത്ഥവും അതിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധവും വ്യത്യാസവും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ഇവർ മാർക്സിയൻ ദർശനത്തെ വേണ്ടത്ര മനസ്സിലാക്കാത്തതാണു് ഇതിനുകാരണം. ആതമനിഷ്ഠം, വസ്തുനിഷ്ഠം എന്നീ രണ്ടു കാര്യങ്ങളിൽ ആത്മനിഷ്ഠത്തിന്റെ പ്രധാന്യത്തെ തീരെ അവഗണിക്കുന്നതിനു് ഇതു് കാരണമാകുന്നു. അതിനാൽ മനസ്സിന്റെ, ബോധത്തിന്റെ, പ്രകൃതത്തെക്കുറിച്ചു് കുറച്ചുകൂടി വിശദമായി പരിശോധിക്കാം


ദ്രവ്യവും ബോധവും

ദ്രവ്യമെന്ന പദംകൊണ്ടു് നാം ഉദ്ദേശിക്കുന്നതെന്തെന്നു് തുടക്കത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ടു്. അതിന്റെ നിർവ്വചനത്തിൽ പെടാത്ത, വാസ്തവത്തിൽ അതിനെ നിർവ്വചിക്കുന്നുവെന്നു് നാം കരുതുന്ന ഒന്നാണല്ലോ നമ്മുടെ ബോധം, ചിന്ത എന്നൊക്കെ പറയുന്നതു്. നമ്മുടെ വികാരങ്ങൾ, വിചാരങ്ങൾ, ആശയങ്ങൾ, അനുഭൂതികൾ, അഭിപ്രായങ്ങൾ. സ്വഭാവം തുടങ്ങിയയൊക്കെക്കും കൂടി പൊതുവെയുള്ള പേരാണു് 'ബോധം' എന്നതു്.

കൺമുമ്പിലില്ലാത്ത പലതും നമ്മുക്കു് 'മനസ്സിന്റെ കണ്ണാടി'യിൽ കാണാൻ കഴിയും. നാളിതുവരെ ആരും രചിച്ചിട്ടില്ലാത്ത സുന്ദരചിത്രങ്ങളും, ശില്പങ്ങളും രചിക്കാൻ മനുഷ്യനു് കഴിയുന്നു. പുത്തൻ പുത്തനായ ആശയങ്ങൾക്കു് രൂപംകൊടുക്കാൻ അവനു് കഴിയുന്നു. ബെഥോവന്റെയും, മൊത്സാർടിന്റെയും സംഗീതത്തിനോ, ത്യാഗരാജന്റെയും സ്വാതി തിരുനാളിന്റേയും കീർത്തനങ്ങൾക്കോ, റാഫേലിന്റേയും രവിവർമ്മയുടേയും ചിത്രങ്ങൾക്കോ, ന്യൂട്ടൻ, ഐൻസ്റ്റൈൻ, രാമൻ, ഘൊരാന തുടങ്ങിയവരുടെ ഗവേഷണപ്രതിഭകൾക്കോ ഒക്കെ തികച്ചും ഭൗതികമായ അടിസ്ഥാനം കാണാൻ വയ്യാതെ ദിവ്യശക്തിയെ, ആത്മാവിനെ, പരമാത്മാവിനെ ഒക്കെ അഭയം പ്രാപിക്കേണ്ടിവന്നു പല ചിന്തകർക്കും. 'ഹൃദയ'മില്ലാത്ത മനുഷ്യരേയും 'മനസ്സി'നിണങ്ങാത്ത പ്രവൃത്തിയേയും കുറിച്ചൊക്കെ നാം സംസാരിക്കാറുണ്ടു്. ഇവുടെ 'ഹൃദയം' നമ്മുടെ ധമനികളിലൂടെ ചോരപമ്പുചെയ്യുന്ന ആ ഹൃദയത്തെയല്ല, മറ്റെന്തിനേയോ ആണു് കുറിക്കുന്നതു്. അതുതന്നെയാണു് 'മനസ്സും', ആത്മാവു്! ഹൃദയം! മനസ്സു് ......അങ്ങനെ പലതും........

മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണു് തലച്ചോറു്. അതിനെ സംരക്ഷിക്കുന്ന ആവരണം -തലയോടു്- തന്നെ ഇ പ്രധാന്യത്തിന്റെ ലക്ഷണമാണു്. പക്ഷെ ആ തലയോടും പൊട്ടാം. അതിനകത്തുള്ള തലച്ചോറിന് [ 51 ] പൂർണമായോ, അവിടവിടെയായോ കേട് സംഭവിക്കുകയും ചെയ്യാം. നോബൽസമ്മാനം നേടിയ ലോകപ്രസിദ്ധനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു ലെവ്മദവിദോവിച്ച് ലൻദാവ്. ഒരു മോട്ടോർ അപകടത്തിൽപെട്ട് അദ്ദേഹത്തിന്റെ തലച്ചോറിനും മറ്റു പല ഭാഗങ്ങൾക്കും സാരമായ കേടുപറ്റി. ലോകത്തിന്റെ എല്ലാം ഭാഗങ്ങളിൽ നിന്നും പ്രസിദ്ധരായ ഡോക്ടർമാർവന്ന് പലവട്ടം നിന്നുപോയ അദ്ദേഹത്തിന്റെ ഹൃദയത്തെ ഓരോ സമയത്തും നടത്തിച്ചു; ധമനികളിൽ കൂടെ രക്തം ഒഴുകി; കഴിച്ച ഭക്ഷണം ആമാശയത്തിൽ വെച്ച് ദഹിപ്പിക്കപ്പെട്ടു... ഇവയുടെയെല്ലാം പ്രവർതനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ആ ഭാഗം പ്രവർതിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം പിന്നെയും ഒമ്പതുകൊല്ലത്തിലേറെ 'ജീവിച്ചു'. പക്ഷേ, അദ്ദേഹത്തിന്റെ തലച്ചോറിന്റെ മറ്റൊരുഭാഗം അപകടത്തിന്റെ ഫലമായി കേടുവന്നിരുന്നു. അത് നേരെയാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അതിനാൽ തുടങ്ങിവച്ചിരുന്ന ഗവേഷണങ്ങൾ പൂർതിയാക്കാനോ എഴുതാൻ തുടങ്ങിയിരുന്ന ഗ്രന്ഥങ്ങൾ മുഴുമിപ്പിക്കുവാനോ ലൻദാവിന് കഴിഞ്ഞില്ല. കാരണം തലച്ചോറിന്റെ ഒരു ഭാഗം നശിച്ചതുതന്നെ. അപ്പോൾ ഈ 'ഗവേഷണപ്രതിഭ'ക്ക് അടിസ്ഥാനം തലച്ചോറാണ്, മറ്റൊന്നുമല്ല എന്ന് വ്യക്തമാകുന്നുണ്ടല്ലോ. തലച്ചോറിന് തകരാറ് പറ്റി എപ്പോഴും ചിരിച്ചുകൊണ്ടോ, കരഞ്ഞ്കൊണ്ടോ അക്രമങ്ങൾ കാട്ടിക്കൊണ്ടോ ഒക്കെ ഇരിക്കുന്ന ഭ്രാന്തന്മാരെയും, തലച്ചോറിൽ തന്നെ വന്ന മറ്റു ചില തകരാറു കൊണ്ട് 'കുട്ടിത്തം വിടാത്ത മുട്ടൻ' മാരെയും എല്ലാം നാം കണ്ടിട്ടുണ്ട്. തലച്ചോറിന്റെ ചിലഭാഗങ്ങളെ കൃത്രിമമായി ഉത്തേജിപ്പിച്ച് സന്തോഷം, ഭയം, സങ്കടം മുതലായ വികാരങ്ങൾ മനുഷ്യരിൽ ഉളവാക്കാമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.

ഭയം, സങ്കടം, സന്തോഷം മുതലായ വികാരങ്ങളുടെയും ഗവേഷണപ്രതിഭാദി കഴിവുകളുടെയും എല്ലാം ആസ്ഥാനം, ഭൗതികമായ അടിസ്ഥാനം തലച്ചോറ് എന്ന പദാർഥമാണ്. ഒരു പ്രത്യേകതരം പദാർഥം തന്നെയാണിത്. അതിന്റെ കഴിവുകൾ, അദ്ഭുതകരങ്ങളുമാണ്. ഇത്തരം ഗുണധർമ്മങ്ങൾ ഈ പദാർഥത്തിന് ലഭിച്ചതെങ്ങനെയെന്ന് കുറെക്കൂടി വിശദമായി നമുക്ക് പരിശോധിക്കാം. പക്ഷേ, ഒരു കാര്യം സമ്മതിച്ചേ തീരു. തലച്ചോറ് എന്ന പദാർഥമില്ലെങ്കിൽ ഇപ്പറഞ്ഞ കഴിവുകൾ, സാമാന്യമായി പറഞ്ഞാൽ 'ബോധം' ഉണ്ടായിരിക്കുന്നതല്ല. തലച്ചോറിന്റെ ഭൗതികമായ (ശരീരശാസ്ത്രപരമായ) പ്രവർതനങ്ങളെ അടിസ്ഥാനമാക്കിയല്ലാതെ ബോധത്തെപ്പറ്റി മനസിലാക്കാൻ നമുക്ക് സാധിക്കയില്ല. തലച്ചോറിൽ സ്ഥിതിചെയ്യാത്ത, ഭൗതികേതരമായ ഒരു ബോധത്തെപ്പറ്റി പറയുന്നത് നിരർഥകമാണ്. എന്നാൽ ഇതേമാതിരിതന്നെ അർഥശൂന്യമാണ് ബോധമെന്ന് പറയുന്നത് ഒരു തരത്തിലുള്ള പദാർഥം ആണെന്ന ഉപരിപ്ലവഭൗതികവാദികളുടെ അഭിപ്രായവും. ലിവറിൽനിന്ന് (പിത്താശയത്തിൽ നിന്ന്) പിത്തനീർ ഊറിവരും പോലെ ഒരു സ്രവമത്രെ ബോധം! ശുദ്ധമേ അബദ്ധം. മനുഷ്യന്റെ ബോധം ഒരു പദാർഥമല്ല. അങ്ങേയറ്റം വികാസം പൂണ്ട ഒരു പദാർഥത്തിന്റെ, തലച്ചോറിന്റെ ഒരു വിശേഷഗുണധർമം മാത്രമാണത്. [ 52 ] എങ്ങനെയാണ് ഈ പദാർഥം വികാസം പൂണ്ടതെന്നും എന്താണിതിന്റെ സവിശേഷ ഗുണധർമ്മങ്ങൾ എന്നും നോക്കാം.

മനുഷ്യക്കുരങ്ങിൽ നിന്ന് മനുഷ്യരിലേക്കുള്ള പരിവർതനത്തെപ്പറ്റി നാം നേരത്തെ പരിഗണിക്കുകയുണ്ടായി: മനുഷ്യക്കുരങ്ങൻ തന്നെ വളരെയധികം വികാസം പൂണ്ട ഒരു ജീവിയാണ്. അചേതന പദാർഥങ്ങളെ അപേക്ഷിച്ച് ജീവി, അത് എത്ര നിസാരമായാലും വേണ്ടില്ല, വളരെ ഉയർന്ന പടവിൽ സ്ഥിതിചെയ്യുന്നു. വെളിയിൽനിന്നുള്ള ഉത്തേജനത്തോട് പ്രതികരിക്കുകയെന്നത് എല്ലാ പദാർഥത്തിന്റെയും അടിസ്ഥാന സ്വഭാവമാണ്. ബലം പ്രയോഗിച്ചാൽ വസ്തുക്കൾ ചലിക്കുന്നു, അല്ലെങ്കിൽ രൂപം മാറുന്നു; ചൂടാക്കുമ്പോൾ അവസ്ഥ മാറുന്നു. ഇരുമ്പ് കാന്തത്തിനാൽ ആകർഷിക്കപ്പെടുന്നു.....

പ്രവർതന പ്രതിപ്രവർതനങ്ങളുടെ ഫലമായി വസ്തുവിൽ അവശേഷിക്കുന്ന മാറ്റങ്ങളെ, അടയാളങ്ങളെ, അതിലെ ആന്തരികമായ വശത്തെ, സാമാന്യമായി പ്രതിഫലനം എന്ന വാക്കുകൊണ്ട് കുറിക്കുന്നു. ജീവികളിൽ ഉണ്ടാകുന്ന 'സംവേദന'ത്തിന്റെ അടിസ്ഥാനം ഈ പ്രതിഫലനങ്ങളാണ് - ജീവിയും ചുറ്റുപാടുള്ള പ്രവർതന-പ്രതിപ്രവർതനങ്ങളുടെ സങ്കീർണമായ പ്രതിഫലനം. ജീവനുള്ള ആൽബ്യൂമിന്റെ ആവിർഭാവത്തോടുകൂടിയാണ് ജീവശാസ്ത്രപരമായ പ്രതിഫലനം അഥവാ സംവേദനം ഉടലെടുത്തതെന്നുപറയാം! ചുറ്റുപാടിൽ നിന്ന് പോഷകപദാർഥങ്ങൾ തെരഞ്ഞെടുത്ത് സ്വയം പുനരാവിഷ്കരിക്കാൻ അതിന് കഴിയുന്നു; ചുറ്റുമുള്ള അചേതന വസ്തുക്കളുമായുള്ള അതിന്റെ പ്രതികരണം 'സജീവ'മാണ്. ഇങ്ങനെയുള്ള ജീവന്റെ രൂപീകരണം 'ബോധ'ത്തിന് അവശ്യം വേണ്ടിയ ജീവശാസ്ത്രപരമായ മുൻ ഉപാധിയാണ്. പരിണാമ പ്രക്രിയകളുടെ ഫലമായി, ജീവികളുടെ സംവേദനക്ഷമത വർധിച്ചുവന്നു: ബാഹ്യലോകത്തുനിന്ന് സംജ്ഞകൾ സ്വീകരിക്കുന്നതിനുള്ള ഇന്ദ്രിയങ്ങളും അവയെ അപഗ്രഥിക്കുകയും സംഗ്രഹിക്കുകയും ചെയ്യുന്ന തലച്ചോറും വികസിച്ചുവന്നു. തലച്ചോറിലെ ഞരമ്പുകോശങ്ങളുടെ (നെർവ് സെല്ലുകളുടെ) എണ്ണം പെരുത്തുവന്നു. ഇതൊക്കെയായാലും ഉയർനതരം മൃഗങ്ങളുടെ കഴിവിനും മനുഷ്യന്റെ കഴിവിനും തമ്മിൽ അവർണനീയമായ വ്യത്യാസമുണ്ട്. പട്ടിയുടെ തലച്ചോറിൽ ഏതാണ്ട് 200 - 300 കോടി ഞരമ്പുകോശങ്ങളുണ്ടത്രെ. മനുഷ്യന്റെ തലച്ചോറിൽ ഏതാണ്ട് 1700 കോടി കോശങ്ങളും. എണ്ണത്തിൽ മാത്രമല്ല വ്യത്യാസമുള്ളത്. ഗുണപരമായിത്തന്നെ വ്യത്യാസമുണ്ട്. മനുഷ്യനൊഴികെ മറ്റെല്ലാ ജീവികൾക്കും ബാഹ്യലോകത്തിൽ നിന്നുള്ള സംജ്ഞകൾ അഞ്ച് ഇന്ദ്രിയങ്ങൾ - കണ്ണ്, ചെവി, മൂക്ക്, ചർമം, നാക്ക് - മുഖേന മാത്രം ആണ് ലഭിക്കുന്നത്. മനുഷ്യനും ഈ പഞ്ചേന്ദ്രിയങ്ങൾ ഉണ്ട്. അവയിലൂടെ അടിസ്ഥാനപരമായ, പ്രാഥമികമായ, സംജ്ഞകൾ ലഭിക്കുന്നുണ്ട്. ബാഹ്യലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ലഭിക്കുന്ന പ്രാഥമിക സംജ്ഞകളാണ്, ഉത്തേജകങ്ങളാണ് ഇതിലൂടെ മനുഷ്യനിൽ എത്തുന്നത്. എന്നാൽ മനുഷ്യനെന്ന ജീവിക്ക് മറ്റൊരുതരത്തിലുള്ള ഉത്തേജനം കൂടി സ്വീകരിക്കാൻ സാധിക്കുന്നതാണ് - വാക്കുകൾ! അവ മനുഷ്യനിൽ എന്തെല്ലാം വികാരങ്ങൾ ഉദ്ദീപിക്കുന്നു; മനുഷ്യനെന്ന ജീവിക്ക് മാത്രമാണ് ഇത്തരത്തിലുള്ള ദ്വിതീയക [ 53 ] സംജ്ഞകളാൽ ഉദ്ദീപിപ്പിക്കപ്പെടാനുള്ള കഴിവ്. മനുഷ്യനെ മനുഷ്യനാക്കിയ പ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് ഈ കഴിവ് എന്ന് നാം നേരത്തെ കണ്ടിട്ടുമുണ്ട്.

പ്രാഥമികസംജ്ഞകൾ സ്വീകരിക്കാനുള്ള കഴിവ് എല്ലാ മൃഗങ്ങൾക്കും ഉണ്ട്; സമൂർത്തങ്ങളായ ഇന്ദ്രിയാടിസ്ഥിത പ്രതിബിംബങ്ങളാണവ. എന്നാൽ ദ്വിതീയസംജ്ഞകൾ അമൂർതങ്ങളും വാക്കുകളിൽ അടിസ്ഥിതവുമായ സങ്കൽപങ്ങളാണ്. ഇത് മനുഷ്യൻറെ തലച്ചോറിൽ, അവൻറെ ബോധത്തിൽ മാത്രം ഉള്ളതാണ്. മനുഷ്യൻറെ വളർച്ചയിൽ ദ്വിതീയകസംജ്ഞകൾ അതിപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. വാസ്തവത്തിൽ മനുഷ്യനിലെ ഭൂരിഭാഗം സംജ്ഞകളും സങ്കീർണബന്ധങ്ങളും ദ്വിതീയകസംജ്ഞകളുടെ തലത്തിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നു. അതേസമയം ഒരു കാര്യം ഓർകേണ്ടതുണ്ട്. പ്രാഥമിക സംജ്ഞകളുമായി, പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുമായി, അഭേദ്യമാം വിധം ബന്ധപ്പെട്ടുകൊണ്ടുമാത്രമേ ദ്വിതീയസംജ്ഞകൾക്ക്, വാക്കുകൾക്ക്, ഭാഷക്ക് വികസിക്കാനാകൂ. രണ്ടിനേയും വെവ്വേറെ കാണാൻ ശ്രമിക്കുന്നത് ദ്വിതീയസംജ്ഞകൾ - വാക്കും അമൂർത സങ്കല്പങ്ങളും ഒക്കെ - തികച്ചും സ്വതന്ത്രമായ, യാതൊരു ഭൗതികാടിസ്ഥാനവുമില്ലാത്ത, ആത്മാവിൻറെയോ, അതുപോലെ മറ്റേതെങ്കിലുമോ ആവിഷ്കാരമാണെന്നു പറയുന്നത് അസംബന്ധമായിരിക്കും. മനുഷ്യൻറെ ചിന്തയെന്ന് പറയുന്നത് മറ്റേത് ജീവിയുടെയും 'ബോധ'ത്തേക്കാൾ ഉയർന്ന രൂപത്തിലുള്ള ബോധമാണ്.

ഒന്നാമതായി അക്ഷരോച്ചാരണത്തോടുകൂടി സംസാരിക്കാനും അങ്ങനെ വാക്കുകളിലൂടെ ചിന്തകൾ ആവിഷ്കരിക്കാനും മനുഷ്യന് കഴിയുന്നു.

രണ്ടാമതായി, മനുഷ്യൻറെ ചിന്ത അമൂർതമാണ്. ശാസ്ത്രീയമായ അമൂർതവൽക്കരണത്തിനും സാമാന്യവൽക്കരണത്തിനും വിധേയമാണ്. മറ്റ് ജീവികൾക്ക് അത് സാധ്യമല്ല.

മൂന്നാമതായി, മനുഷ്യൻറെ ചിന്തക്ക് അതിനെപ്പറ്റി, ചിന്തയെപ്പറ്റിത്തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. മറ്റൊരു ജീവിക്കും സ്വന്തം ബോധത്തിൻറെ പ്രവർതനത്തെ അപഗ്രഥിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നതല്ല.

നാലാമതായി, മറ്റു ജന്തുക്കളിലെ ഞരമ്പുകോശങ്ങളുടെ പ്രവർതനം പരിത:സ്ഥിതിയുമായി ഇണങ്ങിച്ചേരുവാൻ ഉന്നംവച്ചിട്ടുള്ളതാണെങ്കിൽ, മനുഷ്യൻറെ ചിന്തയും ബോധവും സാമൂഹികമാണ്. ചുറ്റുപാടിനെ തനിക്ക് അനുയോജ്യമായി മാറ്റുവാൻ ശ്രമിക്കുന്നതാണ്. അതിപ്രധാനമായ ഒരു വ്യത്യാസമാണിത്.

ചുറ്റുപാടിനെ മാറ്റാനുള്ള മനുഷ്യൻറെ ശ്രമമാണ് 'അധ്വാനം'. ഈ 'അധ്വാനം' തന്നെയാണ് അവൻറെ ദ്വിതീയ സംജ്ഞാസമ്പ്രദായത്തിൻറെ ഉദയത്തിനും വികാസത്തിനും അടിസ്ഥാനം. അങ്ങനെ അധ്വാനവും അക്ഷരോച്ചാരണത്തോടുകൂടിയ ഭാഷയും കൂടി മനുഷ്യക്കുരങ്ങിൻറെ തലച്ചോറിനെ മനുഷ്യൻറെ തലച്ചോറിലേക്ക് ഉയർത്തി. ചുറ്റുമുള്ള ഭൗതികപ്രപഞ്ചത്തെ [ 54 ] പ്രതിഫലിപ്പിക്കുന്നതിനുള്ള ചിന്തകൾക്, സങ്കൽപങ്ങൾക്, ശാസ്ത്രീയ സിദ്ധാന്തങ്ങൾക് ഒക്കെ രൂപംകൊടുക്കുവാനുള്ള ഉപാധിയാണ് മനുഷ്യൻറെ ഭാഷ; സാധാരണ ഭാഷയിൽ നിന്ന് ശാസ്ത്രത്തിൻറെ 'ഭാഷ'യും ഗണിതത്തിൻറെ 'ഭാഷ'യും എല്ലാം ഉടലെടുത്തു.

ഏറ്റവും സങ്കീർണമായ ഗണിതചിഹ്നത്തിനും വസ്തുനിഷ്ഠപ്രപഞ്ചത്തിലെ പരിണാത്മകമായ ബന്ധങ്ങളെയും സമയത്തിലും സ്പേസിലും അധിഷ്ഠിതമായ രൂപത്തെയും കുറിക്കുന്ന വാസ്തവികമായ ഒരു പൊരുൾ ഉണ്ട്. 'മനുഷ്യസമൂഹത്തിൻറെ വികസനത്തിനൊത്ത് മനുഷ്യൻറെ 'ബോധവും' വളരുന്നു. സമൂഹം രണ്ട് വിരുദ്ധവർഗങ്ങളായി പിളർനപ്പോൾ, കായികാധ്വാനവും മാനസികാധ്വാനവും തമ്മിൽ വൈരുധ്യം സംജാതമായപ്പോൾ സാമൂഹ്യബോധം കുറെക്കൂടി വ്യക്തവും സമൂർതവുമായ രൂപമെടുക്കുന്നു. സമൂഹത്തിലെ വർഗങ്ങളുടെ രാഷ്ട്രീയ ആശയസംഹിതകൾ, നീതിന്യായ ബോധങ്ങൾ, മതം, തത്വശാസ്ത്രം, സദാചാരമുറകൾ, കല, ശാസ്ത്രം തുടങ്ങിയ പല രൂപങ്ങളും അതെടുക്കുന്നു. സാമൂഹ്യബോധത്തിൻറെ ഈ അടിസ്ഥാനരൂപങ്ങൾ തന്നെയാണ് സമൂഹത്തിൻറെ 'ആത്മീയ ജീവിത'മെന്ന് പറയുന്നതും. സമൂഹത്തിലെ വിവിധ വർഗങ്ങളുടെ താല്പര്യങ്ങളുടെയും അവരുടെ ഭൗതികജീവിതത്തിലെ യഥാർഥ ബന്ധങ്ങളുടെയും പ്രതിഫലനം മാത്രമാണിത്. മനുഷ്യൻറെ വ്യക്തിനിഷ്ഠമായ ബോധത്തിന്, അതിന് എത്ര തന്നെ ചുഴിഞ്ഞുനോക്കിയാലും സാമൂഹ്യബോധത്തിൻറെ ഒരു ഭാഗമെന്ന നിലക്കുമാത്രമേ നിലനില്പുള്ളൂ എന്നു കാണാം. എന്നുവെച്ച് വ്യക്തികളുടെ ബോധം സാമൂഹ്യബോധത്തിൻറെ നിർജീവമായ ഒരംശം മാത്രമാണ് എന്ന് ധരിക്കരുത്.

പ്രായോഗിക പ്രവർതനങ്ങളിൽ മനുഷ്യൻ തൻറെ മുമ്പിൽ നിശ്ചിതങ്ങളായ ചില ലക് ഷ്യങ്ങൾ വെക്കുന്നു. അവ നേടുവാൻ ഉതകുന്നതായ ഒരു സമീപനരീതി ആവശ്യമായി വരുന്നു. വസ്തുക്കളെ സംബന്ധിച്ചിടത്തോളം ഒരുതരത്തിൽ 'നേരത്തെക്കൂട്ടിയുള്ള പ്രതിഫലനം' അവൻറെ മനസ്സിൽ നടക്കുന്നതായി പറയാം. ഈ നേരത്തെക്കൂട്ടിയുള്ള പ്രതിഫലനത്തിനാണ് സർഗാത്മകതയെന്നും മറ്റും പറയുന്നത്. മനുഷ്യൻറെ മനസിന് വിശ്ലേഷിക്കാൻ മാത്രമല്ല, സംശ്ലേഷിക്കാനും കഴിവുണ്ട്. അതിനെ നിഷേധിച്ചതാണ് യാന്ത്രിക ഭൗതികവാദികൾക്ക് പറ്റിയ തെറ്റ്. ഇലക്ട്രോണിക് തലച്ചോറിനെപ്പറ്റിയും ചിന്തിക്കുന്ന യന്ത്രത്തെപ്പറ്റിയും മനുഷ്യൻറെ തലച്ചോറ് കാലഹരണപ്പെടുന്നതിനെപ്പറ്റിയുമെല്ലാമുള്ള സംസാരങ്ങൾ ഈ കഴിവ് മനസിലാക്കാത്തതിൽ നിന്ന് ഉടലെടുത്തവയാണ്.

മനുഷ്യന്റെ 'ആത്മീയ സ്വഭാവത്തെ' - അതായത്, അവൻറെ വികാരങ്ങൾ, വിചാരങ്ങൾ, ഇച്ഛാശക്തി, സ്വഭാവം മുതലായവയൊക്കെ - അന്തിമവിശകലനത്തിൽ, സൈദ്ധാന്തികമായി ദ്രവ്യത്തിൻറെയും അതിൻറെ ചലനത്തിൻറെയും അടിസ്ഥാനത്തിൽ വിശദീകരിക്കാവുന്നതായിരിക്കും. ന്യൂറോണുകൾ, വൈദ്യുത സ്പന്ദനങ്ങൾ മുതലായവയൊക്കെ ആയിരിക്കാം ഈ അപഗ്രഥനത്തിന് ഉപയോഗിക്കുന്ന കരുക്കൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് [ 55 ] ചിന്തിക്കുന്ന യന്ത്രങ്ങളെപ്പറ്റിയും മറ്റും ശാസ്ത്രജ്ഞർ സ്വപ്നം കാണാൻ തുടങ്ങിയത്. രണ്ടു കാരണങ്ങളാൽ ഇത് തെറ്റാണ്.

ഒന്നാമതായി ഒരു യന്ത്രവും അതിന് രൂപം കൊടുക്കുന്ന മനുഷ്യൻറെ തലച്ചോറിനോളം മെച്ചപ്പെട്ടതാകാൻ പറ്റില്ല. ചില ഗണിത പ്രക്രിയകൾ കൂടുതൽ വേഗത്തിൽചെയ്യാൻ യന്ത്രത്തിന് പറ്റിയെന്നു വന്നേക്കാം. എന്നാൽ വേണ്ടതേത് വേണ്ടാത്തതേത്, എന്ന വിവേചനബുദ്ധി യന്ത്രത്തിനുണ്ടാകാൻ തരമില്ല. വേണ്ടതും വേണ്ടാത്തതും സുനിശ്ചിതങ്ങളായ കാര്യങ്ങളല്ല.

രണ്ടാമതായി മനുഷ്യൻ ചുറ്റുമുള്ള പ്രകൃതിയുമായി ബന്ധപ്പെട്ടതും മനസിലാക്കാനുള്ള കഴിവ് സമ്പാദിച്ചതും അവയുടെ സൂക്ഷ്മപ്രകൃതിയുടെ സഹായത്തോടെയല്ല. കാലുകൊണ്ടടിച്ച ഒരു പന്തിൻറെ ചലനത്തെ അതിൻറെ, അതിലെ അണുക്കളുടെയോ മൗലികകണങ്ങളായ ഇലക്ട്രോൺ,പ്രോട്ടോൺ മുതലായവയുടെയോ ചലനങ്ങളുടെ ആകത്തുകയായി വേണമെങ്കിൽ വ്യാഖ്യാനിക്കാം. സൈദ്ധാന്തികമായി ഇത് ശരിയാണ്. പക്ഷേ, പ്രായോഗികമായി നടപ്പുള്ള കാര്യമല്ല. നാം 'പന്തി'നെയാണ് കാണുന്നത്. അല്ലാതെ അതിലെ ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും മറ്റുമല്ല. പന്തിൻറെ ചലനത്തെ ബലതന്ത്രനിയമങ്ങൾ ഉപയോഗിച്ച് നിർവചിക്കാവുന്നതാണ്. മനുഷ്യൻറെ തലച്ചോറിൻറെ പ്രവർതനത്തെ ഈ ഉദാഹരണവുമായി ഉപമിക്കാം. സൈദ്ധാന്തികമായി നോക്കുമ്പോൾ അതിലെ കോടാനുകോടി ഞരമ്പുകോശങ്ങളുടെയും ന്യൂറോണുകളുടെയും മറ്റും സംയുക്ത പ്രവർതനമാണ് ചിന്ത, ബോധം മുതലായത്. പക്ഷേ, എപ്രകാരം നമ്മുടെ കണ്ണുകൾ, അണുക്കളിൽ നിന്ന് പന്തിനെയോ അതിൻറെ ചലനത്തെയോ സംശ്ലേഷിക്കാൻ പഠിച്ചിട്ടില്ലയോ അപ്രകാരം തന്നെ ന്യൂറോണുകളുടെ ചലനത്തിൽ നിന്ന് സന്തോഷ സന്താപാദികളെ സംശ്ലേഷിക്കാനും നാം പഠിച്ചിട്ടില്ല. എന്നുവച്ച് അവയുടെ ഭൗതികാടിസ്ഥാനമായ ദ്രവ്യത്തെ നിഷേധിക്കാനും സാധ്യമല്ല.

ഇതേ ഉപമ തന്നെ സമൂഹത്തിൻറെയും വ്യക്തിയുടെയും കാര്യത്തിലും സ്വീകരിക്കാം. സാമൂഹ്യബോധത്തെ കലാ-സാംസ്കാരികാദികളെ, നീതിന്യായവിധികളെ, സദാചാരമുറകളെ - ഒക്കെ സാമൂഹ്യ പ്രവർതനങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് മനസ്സിലാക്കാവുന്നതാണ്. മറിച്ച് ഒറ്റപ്പെട്ട വ്യക്തികളുടെ ബോധങ്ങളുടെ ആകത്തുകയായി സാമൂഹ്യബോധത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ പന്തിനു പകരം അതിലെ അണുക്കളെ കാണാൻ ശ്രമിക്കുന്നതിനു സമാനമായിരിക്കും.

തുടക്കത്തിൽ നാം ഉന്നയിച്ച, ദർശനത്തിലെ കാതലായ പ്രശ്നത്തിലേക്കുതന്നെ - ദ്രവ്യമോ ബോധമോ പദാർഥമോ ആത്മാവോ ഏതാണ് പ്രാഥമികം എന്ന പ്രശ്നത്തിലേക്കുതന്നെ - ഇനി തിരിച്ചുപോകാം. ഒരു പ്രത്യേക രീതിയിൽ ക്രമീകരിക്കപ്പെട്ട പദാർഥത്തിൻറെ തലച്ചോറിൻറെ, സ്വഭാവമാണ് ചിന്ത എന്നും, അതിൽ ആത്മീയമായോ 'ദൈവീക'മായോ യാതൊന്നും ഇല്ലെന്നും ലക്ഷോപലക്ഷം വർഷങ്ങളിലൂടെയുള്ള പരിണാമപ്രക്രിയകളുടെ ഫലമായാണ് മനുഷ്യൻറെ തലച്ചോറ് രൂപം കൊണ്ടതെന്നും നാം കണ്ടു. ബോധത്തിൻറെ വികാസമാകട്ടെ, ദൈവകല്പന അനുസരിച്ചോ ബ്രഹ്മാവിൻറെ വിധി അനുസരിച്ചോ [ 56 ] അല്ല സംഭവിച്ചത് എന്നും മറിച്ച്, മനുഷ്യൻറെ സാമൂഹ്യ പ്രവർതനങ്ങളുടെ, സാമൂഹ്യബന്ധങ്ങളുടെ, അധ്വാനത്തിൻറെ ഫലമായാണ് അതുണ്ടായതെന്നും നാം കാണുകയുണ്ടായി. നിലവിലുള്ള സാമൂഹ്യബോധങ്ങളെ ചരിത്രപരമായി വിലയിരുത്താനും 'അലംഘനീയമായ വിധി'യെ ലംഘിക്കാനും വിപ്ലവപ്രവർതനങ്ങളിൽ ഏർപെട്ടിരിക്കുന്ന തൊഴിലാളിവർഗത്തിന് ഇത് കരുത്തേകുന്നു. ഈ കരുത്ത് നൽകുന്നതാകട്ടെ, മനുഷ്യൻറെ ബോധത്തിൻറെ വളർചക്ക് അടിസ്ഥാനമായ അതേ തത്വം തന്നെ, പ്രായോഗിക പ്രവർതനം തന്നെ ആണുതാനും. മനുഷ്യൻറെ ചിന്തക്ക്, ബോധത്തിന് ഉള്ള 'സർഗാത്മകശേഷി'യെപ്പറ്റി അതായത്, സമൂഹത്തിൻറെ ഉൽപന്നമെങ്കിലും സമൂഹത്തിൻറെ മേൽ തിരിച്ച് പ്രവർതിക്കാനുള്ള കഴിവിനെപ്പറ്റിയുള്ള അറിവും, ഈ പ്രവർതനം സമൂഹത്തിലെ വസ്തുനിഷ്ഠസാഹചര്യങ്ങൾകൊത്ത് മാത്രമേ സാധ്യമാകൂ എന്ന വസ്തുത അംഗീകരിക്കലും അതിപ്രധാനമായ കാര്യങ്ങളാണ്. വിപ്‌ളവ പ്രവർതനങ്ങളിലെ വസ്തുനിഷ്ഠഘടകങ്ങളെപ്പറ്റിയും ശരിയാംവിധം വിലയിരുത്തുവാൻ ഇത് നമ്മെ സഹായിക്കുന്നു.

അണുവിൻറെ ഘടകങ്ങളായ ഇലക്ട്രോണുകൾ മുതൽ വികസിക്കുന്ന വിശ്വംവരെയുള്ള പദാർഥപ്രപഞ്ചത്തിൻറെ ചലനസ്വഭാവത്തെക്കുറിച്ച് നാം പഠിക്കുകയുണ്ടായി. സമയവും സ്പേസും പദാർഥത്തിൻറെ ഈ ചലനത്തോട് എപ്രകാരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും. 'പ്രപഞ്ചത്തിന്റെ ഉദ്ഭവം' എന്ന സങ്കല്പം എത്ര അർഥശൂന്യമാണെന്നും നാം കണ്ടു. അതു പോലെതന്നെ ജീവൻറെ തികച്ചും ഭൌതികമായ സ്വഭാവത്തെപ്പറ്റിയും, പരിണാമപ്രക്രിയകളിലൂടെയുള്ള വിവിധ ജീവിവർഗങ്ങളുടെ രൂപീകരണത്തെപ്പറ്റിയും, വളർചയെപ്പറ്റിയും, ചിന്ത, ബോധം മുതലായവയുടെ ഭൗതികമായ അടിസ്ഥാനത്തെപ്പറ്റിയും ഒക്കെക്കൂടി, നാം പരിശോധിക്കുകയുണ്ടായി. ഇതിൽനിന്നെല്ലാം 'ആശയ'വാദത്തിൻറെ പൊള്ളത്തരവും ഭൗതികവാദത്തിൻറെ ശരിയും വ്യക്തമാകുന്നതാണ്. ഇതൊക്കെക്കഴിഞ്ഞിട്ടും ഈ ഇരുപതാം നൂറ്റാണ്ടിൻറെ അവസാനപാദത്തിലും ആശയവാദികളും 'ദൈവവിശ്വാ'സികളും നിലകൊള്ളുന്നുണ്ടെങ്കിൽ, പേരുകേട്ട ശാസ്ത്രജ്ഞൻമാരുടെ ഇടയിൽ തന്നെ അവരെ കാണുന്നുണ്ടെങ്കിൽ, അതിനുത്തരവാദി തലച്ചോറല്ല, 'വയറാ'ണ്. എന്നുവച്ചാൽ, സ്വന്തം നിക്ഷിപ്തതാല്പര്യങ്ങൾ, സ്വന്തം വർഗത്തിൻറെയും 'യജമാന'വർഗത്തിൻറെയും നിക്ഷിപ്തതാല്പര്യങ്ങൾ. അക്കൂട്ടരെ നമുക്ക് തൽകാലം വിടാം. അവരെ പഠിപ്പിക്കേണ്ട രീതി വേറേയാണ്.


ചോദ്യങ്ങൾ

  1. ജീവൻറെ മൗലികസ്വഭാവങ്ങൾ ഏവ?
  2. ജീവൻറെ ഉൽപത്തിയെക്കുറിച്ച് എന്ത് പറയാൻ സാധിക്കും?
  3. വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർതനത്തിൻറെ പ്രധാന ഘടകങ്ങൾ ഏവ? ഘട്ടങ്ങൾ ഏവ?
  4. എന്താണ് ബോധം? അതിൽ ഭാഷകൾക്കുള്ള പ്രാധാന്യം എന്ത്?