വൈരുധ്യാത്മക ഭൗതികവാദം/എംഗൽസും ലെനിനും വൈരുധ്യാത്മകതയെപ്പറ്റി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം)
രചന:എം.പി. പരമേശ്വരൻ
എംഗൽസും ലെനിനും
വൈരുധ്യാത്മകതയെപ്പറ്റി


[ 84 ]
7

എംഗൽസും ലെനിനും

വൈരുധ്യാത്മകതയെപ്പറ്റി


നേരത്തെ പറഞ്ഞപോലെ മാർക്സോ എംഗൽസോ ലെനിനോ വൈരുധ്യാത്മക രീതിയെക്കുറിച്ച് ഒരു പാഠപുസ്തകമെഴുതിയിട്ടില്ല. പക്ഷെ അവർ ആ രീതി സമർഥമായി ഉപയോഗിച്ചിരിക്കുന്നു. 'വൈരുധ്യാത്മകത'യെക്കുറിച്ച് ഒരു പുസ്തകം എഴുതാനുള്ള എംഗൽസിന്റെ പ്ലാൻ ഏതാണ്ട് ഇപ്രകാരമായിരുന്നു:

കേവലവാദരീതിയും പ്രകൃതിശാസ്ത്രങ്ങളും തമ്മിലുള്ള പൊരുത്തക്കേട് - വൈരുധ്യാത്മക രീതി; സാർവത്രിക ബന്ധത്തിന്റെ ശാസ്ത്രം - അതിന്റെ പ്രധാന നിയമങ്ങൾ; അളവിൽ നിന്ന് ഗുണത്തിലേക്ക്, വിപരീതങ്ങളുടെ ഐക്യവും സമരവും, നിഷേധത്തിന്റെ നിഷേധം -ശാസ്ത്രങ്ങൾ തമ്മിലുള്ള പരസ്പരബന്ധം-ഗണിതം, ഖഗോളബലതന്ത്രം, ഭൗതികം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളിലെ വൈരുധ്യാത്മകത.

ഡയലക്‌റ്റിക്‌സ്-വൈരുധ്യാത്മകത-എന്ന അധ്യായത്തിൽ എംഗൽസ് എഴുതുന്നു:

"പ്രകൃതിയുടേയും മാനവസമൂഹത്തിന്റെയും ചരിത്രത്തിൽ നിന്നാണ് വൈരുധ്യാത്മകതയുടെ നിയമങ്ങൾ നിഷ്പാദിപ്പിക്കുന്നത്. അവ [ 85 ] പ്രകൃതിയുടെയും സമൂഹത്തിന്റെയും ചിന്തയുടെയും വികാസത്തിന്റെ ഏറ്റവും സാമാന്യമായ നിയമങ്ങളാണ്. മുഖ്യമായി മൂന്നെണ്ണമുണ്ട്

a) അളവ് ഗുണമായും തിരിച്ചും രൂപാന്തരപ്പടുന്നതിന്റെ നിയമം
b) വിപരീതങ്ങളുടെ ഐക്യനിയമം
c) നിഷേധത്തിന്റെ നിഷേധനിയമം

അളവ് ഗുണമായി മാറുന്നതിന്റെ നിയമം : അളവിൽ - ദ്രവ്യത്തിന്റെയോ ചലനത്തിന്റെയോ ( ഊർജ്ജത്തിന്റെ ) അളവിൽ - വരുന്ന ഏറ്റക്കുറച്ചിൽ കൊണ്ടു മാത്രമേ ഗുണത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകൂ.

പ്രകൃതിയിലെ എല്ലാ ഗുണപരമായ വ്യത്യാസങ്ങൾക്കും അടിസ്ഥാനം ഒന്നുകിൽ രാസചേരുവയിലുള്ള വ്യത്യാസം അല്ലെങ്കിൽ ചലനത്തിന്റെ അളവിലോ രൂപത്തിലോ ഉള്ള വ്യത്യാസം - ചിലപ്പോൾ രണ്ടും - ആണ്. അവസ്ഥാ മാറ്റങ്ങളും ( ഖര - ദ്രാവകം ) അപരൂപങ്ങളും ( കരി, വൈരം ) തന്മാത്രാ സംവിധാനത്തിലുള്ള വ്യത്യാസത്താലാണ് - ഊർജ്ജത്തിലുള്ള വ്യത്യാസത്താലാണ് - ഉണ്ടാകുന്നത്.

താപത്തെ യാന്ത്രികചലനമായോ, തിരിച്ചോ മാറ്റുമ്പോൾ അളവിൽ മാറ്റം വരാതെ ഗുണത്തിൽ മാറ്റം വരുന്നില്ലേ എന്നു ചോദിച്ചേക്കാം. ഇവിടെ ഒരേ വസ്തുവിലല്ല ഇത് സംഭവിക്കുന്നത്. ഒന്നിനു ഒരു തരത്തിലുള്ള കുറെ ചലനം നഷ്ടമാകുന്നു. മറ്റേതിനു മറ്റൊരു രൂപത്തിലുള്ള കുറെ ചലനം ലഭിക്കുന്നു. ഒരേ വസ്തുവിനുള്ളിൽതന്നെ ഇത് നടത്താൻ പറ്റില്ല.

ഒരു അചേതന വസ്തുവെ നാം രണ്ടായും വീണ്ടും രണ്ടായും അങ്ങനെ വിഭജിക്കുകയാണെന്ന് കരുതുക. ഒരു പരിധിവരെയേ ഇത് സാധിക്കൂ. വെള്ളത്തിന്റെ ഒരു തന്മാത്ര വരെ എത്തിയെന്ന് കരുതുക. വീണ്ടും വിഭജിച്ചാൽ അത് വെള്ളം അല്ലാതായി തീരുന്നു. ഹൈഡ്രജനും ഓക്സിജനും.

ഒരു വസ്തുവിലെ തന്മാത്രകൾ ആ വസ്തുവിൽ നിന്ന് ഗുണാത്മകമായി വിഭിന്നമാണു - അതിനു കുറെയൊക്കെ സ്വതന്ത്രമായ ചലനമുണ്ട്. തന്മാത്രകളുടെ സ്ഥാനവും തമ്മിൽ തമ്മിലുള്ള കെട്ടിന്റെ രൂപവും മാറുമ്പോൾ ഒരു വസ്തു മറ്റൊന്നായി തീരുന്നു ( കാർബൺ-ഗ്രാഫൈറ്റ്-വൈരം ) ബലതന്ത്രത്തിൽ സന്തുലനം, ചലനം, സ്ഥിതി, ഊർജ്ജം മുതലായ പരിണാത്മക രാശികളാണു നാം കൈകാര്യം ചെയ്യുന്നത്. ഭൌതികത്തിൽ രാസപരമായ മാറ്റങ്ങൾ നാം കണക്കിലെടുക്കുന്നില്ല. ചലനരൂപം, തന്മാത്രാവസ്ഥ തുടങ്ങിയവയാണു നാം പരിഗണിക്കുന്നത്. ഇവിടെയും മാറ്റം എന്നത് അളവ് ഗുണമായി മാറുന്നതാണ്. "വെള്ളത്തിൽ എത്ര ചൂടുണ്ടെന്നത്, അതിന്റെ താപനില എന്താണെന്നത്, ഒരു പരിധിവരെ അതിന്റെ ദ്രവത്വത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. പക്ഷേ ഒരു പരിധിവരെ മാത്രം. അതു വിട്ടാൽ വെള്ളം ആവിയോ ഐസോ ആകും." (ഹെഗൽ ) അതു പോലെ ഒരു നിശ്ചിത അളവ് കറന്റ് ഒഴുകുന്നതുവരെ വൈദ്യുതവിളക്കിലെ കമ്പി തിളങ്ങുന്നതല്ല. ഓരോ വാതകത്തിനും അതിന്റെതായ ഒരു ക്രാന്തിക ബിന്ദു ഉണ്ട്. അതിന് [ 86 ] താഴെ തണുപ്പിച്ചും അമർത്തിയും അതിനെ ഘനീഭവിപ്പിക്കാം.....ഭൗതികത്തിൽ നമുക്കു പരിചയമുള്ള സ്ഥിരാങ്കങ്ങളുണ്ടല്ലൊ. (തിളനില, ഉരുകൽനില, ക്രാന്തികമർദം, ഇലാസ്തികബിന്ദു മുതലായവയൊക്കെ) അളവിലുള്ള മാറ്റം ഗുണത്തിലുള്ള മാറ്റമാകുന്ന ആ സവിശേഷ ഘട്ടത്തെക്കുറിക്കുന്ന സ്ഥാനങ്ങളാണ്. രസതന്ത്രത്തിൽ ഇത് കൂടുതൽ വ്യക്തമാണ്. ഗുണാത്മകമാറ്റങ്ങളുടെ പഠനമാണ് രസതന്ത്രമെന്ന് പറയാം....ഓക്സിജന്റെ തൻമാത്രയിൽ ഒരണു കൂടിയാൽ അത് തികച്ചും വ്യത്യസ്തമായ ഓസോണായി. നൈട്രജനും ഓക്സിജനും പല അനുപാതങ്ങളിലും ചേരുന്ന ഉൽപന്നങ്ങളും വൈവിധ്യമാർനതാണ്...

     


"ചലനത്തിന്റെ അളവ്-പ്രവൃത്തി" എന്ന ലേഖനത്തിൽ ചലനത്തിന്റെ അളവിനെക്കുറിച്ച് ലൈബ്‌നിത്‌സിയൻമാരും ദ്കാർതിയൻമാരും (ലൈബ്‌നിത്‌സും ദ്കാർതെയും രണ്ടുപേരും ഗണിതജ്ഞരും ദാർശനികരും ആയിരുന്നു) തമ്മിൽ നടന്നിരുന്ന തർകത്തിൽ ഇടപെട്ട് രണ്ട് കൂട്ടരുടേയും, തർകത്തിന് പരിഹാരം നിർദേശിച്ച് ദ്കാർതിന്റെയും ആലംബർതിന്റെയും ധാരണകളിലെ മൗലികമായ തെറ്റ് എംഗൽസ് ചൂണ്ടിക്കാണിക്കുന്നു. mv, mv2, ⅛mv2 ഇവയിൽ ഏതായിരിക്കണം ചലനത്തിന്റെ അളവ്? ഇന്ന് നമുക്ക് ചിരി വരും തർകം കേട്ടാൽ. അന്ന് പ്രശ്നം ഗുരുതരമായിരുന്നു. സ്ഥിതിജ ഊർജം ഗതിജ ഊർജമായി മാറുന്നത് അന്ന് അറിയാമായിരുന്നില്ല. സംവേഗവും ഊർജവും തമ്മിലുള്ള വ്യത്യാസവും അന്ന് ശാസ്ത്രജ്ഞർക് അറിയാൻ പാടില്ലായിരുന്നു. അന്ന് ശാസ്ത്രജ്ഞരുടെ ഇടയിൽ നിലനിന്നിരുന്ന പല തർകങ്ങളിലും വൈരുധ്യാത്മക അപഗ്രഥന രീതിയുടെ സഹായത്തോടെ എംഗൽസ് ഇടപെടുകയുണ്ടായി. കലനത്തിന്റെ (കാൽകുലസ്) ഉപജ്ഞാതാക്കളായ ന്യൂട്ടണെയും ലൈബ്‌നിത്‌സിനെയും കൂടി തിരുത്താൻ മാർക്‌സും എംഗൽസും ധൈര്യപ്പെട്ടു. പ്രകൃതിശാസ്ത്രങ്ങളിലെ അവരുടെ ധാരണകളും സങ്കൽപനകളും കാലഘട്ടത്തിന്റെ അരനൂറ്റാണ്ടിലധികം മുന്നിലായിരുന്നു.

വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർതനത്തിൽ അധ്വാനത്തിന്റെ പങ്ക് എന്ന ലേഖനത്തിൽ മനുഷ്യൻ പ്രകൃതിയുടെമേൽ നടത്തുന്ന പ്രവർതനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എംഗൽസ് എഴുതുന്നത് നോക്കുക.

പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ വിജയത്തെപ്പറ്റി കൊട്ടിഘോഷിച്ച് നമുക്ക് ഊറ്റം കൊള്ളേണ്ടതില്ല. ഓരോ ജയത്തിലും അത് നമുക്കുനേരെ പ്രതികാരം വീട്ടിയിട്ടുണ്ട്. പുതിയ കൃഷിസ്ഥലങ്ങൾ നേടുന്നതിനായി മെസപൊട്ടോമിയയിലെയും ഗ്രീസിലെയും ഏഷ്യാമൈനറിലെയും അതുപോലുള്ള മറ്റു പ്രദേശങ്ങളിലെയും വനങ്ങൾ മുഴുക്കെ നശിപ്പിച്ച മനുഷ്യർ, വനങ്ങളോടൊപ്പം, ഈർപം തങ്ങിനിൽകാനാവശ്യമായ സംഭരണ കേന്ദ്രങ്ങളും നശിപ്പിച്ചുകൊണ്ട്, ഈ രാജ്യങ്ങളിൽ ഇന്നത്തേതുപോലുള്ള നശിച്ച ഒരവസ്ഥക്ക് അടിത്തറപാകുകയാണ് തങ്ങൾ [ 87 ] ചെയ്യുന്നത് എന്നകാര്യം സ്വപ്നത്തിൽപോലും കണ്ടിരിക്കില്ല. ആൽപ്സ് പർവതനിരകളുടെ തെക്കൻ ചെരിവുകിൽ സമൃദ്ധമായി വളർനിരുന്ന പൈൻമരക്കാടുകൾ മുഴുവൻ വെട്ടി നശിപ്പിച്ച ഇറ്റലിക്കാർ, തങ്ങളുടെ പ്രദേശത്തെ ഡയറി വ്യവസായത്തിന്റെ ആണിവേരുകളാണ് തങ്ങൾ പുഴുതെറിയുന്നതെന്നോ കൊല്ലത്തിന്റെ വലിയൊരു ഭാഗത്തേക്കാവശ്യമായ ജലം സംഭരിച്ചുവെക്കാൻ സഹായകരമായ അരുവികൾ തങ്ങൾ നശിപ്പിച്ചു കളയുകയാണെന്നോ വർഷകാലത്ത് താഴ്വരപ്രദേശങ്ങൾ കുത്തിയൊലിക്കുന്ന ജലപ്രവാഹത്തിന്റെ രൂക്ഷമായ ആക്രമണത്തിന് വിധേയമാകാൻ ഇടവരുത്തുകയാണെന്നോ ധരിച്ചിരുന്നില്ല. യൂറോപ്പിൽ ഉരുളക്കിഴങ്ങുകൃഷി വ്യാപിപ്പിച്ചവർ, ധാരാളമായി സ്റ്റാർച് അടങ്ങിയിട്ടുള്ള ഈ കിഴങ്ങുകളോടൊപ്പം കണ്ഠമാല രോഗവും പരക്കാനിടവരുമെന്ന കാര്യം അറിഞ്ഞിരുന്നില്ല, അങ്ങനെ, ഒരു ജേതാവ് ഏതെങ്കിലുമൊരു വൈദേശികജനതയെ അടക്കിവാണതുപോലെ, പ്രകൃതിക്കതീതമായ ഒരു ശക്തിയെപ്പോലെ, പ്രകൃതിയെ അടക്കിവാഴുകയല്ല, മറിച്ച്, നാം നമ്മുടെ മാംസവും ചോരയും തലച്ചോറുമെല്ലാമടക്കം, പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയിലാണ് നമ്മുടെ അസ്തിത്വമെന്നും പ്രകൃതിയുടെ മേലുള്ള നമ്മുടെ അധീശത്വത്തിന് കാരണം, മറ്റെല്ലാ ജീവജാലങ്ങളെയും അപേക്ഷിച്ച് അതിന്റെ നിയമങ്ങൾ മനസിലാക്കാനും യുക്തിപൂർവം പ്രയോഗിക്കാനും ഉള്ള കഴിവ് നമുക്കുണ്ടെന്നതാണെന്നും ഉള്ള വസ്തുത ഓരോ ഘട്ടത്തിലും ഓർമിപ്പിക്കപ്പെടുന്നു.
യഥാർത്ഥത്തിൽ, ഒരോ ദിവസവും കഴിയുംതോറും നാം പ്രകൃതിനിയമങ്ങളും പ്രകൃതിയുടെ നിലവിലുള്ള ഗതിയുമായുള്ള നമ്മുടെ ഇടപെടൽ കൊണ്ടുണ്ടാകാവുന്ന, ഉടനെയുള്ളതും വിദൂരവുമായ ഭവിഷ്യത്തുകളും കൂടുതൽ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്. പ്രകൃതിശാസ്ത്രത്തിലുണ്ടായിട്ടുള്ള വമ്പിച്ച മുന്നേറ്റങ്ങളുടെ ഫലമായി ദൈനംദിന ഉൽപാദന പ്രവർത്തനങ്ങളിലൂടെയെങ്കിലും വിദൂരമായ ഫലങ്ങൾ പഠിക്കാനും നിയന്ത്രിക്കാനും നമ്മുക്ക് കഴിയുമെന്നായിട്ടുണ്ട്. പക്ഷേ, ഈ കഴിവ് വർദ്ധിച്ചുവരുന്നതോടെ മനുഷ്യന് പ്രകൃതിയുമായുള്ള അവന്റെ ഐക്യരൂപം കൂടുതൽ കൂടുതൽ അനുഭവപ്പെടുക മാത്രമല്ല, മനസ്സിലാവുകയും ചെയ്യും. അതോടെ മനസ്സും പദാർത്ഥവും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലും, ആത്മാവും ശരീരവും തമ്മിലും ഉണ്ടെന്ന് പറയപ്പെടുന്ന വൈരുദ്ധ്യത്തെക്കുറിച്ചുള്ള തികച്ചും ബുദ്ധിശൂന്യവും പ്രകൃതിക്ക് നിരക്കാത്തതുമായ ആശയത്തിന്റെ - യൂറോപ്പിൽ ക്ലാസിക്കൽ യുഗത്തിന്റെ പതനശേഷമാണ് ഈ ആശയഗതി ഉയർന്നുവന്നത്. ക്രിസ്തുമതത്തിൽ ഇതിന് വമ്പിച്ച പ്രാമുഖ്യം ലഭിക്കുകയുണ്ടായി - നിലനില്പ് കൂടുതൽ അസാദ്ധ്യമായിത്തീരും
ഉല്പാദനം ലക്ഷ്യമാക്കിക്കൊണ്ടുള്ള നമ്മുടെ പ്രവർത്തനങ്ങളുടെ ഭൗതികഫലങ്ങളെക്കുറിച്ച് മുൻകൂട്ടിക്കാണാൻ ഒരു പരിധിവരെയെങ്കിലും [ 88 ] പഠിക്കുന്നതിന് അനേകായിരം വർഷങ്ങളിലെ അധ്വാനം ആവശ്യമായി വന്നു. പക്ഷേ ഈ പ്രവർത്തനങ്ങളുടെ അതിവിദൂരമായ സാമൂഹ്യഫലങ്ങളെക്കുറിച്ച് പഠിക്കുവാനാകട്ടെ, ഇതേക്കാൾ വളരെയേറെ വിഷമകരമായിരുന്നു. ഉരുളക്കിഴങ്ങ് കൃഷിയെക്കുറിച്ചും അതിന്റെ ഫലമായി പടർനു പിടിക്കാനിടയായ കണ്ഠമാല രോഗത്തെപ്പറ്റിയും നേരത്തെ സൂചിപ്പിച്ചുവല്ലൊ. പക്ഷേ, തൊഴിലാളികൾ മുഴുവനും വെറും ഉരുളക്കിഴങ്ങ് മാത്രം ഭക്ഷിക്കാനായി വിധിക്കപ്പെട്ട നിരവധി രാജ്യങ്ങളിലെ ജനജീവിതത്തിലാകെ സംഭവിച്ച കെടുതികളുമായോ, പത്തുലക്ഷത്തോളം ഐറിഷുകാരെ ശവക്കുഴിയിലേക്ക് അയക്കുകയും ഇരുപത് ലക്ഷത്തിലധികം പേരെ നാടുവിടാൻ നിർബന്ധിതരാക്കുകയും ചെയ്ത 1847-ലെ ഉരുളക്കിഴങ്ങ് ബ്‌ളൈറ്റ് രോഗം കൊണ്ടുവന്ന ക്ഷാമവുമായോ താരതമ്യപ്പെടുത്തുമ്പോൾ ഇതെത്ര നിസാരമാണ്? അറബികൾ മദ്യം വാറ്റുന്ന വിദ്യ പഠിച്ചപ്പോൾ അതുവരെയും കണ്ടുപിടിക്കപ്പെടാതിരുന്ന അമേരിക്കൻ വൻകരയിലെ ആദിമനിവാസികളുടെ മുഴുവൻ നാശത്തിന് പിൽകാലത്ത് കാരണമായിത്തീർന ഒരായുധമാണ് തങ്ങൾ കണ്ടുപിടിക്കുന്നതെന്ന് അവർ സ്വപ്‌നേപി കരുതിയിരുന്നില്ല. അതുപോലെ, അമേരിക്ക കണ്ടുപിടിച്ച കൊളംബസ്, തന്റെ കണ്ടുപിടിത്തം വഴി യൂറോപ്പിൽനിന്ന് അതിനകം അപ്രത്യക്ഷമായി കഴിഞ്ഞിരുന്ന അടിമ വ്യവസായത്തിന് ഒരു പുതുജീവൻ നൽകുകയും നിഗ്രോകച്ചവടത്തിന് അടിത്തറയിടുകയുമാണ് താൻ ചെയ്യുന്നതെന്ന് ഒരിക്കലും കരുതിയിരിക്കില്ല. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ ആവി എൻജിൻ നിർമിക്കുന്നതിനുവേണ്ടി അധ്വാനിച്ചവരൊന്നുംതന്നെ, പിൽകാലത്ത് ലോകത്താകമാനമുള്ള സാമൂഹ്യപരിതഃസ്ഥിതികളിൽ വിപ്‌ളവാത്മകമായ മാറ്റങ്ങൾ വരുത്തിത്തീർകുന്ന കാര്യത്തിൽ, മറ്റെന്തിനേക്കാളുമുപരി സ്വാധീനം ചെലുത്തിയ ഒരു ഉപകരണമാണ് തങ്ങൾ നിർമിക്കുന്നതെന്ന് ധരിച്ചിരുന്നതേയില്ല. യൂറോപ്പിൽ പ്രത്യേകിച്ചും സ്വത്തിന്റെ ഭൂരിഭാഗവും ചുരുക്കം ചിലരുടെ കൈപ്പിടിയിലൊതുക്കാനും ഭൂരിപക്ഷം ജനങ്ങളെയും നിർധനരാക്കാനും അങ്ങനെ ബൂർഷ്വാസിയുടെ രാഷ്‌ട്രീയ-സാമൂഹ്യ ആധിപത്യം സ്ഥാപിതമാക്കാനുമാണ് തുടക്കത്തിൽ ഈ ഉപകരണങ്ങൾ സഹായകമായത്; പിന്നീടാകട്ടെ, ബൂർഷ്വാസിയും തൊഴിലാളിവർഗവും തമ്മിൽ സമരം വളർതുന്നതിനും ഈ വർഗസമരമാകട്ടെ ബൂർഷ്വാസിയെ സ്ഥാനഭ്രഷ്ടരാക്കുകയും അങ്ങനെ എല്ലാ വർഗവൈരുധ്യങ്ങളും പാടെ നീക്കം ചെയ്യുകയും ചെയ്യുന്നതോടെ മാത്രമേ അവസാനിക്കു. ദീർഘവും പലപ്പോഴും ക്രൂരവുമായ അനുഭവങ്ങളിലൂടെയും, ചരിത്രവസ്തുതകൾ ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതിലൂടെയും, ഈ മണ്‌ഡലത്തിലും നമ്മുടെ ഉൽപാദനപ്രക്രിയകൾ ചെലുത്തുന്ന പരോക്ഷവും വിദൂരവുമായ സാമൂഹ്യഫലങ്ങളെപ്പറ്റിയുമുള്ള വ്യക്തമായ ഒരു രൂപം ആവിഷ്കരിക്കാൻ ക്രമേണ നാം പഠിച്ചുകൊണ്ടിരിക്കയാണ്. അങ്ങനെ നമുക്ക് ഇവയെയും [ 89 ] നിയന്ത്രിക്കാനും ക്രമപ്പെടുത്താനും കഴിയുമെന്ന നിലവന്നിട്ടുണ്ട്.
പക്ഷേ ഈ നിയന്ത്രണം നടപ്പിൽ വരുത്തുന്നതിന്, വെറും അറിവിൽ കൂടുതലായി ചിലത് ആവശ്യമുണ്ട്. അതിന്, നിലവിലുള്ള ഉല്പാദന വ്യവസ്ഥയിലും അതോടൊപ്പം നമ്മുടെ മുഴുവൻ സാമൂഹ്യവ്യവസ്ഥയിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ഇതുവരെ നിലവിലുണ്ടായിരുന്ന എല്ലാ ഉല്പാദനവ്യവസ്ഥകളും അധ്വാനത്തിന്റെ പെട്ടെന്നും നേരിട്ടുപയോഗപ്രദവുമായ ഫലങ്ങളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ളവയായിരുന്നു. പിന്നീട് മാത്രം പ്രത്യക്ഷമാവുകയും ക്രമേണ ആവർതനവും കേന്ദ്രീകരണവും വഴി ഫലത്തിൽ വരികയും ചെയ്യുന്ന മറ്റെല്ലാ ഭവിഷ്യത്തുകളും പൂർണമായും അവഗണിക്കപ്പെട്ടു. ഒരു വശത്ത് പെട്ടെന്ന് ലഭിക്കാവുന്ന വസ്തുതകളിലേക്കു മാത്രം മനുഷ്യന്റെ ചക്രവാളത്തെ പൊതുവെ പരിമിതപ്പെടുത്തുന്നതും മറുവശത്ത് ഇത്തരം പ്രാകൃത സമ്പദ് വ്യവസ്ഥകൊണ്ടുണ്ടായേക്കാവുന്ന തിക്തഫലങ്ങൾ തിരുത്താൻ അവസരം നൽകത്തക്ക വിധം ധാരാളം ഭൂമി ഉണ്ടാകുമെന്ന് മുൻ കൂട്ടി ധരിച്ചതുമായ മനുഷ്യപുരോഗതിയുടെ നിലവാരമാണ് ആ കാലത്തെ ഭൂമിയിൻ മേലുള്ള കൂട്ടായ ഉടമസ്ഥതയുടെ അടിസ്ഥാനം. ഈ മിച്ചഭൂമികൾ തീർന്നതോടെ, കൂട്ടുടമസ്ഥതയും അധ:പതിച്ചുതുടങ്ങി. ഉല്പാദനത്തിന്റെ എല്ലാ ഉയർന്ന രൂപങ്ങളും ജനങ്ങളെ നിരവധി വർഗങ്ങളായി തിരിക്കുന്നതിലേക്കും അങ്ങനെ ഭരണവർഗവും മർദിതവർഗവും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലേക്കും നയിച്ചു. അങ്ങനെ ഭരണവർഗത്തിന്റെ താല്പര്യങ്ങൾ ഉല്പാദനപ്രക്രിയയിലെ ഏറ്റവും വലിയ പ്രേരകശക്തിയായി മാറി. മർദിതവർഗത്തിന്റെ ജീവസന്ധാരണത്തിനാവശ്യമായതിൽ മാത്രമായി ഒതുങ്ങിനിന്നില്ല ഉല്പാദനം.
ഇത് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കപ്പെട്ടത്, ഇന്ന് പടിഞ്ഞാറൻ യൂറോപ്പിൽ നിലവിലുള്ള മുതലാളിത്തരീതിയിലുള്ള ഉല്പാദനവ്യവസ്ഥയിലാണ്. ഉല്പാദന-വിതരണോപാധികൾ മുഴുവൻ കൈയടക്കിവെച്ചിട്ടുള്ള മുതലാളിക്ക് തന്റെ പ്രവർതനത്തിന്റെ ഏറ്റവും സത്വരവും ഉപയോഗപ്രദവുമായ കാര്യങ്ങളെക്കുറിച്ച് മാത്രം ബോധവാനായാൽ മതി. വാസ്തവത്തിൽ ഉല്പാദിപ്പിക്കുന്ന ചരക്കിന്റെ യഥാർഥ ഉപയോഗം തന്നെ അണിയറയിലേക്ക് പിൻതള്ളപ്പെടുന്നു. വിൽക്കുമ്പോൾ കിട്ടുന്ന ലാഭം ഒന്നുമാത്രമാണ് ലക്ഷ്യം...
ബൂർഷ്വാസിയുടെ സാമൂഹ്യശാസ്ത്രത്തിൽ മനുഷ്യന്റെ ഉല്പാദന വിനിമയ പ്രവർതനങ്ങളുടെ നേരിട്ട് ഉദ്ദിഷ്ടമായ സാമൂഹ്യഫലങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ... ഓരോ മുതലാളിക്കും ഉടൻ കിട്ടുന്ന ലാഭത്തിനുവേണ്ടിയാണ് ഉല്പാദിപ്പിക്കുന്നതും വിൽകുന്നതും. അതുകൊണ്ട് ഉടൻ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ മാത്രമെ കണക്കിലെടുക്കുന്നുള്ളു. ഒരാൾ തന്റെ ചരക്ക് സാധാരണമായ ലാഭത്തിന് വിൽകുന്നതോടെ അയാൾ [ 90 ] തൃപ്തനായി. ചരക്കിനോ അത് വാങ്ങിയ ആൾക്കോ പിന്നെ എന്ത് സംഭവിക്കുന്നു എന്നത് അയാൾക്ക്‌ പ്രശ്നമല്ല. തന്റെ പ്രവർത്തനത്തിന്റെ ഫലമായി ചുറ്റുമുള്ള പ്രകൃതിക്ക് എന്ത് സംഭവിക്കുന്നു എന്നതും അയാൾക്ക്‌ പ്രശ്നമല്ല. ക്യൂബയിലെ സ്പാനിഷ് തോട്ടമുടമകൾ കാപ്പിതോട്ടങ്ങൾക്ക് വളം കിട്ടാനായി മുകളിൽ മലഞ്ചെരുവുകളിലുമുള്ള കാട് ചുട്ടുകരിച്ചു. കുറെക്കാലം നല്ല വിളവുകിട്ടി. അതിനിടയിൽ കനത്ത മഴ കാരണം മലഞ്ചെരുവിലെ മണ്ണെല്ലാം ഒലിച്ചുപോയി മൊട്ടപ്പാറമാത്രം ബാക്കിയായി. പക്ഷേ അത് അവർക്കൊരു പ്രശ്നമല്ല....!

ഇക്കോളജി എന്ന ശാസ്ത്രശാഖയുടെ സ്ഥാപകൻ എന്ന് എംഗൽസിനെ എന്തുകൊണ്ട് വിശേഷിപ്പിച്ചുകൂട? എംഗൽസ് ഇതെഴുതിയിട്ട് ഏതാണ്ട് ഏഴു പതിറ്റാണ്ടുകൾ വേണ്ടി വന്നു മുതലാളിത്ത ലോകത്തിന് ഇക്കാര്യത്തിലുള്ള അപകടം മനസ്സിലാക്കാൻ......

     


വൈരുദ്ധ്യാത്മകതയെക്കുറിച്ചുള്ള കുറെക്കൂടി വിപുലമായ ഒരു അപഗ്രഥനത്തിന്റെ കുറിപ്പുകളും പുസ്തകത്തിൽ കാണുന്നുണ്ട്. 'അളവ്-ഗുണം എന്ന സംവർഗത്തിന് (കാറ്റഗറിക്ക്) പുറമേ മറ്റൊട്ടേറെ സംവർഗങ്ങളെക്കൂടി അതിൽ പരിശോധിക്കുന്നുണ്ട്. ഇവയിൽ പലതും നമുക്ക് സാധാരണ വ്യവഹാരഭാഷയിൽ പരിചയമുള്ളവയാണ് - സത്തയും പ്രതിഭാസവും, ഭാഗവും പൂർണ്ണവും, അമൂർതവും സമൂർതവും, കാര്യവും കാരണവും യാദൃശ്ചികതയും അനിവാര്യതയും, ധനവും ഋണവും, ഉത്തരവും ദക്ഷിണവും,വ്യക്തിയും സമൂഹവും, ലളിതവും സങ്കീർണ്ണവും, സാമാന്യവും വിശേഷവും....ഇങ്ങനെ പോകുന്നു അവ. ഈ ജോടികളിൽ ഒന്നിനും തന്നെ അതിലെ ഒരു അംഗത്തിനു മാത്രമായി നിലനിൽപില്ല

'പൂർണ്ണ'ത്തിന്റെ അല്ലാതെ 'ഭാഗ'മില്ല പൂർണ്ണം ഭാഗമല്ല താനും.

ഒരു കാരണം മറ്റൊന്നിന്റെ കാര്യമായിരിക്കും. സങ്കീർണ്ണമായി താരതമ്യപ്പെടുത്തുമ്പോഴല്ലാതെ ലളിതത്തിന് അർഥമില്ല. അങ്ങനെ പോകുന്നു എംഗൽസിന്റെ അപഗ്രഥനം.

(സമാഹൃതകൃതികൾ,പേജ് 38)


ലെനിൻ ഈ വൈരുദ്ധ്യാത്മകതയെ കാണുന്നതെങ്ങനെ എന്നു നോക്കാം.


വൈരുധ്യാത്മകതയെക്കുറിച്ച് -ലെനിൻ

പൂർണത്തെ വിഘടിച്ച് അതിലെ വിരുദ്ധ വശങ്ങളെ വേർതിരിച്ചറിയുക എന്നതാണ് ഡയലക്ടിസിന്റെ മുഖ്യമായ ഒരു ഘടകം. ഇത് ശരിയാണോ എന്ന് ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ച് ഉറപ്പുവരുത്തണം. 'വിപരീതങ്ങളുടെ ഐക്യ'ത്തെ പലപ്പോഴും കുറെ ഉദാഹരണങ്ങളുടെ ആകത്തുകയായി മാത്രം കാണാനുള്ള ഒരു പ്രവണതയുണ്ട്; അറിയൽ പ്രക്രിയയുടെ നിയമമായി അതിനെ കാണുന്നില്ല. വസ്തുനിഷ്ഠ [ 91 ] പ്രപഞ്ചത്തിന്റെ നിയമമായി കാണുന്നില്ല. ഉദാ:
ഗണിതത്തിൽ + , - , അവകലം, സമാകലം
ബലതന്ത്രത്തിൽ പ്രവർത്തനം, പ്രതിപ്രവർത്തനം
ഭൗതികത്തിൽ ധന ഋണ വൈദ്യുതികൾ
തസതന്ത്രത്തിൽ അണുക്കളുടെ സംയോഗവും വിയോഗവും
സാമൂഹ്യശാസ്ത്രത്തിൽ വർഗ്ഗസമരം
വിപരീതങ്ങളുടെ സർവ്വസമാനത അഥവാ ഐക്യം എന്നു പറഞ്ഞാൽ എന്താണർത്ഥം? പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളിലും പ്രവർത്തികളിലും കാണുന്ന പരസ്പരവർജ്ജകങ്ങളായ വിരുദ്ധ പ്രവണതകളുടെ ഐക്യം അഥവാ വേർപിരിക്കാനാകായ്ക ആണത്. പ്രപഞ്ചത്തിലെ എല്ലാ പ്രക്രിയകളുടെയും 'സ്വയം ചലനത്തെ' സ്വയം വികാസത്തെ മനസ്സിലാക്കണമെങ്കിൽ വിപരീതങ്ളുടെ ഐക്യമായി അവയെ കാണണം. രണ്ടുതരത്തിലുള്ള വികാസത്തെ കുറിച്ച് നമ്മുക്ക് ചിന്തിക്കാൻ കഴിയും. ഒന്ന്: ഏറ്റക്കുറച്ചിലുകളുടെയും ആവർത്തനങ്ങളുടെയും രൂപത്തിലുള്ള വികാസം, രണ്ട്: പരസ്പരവർജ്ജകങ്ങളായ വിപരീതങ്ങളായി വിഘടിക്കുകയും വീണ്ടും സംയോജിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള വികാസം. ആദ്യത്തേതിന്റെ ചാലകബലം ബാഹ്യമാണ്. രണ്ടാമത്തേത് ആന്തരികമാണ്, തനതാണ്, ആദ്യത്തേത് മൃതമാണ്, രണ്ടാമത്തേത് സജീവമാണ്. അതുമാത്രമേ സ്വയം ചലനത്തിന്റെ സത്ത വെളിവാക്കൂ. തുടർചയെയും തുടർച്ചാ ഭംഗത്തെയും, പരിണാമത്തെയും എടുത്തുചാട്ടത്തെയും പഴയതിന്റെ തിരോധാനത്തെയും പുതിയതിന്റെ ആഭിർഭാവത്തെയും ഒക്കെ വിശദീകരിക്കൂ.
വിപരീതങ്ങളുടെ ഐക്യം താല്കാലികമാണ്. ആപേക്ഷികമാണ്. പരസ്പരവർജ്ജകങ്ങളായ വിപരീതങ്ങൾ തമ്മിലുള്ള സംഘർഷം - സമരം കേവലമാണ് - വികാസവും ചലനവും കേവലമായതുപോലെ.
മൂലധനമെന്ന ഗ്രന്ഥത്തിൽ മാർക്സ് ബൂർഷ്വാ സമൂഹത്തിലെ ഏറ്റവും ലളിതവും ഏറ്റവും സാധാരണവുമായ ഒരു പ്രക്രിയയുടെ - ചരക്കുകൈമാറ്റത്തിന്റെ - അപഗ്രഥനത്തിൽ നിന്ന് തുടങ്ങുന്നു. ഈ പ്രക്രിയ ബൂർഷ്വാസമൂഹത്തിലെ എല്ലാ വൈരുദ്ധ്യങ്ങളുടെയും ബീജം അടങ്ങിയിട്ടുള്ളതാണ്. അതിന്റെ അപഗ്രഥനം ഈ വൈരുദ്ധ്യങ്ങളുടെ വികാസത്തെ, ചലനത്തെ വെളിവാക്കുന്നു.
ഡയലക്ടിക്സിന്റെ - വൈരുദ്ധ്യവാദത്തിന്റെ - സാമാന്യ രീതി ഇതാണ്. ഏറ്റവും ലളിതമായതിൽ നിന്ന് ആരംഭിക്കാം. ഏതെങ്കിലും ഒരു പ്രസ്താവന മതി. ജോൺ ഒരു മനുഷ്യനാകുന്നു. ഫിഡോ ഒരു പട്ടിയാകുന്നു. എന്ന തരത്തിലുള്ള ഒരു പ്രസ്താവന മതി. ഈ പ്രസ്താവനയിൽ ഡയലക്ടിക്സ് ഉൾക്കൊണ്ടിട്ടുണ്ട്. വിപരീതങ്ങളായ - സാമാന്യവും [ 92 ] ഷവും സമീകരിക്കപ്പെടുന്ന - വിപരീതങ്ങളുടെ ഐക്യം. സാമാന്യത്തിലെയ്ക്ക് നയിക്കുന്നതിലൂടെ മാത്രമേ വിശേഷത്തിന് നിലനില്പ്പുള്ളൂ. വിശേഷങ്ങളിലൂടെയല്ലാതെ സാമാന്യവുമില്ല, ഓരോ വിശേഷവും മറ്റു വിശേഷങ്ങളുമായി ഒരായിരം വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു . അതേസമയം അവയിൽ നിന്ന് വ്യത്യസ്തമായും ഇരിക്കുന്നു. ജോൺ മനുഷ്യനായത്. മനുഷ്യജാതിയിൽ പെട്ടത് അനിവാര്യം ആണ്; ആവശ്യം ആണ്, എന്നാൽ ജോൺ ജോണാകുന്നത്, നൂറ്റുക്കണക്കിന് സവിശേഷതകളുള്ള ജോണാകുന്നത് യാദൃശ്ചികം ആണ്. ഈ സവിശേഷതകളുള്ള-ബാഹ്യ പ്രതിഭാസത്തെ-മാറ്റി നിർത്തി, മനുഷ്യൻ എന്നതിലുള്ള സത്തയെ സ്വീകരിക്കുകയാണ് ജോൺ മനുഷ്യനാണ് എന്ന പ്രസ്താവനയിലൂടെ നാം ചെയ്യുന്നത്. ഇങ്ങനെ ഏതൊരു പ്രസ്താവനയിലും വൈരുധ്യാത്മകതയുടെ എല്ലാ വശങ്ങളും അടങ്ങിയിട്ടുള്ളതായി കാണാൻ കഴിയും. അങ്ങനെ 'ഡയലക്ടിക്സ്'എന്നത് മനുഷ്യന്റെ അറിവിന്റെ പൊതുവായ ഗുണധർമ്മമാണ് എന്ന് തെളിയുന്നു. വസ്തുനിഷ്ഠ പ്രകൃതിയിലെ ഏതൊരു ലളിത പ്രക്രിയ എടുത്തു പരിശോധിച്ചാലും വിശേഷം സാമാന്യമാകുന്നതും യാദൃശ്ചികം ആവശ്യമാകുന്നതും പ്രതിഭാസം സത്തയാകുന്നതും വിപരീതങ്ങൾ പരസ്പരം രൂപാന്തരപ്പെടുന്നതും ഒക്കെ കാണാം.
വൈരുധ്യാത്മകത, അനേകം മുഖങ്ങളോടുകൂടിയ ജീവത്തായ ജ്ഞാനമാണ്. അതിന്റെ ഈ മുഖങ്ങളുടെ എണ്ണം എന്നുമെന്നും വർധിച്ചുകൊണ്ടിരിക്കുന്നു. ഓരോ മുഖത്തിനും എണ്ണമറ്റ നിറഭേദങ്ങളുണ്ട്. ഓരോ നിറഭേദവും യാഥാർത്യത്തോടുള്ള ഒരു സമീപനമാണ്. ഒരു ഏകദേശനമാണ്. ഓരോന്നിൽ നിന്നും പൂർണമായ ഒരു ദാർശനിക പദ്ധതി തന്നെ രൂപം കൊള്ളുന്നു. കേവല ഭൌതികവാദവുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ സമ്പന്നമാണ് ഇതിന്റെ ഉള്ളടക്കം.
മറ്റൊന്നുകൂടി, ദാർശനികമായ ആശയവാദം കേവല ഭൗതികവാദത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ മാത്രമാണ് നൂറു ശതമാനം നിരർഥകമായിത്തീരുന്നത്. വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ദാർശനിക ആശയവാദം അറിവിന്റെ ഒരു വശത്തിന്റെ ഏകപക്ഷീയമായ, പ്രകൃതിയിൽ നിന്ന്, വസ്തുനിഷ്ഠ പ്രപഞ്ചത്തിൽ നിന്ന് വേർപെടുത്തപ്പെട്ട, അതിശയോക്തിയാണ്. അനന്ത സങ്കീർണമായ മനുഷ്യന്റെ ജ്ഞാനത്തിന്റെ ഒരു നിറഭേദത്തിലൂടെ മതപരമായ വിജ്ഞാനവിരോധത്തിലേക്ക് നയിക്കുന്ന പാതയാണ്... മനുഷ്യന്റെ ജ്ഞാനത്തിന്റെ പഥം ഒരു നേർവരയല്ല. നിരവധി വക്രങ്ങളാണ്... ഇതിലെ ഓരോ വക്രത്തിന്റെയും ഒരംശത്തെ എടുത്തു വലുതാക്കി ഒരു നേർവരയാക്കിക്കാണിക്കാം... അങ്ങനെയാണ് പലരും ചെയ്യുന്നത്. മതപരമായ വിജ്ഞാനവിരോധത്തിൽ ചെന്നെത്തുന്നതും അങ്ങനെയാണ്. അതിനു അതിന്റേതായ ജ്ഞാന സിദ്ധാന്തപരമായ വേരുകളുണ്ട്. അടിസ്ഥാനരഹിതമല്ലത്. അതൊരു വന്ധ്യപുഷ്പം ആണെന്നത് ശരിതന്നെ പക്ഷെ [ 93 ] ജീവത്തായ യഥാർഥമായ, വസ്തുനിഷ്ഠമായ, കേവലമായ മനുഷ്യജ്ഞാനത്തിന്റെ ജീവത്തായ വൃക്ഷത്തിന്മേൽ പടരുന്ന ഒരു ഇത്തിക്കണ്ണിപ്പൂവാണത്.

1915 ലാണ് ലെനിൻ ഈ കുറിപ്പ് തയ്യാറാക്കിയത്. ഒരു പുസ്തകമായി വികസിപ്പിക്കുകയാണെങ്കിൽ എത്ര ശക്തമായ ഒരായുധമാണ് നമുക്ക് ലഭിക്കുമായിരുന്നത് എന്ന് വ്യക്തമാണ്. ഏഴുകൊല്ലം മുമ്പ് എഴുതിയ ഭൗതികവാദവും എംപീരിയോ വിമർശനവും എന്ന ഗ്രന്ഥം ഇതിന് ഉത്തമ നിദർശനമാണ്. അതിരിക്കട്ടെ മൂലധനമെന്ന മാർക്സിന്റെ ഗ്രന്ഥത്തെപ്പറ്റി ലെനിൻ പറഞ്ഞത് ഒന്നുകൂടി പരിശോധിക്കാം. ഒന്നു രണ്ടു ഉദാഹരണങ്ങളിലൂടെ അത് ചെയ്യാം.

ഫാക്ടറിയിൽ സമരമുണ്ടായി. മുതലാളി പോലീസിനെ വിളിച്ചു. പോലീസ് വെടിവെച്ചു. കുറച്ച് തൊഴിലാളികൾ മരിച്ചു. പല സ്ഥലത്തും പലവട്ടം നടന്നിട്ടുള്ള സംഭവമാണിത്, ഇതൊന്ന് ഇനം ചേർത്ത് പരിശോധിക്കാം. തൊഴിലാളികൾ മരിച്ചു. കാരണം പോലീസ് വെടിവെച്ചു. വെടിവെപ്പ് കാരണവും മരണം കാര്യവും... അഥവാ ഫലവും ആകുന്നു. വെടിവെക്കാൻ കാരണമെന്ത്? സമരം. സമരം കാരണവും വെടിവെപ്പ് ഫലവുമായിത്തീരുന്നു. എന്തിനായിരുന്നു സമരം? കൂടുതൽ കൂലി കിട്ടാൻ. എന്തിനാണ് കൂലിക്കൂടുതൽ കിട്ടുന്നത്? സാധനങ്ങൾക്ക് വിലകൂടി! എങ്ങനെയാണ് സാധനങ്ങൾക്ക് വിലകൂടിയത്? എന്തുകൊണ്ടാണ് മുതലാളി കൂടുതൽ കൂലി കൊടുക്കാത്തത്? മുതലാളിയുടെ ലാഭം കുറയാൻ അയാൾകിഷ്ടമില്ല. കള്ളപ്പണവും കമ്മിപ്പണവും ധാരാളമായി ആളുകളുടെ കയ്യിൽ ഉണ്ടുതാനും. കള്ളപ്പണം പിടിച്ചെടുക്കാത്തത് എന്തുകൊണ്ട്? ഭരിക്കുന്നവർക്ക് അത്യാവശ്യമാണ്? എന്തിന്? ഭരണം നിലനിർത്താനും പുതിയ ഫാക്ടറികൾ തുടങ്ങാനും. ഭരിക്കുന്നതാരാണ്? കള്ളപ്പണക്കാരുടെയും ഫാക്ടറി ഉടമകളുടെയും ആളുകൾ. അപ്പോൾ അവരെ എങ്ങനെ മാറ്റാം-നാം സംഘടിക്കണം. അവർകെതിരായി സംഘടിക്കണം. അവരുടെ എല്ലാ കുടിലതന്ത്രങ്ങളും പഠിക്കണം. എല്ലാ മുറകളും ഉപയോഗിച്ച് അവരോട് പോരാടണം. അവരോട് പോരാടുമ്പോൾ അവരെ സഹായിക്കാൻ ആളുകളുണ്ടാവില്ലേ? ഉണ്ടാകും. ഈ നാട്ടിലെ വൻ പ്രഭുക്കളുണ്ടാകും. ഉയർന്ന ഉദ്യോഗസ്ഥന്മാരുണ്ടാകും. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ മുതലായ രാജ്യങ്ങളിലെ മുതലാളിമാരുണ്ടാകും. ഇപ്പോൾ തന്നെ ഇവരെല്ലാം ഒന്നാണ്. അപ്പോൾ നമ്മെ സഹായിക്കാൻ ആളുണ്ടാകില്ലേ? ഉണ്ട്. നാട്ടിലെ എല്ലാ ദരിദ്രരും കഷ്ടപ്പെടുന്നവരും നമ്മുടെ കൂടെ വരും. ഇടത്തരം കൃഷിക്കാരും ജീവനക്കാരും ചെറുകിട വ്യവസായികൾപോലും നമ്മുടെ കൂടെ വരും. നമ്മെപ്പോലുള്ള ഒട്ടേറെ രാജ്യങ്ങളുണ്ട്. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമെല്ലാം. അവിടത്തെ ജനങ്ങൾ നമുക്ക് അനുകൂലമായിരിക്കും. സോഷ്യലിസ്റ്റ് രാജ്യങ്ങളുണ്ട്. അവരുടെ സഹായവും നമുക്ക് ലഭിക്കും. ഫാക്ടറിയിലെ പണിമുടക്കും വെടിവെപ്പും ഇതൊക്കെയായി [ 94 ] വേർതിരിക്കാനാകത്തവിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് കാണാം.

ഇങ്ങനെ ഒരുവശത്ത് ലളിതമായ ഒരു സംഭവമെടുത്ത് അതിന്റെ ഉള്ളറകളെ ചൂഴ്ന്ന് ചൂഴ്ന്ന് പരിശോധിക്കുന്നതുവഴി നൂറായിരം മറ്റ് സംഭവങ്ങളും അതും തമ്മിലുള്ള ബന്ധം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. ഈ രീതിയിലാണ് കാര്യങ്ങൾ പരിശോധിക്കേണ്ടത്. ഇതാണ് വൈരുദ്ധ്യാത്മകരീതി. അല്ലാതെ ഓരോ സംഭവത്തെയും ഒറ്റപ്പെട്ട രീതിയിൽ അതിനെ മാത്രമായി പഠിക്കൽ അല്ല. മുതലാളിയെ ഒന്ന് കാച്ചിക്കളയാം. എങ്കിൽ പ്രശ്നം തീർന്നല്ലൊ അന്ന് വിചാരിച്ച് പുറപ്പെട്ടിട്ട് കാര്യമില്ല. മുതലാളിയല്ല, മുതലാളിത്തമാണ് പ്രശ്നം എന്ന് നമ്മൾ മനസ്സിലാക്കണം. അതെ, നമുക്ക് ചുറ്റുമുള്ള ലോകത്തെ, അതിലെ വസ്തുക്കളെയും സംഭവങ്ങളെയും യാഥാർഥ്യമായി അംഗീകരിച്ചാൽ മാത്രം പോരാ, അവക്കോരോന്നിനും മറ്റുള്ളവയോടുള്ള പരസ്പരബന്ധത്തിന്റെയും ആ ബന്ധത്തിൽ സദാ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെയും അടിസ്ഥാനത്തിൽ വേണം അവ പരിശോധിക്കുക. ഇത് പ്രധാനമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ നിഗമനങ്ങൾ തെറ്റിപ്പോകും. നമ്മുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാകും.

ഒരു ഉദാഹരണം കൂടി എടുക്കാം. നാം ഒരു കടയിൽ പോയി ഒരു സാരി വാങ്ങുന്നു. അഞ്ചുമീറ്റർ നീളമുള്ള ഒരു കൈത്തറി സാരിക്ക് 38 രൂപ വില കൊടുക്കുന്നു എന്ന് കരുതുക (38 രൂപക്ക് നല്ല സാരിയൊന്നും കിട്ടില്ല. എന്തുചെയ്യാം. അത്ര പണമേ കയ്യിലുള്ളു) ഈ പണം നമുക്കെവിടെനിന്ന് കിട്ടിയതാണ്? നാം വീട്ടുപറമ്പിൽ കുറച്ച് മലക്കറി കൃഷി ചെയ്തിരുന്നു. വെണ്ടക്കയും വഴുതനങ്ങയും. അത് വിറ്റ് കിട്ടിയ പണമാണ്. ഇത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ പ്രവർത്തനമാണ്. അതിൽ ഗഹനമായി ഒന്നും കാണാൻ ഒക്കില്ല. പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകൾ ഇന്നും ഇന്നലെയും ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണിത്. പണ്ട് കുറച്ച് വ്യത്യാസമുണ്ടായിരുന്നു. മലക്കറി വിറ്റ് പണം മേടിച്ച് പണം കൊടുത്ത് സാരി മേടിക്കുകയല്ല പതിവ്. മലക്കറി കൊടുത്ത് ചാലിയന്റെ കയ്യിൽ നിന്ന് നേരിട്ട് തുണി വാങ്ങും. അങ്ങനെ മനുഷ്യരുടെ ഇടയിൽ ചെറിയ തോതിലുള്ള തൊഴിൽ വിഭജനം തുടങ്ങിയ കാലം മുതൽക്കുള്ളതാണ് ഈ 'ചരക്ക് കൈമാറ്റം'- അതാണതിന് പറയുക. ഇന്ന് നാമോരോരുത്തരും ദിവസേന അസംഖ്യം തവണ ചെയ്യുന്ന ഒരു കാര്യമാണത്. അതിനെപ്പറ്റി നാം കൂടുതൽ ഒന്നും ആലോചിക്കാറില്ല. ശരി, നമുക്കിപ്പോൾ ഒന്നാലോചിച്ചു നോക്കുക:

നാം കൃഷി ചെയ്തുണ്ടാക്കിയ വെണ്ടക്കായ് കൊടുത്തപ്പോൾ (ഇടയിലുള്ള പണത്തിന്റെ കാര്യം തൽക്കാലം വിസ്മരിക്കാം.) സാരി കിട്ടി. സാരി കൊടുത്തപ്പോൾ നെയ്ത്തുകാരന് വെണ്ടക്ക കിട്ടി. വെണ്ടക്കക്കും സാരിക്കും രണ്ടിനും പൊതുവായ ഒരു ഗുണമുണ്ട്. ഒന്ന് കൊടുത്താൽ മറ്റൊന്ന് കിട്ടും. ഒന്നിനെ മറ്റൊന്നുമായി കൈമാറാം. ഇതിന് നാം പറയുന്നു, അവക്ക് ഓരോന്നിനും ഒരു 'കൈമാറ്റമൂല്യം' ഉണ്ടെന്ന്. ഈ കൈമാറ്റമൂല്യം എങ്ങനെയാണുണ്ടാകുന്നത്? കീറിപ്പറിഞ്ഞ സാരി നാം വാങ്ങില്ല. പഴകിയളിഞ്ഞ വെണ്ടക്ക [ 95 ] നാം വാങ്ങില്ല. അവ ഉപയോഗിക്കാൻ പറ്റില്ല. അപ്പോൾ സാധനങ്ങളുടെ, ചരക്കുകളുടെ, കൈമാറ്റം നടക്കണമെങ്കിൽ ആ ചരക്കുകൾ നമ്മുടെ, എന്തെങ്കിലും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തണം. അവയ്ക്ക് എന്തെങ്കിലും ഉപയോഗം ഉണ്ടായിരിക്കണം. സാങ്കേതികമായി പറയുമ്പോൾ അവയ്ക്ക് 'ഉപയോഗമൂല്യം' ഉണ്ടായിരിക്കണം. നല്ലത്. കിണറ്റിലെ വെള്ളം നമുക്ക് അത്യാവശ്യമാണ്. അതിന് ഉപയോഗമൂല്യമുണ്ട്. അതുകൊടുത്താൽ വല്ലവരും സാരി തരുമോ‍? വെണ്ടക്ക തരുമോ? സാധാരണ സന്ദർഭത്തിൽ തരില്ല. വെറുതെ കിട്ടുന്നതാണ് വെള്ളവും വായുവുമെല്ലാം. (ചില സന്ദർഭങ്ങളിൽ അവയ്കും മൂല്യമുണ്ടാകും)

അപ്പോൾ ചരക്കുകൈമാറ്റം നടക്കണമെങ്കിൽ അവയ്ക്ക് ഉപയോഗമൂല്യം ഉണ്ടായിരിക്കണം. അവയ്ക്ക് കൈമാറ്റമൂല്യം ഉണ്ടായിരിക്കണം.

ശരി, ഉപയോഗമൂല്യമുണ്ടായിട്ടും ചിലതിന് കൈമാറ്റമൂല്യം ഇല്ലാത്തതിന് എന്താ കാരണം‍‍? അവ വെറുതേ കിട്ടുന്നതാണ്, എന്നുവെച്ചാൽ അവ ലഭ്യമാക്കാൻ നാമാരും പണിയെടുക്കേണ്ടതില്ല. അദ്ധ്വാനിക്കേണ്ടതില്ല. അപ്പോൾ പണിയെടുത്ത്, അദ്ധ്വാനിച്ച് ഉണ്ടാകുന്നവക്കേ കൈമാറ്റമൂല്യമുണ്ടാകൂ. മൂല്യത്തിന്റെ നിദാനം അദ്ധ്വാനമാണ്.

ചരക്കുകൾക്ക് ഉപയോഗമൂല്യമുണ്ട്, കൈമാറ്റമൂല്യമുണ്ട്, അവയിൽ അദ്ധ്വാനം ഉള്ളടങ്ങിയിട്ടുണ്ട്. പക്ഷേ, ഇനിയും പ്രശ്നമുണ്ട്. ഇത്ര വെണ്ടക്കക്ക് ഒരു സാരി എന്നു എന്നു പറയുന്നു. എന്താണ് അടിസ്ഥാനം‍? ഒരു സാരി നെയ്തുണ്ടാക്കാൻ നെയ്ത്തുകാരൻ ഇത്ര സമയം ചെലവഴിച്ചു, എന്നു നോക്കി അതിൽ നിന്ന് ഒരു സാരിക്ക് ഇത്ര വെണ്ടക്ക എന്നു കണക്കാക്കുന്നു. അദ്ധ്വാനത്തിന്റെ അളവ്, സാമാന്യമായി, അദ്ധ്വാന സമയമാണ്. പക്ഷേ, നെയ്ത്തുകാരന്റെ അദ്ധ്വാനം നെയ്ത്താണ്, നമ്മുടേത് കിളക്കലാണ്. തികച്ചും രണ്ടുതരത്തിലുള്ള അദ്ധ്വാനം. ആ വ്യത്യാസം തൽക്കാലും നാം മറക്കുകയാണ്. 'അദ്ധ്വാനം' എന്ന് സാമാന്യമായി പറയുകയാണ്. 'അമൂർത്തമായ അദ്ധ്വാനം'

അതിനിടയിൽ മറ്റൊരു സംശയം. നമ്മുടെ അദ്ധ്വാനം ചെല്ലാത്തിടത്ത് കൈമാറ്റമൂല്യമില്ലെന്നു പറഞ്ഞു. എങ്കിൽ പിന്നെ കൃഷിഭൂമിക്കും പറമ്പിനും മൂല്യമുണ്ടാകുന്നതെങ്ങനെ? ചില കൃഷിഭൂമിക്ക് 'ദേഹണ്ഡ' മൂല്യമുണ്ട്, നാമതിൽ കൃഷി ചെയ്ത് സാധനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ മറ്റു പലതിനും ഇല്ല എങ്കിലും ചിലർ അവ കയ്യടക്കി ഇല്ലാത്ത മൂല്യം കൈക്കലാക്കുന്നു. അതുപോകട്ടെ, ഇങ്ങനെ പോയാൽ നമ്മുടെ ചർച്ച അവസാനിക്കില്ല. എന്തേ നാം ചെയ്തത്‍ ? വെറും സാധാരണമായ ചരക്കുകൈമാറ്റം, ഒന്നു പരിശോധിച്ചപ്പോൾ അതിൽ നിന്ന് കൈമാറ്റമൂല്യം, വിനിമയമൂല്യം, പ്രത്യേകങ്ങളായ അദ്ധ്വാനം, സാമാന്യമായ അഥവാ അമൂർത്തമായ അദ്ധ്വാനം അങ്ങനെ പലതും നാം കണ്ടു. ഈ അപഗ്രഥനം കൂടുതൽ ആഴത്തിലും പരപ്പിലും നടത്തിയാൽ നമ്മുടെ സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും അതിലൂടെ വെളിവാകും. മനുഷ്യ സമൂഹത്തിന്റെ ഇത:പര്യന്തമുള്ള ചരിത്രം മുഴുവൻ ഈ അപഗ്രഥനത്തിലൂടെ അനാവരണം ചെയ്യാനാകും. അങ്ങനെ ലളിതത്തിൽ [ 96 ] സങ്കീർണത്തെ ഏത് നിസാര കാര്യത്തിലും ഈ ലോകത്തെ മുഴുവൻ കാണുന്ന രീതിയാണ് യഥാർഥത്തിൽ വൈരുധ്യാത്മകരീതി

    


മേൽപറഞ്ഞവയെല്ലാം കൂടി മൂന്നു നിയമങ്ങളുടെ സഹായത്തോടെ നമുക്ക് പഠിക്കാം. സംവർഗങ്ങൽ തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന പ്രസ്താവനകളാണ് നിയമങ്ങൾ. വിപരീതങ്ങൾ തമ്മിലുള്ള ബന്ധം, അളവും ഗുണവും തമ്മിലുള്ള ബന്ധം, പഴയതും പുതിയതും തമ്മിലുള്ള ബന്ധം എന്നിങ്ങനെ അവയെ പരിശോധിക്കാം.


ചോദ്യങ്ങൾ

  1. വൈരുധ്യാത്മകതയുടെ കാതലാണ് വിപരീതങ്ങളുടെ ഐക്യവും സമരവും, മാറ്റം, പുരോഗതി എന്നിവ. രസതന്ത്രം, ഭൗതികം, ജീവശാസ്ത്രം എന്നിവയിൽ നിന്ന് ഇവ ഓരോന്നിനും രണ്ടു ഉദാഹരണങ്ങൾ വീതം നല്കുക
  1. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി എംഗൽസ് പറഞ്ഞത്, പ്രത്യേകിച്ച് മലഞ്ചെരിവുകളിലെ വനനശീകരണം, കേരളത്തിൽ എത്രകണ്ട് പ്രസക്തമാണ്?
  1. ലളിതത്തിൽ നിന്ന് സങ്കീർണത്തിലേക്ക്, അംശത്തിൽ നിന്ന് പൂർണത്തിലേക്ക് - എന്ന തത്വത്തിന് ജീവശാസ്ത്രത്തിൽ നിന്നും സാമൂഹ്യശാസ്ത്രത്തിൽ നിന്നും ഈരണ്ട് പുതിയ ഉദാഹരണങ്ങൾ നല്കുക.
  1. കേവലവാദത്തിന്റെ ഉൽപത്തിയെന്ത്?
  1. വൈരുധ്യാത്മകവാദത്തിന്റെ ഉൽപത്തിയെന്ത്?