ലീലാങ്കണം/പ്രേമവിലാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

(മഞ്ജരി)
ഒന്ന്

രാധ:

"സങ്കടസിന്ധുവിൽ വീണുഴലുമെന്നെ-
ത്തിങ്കളേ! നീയും ഹസിക്കയാണോ?
മാനവരത്നത്തെക്കാണാൻ കൊതിച്ചഭി-
മാനവിഹീനയായ് മാഴ്കുമെന്നെ,
എന്തിനീമട്ടിൽ പരിഹസിച്ചീടുന്നി-
തന്തികേയില്ലെന്റെയാത്മനാഥൻ!

നില്ലു നീ ഹേമന്തയാമിനീ, നിന്നോടു
ചൊല്ലുവാനുണ്ടെനിക്കേറെയെല്ലാം
അന്നു കൂട്ടാളിപോൽ നന്ദകുമാരനൊ-
ത്തെന്നുടെ ചാരത്തണഞ്ഞതാം നീ,
ഏകയായ് വന്നതിന്നെന്താണു കശ്മലേ?
പോക, ഞാനൊറ്റയ്ക്കിരുന്നുകൊള്ളാം!

മന്മനോമണ്ഡപം തല്ലിത്തകർക്കുമാ-
മന്മഥനെങ്ങു മറഞ്ഞിരിപ്പൂ?
വാരിളംതാരകത്താരണിഞ്ഞുള്ള നൽ-
സ്സാരിയുടുത്തോരീ വ്യോമലക്ഷ്മി
തിങ്കളെക്കെട്ടിപ്പുണരുന്ന കാണുമ്പോ-
ളെങ്കരളെങ്ങനെ ശാന്തമാകും?
വല്ലീനിരകളെച്ചുംബിച്ചു ചുംബിച്ചു
സല്ലീലം മർമ്മരോന്മത്തനാകേ,
ഇല്ലായ്കയില്ലെനിക്കൊട്ടുമസൂയ,യി-
ന്നുല്ലാസംകൊള്ളുമീ മാരുതനിൽ!

മാധുര്യമേറുമീഗ്ഗന്ധം പരത്തിടാൻ
മാധവീ, നിന്നോടു ചൊല്ലിയോ ഞാൻ?
നീലാളിപാളികൾ നീളെത്തിരിഞ്ഞു നിൻ
കൂലത്തിലെമ്മട്ടും വന്നുകൊള്ളും
ഞാനെത്ര കേണിട്ടും കാണ്മതില്ലാരേയും
ദീനയാമെന്നോടു സല്ലപിപ്പാൻ!

ഞാനൊരു ഗാപികയായതെന്തിന്നൊരു
കാനനപുഷ്പമായ് വന്നിടാതേ?
അന്തിമലരി വിടർന്നതു കണ്ടപ്പോ-
ളന്തരംഗം മമ വെന്തുപോയീ!
കണ്ണുനീർകൊണ്ടു കഴിച്ചിടാം കണ്ടോട്ടേ
കണ്ണനെച്ചിന്തിച്ചെൻ കാലമെല്ലാം!

കോമളരൂപന്റെ കണ്ഠത്തിൽ ചാർത്താനാ-
യീ മലർമാല കൊരുത്തുപോയ് ഞാൻ!
വാടിപ്പോയ്;-വാരിളം പുഷ്പങ്ങളേ, നിങ്ങൾ
വാടിയിൽ വാണു ലസിച്ചവകൾ!
എൻ കരസ്പർശത്താൽ നിങ്ങൾക്കുമീവിധം
സങ്കടരംഗമണഞ്ഞിടാറായ്
ഓർത്തതില്ലെള്ളോള,മെന്നെയിന്നീവിധം
താർത്തളിർ ഗാത്രൻ ചതിക്കുമെന്നായ്!

സന്ധ്യയെക്കാണുവാനോടിക്കിതച്ചോരാ-
ബ്ബന്ധുരവാസരം വീർപ്പടക്കി,
വാരുണദിഗ്‌വധൂതൻ മടിത്തട്ടിങ്കൽ
വാടിത്തളർന്നുടൻ വന്നു വീഴ്കേ,
ആയാസമാറ്റുവാനാരോ വിളിച്ചുടൻ
പായോനിധിക്കുള്ളിൽ കൊണ്ടുപോയി!
കാറൊളിവർണ്ണനിൽ മാത്രം ഞാൻ കാണ്മീലാ
കൂറിൻ കണികയുമെന്തു കഷ്ടം!

വൃന്ദാവനത്തിലെ വല്ലീനികുഞ്ജങ്ങൾ
മന്ദിരമാക്കി ഞാനെത്രരാവായ്
ഈവിധമെണ്ണിക്കഴിക്കുന്നി,തെങ്ങെന്റെ
ജീവിതനായകൻ ഗോപബാലൻ?
പാതിരാപ്പൈങ്കിളി പാടീടും പാട്ടിന്റെ
കാതിനു കാരിരുമ്പമ്പുതന്നെ!
ചെന്താമരാക്ഷനെച്ചിന്തിച്ചു മാത്രം ഞാൻ
സന്താപമെന്തും സഹിച്ചുകൊള്ളാം!
ആയിളം ചേവടിയെൻമടിത്തട്ടിൽവ-
ച്ചായിരം പ്രാവശ്യം ചുംബിച്ചാലും
സമ്പൂർണ്ണസംതൃപ്തി സന്ദേഹമാണെനി-
ക്കൻപിനോടായതു സാദ്ധ്യമാണോ?

ഓടക്കുഴൽ വിളി കേൾപ്പൂ, വരുന്നുണ്ട-
ക്കോടക്കാർവർണ്ണനെന്നന്തികത്തിൽ.
ധന്യയായ്‌തീർന്നൂ ഞാ, നിന്നിയെനിക്കൊരു
വന്യമലരുമായ് വന്നീടേണ്ട!"

രണ്ട്
കൃഷ്ണൻ:

"രാധേ! യെൻ പ്രേമസർവ്വസ്വമേ! നീയേവ-
മാധിചേർന്നീടുവാനെന്തു മൂലം?
ഓമലേ! മന്ദാക്ഷമന്ദഹാസാഞ്ചിത-
മീ മധുരാനനം താഴ്ത്തിയേവം,
മേവുന്നതെന്തു നീ, മാമകമാനസം
വേവുന്നതൊന്നുമറിഞ്ഞീടാതേ?
മഞ്ജീരശിഞ്ജിതമാറ്റൊലിയേൽക്കാനി-
ക്കുഞ്ജഗൃഹങ്ങൾ കൊതിപ്പതുണ്ടാം;
ദൂരത്തു കാൺക നീ വാനിന്റെ പൂങ്കവിൾ
സൈര്വം മുകരും കൊടുമുടിയേ!
ഓതുവതുണ്ടവരന്യോന്യം പ്രേമത്തിൻ
പൂതമാമേതോ പുരാവൃത്തങ്ങൾ!
സോമന്റെ സുസ്മിതം സാരമാക്കേണ്ട നാ-
മോമനേ! കാലവിളംബമെന്യേ,
നീണാളായാശിച്ച, പീയൂഷസിദ്ധിക്കായ്
ചേണാർന്നിടുംപടി പോകയല്ലീ?

ചൈത്രനിശീഥങ്ങളെത്ര കഴിഞ്ഞുപോയ്
തത്രയെൻ വക്ത്രത്തിലുറ്റുനോക്കി?
കാനനച്ചോലകൾ കൗതുകാൽ പാടുമീ-
ഗ്ഗാനങ്ങളെന്തെന്നറിയുമോ നീ?
പ്രേമാങ്കുരത്തിൻ സുശോഭനമാം പരി-
ണാമത്തിൻ വർണ്ണനമാത്രമത്രേ!
കൈരവബന്ധുവിൻ കൈതവസുസ്മിതം
വൈരജനകമെനിക്കു ഭദ്രേ!
എന്തിനീയാലസ്യം?- താവകദാസനു-
ണ്ടന്തികേയെന്തിനും സന്നദ്ധനായ്!

മംഗലരൂപിണി, നിൻ മനോമോഹന
തുംഗസ്തനങ്ങളെയാത്തതൃഷ്ണം,
കൽഹാരവാപിയിൽ നീന്തുമാക്കോകികൾ
കൽമഷംപൂണ്ടതാ നോക്കിനില്പൂ!
പുഞ്ചിരിപ്പൂനിലാവാശിച്ചെൻലോചന-
പ്പിഞ്ചുചകോരങ്ങൾ വെമ്പിടുന്നൂ!

താരാഥിനാഥൻ മറഞ്ഞീടുമിപ്പോഴാ-
ശ്ശരദാനീരദമാലികയിൽ;
ആ മഞ്ജുകുഞ്ജം മഹിതമായ്‌ത്തീർക്ക നാ-
മീമനോമോഹനയാമിനിയിൽ!
താരുകളൊട്ടു പറിച്ചുകൊണ്ടന്നു ഞാ-
നീ രത്നമേഖലയൂരി വേഗം
ആയവയോരോന്നും വാരിവിതറട്ടേ,
നീയുയർന്നെന്നെക്കടാക്ഷിച്ചാലും!
ഏറെനാളാശിച്ചപീയൂഷമിന്നു നാ-
മേറിയമോദാലശിക്കയല്ലീ?"

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/പ്രേമവിലാസം&oldid=52455" എന്ന താളിൽനിന്ന് ശേഖരിച്ചത്