രാഗപരാഗം/യാത്രപറയുമ്പോൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

   യാത്രപറയുമ്പോൾ

നിന്നോടുയാത്ര പറയുവാൻവേണ്ടി ഞാൻ
നിന്നരികത്തു വന്നെത്തിടുമ്പോൾ
വിശ്വാസശൂന്യമാം സുസ്മിതമൊന്നു നിൻ
വിസ്തൃതനേത്രത്തിൽ വിസ്ഫുരിപ്പൂ!

എപ്പൊഴും നിന്നുടെ സന്നിധിയിങ്കല്വെ-
ച്ചിപ്രകാരം ചെയ്തിടുന്ന മൂലം
യാത്രപറഞ്ഞു ഞാൻ പോകിലുമെത്തുമാ-
മാത്രയിലെന്നു, നിനക്കറിയാം!

സത്യമാ, ണാ നിന്റെ സംശയംതന്നെ, യെ-
ന്നുൾത്താരിനുള്ളിലിന്നുണ്ടെനിക്കും;
എന്തുകൊണ്ടെന്നാൽ വസന്തം വന്നെത്താറു-
ണ്ടന്തരമേശാതെ വീണ്ടും വീണ്ടും.
രാകാശശാങ്കൻ പിരിഞ്ഞുപോം പിന്നെയു-
മാകാശസന്ദർശനത്തിനെത്തും
മാമരക്കൊമ്പുകൾതോറു,മിതൾവിടർ-
ന്നോമനപ്പുഷ്പങ്ങളുല്ലസിക്കും.
വാടിക്കൊഴിഞ്ഞവ പിന്നെയും പിന്നെയും
വാടിയിൽഞെട്ടറ്റുവീഴും.
ആകയാൽ, ഞാനും ഹാ, പോവതു, നിന്നടു-
ത്താഗമിക്കാൻ മാത്രമാണ്യവീണ്ടും!