രമണൻ/ഭാഗം രണ്ട്/രംഗം അഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

      രംഗം അഞ്ച്
(വനത്തിന്റെ ഒരുഭാഗം. സമയം മദ്ധ്യാഹ്നം. മദനൻ ചിന്താവിഷ്ടനായി
ഒരുകുന്നിന്റെ ചെരുവിൽ കിടക്കുന്നു. ശോകാർദ്രമായഒരു വേണുഗാനം
കേട്ട് അവൻ പിടഞ്ഞെഴുന്നേൽക്കുന്നു. അവന്റെ മുന്നം പെട്ടെന്നു വിള
റുന്നു. ഗാനം അധികമായിവരുന്തോറും അതിലെ വികാരങ്ങൾക്കനുസരി
ച്ച് പല ഭാവഭേദങ്ങളും മദനന്റെ മുന്നത്തു പ്രത്യക്ഷപ്പെടുന്നു.)
         (അണിയറയിൽ)

  • ഗാനം

      ലോകാപവാദത്തിൻ മുന്നിൽ,നിൽക്കും
      മൂകാനുരാഗമേ, നിന്നിൽ
      ഒട്ടിപ്പിടിച്ചെന്റെ ചിത്തം നിത്യം
      പൊട്ടിക്കരയുന്നു, കഷ്ടം !
      നീയൊരു ശാദ്വലമാണെ,ന്നോർത്തു
      ഞാനയ്യോ! നിന്നെത്തിരഞ്ഞു
      നേർക്കടുത്തെത്തിയനേരം-എന്തു
      തീക്കനൽക്കട്ടയോ നീയും?
      എന്നെ നീയിട്ടു പൊരിക്കും, അയ്യോ!
      നിന്നിൽ ഞാൻ പൊള്ളി മരിക്കും!
      കാലമതിന്നൊക്കെ മാറി, കരി-
      ങ്കാർകൊണ്ടൽ വന്നിതാ, കേറി
      വെൺകളിവീശൽ കഴിഞ്ഞു കണ്ട
      തങ്കക്കിനാവൊക്കെ മാഞ്ഞൂ!
      നീ,ലോകമേ,സത്യമാണോ?-നിന്റെ
      നീതിയുമിമ്മട്ടിലാണോ?
      നിന്നെ ഞാൻ വിശ്വസിച്ചല്ലോ,കഷ്ടം !
      നിന്മനമെന്തൊരു കല്ലോ?
      ആശകളെല്ലാം പൊലിഞ്ഞു,നീണ്ടൊ-
      രാശങ്കയായിക്കഴിഞ്ഞു!
                * * *
വെള്ളിനക്ഷത്രമേ, നിന്നെ, നോക്കി-
ത്തുള്ളിത്തുളുമ്പുകയെന്യേ,
മാമകചിത്തത്തിലന്നും, ഇല്ല
മാദകവ്യാമോഹമൊന്നും.
നിന്നനുരാഗാങ്കുരങ്ങൾ,പൂത്ത
നന്ദനപ്പൂങ്കാവനങ്ങൾ
ഒന്നൊഴിയാടെ ഞാൻ തേടി, നിന്നെ
വർണ്ണിച്ചു വർണ്ണിച്ചു പാടി!
വിശ്വപ്രകൃതിതൻ മുന്നിൽ, ഭദ്ര-
വിശ്വാസദീപത്തിൻ മുന്നിൽ,
നക്ഷത്രപ്പന്തലിൻ കീഴിൽ, നല്ലോ-
രക്ഷയ തേജസ്സിൻ കീഴിൽ,
എൻഗളത്തിങ്കൽ നീ ചാർത്തീ, അന്നാ
മംഗളമല്ലികാമാല്യം.
നമ്മൾ തുറന്നിതാ രാവിൽ, ചിത്ത-
മംഗളശ്രീമണിക്കോവിൽ!
അന്നാ മുഹൂർത്തത്തിൽ നമ്മിൽ, നമ്മെ-
ളന്യോന്യം നമ്മളെക്കണ്ടു!
ത്യാഗാന്മുഖമായി നിൽക്കും രണ്ടു
രാഗാന്മദങ്ങളെക്കണ്ടു!
ശർമ്മദശ്രീമയാകു,മേതോ
കർമ്മബന്ധങ്ങളെക്കണ്ടു!
ജന്മാന്തരങ്ങളിലുള്ളോ,രേതോ
നർമ്മസല്ലാപങ്ങൾ കണ്ടു!
നമ്മളതു കണ്ട നേരം, അന്നു
നമ്മളെത്തന്നെ മറന്നു.
അദ്ദിവ്യവിസ്മൃതിയെത്താൻ,പിന്നീ-
ടെത്രമാത്രം ഞാൻ കൊതിച്ചു!
വന്നവഴിക്കതു പോയി, ഞാനും
കണ്ണീരും, ഹാ, ബാക്കിയായി!
അക്കൊച്ചുപൂമാലയോരോ,നവ-
സ്വർഗ്ഗകവാടം തുറക്കേ,
മുൻപുപിൻപെന്നു നോക്കാതെ, വേഗം
വെമ്പി ഞാനെങ്ങോ പറന്നു!
എന്മനതാരിനോടൊപ്പം, പിറ്റെ-
ന്നമ്മലർമാലയും വാടി;
ഇന്നതോർക്കുമ്പൊഴേക്കും,അയ്യോ!
മന്മനം നീറുന്നു, ദേവീ!
എത്ര നിസ്സാരമാണോർത്താൽ, കഷ്ടം !
മർത്ത്യന്റെ മായികജന്മം!
എന്തിന്മേൽപ്പറ്റിപ്പിടിക്കാം?-മന്നി-
ലെന്തിനെവിശ്വസിച്ചീടാം?
കണ്ണീർക്കണികകൾ മാത്രം,തിങ്ങു-
മിന്നെന്റെ യാചനാപാത്രം
പോട്ടിക്കുവാനിതാ, ദേവി, നോക്കു,
തട്ടിപ്പറിക്കുന്നു ഭാവി.
ഏഴയാം ഞാനതിനേവം, ചെന്നു
കീഴടങ്ങാനാണു ഭാവം.
ഇത്തുച്ഛജീവിതസ്മേരം മായാ-
നത്രമേലില്ലിനി നേരം.
വിസ്തൃതഭാഗ്യത്തണലിൽ എന്നെ
വിസ്മരിച്ചേക്കു നീ മേലിൽ.
എന്മൂകഗീതവും ഞാനും,പോട്ടെ!
നന്നായ് വരട്ടെ ജഗത്തേ!
എന്നെ നിനക്കിനി വേണ്ടാ, മേലി
ലെന്നെ നീയോർമ്മിച്ചിടേണ്ട,
കൃത്യാന്തരങ്ങൾക്കിടയിൽ, ഞാനാം
കൊച്ചുനീർപ്പോളതൻ കാര്യം,
അല്ലെങ്കിൽത്തന്നെയൊന്നോർക്കാൻ,നിന-
ക്കില്ലല്ലോ തെല്ലും സമയം.
ഞാനൊരധഃകൃതനല്ലേ?-മമ
സ്ഥാനവും നിസ്സാരമല്ലേ?
ലോകമേ, യാത്രചൊല്ലുന്നേ,നെന്റെ
മൂകസംഗീതവും ഞാനും!
(മദനന്റെ മുന്നം നിശ്ശേഷം രക്തശൂന്യമായിരിക്കുന്നു. അസ്വസ്ഥതയോ ടെ അവൻ ആ മരച്ചുവട്ടിൽ പൊങ്ങിനിന്ന ഒരുവേരിന്മേൽ, തല യ്ക്കു കൈയുംകൊടുത്തു ചിന്താമഗ്നനായി കുറച്ചുനേരം ചാരിയിരി ക്കുന്നു. അല്പം കഴിഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ നിവർന്നിരിക്കുന്നു.)

  • മദനൻ

(വ്യാകുലസ്വരത്തിൽ)
കാടിനകത്തിപ്പോളെങ്ങുനിന്നീ-
യോടക്കുഴൽവിളിയുദ്ഭവിപ്പൂ?
ഇത്രനാൾ കേട്ടപോലല്ലയല്ലോ
പുത്തനായുള്ളൊരിപ്രേമഗാനം.
ശങ്കിച്ചിരിക്കാതെവിടെനിന്നി-
സ്സങ്കടമിന്നിതിൽ വന്നുചെർന്നു?
സ്പഷ്ടമായിക്കാണുന്നു ഞാനിതിങ്കൽ-
ദ്ദഗ്ദ്ധാനുരാഗത്തിൻ ഗദ്ഗദങ്ങൾ
എന്തിനുവേണ്ടിയുദിച്ചതാണി-
ച്ചിന്തിച്ചിരിക്കാഞ്ഞ മാറ്റമാവോ!
ദിവ്യസംഗീതമേ, സുന്ദരമേ,
നിർവൃതിയാണു നീ വിസ്മയമേ!
പ്രേമവിശാലമേ, നിന്നിൽമുങ്ങി-
ക്കോള്മയിർക്കൊള്ളട്ടെ ലോകമെന്നും!
നിന്മണിവേണുവിൽനിന്നുതിരും
നിർമ്മലരാഗസംഗീതസാരം
ആശ്വസിപ്പിക്കട്ടെ മന്നിലെന്നു-
മാത്മക്ഷതത്തിന്റെ വേദനയെ!
നീ മറഞ്ഞാലും തിരയടിക്കും,
നീലക്കുയിലേ നിൻ ഗാനമെന്നും.
ഇങ്ങിതാ,മന്ദം വരികയാണ-
സ്സംഗീതസാമ്രാജ്യസാർവ്വഭൗമൻ.
ആ മുന്നമയ്യോ! വിളർത്തു കാൺമ്മൂ-
കോമളമേ, നിനക്കെന്തുപറ്റി?
മേൽക്കുമേൽ നിന്നുള്ളിലിന്നൊരേതോ
തീക്കടലോളമടിക്കയല്ലേ?
നിർമ്മലമാനസാ, നീ ചരിക്കും
സ്യന്ദനമേതു വിഷാദ മേഘം?
ഇസ്സങ്കടം കണ്ടു മാഴ്കയെന്യേ
നിസ്സാരജീവി ഞാനെന്തുചെയ്യാൻ?


(രമണൻ പ്രവേശിക്കുന്നു. വിളർത്തു ക്ഷീണിച്ച്, വ്യസന ച്ഛായ
പരന്ന മുഖം. മദനനെ കണ്ടമാത്രയിൽ മുഖഭാവം മാറ്റുവാൻ
കഴിയുന്നിടത്തോളം ശ്രമിക്കുന്നു. ഒരു നേരിയ പുഞ്ചിരി)

  • മദനൻ

(അതേ പുഞ്ചിരിയോടുകൂടി)
നട്ടുച്ചനേരത്തെരിവെയില-
ത്തൊറ്റയ്ക്കിതുവരെ യെങ്ങുപോയി?

  • രമണൻ

വെള്ളാരം കുന്നിന്റെ താഴ്വരയിൽ
വെള്ളിലക്കാട്ടിൽ ക്കിടന്നുറങ്ങി.

  • മദനൻ

അക്കൊച്ചുതേന്മാവിൻ മൂട്ടിൽനിന്നി-
ശ്ശർക്കരമാമ്പഴം വീണുകിട്ടി;
ഞാനിതും സൂക്ഷിച്ചുവെച്ചു നിന്നെ-
ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!

  • രമണൻ

നേരാണു കേട്ടോ പതിവിലുമി-
ന്നേറെനേരം ഞാനുറങ്ങിപ്പോയി!

  • മദനൻ

ഒട്ടുനാളായി നീ കാട്ടിൽ വന്നാ-
ലോറ്റതിരിഞ്ഞു നടപ്പതെന്തേ?

  • രമണൻ

നാനാവിചിന്തകൾകൊണ്ടു പൊള്ളും
പ്രാണന്റെ നീണ്ട ഞെരക്കമെല്ലാം
ഏകാന്തതയിലലിഞ്ഞുചേർന്നാൽ
ലോകമറിയാതിരിക്കുമല്ലോ!

  • മദനൻ

കഷ്ടം സഹോദര, നിൻഹൃദന്തം
ചുട്ടുനീറ്റുന്നതേതഗ്നികുണ്ഡം?
തെല്ലുനാൾകൊണ്ടിക്കൊഴുത്ത ഗാത്രം
എല്ലും തൊലിയുമായ്ത്തീർന്നുവല്ലോ!
ആകസ്മികമായ് നിനക്കു നേരി-
ട്ടാകുലമെന്തെ,ന്നെന്നോടോതണേ നീ.

  • രമണൻ

അയ്യോ! മദന, മൽച്ചുറ്റുപാടും
തീയാണു, തീയാണടുത്തുകൂടാ!
പൊള്ളുന്നു ജീവനെനിക്കു; ഞാനീ-
യല്ലലിൽ നീറിദ്ദഹിച്ചു പോകും!
വിട്ടുമാറാത്തൊരിച്ചിന്തയെന്റെ
പട്ടടകൂട്ടുവാനായിരിക്കും.
നിർണ്ണയമിന്നീ നിരാശയയ്യോ!
നിർമ്മിക്കയാണെൻ ശവകുടീരം!
ഞാനുള്ളിൽ വെറുങ്ങലിച്ചെൻ-
ഗാനവും നിർത്തിക്കിടന്നിടട്ടെ!
പഴിലിജ്ജ്യേഷ്ഠനെയോർത്തുമേലിൽ
കേഴരുതൽപ്പവും, സോദരാ, നീ.

  • മദനൻ

എന്തയ്യോ! നീയിക്കഥിപ്പതെന്നോ-
ടെന്തൊരുവാക്കുകളാണിതെല്ലാം?
ഇത്തരംതീപ്പൊരിച്ചിന്തയെല്ലാ-
മ്മിക്ഷണം ദൂരെ ത്യജിക്കണം നീ.
നിന്മുന്നം കാണുമ്പോളെന്റെ ജീവൻ
വിങ്ങിക്കരയുന്നു വേദനയാൽ.
താവകജീവിതമിത്രപെട്ടെ-
ന്നീവിധം മൂടിയിരുണ്ടതെന്തേ?

  • രമണൻ

അയ്യോ! മദന, നീയെന്തറിഞ്ഞു?
വയ്യെനിക്കിന്നാക്കഥ പറയാൻ.
അത്രമേലുൾക്കടചിന്തകളാൽ
ക്ഷുബ്ധമാണിപ്പൊഴെന്നന്തരംഗം.
ഇക്കാണും കോടക്കാറെന്നു മാറാൻ?
ഇക്കാണും കൂരിരുട്ടെന്നു മായാൻ?
എന്മുന്നിലെല്ലാം നിരാശമാത്രം
കണ്ണീരിൽമുക്കും നിരാശമാത്രം!
മാമക ജീവിതഭാഗ്യതാര-
മായാമയൂന്നങ്ങളസ്തമിച്ചു.
ഇല്ലിനി, വീണ്ടും വരില്ലടുത്താ
വെള്ളിക്കതിരുകളൊന്നുപോലും!
പണ്ടൊക്കെ ഞാനാ പ്രണയതീർത്ഥം
കണ്ടിട്ടും കാണാത്തമട്ടൊഴിഞ്ഞു.
ഇന്നിതാ, ഞാനതിൽ ഞാനറിയാ-
തെന്നേക്കുമായിട്ടടിഞ്ഞുപോയി!
പ്രാണരക്ഷാർത്ഥം തുടിച്ചു നീന്താൻ
ഞാനിക്കയത്തിൽ ശ്രമിക്കുവോളം,
അത്രമേൽ കൈകാൽ കുഴഞ്ഞ,ഭയം
കിട്ടാതെ,മേന്മേൽത്തളർന്നടിവൂ!
എന്നെയിതിൽനിന്നെടുത്തുകേറ്റാൻ
സമ്മതം മൂളുകയില്ലപോലും.
സന്തതമെന്നെയടിച്ചുതാഴ്ത്തും
സമ്പൽപ്രഭാവത്തിൻ നിർദ്ദയത്വം.
വേണ്ട, ഞാനാശിപ്പതില്ലതൊന്നു;-
മാണ്ടുപോകട്ടെ ഞാനിക്കയത്തിൽ!
ജീവിതമിപ്രേമവല്ലരിയെ-
പ്പൂവണിയിക്കുകയില്ലയെങ്കിൽ
മൃത്യുവിലെങ്കിലും ഞാനതിന്റെ
പുഷ്പങ്ങൾകൊണ്ടൊരു മാലകെട്ടും!

  • മദനൻ

നിസ്സാരമായൊരു പെണ്ണുമൂലം
നിത്യനിരാശയിൽ നിന്റെ കാലം
ഈവിധം പാഴാക്കുകെന്നതാണോ
ജീവിതധർമ്മം?-ഒന്നോർത്തുനോക്കു.
(രമണന്റെ മുന്നം ചാരംപോലെ വിളറിപ്പോകുന്നു.
പെട്ടെന്നു വീണ്ടും അരുണവർണ്ണമായിത്തീരുന്നു.)

  • രമണൻ

യുക്തി വാദത്തിന്റെ സീമകൾക്കും
ശുഷ്ക സമുദായനീതികൾക്കും
അപ്പുറം നിൽക്കുന്നതാണുലകിൽ,
നിഷ്ഫലമെങ്കിലു,മെന്റെ രാഗം!
(അത്യന്തം വ്യസനസ്വരത്തിൽ)
നീയെന്നെയെന്തും പറഞ്ഞുകൊള്ളൂ!
നീതികൊണ്ടെന്നെയെറിഞ്ഞുകൊള്ളൂ!
എങ്കിലു...മക്കൊച്ചു..ബാ....ലി....ക....യെ
. . . . . . . . . . . . . . . . . . . . .
(ഗദ്ഗദത്താൽ തുടരാൻ സാധിക്കുന്നില്ല. കണ്ണിൽ ജലം നിറയുന്നു.)

  • മദനൻ

(വിളറിയ മുഖത്തോടുകൂടി)
മാപ്പുചോദിപ്പു ഞാൻ;-ഈയുതിരും
ബാഷ്പമെനിക്കു സഹിച്ചുകൂടാ!
മേലിലൊരിക്കലുമില്ല, ഞാനാ-
ബ്ബാലയെച്ചെറ്റും പഴിക്കയില്ല.

  • രമണൻ

അല്ലിലവളെന്റെ സാന്ത്വനത്തിൻ
വെള്ളിനക്ഷത്രമാണോർക്കണം നീ.

  • മദനൻ

അത്താരകത്തെക്കുറിച്ചു പാടാൻ
പൊട്ടിത്തകർന്ന മുരളിയാണോ?

  • രമണൻ

ആ വെള്ളിനക്ഷത്രമിന്നിനിമേലെൻ
ജീവിതത്തിന്നോടടുക്കുകില്ല.
കഷ്ടം ! കൊതിയുണ്ടു പാടുവാനെൻ
ചിത്തമുരളി തകർന്നുപോയി!


ഇക്കണ്ണുനീരും നിരാശയുമാ-
യോറ്റയ്ക്കുഞാനീ വനാന്തരത്തിൽ,
ഹാ! മരണത്തിൻ സമാഗമം കാ-
ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം!
വിത്തപ്രതാപാനുഭൂതിയിങ്കൽ
വിസ്മരിച്ചേക്കട്ടെ ലോകമെന്നെ!
ഞാനുമെൻഗാനവും മണ്ണടിഞ്ഞാൽ
മാനവലോകത്തിനെന്തുചേതം?
     (പോകുന്നു)
(ഗായകസംഘം പ്രവേശിക്കുന്നു)

  • ഒന്നാമത്തെഗായകൻ

എനിയൊരിക്കലും ഇനിയൊരിക്കലും
പ്രണയദീപമേ തെളിയുകയില്ല നീ.
കഴിഞ്ഞു നിന്നുടെ കരൾ കവർന്നൊരാ-
ക്കവന സാന്ദ്രമാം കനകകാന്തികൾ!
തകർന്നടിയുന്നു തവപീഠത്തിങ്കൽ
തരളമാമൊരു തരുണമാനസം!
ഹതനിരാശതന്നിടിവെട്ടിൽ സ്വയം
ചിതറിപ്പോയൊരു ചകിതമാനസം
കപടലോകമേ, പഴിച്ചിടായ്ക നീ
കറയെഴാത്തൊരാക്കുരുന്നു ജീവനെ!-
അഴൽക്കൊടുങ്കാറ്റിൽ ചെറുചിറകുകൾ
കുഴഞ്ഞു വീണൊരാക്കുരുവിക്കുഞ്ഞിനെ!-
അനുപമാദർശദ്യുതിയിലിത്രനാ-
ളലിഞ്ഞിരുന്നൊരാലസൽക്കിനാവിനെ!-
മലിനലോകത്തിൻ തിമിരത്തിൽ ദ്യുതി
മയങ്ങി മങ്ങുമാ മണിവിളക്കിനെ!-

  • രണ്ടാമത്തെ ഗായകൻ

കപടതകൾ തിങ്ങിയ ദുഷ്ടലോകം
കരൾ കരളുമാറൊരദൃഷ്ടശോകം;
ഭുവനമിതിലെങ്ങും നികൃഷ്ടഭോഗം;
അവനണിവതെന്നാൽ വിശിഷ്ടരാഗം!
വിഫലതയിലാ സ്വപ്നം തേഞ്ഞുമായാം;
വിധിവിഹിതമെന്താണെന്നാർക്കറിയാം?
പൊരിവെയിലിൽപ്പെട്ടെന്നെരിഞ്ഞു വാടി
സുരസുഭഗപ്രേമത്തിൻ പുഷ്പവാടി!

  • മൂന്നാമത്തെ ഗായകൻ

ഏകന്തകാമുക, നിന്റെമനോരഥം
ലോകാപവാദത്തിൻ കേന്ദ്രമായി!
നിസ്തുല, നിന്നെ നീയായിട്ടു കാണുവാ-
നത്രയ്ക്കുയർന്നിട്ടില്ലന്യരാരും!
രാഗകമൂർത്തിയാം നീയുമീ നിഷ്കൃപ-
ലോകവും ചേരുകയില്ലതമ്മിൽ.
നേരിന്റെ നേരിയ വെള്ളിവെളിച്ചത്തിൽ
നീയിന്നൊരു ദേവനായിരിക്കാം;
എന്നാലതൊന്നുമറിയുകയില്ലാരു-
മിന്നതുകൊണ്ടു നീ പിന്മടങ്ങൂ!
നിത്യനിരാശയിൽ നിന്നഭിലാഷങ്ങൾ
പൊത്തിപ്പിടിച്ചു കിടന്നുറങ്ങൂ!
വറ്റാത്തൊരീയശ്രുഗംഗയിൽപ്പെട്ടു നീ
ചുറ്റിക്കറങ്ങിയിട്ടെന്തുകാര്യം?
നശ്വരമാണിങ്ങു കാണുന്നതൊക്കെയും;
വിഭ്രമിക്കാതെ നീ യാശ്വസിക്കു.