രമണൻ/ഭാഗം മൂന്ന്/രംഗം നാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

   രംഗം നാല്
(വനത്തിന്റെ ഒരു ഭാഗം. മദനൻ ആടുകളേയും തെളിച്ചുകൊണ്ട് പതിവുപോ
ലെ വനത്തിലെത്തി രമണനെ നോക്കുന്നു. കാണുന്നില്ല.അവിചാരിതമായി, അ
കാരണമായി, ഒരാശങ്ക, ഒരു ഭയം മദനന്റെ ഹൃദയത്തിൽ കടന്നു കൂടുന്നു.
അവൻ രമണനെ വിളിച്ചു കൊണ്ട് കാട്ടിൽ അങ്ങിങ്ങലഞ്ഞു തിരിയുന്നു.)

  • മദനൻ

 രമണാ, രമണാ, നീയെങ്ങുപോയി?
സമയമിന്നേറെക്കഴിഞ്ഞുപോയി,
പതിവില്ലാതിന്നിത്ര താമസിക്കാൻ
കഥയെന്ത് ഹാ! നിനക്കെന്തുപറ്റി?
പരിചിൽ കിഴക്കേ മലമുകളിൽ
പകലോനുദിച്ചൊട്ടുയർന്നുപൊങ്ങി.
ദിവസവും നീയാണിങ്ങാദ്യമെത്താ-
റെവിടെ നീയിന്നു; നിന്നാടുകളും?
കുളിർകാറ്റുവീശുന്നു,പൂത്തുനിൽക്കും
കുറുമൊഴിമുല്ലകളാടിടുന്നു;
കലിതാനുമോദം വനം മുഴുവൻ
കളകളംപെയ്യുന്നു പൈങ്കിളികൾ;
മലർമണം വീശുന്നു;പീലിനീർത്തി
മയിൽ മരക്കൊമ്പിൽനിന്നാടിടുന്നു-
ഇവയെ വർണ്ണിച്ചൊരു പാട്ടുപാടാ-
നെവിടെ, രമണ, നീയെങ്ങുപോയി?

(മദനൻ നടന്നു നടന്ന് കാടിന്റെ ഉൾഭാഗത്തേക്കുള്ള ഒരരുവിയുടെ കരയിലെത്തുന്നു. പെട്ടെന്നു മുൻപിൽ അരുവിയിലേക്കു ചാഞ്ഞ മരക്കൊമ്പിൽ തൂങ്ങിമരിച്ചുകിടക്കുന്ന രമണനെ കാണുന്നു. ശരീരം കിലുകിലാ വിറയ്ക്കുന്നു. തലകറങ്ങി ബോധരഹിതനായി നിലമ്പതിക്കുന്നു. അപ്പൊഴേക്കും മറ്റുചിലഇടയന്മാരും അവിടെ എത്തിച്ചേരുന്നു. എല്ലാവരും ഇടിവെട്ടേറ്റപോലെ സ്തബ്ധരായിത്തീരുന്നു; ഏതാനുംപേർ മദനനെ ശീതോപചാരങ്ങൾ ചെയ്യുന്നു. ക്രമേണ അവനു ബോധക്ഷയം വിട്ടുമാറുന്നു. അവൻ വീണ്ടും രമണനെ ഉറ്റു
നോക്കുന്നു. കഴുത്തിൽ ഒരു പൂമാല; നീണ്ടുമരവിച്ച ശരീരം; ഒരു വശത്തേക്കൽപം ചരിഞ്ഞു കിടക്കുന്ന ശിരസ്സ്; വസ്ത്രമാകമാനം രക്തമയം. മദനന്റെഹൃദയം ദ്രവിക്കുന്നു. അവൻ ഒരു ശിശുവിനെപ്പോലെ വാവിട്ടു കരയുന്നു. മറ്റിടയന്മാർ ആശ്വസിപ്പിക്കുന്നു. അൽപനേരം കഴിഞ്ഞ്)

  • മദനൻ

വിശ്വസിക്കാവതോ, കാണുമിക്കാഴ്ച;-ഹാ
വിശ്വമേ, കഷ്ടം ! ചതിച്ചു,ചതിച്ചു നീ;
സത്യമോ?-സത്യമാണയ്യോ! നടുങ്ങുന്ന
സത്യം;- ഭയങ്കരം! പൈശാചസംഭവം!
അങ്ങതാ തൂങ്ങിക്കിടപ്പൂ മരക്കൊമ്പിൽ,
നിത്യപ്രപഞ്ചമേ, നിന്മഹാപാതകം!
ആഹാ! ദയനീയ, മയ്യോ! ഭയാനകം
സാഹസം!- എന്തു; നീ നിർജ്ജീവമായിതോ?
സുന്ദരഗാനപ്രചോദനം വിങ്ങുമാ
സ്പന്ദനമെല്ലാം നിലച്ചുകഴിഞ്ഞുവോ?
അക്കണ്ഠനാളത്തിൽ നിന്നൊരുനേരിയ
ഗദ്ഗദംപോലുമിനിക്കേൾക്കുകില്ലയോ?
ആ നാവിനിമേലനങ്ങുകില്ലേ, കഷ്ട-
മാ മനം മേലില്‌ത്തുടിക്കുകില്ലേ, ലവം?
എല്ലാം കഴിഞ്ഞോ! കഴിഞ്ഞോ-കഴിഞ്ഞുപോ-
യെല്ലാം കഴിഞ്ഞു!-കഴിഞ്ഞു സമസ്തവും!
അയ്യോ! വെറുങ്ങലിച്ചല്ലോ - മമോത്സവം!
വയ്യ മേ, വയ്യ മേ, കണ്ടിതു നിൽക്കുവാൻ!
 * * * *

 നോക്കൂ ജഗത്തേ, ഞെരിച്ചു ഞെക്കിക്കൊന്നു
പേക്കൂത്തിൽ നീയാക്കളകോകിലത്തിനെ!
തൂങ്ങിക്കിടപ്പൂ മരവിച്ചൊരു കയർ-
ത്തുമ്പിലൊരത്യന്തമോഹനജീവിതം!
ചമ്പനീർപ്പൂപോൽ വിരിഞ്ഞുവരുന്നോരു
സമ്പൂതസൗമ്യനവയുവജീവിതം!
പുഞ്ചിരിക്കൊള്ളാൻ തുടങ്ങുന്നതിൻ മുൻപു
നെഞ്ചിട പൊട്ടിത്തകർന്നൊരു ജീവിതം
ഇങ്ങിനിയെത്രകൊതിക്കിലും കിട്ടാത്ത
സംഗീതസാന്ദ്രമൊരോമനജ്ജീവിതം!
ഇന്നിതിനെത്തച്ചുകൊന്നൊരപ്പാതക-
മെന്നിനിത്തീരും പ്രപഞ്ചവേതാളമേ?
അജ്ജീവരക്തമൊരുതുള്ളിയില്ലാതെ-
യൊകെയുമൂറ്റിക്കുടിച്ചുകഴിഞ്ഞു നീ!

 പിന്നെയും മന്ദഹസിക്കയോ നീ?-നിന്റെ
നിന്ദ്യചരിത്രം പരമഭയങ്കരം!
അപ്രാണവാതം വലിച്ചെടുത്തിട്ടു നീ
ജല്പിപ്പു വീണ്ടും നിരർത്ഥമെന്തൊക്കെയോ!
അസ്ഥികൂടങ്ങളാൽ നിൻ വിജയോത്സവ-
നർത്തനമണ്ഡപം സജ്ജീകരിപ്പു നീ!
കഷ്ടമിനിയും തലപൊക്കി നോക്കുവാൻ
ലജ്ജയാവാത്തതാണദ്ഭുതം, ലോകമേ!
അത്താമരക്കുരുന്നയ്യോ! കരിഞ്ഞുപോയ്
വിത്തപ്രതാപമേ, നിന്നിടിവെട്ടിനാൽ!
അക്കൊച്ചുഹംസം ചിറകറ്റടിഞ്ഞുപോയ്,
ദുഷ്കുബേരത്വമേ, നിൻ കരവാളിനാൽ!
ഭാസിച്ചിരുന്നൊരപ്പൂമൊട്ടരഞ്ഞുപോയ്
ഹാ! സമുദായമേ, നിൻ കാൽച്ചവിട്ടിനാൽ!

(മദനന്റെ മുന്നം വ്യസനസമ്മിശ്രമായ കോപം
കൊണ്ടുപൂർവ്വാധികം രക്താഭമായിത്തീരുന്നു.)

 അല്ലെങ്കിലെന്തിനവയെപ്പഴിപ്പു ഞാ-
നില്ലില്ല-ദുഷ്ടേ, ഭയങ്കരിയാണു നീ!
ചന്ദ്രികയല്ല, വിഷമയധൂമിക
ചിന്തുന്നൊരദ്ധൂമകേതുവാകുന്നു നീ,
നീയാണു, നിർദ്ദയേ, ഹാ! രക്തയക്ഷിയാം
നീയാണു, കൊന്നതിഗ്ഗന്ധർവ്വബാലനെ!
ആ മനസ്സിൻ ചെങ്കുരുതിയാൽ, നിൻ നിന്ദ്യ-
കാമചിത്രത്തിന്നു ചായം പുരട്ടി നീ!
കത്തുമൊരാത്മാവുകൊണ്ടു നിൻ മച്ചിലെ-
കസ്തൂരികത്തിരി കഷ്ടം! കൊളുത്തി നീ!
പൊട്ടിത്തകർന്നോരിളം മനസ്സാൽ നിന്റെ
പട്ടുകിടക്കയിൽപ്പൂവിട്ടു ദുഷ്ട നീ
കണ്ടാൽ നടുങ്ങും!-ഭയാനകേ, നിന്മുഖം
കണ്ടാൽ നടുങ്ങും-ജഗത്തിതെന്നുമേ!

 നിങ്കുബേരത്വവും നീയും!-മതി,നിന്റെ
സങ്കൽപ്പവും നിൻ സുദൃഢശപഥവും
ഹാ! വെറും കാമത്തിൽനിന്നുമുയർന്ന നിൻ-
ഭാവനാമാത്രപ്രണയവും വേഴ്ചയും;
ലജ്ജയില്ലല്ലോ നിനക്കു!-നീ നോക്കുകൊ-
ന്നിജ്ജഡം!-നീയിജ്ജഡത്തെയറിയുമോ?
പണ്ടുനിൻ കാമസങ്കൽപലതയിലെ-
ച്ചെണ്ടായി നീയോമനിച്ച താണിജ്ജഡം-
ഇന്നലെയോളം നിനക്കുവേണ്ടിച്ചുടു-
കണ്ണീരിൽ മുങ്ങിക്കുളിച്ചതാണിജ്ജഡം-
നിർമ്മലരാഗവ്രതത്തിലീനാളൊക്കെ
നിൻ നാമമന്ത്രം ജപിച്ചതാണിജ്ജഡം-
നിന്നെക്കുറിച്ചുള്ള സംഗീതമിത്രനാൾ
നിന്നുതുളുമ്പിക്കളിച്ചതാണിജ്ജഡം-
എത്രനാൾ ലോകം തപസ്സുചെയ്തീടിലും
കിട്ടാത്തൊരദ്ഭുത സിദ്ധിയാണിജ്ജഡം-
ഹാ! നിന്റെ നിഷ്ഠൂരമാനസം സ്പന്ദിത-
പ്രാണനെപ്പാടേ കവർന്നതാണിജ്ജഡം-
ചെറ്റുമശൂദ്ധമാക്കാതെ നിൻ ജീവിത-
മിത്രനാൾ കാത്തുരക്ഷിച്ചതാണിജ്ജഡം-
ലജ്ജയില്ലല്ലോ നിനക്കു!- നീനോക്കുകൊ-
ന്നിജ്ജഡം!-നീയിജ്ജഡത്തെയറിയുമോ?
  (വീണ്ടും വാവിട്ടു കേണുകൊണ്ട്)
 അയ്യോ! രമണ, സഹോദര, പോയി നീ!
വയ്യിനി മേലിൽ വരില്ല വരില്ല, നീ!
എന്നേക്കുമായ് നിൻമൃദുമനസ്പന്ദങ്ങ-
ളോന്നോടെ നിന്നു!-മരവിച്ചുകഴിഞ്ഞു നീ!
ദുസ്സഹം, ദുസ്സഹം!-അയ്യോ!-മമ മനം
മത്സന്ന, നീറുന്നു!-മൂർച്ഛിച്ചിടുന്നു ഞാൻ!...

(വേച്ചു വേച്ചു നിലത്തുവീഴുന്നു.-ഒരു
വൃക്ഷത്തിന്മേൽ ചാരിയിരുന്നുകൊണ്ട്)
കൂരിരുട്ടത്തുനിന്നേതോ വെളിച്ചത്തെ
വാരിപ്പുണരാൻ ചിറകുവിടർത്തി നീ.
നീയുമഹോ നിന്റെ ദുഃഖ സംഗീതവും
മായാപ്രപഞ്ചത്തിൽ മാഞ്ഞിതെന്നേക്കുമായ്!
അള്ളിപ്പിടിക്കയാണിന്നെൻ മനസ്സിനെ
മുള്ളുകൾകൊണ്ടു പൊതിഞ്ഞൊരിസ്സംഭവം!

 അക്കയറിന്റെ കുരുക്കു നിൻ കണ്ഠത്തെ
ഞെക്കിഞെക്കി സ്വയം വീർപ്പുമുട്ടിക്കവേ;
ഉൽക്കടപ്രാണദണ്ഡത്തിൽപ്പിടഞ്ഞു കാ-
ലിട്ടടിച്ചയ്യോ! കിടന്നു പുളയവേ,
ആദ്യം വലിഞ്ഞു നിന്മെയ്, മന്നിനോടൊരു
ചോദ്യചിഹ്നംപോൽ, സ്വയം ചമഞ്ഞീടവേ!
അന്ത്യമൊരുഗമാമാശ്ചര്യചിഹ്നമായ്
നിൻ തനു നീണ്ടു മരവിച്ചു തൂങ്ങവേ;
എമ്മട്ടുപൊട്ടിത്തെറിക്കാതെ നിന്നു, ഹാ!
കർമ്മപ്രപഞ്ചമേ, നീ നിർവ്വികാരമായ്!
തുണ്ടുതുണ്ടായിച്ചിതറിയതില്ലല്ലി
വിണ്ടലമിക്കൊടുംകാഴ്ച കണ്ടിട്ടുമോ?
നിന്നെയതിനു വിലക്കിയതല്ലല്ലി
മുന്നിലായ് നിൽക്കുമിക്കാടും മലകളും?

 പണ്ടൊക്കെയോരോ കവനാങ്കുരങ്ങൾ നീ
കണ്ടിരുന്നോരീ മരതകക്കാടുകൾ,
നീയെത്രമാത്രം പ്രിയപ്പെട്ടതായിട്ടു
നീളവേ പാടിപ്പുകഴ്ത്തിയ കാടുകൾ,
മർമ്മരഗാനംപൊഴിച്ചുനിന്നോ, ഹന്ത!
നിന്നെ ത്യജിച്ചൊരപ്രാണമരുത്തിനാൽ.
 * * *
കഷ്ടം ! നിണത്തിൽ കലാശിച്ചു, നീ ചൊന്ന-
മട്ടിലയ്യോ! നിന്നനുരാഗനാടകം !
ദൂരത്തുനിന്ന മരണത്തിനെ സ്വയം
ചാരത്തണച്ചു ചെങ്കുങ്കുമംചാർത്തിനീ!
സാഹസമായി സഹിക്കുവാനാകാത്ത
സാഹസമായി, നീ ചെയ്തതെൻ സോദര!
മന്നിൻ മലീമസരംഗത്തിലിന്നിതാ,
നിന്നെച്ചതിച്ചു നിന്നാദർശജീവിതം!
നിസ്സാരമായൊരു പെണ്ണിനുവേണ്ടി നിൻ-
നിസ്തുല ജീവിതം ഹോമിച്ചെരിച്ചു നീ!
കഷ്ടമായ്പ്പോയി,സഹോദരാ, നീചെയ്ത-
തെ,ത്രയിനി ഞാൻ കരകിലെന്തേ ഫലം?

 നിസ്സ്വാർത്ഥനാം നീ നിരൂപിച്ചപോ,ലത്ര-
നിസ്സാരമായിരുന്നില്ല നിൻ ജീവിതം.
ഹന്ത! നിനക്കല്ല, ജഗത്തിനാണായതിൻ-
ഹാനി!- ലോകത്തിന്റെ ആവശ്യമാണു നീ!

 കുഞ്ഞുമേഘങ്ങളൊളിച്ചുകളിക്കുമാ
മഞ്ഞണിക്കുന്നിനും കാടിനും പിന്നിലായ്
അന്തിമേഘങ്ങൾ നിരന്നു, നീലാംബര-
മന്തരംഗം കവർന്നുല്ലസിച്ചീടവേ,
എത്രദിനാന്തത്തിലിപ്പുഴവക്കിൽ വ-
ന്നുദ്രസം തൈത്തെന്നലേറ്റേറ്റിരുന്നു നാം!
അന്നൊക്കെ,യെന്നോടു വർണ്ണിച്ചു വർണ്ണിച്ചു
ചൊന്നു നിന്നാത്മരഹസ്യങ്ങളൊക്കെയും
ആയിരം മിന്നൽക്കൊടികളിളക്കി വ-
ന്നാവതെന്തിപ്പോൾ ദഹിപ്പിച്ചുമന്മനം!
നിന്നനുരാഗമിതിൽക്കലാശിക്കുമെ-
ന്നന്നൊന്നുമൽപ്പവും ശങ്കിച്ചതില്ലഞാൻ!
അസ്ഥാനരാഗങ്ങളെല്ലാമിതുവിധ-
മശ്രുകുടീരം ചമയ്പ്പവയായിടാം;
എന്നല്ലൊടുവിലാത്മാഹുതി കാണാതെ
പിന്മടങ്ങീടാതിരിപ്പവയായിടാം.

 നീ വിചാരിച്ചപോൽ പൂവിരിയിട്ടത-
ല്ലീ വിശ്വരംഗത്തു ജീവിതപ്പാതകൾ;
കാപട്യകണ്ടകം, കർക്കശത്വക്കൊടും-
കാളാശ്മഖണ്ഡം നിറഞ്ഞതാണിസ്ഥലം!
ഞെട്ടിത്തെറിക്കും വിടരാന്തുടങ്ങുന്ന
മോട്ടുപോലുള്ള മനസ്സിതു കാണുകിൽ
സുസ്ഥിരനിസ്സ്വാർത്ഥരാഗമില്ലെങ്ങെ,ങ്ങു-
മൊക്കെച്ചപലമാണെല്ലാം കപടവും!
പൊന്നും പണവും പ്രതാപവും മാത്രമാ-
ണെന്നും ഭരിപ്പതീ വിശ്വരംഗത്തിനെ,
ഓടക്കുഴലുകൊണ്ടാവശ്യമില്ലിങ്ങു;
പാടുന്നകൊണ്ടില്ലൊരു ഫലമെങ്കിലും!
നാണയത്തുട്ടിൻ കിലുക്കത്തിലേതൊരു
വേണുസംഗീതവും ഗണ്യമല്ലേതുമേ!
ഇപ്പരമാർത്ഥമറിയാതെ പെട്ടെന്നു
ഞെട്ടറ്റു വീണു നീ പൊല്പ്പനീർപുഷ്പമേ!
നിശ്ചയമാണു, നിൻ പട്ടടയെക്കൂടി
നിർദ്ദയം കുറ്റപ്പെടുത്തും ജഗത്തിനി!
സത്യമറിയേണ്ട ഭാരമതിനില്ല,
കുറ്റപ്പെടുത്തിപ്പുലമ്പുകയെന്നിയേ!

 ചന്ദ്രിക നിന്നെ തിരസ്കരിച്ചെങ്കിലും
മന്നിൽ നീ യെന്നേക്കുമായ് മറഞ്ഞെങ്കിലും
നിൻ നാമമെന്നുമലയടിച്ചാർത്തിടും
സുന്ദരകാവ്യാന്തരീക്ഷത്തിലെപ്പൊഴും!
കൽപ്പാന്തകാലംവരേക്കും ലസിച്ചിടും
ദുഃഖമഗ്നം നിൻ മധുരഗാനാമൃതം
കോരിക്കുടിച്ചുജഗത്തതു നിത്യവും
കോൾമയിർക്കൊണ്ടു നിൻ നാമം സ്മരിച്ചിടും.
ഹാ! മരിച്ചാലു, മനശ്വരനായ്ഗ്ഗാന-
സീമയിൽ നിൽപ്പൊരു ഗന്ധർവ്വനാണു നീ!

 നിന്നന്ത്യവിശ്രമ സ്ഥാനത്തു നമ്മുടെ
നിർമ്മലസൗഹൃദസ്മാരകലക്ഷ്യമായ്,
അക്കല്ലറമേൽ ജഗത്തിനു കാണുവാ-
നിത്രയും കൂടിക്കുറിച്ചുകൊള്ളാട്ടെ ഞാൻ;

 "സ്നേഹദാഹത്താൽ പ്പൊരിഞ്ഞുപൊരിഞ്ഞൊരു
മോഹനചിത്തമടിഞ്ഞതാണിസ്ഥലം
ഇങ്ങിതിനുള്ളിൽക്കിടക്കുന്നതുണ്ടൊരു
സംഗീതസാന്ദ്രമാം ശോകാപ്ത ജീവിതം-
മന്ദഹസിക്കാൻ തുടങ്ങുന്നതിൻ മുമ്പു
മന്നിൽ ചവിട്ടിൽ ചതഞ്ഞോരു ജീവിതം-
വിത്തപ്രതാപവും നിർദ്ദയനീതിയും
ഞെക്കിഞെരിച്ചു തകർത്തോരു ജീവിതം!

 ആദർശശുദ്ധിതൻ നിശ്ശബ്ദഗദ്ഗദം-
ഹാ! തപ്തചിന്തതൻ രാഗസംഗീതകം-
എന്നും തുളുമ്പിക്കിടക്കുമിതിന്നുള്ളിൽ
മന്നിൽ മലിനത തേഞ്ഞു മായുംവരെ!
മാനസം കല്ലുകൊണ്ടല്ലാത്തതയുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകിൽ
ഇക്കല്ലറതൻ ചവിട്ടുപടിയിലൊ-
രല്പമിരുന്നു കരഞ്ഞേച്ചു പോകണേ!
അസ്സൗഹൃദാശ്രുക്കൾ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊന്നിപ്രേമഗായകൻ..."