യവനിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സ്തബ്ധമായീ സഭാസദനാന്തം
ലബ്ധസംഗീതസാന്ദ്രപ്രശാന്തം.

സ്വർണസിംഹാസനത്തിലിരിക്കും
മന്നവന്റെ കടമിഴിക്കോണിൽ,

വന്നുനിന്നെത്തിനോക്കിച്ചിരിച്ചു
മിന്നിടും രണ്ടു കണ്ണീർക്കണങ്ങൾ.

ചാരവേ പിന്നിൽ ചേടികൾ വീശും
ചാമരങ്ങളനങ്ങിടാതായി.

മന്ത്രിപുംഗവർ, സൈനികർ, രാജ്യ-
തന്ത്രകോവിദ, രംഗപാലന്മാർ,

കിങ്കര, രെന്തി, നസ്സദസ്സൊന്നോ-
ടങ്കിതചിത്രരംഗമായ് മാറി.

ആ വിശാലമാം ശാലതൻ മദ്ധ്യ-
ഭൂവി, ലുന്നതമണ്ഡപമൊന്നിൽ,

ഗായകകവി 'ശേഖരൻ' ഹർഷ-
ദായകസ്വപ്നരൂപിയായ് മേവി.

തൽഗ്ഗളനാളവേണുവിൽനിന്നും
നിർഗ്ഗളിച്ചോരമൃതപ്രവാഹം,

ഓമനിച്ചു ചെന്നോരോ മനസ്സും
രോമഹർഷശിശിരിതമാക്കി.

വന്ദ്യഭൂവരൻ തന്നേകപുത്രി
സുന്ദരിയാം 'അജിതകുമാരി',

കാണുവാനിടയായീല രാജ-
കാവ്യകാരനക്കന്യാമണിയെ! ...

തെല്ലകലത്തുയരത്തു വെണ്ണ-
ക്കല്ലുകെട്ടിപ്പടുത്തോരെടുപ്പിൽ,

മഞ്ഞവർണ്ണച്ചുരുളിടതിങ്ങി-
ക്കുഞ്ഞലത്തൊങ്ങലങ്ങിങ്ങൊഴുകി,

മിന്നും പട്ടുയവനികയൊന്നിൻ
പിന്നിൽനിന്നൊരു നിശ്വാസലേശം

സംക്രമിപ്പൂ ഞൊടിയിടയേതോ
കങ്കണസ്വരമോടിടകൂടി!

ഗാനധാരതന്നാരോഹണത്തിൽ
പ്രാണഹർഷത്തിൻ പൂർണ്ണോദയത്തിൽ,

മഞ്ജിമയ്ക്കു മണിയരങ്ങാമാ
മഞ്ഞവർണ്ണഞെറികൾക്കു നേരേ,

പാട്ടുറഞ്ഞ ഹൃസ്പന്ദങ്ങളോടേ
പാതികൂമ്പിയ കണ്ണുകളോടേ,

ശ്രീയുതസ്മിതസാന്ദ്രാസ്യനായി-
ഗ്ഗായകൻ ശിരസ്സൊന്നു തിരിച്ചു.

ചെണ്ടൊളി ചേർന്നതിമൃദുവാകും
രണ്ടു കൈവിരൽത്തുമ്പുകൾ ചൂടി,

ഹാ, ഞൊടിയൊരു മിന്നൽക്കൊടിയ്ക്കാ-
യാ ഞെറിവക്കൊരിത്തിരി നീങ്ങി.

അഞ്ജനക്കണ്മുനയൊന്നുലഞ്ഞു
മഞ്ജുഹാസമൊരല്പം പൊഴിഞ്ഞു,

അത്രമാത്രം-അരഞൊടിക്കുള്ളിൽ
ബദ്ധമായീ മറഞെറി വീണ്ടും.

സ്വപ്നതുല്യമാശ്ശിഞ്ജിതം മാത്ര-
മുത്ഭവിപ്പതുണ്ടപ്പൊഴുമൽപം.

വ്യക്തമല്ലാത്തൊരു നിഴൽപ്പാടാ
വസ്ത്രഭിത്തിതൻ പിന്നിൽ ത്രസിപ്പൂ! ...

ആ മണിപ്പൊൻ ചിലമ്പൊലിയോലും
പൂമൃദുപദമെമ്മട്ടിരിക്കും?

അത്തരിവള മിന്നിക്കിലുങ്ങും
പൊൽത്തളിർക്കൈകളെമ്മട്ടിരിക്കും?

ആ നിഴൽപ്പാടിനാലംബമാകും
മേനിതന്നഴകെ ന്തായിരിക്കും?

ഹാ, വിദൂരത്തദൃശ്യമായ് നിൽക്കു-
മാ വിലാസമെന്തത്ഭുതമാവോ!

സർവ്വശക്തന്റെ കാരുണ്യപൂര-
മുർവ്വിയിങ്കൽ പതിതരെപ്പോലെ,

മൺതരികളെപ്പുല്കുമത്തൃക്കാൽ-
ച്ചെന്തളിരുകളന്തരംഗത്തിൽ,

ഭക്തിപൂർവ്വം പ്രതിഷ്ടിപ്പതേക്കാ-
ളിദ്ധരണിയിലെന്തുണ്ടൊരു ഭാഗ്യം!

ഗായകനു ഹൃദയം വിടർന്നു
ഗാനധാരയിലോളം വളർന്നു.

അത്തിരകളുയർന്നു വിണ്ണോള-
മെത്തി മുട്ടി നുറുനുറുങ്ങായി,

താരകോടികൾ വാരിത്തഴുകി-
ത്താഴെ വീണ്ടും പതിക്കുന്ന പോലെ;

ഏകമായാപ്രതീതി കൊളുത്തി-
ശ്ശോകമൊട്ടുക്കകലെത്തുരത്തി,

ആദിമദ്ധ്യാന്തഹീനമാം മട്ടാ
നാദവാഹിനി വീർപ്പിട്ടൊഴുകി.

മുഗ്ദ്ധഗാനസരിത്തതിൽജ്ജീവ-
ന്മുക്തരായ് മുങ്ങി നീന്തിയെല്ലാരും! ...

നിന്നു ഗാനം-കുറച്ചുനേരത്തേ-
യ്ക്കൊന്നുമാരുമനങ്ങിയില്ലൊട്ടും.

പിന്നെയേറ്റു നൃപേന്ദ്രനുൽഫുല്ല-
സ്വിന്നശാന്തസ്മിതാർദ്രാസ്യനായി.

ആ മിഴികളിൽത്തിങ്ങിത്തുളുമ്പി
സീമയറ്റഭിനന്ദനഭാവം.

ആനതാസ്യനായ് കൂപ്പുകൈയോട-
ഗ്ഗാനലോലൻ സഭാഗൃഹം വിട്ടു.

ഹാ, മനസ്സിൽ പ്രതിദ്ധ്വനിക്കുന്നു-
ണ്ടാ മനോഹരനൂപുരാരവം.

തന്മിഴികൾക്കു മുന്നിൽ പ്രപഞ്ചം
നന്മപൂത്ത പൂവാടിയായ് മിന്നി;

പുഞ്ചിരിക്കൊണ്ടു, ഗാനാർദ്രമാം തൻ
നെഞ്ചകമ്പോൽ നിലാവല ചിന്നി!

ആറ്റുവക്കിലാ മാമരക്കാവി-
ലാത്മശാന്തിതന്നങ്കുരം പോലെ,

നേർത്ത നീലനിലാവിൽ, പുളകം
ചാർത്തിനിൽക്കും കുടിലിനു നേരേ;

പാലപൂത്തു പരിമളം കാറ്റിൽ
പാറിയെത്തുമപ്പാതയിലൂടേ,

മായികനൃത്തമാടിടും മൂക-
ച്ഛായകൾതന്നകമ്പടിയോടേ,

കാട്ടുപൊന്തയിൽ രാക്കിളി പെയ്യും
പാട്ടു കേട്ടു രസിച്ചു ഗമിയ്ക്കെ,

ബദ്ധകൗതുകം മന്ത്രിച്ചിതിത്ഥം
ശുദ്ധശുദ്ധമാഗ്ഗായക ചിത്തം:-

"വിശ്വസൗന്ദര്യമൊന്നിച്ചൊരാത്മ-
വിസ്മൃതിയ്ക്കധിനായികയായി,

സ്പഷ്ടരൂപമെഴാതേവമെന്നോ-
ടൊട്ടിനിൽപവളാരു നീ, ദേവി? ..."

രണ്ട്

രാമണീയകം മേളിച്ചിണങ്ങി
രാപകലുകളോരോന്നു നീങ്ങി.

ശേഖരകവിപുംഗവകീർത്തി-
മേഖലയിൽ വസന്തം വിളങ്ങി.

മാനവേന്ദ്രനാം നാരായണനാൽ
മാനിതനായ്, യശോധനനായി,

ചേലിയലു 'മമരാപുരി' യിൽ
ലാലസിച്ചിതഗ്ഗായകവര്യൻ!

ധന്യധന്യമത്തൂലിക ജീവ-
സ്പന്ദമേകിന ഗാനശതങ്ങൾ,

വർണ്ണനാതീതവശ്യത വായ്ക്കും
വർണ്ണസങ്കീർണ്ണപിൻഛിക വീശി,

മർത്ത്യഹൃത്തിനടിത്തട്ടിലെത്തി-
ത്തത്തി മാസ്മരനൃത്തം നടത്തി!

അപ്രതിമപ്രതിഭയിൽ മങ്ങാ-
തുജ്ജ്വലിക്കും മയൂഖനാളങ്ങൾ,

ഇന്ദ്രചാപങ്ങൾ നെയ്തുനെയ്താടും
സുന്ദരമാമഭാവനതന്നിൽ,

ചിത്തമൊന്നായ്ക്കവർന്നിടുമോരോ
ചിത്രപംക്തികൾ മേളിച്ചിച്ചിണങ്ങി,

ചിന്തപൂത്തും തളിർത്തും പുളകം
ചിന്തിനിന്നു സുഷമയിൽ മുങ്ങി.

ചുറ്റുമുറ്റിപ്പടർന്നതിൽത്തങ്ങി
കുറ്റമറ്റ കലാത്മകഭംഗി.

ഹാ, മരതകപ്പച്ചയൊലിക്കും
കോമളശ്രീയമുനാതറത്തിൽ,

നിത്യപൂരുഷ, നച്യുതൻ, കൃഷ്ണൻ,
നിത്യനാരിയാം രാധയുമായി,

ആത്തരാഗം രമിച്ച രംഗങ്ങൾ-
ക്കാത്മദീപ്തമാം രൂപമിണക്കി,

ഫുല്ലഗാന്ധർവ്വമാധുര്യമുൾച്ചേർ-
ന്നുല്ലസിച്ചിതപ്രേമഗാനങ്ങൾ!

'മഞ്ജരി'- രാജകന്യതൻ തോഴി-
മഞ്ജിമയ്ക്കൊരു കുഞ്ഞലയാഴി

ഉണ്ടവൾക്കൊരു ചെമ്പനിനീർപ്പൂ-
ച്ചെണ്ടിനൊപ്പം ചിരിക്കുന്ന ചിത്തം!-

അംഗുലിയൊന്നനങ്ങുകിൽ ഗാനം
വിങ്ങിടും വീണഓലൊരു ചിത്തം!-

സ്പന്ദനങ്ങളിൽ സൗരഭം തേങ്ങും
മന്ദവായുപോൽ നേർത്തൊരു ചിത്തം!-

സാത്വികാസ്വാദനങ്ങളെപ്പുൽകി-
സ്സൽക്കരിക്കുന്ന സമ്പൂതചിത്തം! ...

ആ നടപ്പാത നിർജ്ജനമായി-
പ്പൂനിലാവുലഞ്ഞന്തി വരുമ്പോൾ,

കട്ടിവെച്ച നിഴലുകൾ മുന്നിൽ
മുട്ടുകുത്തി നമസ്കരിക്കുമ്പോൾ,

ഗായകാലയപാർശ്വത്തിലൂടേ
ഗാനസാന്ദ്രമാം നെഞ്ചിടിപ്പോടേ,

സ്നാനകർമ്മാർത്ഥമാറ്റുവക്കത്തേ-
യ്ക്കാനതാംഗിതന്നാഗമം കാണാം.

പോയിടാതെ കവിയുടെ വീട്ടിൽ-
പോയിടാറില്ലവളൊരു നാളും.

ഓലമേഞ്ഞു, മൺഭിത്തികളോടും
ശ്രീലഹർഷദസ്വച്ഛതയോടും;

ഉച്ചവെയ്ലുമരിച്ചിറങ്ങാതേ
പച്ചകെട്ടിയ പന്തലുപോലെ,

നാലുദിക്കിലും പൂമരം തിങ്ങി
ലോലമർമ്മരം മാറാതിണങ്ങി,

മന്ദവായുവിൽ പൂമഴ വീഴും
സുന്ദരാങ്കണവീഥികളോടും;

ലാലസിക്കുമക്കൊച്ചു കുടിലിൽ
കാലുകുത്താൻ കഴിവതുപോലും,

ഭാഗ്യമെന്നോർത്തു നിത്യപ്രശംസാ-
യോഗ്യമാശ്ശുദ്ധകന്യാഹൃദന്തം.

ദീപദീപ്തമാ മച്ചിൽ, സുഗന്ധ-
ധൂപലാളിതയായൊരു കോണിൽ,

അങ്കിതലതാപുഷ്പാദിചിത്ര-
സങ്കലിതമാം കൊച്ചു പുൽപ്പായിൽ;

തെല്ലിടം ചാഞ്ഞു കൈ നിലത്തൂന്നി,
മുല്ലമൊട്ടൊന്നു ചെഞ്ചുണ്ടിൽ മിന്നി,

ഹാ, വലംകൈത്തളിരിൽച്ചിബുകം
പൂവിതൾപോലലസമായ്ത്തങ്ങി,

പ്രീതിപൂർവ്വം ചടഞ്ഞിരുന്നോരോ-
ന്നോതിടുന്നതു കേട്ടു രസിയ്ക്കെ;

എത്രഗന്ധർവ്വലോകംകടന്നാ
മുഗ്ദ്ധകന്യകാചിത്തം പറന്നു!

നിർമ്മലാശയൻ ഗായകൻ തൂകും
നർമ്മസൂക്തത്തിരച്ചാർത്തിലൂടെ,

എത്ര വിദ്രുമദീപങ്ങൾ ചുറ്റി-
ത്തത്തിയാ സ്വപ്നലോലഹൃദയം!

നീലിമയിൽക്കിനാവുകൾ നീന്തും
നീണ്ടിടമ്പെട്ടൊരാ മിഴി രണ്ടും,

മിന്നി, മിന്നി, മനോഹരസ്മേരം
ചിന്നി, നക്ഷത്രരേണുക്കൾ പൂശും!

ആ വിലാസിനി തൻതളിർപ്പട്ടു-
ദാവണികൾതൻ വർണ്ണപ്രിയത്തിൽ,
കറ്റവാർകൂന്തൽ പൂവെച്ചു ചീകി-
ക്കെട്ടി മോടി ചമയ്ക്കുമാ മട്ടിൽ,

അൽപനാളായഭിനവകാമ്യ-
കൽപനയൊന്നു വേറിട്ടു കാണാം.

ആടയാഭരണാദികളാലാ
മോടികൂട്ടുന്നതാരാസ്വദിക്കാൻ?

ഒക്കിൽ മൺകുടംവെച്ചു, കിണറ്റിൻ
വക്കിലെത്തുന്ന നാട്ടുപെണ്ണുങ്ങൾ,

കാതു കൈ കഴുത്തോരോന്നൊളിവിൽ-
ക്കാണിനേരം പരസ്പരം നോക്കി,

തെല്ലസൂയതികട്ടി വിഴുങ്ങി
മെല്ലെയൊന്നു ചിരിച്ചതിൻ ശേഷം,

തമ്മിലെന്തോ കുണുകുണുത്തൊന്നോ-
ടുണ്മയിൽ ച്ചേർന്നൊരുത്സവംകൂടി,

ശിഞ്ജിതമ്പോലിടയ്ക്കിടെപ്പൊങ്ങി
മഞ്ജരിയെന്ന പേരിന്റെ ഭംഗി! ...

അമ്പലക്കുള, മാപണം, രഥ്യാ-
മണ്ഡലം, വഴിയമ്പലം, സത്രം,

ഏന്നേ, ണ്ടൊരു നാലുപേർ നാട്ടി-
ലൊന്നുചേരുമിടങ്ങളിലെല്ലാം,

മഞ്ഞിനെപ്പൂനിലാവുപോൽപ്പുൽകീ
മഞ്ജരീശേഖരാഖ്യകൾ തമ്മിൽ!

വല്ലതുമൊന്നു കിട്ടിയാലേറെ-
ച്ചൊല്ലുവതാണു ലോകസ്വഭാവം.

എന്നുമല്ലിതിൽക്കുറ്റപ്പെടുത്താ-
നൊന്നുമില്ല ജനങ്ങളെയാരും!

ശേഖരനൊരു കാരണം പാകി
ശാഖകളതിനന്യരുമേകി.

മന്ദിരാന്ത വിജനതയിങ്കൽ
മഞ്ജരിയുടെ സന്ദർശനങ്ങൾ,

തന്മനസ്സിനു സമ്പൂതമാമൊ-
രുന്മാദാസ്പദമാണെന്ന സത്യം,

പാരിൽനിന്നൊളിയ്ക്കാനൊരുനാളും
പാടുപെട്ടില്ലവനണുപോലും!

മഞ്ജരി-ലസൽത്യ്രക്ഷരി-ശബ്ദ-
രഞ്ജനതൻ മൃദുമധുമാരി;

അർത്ഥമോ?-തൂമലർകുലയെന്നാ-
ണെത്ര മാധുര്യപൂർണ്ണമാനാമം!

ഹന്ത, സാധാരണർക്കീയഭിജ്ഞ-
യ്ക്കെന്തഴകൊന്നിതിൽപ്പരം വേണം?

എങ്കിലും, തൃപ്തി പൂർണ്ണമായീലാ
തങ്കരളിൽക്കവി, യ്ക്കതുമൂലം,

ഭംഗികൂട്ടാനപ്പേരിനൊരോമൽ-
ത്തൊങ്ങൽകൂടിത്തൊടുത്തിട്ടു ധന്യൻ.

അങ്ങനെ, വെറും മഞ്ഞരി പേർത്തും
പൊങ്ങി 'വാസന്ത' മഞ്ജരിയായി!

'ചിത്ര!' മെന്നായ്ച്ചിരിച്ചു സാമാന്യ-
മർത്ത്യർ കേട്ടു തലയാടിയോതി!! ...

മൂന്ന്

ന്നുചേർന്നു വസന്തം-വനശ്രീ-
വർണ്ണലജ്ജ വഴിഞ്ഞു ചിരിച്ചു.

തത്തിയെത്തുന്ന തൈമണിക്കാറ്റിൻ
തൽപമേറിസ്സുഗന്ധം മദിച്ചു.

വണ്ടുവന്നു വലംവെച്ചുരുമ്മി-
ത്തണ്ടുലയുന്ന താമരപ്പൂക്കൾ,

പാടലശ്രീ പകർന്നിടതിങ്ങി-
സ്ഫാടികോജ്ജ്വലവാചികൾ മിന്നി,

നീട്ടി നീട്ടിക്കുറുക്കിക്കുറുക്കി-
ക്കാട്ടിൽ നീളെക്കരിങ്കുയിൽ കൂകി.

പൊന്നൊലിയ്ക്കുമിളവെയിൽച്ചാലിൽ
മിന്നിയാടും തളിർക്കുലച്ചാർത്തിൽ,

നൂണിറങ്ങിക്കറങ്ങിപ്പതുങ്ങി-
ത്താണുയർന്നു പൂമ്പാറ്റകൾ പാറി.

താലിമാലകൾ കെട്ടിക്കുണുങ്ങി-
ത്തായ്മരം ചേർന്നു വല്ലിനിന്നാടി.

അഷ്ടദിഗ്വധൂരത്നങ്ങളേന്തി
തുഷ്ടി തൂകും ഹിരണ്മയകാന്തി!-

ഏവമോരോ വിലാസങ്ങൾ നേടി-
ഭാവമോഹനമായൊരച്ചൈത്രം,

നൽകി നൂതനചോദനം മേന്മേൽ
പുൽകി ദീപ്തമാം ശേഖര ചിത്തം!

ഭാവനക്കളിത്തോണിയിലേറി-
ദ്ദേവഗംഗയിലങ്ങിങ്ങു ചുറ്റി,

ഉൾപ്പുളകമണിഞ്ഞണിഞ്ഞോമൽ-
ക്കൽപപുഷ്പമധൂളികൾ ചൂടി,

നന്ദനോദ്യാനസൗന്ദര്യസാരം
സ്പന്ദനങ്ങളിൽക്കൂട്ടിക്കലർത്തി,

ജന്മജന്മാന്തരങ്ങളിൽത്തങ്ങും
നന്മയൂറിയൊഴുകിയൊന്നായി,

കർമ്മവൈഭവാബദ്ധമക്കാവ്യ-
കർമ്മയോഗിതൻ മാനസം പാടി!

അന്നു ശേഖരഗാനത്തിൽ നീന്തി
വന്നു രാജസദസ്സിൽ വസന്തം.

കണ്ടു കൺപൂട്ടി ശ്രോതാക്കൾ മുന്നിൽ-
ച്ചെണ്ടുലഞ്ഞ ഹരിതവനാന്തം.

കേട്ടുചുറ്റും ചിറകടിയ്ക്കൊപ്പം
കൂട്ടുപോവും കലകളഘോഷം;

ശംഖനാദസമാനം മുഴങ്ങി-
സ്സംക്രമിക്കും മധുകരാരാവം!

ഏതുലോകമി, തേതാഭിചാര-
സ്ഫീതശക്തിതൻ പൂർണ്ണവിപാകം?

എന്തു രംഗമി, തെന്തഭിമാദ-
തന്ത്രികകൾതൻ മാന്ത്രികോത്സംഗം?

ഹാ, ജനൗഘമെവിടെഗ്ഗമിച്ചു?
രാജസൗധവുമെങ്ങെങ്ങൊളിച്ചു?

എങ്ങു ഭൂവരൻ, രാജസദസ്സെ-
ങ്ങെങ്ങുപോയിതഗ്ഗായകൻ പോലും?

ഒന്നുമി, ല്ലൊക്കെ മിത്ഥ്യയാ, ണുള്ള-
തൊന്നുമാത്രം-ആ വർണ്ണപ്രപഞ്ചം!-

വിഭ്രമോന്മുക്തചേതന, യാത്മ-
വിസ്മൃതിയെപ്പുണരുന്ന മഞ്ചം-

സത്യസൗന്ദര്യസത്തകൾ പൂത്ത
നിത്യശീതളശ്രീലനികുഞ്ജം-

ജാതമോദമങ്ങൊറ്റഞൊടിയിൽ
നീതരായിതാശ്രോതാക്കളെല്ലാം.

അന്നുമത്തിരശീലയ്ക്കുപിന്നിൽ-
നിന്നുതിർന്നു വളകിലുക്കങ്ങൾ.

ഭിത്തിമേലിടയ്ക്കവ്യക്തമായി-
ത്തത്തിയേതോ നിഴലുകളോടി.

പൂത്ത പൊൻകൊന്നപ്പൂങ്കാവുപോലെ
പൂനിലാവു പരന്നതുപോലെ;

ലോലസുസ്മിതമാലകൾപോലെ
ലാലസിച്ചിതാ മഞ്ഞഞെറികൾ.

ഗായകാത്മാവിലേയ്ക്കങ്ങുനിന്നും
പായുകയായൊരാവേശനാളം! ...

കേവലം ഗാനമല്ലതൊരേതോ
ദ്രാവകീകൃതസ്വപ്നസാമ്രാജ്യം.

തൽപ്രവാഹത്തിലേതോ ജഗത്തേ-
യ്ക്കിപ്രപഞ്ചമൊലിച്ചൂർന്നുപോയി.

തണ്ടലർപോൽ വിശേഷിച്ചതിങ്കൽ
രണ്ടുചിത്തം വിടർന്നു നിന്നാടി.

രാജകന്യകതൻ കടക്കന്നിൽ
രാജസമൊരുലാളനം കൂമ്പി! ...

*:::*:::*

ആ വസന്തവിലാസാപദാന-
ഭാവഗാനങ്ങൾ കേട്ടതിൻ ശേഷം.

മന്ദഹാസമോടാത്താനുഭാവം
മന്നവനന്നു ചോദിച്ചിതേവം:-

"ഫുല്ലപുഷ്പപ്രസന്നമായുള്ളോ-
രുല്ലസൽച്ചൈത്ര രാജാങ്കണത്തിൽ,

മത്തടിച്ചാർത്തു മൂളുകയെന്യേ
മറ്റുയാതൊന്നും മക്ഷികയ്ക്കില്ലേ? ..."

തെല്ലുകണ്ണൊന്നു ചിമ്മിച്ചിരിച്ചു
ചൊല്ലിമെല്ലെക്കവീന്ദ്രനുമിത്ഥം:-

"ഉണ്ട്-വാസന്തമജ്ഞരിതൻ തേ-
നുണ്ടിടും ജോലിക്കൂടി, യെൻ സ്വാമിൻ! ..."

കൂട്ടമായിതു കേട്ടു ചിരിച്ചു
കേട്ടുനിന്നവർ രാജസദസ്സിൽ!

ഗായകവര്യനേകിയ നാമ-
ധേയമംഗീകരിച്ചതായ്ക്കേൾക്കെ,

മഞ്ജരിയ്ക്കന്നജിതകുമാരി
മന്ദഹാസം പകർന്നേകിപോലും!

മഞ്ജരിതൻ മനസ്സിലാനന്ദ-
മർമ്മരങ്ങൾ പൊടിഞ്ഞിതുപോലും!-

ഒത്തുചേരുന്നു ജീവിതം തന്നിൽ
സത്യവും പൊയ്യുമാവിധം തമ്മിൽ.

എങ്ങുമീശ്വരൻ തീർപ്പതിൽ, സ്വന്തം
തൊങ്ങൽ കൂട്ടിയിണക്കുന്നു മർത്ത്യൻ.

അക്കവീശ്വരഗാനങ്ങളെന്നാ-
ലൊക്കെയൊന്നുപോൽ സത്യങ്ങള്മാത്രം.

ആദിമാത്രതൊട്ടുള്ളാത്മഖേദം
എഠുമന്തമൊന്നില്ലാത്ത മോദം-

നിത്യഭാവങ്ങളെവമിണങ്ങി
നിസ്തുലങ്ങളഗ്ഗാനങ്ങൾ മിന്നി!!

നാല്

നാടു നീളെപ്പരന്ന യശസ്സിൻ
സ്ഫാടികാഭയിലാമഗ്നമായി,

പൂജതൻ പൂർണ്ണകുംഭാഭിഷിക്ത-
രാജഗായകനാമം വിളങ്ങി!

പുല്ലണിപ്പച്ചത്താഴ്വരക്കാട്ടി-
നുള്ളിലാടുകൾ മേഞ്ഞലയുമ്പോൽ,

ശ്യാമളസരിൽത്തീരത്തിലോരോ
പൂമരം ചേർന്നിരുന്നിടയന്മാർ,

സ്വച്ഛശേഖരഗാനങ്ങൾ വർഷി-
ച്ചുച്ചവെയ്ലിൽ നിലാവുപുരട്ടി!

കാറ്റുപായ്ക്കുട നീർത്തിപ്പിടിച്ച-
ങ്ങാറ്റിൽ നീങ്ങുന്ന തോണികൾക്കുള്ളിൽ,

ഭാവമൊപ്പിച്ചു നേർപ്പിച്ചു നീട്ടി-
ക്കെവുകാരാക്കവിതകൾ പാടി!

താരകകൾ വിളറി, ക്കിഴക്കിൻ
താമരപ്പൊയ്ക പൂത്തുല്ലസിക്കെ;

വൃക്ഷരാശിയിലങ്ങിങ്ങുണർന്നു
പക്ഷികളോരോ കീർത്തനം ചൊൽകെ;

ശീകരാർദ്രമാം വായുവിൽ, നേർത്ത
പൂഗഗന്ധമൊളിച്ചു കളിക്കെ;

കങ്കണങ്ങൾ കിലുങ്ങിക്കിലുങ്ങി
മങ്കമാരത്തയിർ കലക്കുമ്പോൾ,

ഗാമഗഹമുഖങ്ങളിൽനിന്ന-
പ്രേമഗാനങ്ങൾ വീർപ്പുവിട്ടെത്തി;

താലിപൊട്ടിച്ചൊരോമൽക്കൃഷക-
ബാലികതൻ സ്മൃതികളെപ്പോലെ!

ചന്ദ്രശാലയിൽ, ഗീഷ്മാന്തശാന്ത-
ചന്ദ്രികാമയമാകിയ രാവിൽ;

രോമഹർഷങ്ങൾ തിങ്ങി ത്രസിക്കും
കാമുകൻതൻമലർമടിത്തട്ടിൽ;

ആഞ്ഞുപുൽകവേ, ലജ്ജിച്ചു താനേ
ചാഞ്ഞു വീഴും പ്രഭുവരപുത്രി,

കൊക്കുരുമ്മാനിണയടുക്കുമ്പോൾ
കൊഞ്ചി നീങ്ങും കുയിൽപ്പേടപോലെ,

പ്രേമസാന്ദ്രസാകൂതസ്മിതത്തോ-
ടാ മനോഹരഗാനങ്ങൾ പാടി!

അറ്റരണ്ടവറുതിയിൽ, വെള്ളം
തൊട്ടിടാതെ, വയലുകൾക്കുള്ളം,

കത്തിടുമ്പോൾ, കനിവിൻ കഴുത്തിൽ
കത്തിവെയ്ക്കാത്ത കർഷകയോധൻ,

കൊക്കരണിയിൽ ത്ലാവിട്ടു തേകി
നിൽക്കെ, യപ്പാട്ടുമൊപ്പമൊഴുകി!

ചൂടുമാറി, പ്പുതുമഴ ചാറി-
പ്പാടമൊക്കെക്കുളിർക്കുന്ന നാളിൽ;
നീലമേഘത്തെ നോക്കിക്കുടക-
പ്പാല കോൾമയിർക്കൊള്ളുന്ന നാളിൽ;

ഉച്ചനേരത്തു പൊത്തിലൊതുങ്ങി-
ക്കൊച്ചരിപ്രാവു കൂവുന്ന നാളിൽ;

ചേറിലങ്ങിങ്ങു ചേരിനിരന്നു
ഞാറുപാകും പുലപ്പെൺകിടാങ്ങൾ-

കൂട്ടിനുൾലിലിരുന്നു കൂകാനും
ഭാഗ്യമില്ലാത്ത കൊച്ചരിപ്രാക്കൾ-

ചേലുമീട്ടുമൊരീണത്തിലൊന്നി-
ച്ചാലപിച്ചിതാഗ്ഗാനശതങ്ങൾ.

അന്തിമായുമ്പോഴമ്പലമുറ്റ-
ത്തന്തികത്തുള്ളരയാൽത്തറയിൽ,

വട്ടമിട്ടിരുന്നോരോ വിനോദം
തട്ടിമൂളിച്ചു, ധൂമങ്ങൾ ചിന്നി,

മാറിമാറിച്ചിലിമ്പി കൈമാറി
മോദമാളുന്ന കാർപ്പടികന്മാർ,

പാടി, രാധികാമാധവരാഗ-
ധാടി വായ്ക്കുമാദ്ദിവ്യഗീതങ്ങൾ!

ചന്ദ്രലേഖയൊരൽപം സ്ഫുരിച്ചാൽ
മന്ദവായുവന്നൊന്നു മന്ത്രിച്ചാൽ,

ജാലകങ്ങ, സദനാങ്കണങ്ങൾ
ചോലവൃക്ഷച്ചുവടുക, ളേവം,

എങ്ങുനിന്നുമുയർന്നു നാടാകെ-
ത്തങ്ങിടുമക്കവിയുടെ ഗാനം!

പിച്ചയാചിച്ചലയുവോർപോലു-
മുച്ചരിച്ചിതാക്കാവ്യഖണ്ഡങ്ങൾ.

പൊൻമുടിചൂടും മന്നവർപോലു-
മുണ്മയിൽപ്പാടിയഗ്ഗീതകങ്ങൾ-

എന്നുവേ, ണ്ടാക്കവിയുടെ ഗാന-
മൊന്നുരണ്ടു വരികളേന്നാലും

അല്ലലറ്റു ഹൃദിസ്ഥമാക്കീടാ
തില്ല നാട്ടിലന്നൊറ്റൊരാൾ പോലും! ...

ഖ്യാതി പൊങ്ങിയെന്നാകിലും ഗർവ്വ-
മേതുമേശാതഭിമതനായി,

നിത്യതൃപ്തി നുകർന്നുല്ലസിച്ചു
നിഷ്കളങ്കഹൃദയൻ കവീന്ദ്രൻ.

വന്നു സുന്ദരി മഞ്ജരി വീട്ടിൽ
ചെന്നുതാനെന്നും രാജസദസ്സിൽ;

പാടി, മുന്നിലാ മഞ്ഞഞെറിക-
ളാടി-നേരിയ ശിഞ്ജിതം ചിന്നീ!

ശിഞ്ജിതങ്ങൾ, ശിഥിലങ്ങൾ, മുന്നിൽ
മഞ്ജുളങ്ങളാ മഞ്ഞഞെറികൾ!

നേർത്ത നീലനിഴലുക, ളേതോ
വാസ്തവത്തിൻ മുഖാവരണങ്ങൾ!-

ആ യവനികയ്ക്കപ്പുറം, ദിവ്യ-
മായൊരജ്ഞാതഗൂഢപ്രപഞ്ചം!

തന്നനാർഭാടജീവിതാലംബ-
സ്പന്ദനങ്ങൾക്കധിഷ്ഠാനതാരം,

ഉല്ലസിപ്പതുണ്ടങ്ങതി, ലേതോ
ഫുല്ലവിദ്യുൽ പരിവേഷപൂർവ്വം!

താനതിനെത്തന്നാത്മഗാനത്താൽ
താണു കൈകൂപ്പിയർച്ചനചെയ്വൂ!-

എന്തുശാന്തിയാ, ണെന്താത്മഹർഷം
എന്തു ദിവ്യപ്രചോദനവർഷം!

എത്രധന്യനാ, ണെത്ര സന്തുഷ്ട-
നെത്ര സംതൃപ്തനക്കവിവര്യൻ!

കന്മഷമറ്റാജ്ജീവിത, മോമൽ-
ക്കമ്രകൽഹാരവാപിപോൽ മിന്നി!! ...

അഞ്ച്

രാഗമോഹമദാദികൾ തങ്ങി
രാപകൽത്തിരയോരോന്നു നീങ്ങി.

ദക്ഷിണദിക്കിൽനിന്നാർത്തണഞ്ഞു
ദക്ഷദക്ഷനൊരു കവിമല്ലൻ;

ശീതശാന്തശരൽക്കാലസന്ധ്യാ-
വേദിയിലൊരിടിവെട്ടുപോലെ-

സ്വപ്നസാന്ദ്രസുഷുപ്തിയിലേക
ശപ്തമക്വണദംശനംപോലെ-

ചാരുനൃത്തഗാനോത്സവമദ്ധ്യേ
ചീറിടുമൊരു പേമാരിപോലെ-

വ്യാപൃതഭാവകാവ്യകർമ്മത്തിൽ
വ്യാകരണവിഡംബനംപോലെ!

നാട്ടിൽനിന്നു തിരിച്ചു, താൻ ചെന്ന
നാട്ടിലെങ്ങും ജയക്കൊടി നാട്ടി,

ലോകമൊട്ടുക്കെഴും കവിവര്യർ-
ക്കാകമാനമടിയറവേകി,

അന്നൊടുവിലമരാപുരിയിൽ
വന്നതാണുപോലാ മഹോദ്ദണ്ഡൻ!

മുണ്ഡിതശീർഷപിണ്ഡ, മതിങ്കൽ
തുണ്ഡതുല്യം നടുക്കൽപകേശം,

ചന്ദനാങ്കിതസ്വിന്നലലാടം
നിന്ദപൊങ്ങിക്കുമളച്ച നേത്രം.

കുഞ്ചിതാഗമാം നാസ, യിന്നോളം
പുഞ്ചിരിയൊന്നു പുൽകാത്ത വക്ത്രം-

വല്ലകാലത്തതിനതു വന്നാൽ
പല്ലുമാത്രമിളിയ്ക്കുന്ന വക്ത്രം.

ഒട്ടിയ കവിൾത്തട്ടുകൾ, കണ്ഠം
മുട്ടി മിന്നിടും സ്വർണ്ണരുദ്രാക്ഷം.

കുങ്കുമഭസ്മചന്ദനരേഖാ-
സങ്കരാങ്കിതപങ്കിലഗാത്രം.

കൈയിലാ വീശുപാള, പിൻപേ വാ-
ക്കയ്യു പൊത്തിയ ശിഷ്യസമൂഹം.

ചുറ്റുപൂണുനൂൽ മാറിലതേതോ
തറ്റുടുത്ത സജീവകങ്കാളം.

സർവ്വശാസ്ത്രത്തികവും, ദുരയും
ഗർവ്വു, വൻപും, കുളിയും കുറിയും,

ഹാ, ക്തർക്കും, പിശുക്കും കുറുമ്പും
ലോകനിന്ദ കുനിഷ്ഠും കുശുമ്പും

ഒക്കെയൊന്നിച്ചു ചേർത്തൊന്നിണക്കാ-
നൊക്കുമെങ്കി, ലശ്ശാസ്ത്രിയോടൊക്കും!

കർക്കശൻ കലി ചത്തുയർന്നേറ്റ
കൽകിതന്നെയപ്പണ്ഡിതരാജൻ!!

വാക്കിലോരോന്നുമെട്ടുപത്തർത്ഥം
വാ പൊളിച്ചും, പൊളിപ്പിച്ചു കൊന്നും,

ശ്ലേഷവും, ധ്വനി, പ്രാസം, യമകം
ശേഷമുള്ള സമസ്തകസേത്തും,

അട്ടിയട്ടിയായ്ച്ചേർന്നൊരു കീറാ-
മുട്ടിയായി മരവിച്ച പദ്യം,

ബദ്ധഗർവ്വമൊടിച്ചു മടക്കി-
സ്രഗ്ദ്ധരച്ചട്ടക്കൂട്ടിലടക്കി,

കാഴ്ചവെച്ചു നരേന്ദ്രനെ വാഴ്ത്തി-
ക്കാൽത്തളിരിലക്കാവ്യപ്രഭാവൻ!

പദ്യപാരായണാൽപരം ഭൂപൻ
ഹൃദ്യമായോതി സസ്മിതമേവം:-

"ഭദ്ര, ഹേ, കവേ, സ്വാഗതം, നീണാ-
ളുദ്രസം ഭവാൻ വാഴുകായുഷ്മൻ!"

മെല്ലെയൊന്നു നമിച്ചു സഗർവ്വം
ചൊല്ലിനാനിദം പുണ്ഡരീകാഖ്യൻ:-

"മന്ദിരേ, ഭോ, മദാഗമം, ശബ്ദ-
ദ്വന്ദയുദ്ധാർത്ഥമാണദ്യ, ധീമൻ!

കുത്ര കർഹിചിൽ കർശിതം, ഹാ, മൽ
ജൈത്രയാത്രാകലാഹകം, ശ്രീമൻ!

ദേഹി ദേഹി മേ വാഗ്രണഭൂമൗ
ദാഹികപ്രതിദ്വന്ദിയെ, സ്വാമിൻ! ..."

ഒന്നുയർന്നക്കവീന്ദ്രനു നേരേ
കണ്ണെറിഞ്ഞൊരു പുഞ്ചിരി തൂകി,

"ഉണ്ടു ഞങ്ങൾക്കു ശേഖരൻ"-മാനം
വിണ്ടുകീറാതെ കാത്തൂ മഹീശൻ!

സ്പന്ദനങ്ങൾക്കു തീവ്രതയേറി
സുന്ദരമാം കവിഹൃദയത്തിൽ-

അന്തരാത്മാഭയിൽ സപ്തവർണ്ണം
ചിന്തിമിന്നും മണിമുകുരത്തിൽ!

വാസ്തവത്തിൽ തനിക്കറിവീലാ
വാക്സമരമതെന്തെന്നുപോലും!

വാക്കുകൾ- അവർ യുദ്ധത്തിനെന്നോ?
പോർക്കാളത്തിലവർക്കെന്തു കാര്യം?

തറ്റുടുത്തു തുടയ്ക്കവ തല്ലി-
പ്പറ്റലരോടെതിർപ്പവരാണോ?

കട്ടകെട്ടുന്ന രക്തക്കളത്തെ-
പ്പട്ടുമെത്തയെന്നോർക്കുവോരാണോ?

പ്രാണനിലാ നഖാഗങ്ങൾ കേറ്റി-
ശ്ശോണിതം നക്കി നിൽക്കുവോരാണോ?

ദേവഹർമ്മ്യങ്ങൾ തീവെച്ചു മാട-
പ്രാവുകളെപ്പിടിപ്പവരാണോ?

വാക്കിൽനിന്നാണുസർവ്വവും-അയേ്യാ,
വാക്കുകൾ!-അവർ യക്ഷികളാണോ?

വൈപരീത്യമിതെന്തു, താൻ കണ്ട
വൈഖരികളഹോ, കുലസ്ത്രീകൾ!

കന്ദുകക്രീഡയാടിടുമോമൽ
സുന്ദരികൾ, സുശീലകൾ മാത്രം.

ശപ്തസംഗാമഭൂമിയിലേയ്ക്കാ
സ്വപ്നലോലകളെമ്മട്ടു ചെല്ലും?

രോമഹർഷം വിതയ്ക്കുമക്കൈകൾ
ഭീമഖഡ്ഗങ്ങളേന്തിടുമെന്നോ?

ചുംബനങ്ങൾ തുളുമ്പിടുന്നോര-
ച്ചൂണ്ടു രക്തം കുടിച്ചിടുമെന്നോ?

വിശ്വസിക്കാനരുതു തനിയ്ക്കീ
വിക്രിയാവൈകൃതങ്ങളെത്തെല്ലും!

-എങ്കിലു, മൊരു നൊമ്പരം തോന്നീ
തൻ കരളിൽ കവിയ്ക്കെന്തുകൊണ്ടോ!



അന്നു രാത്രിയിലേകാന്തശാന്ത-
സുന്ദരമാം നിജാലയം തന്നിൽ,

വിശ്ലഥനിദ്ര വീണ്ടും തൊടുത്തു
വിശ്രമിക്കും കവിയുടെ മുന്നിൽ,

കുഞ്ഞുകുഞ്ഞല ചിന്നിയുലഞ്ഞാ
മഞ്ഞവർണ്ണയവനിക മിന്നി.

ഇല്ല ശിഞ്ജിത, മില്ല സുഗന്ധ-
മില്ല നേരിയോരാ നിഴലാട്ടം.

എന്തു മൂകത, യെന്തൊരു ശൈത്യം
എന്തസഹനീയോഗജഡത്വം!

ഒന്നു പാടാൻ കഴിഞ്ഞെങ്കി, ലയ്യോ,
തന്നിൽനിന്നുമാപ്പാട്ടെങ്ങു പോയി?

ജീവനാണു തൻപാ, ട്ടതു പോയി
കേവലം താൻ വെറും പ്രേതമായി!

പ്രേതമാണു താൻ-തൻപേരിൽ മേലിൽ
പ്രീതി തോന്നിയിട്ടാർക്കെന്തു കാര്യം?

അത്ഭുത, മാ യവനികയെമ്മ-
ട്ടിത്ര വേഗം കരിന്തുണിയായി?

എങ്ങുപോയിതാ മഞ്ഞഞെറികൾ?-
മംഗലത്തിന്റെ പൂപ്പുഞ്ചിരികൾ!

അക്കരിമറതൻ പിന്നിലെന്താ-
ണഗ്നിനാളങ്ങൾ, ചെന്തീപ്പൊരികൾ!

കത്തിപോൽ ക്കൈവിരലുകൾ മീതേ
തത്തി നിൽപൂ നഖാഗകോഗങ്ങൾ!

ചഞ്ചലിപ്പൂ തിര, യതിന്നേതിൻ
നെഞ്ചെരിക്കും തിരപ്പുറപ്പാടോ? ...

മാറിയാ മറ-പന്തങ്ങളാളി
മാരകമതെന്തുദ്രുജവ്യാളി!

അട്ടഹാസ, മാ ദംഷ്ട്രകൾ-കണ്ടാൽ
ഞെട്ടും-എന്തു ഭയങ്കരസത്വം!

മുണ്ഡിതോച്ഛിഖശീർഷ, മതാരാ-
പ്പുണ്ഡരീകൻ!-നടുങ്ങീ കവീന്ദ്രൻ!

കണ്ണു ഞെട്ടിത്തുറന്നു-തമസ്സിൽ
കമ്രതാരം വിളിപ്പൂ നഭസ്സിൽ!! ...

ആറ്

പാടലബലിക്കല്ലിനു മുൻപൊ-
രാടിനെപ്പോലരണ്ടാഞ്ഞു ചൂളി,

പണ്ഡിതാഢ്യനെതിരേ, വിവർണ്ണ-
ഗണ്ഡനായ് കവി ചെന്നൊന്നു നിന്നു.

ധ്യാനലോലമാം പുഞ്ചിരിയോടേ
താണു കൈകൂപ്പിത്താഴത്തിരുന്നു.

ഒന്നു ശീർഷമനക്കിയതല്ലാ-
തൊന്നുമേ ചെയ്തീലുദ്ധൃതഗർവ്വൻ.

പിന്നിൽ മേവുന്ന ശിഷ്യർതൻ നേരേ
പിന്നെയൊന്നർത്ഥഗർഭമായ് നോക്കി.

മർത്ത്യലക്ഷനിബിഡിതം വാണീ-
മത്സരാങ്കമാ മന്ത്രശാലാന്തം.

ശ്വേതഭിത്തികാശീർഷശാലാഗ
പീതലോലയവനിക മിന്നി.

അങ്ങു നോക്കവേ ഗായകഹൃത്തി-
ലങ്ങുമിങ്ങുമൊരിക്കിളിയോടി.

ധ്യാനപൂർവ്വം നമിച്ചു പിന്നീട-
ഗ്ഗാനലോലഹൃദയമിതോതി:-

"മത്സമീപേ വിജയമണഞ്ഞീ
മത്സരത്തിലിന്നെന്നെ വരിക്കിൽ,

കാഹളിതമാമിങ്ങവിരാമം
സ്നേഹരൂപിണി, ദേവി, നിൻ നാമം! ..."

ഭേരി പൊങ്ങി മുഴങ്ങി-വണങ്ങി-
ദ്വാരപാലകൻ വാങ്ങിയൊതുങ്ങി.

"വെല്ക, നാരായനാഖ്യൻ നരേന്ദ്രൻ
വെല്ക, നാടിൻ പുരാപുണ്യചന്ദ്രൻ!"-

വാച്ച ഭക്തിയോടൊത്തു കൈകൂപ്പി
വാഴ്ത്തിയുച്ചത്തിൽ വൈതാളികന്മാർ.

ദാർവ്വടമൊന്നിളകീ-ജനൗഘം
സാർവ്വഭൗമനെക്കണ്ടേറ്റുകൂപ്പി.

വൈരധൂളികൾ പാളിപ്പളുങ്ങും
ഗൗരനീരാളധാരാഞ്ചലങ്ങൾ,

ചന്ദ്രകാന്തത്തറയിലിഴഞ്ഞു
മന്ദഹാസം മെഴുകി സ്രവിക്കെ;

വജ്രകുണ്ഡലം വെട്ടിത്തിളങ്ങി
വസ്ത്രമണ്ഡലദീപ്തി വർദ്ധിക്കെ;

മുഗ്ദ്ധകോടീരപുച്ഛകപിച്ഛം
മുത്തൊളിയിലിളകിക്കളിക്കെ;

മാറിൽ മഞ്ജുമണിമയമാല്യം
മാരിവിൽ മാറി മാറി മഥിക്കെ;

ഹാ, പദേ പദേ രാജസശ്രീതൻ
വ്യാപിതാംശുക്കൾ പൂമഴപെയ്കെ;

അങ്കിതശാസ്ത്രസജ്ജാഢ്യരായോ-
രംഗരക്ഷകന്മാരൊടുംകൂടി;

കാന്തിതൻ നീലനീരലച്ചാലിൽ
നീന്തിനീങ്ങും ശരന്മുകിൽ പോലെ;

വന്നു, ഹേമാംഗസിംഹാസനത്തിൽ
വന്ദ്യധാത്രീന്ദ്രവര്യനിരുന്നു.

ആദരമാർന്നിടംവലമൊപ്പ-
മാളികൾ നിന്നു ചാമരം വീശി.

-അല്പമാത്രകൾ പോയി, ജനൗഘം
അപ്പൊഴേയ്ക്കുമൊന്നുൽബുദ്ധമായി.

"വെല്ക, ശേഖരൻ, രാജകവീന്ദ്രൻ
വെല്ക സംഗീതവാസന്തചന്ദ്രൻ! ..."

വാച്ചതുഷ്ടിയോടൊത്തു കൈയാട്ടി
വാഴ്ത്തിയുച്ചത്തിലാർത്തു പൗരന്മാർ.

"വെല്ക, പുണ്ഡരീകാഖ്യൻ, സുധീന്ദ്രൻ!
വെല്ക, വിശ്വൈകകാലാപകേന്ദ്രൻ ..."

വർദ്ധിതാദരം പ്രാർത്ഥിച്ചു പാർശ്വ
വർത്തികളായ ഭക്തശിഷ്യന്മാർ ...

പുണ്ഡരീകനെഴുന്നേറ്റു-ശാലാ-
മണ്ഡലാന്തം പ്രശാന്തതപെറ്റു.

ധിക്കൃതത്തള്ളലാൽ സ്വയം കണ്ഠം
പൊക്കി, മുറ്റി മുഴങ്ങും സ്വരത്തിൽ,

കാപടികൻ നൃപസ്തുതിക്കമ്പ-
ക്കാലിനു തീ കൊളുത്തിപ്പുളച്ചു.

അക്കൃതിയിൽ നൃപാലനൊരിക്കൽ
പൊക്കമുള്ളൊരു പർവ്വതമായി.

പിന്നെ വിസ്തൃതസാഗരമായി
പിന്നെയുഗവനാന്തരമായി.

ചന്ദ്രനായ്നിന്നിട്ടിന്ദ്രനായ്മാറി
ചന്ദ്രഹാസമിളക്കിയലറി.

ബ്രഹ്മനായ്, വിഷ്ണുവായ്, ശിവനായി
ഷണ്മുഖനായി, വിഘ്നേശനായി

മിത്രവർഗ്ഗത്തിൻ കൽപകമായി
ശത്രുരാശിക്കു കാലനുമായി.

കാമിനിമാർക്കു കൺകുളിരേകി-
ക്കാമദേവനായ് കാൽക്ഷണം മേവി

ഹന്ത, പാവം നൃപനെപ്പിടിച്ചെ-
ന്തിന്ദ്രജാലങ്ങൾ കാട്ടിയാ വീരൻ!

അബ്ധിവീചികൾ പോലിരച്ചാർത്ത-
ഭിത്തികളിലടിച്ചു ചിതറി,

കേട്ടുനിൽക്കും ജനങ്ങൾതന്നസ്ഥി-
ക്കൂട്ടിനുള്ളിലൂടൂളിയിട്ടോടി,

വിത്രസിച്ചിതക്കൗസൃതികൻതൻ
വിഭ്രമപ്രദവാഗ്വിഭവങ്ങൾ!

തൽക്കൃതിയിൽ ധ്വനികളും മറ്റും
തിക്കുകൂട്ടും പരമരഹസ്യം,

കെട്ടുഴി, ച്ചിഴയോരോന്നു പൊക്കി-
ക്കാട്ടി പിന്നെയക്കാവ്യകണ്ഡൂലൻ

ഹൃസ്വമാകുമാ നാരായണാഖ്യ-
യ്ക്കർത്ഥമായിരമേച്ചേച്ചുകെട്ടി,

പന്തലിപ്പിച്ചുയർത്തിപ്പിടിച്ചോ-
രിന്ദ്രജാലത്തെ ദർശിച്ച നേരം,

ഒന്നൊഴിയാതെ കണ്ണും മിഴിച്ചു
നിന്നുപോയ് മർത്ത്യരാബാലവൃദ്ധം!

പുണ്ഡരീകനിരുന്നു-ഹാ, മർത്ത്യ-
മണ്ഡലമൊന്നു മൂരിനിവർന്നു.

സ്ഥൂണരാശിയ്ക്കിടകളിൽ, മർത്ത്യ-
മാനസങ്ങളിൽ, മാറ്റൊലി വീശി,

പിന്നെയും തങ്ങിനിൽപതായ്ത്തോന്നി
മന്ദ്രഗംഭീരമാ സ്വരസ്പന്ദം.

അന്യദേശത്തുനിന്നണഞ്ഞോര-
ദ്ധന്യരോരോ മഹാപണ്ഡിതന്മാർ,

"വീര, നെന്തൊരു വീരൻ!"-എന്നിത്ഥം
വീറോടൊന്നിച്ചു കൈയടിച്ചാർത്തു!

മന്നവേന്ദ്രനൊരുൽക്കണ്ഠ വെമ്പും
കണ്ണുരച്ചു കവിയുടെ കണ്ണിൽ.

കാതരമാം കടമിഴിയാലേ
കാവ്യകാരൻ നൃപനെയും നോക്കി.

അസ്ത്രമേറ്റു കുതിക്കവേ, മാർഗ്ഗം
മുട്ടി വീണോരു മാനിനെപ്പോലെ,

പാടുപെട്ടൊന്നെഴുന്നേറ്റു, പാവം,
പാടുവാനായൊരുമ്പെട്ടു നിന്നു.

മുത്തൊളിക്കവിൾത്തട്ടുകൾ മങ്ങി
മുഗ്ദ്ധയെപ്പോലെ നാണിച്ചൊതുങ്ങി,

ലോലതയിൽ തരുണിമയാടി
ലാലസിയ്ക്കുമക്കോമളരൂപം;

കണ്ഠകീലകബന്ധമൊരുക്കി-
ക്കമ്പിയെല്ലാം മുറുക്കിയിണക്കി,

ഒന്നുതൊട്ടാലുടൻ പാട്ടുപെയ്യാ-
നുന്നി നിന്നിടും വീണപോൽ തോന്നി!

നേർത്ത സൗമ്യസ്വരത്തിൽ, നിജാസ്യം
താഴ്ത്തി ഗായകൻ ഗാനം തുടങ്ങി.

ഒന്നുമേ കേട്ടതില്ലതിലാദ്യ-
മൊന്നുരണ്ടു വരികളൊരാളും.

മന്ദമന്ദമശ്ശീർഷമുയർന്നു
മഞ്ജു ഗാനവുമൊപ്പം വളർന്നു.

അത്രമാത്രം തെലിമയും ചേണു-
മൊത്തിണങ്ങിയോരസ്വരനാളം,

പാളി മേലോട്ടു മേലോട്ടു, കത്തി-
ക്കാളിടുമൊരു തീജ്വാലപോലെ!

ഭൂതകാലതിമിരാന്തരത്തിൽ
പാതിമാഞ്ഞു, മൊളിഞ്ഞും, തെളിഞ്ഞും,

ലാലസിക്കുമാ വിശ്രുതധാത്രീ-
പാലവംശപവിത്രചരിത്രം,

വാഴ്ത്തി, യോരോരോ സംഭവചിത്രം
കോർത്തിണക്കിരസാത്മകമാക്കി,

ഹാ, വിശിഷ്ടമൊരു ലഘുകാവ്യം
ഭാവസാന്ദ്രമായ് പാടീ കവീന്ദ്രൻ.

വീരകൃത്യസഹസ്രാപദാനം
ചോരയിൽ നിന്നുറഞ്ഞൊരാ ഗാനം

വന്നു വന്നതു മുന്നിലാ മിന്നും
മന്നവന്റെ ചരിതത്തിലെത്തി.

ഓട്ടമായ്ച്ചുടുരക്തം ഞരമ്പിൽ
കേട്ടുനിൽക്കും പ്രജകളിലെല്ലാം

വിഷ്ടപേന്ദ്രമുഖത്താക്കവീന്ദ്രൻ
ദൃഷ്ടി ബന്ധിച്ചു ഗാനമർച്ചിക്കേ,

കേട്ടു ചുറ്റിലും കോൾമയിർക്കൊള്ളും
നാട്ടുകാർക്കെഴും ഭക്തിപ്രകർഷം,

തുഷ്ടിവായ്ക്കുമഗ്ഗാനത്തിൽനിന്നു-
മഷ്ടഗന്ധപ്പുകച്ചുരുൾ പോലെ,

പൊങ്ങിയൂർന്നുലഞ്ഞങ്ങനെ ചെന്നാ
മന്നവേന്ദ്രന്റെ സിംഹാസനത്തെ,

ചുറ്റി, മാലാകലാപമിണക്കി
പ്പറ്റി മിന്നിടും മാതിരി തോന്നി!

അത്രമാത്രം മതിമറന്നോരോ
മർത്ത്യഹൃത്തുമീയാശംസയേകി:-

"ഭാഷ പൂത്തും, വികാരം തളിർത്തും
ഭാവനയ്ക്കു പുളകം കിളിർത്തും,

ചോരയിൽച്ചെർന്നലിഞ്ഞുപോം, ഗാന-
ധാരകളേ, ജയ, ജയ, നിങ്ങൾ!! ..."

പാടവത്തിൽ, ധനാശിയിൽ, മെല്ലെ-
പ്പാടി നീത്തിയഗ്ഗായകനിത്ഥം:-

"വാക്കുകൾ തൻ മഹേന്ദ്രജാലത്തിൽ-
ത്തോൽക്കുവാനിടയാകാമടിയൻ;

എങ്കിലും, പ്രഭോ, മാമകഹൃത്തിൽ-
ത്തങ്കുമങ്ങയ്യോടുള്ളൊരി സ്നേഹം,

വാശിയെത്ര വടംവലിച്ചാലും
വാടുകില്ല കടുകിട പോലും."

പാട്ടു നിന്നു-കടക്കണ്ണിൽനിന്നു
കേട്ടു നിൽപ്പോർക്കു കണ്ണീരു വന്നു

ചീർത്തുയർന്നു ജനാവലി പെട്ടെ-
ന്നാർത്തൊരാ ജയകോലാഹലങ്ങൾ

മത്തടിച്ചാർക്കൽ മേൽക്കുമേൽ പൊങ്ങി
ഭിത്തിചുറ്റും കിടുങ്ങിക്കുലുങ്ങി.

മൂഢമെന്നമട്ടാ മർത്ത്യഘോഷ-
മൂഢഗർവ്വം തൃണപ്രായമാക്കി,

ചില്ലിരണ്ടും ചുളിച്ചു, തൻശീർഷം
മെല്ലെയാട്ടി, ച്ചൊടിച്ചൊന്നു മൂളി,

പുണ്ഡരീകനെഴുന്നേറ്റു മർത്ത്യ-
മണ്ഡ്ലത്തിലിച്ചോദ്യമെറിഞ്ഞു:-

"ചൊന്നിടുകൊന്നു സംശയിക്കാതെ
മന്നിലെന്തുണ്ടു വാക്കിനുമീതെ? ..."

മുറ്റിനിൽക്കും ജനക്കൂട്ടമൊന്നോ-
ടൊറ്റമാത്രയിൽ നിശ്ശബ്ദമായി.

പുണ്ഡരീകൻ പ്രസംഗം തുടങ്ങി
മണ്ഡപാന്തം മുഴുക്കെക്കുലുങ്ങി.

കെട്ടഴിച്ചു നിരത്തിയൊന്നൊന്നാ-
യൊട്ടസംഖ്യം വിജ്ഞാനഭാണ്ഡം:-

വാക്കു, വാക്കാണു സൃഷ്ടിയിലാദ്യം
വാക്കിനില്ലൊരുകാലവുമന്ത്യം.

വാക്കു, ശക്തിതന്നത്ഭുതകേന്ദ്രം
വാക്കുവാ, ക്കതേ, വാക്കാണു ദൈവം!-

വൈഭവേന സമർത്ഥിച്ചിതിത്ഥം
വൈഖരീവൈശ്രവണനിത്തത്വം.

നാലുവേദവും ചിക്കിച്ചികഞ്ഞു
നാവടിച്ചടിച്ചാത്താർക്കികാഗ്യൻ

ഉദ്ധൃതസൂക്തജാലം പടുത്തൊ-
രുജ്ജ്വലോന്നതമണ്ഡപം തീർത്തു.

മന്നിലെന്നല്ല വിണ്ണിലും വേറി-
ട്ടൊന്നതിൻ മീതെയില്ലാത്തമട്ടിൽ,

വാച്ചഭക്തിയോടാ മണ്ഡപത്തിൽ
വാക്കിനെപ്പൊക്കിപ്പൂജിച്ചൂവെച്ചു.

പേർത്തുപേർത്തിടിവെട്ടും സ്വരത്തിൽ
വാർത്തെറിഞ്ഞു സദസ്സിലച്ചോദ്യം:-

"ചൊന്നിടുകൊന്നു സംശയിക്കാതെ
മന്നിലെന്തുണ്ടു വാക്കിനു മീതെ?"

ചുറ്റുപാടും, മിഴികളിൽ ഗർവ്വം
മുറ്റിനിന്നു, വൈതണ്ഡികൻ നോക്കി.

പുണ്ഡരീകനോടുണ്ടായീലൊട്ടും
ഖണ്ഡനത്തിനൊരുത്തനും ധൈര്യം.

പോർവിളികൊണ്ടിനിക്കാര്യമെ, ന്തൊ-
രാവിയുമില്ലനക്കവുമില്ല.

ചെന്നിരയെ ക്കടിച്ചു കുടഞ്ഞു
മണ്ണിലിട്ടടിച്ചാർത്തള്ളി മാന്തി,

എല്ലുകൾ കാർന്നിറച്ചി കഴിച്ചു
പള്ളവീർപ്പിച്ചു സംതൃപ്തിയോടേ,

ഉത്ഭടസട മാടിയിരിപ്പോ-
രുഗകണ്ഠീരവാഗ്യനെപ്പോലെ,

മണ്ഡിതസ്വേദശീർഷം തുടച്ച-
പ്പുണ്ഡരീകൻ ഞെളിഞ്ഞൊന്നിരുന്നു.

"വീര, നെന്തു വിചാരഗംഭീരൻ!"-
വീറോടൊത്താർത്തു പണ്ഡിതസംഘം.

അപ്രതിമപ്രതാപനാം ഭൂപ-
നത്ഭുതസ്തബ്ധനായ് മുന്നിൽ മേവി.

"അദ്രികൽപനപ്പണ്ഡിതൻ, താനോ
ക്ഷുദ്രമാകും ചിതൽപ്പുറ്റുമാത്രം!"

ലോലലോലമാം ശേഖരഹൃത്തിൽ
നൂലു പാകിയിക്ലീബവിഷാദം!

അന്നു മത്സരമേവം കഴിഞ്ഞു
വന്നവർ പലപാടും പിരിഞ്ഞു! ...

ഏഴ്

വാതുറന്നൊന്നു മിണ്ടുമ്പൊഴേയ്ക്കും
വാദവാർത്തയാണുള്ളതന്നാർക്കും.

വാനിലോളമുയർന്നു നാടാകെ
വാശി വാച്ചൊരാ വാഗ്വാദഘോഷം.

"കണ്ടറിഞ്ഞിടാം, നാം തമ്മിലേവം
ശണ്ഠകൂടിയിട്ടെന്തിതിൽ കാര്യം? ..."

രണ്ടുകൂട്ടരുമൊന്നുപോലോതി
"കണ്ടറിഞ്ഞിറ്റാം"- "കണ്ടോളൂ, കാണാം!"

"ഒന്നു നിശ്ചയം ശേഗരൻ തോൽക്കും"
"അന്നു കാക്ക് മലർന്നു പറക്കും!"

"താനിതിനെക്കുറിച്ചെന്തറിഞ്ഞു?"
"താനറിഞ്ഞതേക്കാളുമറിഞ്ഞു."

"താനറിയും മരക്കൊള്ളികുത്താൻ"-
"താനറിയും വിമാനം പറത്താൻ"

"താനൊരുവെറും പുല്ലാഞ്ഞിമോറൻ"-
താനോ?-താനൊരു വില്ലാളിവീരൻ!"

"നിന്നു ചുമ്മാ ചിലയ്ക്കാതെ പോയേ!"
"ഒന്നുപോടാ കൊരയ്ക്കാതെ നായേ!"

"എന്തു ചൊന്നെടാ കൂരാളിമന്താ?"-
"മന്തനോ?-മന്തൻ, നോക്ക്, നിൻതന്ത!" ...

വാക്കുമൂത്തു പടക്കങ്ങൾ പൊട്ടി
വാശി വീർപ്പിച്ചിതച്ചെവിക്കുറ്റി.

ആളുകൾ കൂടി, മദ്ധ്യസ്ഥരെത്തി-
ത്തോളുചേർത്തു പൊരുത്തപ്പെടുത്തി!



തൊട്ടടുത്ത ദിവസം സദസ്സി-
ലൊട്ടുപേർ പുത്തനായ് വന്നണഞ്ഞു.

എന്തു തിക്കും, തിരക്കും, വഴക്കും
ഹന്ത, വീർപ്പിടാൻ പോലും ഞെരുക്കം!

മണ്ണിടുകിലും ചോരാത്തമട്ടിൽ
മണ്ഡപത്തിൽ നിറഞ്ഞൂ ജനങ്ങൾ.

ശാലയിലില്ല സൂചികടത്തുവാൻ-
പോലുമൽപമിടമൊരിടത്തും.

ഭിത്തികാഗതടങ്ങളി, ലങ്ങി-
ങ്ങുത്തരങ്ങളിൽ, ജാലകത്തട്ടിൽ,

നിന്നൊതുങ്ങിയും തൂങ്ങിയും തങ്ങി
വന്നു മുറ്റിയ മർത്ത്യപ്രവാഹം!

മന്നവേന്ദ്രനെ വന്ദിച്ചെഴുന്നേ-
റ്റന്നു ശേഖരനാദ്യമായ് പാടി.



ആ മനോഹരഗാനം വരച്ചു
ശ്യാമസുന്ദരവൃന്ദാവനാന്തരം;

ചിത്തമാദക ചൈത്രവിലോലം
ചിത്രശീതളയാമുനാകൂലം;

മന്ദമാരുതചുംബിതശ്വേത-
ചന്ദ്രികാവൃതയാമിനീകാലം;

വിണ്ണിൽ വെൺമുകിൽ വീർപ്പിട്ടു പുൽകി
മിന്നിനിന്നിടും താരകജാലം;
അന്തരീക്ഷത്തിൽ മന്ദിതസ്പന്ദം
ചിന്തിടും നേർത്ത ചെമ്പകഗന്ധം!-

എങ്ങുനി, ന്നെങ്ങുനി, ന്നെങ്ങുനിന്നീ
മംഗളാലാപമാവിർഭവിപ്പൂ?-

സ്വാപകൗതുകംപോലും മറന്നു
ഗാപകന്യകൾ മുറ്റത്തു വന്നു-

എങ്ങുനി, ന്നെങ്ങുനി, ന്നെങ്ങുനിന്നീ
മംഗളാലാപമാവിർഭവിപ്പൂ?-

നീലലോലാളകാവലി മാടി
നാലുപാടുമുഴന്നവർ നോക്കി-

"മന്നിൽ വിണ്ണി, ലെവിടെ നിന്നൂറി
വന്നിടുന്നതാണീ വേണുഗാനം?

മന്ദമങ്ങിങ്ങു വീർപ്പിട്ടുലാത്തും
തെന്നലിൻ മുഗ്ദ്ധഹൃത്തിൽ നിന്നാമോ?

അദ്രിശൃംഗത്തിലെത്തിയലയു-
മഭ്രഖണ്ഡശതങ്ങളിൽനിന്നോ?

കർമ്മപുഷ്പിതമായിടുമേതോ
നർമ്മസങ്കേതസൂചനയോടേ,

പൊന്നുഷസ്സിന്റെ നാട്ടിൽനിന്നൂറി
വന്നിടുന്നുവോ വർണ്ണഗംഗ, നീ?

വേഗവേപിതമായിടുമേതോ
വേദനതൻ നെടുവീർപ്പുമേന്തി,

അന്തിതൻ വക്കിലൂടോലിച്ചെത്തി-
ച്ചിന്തിടുവതോ രാഗസുധേ, നീ?

ശർവ്വരിതൻ കിനാവുകൾ സർവ്വം
ദിവ്യസംഗീതധാരയിൽ മുക്കി,

ലാലസിക്കുമാ വേണുവിൻ രന്ധ്ര-ജാലമോ,
താരകങ്ങളേ, നിങ്ങൾ?

പുഷ്പവാടങ്ങൾ, കൈദാരകങ്ങൾ,
ശഷ്പശായിതശാദ്വലാങ്കങ്ങൾ;

പൂത്ത കായ്കനിത്തോപ്പുകൾ, ഹർഷം
ചാർത്തുമേകാന്തസൈകതകങ്ങൾ;

നീളെ നീളെയൊലിച്ചുപോം, വിണ്ണിൻ
നീലിമതൻ തരംഗരംഗങ്ങൾ,

നിർജ്ജനശ്ലഥരഥ്യക, ളോളം
പിച്ചവെച്ചുപോം പച്ചക, ളേവം,

എങ്ങുനിന്നും ഞൊടിയ്ക്കകം പൊട്ടി-
പ്പൊങ്ങിമാസ്മരസംഗീതമേ, നീ!

സാരമെന്തിതി, നാരതറിഞ്ഞു
ചാരുഗാനമേ, ഞങ്ങൾ വലഞ്ഞു!! ..."

എന്തിനോവേണ്ടി ദാഹിച്ചു ദാഹി-
ച്ചന്തരംഗമവർക്കു തളർന്നു.

എന്തിനെന്നു പറഞ്ഞറിയിയ്ക്കാൻ
ഹന്ത, വാക്കില്ലവർക്കെ, ന്തുചെയ്യും!

ഭംഗിയുമൊത്തവരുടെ കണ്ണിൽ-
ത്തൊങ്ങിനിന്നു, ഹാ, കണ്ണീർക്കണങ്ങൾ!

"ഇന്നീ ജീവിതപൂർണ്ണിമയിങ്ക-
ലൊന്നു ഞങ്ങൾ മരിച്ചിരുന്നെങ്കിൽ!

എന്തു നിർവൃതി! ..." കണ്ണുകൾ കൂമ്പി,
ചെന്തളിരിൽ നിലാവു വിതുമ്പി,

സ്വപ്നതുല്യ, മസ്സംഗീതകേന്ദ്രം
ലക്ഷ്യമാക്കി നടന്നവർ പോയി.

കണ്ണൊടുവിൽത്തുറക്കവേ-നിൽപൂ
കണ്ണിനു മുൻപിൽ, പൂമരച്ചോട്ടിൽ!!

കന്ദളിതമദാലസയാമ-
ക്കണ്മണി രാധ തോൽചേർന്നു നിൽക്കെ;

ഹാ, വലംകാലൊരൽപം മടങ്ങി-
പ്പൂവെതിരിടംകാൽത്തണ്ടുരുമ്മി;

തെല്ലി, ടംഗളം ചാഞ്ഞം, ഗുലികൾ
ലല്ലലല്ലലം തത്തിക്കളിക്കെ,

ചുണ്ടിലോടക്കുഴൽചേർന്നു, ഹർഷം
ചെണ്ടിടുമൊരു പുഞ്ചിരിയോടെ;

താളമൊപ്പിച്ചു പീലിയിളകി-
ച്ചേലിലാവനമാലകളാടി;

ഗാനധാരയിൽ വിശ്വം മയക്കി
വേണുഗാപാലനങ്ങുല്ലസിപ്പൂ!

കാൽക്ഷണത്തിലത്താളക്രമത്തിൽ
കാൽച്ചിലമ്പൊലി ചുറ്റിലും വീശി,

വെമ്പിയൊന്നിച്ചു കൈകോർത്തുലഞ്ഞ-
ച്ചെമ്പകാംഗികൾ വട്ടമിട്ടാടി;

നീലനീരദരേഖയ്ക്കു ചുറ്റും
ലോലചഞ്ചലാലേഖകൾപോലെ!

കമ്രമംഗല്യരാത്രിയ്ക്കു ചുറ്റും
കന്യകതൻ പ്രതീക്ഷകൾ പോലെ!

ഞാനകന്നോരവസ്ഥയെച്ചുറ്റി
ജ്ഞാനഭക്തികർമ്മങ്ങളെപ്പോലെ!

വെണ്ണിലാവിന്റെ വെണ്മ വളർന്നു
കണ്ണിമയ്ക്കാതെ താരകൾ നിന്നു.

ഓളമൊന്നോടൊതുക്കിയൊരോമൽ-
ച്ചോലപോലായമുനയൊലിച്ചു.

ചുറ്റഴിഞ്ഞു ലതാവലി താഴേ-
യ്ക്കുറ്റുവീണേറ്റു മൊട്ടിട്ടു നിന്നു.

തെന്നലുംകൂടി നിശ്ചലമായി
മന്നലിഞ്ഞലിഞ്ഞില്ലാതെയായി!-

ഒന്നുമാത്രമു, ണ്ടാ വേണുഗാന-
സ്പന്ദിതമായ നാദപ്രപഞ്ചം!...



ശെഖരഗാനമീവിധം മുക്തി-
മേഖലയിലേയ്ക്കാത്മാവുയർത്തി.

അസ്സഭാഗൃഹം, രാജാ, വതിലീ
മത്സരം, മഹാമർത്ത്യസമൂഹം,

അപ്രമേയപ്രധീയുതനായോ-
രപ്രതിദ്വന്ദി, പണ്ഡിതസംഘം,

തത്സമാധിയിൽ സർവ്വം മറന്നു
ചിത്സുഖത്തിലാ ഗായകൻ നിന്നു!

ചഞ്ചലഗീഷ്മവായുവിൽ, ത്തത്തി-
ക്കൊഞ്ചിടും പച്ചിലകളെപ്പോലെ,

ചുറ്റിലുമുള്ള, ചിന്തകൾക്കെല്ലാ-
മൊത്ത മദ്ധ്യത്തിലൊറ്റയ്ക്കു മേവി,

പ്രാണവേണുവിൽക്കൂടിയപ്രേമ-
ഗാനധാര പകർന്നൂ കവീന്ദ്രൻ!

നിന്നിടുന്നില്ല തൻതോളുരുമ്മി-
ദ്ധന്യയാമൊരു രാധിക മാത്രം.

എങ്കിലും തൻമനസ്സിനു മുൻപിൽ
തങ്കിടുന്നൊരാ മഞ്ഞത്തിരമേൽ,

വീണ നീലനിഴൽപ്പാടിൽനിന്നും
ചേണെഴുമൊരെ മംഗളരൂപം,

വ്യക്തമല്ല-മുഖപടം മാറ്റാ-
തുത്ഭവിപ്പു, ഹാ, സ്വപ്നസമാനം!

കാൽത്തളിർവെപ്പിൽ ദൂരെനിന്നെതോ
നേർത്തുനേർത്തൊരു ശിഞ്ജിതം കേൾപ്പൂ! ...

നിന്നു ഗാനം-ഇരുന്നു കവീന്ദ്രൻ
മുന്നിലൊക്കെപ്രതിമകൾ മാത്രം!

ഉണ്ടൊരാൾക്കു ചലനം-മഹാന-
പ്പുണ്ഡരീകൻ, മഹാഭാഗ്യശാലി!

മർത്ത്യലക്ഷമുണർന്നു-പെട്ടെന്ന-
സ്വപ്നലോകവുമെങ്ങോ പറന്നു.

വർണ്ണനാതീതമാമൊരാനന്ദം-
തന്നിൽ നിന്നൂറുമേതോ വിഷാദം;

ഉൽക്കട, മപ്രമേയ, മവ്യക്തം
ഉൾക്കളത്തിലുലാവിയുലാവി,

ഹസ്തതാഡനം ചെയ്യുവാൻപോലും
വിസ്മരിച്ചു വിറച്ചവർ നിന്നു.

അത്രമേലൊരനുഭൂതിയുൾച്ചേർ-
ന്നർദ്ധസുഷുപ്തിയിലാണ്ടുപോയ് ഭൂപൻ ...

തെല്ലുനേരം കഴിഞ്ഞീ വികാരം
മെല്ലെ മാഞ്ഞു മറഞ്ഞതിൻശേഷം,

പുണ്ഡരീകനെഴുന്നേറ്റു രാജ-
മണ്ഡപാഗ നിവർന്നൊന്നു നിന്നു.

"വിസ്തരിച്ചൊന്നു ചൊല്ലിടുകാരാ-
ണിത്ര കീർത്തിച്ചൊരിക്കമിതാക്കൾ? ..."

ആഞ്ഞെറിഞ്ഞിതിച്ചോദ്യം കവിത-
ന്നാനനത്തിലാ വാദപ്രവീണൻ.

ഒന്നുമോതീല ശേഖര, നൊന്നു-
മുന്നയിയ്ക്കാൻ തനിക്കില്ല തത്വം.

കാളിടുന്നോരഹന്തയിൽ, ച്ചുഴു-
മാളുകൾതൻ മുഖത്തുറ്റുനോക്കി,

ഭക്തശിഷ്യസമൂഹത്തിനർത്ഥം-
വെച്ചു കണ്ണാലൊരുത്സവമേകി,

പിന്നെയും ജനമദ്ധ്യത്തിലേയ്ക്ക-
പ്പണ്ഡിതനെടുത്തെറ്റിയച്ചോദ്യം:-

"കാമുകൻ കൃഷ്ണനാരാണു നേരിൽ-
ക്കാമുകിയാമാ രാധയുമാരാം? ..."

ശബ്ദമില്ല!-അശ്ശാബ്ദികൻ വേഗം
ശക്തിയായൊന്നു കെക്കലിച്ചാർത്തു.

പിന്നെ ഗംഭീരഗൗരവത്തോടേ
നിന്നുറക്കെ പ്രസംഗം തുടങ്ങി.

ആ മനോഹരനാമദ്വയത്തെ-
പ്രേമസൗന്ദര്യസാരോദയത്തെ,

ബുദ്ധിതകത്തി കുത്തിയിറക്കി-
ബ്ബദ്ധവീര്യം പിളർത്തി മലർത്തി,

ധാതു കിട്ടുവാൻ ചിക്കിച്ചികഞ്ഞു
വീതശങ്കം മദിച്ചിതാ ജ്ഞാനം!

ശക്തിചെയ്തൊരശ്ശസ്ത്രക്രിയതൻ
യുക്തിവൈഭവം സാധൂകരിയ്ക്കൻ,

പാണിനി, യപ്പതഞ്ഞലി, വ്യാസൻ
ബാണഭട്ട, നശ്ശങ്കരാചാര്യൻ

എന്നുവേണ്ടെത്ര ദീക്ഷിതന്മാര-
ണന്നിറങ്ങിയതാ നാവിലൂടെ!

എട്ടുപത്തർത്ഥമാർന്ന ധാതുക്കൾ
കട്ടകെട്ടിയതാണുപോൽക്കൃഷ്ണൻ!-

നാവുകൊണ്ടു നിമിഷത്തിനുള്ളി-
ലേവമുൽക്കടപാടവമോടേ,

മല്ലവൈരിതൻ കണ്ഠമൊരൊറ്റ-
ത്തല്ലിലക്കവിമല്ലനൊടിച്ചു!

നന്ദനനന്ദനൻ കൃഷ്ണൻ മരിച്ചു
സുന്ദരനായ കൃഷ്ണൻ മരിച്ചു-

അർത്ഥസമ്പുഷ്ടമായ, കൃഷ്ണൻത-
ന്നസ്ഥികൂടമൊന്നങ്ങുയർന്നേറ്റു!

ആ മനോഹരഗാനത്തിൻ മുൻപ-
പ്രേമസാന്ദ്രയായ് സ്പന്ദിച്ച രാധ-

പുല്ലണിഞ്ഞ യമുനാതടത്തി-
ലുല്ലസൽപ്പൊൻകടമ്പിൻ ചുവട്ടിൽ;

ഫുല്ലശൈവലശീതളമാകും
നല്ലനീലശിലാതലമൊന്നിൽ;

കാന്തിചിന്തുമക്കാൽത്തളിർ പുൽകാൻ
നിന്തിയോളങ്ങൾ വന്നേന്തിനിൽക്കെ,

അന്തിമാരുണകാന്തിയിൽ മുങ്ങി-
ക്കുന്തളാവലി കെട്ടൂർന്നു ചിന്നി,

ചെന്തളിർച്ചുണ്ടിൽ മന്ദസ്മിതമൊ-
ന്നെന്തിനോ വന്നലസമായ്ത്തങ്ങി,

അല്ലിലോടക്കുഴൽ വിളിച്ചെത്തും
വല്ലഭന്റെ കഴുത്തിലണിയാൻ,

പിച്ചിമാല കൊരുത്തു കൊ,ണ്ടോമൽ
സ്വപ്നവും കണ്ടിരുന്നൊരാ രാധ-

മഞ്ജുഹേമന്തചന്ദ്രികയിങ്കൽ
മന്മഥവ്യഥയേന്തിയ-രാധ-

അന്യഗാപികാസംഗമശങ്കാ-
ജന്യഖേദപരവശയായി,

വൃഷ്ണിവംശശ്രീചിത്രകനാമ-
ക്കൃഷ്ണനോടു പിണങ്ങിയ രാധ-

നീലവേണിയഴിച്ചു വിതുർക്കും
ശ്രീലകാളിന്ദിതൻ തറഭൂവിൽ;

പൂത്തുമേളിച്ച വൃന്ദാവനത്തിൽ
പൂനിലാവല ചിന്നിയ രാവിൽ;

ചാസുദേവനുമൊത്തൊരുമിച്ചു
രാസകേളികളാടിയ രാധ-

വിശ്വനായികമാർക്കൊരു ശീർഷ-
മൗക്തികമാം മദാലസ രാധ-

വിശ്വനാഥന്റെ ഹൃത്തിനെപ്പോലും
വിഭ്രമിപ്പിച്ച സൗന്ദര്യധാര-

മോഹബദ്ധമീ ലോകത്തിലെന്നും
സ്നേഹദീപമായ് മിന്നുമാ രാധ-

അത്രമോഹിനി രാധതന്മാറിൽ-
ക്കത്തി താഴ്ത്തിയക്കറ്റവയോധൻ!

ഹന്ത, കഷ്ട, മപ്പൂവുടൽപോലും
ചീന്തിമാന്തിയക്കൗശികവ്യാധൻ!

ധാതുമൂല, മപ്രേമസർവ്വസ്വം
പ്രേതമായ് പ്രാണനാഥനോടൊപ്പം!

കോട്ടുവായിട്ടടിമുടി വേർത്ത-
ക്കേട്ടുനിൽക്കുവോർ കണ്ണുമിഴിച്ചു.

ഹസ്തതാഡനഘോഷം മുഴക്കി
ബദ്ധകൗതുകം ശീർഷം കുലുക്കി,

മേളമോടേ, മതിമറന്നേവം
മേവി മുന്നിലപ്പണ്ഡിതസംഘം.

ഒത്തുചേർന്നിതവരൊടൊന്നിച്ചാ
മർത്ത്യപംക്തിയുമുത്സാഹപൂർവ്വം.

"എന്തു പാണ്ഡിത്യ, മമ്പോ!"-ജനങ്ങൾ-
ക്കന്തരംഗത്തിലത്ഭുതം പൊട്ടി.

"എന്തു വേദജ്ഞ, നെന്തു ഗംഭീരൻ
എന്തു താർക്കിക, നെന്തൊരു വാഗ്മി!

കഷ്ട, മീ വടവൃക്ഷത്തിനോടോ
പുൽക്കൊടി നിൽപു മത്സരിച്ചീടാൻ! ..."

ആർത്തു കൈയടിച്ചുച്ചത്തി, ലുള്ളി-
ലോർത്തിതേവമാ മാനവയൂഥം.

സത്യമുള്ളിലൊതുക്കി മറച്ചു
നിർത്തിയോരത്തിരശ്ശീലയെല്ലാം,

കെട്ടു പൊട്ടിച്ചു കീറിനിലത്തേ-
യ്ക്കിട്ടു നിൽപിതപ്പണ്ഡിതരാജൻ!

ഇന്നൊരു തടവില്ലാതെ തങ്ങൾ
മുന്നിൽ നേരിട്ടു കാൺമിതസ്സത്യം!

വാച്ചഗർവ്വിലച്ചക്രാടകൻ തൻ
വാക്കുകൊണ്ടുള്ള കമ്പക്കൂത്താട്ടം,

അമ്പരപ്പിച്ചു മർത്ത്യരെയൊന്നോ-
ടിമ്പമാർന്നവരേറ്റം രസിച്ചു.

അപ്രകാരം മുഴങ്ങി, ഹാ, മെന്മേ-
ലത്ഭുതത്തിന്റെ കൂട്ടക്കൂറ്റാരം!

കാണിയും സത്യമൊന്നതിൻ പിന്നിൽ
കാണുമോ?-വെറും കമ്മട്ടമാണോ?

ശേഖരോന്മാഥിയാ വീരനിന്നൊ-
രാഖനികബകൻ മാത്രമാണോ?-

കൂടിനിൽപോരതാരാഞ്ഞറിയാൻ
പാടുപെട്ടി, ല്ലവർക്കെന്തു കാര്യം!!

അത്രമാത്രമാവേശകമാകു-
മത്ഭുതംകൊണ്ടു കൽപിച്ചു ഭൂപൻ.

ഹന്ത, പാട്ടിൽ മയക്കം പിടിച്ചോ-
രന്തരീക്ഷത്തിനന്തരം കിട്ടി.

സ്വപ്നമൊക്കെപ്പറന്നു-യാഥാർത്ഥ്യം
തപ്പടിച്ചു പടയണി തുള്ളി

ആ മരതകപ്പച്ചകൽപോയി
ഭൂമിയിൽക്കട്ടക്കൽപ്പാതയായി!

വാങ്മയഗന്ധമാദനത്തിങ്കൽ
വായുനന്ദനൻ ഭീമനെപ്പോലെ,

കണ്ട കല്ലും മരങ്ങളും തല്ലി-
ത്തുണ്ടുതുണ്ടാക്കി ദൂരത്തു തള്ളി,

വാദവീര്യ ഗദയും ചുഴറ്റി
വാടിടാതെ ഗമിച്ചൊരാ വീരൻ!-

തത്സമീപത്തു ശേഖരന്മാട-
ത്തത്തതന്നിളം കുഞ്ഞുപോൽത്തോന്നി!

"എന്തു ഗാനങ്ങൾ, സാധാരണങ്ങൾ
ചിന്തയില്ല, തിലില്ലൊരു ചുക്കും.

ഒറ്റവാക്കുമില്ലർത്ഥമറിയാ-
നൊത്തിടാത്തതായ്-കാവ്യമിതാണോ?

ഇല്ലതിങ്കൽ പുതുമയശേഷം
ഇല്ല ലേശവും ധർമ്മോപദേശം.

കാൽക്കഴഞ്ചു സംഗീതം കുഴച്ച
കാമജൽപനം കാവ്യമാണെന്നോ?

എന്തിനാണതു ലോകത്തി, നയേ്യാ
ഹന്ത താനെന്തതോർത്തീലിന്നോളം?

വേണമെങ്കിൽത്തനിക്കുമെഴുതാ-
മാ നിലയ്ക്കുള്ളൊരായിരം ഗാനം.

ഒന്നുമാത്രം, മിനക്കെട്ടതിനാ-
യുന്നിയില്ല താൻ-അല്ലെങ്കിലിപ്പോൾ ..."

മന്ത്രശാലയിലോരോ മനസ്സും
മത്രണം ചെയ്തിതീർഷ്യയോടേവം.

ചിന്തയിൽനിന്നുണർന്നു വീറാർന്നി-
ട്ടന്ത്യമായൊരു കൈയൊന്നു നോക്കാൻ,

ക്ഷോണിപങ്കാവ്യകൃത്തിനെത്തൻ കൺ-
കോണുവെച്ചൊന്നുയർത്തുവാൻ നോക്കി.

ഒത്തതി, ല്ലനങ്ങീ, ലൊരു ബിംബം
കൊത്തിവെച്ചതോ?-കോപിച്ചു ഭൂപൻ.

"എന്തു ഭോഷനിശ്ശേഖരൻ!"-ഏവം
ചിന്തയോടേറ്റനുഭാവപൂർവ്വം,

ഉജ്ജ്വലാഭം ഗളത്തിൽത്തിളങ്ങും
വജ്രമാല്യമെടുത്താത്തവേഗം,

പുണ്ഡരീകന്റെ കണ്ഠത്തിലിട്ടു
മണ്ഡലം കൈയടിച്ചാർത്തു!

അത്തുമുലപ്പുളപ്പിൽക്കുലുങ്ങീ
കുഡ്യകുട്ടിമസ്തംഭകീർണ്ണങ്ങൾ! ...

ആ വിജയകോലാഹലം പൊങ്ങി-
ത്താവിയൽപാൽപമായ് സ്വയം താണു.

ഭിത്തികാഗപ്പുറയില്ലിയിങ്കൽ-
ത്തത്തുമക്കീർണ്ണകുഞ്ജല ജാലം,

മിന്നിയപ്പൊഴും-പിന്നിൽനിന്നെത്തീ
സന്നമാം വസ്ത്രധൂനനനാദം.

മാലകൾ മണിമഞ്ജീരകങ്ങൾ
ലോലമായ്പ്പെയ്തു ശിഞ്ജാരവങ്ങൾ!-

കോള്മയിർക്കൊണ്ടു ശേഖരനേറ്റു
കോമളമാം സഭാഗൃഹം വിട്ടു! ....

എട്ട്

തോറ്റു ശേഖരൻ!-അന്തി വന്നോതി-
ക്കേട്ടമാത്രയിൽക്കണ്ണുനീർ പൊട്ടി,

മുന്നിരുട്ടും പുതച്ചുവന്നെത്തി
മന്നിടത്തിലഗീഷ്മാന്തരാത്രി!

പുണ്ഡരീകന്റെ ജൈത്രാടനത്തിൽ
ഡുണ്ഡുലാവലി കൈമണികൊട്ടി.

മന്ദതവിട്ടു ജംബുകവൃന്ദം
ദുന്ദുഭോച്ചണ്ഡനാദം മുഴക്കി.

കച്ഛകീടശ്രുതിയിട കൂടി-
ക്കങ്കുശായങ്ങൾ കാഹളമൂതി.

രണ്ടു പുള്ളൊപ്പമമ്പയിട്ടാർത്തു
കുണ്ടുമാക്രി കുരവയുതിർത്തു.

ഇന്ദുഗാപങ്ങൾ പന്തം കൊളുത്തി
കുന്ദുളങ്ങൾ കളിമ്പക്കൂത്താടി-

ഏവമാടോപ ഘോഷങ്ങളൊത്ത-
ന്നാവിധാനഗനപ്പുരം വിട്ടു! ...

അക്കുടിലിനകത്തതാ കാണ്മൂ
പൊൽക്കതിരുകൾ പൂത്തൊരു ദീപം;

മുറ്റി മൂടും വിഷാദപ്പടർപ്പിൻ
കുറ്റിരുട്ടിൽ മനശ്ശക്തിപോലെ!

ദുർവ്വിധിക്കാറ്റതൂതിക്കെടുത്താൻ
സർവ്വയത്നവും ചെയ്യുകയാണോ?

ഏഡുകോപാന്തപേടകം തന്നി-
ലീടെഴും മാറടുക്കിയടുക്കി,

വെച്ച കൈപ്രതിക്കെട്ടെടുത്തെല്ലാം
തച്ചുതൂർത്തിട്ടു താഴെക്കവീന്ദ്രൻ.

എന്തതെന്താണവയിൽച്ചിലതിൽ?-
ഹന്ത, തൻ ബാല്യകാല കാവ്യങ്ങൾ!-

ജീവിതത്തീവെയിലല്ല, ശൈത്യം
താവിടും കാല്യകാലസ്മിതങ്ങൾ!

അക്കൃതികളെത്താനിന്നു, കഷ്ടം,
മിക്കവാറും മറന്നിരിക്കുന്നു!

ഏടുകൾ മറിച്ചൊന്നതിലങ്ങി-
ങ്ങോടിയോടിച്ചു വായിച്ചു നോക്കി.

ഒക്കെയോടുകൾ, തൊണ്ടുകൾ, പൊട്ട-
ക്കക്കകൾ!-വെറും കുട്ടിക്കളികൾ!

ആളിടുന്നൊരവജ്ഞയാലൊക്കെ-
ത്താളുതാളായ് വലിച്ചുടൻ ചീന്തി,

മുന്നിലാളും നെരുപ്പോടിനുള്ളി-
ലൊന്നിനൊന്നിട്ടെരിച്ചൂ കവീന്ദ്രൻ.

ചർവ്വണം ചെയ്തു തീയതുത്തപ്ത-
യൗവനത്തിൻ പിപാസകൾ പോലെ!

പിന്നെ, യത്യന്ദവേദനയോടെ
ചൊന്നിതിത്ഥമജ്ജ്വാലകൾ നോക്കി:-

"അഗ്നിപുഞ്ജമേ, നിഷ്ഫലമായ് നി-
ന്നിത്രനാളുമെൻ ഹൃത്തിൽ നീ കത്തി,

മന്ദഭാഗ്യനായ് നിന്മുന്നിലിന്നെൻ
മഞ്ജിമേ, മനം നൊന്തു ഞാൻ നിൽപൂ.

അർപ്പണം ചെയ്വു ഞാൻ നിനക്കായെ-
ന്നർത്തശൂന്യമാം സ്വപ്നങ്ങ, ളാർയേ്യ!

ഈ മഹിയിലെൻ ജീവിത, മയേ്യാ,
ഹേമഏശമൊന്നായിരുന്നെങ്കിൽ,

തൽപരീക്ഷയിൽ മാറ്റേറിയേറ്റി-
ന്നുജ്ജ്വലിച്ചീടുമായിരുന്നല്ലോ!

അല്ലതുവെറും പുല്ലാ, ണുണക്ക-
പ്പുല്ല്, ചിക്കിച്ചതച്ചിട്ട പുല്ല്!

ആയതിലിനി ബാക്കിയായുള്ള-
തീയൊരുപിടിച്ചാമ്പലുമാത്രം!

അശ്മരാത്മവസുന്ധരേ, കൈക്കൊൾ-
കസ്മദഗ്ന്യുത്ഥമീ യജ്ഞഭസ്മം!! ...

നാഴികകൾ കടന്നുപോയ്-ദീപ-
നാളമാളിപ്പിടയുന്നു കാറ്റിൽ!


വീട്ടിലുള്ള വിളക്കുകളെല്ലാം
കോട്ടമറ്റെടുത്തെണ്ണപകർത്തി,

പട്ടുനൂൽത്തിരിയിട്ടൊക്കെ നീട്ടി-
പ്പുഷ്ടമോദം കൊളുത്തീ കവീന്ദ്രൻ.

ജാലകങ്ങൾ തുറന്നിട്ടു-കാറ്റിൽ-
ച്ചൂളമിട്ടാടിനിൽപ്പൂ മരങ്ങൾ!

സ്വർണ്ണരശ്മികൾ പാവിട്ടിരുട്ടിൽ
മിന്നി യാദീപമാലകൾ മുന്നിൽ

അഷ്ടഗന്ധം പുകച്ചു, തൽപത്തിൽ-
പ്പട്ടെടുത്തു നിവർത്തി വിരിച്ചു;

മുല്ലമൊട്ടുകൾ, വെൺപനീർപ്പൂക്കൾ
ഫുല്ലമല്ലികാപുഷ്പങ്ങ, ലേവം,

പ്രീതിയേറ്റം തനിയ്ക്കിയന്നോര-
ശ്വേതപുഷ്പങ്ങളെല്ലാമൊരുക്കി,

ഒട്ടധിക, മാ മിന്നിമിനുത്ത
പട്ടുമെത്തയിൽ വാരി വിതറി.

പിന്നെയേതോ വിഷച്ചെടിവേരിൽ-
നിന്നു ഞെക്കിയെടുത്തതാം നീരിൽ,

തേനൊഴിച്ചി, ട്ടതൂറ്റിക്കുടിച്ച-
ഗ്ഗാനലോലൻ കിടന്നു തൽപത്തിൽ! ...



പാരമാസ്യം വിളറിത്തളർന്നു
പാതിരാക്ഷീണചന്ദ്രൻ കിളർന്നു.

കാറ്റിലാ മരച്ചാർത്തൊന്നുലഞ്ഞു
കാട്ടുപക്ഷിയൊന്നേതോകരഞ്ഞു ...



അമ്മലരണിമുറ്റത്തൊരേതോ
പൊന്മണിക്കാൽച്ചിലമ്പൊലികേൾപ്പൂ.

തെന്നലിൽ നീന്തി നിന്തിയാ മച്ചിൽ
വന്നൊരു നേർത്ത സൗരഭം നിൽപ്പൂ.

ശേഷിയറ്റു, മിഴി തുറക്കാതേ
ശേഖരനിദം ചോദിച്ചു മന്ദം:-

"എത്രകാലമാ, യിന്നെങ്കിലുമി-
ബ്ഭക്തദാസനിലുൾക്കനിവേന്തി,

ഒന്നിവനെയനുഗഹിച്ചീടാൻ
വന്നിതോ നീയൊടുവി, ലെൻ ദേവി? ..."

"വന്നു ഞാൻ, കവിരത്നമേ! ..." ലജ്ജാ-
സന്നക സ്വരമൊന്നു മന്ത്രിച്ചു.



കെട്ടണഞ്ഞവിളക്കുകൾ, ധൂപ-
ക്കുറ്റിക, ളേകവിഹ്വലദീപം!

ഹാ, നിലമാകെച്ചിന്നിച്ചിതറി
വീണു വാടിക്കിടക്കുന്ന പൂക്കൾ!

ഒത്തമദ്ധ്യത്തിൽപ്പട്ടടപോലെ
കത്തിനീറിയടങ്ങിയ ചാരം! ...



കണ്ണു ശേഖരൻ ചിമ്മിത്തുറന്നു
മുന്നിലാരിതൊ, രംഗനാരൂപം!

കാണുവാനുള്ള കെൽപൊക്കെ മങ്ങി
കാമിനിയവളാരായിരിക്കും?

ചിത്തമാം മണീശ്രീകോവിലിൽത്താ-
നിത്രകാലവും പൂജിച്ച രൂപം;

നേർത്ത നീലനിഴൽപ്പാടിൽനിന്നും
വാർത്തൊരുജ്ജ്വലവിദ്യുത്സ്വരൂപം;

തന്നവസാനയാത്രയിൽ, ക്കാണാൻ
വന്നതല്ലല്ലി ബാഹ്യലോകത്തിൽ? ...

നാവെടുക്കെക്കുഴയും സ്വരത്തി-
ലാവിധിഹതൻ ചോദിച്ചു മന്ദം:-

"മായ മഞ്ഞപിഴിഞ്ഞു ഞെറിഞ്ഞോ-
രാ യവനിക നീങ്ങിയോ, മുഗ്ദ്ധേ

സത്യമോതണേ, നീയെന്റെ സാക്ഷാൽ
മൃത്യുദേവതയല്ലയോ, ഭദ്രേ? ..."

"അ, ല്ലജിതകുമാരി ഞാൻ! ..." മെല്ലെ-
ച്ചൊല്ലിയുല്ലസദ്വല്ലകീവാണി.

പാരവശ്യം വളർന്നു കവീന്ദ്രൻ
പാടുപെട്ടൊന്നെഴുന്നേറ്റിരുന്നു.

മഞ്ഞവർണ്ണയവനികയിന്മേൽ
മഞ്ജുളമഴവില്ലുകളാടി

മന്ദ മന്ദമതങ്ങനെ നീങ്ങി-
മന്ദഭാഗ്യന്റെ കണ്ണുകൾ മങ്ങി!

ശിഞ്ജിതദുകൂലാഞ്ചലനാദ-
രഞ്ജിതസ്വപ്നരൂപിണിയായി,

സർവ്വസന്താപഭഞ്ജകമാകും
നിർവൃതിതൻ പരിമളം വീശി,

ദേവദുർല്ലഭമാകുമൊരാർദ്ര-
ഭാവസാന്ദ്രമൃദുസ്മിതം പൂശി,

വന്നതാ, ദിവ്യകല്യാണരശ്മി
മുന്നിൽ നിൽക്കുന്നു, സൗന്ദര്യലക്ഷ്മി!

തജ്ജഡിതശ്രുതിപുടംതന്നി-
ലുജ്ജ്വലാപാംഗി മന്ത്രിച്ചിതിത്ഥം:-

"മത്സരത്തിൽ വിജയമങ്ങയ്ക്കാ-
ണുത്സുകയാണു ഞാനിതൊന്നോതാൻ!

നീതിയായില്ല ചെയ്തതിന്നച്ഛൻ
നീരസം തോന്നരുതതിൽ, ദേവ!

അങ്ങുതൻ മൃദുഹൃത്തിൽനിന്നൂറി-
പ്പൊങ്ങിടും ഗാനമെന്തൊരു ഗാനം!

എത്ര ലോകം തപസ്സുചെയ്താലാ-
ണെത്തിടുന്നതൊരിക്കലിശ്ശബ്ദം!

ഉത്തമകവേ, നന്നായറിവൂ
ഹൃത്തിൽ ഞാനതിൻ ദിവ്യമഹത്വം!

ഇങ്ങിതാ നിൽപൂ ഞാ, നിഗ്ഗളത്തിൽ
മംഗളജയമാല്യമണിയാൻ!..."

കോമളാംഗി, തൻകണ്ഠത്തിൽനിന്ന-
ത്തൂമലർമാല കൈയിലെടുത്തു.

രോമഹർഷപരവശയായി-
ട്ടാ മഹാൻതൻ ഗളത്തിലണിഞ്ഞു!

ശിഞ്ജിതങ്ങൾ!-കവിയുടെ കണ്ഠ-
മൊന്നു ചാഞ്ഞു ..മിഴികൾ മറിഞ്ഞു.

"വൈകി, ദേവി! ..." മുഖത്തുടനേതോ
വൈകൃതം വന്നു ...വൈഖരി നിന്നു.

ഉത്തരക്ഷണമക്കവിവര്യൻ
മെത്തയിന്മേൽ മരവിച്ചു വീണു! ....

കെട്ടു ദീപം!-നിഴൽച്ചുരുൾക്കൂന്തൽ-
ക്കെട്ടഴിഞ്ഞു നിലാവു കരഞ്ഞൂ!! ....

(1320 വരി)

"https://ml.wikisource.org/w/index.php?title=യവനിക&oldid=83122" എന്ന താളിൽനിന്ന് ശേഖരിച്ചത്