ബാഷ്പാഞ്ജലി/പ്രതിജ്ഞ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പ്രതിജ്ഞ
പ്രണയലോലനാ,യമലേ നിന്നടു-
ത്തിരവിലിന്നു ഞാനെത്തും;
മണിയറവാതിലടച്ചിരുന്നാലു-
മകത്തുവന്നു ഞാൻ നിൽക്കും;
അധരമൽപവുമനങ്ങിടാതെ, ഞാൻ
വിളിച്ചുനിന്നെയുണർത്തും;
അതുലേ, നീപോലുമറിയാതെ നിന്നെ-
പ്പുണർന്നു ഞാനുടൻ പോരും!
സാനുമോദം, നിദ്രയിലീ- ലോകമാകമാനം
പൂനിലാവോടൊത്തുചേർന്നു- ലാലസിക്കും നേരം;
പാതിരാക്കുയിലുണർന്നു- പാടിയതിൻശേഷം
പാലപൂത്തു പരിമളം- താവിനിൽക്കും നേരം;
ശാരദശശാങ്ക ബിംബം- മാഞ്ഞുമാഞ്ഞൊടുവിൽ
താരകകൾപോലുമൊന്നു- കണ്ണടയ്ക്കും നേരം-
പ്രണയലോലനാ, യമലേ, നിന്നടു-
ത്തിരവിലിന്നു ഞാനെത്തും;
മണിയറവാതിലടച്ചിരുന്നാലു-
മകത്തുവന്നു ഞാൻ നിൽക്കും;
അധരമൽപവുമനങ്ങിടാതെ, ഞാൻ
വിളിച്ചുനിന്നെയുണർത്തും;
അതുലേ, നീപോലുമറിയാതെ നിന്നെ-
പ്പുണർന്നു ഞാനുടൻ പോരും!
പുഷ്പമയതൽപകത്തിൽ- പട്ടണിവിരിപ്പിൽ
നിഷ്ക്രമിതദീപികത- ന്നൽപരുചിയിങ്കൽ;
നീലമുകിൽച്ചുരുള്മുടി- ലോലമായഴിഞ്ഞും;
ജാലകത്തിലൂടകത്തു- ചേലിലലഞ്ഞെത്തും
ലോലവായുവേറ്റളക- രാജികളുലഞ്ഞും;
മാനസം കവർന്നെടുക്കും- മാതിരിയിലേവം
മാമകസൗഭാഗ്യമേ, നീ- നിദ്രചെയ്യുംനേരം-

പ്രണയലോലനാ, യമലേ, നിന്നടു-
ത്തിരവിലിന്നു ഞാനെത്തും;
മണിയറവാതിലടച്ചിരുന്നാലു-
മകത്തുവന്നു ഞാൻ നിൽക്കും;
അധരമൽപവുമനങ്ങിടാതെ, ഞാൻ
വിളിച്ചുനിന്നെയുണർത്തും;
അതുലേ, നീപോലുമറിയാതെ നിന്നെ-
പ്പുണർന്നു ഞാനുടൻ പോരും!
അത്യുദാരമിന്നൊരോമൽ- സ്വപ്നമായ് ഞാൻ മാറും
നർത്തനം ചെയ്തൊടുവിൽ നിൻ- മെത്തയിലണയും;
പ്രേമസുധയൂറിനിൽക്കും- മാമകാത്മസൂന-
മോമലേ, നിഞ്ചേവടിയിൽ- കാഴ്ചവെയ്ക്കുംനേരം
സ്വാഗതോക്തിമൂലമെന്നെ- സ്വീകരിക്കുവാനായ്
ഭാഗധേയവല്ലികേ,നിൻ- ഭാവനകൾ പോരും.
നാമിരുവരകലത്തിൽ- വാഴ്കയാണെന്നാലും
ഈവിരഹമോർത്തുനമ്മൾ- മാഴ്കയാണെന്നാലും-
പ്രണയലോലനാ, യമലേ, നിന്നടു-
ത്തിരവിലിന്നു ഞാനെത്തും;
മണിയറവാതിലടച്ചിരുന്നാലു-
മകത്തുവന്നു ഞാൻ നിൽക്കും;
അധരമൽപവുമനങ്ങിടാതെ, ഞാൻ
വിളിച്ചുനിന്നെയുണർത്തും;
അതുലേ, നീപോലുമറിയാതെ നിന്നെ-
പ്പുണർന്നു ഞാനുടൻ പോരും! 2151109

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/പ്രതിജ്ഞ&oldid=52367" എന്ന താളിൽനിന്ന് ശേഖരിച്ചത്