ബാഷ്പാഞ്ജലി/എന്റെ ചോദ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

എന്റെ ചോദ്യം
അനുനിമിഷമാത്മാവിലങ്കുരിക്കു-
മതിചപല നിശ്ശബ്ദരോദനങ്ങൾ,
പരവശയായോമലേ, നീയിരിക്കും
മണിയറയിലെങ്ങനെ വന്നു ചേരും?
å സുമസുരഭിലാനിലൻ സഞ്ചരിക്കും
വനികകളിലേകാന്തം വാണിടുമ്പോൾ;
ചെറുകിളികൾ മാമരക്കൊമ്പുകളിൽ
മധുമധുരമെത്രമേൽ പാടിയാലും,
ഒരുവിധവും ചിത്തം കുളുത്തർിടാതി-
ന്നതിവിവശമെന്തോ തിരഞ്ഞിടുന്നു.
å അകലെയൊരു മേടയി, ലാളിമാരൊ-
ത്തമിതരുചി വീശിയ പള്ളിമച്ചിൽ,
മൃദുകുസുമശയ്യയിലുല്ലസിക്കു-
മൊരു കനകവല്ലിയെത്തേടിത്തേടി,
മമ ഹൃദയരംഗം വികാരമൂകം
ചിറകുവിരിച്ചെത്തുന്നു വേഗവേഗം!
അയി മധുരഭാഷിണി, നിന്നെയോർത്തോർ-
ത്തനവരതം നീറുമെന്നാർദ്രചിത്തം,
തവ നികടവർത്തിയായ് നിൽക്കവേ, ഞാ-
നിവിടെയിരുന്നെമ്മട്ടൊന്നാശ്വസിക്കും? 2121119