ബാഷ്പാഞ്ജലി/എനിക്ക് വേണ്ടത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മരതകാഭ വഴിഞ്ഞൊഴുകീടുമീ-
ത്തൃണസമാകുലമൈതാനഭൂമിയിൽ,
മലരണിവളർവല്ലികൾ ചൂഴുമീ
മലയജാമലശീതള ച്ഛായയിൽ,
കലിതകൗതുകമാടുമേച്ചീവിധം
കഴിയുവാനെന്നുഭാഗ്യംലഭിച്ചിടും?
വിജനതകൾക്കു ജീവൻ കൊടുക്കുമെൻ-
മുരളികാനന്ദഗാനലഹരിയിൽ,
മതിമറന്നെത്ര കാനനവല്ലികൾ
തലകുലുക്കി രസിക്കയില്ലെപ്പൊഴും!
ഉദയകൗതുകം കാണുവാനായ് സ്വയം
മിഴിതുറകും മുകുളമുഗ്ദ്ധാംഗിമാർ,
ഭരിതമോദമെന്മുന്നിലാത്താദരം
ചൊരിയുകയില്ലെത്ര രാഗപരിമളം!
മൃദുലമംഗള സംഗീതലോലയാ-
യൊഴുകിടുന്നൊരിക്കൊച്ചുപൂഞ്ചോലയിൽ,
സമയമെത്ര കഴിക്കില്ല നിത്യവും
സലിലകേളിയിൽ ഞാനും സഖാക്കളും!
അകലെ നീന്തിക്കളിച്ചിടും സുന്ദര-
വിഭവറാണിമാർ, കാനനദേവിമാർ
ഒളിവിൽ,ലെൻ നേർക്കെറിയും പലപ്പൊഴും
ലളിതലജ്ജപുരണ്ട കൺകോണുകൾ!
സുഖസുഷുപ്തിപുലരും സുശീതള-
സുമവിരാജിത സുന്ദര ശയ്യയിൽ
മധുരചിന്താലഹരിയിൽ മഗ്നനാ-
യമരുമാച്ചൂടുമദ്ധ്യാഹ്ന വേളയിൽ,
വയലിൽനിന്നും മടങ്ങുമൊരോമലാ-
ളണയുമെന്മുന്നിലാനതമൗലിയായ്!
ചുരുൾമുടിക്കെട്ടഴിച്ചു വിതുർത്തുകൊ-
ണ്ടരികിൽ നിൽക്കുമവളോടു സസ്പൃഹം
ഹരിതദീപ്രമക്കാനനമണ്ഡല-
ചരിതമോരോന്നു ചോദിച്ചനാകുലം,
കരിപിടിക്കാത്ത കന്യാഹൃദന്തര-
കവനഭംഗി നുകർന്നു ഞാൻ വാണിടും!
കുളിരണിഞ്ഞ നിലാവിൽക്കുളിച്ചിടും
ലളിതമോഹനഹേമന്ത രാത്രിയിൽ,
പൊഴിയുമെൻ മൂളിപ്പാട്ടുകൾ കേട്ടു കേ-
ട്ടലിയുമോരോരോ വെൺമണൽത്തിട്ടുകൾ!
മലയമാരുതനേറ്റേറ്റു, കോകില-
മധുരപഞ്ചമം കേട്ടു കേട്ടങ്ങനെ,
മലരണിവളർവല്ലികൾ ചൂഴുമീ
മലയജാമലശീതളച്ഛായയിൽ,
കലിതകൗതുകമാടുമേച്ചീവിധം
കഴിയുവാനെനിക്കാകിൽ ഞാൻ ഭാഗ്യവാൻ!! 4-2-1108