ബാഷ്പാഞ്ജലി/അന്ത്യസമാധാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 അന്ത്യ സമാധാനം
       കാമുകൻ:
പറയുകെല്ലാം; മടിക്കേണ്ട നീ, യതിൽ
പരിഭവിക്കുവോനല്ല ഞാനോമലേ!
തവ ഹൃദയമൊളിവിൽ കവർന്നവ-
നുലകിലേവനാ, ണോതുകെന്നോടു നീ!
       പ്രണയിനി:
å മമ മനോരഥദീപമേ, മാമക
ചപലതയ്ക്കു നീ മാപ്പു നൽകേണമേ!
അതികുമതിയാമേകനാലീവിധം
തരള ചിത്ത ഞാൻ വഞ്ചിതയായ്, വിഭോ!
വിവിധവർണ്ണങ്ങൾ വീശുന്നൊരന്തിതൻ-
യവനികയ്ക്കു പിൻപൊക്കെത്തമോമയം.
അബല ഞാനെന്തറിയുന്നു?-ലേശവു-
മറിവിയലാത്തൊരേഴയല്ലല്ലി ഞാൻ?
ഒരു മരീചികയാണവൻ, കശ്മലൻ
പുതുനിലാവിന്റെ രൂപമെടുത്തവൻ!
åå *åå *ååå*
പ്രണയശീതളം, ഞാനതിരമ്യമാ-
മഭയകേന്ദ്രമൊന്നാരാഞ്ഞുപോകവേ;
'ഇവിടെയോമലേ, പോരിക, പോരികെ'-
ന്നൊരു മധുരക്ഷണം കേട്ടു പിന്നിലായ്.
തലതിരിച്ചു ഞാൻ-എന്തെന്തു വിസ്മയം!
തരുണനേകനാ,ണാകാരകോമളൻ!
മൃദുലമന്ദസ്മിതാശ്ലേഷിതാധരൻ
പ്രണയലോലകിരണോൽക്കരോജ്ജ്വലൻ!
മമ മിഴികളാ ദുർല്ലഭകാന്തിതൻ-
മധുര ചുംബനമേറ്റേറ്റു മങ്ങവെ,
പ്രകടമൂകമാം മാന്ത്രികശ്ക്തിയാൽ
സകലതും, ഹാ, മറന്നു വിശ്വത്തിൽ ഞാൻ!
സ്ഥിതിഗതികൾതൻ സൂഷ്മനിരീക്ഷണ-
കുതുകമെന്നിലുദിപ്പതിന്മുന്നിലായ്,
ഒരു നിമിഷത്തിനുള്ളിലപ്പാപിതൻ
കരവലയത്തിലായിക്കഴിഞ്ഞു ഞാൻ.
åå *åå *åå *
å നിമിഷങ്ങളാം കൊച്ചു നീർപ്പോളകൾ
യുഗസഹസ്രമഹാബ്ധികളാകവേ;
കരളുഞെട്ടിപ്പിടഞ്ഞൊന്നുണർന്നു ഞാൻ
കഥയിതെ,ന്തവൻ മുന്നിലൊണ്ടപ്പൊഴും!
എവിടെയാണെൻ വിമോചനം?-ഗൂഢമാ-
യെവിടെ നിൽപിതെന്നുദ്ധാരണോദ്യമം?
ഇതുവരെ ഞാൻ ശയിച്ചതു ചന്ദന-
ത്തണലില,ല്ലെരിവെയ്ലിലാണദ്ഭുതം!
ഉദയരശ്മിയ,ല്ലയേ്യാ,ചപലമാം
നിഴലിനെയാണു പുൽകിയതൊക്കെ ഞാൻ!
ഇതു വെറും സ്വപ്ന,മെന്നെച്ചതിച്ചു, ഞാൻ
തിരവതെങ്ങിനി നിന്നെ, യാഥാർത്ഥ്യമേ?
അമൃതകല്ലോലമെന്നോർത്തുപോയി ഞാ-
നതിഭയങ്കര പാഷാണദീപ്തിയെ!
åå *åå *åå *
അകലെ വാരുണദിക്കിലെല്ലാടവു-
മരുണിമ വീശുമന്തിമസന്ധ്യയിൽ
വിവിധചിന്താവിവശയായേകയായ്
വിജനവാടിയിൽ ഞാനിരുന്നീടവേ;
ചൊകചൊകയായ് വിദൂരത്തു ചിന്നിയ
മുകിൽനിരകൾക്കിടയിലൂടങ്ങനെ,
തെളിയുമാകാശനീലിമയ്ക്കുള്ളിലായ്-
ക്കിളരുമക്കൊച്ചുവെള്ളിനക്ഷത്രവും,
അകലെയന്തരീക്ഷത്തിലവ്യക്തമാ-
യിളകുമാവൽച്ചിറകടിയൊച്ചയും,
അരുളുമാറുണ്ടു നിശ്ശബ്ദമെന്നൊട-
ത്യനഘമായിടുമേതോ സമാഗമം.
പിടയുമാറുണ്ടു കെട്ടിപ്പിടിക്കുവാ-
നിടറിയോടുമൊരു വെളിച്ചത്തെ ഞാൻ!
ഝടിതികൈനീട്ടി മുന്നിലേയ്ക്കാഞ്ഞിടാ-
നുഴറിടാറുണ്ടറിയാതെതന്നെ ഞാൻ!
     കാമുകൻ:
പറയുകെല്ലാം, മടിക്കേണ്ട നീ, യതിൽ
പരിഭവിക്കുവോനല്ല ഞാനോമലേ!
അവിടെ നിന്നെ പ്രതീക്ഷിച്ചുകൊണ്ടുഞാ-
നണകയാണെന്നറിഞ്ഞിരുന്നില്ലയോ?
      പ്രണയിനി:
å അതു ശരിയായ് ഗഹിച്ചുഞാനെങ്കിലു-
മവിടെയപ്പൊഴും നിന്നിതക്കശ്മലൻ.
അവശചിത്തയായാവിലനേത്രയാ-
യവനതാസ്യയായ് നിൽക്കുമെന്നോടവൻ
അരുളിയാമന്ദമേവം:- "ആരോമലേ,
കിരണമല്ല,തൊരുവെറും പാഴ്നിഴൽ!
അഭയദായകമല്ല നിനക്കതു
പഴുതെയേവം ഭ്രമിക്കായ്ക, കണ്മണി!
അതിഭയങ്കരൻ, ധൂർത്തൻ, വിലക്ഷണ,-
നലിവെഴാത്തവ, നത്യന്തകശ്മലൻ-
അവനെയോർക്കരു,തങ്ങോട്ടു നോക്കരു,-
തമിതശല്യമരുളുവോനാണവൻ.
വരികെഴുന്നേൽക്ക,സ്വൈരമിക്കോമള-
വനികയിൽ നമുക്കൊന്നിച്ചലഞ്ഞിടാം!-
ഇതിലുപരിയായ് മേലിൽ നമുക്കിനി-
സ്സുഖവിഭവാനുഭൂതി നുകർന്നിടാം!-"å
å അനുപദമതും സമ്മതിച്ചക്ഷണ-
മവിടെനിന്നും പിടഞ്ഞെഴുന്നേറ്റു ഞാൻ.
ഒടുവിലെന്തി,നെൻ ബാഹ്യസൗന്ദര്യമ-
ക്കപടകാമുകനാസ്വാദനാങ്കമായ്.
അതുമുഴുവൻ ക്രമേണ മാഞ്ഞങ്ങനെ
പുതുമയില്ലാത്ത വസ്തുവായ്ത്തീർന്നു ഞാൻ.
ചപലനെന്നെ വെടിഞ്ഞുടൻ നിർദ്ദയ-
നെവിടെയോ ചെന്നൊളിച്ചു, ഹാ, ദുർന്നയൻ.
അവനിനിയും ലഭിക്കാതിരിക്കുമോ
ചതിയറിയാത്ത തൈപ്പെൺകൊടികളെ?
മധു നശിച്ച മലരിനെയെന്തിനായ്
മധുകരം പേർത്തും കെട്ടിപ്പുണരണം?
      കാമുകൻ:
അമലേ, നീയൊരു പാഴ്മലര,ല്ലവ-
നതുവിധം നിന്നെത്തെറ്റിദ്ധരിച്ചുപോയ്;
ക്ഷണികമായ നിൻ ബാഹ്യസൗന്ദര്യമേ
കരുതിയതുള്ളു, കഷ്ട ,മാ വഞ്ചകൻ!
കുസുമമല്ലെനി,ക്കായതിനുള്ളിലെ-
ക്കുളിർപരിമളം മാത്രമാകുന്നു നീ.
അതുനുകർന്നാൽ നശിക്കുന്നത,ല്ലതിൻ-
പുതുമ ലേശവും മായില്ലൊരിക്കലും!
ഇനി വിഷാദിച്ചിടേണ്ട നീ യോമനേ,
തവ യഥാർത്ഥ കമിതാവിതാ, വരൂ!!
åå *åå *åå *
å അവൾ തല ചായ്ച്ചു;- സൗരയൂഥങ്ങളിൽ
വഴികയായൊരു സംഗീതസാന്ത്വനം;
ഇരുളകന്നുടൻ കാലദേശാദിയ-
റ്റൊരു വെളിച്ചം പരന്നു, മനോഹരം!!å 18-2-1110