പ്രേമസംഗീതം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ |
|
മഹാകാവ്യം
|
|
ചമ്പു
|
|
ഖണ്ഡകാവ്യങ്ങള്‍
വഞ്ചീശഗീതി · ഒരു നേര്‍ച്ച |
|
കവിതാസമാഹാരങ്ങള്‍
കാവ്യചന്ദ്രിക · കിരണാവലി |
|
ഗദ്യം
|
|
|
പ്രേമസംഗീതം
I
ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാന്‍ ദ്വേഷം;ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലര്‍വാടിക മരുപ്പറമ്പായ്, വാനം നാരകമായ്
II
പദങ്ങളന്വയമാര്‍ന്നേ വാക്യം ഭവിപ്പൂ സാര്‍ത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നല്‍കൂ
പരാര്‍ദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിക്കമരാന്‍ പഴുതില്ലൊരിടത്തും
പരന്‍ പുമാനും പ്രകൃതിസഹായന്‍ പ്രപഞ്ചഘടനത്തില്‍
പേര്‍ത്തും തമ്മില്‍ പൃഥ്യപ്തേജോവായ്‌വാകാശങ്ങള്‍
പിണയ്പ്പു മേന്മേല്‍ സൃഷ്ടിയിലീശന്‍; പിരിപ്പു സംഹൃതിയില്‍
വിരിഞ്ഞുനില്‍പ്പൊരു സുമമളിയെത്തന്‍ വിശിഷ്ടഗന്ധത്താല്‍
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തില്‍
മധുവ്രതത്തിനു മടുമലര്‍ വേണം മനം കുളിര്‍പ്പിപ്പാന്‍
മലര്‍ന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാന്‍
പ്രജകള്‍ ജഗത്തില്‍ സുകൃതികള്‍ ജായാപതികള്‍ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിന്‍ ഫലപ്രകാണ്ഡങ്ങള്‍
ചൂടാന്‍ മലരും ഘനമായ്ത്തോന്നിന ദോഹദകാലത്തില്‍
ച്ചുമന്നിരിപ്പൂ ദുര്‍ഭരഗര്‍ഭം സുഖേന ജനയിത്രി
പിതാവു, മാതാവു,ടപ്പിരന്നോര്‍, ബാന്ധവ,രിഷ്ടന്മാര്‍
പ്രേയസി, മക്കള്‍,ഭുജിഷ്യര്‍ തുടങ്ങി പ്രേമപരാധീനര്‍
പരിചരണോദ്യതര്‍ പലജീവികള്‍തന്‍ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതര്‍ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്
III
പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ്വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മല്‍ഭാവവിഡംബനപാടവമാര്‍ന്ന നടന്‍
പ്രപഞ്ചഭൂമിയില്‍ വിതച്ച വിത്തിന്‍ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുള്‍വൂ പട്ടും വെട്ടും പകരത്തിനു പകരം
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകില്‍ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാര്‍ത്ഥനിരതന്‍ പ്രകൃതിജഭാവം പരസ്പരാകര്‍ഷം;
പ്രാണികുലത്തിന്‍ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്‍കുകില്‍ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നില്‍ മാലകലാന്‍
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യര്‍ ദേവന്മാര്‍
പാഷാണൌഷധിപക്ഷിമൃഗാദികള്‍ പല പല വടിവുകളില്‍
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേര്‍ത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോര്‍ക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേള്‍ക്കാം
ഏകോദരസോദരര്‍ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തില്‍ത്തമ്മിലിണങ്ങിടുമോതപ്രോതങ്ങള്‍
അടുത്തുനില്‍പ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യന്‍പുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടണ്ടതിന്‍ പരിസ്ഫുരണം
അരചര്‍ക്കരചനുമടിമയ്ക്കടിമയുമഭിന്നര്‍, ഉള്ളില-
ര്‍ക്കതില്‍ക്കൊളുത്തിന തിരിതാന്‍ കത്തുവതന്തഃകരണാഖ്യം
IV
നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മന്‍!
നരഖ്യമങ്ങേ നര്‍ത്തനഗനമിതില്‍ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെന്‍ കൃത്യം
അരങ്ങുലയ്ക്കാനരചന്‍ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.
അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യര്‍ ധരിക്കാതെ
അതൊന്നു കാണ്മാന്‍ മിഴികള്‍ തുറന്നാലന്നിമിഷം മുതല്‍ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരന്‍,
പരാപരാത്മന്‍, ഭക്ത്യഭിഗമ്യന്‍ ഭവാനെയാര്‍ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാല്‍?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാര്‍ത്ഥത്തില്‍പ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാര്‍ത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !