പരിശുദ്ധ ഖുർആൻ/അൽ ബഖറ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അലിഫ്‌ ലാം മീം[1]

2 ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക്‌ നേർവഴി കാണിക്കുന്നതത്രെ അത്‌.

3 അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും, പ്രാർത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും, നാം നൽകിയ സമ്പത്തിൽ നിന്ന്‌ ചെലവഴിക്കുകയും,

4 നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും, പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ ( സൂക്ഷ്മത പാലിക്കുന്നവർ ).

5 അവരുടെ നാഥൻ കാണിച്ച നേർവഴിയിലാകുന്നു അവർ. അവർ തന്നെയാകുന്നു സാക്ഷാൽ വിജയികൾ.

6 സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവർക്ക്‌ താക്കീത്‌ നൽകിയാലും ഇല്ലെങ്കിലും സമമാകുന്നു. അവർ വിശ്വസിക്കുന്നതല്ല.

7 അവരുടെ മനസ്സുകൾക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌[2] . അവരുടെ ദൃഷ്ടികളിൻമേലും ഒരു മൂടിയുണ്ട്‌. അവർക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.

8 ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്ന ചില ആളുകളുണ്ട്‌ ; ( യഥാർത്ഥത്തിൽ ) അവർ വിശ്വാസികളല്ല.

9 അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ്‌ അവർ ശ്രമിക്കുന്നത്‌. ( വാസ്തവത്തിൽ ) അവർ ആത്മവഞ്ചന മാത്രമാണ്‌ ചെയ്യുന്നത്‌. അവരത്‌ മനസ്സിലാക്കുന്നില്ല.

10 അവരുടെ മനസ്സുകളിൽ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവർക്ക്‌ രോഗം വർദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ്‌ അവർക്കുണ്ടായിരിക്കുക.

11 നിങ്ങൾ നാട്ടിൽ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാൽ, ഞങ്ങൾ സൽപ്രവർത്തനങ്ങൾ മാത്രമാണല്ലോ ചെയ്യുന്നത്‌ എന്നായിരിക്കും അവരുടെ മറുപടി.

12 എന്നാൽ യഥാർത്ഥത്തിൽ അവർ തന്നെയാകുന്നു കുഴപ്പക്കാർ. പക്ഷെ, അവരത്‌ മനസ്സിലാക്കുന്നില്ല.

13 മറ്റുള്ളവർ വിശ്വസിച്ചത്‌ പോലെ നിങ്ങളും വിശ്വസിക്കൂ എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാൽ ഈ മൂഢൻമാർ വിശ്വസിച്ചത്‌ പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവർ മറുപടി പറയുക. എന്നാൽ യഥാർത്ഥത്തിൽ അവർ തന്നെയാകുന്നു മൂഢൻമാർ. പക്ഷെ, അവരത്‌ അറിയുന്നില്ല.

14 വിശ്വാസികളെ കണ്ടുമുട്ടുമ്പോൾ അവർ പറയും; ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവർ തങ്ങളുടെ ( കൂട്ടാളികളായ ) പിശാചുക്കളുടെ അടുത്ത്‌ തനിച്ചാകുമ്പോൾ അവരോട്‌ പറയും: ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങൾ ( മറ്റവരെ ) കളിയാക്കുക മാത്രമായിരുന്നു.

15 എന്നാൽ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളിൽ വിഹരിക്കുവാൻ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു.

16 സന്മാർഗം വിറ്റ്‌ പകരം ദുർമാർഗം വാങ്ങിയവരാകുന്നു അവർ. എന്നാൽ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവർ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.

17 അവരെ ഉപമിക്കാവുന്നത്‌ ഒരാളോടാകുന്നു: അയാൾ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോൾ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടിൽ ( തപ്പുവാൻ ) അവരെ വിടുകയും ചെയ്തു.

18 ബധിരരും ഊമകളും അന്ധൻമാരുമാകുന്നു അവർ. അതിനാൽ അവർ ( സത്യത്തിലേക്ക്‌ ) തിരിച്ചുവരികയില്ല.

19 അല്ലെങ്കിൽ ( അവരെ ) ഉപമിക്കാവുന്നത്‌ ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്‌. ഇടിനാദങ്ങൾ നിമിത്തം മരണം ഭയന്ന്‌ അവർ വിരലുകൾ ചെവിയിൽ തിരുകുന്നു. എന്നാൽ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്‌.

20 മിന്നൽ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത്‌ ( മിന്നൽ ) അവർക്ക്‌ വെളിച്ചം നൽകുമ്പോഴെല്ലാം അവർ ആ വെളിച്ചത്തിൽ നടന്നു പോകും. ഇരുട്ടാകുമ്പോൾ അവർ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ കേൾവിയും കാഴ്ചയും അവൻ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌.

21 ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുൻഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാൻ വേണ്ടിയത്രെ അത്‌.

22 നിങ്ങൾക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽപുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങൾക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉൽപാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാൽ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട്‌ നിങ്ങൾ അല്ലാഹുവിന്‌ സമൻമാരെ ഉണ്ടാക്കരുത്‌.

23 നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുർആനെ ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങൾക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാൻമാരണെങ്കിൽ ( അതാണല്ലോ വേണ്ടത്‌ ).

24 നിങ്ങൾക്കത്‌ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ -നിങ്ങൾക്കത്‌ ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല- മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.

25 (നബിയേ, ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ താഴ്ഭാഗത്ത്കൂടി നദികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ ലഭിക്കുവാനുണ്ടെന്ന്‌ സന്തോഷവാർത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നൽകപ്പെടുമ്പോൾ, 'ഇതിന്‌ മുമ്പ്‌ ഞങ്ങൾക്ക്‌ നൽകപ്പെട്ടത്‌ തന്നെയാണല്ലോ ഇതും' എന്നായിരിക്കും അവർ പറയുക. ( വാസ്തവത്തിൽ ) പരസ്പര സാദൃശ്യമുള്ള നിലയിൽ അതവർക്ക്‌ നൽകപ്പെടുകയാണുണ്ടായത്‌.പരിശുദ്ധരായ ഇണകളും അവർക്കവിടെ ഉണ്ടായിരിക്കും. അവർ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.

26 ഏതൊരു വസ്തുവേയും ഉപമയാക്കുന്നതിൽ അല്ലാഹു ലജ്ജിക്കുകയില്ല; തീർച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാൽ വിശ്വാസികൾക്ക്‌ അത്‌ തങ്ങളുടെ നാഥന്റെപക്കൽനിന്നുള്ള സത്യമാണെന്ന്‌ ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട്‌ അല്ലാഹു എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ ചോദിക്കുകയാണ്‌ ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവൻ പിഴവിലാക്കുന്നു. ധാരാളം പേരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. അധർമ്മകാരികളല്ലാത്ത ആരെയും അത്‌ നിമിത്തം അവൻ പിഴപ്പിക്കുകയില്ല.

27 അല്ലാഹുവിന്റെ ഉത്തരവ്‌ അവൻ ശക്തിയുക്തം നൽകിയതിന്‌ ശേഷം അതിന്‌ വിപരീതം പ്രവർത്തിക്കുകയും അല്ലാഹു കൂട്ടിചേർക്കുവാൻ കൽപിച്ചതിനെ മുറിച്ച്‌ വേർപെടുത്തുകയും ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവർ ( അധർമ്മകാരികൾ ). അവർ തന്നെയാകുന്നു നഷ്ടക്കാർ.

28 നിങ്ങൾക്കെങ്ങനെയാണ്‌ അല്ലാഹുവിനെ നിഷേധിക്കാൻ കഴിയുക? നിങ്ങൾ നിർജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവൻ നിങ്ങൾക്ക്‌ ജീവൻ നൽകി. പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവങ്കലേക്ക്‌ തന്നെ നിങ്ങൾ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും.

29 അവനാണ്‌ നിങ്ങൾക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ്‌ ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെയാണ്‌. അവൻ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

30 ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കാൻ പോകുകയാണ്‌ എന്ന്‌ നിന്റെനാഥൻ മലക്കുകളോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക ). അവർ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവൻ ( അല്ലാഹു ) പറഞ്ഞു: നിങ്ങൾക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം.

31 അവൻ ( അല്ലാഹു ) ആദമിന്‌ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട്‌ ആ പേരിട്ടവയെ അവൻ മലക്കുകൾക്ക്‌ കാണിച്ചു. എന്നിട്ടവൻ ആജ്ഞാപിച്ചു: നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഇവയുടെ നാമങ്ങൾ എനിക്ക്‌ പറഞ്ഞുതരൂ.

32 അവർ പറഞ്ഞു: നിനക്ക്‌ സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങൾക്കില്ല. നീ തന്നെയാണ്‌ സർവ്വജ്ഞനും അഗാധജ്ഞാനിയും.

33 അനന്തരം അവൻ ( അല്ലാഹു ) പറഞ്ഞു: ആദമേ, ഇവർക്ക്‌ അവയുടെ നാമങ്ങൾ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവൻ ( ആദം ) അവർക്ക്‌ ആ നാമങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ അവൻ ( അല്ലാഹു ) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങൾ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന്‌ ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ?

34 ആദമിനെ നിങ്ങൾ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക ) . അവർ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ സത്യനിഷേധികളിൽ പെട്ടവനായിരിക്കുന്നു.

35 'ആദമേ, നീയും നിന്റെ ഇണയും സ്വർഗത്തിൽ താമസിക്കുകയും അതിൽ നിങ്ങൾ ഇച്ഛിക്കുന്നിടത്തു നിന്ന്‌ സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാൽ ഈ വൃക്ഷത്തെ നിങ്ങൾ സമീപിച്ചുപോകരുത്‌. എങ്കിൽ നിങ്ങൾ ഇരുവരും അതിക്രമകാരികളായിത്തീരും' എന്നു നാം ആജ്ഞാപിച്ചു.

36 എന്നാൽ പിശാച്‌ അവരെ അതിൽ നിന്ന്‌ വ്യതിചലിപ്പിച്ചു. അവർ ഇരുവരും അനുഭവിച്ചിരുന്നതിൽ ( സൗഭാഗ്യം ) നിന്ന്‌ അവരെ പുറം തള്ളുകയും ചെയ്തു. നാം ( അവരോട്‌ ) പറഞ്ഞു: 'നിങ്ങൾ ഇറങ്ങിപ്പോകൂ. നിങ്ങളിൽ ചിലർ ചിലർക്ക്‌ ശത്രുക്കളാകുന്നു. നിങ്ങൾക്ക്‌ ഭൂമിയിൽ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും'.

37 അനന്തരം ആദം തന്റെരക്ഷിതാവിങ്കൽ നിന്ന്‌ ചില വചനങ്ങൾ സ്വീകരിച്ചു. ( ആ വചനങ്ങൾ മുഖേന പശ്ചാത്തപിച്ച ) ആദമിന്‌ അല്ലാഹു പാപമോചനം നൽകി. അവൻ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.

38 നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്റെപക്കൽ നിന്നുള്ള മാർഗദർശനം നിങ്ങൾക്ക്‌ വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക്‌ ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല.

39 അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

40 ഇസ്രായീൽ സന്തതികളേ, ഞാൻ നിങ്ങൾക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങൾ ഓർമിക്കുകയും, എന്നോടുള്ള കരാർ നിങ്ങൾ നിറവേറ്റുകയും ചെയ്യുവിൻ. എങ്കിൽ നിങ്ങളോടുള്ള കരാർ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങൾ ഭയപ്പെടാവൂ.

41 നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാൻ അവതരിപ്പിച്ച സന്ദേശത്തിൽ ( ഖുർആനിൽ ) നിങ്ങൾ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവർ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക്‌ ( ഭൗതിക നേട്ടത്തിനു ) പകരം എന്റെ വചനങ്ങൾ നിങ്ങൾ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട്‌ മാത്രം നിങ്ങൾ ഭയഭക്തി പുലർത്തുക.

42 നിങ്ങൾ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.

43 പ്രാർത്ഥന മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും, ( അല്ലാഹുവിന്റെമുമ്പിൽ ) തലകുനിക്കുന്നവരോടൊപ്പം നിങ്ങൾ തലകുനിക്കുകയും ചെയ്യുവിൻ.

44 നിങ്ങൾ ജനങ്ങളോട്‌ നൻമ കൽപിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തിൽ ( അത്‌ ) മറന്നുകളയുകയുമാണോ ? നിങ്ങൾ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌ ?

45 സഹനവും നമസ്കാരവും മുഖേന ( അല്ലാഹുവിന്റെ) സഹായം തേടുക. അത്‌ ( നമസ്കാരം ) ഭക്തൻമാരല്ലാത്തവർക്ക്‌ വലിയ ( പ്രയാസമുള്ള ) കാര്യം തന്നെയാകുന്നു.

46 തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക്‌ തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവർ ( ഭക്തൻമാർ ).

47 ഇസ്രായീൽ സന്തതികളേ, നിങ്ങൾക്ക്‌ ഞാൻ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാൾ നിങ്ങൾക്ക്‌ ഞാൻ ശ്രേഷ്ഠത നൽകിയതും നിങ്ങൾ ഓർക്കുക.

48 ഒരാൾക്കും മറ്റൊരാൾക്ക്‌ വേണ്ടി ഒരു ഉപകാരവും ചെയ്യാൻ പറ്റാത്ത ഒരു ദിവസത്തെ നിങ്ങൾ സൂക്ഷിക്കുക. ( അന്ന്‌ ) ഒരാളിൽ നിന്നും ഒരു ശുപാർശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളിൽനിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവർക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല.

49 നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാൻ വിട്ടുകൊണ്ടും നിങ്ങൾക്ക്‌ നിഷ്‌ഠൂര മർദ്ദനമേൽപിച്ചുകൊണ്ടിരുന്ന ഫിർഔന്റെകൂട്ടരിൽ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദർഭം ( ഓർമിക്കുക. ) നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ഒരു വലിയ പരീക്ഷണമാണ്‌ അതിലുണ്ടായിരുന്നത്‌.

50 കടൽ പിളർന്ന്‌ നിങ്ങളെ കൊണ്ടുപോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങൾ കണ്ടുകൊണ്ടിരിക്കെ ഫിർഔന്റെകൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദർഭവും ( ഓർമിക്കുക ).

51 മൂസാ നബിക്ക്‌ നാൽപത്‌ രാവുകൾ നാം നിശ്ചയിക്കുകയും അദ്ദേഹം ( അതിന്നായി ) പോയ ശേഷം നിങ്ങൾ അക്രമമായി ഒരു കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിക്കുകയും ചെയ്ത സന്ദർഭവും ( ഓർക്കുക ).

52 എന്നിട്ട്‌ അതിന്ന്‌ ശേഷവും നിങ്ങൾക്ക്‌ നാം മാപ്പുനൽകി. നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാൻ വേണ്ടി.

53 നിങ്ങൾ സൻമാർഗം കണ്ടെത്തുന്നതിന്‌ വേണ്ടി വേദഗ്രന്ഥവും, സത്യവും അസത്യവും വേർതിരിക്കുന്ന പ്രമാണവും മൂസാനബിക്ക്‌ നാം നൽകിയ സന്ദർഭവും ( ഓർക്കുക ).

54 'എന്റെസമുദായമേ, കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിച്ചത്‌ മുഖേന നിങ്ങൾ നിങ്ങളോട്‌ തന്നെ അന്യായം ചെയ്തിരിക്കുകയാണ്‌. അതിനാൽ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിലേക്ക്‌ പശ്ചാത്തപിച്ച്‌ മടങ്ങുകയും ( പ്രായശ്ചിത്തമായി ) നിങ്ങൾ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെഅടുക്കൽ അതാണ്‌ നിങ്ങൾക്ക്‌ ഗുണകരം' എന്ന്‌ മൂസാ തന്റെജനതയോട്‌ പറഞ്ഞ സന്ദർഭവും ( ഓർമിക്കുക ). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവൻ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.

55 'ഓ; മൂസാ, ഞങ്ങൾ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല' എന്ന്‌ നിങ്ങൾ പറഞ്ഞ സന്ദർഭം ( ഓർക്കുക. ) തന്നിമിത്തം നിങ്ങൾ നോക്കി നിൽക്കെ ഇടിത്തീ നിങ്ങളെ പിടികൂടി.

56 പിന്നീട്‌ നിങ്ങളുടെ മരണത്തിന്‌ ശേഷം നിങ്ങളെ നാം എഴുന്നേൽപിച്ചു. നിങ്ങൾ നന്ദിയുള്ളവരായിത്തീരാൻ വേണ്ടി.

57 നിങ്ങൾക്ക്‌ നാം മേഘത്തണൽ നൽകുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങൾക്ക്‌ നാം നൽകിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ ഭക്ഷിച്ചുകൊള്ളുക ( എന്ന്‌ നാം നിർദേശിച്ചു ). അവർ ( എന്നിട്ടും നന്ദികേട്‌ കാണിച്ചവർ ) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവർ അവർക്ക്‌ തന്നെയാണ്‌ ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌.

58 'നിങ്ങൾ ഈ പട്ടണത്തിൽ പ്രവേശിക്കുവിൻ. അവിടെ നിങ്ങൾക്ക്‌ ഇഷ്ടമുള്ളിടത്തുനിന്ന്‌ യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിൻ. തലകുനിച്ചുകൊണ്ട്‌ വാതിൽ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിൻ. നിങ്ങളുടെ പാപങ്ങൾ നാം പൊറുത്തുതരികയും, സൽപ്രവൃത്തികൾ ചെയ്യുന്നവർക്ക്‌ കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്നതാണ്‌' എന്ന്‌ നാം പറഞ്ഞ സന്ദർഭവും ( ഓർക്കുക ).

59 എന്നാൽ അക്രമികളായ ആളുകൾ അവരോട്‌ നിർദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ്‌ ഉപയോഗിച്ചത്‌. അതിനാൽ ആ അക്രമികളുടെ മേൽ നാം ആകാശത്തു നിന്ന്‌ ശിക്ഷ ഇറക്കി. കാരണം അവർ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത്‌ തന്നെ.

60 മൂസാ നബി തന്റെ ജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദർഭവും ( ശ്രദ്ധിക്കുക. ) അപ്പോൾ നാം പറഞ്ഞു: 'നിന്റെവടികൊണ്ട്‌ പാറമേൽ അടിക്കുക.' അങ്ങനെ അതിൽ നിന്ന്‌ പന്ത്രണ്ട്‌ ഉറവുകൾ പൊട്ടി ഒഴുകി. ജനങ്ങളിൽ ഓരോ വിഭാഗവും അവരവർക്ക്‌ വെള്ളമെടുക്കാനുള്ള സ്ഥലങ്ങൾ മനസ്സിലാക്കി. 'അല്ലാഹുവിന്റെ ആഹാരത്തിൽ നിന്ന്‌ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയിൽ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത്‌' ( എന്ന്‌ നാം അവരോട്‌ നിർദേശിക്കുകയും ചെയ്തു ).

61 'ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാൻ ഞങ്ങൾക്ക്‌ സാധിക്കുകയില്ല. അതിനാൽ മണ്ണിൽ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്‌, പയറ്‌, ഉള്ളി മുതലായവ ഞങ്ങൾക്ക്‌ ഉൽപാദിപ്പിച്ചുതരുവാൻ താങ്കൾ താങ്കളുടെ നാഥനോട്‌ പ്രാർത്ഥിക്കുക' എന്ന്‌ നിങ്ങൾ പറഞ്ഞ സന്ദർഭവും ( ഓർക്കുക ) മൂസാ പറഞ്ഞു: 'കൂടുതൽ ഉത്തമമായത്‌ വിട്ട്‌ തികച്ചും താണതരത്തിലുള്ളതാണോ നിങ്ങൾ പകരം ആവശ്യപ്പെടുന്നത്‌? എന്നാൽ നിങ്ങളൊരു പട്ടണത്തിൽ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാം നിങ്ങൾക്കവിടെ കിട്ടും'. ( ഇത്തരം ദുർവാശികൾ കാരണമായി ) അവരുടെ മേൽ നിന്ദ്യതയും പതിത്വവും അടിച്ചേൽപിക്കപ്പെടുകയും, അവർ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമായിത്തീരുകയും ചെയ്തു. അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകൻമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത്‌ സംഭവിച്ചത്‌. അവർ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത്‌ സംഭവിച്ചത്‌.

62 ( മുഹമ്മദ്‌ നബിയിൽ ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക്‌ അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ട്‌. അവർക്ക്‌ ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

63 നാം നിങ്ങളോട്‌ കരാർ വാങ്ങുകയും നിങ്ങൾക്ക്‌ മീതെ പർവ്വതത്തെ നാം ഉയർത്തിപ്പിടിക്കുകയും ചെയ്ത സന്ദർഭം ( ഓർക്കുക ). നിങ്ങൾക്ക്‌ നാം നൽകിയത്‌ ഗൗരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടി അതിൽ നിർദേശിച്ചത്‌ ഓർമിച്ചുകൊണ്ടിരിക്കുകയും ചെയ്യുക ( എന്ന്‌ നാം അനുശാസിച്ചു ).

64 എന്നിട്ടതിന്‌ ശേഷവും നിങ്ങൾ പുറകോട്ട്‌ പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ നഷ്ടക്കാരിൽ പെടുമായിരുന്നു.

65 നിങ്ങളിൽ നിന്ന്‌ സബ്ത്ത്‌ (ശബ്ബത്ത്‌ ) ദിനത്തിൽ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ നാം അവരോട്‌ പറഞ്ഞു: 'നിങ്ങൾ നിന്ദ്യരായ കുരങ്ങൻമാരായിത്തീരുക'.

66 അങ്ങനെ നാം അതിനെ ( ആ ശിക്ഷയെ ) അക്കാലത്തും പിൽക്കാലത്തുമുള്ളവർക്ക്‌ ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവർക്ക്‌ ഒരു തത്വോപദേശവുമാക്കി.

67 'അല്ലാഹു നിങ്ങളോട്‌ ഒരു പശുവിനെ അറുക്കുവാൻ കൽപിക്കുന്നു' എന്ന്‌ മൂസാ തന്റെ ജനതയോട്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക ) അവർ പറഞ്ഞു: 'താങ്കൾ ഞങ്ങളെ പരിഹസിക്കുകയാണോ'? അദ്ദേഹം ( മൂസാ ) പറഞ്ഞു: 'ഞാൻ വിവരംകെട്ടവരിൽ പെട്ടുപോകാതിരിക്കാൻ അല്ലാഹുവിൽ അഭയം പ്രാപിക്കുന്നു'.

68 ( അപ്പോൾ ) അവർ പറഞ്ഞു: 'അത്‌ ( പശു ) ഏത്‌ തരമായിരിക്കണമെന്ന്‌ ഞങ്ങൾക്ക്‌ വിശദീകരിച്ചു തരാൻ ഞങ്ങൾക്ക്‌ വേണ്ടി താങ്കളുടെ രക്ഷിതാവിനോട്‌ പ്രാർത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ്‌ അവൻ ( അല്ലാഹു ) പറയുന്നത്‌. അതിനാൽ കൽപിക്കപ്പെടുന്ന പ്രകാരം നിങ്ങൾ പ്രവർത്തിക്കുക'.

69 അവർ പറഞ്ഞു: 'അതിന്റെ നിറമെന്തായിരിക്കണമെന്ന്‌ ഞങ്ങൾക്ക്‌ വിശദീകരിച്ചുതരുവാൻ ഞങ്ങൾക്ക്‌ വേണ്ടി താങ്കൾ താങ്കളുടെ രക്ഷിതാവിനോട്‌ പ്രാർത്ഥിക്കണം. മൂസാ പറഞ്ഞു: കാണികൾക്ക്‌ കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ്‌ അവൻ ( അല്ലാഹു ) പറയുന്നത്‌'.

70 അവർ പറഞ്ഞു: 'അത്‌ ഏത്‌ തരമാണെന്ന്‌ ഞങ്ങൾക്ക്‌ വ്യക്തമാക്കി തരാൻ നിന്റെ രക്ഷിതാവിനോട്‌ ഞങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുക. തീർച്ചയായും പശുക്കൾ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങൾക്ക്‌ തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാൽ അവന്റെ മാർഗനിർദേശപ്രകാരം തീർച്ചയായും ഞങ്ങൾ പ്രവർത്തിക്കാം'.

71 ( അപ്പോൾ ) മൂസാ പറഞ്ഞു: 'നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ്‌ അല്ലാഹു പറയുന്നത്‌'. അവർ പറഞ്ഞു: 'ഇപ്പോഴാണ്‌ താങ്കൾ ശരിയായ വിവരം വെളിപ്പെടുത്തിയത്‌'. അങ്ങനെ അവർ അതിനെ അറുത്തു. അവർക്കത്‌ നിറവേറ്റുക എളുപ്പമായിരുന്നില്ല.

72 ( ഇസ്രായീൽ സന്തതികളേ ), നിങ്ങൾ ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട്‌ ഒഴിഞ്ഞ്‌ മാറുകയും ചെയ്ത സന്ദർഭവും ( ഓർക്കുക. ) എന്നാൽ നിങ്ങൾ ഒളിച്ച്‌ വെക്കുന്നത്‌ അല്ലാഹു വെളിയിൽ കൊണ്ടുവരിക തന്നെ ചെയ്യും.

73 അപ്പോൾ നാം പറഞ്ഞു: 'നിങ്ങൾ അതിന്റെ ( പശുവിന്റെ) ഒരംശംകൊണ്ട്‌ ആ മൃതദേഹത്തിൽ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്കവൻ കാണിച്ചുതരുന്നു'.

74 പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകൾ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാൾ കടുത്തതോ ആയി ഭവിച്ചു. പാറകളിൽ ചിലതിൽ നിന്ന്‌ നദികൾ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളർന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താൽ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങൾ പ്രവർത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.

75 ( സത്യവിശ്വാസികളേ ), നിങ്ങളെ അവർ ( യഹൂദർ ) വിശ്വസിക്കുമെന്ന്‌ നിങ്ങൾ മോഹിക്കുകയാണോ? അവരിൽ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുകയും, അത്‌ ശരിക്കും മനസ്സിലാക്കിയതിന്‌ ശേഷം ബോധപൂർവ്വം തന്നെ അതിൽ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.

76 വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോൾ അവർ പറയും: 'ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' എന്ന്‌. അവർ തമ്മിൽ തനിച്ചുകണ്ടുമുട്ടുമ്പോൾ ( പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ ) അവർ പറയും: 'അല്ലാഹു നിങ്ങൾക്ക്‌ വെളിപ്പെടുത്തിത്തന്ന കാര്യങ്ങൾ ഇവർക്ക്‌ നിങ്ങൾ പറഞ്ഞുകൊടുക്കുകയാണോ ? നിങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയിൽ അവർ നിങ്ങൾക്കെതിരിൽ അത്‌ വെച്ച്‌ ന്യായവാദം നടത്താൻ വേണ്ടി. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌' ?

77 എന്നാൽ അവർക്കറിഞ്ഞുകൂടേ; അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന്‌ ?

78 അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരിൽ ( ഇസ്രായീല്യരിൽ ) ഉണ്ട്‌. ചില വ്യാമോഹങ്ങൾ വെച്ച്‌ പുലർത്തുന്നതല്ലാതെ വേദ ഗ്രന്ഥത്തെപ്പറ്റി അവർക്ക്‌ ഒന്നുമറിയില്ല. അവർ ഊഹത്തെ അവലംബമാക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

79 എന്നാൽ സ്വന്തം കൈകൾ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കൽ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവർക്കാകുന്നു നാശം. അത്‌ മുഖേന വില കുറഞ്ഞ നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടിയാകുന്നു ( അവരിത്‌ ചെയ്യുന്നത്‌. ) അവരുടെ കൈകൾ എഴുതിയ വകയിലും അവർ സമ്പാദിക്കുന്ന വകയിലും അവർക്ക്‌ നാശം.

80 അവർ ( യഹൂദർ ) പറഞ്ഞു: 'എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല'. ചോദിക്കുക: 'നിങ്ങൾ അല്ലാഹുവിങ്കൽനിന്ന്‌ വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാൽ തീർച്ചയായും അല്ലാഹു തന്റെ കരാർ ലംഘിക്കുകയില്ല. അതല്ല, നിങ്ങൾക്ക്‌ അറിവില്ലാത്തത്‌ അല്ലാഹുവിന്റെ പേരിൽ നിങ്ങൾ പറഞ്ഞുണ്ടാക്കുകയാണോ' ?

81 അങ്ങനെയല്ല. ആർ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തിൽ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

82 വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

83 അല്ലാഹുവെ അല്ലാതെ നിങ്ങൾ ആരാധിക്കരുത്‌; മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും നൻമ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാർത്ഥന മുറ പ്രകാരം നിർവഹിക്കുകയും സകാത്ത്‌ നൽകുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട്‌ കരാർ വാങ്ങിയ സന്ദർഭം ( ഓർക്കുക ). ( എന്നാൽ ഇസ്രായീൽ സന്തതികളേ, ) പിന്നീട്‌ നിങ്ങളിൽ കുറച്ച്‌ പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിൻമാറിക്കളയുകയാണ്‌ ചെയ്തത്‌.

84 നിങ്ങൾ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട്‌ നാം ഉറപ്പ്‌ വാങ്ങിയ സന്ദർഭവും ( ഓർക്കുക ). എന്നിട്ട്‌ നിങ്ങളത്‌ സമ്മതിച്ച്‌ ശരിവെക്കുകയും ചെയ്തു. നിങ്ങളതിന്‌ സാക്ഷികളുമാകുന്നു.

85 എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളിൽ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവർക്കെതിരിൽ നിങ്ങൾ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവർ നിങ്ങളുടെ അടുത്ത്‌ യുദ്ധത്തടവുകാരായി വന്നാൽ നിങ്ങൾ മോചനമൂല്യം നൽകി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അവരെ പുറം തള്ളുന്നത്‌ തന്നെ നിങ്ങൾക്ക്‌ നിഷിദ്ധമായിരുന്നു. നിങ്ങൾ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ വിശ്വസിക്കുകയും മറ്റു ചിലത്‌ തള്ളിക്കളയുകയുമാണോ ? എന്നാൽ നിങ്ങളിൽ നിന്ന്‌ അപ്രകാരം പ്രവർത്തിക്കുന്നവർക്ക്‌ ഇഹലോകജീവിതത്തിൽ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാവട്ടെ അതികഠിനമായ ശിക്ഷയിലേക്ക്‌ അവർ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

86 പരലോകം വിറ്റ്‌ ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാർ. അവർക്ക്‌ ശിക്ഷയിൽ ഇളവ്‌ നൽകപ്പെടുകയില്ല. അവർക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല.

87 മൂസായ്ക്ക്‌ നാം ഗ്രന്ഥം നൽകി. അദ്ദേഹത്തിന്‌ ശേഷം തുടർച്ചയായി നാം ദൂതൻമാരെ അയച്ചുകൊണ്ടിരുന്നു. മർയമിന്റെ മകനായ ഈസാക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തിന്‌ നാം പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങൾ അഹങ്കരിക്കുകയും, ചില ദൂതൻമാരെ നിങ്ങൾ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങൾ വധിക്കുകയും ചെയ്യുകയാണോ?

88 അവർ പറഞ്ഞു: ഞങ്ങളുടെ മനസ്സുകൾ അടഞ്ഞുകിടക്കുകയാണ്‌. എന്നാൽ ( അതല്ല ശരി ) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാൽ വളരെ കുറച്ചേ അവർ വിശ്വസിക്കുന്നുള്ളൂ.

89 അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം ( ഖുർആൻ ) അല്ലാഹുവിങ്കൽ നിന്ന്‌ അവർക്ക്‌ വന്നുകിട്ടിയപ്പോൾ ( അവരത്‌ തള്ളിക്കളയുകയാണ്‌ ചെയ്തത്‌ ). അവരാകട്ടെ ( അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകൻ മുഖേന ) അവിശ്വാസികൾക്കെതിരിൽ വിജയം നേടികൊടുക്കുവാൻ വേണ്ടി മുമ്പ്‌ ( അല്ലാഹുവിനോട്‌ ) പ്രാർത്ഥിക്കാറുണ്ടായിരുന്നു. അവർക്ക്‌ സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോൾ അവരത്‌ നിഷേധിക്കുകയാണ്‌ ചെയ്തത്‌. അതിനാൽ ആ നിഷേധികൾക്കത്രെ അല്ലാഹുവിന്റെ ശാപം.

90 അല്ലാഹു തന്റെ ദാസൻമാരിൽ നിന്ന്‌ താൻ ഇച്ഛിക്കുന്നവരുടെ മേൽ തന്റെ അനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈർഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവർ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവർ കോപത്തിനു മേൽ കോപത്തിനു പാത്രമായി തീർന്നു. സത്യനിഷേധികൾക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌.

91 അല്ലാഹു അവതരിപ്പിച്ചതിൽ ( ഖുർആനിൽ ) നിങ്ങൾ വിശ്വസിക്കൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാൽ, ഞങ്ങൾക്ക്‌ അവതീർണ്ണമായ സന്ദേശത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട്‌ എന്നാണവർ പറയുക. അതിനപ്പുറമുള്ളത്‌ അവർ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ്‌ താനും അത്‌ ( ഖുർആൻ ). ( നബിയേ, ) പറയുക: നിങ്ങൾ വിശ്വാസികളാണെങ്കിൽ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകൻമാരെ നിങ്ങൾ വധിച്ചുകൊണ്ടിരുന്നത്‌?

92 സ്പഷ്ടമായ തെളിവുകളും കൊണ്ട്‌ മൂസാ നിങ്ങളുടെ അടുത്ത്‌ വരികയുണ്ടായി. എന്നിട്ടതിന്‌ ശേഷവും നിങ്ങൾ അന്യായമായിക്കൊണ്ട്‌ കാളക്കുട്ടിയെ ദൈവമാക്കുകയാണല്ലോ ചെയ്തത്‌.

93 നിങ്ങളോട്‌ നാം കരാർ വാങ്ങുകയും, നിങ്ങൾക്കു മീതെ പർവ്വതത്തെ നാം ഉയർത്തിപ്പിടിക്കുകയും ചെയ്ത സന്ദർഭവും ( ശ്രദ്ധിക്കുക ). 'നിങ്ങൾക്ക്‌ നാം നൽകിയ സന്ദേശം മുറുകെപിടിക്കുകയും ( നമ്മുടെ കൽപനകൾ ) ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുക' ( എന്ന്‌ നാം അനുശാസിച്ചു ). അപ്പോൾ അവർ പറഞ്ഞു: 'ഞങ്ങൾ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു'. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളിൽ ലയിച്ചു ചേർന്നു കഴിഞ്ഞിരുന്നു. ( നബിയേ, ) പറയുക: 'നിങ്ങൾ വിശ്വാസികളാണെങ്കിൽ ആ വിശ്വാസം നിങ്ങളോട്‌ നിർദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ'.

94 നീ അവരോട്‌ ( യഹൂദരോട്‌ ) പറയുക: 'മറ്റാർക്കും നൽകാതെ നിങ്ങൾക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ്‌ പരലോകവിജയമെങ്കിൽ നിങ്ങൾ മരിക്കുവാൻ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കിൽ' ( അതാണല്ലോ വേണ്ടത്‌. )

95 എന്നാൽ അവരുടെ കൈകൾ മുൻകൂട്ടി ചെയ്തുവെച്ചത്‌ ( ദുഷ്കൃത്യങ്ങൾ ) കാരണമായി അവരൊരിക്കലും മരണത്തെ കൊതിക്കുകയില്ല. അതിക്രമകാരികളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹു.

96 തീർച്ചയായും ജനങ്ങളിൽ വെച്ച്‌ ജീവിതത്തോട്‌ ഏറ്റവും ആർത്തിയുള്ളവരായി അവരെ ( യഹൂദരെ ) നിനക്ക്‌ കാണാം; ബഹുദൈവവിശ്വാസികളെക്കാൾ പോലും. അവരിൽ ഓരോരുത്തരും കൊതിക്കുന്നത്‌ തനിക്ക്‌ ആയിരം കൊല്ലത്തെ ആയുസ്സ്‌ കിട്ടിയിരുന്നെങ്കിൽ എന്നാണ്‌. ഒരാൾക്ക്‌ ദീർഘായുസ്സ്‌ ലഭിക്കുക എന്നത്‌ അയാളെ ദൈവിക ശിക്ഷയിൽ നിന്ന്‌ അകറ്റിക്കളയുന്ന കാര്യമല്ല. അവർ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.

97 ( നബിയേ, ) പറയുക: ( ഖുർആൻ എത്തിച്ചുതരുന്ന ) 'ജിബ്‌രീൽ എന്ന മലക്കിനോടാണ്‌ ആർക്കെങ്കിലും ശത്രുതയെങ്കിൽ അദ്ദേഹമത്‌ നിന്റെ മനസ്സിൽ അവതരിപ്പിച്ചത്‌ അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ മാത്രമാണ്‌. മുൻവേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികൾക്ക്‌ വഴി കാട്ടുന്നതും, സന്തോഷവാർത്ത നൽകുന്നതുമായിട്ടാണ്‌' ( അത്‌ അവതരിച്ചിട്ടുള്ളത്‌ ).

98 ആർക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതൻമാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കിൽ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.

99 നാം നിനക്ക്‌ അവതിരിപ്പിച്ചു തന്നിട്ടുള്ളത്‌ സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ മറ്റാരും അവയെ നിഷേധിക്കുകയില്ല.

100 അവർ ( യഹൂദർ ) ഏതൊരു കരാർ ചെയ്തു കഴിയുമ്പോഴും അവരിൽ ഒരു വിഭാഗം അത്‌ വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരിൽ അധികപേർക്കും വിശ്വാസം തന്നെയില്ല.

101 അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട്‌ അല്ലാഹുവിന്റെ ഒരു ദൂതൻ അവരുടെ അടുത്ത്‌ ചെന്നപ്പോൾ ആ വേദക്കാരിൽ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട്‌ വലിച്ചെറിയുകയാണ്‌ ചെയ്തത്‌.

102 സുലൈമാൻ നബിയുടെ രാജവാഴ്ചയുടെ ( രഹസ്യമെന്ന ) പേരിൽ പിശാചുക്കൾ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത്‌ അവർ ( ഇസ്രായീല്യർ ) പിൻപറ്റുകയും ചെയ്തു. സുലൈമാൻ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാൽ ജനങ്ങൾക്ക്‌ മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത്‌ കൊണ്ട്‌ പിശാചുക്കളാണ്‌ ദൈവ നിഷേധത്തിൽ ഏർപെട്ടത്‌. ബാബിലോണിൽ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാർക്ക്‌ ലഭിച്ചതിനെയും ( പറ്റി പിശാചുക്കൾ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത്‌ അവർ പിന്തുടർന്നു ). എന്നാൽ ഹാറൂത്തും മാറൂത്തും ഏതൊരാൾക്ക്‌ പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത്‌ ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാൽ (ഇത്‌ ഉപയോഗിച്ച്‌) ദൈവനിഷേധത്തിൽ ഏർപെടരുത്‌ എന്ന്‌ അവർ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരിൽ നിന്ന്‌ ഭാര്യാഭർത്താക്കൻമാർക്കിടയിൽ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങൾ ജനങ്ങൾ പഠിച്ച്‌ കൊണ്ടിരുന്നു. എന്നാൽ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട്‌ യാതൊരാൾക്കും ഒരു ദ്രോഹവും ചെയ്യാൻ അവർക്ക്‌ കഴിയില്ല. അവർക്ക്‌ തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ്‌ അവർ പഠിച്ചു കൊണ്ടിരുന്നത്‌. അത്‌ ( ആ വിദ്യ ) ആർ വാങ്ങി ( കൈവശപ്പെടുത്തി ) യോ അവർക്ക്‌ പരലോകത്ത്‌ യാതൊരു വിഹിതവുമുണ്ടാവില്ലെന്ന്‌ അവർ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ്‌ അവർ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവർക്ക്‌ വിവരമുണ്ടായിരുന്നെങ്കിൽ!

103 അവർ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാൽ അല്ലാഹുവിങ്കൽ നിന്ന്‌ ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത്‌ മനസ്സിലാക്കിയിരുന്നെങ്കിൽ!

104 ഹേ: സത്യവിശ്വാസികളേ, നിങ്ങൾ ( നബിയോട്‌ ) റാഇനാ എന്ന്‌ പറയരുത്‌. പകരം ഉൻളുർനാ എന്ന്‌ പറയുകയും ശ്രദ്ധിച്ച്‌ കേൾക്കുകയും ചെയ്യുക. സത്യനിഷേധികൾക്ക്‌ വേദനയേറിയ ശിക്ഷയുണ്ട്‌.

105 നിങ്ങളുടെ രക്ഷിതാവിൽ നിന്നും വല്ല നൻമയും നിങ്ങളുടെ മേൽ ഇറക്കപ്പെടുന്നത്‌ വേദക്കാരിലും ബഹുദൈവാരാധകൻമാരിലും പെട്ട സത്യനിഷേധികൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ അവൻ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്‌.

106 വല്ല ആയത്തും നാം ദുർബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പകരം അതിനേക്കാൾ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?

107 നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങൾക്ക്‌ അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?

108 മുമ്പ്‌ മൂസായോട്‌ ചോദിക്കപ്പെട്ടത്‌ പോലുള്ള ചോദ്യങ്ങൾ നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്‌? സത്യവിശ്വാസത്തിന്‌ പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവർ നേർമാർഗത്തിൽ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു.

109 നിങ്ങൾ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ്‌ വേദക്കാരിൽ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാർത്ഥപരമായ അസൂയ നിമിത്തമാണ്‌ ( അവരാ നിലപാട്‌ സ്വീകരിക്കുന്നത്‌. ) എന്നാൽ ( അവരുടെ കാര്യത്തിൽ ) അല്ലാഹു അവന്റെ കൽപന കൊണ്ടുവരുന്നത്‌ വരെ നിങ്ങൾ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

110 നിങ്ങൾ പ്രാർത്ഥന മുറപ്രകാരം നിർവഹിക്കുകയും സകാത്ത്‌ നൽകുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങൾ നല്ലതായ എന്തൊന്ന്‌ മുൻകൂട്ടി ചെയ്താലും അതിന്റെ ഫലം അല്ലാഹുവിങ്കൽ നിങ്ങൾക്ക്‌ കണ്ടെത്താവുന്നതാണ്‌. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.

111 ആർക്കെങ്കിലും ) സ്വർഗത്തിൽ പ്രവേശിക്കണമെങ്കിൽ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവർ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാൽ ( നബിയേ, ) പറയുക; നിങ്ങൾ സത്യവാൻമാരാണെങ്കിൽ ( അതിന്ന്‌ ) നിങ്ങൾക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടു വരൂ എന്ന്‌.

112 എന്നാൽ ( കാര്യം ) അങ്ങനെയല്ല. ഏതൊരാൾ സൽകർമ്മകാരിയായിക്കൊണ്ട്‌ അല്ലാഹുവിന്ന്‌ ആത്മസമർപ്പണം ചെയ്തുവോ അവന്ന്‌ തന്റെ രക്ഷിതാവിങ്കൽ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാർക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

113 യഹൂദൻമാർ പറഞ്ഞു ; ക്രിസ്ത്യാനികൾക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. ക്രിസ്ത്യാനികൾ പറഞ്ഞു; യഹൂദൻമാർക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ്‌ താനും. അങ്ങനെ ഇവർ പറഞ്ഞത്‌ പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്‌. എന്നാൽ അവർ തമ്മിൽ ഭിന്നിക്കുന്ന വിഷയങ്ങളിൽ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവർക്കിടയിൽ തീർപ്പുകൽപിക്കുന്നതാണ്‌.

114 അല്ലാഹുവിന്റെ പള്ളികളിൽ അവന്റെ നാമം പ്രകീർത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകർച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാൾ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവർക്ക്‌ ആ പള്ളികളിൽ പ്രവേശിക്കാവതല്ലായിരുന്നു. അവർക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.

115 കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത്‌ തന്നെയാകുന്നു. നിങ്ങൾ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാർത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സർവ്വജ്ഞനുമാകുന്നു.

116 അവർ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌. അവനെത്ര പരിശുദ്ധൻ! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവൻറെതാകുന്നു. എല്ലാവരും അവന്ന്‌ കീഴ്പെട്ടിരിക്കുന്നവരാകുന്നു.

117 ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ നിർമിച്ചവനത്രെ അവൻ. അവനൊരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

118 വിവരമില്ലാത്തവർ പറഞ്ഞു: എന്തുകൊണ്ട്‌ ഞങ്ങളോട്‌ ( നേരിട്ട്‌ ) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കിൽ ഞങ്ങൾക്ക്‌ ( ബോധ്യമാകുന്ന ) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാൽ ഇവർ പറഞ്ഞതു പോലെത്തന്നെ ഇവർക്ക്‌ മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്‌. ഇവർ രണ്ട്‌ കൂട്ടരുടെയും മനസ്സുകൾക്ക്‌ തമ്മിൽ സാമ്യമുണ്ട്‌. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ നാം ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കികൊടുത്തിട്ടുണ്ട്‌.

119 തീർച്ചയായും നിന്നെ നാം സന്തോഷവാർത്ത അറിയിക്കുന്നവനും, താക്കീത്‌ നൽകുന്നവനുമായിക്കൊണ്ട്‌ സത്യവുമായി അയച്ചിരിക്കുകയാണ്‌. നരകാവകാശികളെപ്പറ്റി നീ ചോദ്യം ചെയ്യപ്പെടുന്നതല്ല.

120 യഹൂദർക്കോ ക്രൈസ്തവർക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാർഗം പിൻപറ്റുന്നത്‌ വരെ. പറയുക: അല്ലാഹുവിന്റെ മാർഗദർശനമാണ്‌ യഥാർത്ഥ മാർഗദർശനം. നിനക്ക്‌ അറിവ്‌ വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിൻപറ്റിപ്പോയാൽ അല്ലാഹുവിൽ നിന്ന്‌ നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.

121 നാം ഈ ഗ്രന്ഥം നൽകിയത്‌ ആർക്കാണോ അവരത്‌ പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതിൽ വിശ്വസിക്കുന്നു. എന്നാൽ ആരതിൽ അവിശ്വസിക്കുന്നുവോ അവർ തന്നെയാണ്‌ നഷ്ടം പറ്റിയവർ.

122 ഇസ്രായീൽ സന്തതികളേ, ഞാൻ നിങ്ങൾക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും ജനവിഭാഗങ്ങളിൽ നിങ്ങളെ ഞാൻ ഉൽകൃഷ്ടരാക്കിയതും നിങ്ങൾ ഓർക്കുക.

123 ഒരാൾക്കും മറ്റൊരാൾക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാൻ പറ്റാത്ത, ഒരാളിൽ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാൾക്കും ഒരു ശുപാർശയും പ്രയോജനപ്പെടാത്ത, ആർക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ ( ന്യായവിധിയുടെ ദിവസത്തെ ) നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.

124 ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ്‌ ചില കൽപനകൾകൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങൾ അനുസ്മരിക്കുക. ) അല്ലാഹു ( അപ്പോൾ ) അദ്ദേഹത്തോട്‌ പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്ക്‌ നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളിൽപ്പെട്ടവരെയും ( നേതാക്കളാക്കണമേ. ) അല്ലാഹു പറഞ്ഞു: ( ശരി; പക്ഷെ ) എന്റെ ഈ നിശ്ചയം അതിക്രമകാരികൾക്ക്‌ ബാധകമായിരിക്കുകയില്ല

125 ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങൾ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓർക്കുക. ) ഇബ്രാഹീം നിന്ന്‌ പ്രാർത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാർത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കൽപന നൽകിയത്‌, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവർക്കും, ഇഅ്തികാഫ്‌ ( ഭജന ) ഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാർത്ഥിക്കുന്ന ) വർക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങൾ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.

126 എന്റെ രക്ഷിതാവേ, നീ ഇതൊരു നിർഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരിൽ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക്‌ കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ എന്ന്‌ ഇബ്രാഹീം പ്രാർത്ഥിച്ച സന്ദർഭവും ( ഓർക്കുക ) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും ( ഞാൻ ആഹാരം നൽകുന്നതാണ്‌. ) പക്ഷെ, അൽപകാലത്തെ ജീവിതസുഖം മാത്രമാണ്‌ അവന്ന്‌ ഞാൻ നൽകുക. പിന്നീട്‌ നരകശിക്ഷ ഏൽക്കാൻ ഞാൻ അവനെ നിർബന്ധിതനാക്കുന്നതാണ്‌. ( അവന്ന്‌ ) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.

127 ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയർത്തിക്കൊണ്ടിരുന്ന സന്ദർഭവും ( അനുസ്മരിക്കുക. ) ( അവർ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

128 ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരെയും നിനക്ക്‌ കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളിൽ നിന്ന്‌ നിനക്ക്‌ കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങൾ ഞങ്ങൾക്ക്‌ കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു

129 ഞങ്ങളുടെ രക്ഷിതാവേ, അവർക്ക്‌ ( ഞങ്ങളുടെ സന്താനങ്ങൾക്ക്‌ ) നിന്റെ ദൃഷ്ടാന്തങ്ങൾ ഓതികേൾപിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.

130 സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ്‌ ഇബ്രാഹീമിന്റെ മാർഗത്തോട്‌ വിമുഖത കാണിക്കുക? ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത്‌ അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും.

131 നീ കീഴ്‌പെടുക എന്ന്‌ അദ്ദേഹത്തിന്റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോൾ സർവ്വലോകരക്ഷിതാവിന്ന്‌ ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.

132 ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട്‌ ഇത്‌ ( കീഴ്‌വണക്കം ) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങൾക്ക്‌ ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ അല്ലാഹുവിന്ന്‌ കീഴ്പെടുന്നവരായി ( മുസ്ലിംകളായി ) ക്കൊണ്ടല്ലാതെ നിങ്ങൾ മരിക്കാനിടയാകരുത്‌. ( ഇങ്ങനെയാണ്‌ അവർ ഓരോരുത്തരും ഉപദേശിച്ചത്‌ )

133 എനിക്ക്‌ ശേഷം ഏതൊരു ദൈവത്തെയാണ്‌ നിങ്ങൾ ആരാധിക്കുക ? എന്ന്‌ യഅ്ഖൂബ്‌ മരണം ആസന്നമായ സന്ദർഭത്തിൽ തന്റെ സന്തതികളോട്‌ ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവർ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങൾ ആരാധിക്കും. ഞങ്ങൾ അവന്ന്‌ കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമായിരിക്കും

134 അത്‌ കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവർ പ്രവർത്തിച്ചതിന്റെ ഫലം അവർക്കാകുന്നു. നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം നിങ്ങൾക്കും. അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതല്ല.

135 നിങ്ങൾ യഹൂദരോ ക്രൈസ്തവരോ ആയാലേ നേർവഴിയിലാകൂ എന്നാണവർ പറയുന്നത്‌. എന്നാൽ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാർഗമാണ്‌ ( പിൻപറ്റേണ്ടത്‌. ) അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല.

136 നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്ന്‌ ഞങ്ങൾക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികൾക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്ക്‌ നൽകപ്പെട്ടതിലും, സർവ്വ പ്രവാചകൻമാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്ന്‌ നൽകപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപിക്കുന്നില്ല. ഞങ്ങൾ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.

137 നിങ്ങൾ ഈ വിശ്വസിച്ചത്‌ പോലെ അവരും വിശ്വസിച്ചിരുന്നാൽ അവർ നേർമാർഗത്തിലായിക്കഴിഞ്ഞു. അവർ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിലോ അവരുടെ നിലപാട്‌ കക്ഷിമാത്സര്യം മാത്രമാകുന്നു. അവരിൽ നിന്ന്‌ നിന്നെ സംരക്ഷിക്കാൻ അല്ലാഹു മതി, അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.

138 അല്ലാഹു നൽകിയ വർണമാകുന്നു ( നമ്മുടെത്‌. ) അല്ലാഹുവെക്കാൾ നന്നായി വർണം നൽകുന്നവൻ ആരുണ്ട്‌ ? അവനെയാകുന്നു ഞങ്ങൾ ആരാധിക്കുന്നത്‌.

139 ( നബിയേ, ) പറയുക: അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങൾ ഞങ്ങളോട്‌ തർക്കിക്കുകയാണോ ? അവൻ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങൾക്കുള്ളത്‌ ഞങ്ങളുടെ കർമ്മ ( ഫല ) ങ്ങളാണ്‌. നിങ്ങൾക്കുള്ളത്‌ നിങ്ങളുടെ കർമ്മ ( ഫല ) ങ്ങളും. ഞങ്ങൾ അവനോട്‌ ആത്മാർത്ഥത പുലർത്തുന്നവരുമാകുന്നു.

140 അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ്‌ സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്‌? ( നബിയേ, ) ചോദിക്കുക: നിങ്ങൾക്കാണോ കൂടുതൽ അറിവുള്ളത്‌ ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കൽ നിന്ന്‌ ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാൾ വലിയ അതിക്രമകാരി ആരുണ്ട്‌ ? നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

141 അത്‌ കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവർ പ്രവർത്തിച്ചതിന്റെ ഫലം അവർക്കാകുന്നു. നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം നിങ്ങൾക്കും. അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.

142 ഇവർ ഇതുവരെ ( പ്രാർത്ഥനാവേളയിൽ ) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത്‌ നിന്ന്‌ ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന്‌ മൂഢൻമാരായ ആളുകൾ ചോദിച്ചേക്കും. ( നബിയേ, ) പറയുക : അല്ലാഹുവിന്റേത്‌ തന്നെയാണ്‌ കിഴക്കും പടിഞ്ഞാറുമെല്ലാം. അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേരായ മാർഗത്തിലേക്ക്‌ നയിക്കുന്നു.

143 അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക്‌ സാക്ഷികളായിരിക്കുവാനും റസൂൽ നിങ്ങൾക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിൻപറ്റുന്നതാരൊക്കെയെന്നും, പിൻമാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാൻ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്‌. അല്ലാഹു നേർവഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവർക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രശ്നമായിത്തീർന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീർച്ചയായും അല്ലാഹു മനുഷ്യരോട്‌ അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.

144 ( നബിയേ, ) നിന്റെ മുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാൽ നിനക്ക്‌ ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേൽ നീ നിന്റെ മുഖം മസ്ജിദുൽ ഹറാമിന്റെ നേർക്ക്‌ തിരിക്കുക. നിങ്ങൾ എവിടെയായിരുന്നാലും അതിന്റെ നേർക്കാണ്‌ നിങ്ങൾ മുഖം തിരിക്കേണ്ടത്‌. വേദം നൽകപ്പെട്ടവർക്ക്‌ ഇത്‌ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാണെന്ന്‌ നന്നായി അറിയാം. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

145 വേദം നൽകപ്പെട്ടവരുടെ അടുക്കൽ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട്‌ ചെന്നാലും അവർ നിന്റെ ഖിബ് ലയെ പിന്തുടരുന്നതല്ല. അവരുടെ ഖിബ് ലയെ നീയും പിന്തുടരുന്നതല്ല. അവരിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിൻറെഖിബ് ലയെ പിന്തുടരുകയുമില്ല. നിനക്ക്‌ ശരിയായ അറിവ്‌ വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിൻപറ്റിയാൽ നീയും അതിക്രമകാരികളുടെ കൂട്ടത്തിൽ തന്നെയായിരിക്കും.

146 നാം വേദം നൽകിയിട്ടുള്ളവർക്ക്‌ സ്വന്തം മക്കളെ അറിയാവുന്നത്‌ പോലെ അദ്ദേഹത്തെ ( റസൂലിനെ ) അറിയാവുന്നതാണ്‌. തീർച്ചയായും അവരിൽ ഒരു വിഭാഗം അറിഞ്ഞുകൊണ്ട്‌ തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.

147 ( നബിയേ, ഈ സന്ദേശം ) നിന്റെ നാഥന്റെപക്കൽ നിന്നുള്ള സത്യമാകുന്നു. അതിനാൽ നീ സംശയാലുക്കളുടെ കൂട്ടത്തിൽ പെട്ടുപോകരുത്‌.

148 ഓരോ വിഭാഗക്കാർക്കും അവർ ( പ്രാർത്ഥനാവേളയിൽ ) തിരിഞ്ഞുനിൽക്കുന്ന ഓരോ ഭാഗമുണ്ട്‌. എന്നാൽ നിങ്ങൾ ചെയ്യേണ്ടത്‌ സൽപ്രവർത്തനങ്ങൾക്കായി മുന്നോട്ട്‌ വരികയാണ്‌. നിങ്ങൾ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

149 ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുൽ ഹറാമിന്റെ നേർക്ക്‌ ( പ്രാർത്ഥനാവേളയിൽ ) നിന്റെ മുഖം തിരിക്കേണ്ടതാണ്‌. തീർച്ചയായും അത്‌ നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള യഥാർത്ഥ ( നിർദേശ ) മാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

150 ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുൽ ഹറാമിന്റെ നേർക്ക്‌ നിന്റെ മുഖം തിരിക്കേണ്ടതാണ്‌. ( സത്യവിശ്വാസികളേ, ) നിങ്ങൾ എവിടെയൊക്കെയായിരുന്നാലും അതിന്റെ നേർക്കാണ്‌ നിങ്ങളുടെ മുഖം തിരിക്കേണ്ടത്‌. നിങ്ങൾക്കെതിരായി ജനങ്ങൾക്ക്‌ ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാൻ വേണ്ടിയാണിത്‌. അവരിൽ പെട്ട ചില അതിക്രമകാരികൾ ( തർക്കിച്ചേക്കാമെന്നത്‌ ) അല്ലാതെ. എന്നാൽ നിങ്ങൾ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എന്റെ അനുഗ്രഹം ഞാൻ നിങ്ങൾക്ക്‌ പൂർത്തിയാക്കിത്തരുവാനും, നിങ്ങൾ സൻമാർഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.

151 നമ്മുടെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക്‌ ഓതികേൾപിച്ച്‌ തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങൾക്ക്‌ വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങൾക്ക്‌ അറിവില്ലാത്തത്‌ നിങ്ങൾക്ക്‌ അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തിൽ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക്‌ നാം നിയോഗിച്ചത്‌ ( വഴി നിങ്ങൾക്ക്‌ ചെയ്ത അനുഗ്രഹം ) പോലെത്തന്നെയാകുന്നു ഇതും.

152 ആകയാൽ എന്നെ നിങ്ങൾ ഓർക്കുക. നിങ്ങളെ ഞാനും ഓർക്കുന്നതാണ്‌. എന്നോട്‌ നിങ്ങൾ നന്ദികാണിക്കുക. നിങ്ങളെന്നോട്‌ നന്ദികേട്‌ കാണിക്കരുത്‌.

153 സത്യവിശ്വാസികളെ, നിങ്ങൾ സഹനവും നമസ്കാരവും മുഖേന ( അല്ലാഹുവിനോട്‌ ) സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.

154 അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവർ എന്ന്‌ നിങ്ങൾ പറയേണ്ട. എന്നാൽ അവരാകുന്നു ജീവിക്കുന്നവർ. പക്ഷെ, നിങ്ങൾ ( അതിനെപ്പറ്റി ) ബോധവാൻമാരാകുന്നില്ല.

155 കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദർഭങ്ങളിൽ ) ക്ഷമിക്കുന്നവർക്ക്‌ സന്തോഷവാർത്ത അറിയിക്കുക.

156 തങ്ങൾക്ക്‌ വല്ല ആപത്തും ബാധിച്ചാൽ അവർ ( ആ ക്ഷമാശീലർ ) പറയുന്നത്‌; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും.

157 അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സൻമാർഗം പ്രാപിച്ചവർ.

158 തീർച്ചയായും സഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തിൽ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിർവഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതിൽ കുറ്റമൊന്നുമില്ല. ആരെങ്കിലും സൽകർമ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കിൽ തീർച്ചയായും അല്ലാഹു കൃതജ്ഞനും സർവ്വജ്ഞനുമാകുന്നു.

159 നാമവതരിപ്പിച്ച തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക്‌ നാം വിശദമാക്കികൊടുത്തതിന്‌ ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.

160 എന്നാൽ പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീർക്കുകയും, ( സത്യം ജനങ്ങൾക്ക്‌ ) വിവരിച്ചുകൊടുക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാൻ സ്വീകരിക്കുന്നതാണ്‌. ഞാൻ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.

161 സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേൽ അല്ലാഹുവിൻറെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌.

162 അതവർ ശാശ്വതമായി അനുഭവിക്കുന്നതാണ്‌. അവർക്ക്‌ ശിക്ഷ ഇളവ്‌ ചെയ്യപ്പെടുകയില്ല. അവർക്ക്‌ ഇടകൊടുക്കപ്പെടുകയുമില്ല.

163 നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻ പരമകാരുണികനും കരുണാനിധിയുമത്രെ.

164 ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യർക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിർജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാതരം ജന്തുവർഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീർച്ച.

165 അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമൻമാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത്‌ പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികൾ പരലോകശിക്ഷ കൺമുമ്പിൽ കാണുന്ന സമയത്ത്‌ ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ( അതവർക്ക്‌ എത്ര ഗുണകരമാകുമായിരുന്നു! )

166 പിന്തുടരപ്പെട്ടവർ ( നേതാക്കൾ ) പിന്തുടർന്നവരെ ( അനുയായികളെ ) വിട്ട്‌ ഒഴിഞ്ഞ്‌ മാറുകയും, ശിക്ഷ നേരിൽ കാണുകയും, അവർ ( ഇരുവിഭാഗവും ) തമ്മിലുള്ള ബന്ധങ്ങൾ അറ്റുപോകുകയും ചെയ്യുന്ന സന്ദർഭമത്രെ ( അത്‌. )

167 പിന്തുടർന്നവർ ( അനുയായികൾ ) അന്നു പറയും : ഞങ്ങൾക്ക്‌ ( ഇഹലോകത്തേക്ക്‌ ) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കിൽ ഇവർ ഞങ്ങളെ വിട്ടൊഴിഞ്ഞ്‌ മാറിയത്‌ പോലെ ഞങ്ങൾ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കർമ്മങ്ങളെല്ലാം അവർക്ക്‌ ഖേദത്തിന്‌ കാരണമായി ഭവിച്ചത്‌ അല്ലാഹു അവർക്ക്‌ കാണിച്ചുകൊടുക്കും. നരകാഗ്നിയിൽ നിന്ന്‌ അവർക്ക്‌ പുറത്ത്‌ കടക്കാനാകുകയുമില്ല.

168 മനുഷ്യരേ, ഭൂമിയിലുള്ളതിൽ നിന്ന്‌ അനുവദനീയവും, വിശിഷ്ടവുമായത്‌ നിങ്ങൾ ഭക്ഷിച്ച്‌ കൊള്ളുക. പിശാചിൻറെകാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.

169 ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏർപെടുവാനും, അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്കറിഞ്ഞുകൂടാത്തത്‌ പറഞ്ഞുണ്ടാക്കുവാനുമാണ്‌ അവൻ നിങ്ങളോട്‌ കൽപിക്കുന്നത്‌.

170 അല്ലാഹു അവതരിപ്പിച്ചത്‌ നിങ്ങൾ പിൻ പറ്റി ജീവിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻ പറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്‌. അവരുടെ പിതാക്കൾ യാതൊന്നും ചിന്തിച്ച്‌ മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരുമായിരുന്നെങ്കിൽ പോലും ( അവരെ പിൻ പറ്റുകയാണോ? )

171 സത്യനിഷേധികളെ ഉപമിക്കാവുന്നത്‌ വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേൾക്കാത്ത ജന്തുവിനോട്‌ ഒച്ചയിടുന്നവനോടാകുന്നു. അവർ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാൽ അവർ ( യാതൊന്നും ) ചിന്തിച്ചു ഗ്രഹിക്കുകയില്ല.

172 സത്യവിശ്വാസികളേ, നിങ്ങൾക്ക്‌ നാം നൽകിയ വസ്തുക്കളിൽ നിന്ന്‌ വിശിഷ്ടമായത്‌ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട്‌ നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ്‌ നിങ്ങൾ ആരാധിക്കുന്നതെങ്കിൽ.

173 ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവൻ നിങ്ങൾക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാൻ ) നിർബന്ധിതനായാൽ അവന്റെ മേൽ കുറ്റമില്ല. ( എന്നാൽ ) അവൻ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

174 അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങൾ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവർ തങ്ങളുടെ വയറുകളിൽ തിന്നു നിറക്കുന്നത്‌ നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവരോട്‌ സംസാരിക്കുകയോ ( പാപങ്ങളിൽ നിന്ന്‌ ) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവർക്ക്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.

175 സൻമാർഗത്തിനു പകരം ദുർമാർഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവർ. നരകശിക്ഷ അനുഭവിക്കുന്നതിൽ അവർക്കെന്തൊരു ക്ഷമയാണ്‌!

176 സത്യം വ്യക്തമാക്കിക്കൊണ്ട്‌ അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണത്‌. വേദഗ്രന്ഥത്തിൻറെകാര്യത്തിൽ ഭിന്നിച്ചവർ ( സത്യത്തിൽ നിന്ന്‌ ) അകന്ന മാത്സര്യത്തിലാകുന്നു തീർച്ച.

177 നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാൽ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകൻമാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കൾക്കും, അനാഥകൾക്കും, അഗതികൾക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവർക്കും, അടിമമോചനത്തിന്നും നൽകുകയും, പ്രാർത്ഥന ( നമസ്കാരം ) മുറപ്രകാരം നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും, കരാറിൽ ഏർപെട്ടാൽ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാൻമാർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവർ.

178 സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങൾക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്റെ സഹോദരന്റെ പക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കിൽ അവൻ മര്യാദ പാലിക്കുകയും, നല്ല നിലയിൽ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.

179 ബുദ്ധിമാൻമാരേ, ( അങ്ങനെ ) തുല്യശിക്ഷ നൽകുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്റെ നിലനിൽപ്‌. നിങ്ങൾ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിർദേശങ്ങൾ ).

180 നിങ്ങളിലാർക്കെങ്കിലും മരണം ആസന്നമാവുമ്പോൾ, അയാൾ ധനം വിട്ടുപോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത്‌ ചെയ്യുവാൻ നിങ്ങൾ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലർത്തുന്നവർക്ക്‌ ഒരു കടമയത്രെ അത്‌.

181 അത്‌ ( വസ്വിയ്യത്ത്‌ ) കേട്ടതിനു ശേഷം ആരെങ്കിലും അത്‌ മാറ്റിമറിക്കുകയാണെങ്കിൽ അതിന്റെ കുറ്റം മാറ്റിമറിക്കുന്നവർക്ക്‌ മാത്രമാകുന്നു. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

182 ഇനി വസ്വിയ്യത്ത്‌ ചെയ്യുന്ന ആളുടെ ഭാഗത്തു നിന്നു തന്നെ അനീതിയോ കുറ്റമോ സംഭവിച്ചതായി ആർക്കെങ്കിലും ആശങ്ക തോന്നുകയും, അവർക്കിടയിൽ ( ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ ) രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കിൽ അതിൽ തെറ്റില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

183 സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കൽപിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങൾക്കും നോമ്പ്‌ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്‌.

184 എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവർ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്‌. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതൽ നൻമചെയ്താൽ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങൾക്ക്‌ കൂടുതൽ ഉത്തമം.

185 ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ. അതു കൊണ്ട്‌ നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി കാണിച്ചുതന്നതിന്റെപേരിൽ അല്ലാഹുവിന്റെ മഹത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കൽപിച്ചിട്ടുള്ളത്‌. )

186 നിന്നോട്‌ എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ( അവർക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച്‌ പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക്‌ ഉത്തരം നൽകുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്‌.

187 നോമ്പിന്റെ രാത്രിയിൽ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസർഗം നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അവർ നിങ്ങൾക്കൊരു വസ്ത്രമാകുന്നു. നിങ്ങൾ അവർക്കും ഒരു വസ്ത്രമാകുന്നു. ( ഭാര്യാസമ്പർക്കം നിഷിദ്ധമായി കരുതിക്കൊണ്ട്‌ ) നിങ്ങൾ ആത്മവഞ്ചനയിൽ അകപ്പെടുകയായിരുന്നുവെന്ന്‌ അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാൽ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇനി മേൽ നിങ്ങൾ അവരുമായി സഹവസിക്കുകയും, ( വൈവാഹിക ജീവിതത്തിൽ ) അല്ലാഹു നിങ്ങൾക്ക്‌ നിശ്ചയിച്ചത്‌ തേടുകയും ചെയ്തുകൊള്ളുക. നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകൾ കറുത്ത ഇഴകളിൽ നിന്ന്‌ തെളിഞ്ഞ്‌ കാണുമാറാകുന്നത്‌ വരെ. എന്നിട്ട്‌ രാത്രിയാകും വരെ നിങ്ങൾ വ്രതം പൂർണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോൾ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്റെ അതിർവരമ്പുകളാകുന്നു അവയൊക്കെ. നിങ്ങൾ അവയെ അതിലംഘിക്കുവാനടുക്കരുത്‌. ജനങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ വ്യക്തമാക്കികൊടുക്കുന്നു.

188 അന്യായമായി നിങ്ങൾ അന്യോന്യം സ്വത്തുക്കൾ തിന്നരുത്‌. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളിൽ നിന്ന്‌ വല്ലതും അധാർമ്മികമായി നേടിയെടുത്തു തിന്നുവാൻ വേണ്ടി നിങ്ങളതുമായി വിധികർത്താക്കളെ സമീപിക്കുകയും ചെയ്യരുത്‌.

189 ( നബിയേ, ) നിന്നോടവർ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ്‌ തീർത്ഥാടനത്തിനും കാല നിർണയത്തിനുള്ള ഉപാധികളാകുന്നു അവ. നിങ്ങൾ വീടുകളിലേക്ക്‌ പിൻവശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാൻ. നിങ്ങൾ വീടുകളിൽ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. മോക്ഷം കൈവരിക്കുവാൻ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.

190 നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാൽ നിങ്ങൾ പരിധിവിട്ട്‌ പ്രവർത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.

191 അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവർ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങൾ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവർ നടത്തുന്ന ) മർദ്ദനം കൊലയേക്കാൾ നിഷ്ഠൂരമാകുന്നു. മസ്ജിദുൽ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങൾ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവർ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവർ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തിൽ ഏർപെടുകയാണെങ്കിൽ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികൾക്കുള്ള പ്രതിഫലം.

192 ഇനി അവർ ( പശ്ചാത്തപിച്ച്‌, എതിർപ്പിൽ നിന്ന്‌ ) വിരമിക്കുകയാണെങ്കിലോ തീർച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ അല്ലാഹു.

193 മർദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാൽ അവർ ( യുദ്ധത്തിൽ നിന്ന്‌ ) വിരമിക്കുകയാണെങ്കിൽ ( അവരിലെ ) അക്രമികൾക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല.

194 വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന്‌ വിലക്കപ്പെട്ടമാസത്തിൽ തന്നെ ( തിരിച്ചടിക്കുക. ) വിലക്കപ്പെട്ട മറ്റു കാര്യങ്ങൾ ലംഘിക്കുമ്പോഴും ( അങ്ങനെത്തന്നെ ) പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങൾക്കെതിരെ ആർ അതിക്രമം കാണിച്ചാലും അവൻ നിങ്ങളുടെ നേർക്ക്‌ കാണിച്ച അതിക്രമത്തിന്‌ തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.

195 അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ചെലവ്‌ ചെയ്യുക. ( പിശുക്കും ഉദാസീനതയും മൂലം ) നിങ്ങളുടെ കൈകളെ നിങ്ങൾ തന്നെ നാശത്തിൽ തള്ളിക്കളയരുത്‌. നിങ്ങൾ നല്ലത്‌ പ്രവർത്തിക്കുക. നൻമ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.

196 നിങ്ങൾ അല്ലാഹുവിന്‌ വേണ്ടി ഹജ്ജും ഉംറഃയും പൂർണ്ണമായി നിർവഹിക്കുക. ഇനി നിങ്ങൾക്ക്‌ ( ഹജ്ജ്‌ നിർവഹിക്കുന്നതിന്‌ ) തടസ്സം സൃഷ്ടിക്കപ്പെട്ടാൽ നിങ്ങൾക്ക്‌ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ബലിയർപ്പിക്കേണ്ടതാണ്‌. ) ബലിമൃഗം എത്തേണ്ട സ്ഥാനത്ത്‌ എത്തുന്നത്‌ വരെ നിങ്ങൾ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയിൽ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കിൽ ( മുടി നീക്കുന്നതിന്‌ ) പ്രായശ്ചിത്തമായി നോമ്പോ, ദാനധർമ്മമോ, ബലികർമ്മമോ നിർവഹിച്ചാൽ മതിയാകും. ഇനി നിങ്ങൾ നിർഭയാവസ്ഥയിലാണെങ്കിലോ, അപ്പോൾ ഒരാൾ ഉംറഃ നിർവഹിച്ചിട്ട്‌ ഹജ്ജ്‌ വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ഹജ്ജിനിടയിൽ ബലികഴിക്കേണ്ടതാണ്‌. ) ഇനി ആർക്കെങ്കിലും അത്‌ കിട്ടാത്ത പക്ഷം ഹജ്ജിനിടയിൽ മൂന്നു ദിവസവും, നിങ്ങൾ ( നാട്ടിൽ ) തിരിച്ചെത്തിയിട്ട്‌ ഏഴു ദിവസവും ചേർത്ത്‌ ആകെ പത്ത്‌ ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുൽ ഹറാമിൽ താമസിക്കുന്നവർക്കല്ലാത്തവർക്കാകുന്നു ഈ വിധി. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.

197 ഹജ്ജ്‌ കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ്‌ കർമ്മത്തിൽ പ്രവേശിച്ചാൽ പിന്നീട്‌ സ്ത്രീ-പുരുഷ സംസർഗമോ ദുർവൃത്തിയോ വഴക്കോ ഹജ്ജിനിടയിൽ പാടുള്ളതല്ല. നിങ്ങൾ ഏതൊരു സൽപ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്‌. ( ഹജ്ജിനു പോകുമ്പോൾ ) നിങ്ങൾ യാത്രയ്ക്കുവേണ്ട വിഭവങ്ങൾ ഒരുക്കിപ്പോകുക. എന്നാൽ യാത്രയ്ക്കു വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്‌ സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച്‌ ജീവിക്കുക.

198 ( ഹജ്ജിനിടയിൽ ) നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഭൗതികാനുഗ്രഹങ്ങൾ നിങ്ങൾ തേടുന്നതിൽ കുറ്റമൊന്നുമില്ല. അറഫാത്തിൽ നിന്ന്‌ നിങ്ങൾ പുറപ്പെട്ടുകഴിഞ്ഞാൽ മശ്‌അറുൽ ഹറാമിനടുത്തുവെച്ച്‌ നിങ്ങൾ അല്ലാഹുവിനെ പ്രകീർത്തിക്കുവിൻ. അവൻ നിങ്ങൾക്ക്‌ വഴി കാണിച്ച പ്രകാരം നിങ്ങളവനെ ഓർക്കുവിൻ. ഇതിനു മുമ്പ്‌ നിങ്ങൾ പിഴച്ചവരിൽ പെട്ടവരായിരുന്നാലും.

199 എന്നിട്ട്‌ ആളുകൾ ( സാധാരണ തീർത്ഥാടകർ ) എവിടെ നിന്ന്‌ പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങൾ അല്ലാഹുവോട്‌ പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

200 അങ്ങനെ നിങ്ങൾ ഹജ്ജ്‌ കർമ്മം നിർവഹിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പിതാക്കളെ നിങ്ങൾ പ്രകീർത്തിച്ചിരുന്നത്‌ പോലെയോ അതിനെക്കാൾ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങൾ പ്രകീർത്തിക്കുക. മനുഷ്യരിൽ ചിലർ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത്‌ ഞങ്ങൾക്ക്‌ നീ ( അനുഗ്രഹം ) നൽകേണമേ എന്ന്‌. എന്നാൽ പരലോകത്ത്‌ അത്തരക്കാർക്ക്‌ ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല.

201 മറ്റു ചിലർ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക്‌ ഇഹലോകത്ത്‌ നീ നല്ലത്‌ തരേണമേ; പരലോകത്തും നീ നല്ലത്‌ തരേണമേ. നരകശിക്ഷയിൽ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌.

202 അവർ സമ്പാദിച്ചതിന്റെ ഫലമായി അവർക്ക്‌ വലിയൊരു വിഹിതമുണ്ട്‌. അല്ലാഹു അതിവേഗത്തിൽ കണക്ക്‌ നോക്കുന്നവനാകുന്നു.

203 എണ്ണപ്പെട്ട ദിവസങ്ങളിൽ നിങ്ങൾ അല്ലാഹുവെ സ്മരിക്കുക. ( അവയിൽ ) രണ്ടു ദിവസം കൊണ്ട്‌ മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട്‌ പോരുന്ന പക്ഷം അവന്‌ കുറ്റമില്ല. ( ഒരു ദിവസവും കൂടി ) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന്‌ ( അതാണ്‌ ഉത്തമം ). നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക്‌ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.

204 ചില ആളുകളുണ്ട്‌. ഐഹികജീവിത കാര്യത്തിൽ അവരുടെ സംസാരം നിനക്ക്‌ കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക്‌ അവർ അല്ലാഹുവെ സാക്ഷി നിർത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ ( സത്യത്തിന്റെ) കഠിനവൈരികളത്രെ.

205 അവർ തിരിച്ചുപോയാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.

206 അല്ലാഹുവെ സൂക്ഷിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാൽ ദുരഭിമാനം അവരെ പാപത്തിൽ പിടിച്ച്‌ നിർത്തുന്നു. അവർക്ക്‌ നരകം തന്നെ മതി. അത്‌ എത്ര മോശമായ മെത്ത!

207 വേറെ ചില ആളുകളുണ്ട്‌. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട്‌ സ്വന്തം ജീവിതം തന്നെ അവർ വിൽക്കുന്നു. അല്ലാഹു തന്റെ ദാസൻമാരോട്‌ അത്യധികം ദയയുള്ളവനാകുന്നു.

208 സത്യവിശ്വാസികളേ, നിങ്ങൾ പരിപൂർണ്ണമായി കീഴ്‌വണക്കത്തിൽ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.

209 നിങ്ങൾക്ക്‌ വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനു ശേഷവും നിങ്ങൾ വഴുതിപ്പോകുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കണം; അല്ലാഹു പ്രതാപിയും യുക്തിമാനുമാണെന്ന്‌.

210 മേഘമേലാപ്പിൽ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത്‌ വരുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത്‌ മാത്രമാണോ അവർ കാത്തിരിക്കുന്നത്‌? എന്നാൽ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലേക്കാകുന്നു മടക്കപ്പെടുന്നത്‌.

211 ഇസ്രായീല്യരോട്‌ നീ ചോദിച്ച്‌ നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ്‌ നാം അവർക്ക്‌ നൽകിയിട്ടുള്ളതെന്ന്‌. തനിക്ക്‌ അല്ലാഹുവിന്റെ അനുഗ്രഹം വന്നുകിട്ടിയതിനു ശേഷം വല്ലവനും അതിന്‌ വിപരീതം പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

212 സത്യനിഷേധികൾക്ക്‌ ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവർ പരിഹസിക്കുകയും ചെയ്യുന്നു. എന്നാൽ സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവരെക്കാൾ ഉന്നതൻമാർ. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക്‌ കണക്ക്‌ നോക്കാതെ തന്നെ കൊടുക്കുന്നതാണ്‌.

213 മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവർ ഭിന്നിച്ചപ്പോൾ വിശ്വാസികൾക്ക്‌ ) സന്തോഷവാർത്ത അറിയിക്കുവാനും, ( നിഷേധികൾക്ക്‌ ) താക്കീത്‌ നൽകുവാനുമായി അല്ലാഹു പ്രവാചകൻമാരെ നിയോഗിച്ചു. അവർ ( ജനങ്ങൾ ) ഭിന്നിച്ച വിഷയത്തിൽ തീർപ്പുകൽപിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചുകൊടുത്തു. എന്നാൽ വേദം നൽകപ്പെട്ടവർ തന്നെ വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനു ശേഷം അതിൽ ( വേദവിഷയത്തിൽ ) ഭിന്നിച്ചിട്ടുള്ളത്‌ അവർ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാൽ ഏതൊരു സത്യത്തിൽ നിന്ന്‌ അവർ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്റെ താൽപര്യപ്രകാരം സത്യവിശ്വാസികൾക്ക്‌ വഴി കാണിച്ചു. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു.

214 അല്ല, നിങ്ങളുടെ മുമ്പ്‌ കഴിഞ്ഞുപോയവർ ( വിശ്വാസികൾ ) ക്കുണ്ടായതു പോലുള്ള അനുഭവങ്ങൾ നിങ്ങൾക്കും വന്നെത്താതെ നിങ്ങൾക്ക്‌ സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്ന്‌ നിങ്ങൾ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന്‌ അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ്‌ അവർ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌.

215 ( നബിയേ, ) അവർ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങൾ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനാഥർക്കും അഗതികൾക്കും വഴിപോക്കൻമാർക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.

216 യുദ്ധം ചെയ്യാൻ നിങ്ങൾക്കിതാ നിർബന്ധ കൽപന നൽകപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങൾക്ക്‌ അനിഷ്ടകരമാകുന്നു. എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും ( യഥാർത്ഥത്തിൽ ) അത്‌ നിങ്ങൾക്ക്‌ ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും ( യഥാർത്ഥത്തിൽ ) നിങ്ങൾക്കത്‌ ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല.

217 വിലക്കപ്പെട്ടമാസത്തിൽ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക: ആ മാസത്തിൽ യുദ്ധം ചെയ്യുന്നത്‌ വലിയ അപരാധം തന്നെയാകുന്നു. എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തടയുന്നതും, അവനിൽ അവിശ്വസിക്കുന്നതും, മസ്ജിദുൽ ഹറാമിൽ നിന്നു ( ജനങ്ങളെ ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന്‌ പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാൾ ഗുരുതരമാകുന്നു. അവർക്ക്‌ സാധിക്കുകയാണെങ്കിൽ നിങ്ങളുടെ മതത്തിൽ നിന്ന്‌ നിങ്ങളെ പിന്തിരിപ്പിക്കുന്നത്‌ വരെ അവർ നിങ്ങളോട്‌ യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളിൽ നിന്നാരെങ്കിലും തന്റെ മതത്തിൽ നിന്ന്‌ പിൻമാറി സത്യനിഷേധിയായിക്കൊണ്ട്‌ മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കർമ്മങ്ങൾ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

218 വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദിൽ ഏർപെടുകയും ചെയ്തവരാരോ അവർ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

219 ( നബിയേ, ) നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങൾക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാൽ അവയിലെ പാപത്തിന്റെ അംശമാണ്‌ പ്രയോജനത്തിന്റെ അംശത്തേക്കാൾ വലുത്‌. എന്തൊന്നാണവർ ചെലവ്‌ ചെയ്യേണ്ടതെന്നും അവർ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: ( അത്യാവശ്യം കഴിച്ച്‌ ) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക്‌ തെളിവുകൾ വിവരിച്ചുതരുന്നു.

220 അനാഥകളെപ്പറ്റിയും അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക: അവർക്ക്‌ നൻമ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങൾ കൂട്ടു ജീവിതം നയിക്കുകയാണെങ്കിൽ ( അതിൽ തെറ്റില്ല. ) അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നൻമവരുത്തുന്നവനെയും അല്ലാഹു വേർതിരിച്ചറിയുന്നതാണ്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ നിങ്ങൾക്ക്‌ ക്ലേശമുണ്ടാക്കുമായിരുന്നു. തീർച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.

221 ബഹുദൈവവിശ്വാസിനികളെ - അവർ വിശ്വസിക്കുന്നത്‌ വരെ നിങ്ങൾ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്‌ ബഹുദൈവവിശ്വാസിനിയെക്കാൾ നല്ലത്‌. അവൾ നിങ്ങൾക്ക്‌ കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികൾക്ക്‌ അവർ വിശ്വസിക്കുന്നത്‌ വരെ നിങ്ങൾ വിവാഹം കഴിപ്പിച്ച്‌ കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്‌ ബഹുദൈവവിശ്വാസിയെക്കാൾ നല്ലത്‌. അവൻ നിങ്ങൾക്ക്‌ കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടർ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച്‌ സ്വർഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങൾ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാൻ വേണ്ടി തന്റെ തെളിവുകൾ അവർക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.

222 ആർത്തവത്തെപ്പറ്റി അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്ന്‌ അകന്നു നിൽക്കേണ്ടതാണ്‌. അവർ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട്‌ കൽപിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.

223 നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കും വിധം നിങ്ങൾക്ക്‌ നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നൻമയ്ക്ക്‌ വേണ്ടത്‌ നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ടെന്ന്‌ അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികൾക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക.

224 അല്ലാഹുവെ - അവന്റെപേരിൽ നിങ്ങൾ ശപഥം ചെയ്തു പോയി എന്ന കാരണത്താൽ - നൻമ ചെയ്യുന്നതിനോ ധർമ്മം പാലിക്കുന്നതിനോ ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങൾ ഒരു തടസ്സമാക്കി വെക്കരുത്‌. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

225 ( ബോധപൂർവ്വമല്ലാതെ ) വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകൾ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. പക്ഷെ, നിങ്ങൾ മനസ്സറിഞ്ഞ്‌ പ്രവർത്തിച്ചതിന്റെപേരിൽ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.

226 തങ്ങളുടെ ഭാര്യമാരുമായി ( ബന്ധപ്പെടുകയില്ലെന്ന്‌ ) ശപഥം ചെയ്ത്‌ അകന്നു നിൽക്കുന്നവർക്ക്‌ ( അന്തിമ തീരുമാനത്തിന്‌ ) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്‌. അതിനിടയിൽ അവർ ( ശപഥം വിട്ട്‌ ദാമ്പത്യത്തിലേക്ക്‌ ) മടങ്ങുകയാണെങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

227 ഇനി അവർ വിവാഹമോചനം ചെയ്യാൻ തന്നെ തീർച്ചപ്പെടുത്തുകയാണെങ്കിലോ അല്ലാഹു എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്നവനാണല്ലോ ?

228 വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്നു മാസമുറകൾ ( കഴിയും വരെ ) കാത്തിരിക്കേണ്ടതാണ്‌. അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ തങ്ങളുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവർ ഒളിച്ചു വെക്കാൻ പാടുള്ളതല്ല. അതിനകം ( പ്രസ്തുത അവധിക്കകം ) അവരെ തിരിച്ചെടുക്കാൻ അവരുടെ ഭർത്താക്കൻമാർ ഏറ്റവും അർഹതയുള്ളവരാകുന്നു; അവർ ( ഭർത്താക്കൻമാർ ) നിലപാട്‌ നന്നാക്കിത്തീർക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ. സ്ത്രീകൾക്ക്‌ ( ഭർത്താക്കൻമാരോട്‌ ) ബാധ്യതകൾ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവർക്ക്‌ അവകാശങ്ങൾ കിട്ടേണ്ടതുമുണ്ട്‌. എന്നാൽ പുരുഷൻമാർക്ക്‌ അവരെക്കാൾ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.

229 ( മടക്കിയെടുക്കാൻ അനുമതിയുള്ള ) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകിൽ മര്യാദയനുസരിച്ച്‌ കൂടെ നിർത്തുകയോ, അല്ലെങ്കിൽ നല്ല നിലയിൽ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. നിങ്ങൾ അവർക്ക്‌ ( ഭാര്യമാർക്ക്‌ ) നൽകിയിട്ടുള്ളതിൽ നിന്നു യാതൊന്നും തിരിച്ചുവാങ്ങാൻ നിങ്ങൾക്ക്‌ അനുവാദമില്ല. അവർ ഇരുവർക്കും അല്ലാഹുവിന്റെ നിയമപരിധികൾ പാലിച്ചു പോരാൻ കഴിയില്ലെന്ന്‌ ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവർക്ക്‌ ( ദമ്പതിമാർക്ക്‌ ) അല്ലാഹുവിന്റെ നിയമപരിധികൾ പാലിക്കുവാൻ കഴിയില്ലെന്ന്‌ നിങ്ങൾക്ക്‌ ഉൽക്കണ്ഠ തോന്നുകയാണെങ്കിൽ അവൾ വല്ലതും വിട്ടുകൊടുത്തുകൊണ്ട്‌ സ്വയം മോചനം നേടുന്നതിൽ അവർ ഇരുവർക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാൽ അവയെ നിങ്ങൾ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികൾ ആർ ലംഘിക്കുന്നുവോ അവർ തന്നെയാകുന്നു അക്രമികൾ.

230 ഇനിയും ( മൂന്നാമതും ) അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടൽ അവന്‌ അനുവദനീയമാവില്ല; അവൾ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവൻ ( പുതിയ ഭർത്താവ്‌ ) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ ( പഴയ ദാമ്പത്യത്തിലേക്ക്‌ ) തിരിച്ചുപോകുന്നതിൽ അവരിരുവർക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികൾ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കിൽ. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകൾക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചുതരുന്നു.

231 നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട്‌ അവരുടെ അവധി പ്രാപിച്ചാൽ ഒന്നുകിൽ നിങ്ങളവരെ മര്യാദയനുസരിച്ച്‌ കൂടെ നിർത്തുകയോ, അല്ലെങ്കിൽ മര്യാദയനുസരിച്ച്‌ തന്നെ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. ദ്രോഹിക്കുവാൻ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിർത്തരുത്‌. അപ്രകാരം വല്ലവനും പ്രവർത്തിക്കുന്ന പക്ഷം അവൻ തനിക്ക്‌ തന്നെയാണ്‌ ദ്രോഹം വരുത്തിവെക്കുന്നത്‌. അല്ലാഹുവിന്റെ തെളിവുകളെ നിങ്ങൾ തമാശയാക്കിക്കളയരുത്‌. അല്ലാഹു നിങ്ങൾക്ക്‌ ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക. നിങ്ങൾക്ക്‌ സാരോപദേശം നൽകിക്കൊണ്ട്‌ അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓർമിക്കുക. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.

232 നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട്‌ അവരുടെ അവധി പ്രാപിച്ചാൽ അവർ തങ്ങളുടെ ഭർത്താക്കൻമാരുമായി വിവാഹത്തിൽ ഏർപെടുന്നതിന്‌ നിങ്ങൾ തടസ്സമുണ്ടാക്കരുത്‌; മര്യാദയനുസരിച്ച്‌ അവർ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കിൽ. നിങ്ങളിൽ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്കുള്ള ഉപദേശമാണത്‌. അതാണ്‌ നിങ്ങൾക്ക്‌ ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല.

233 മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക്‌ പൂർണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. ( കുട്ടിയുടെ ) മുലകുടി പൂർണ്ണമാക്കണം എന്ന്‌ ഉദ്ദേശിക്കുന്നവർക്കത്രെ ഇത്‌. അവർക്ക്‌ ( മുലകൊടുക്കുന്ന മാതാക്കൾക്ക്‌ ) മര്യാദയനുസരിച്ച്‌ ഭക്ഷണവും വസ്ത്രവും നൽകേണ്ടത്‌ കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാൽ ഒരാളെയും അയാളുടെ കഴിവിലുപരി നൽകാൻ നിർബന്ധിക്കരുത്‌. ഒരു മാതാവും തന്റെ കുട്ടിയുടെ പേരിൽ ദ്രോഹിക്കപ്പെടാൻ ഇടയാകരുത്‌. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരിൽ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്‌. ( പിതാവിന്റെ അഭാവത്തിൽ അയാളുടെ ) അവകാശികൾക്കും ( കുട്ടിയുടെ കാര്യത്തിൽ ) അതു പോലെയുള്ള ബാധ്യതകളുണ്ട്‌. ഇനി അവർ ഇരുവരും തമ്മിൽ കൂടിയാലോചിച്ച്‌ തൃപ്തിപ്പെട്ടുകൊണ്ട്‌ ( കുട്ടിയുടെ ) മുലകുടി നിർത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ ഇരുവർക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികൾക്ക്‌ ( മറ്റാരെക്കൊണ്ടെങ്കിലും ) മുലകൊടുപ്പിക്കാനാണ്‌ നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിലും നിങ്ങൾക്ക്‌ കുറ്റമില്ല; ( ആ പോറ്റമ്മമാർക്ക്‌ ) നിങ്ങൾ നൽകേണ്ടത്‌ മര്യാദയനുസരിച്ച്‌ കൊടുത്തു തീർക്കുകയാണെങ്കിൽ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.

234 നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കിൽ അവർ ( ഭാര്യമാർ ) തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാൽ തങ്ങളുടെ കാര്യത്തിലവർ മര്യാദയനുസരിച്ച്‌ പ്രവർത്തിക്കുന്നതിൽ നിങ്ങൾക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.

235 ( ഇദ്ദഃയുടെ ഘട്ടത്തിൽ ) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങൾ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സിൽ സൂക്ഷിക്കുകയോ ചെയ്യുന്നതിൽ നിങ്ങൾക്ക്‌ കുറ്റമില്ല. അവരെ നിങ്ങൾ ഓർത്തേക്കുമെന്ന്‌ അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങൾ അവരോട്‌ മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട്‌ യാതൊരു നിശ്ചയവും ചെയ്തു പോകരുത്‌. നിയമപ്രകാരമുള്ള അവധി ( ഇദ്ദഃ ) പൂർത്തിയാകുന്നത്‌ വരെ ( വിവാഹമുക്തകളുമായി ) വിവാഹബന്ധം സ്ഥാപിക്കാൻ നിങ്ങൾ തീരുമാനമെടുക്കരുത്‌. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ അല്ലാഹു അറിയുന്നുണ്ടെന്ന്‌ നിങ്ങൾ മനസ്സിലാക്കുകയും, അവനെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങൾ മനസ്സിലാക്കുക.

236 നിങ്ങൾ ഭാര്യമാരെ സ്പർശിക്കുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേർപെടുത്തിയാൽ ( മഹ്‌റ്‌ നൽകാത്തതിന്റെ പേരിൽ ) നിങ്ങൾക്ക്‌ കുറ്റമില്ല. എന്നാൽ അവർക്ക്‌ നിങ്ങൾ മര്യാദയനുസരിച്ച്‌ ജീവിതവിഭവമായി എന്തെങ്കിലും നൽകേണ്ടതാണ്‌. കഴിവുള്ളവൻ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവൻ തന്റെ സ്ഥിതിക്കനുസരിച്ചും. സദ്‌വൃത്തരായ ആളുകൾക്ക്‌ ഇതൊരു ബാധ്യതയത്രെ.

237 ഇനി നിങ്ങൾ അവരെ സ്പർശിക്കുന്നതിനു മുമ്പ്‌ തന്നെ വിവാഹബന്ധം വേർപെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങൾ നിശ്ചയിച്ച്‌ കഴിഞ്ഞിരിക്കുകയും ആണെങ്കിൽ നിങ്ങൾ നിശ്ചയിച്ചതിന്റെ പകുതി ( നിങ്ങൾ നൽകേണ്ടതാണ്‌. ) അവർ ( ഭാര്യമാർ ) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കിൽ വിവാഹക്കരാർ കൈവശം വെച്ചിരിക്കുന്നവൻ ( ഭർത്താവ്‌ ) ( മഹ്ര് പൂർണ്ണമായി നൽകിക്കൊണ്ട്‌ ) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാൽ ( ഭർത്താക്കൻമാരേ, ) നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതാണ്‌ ധർമ്മനിഷ്ഠയ്ക്ക്‌ കൂടുതൽ യോജിച്ചത്‌. നിങ്ങൾ അന്യോന്യം ഔദാര്യം കാണിക്കാൻ മറക്കരുത്‌. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.

238 പ്രാർത്ഥനകൾ ( അഥവാ നമസ്കാരങ്ങൾ ) നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉൽകൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പിൽ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർത്ഥിക്കുന്നത്‌.

239 നിങ്ങൾ ( ശത്രുവിന്റെ ആക്രമണം ) ഭയപ്പെടുകയാണെങ്കിൽ കാൽനടയായോ വാഹനങ്ങളിലായോ ( നിങ്ങൾക്ക്‌ നമസ്കരിക്കാം.) എന്നാൽ നിങ്ങൾ സുരക്ഷിതാവസ്ഥയിലായാൽ നിങ്ങൾക്ക്‌ അറിവില്ലാതിരുന്നത്‌ അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങൾ അവനെ സ്മരിക്കേണ്ടതാണ്‌.

240 നിങ്ങളിൽ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവർ തങ്ങളുടെ ഭാര്യമാർക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടിൽ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നൽകാൻ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാൽ അവർ ( സ്വയം ) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തിൽ മര്യാദയനുസരിച്ച്‌ അവർ പ്രവർത്തിക്കുന്നതിൽ നിങ്ങൾക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.

241 വിവാഹമോചിതരായ സ്ത്രീകൾക്ക്‌ ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നൽകേണ്ടതാണ്‌. ഭയഭക്തിയുള്ളവർക്ക്‌ അതൊരു ബാധ്യതയത്രെ.

242 നിങ്ങൾ ഗ്രഹിക്കേണ്ടതിനു വേണ്ടി അപ്രകാരം അല്ലാഹു അവന്റെ തെളിവുകൾ വിവരിച്ചുതരുന്നു.

243 ആയിരക്കണക്കിന്‌ ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട്‌ സ്വന്തം വീട്‌ വിട്ട്‌ ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോൾ അല്ലാഹു അവരോട്‌ പറഞ്ഞു: നിങ്ങൾ മരിച്ചു കൊള്ളുക. പിന്നീട്‌ അല്ലാഹു അവർക്ക്‌ ജീവൻ നൽകി. തീർച്ചയായും അല്ലാഹു മനുഷ്യരോട്‌ ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല.

244 അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ യുദ്ധം ചെയ്യുക. അല്ലാഹു ( എല്ലാം ) കേൾക്കുന്നവനും അറിയുന്നവനുമാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.

245 അല്ലാഹുവിന്‌ ഉത്തമമായ കടം നൽകുവാനാരുണ്ട്‌? എങ്കിൽ അല്ലാഹു അതവന്ന്‌ അനേകം ഇരട്ടികളായി വർദ്ധിപ്പിച്ച്‌ കൊടുക്കുന്നതാണ്‌. ( ധനം ) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക്‌ തന്നെയാകുന്നു നിങ്ങൾ മടക്കപ്പെടുന്നതും.

246 മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമുഖർ തങ്ങളുടെ പ്രവാചകനോട്‌, ഞങ്ങൾക്കൊരു രാജാവിനെ നിയോഗിച്ച്‌ തരൂ. ( അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ) ഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തുകൊള്ളാം എന്ന്‌ പറഞ്ഞ സന്ദർഭം നീ അറിഞ്ഞില്ലേ? അദ്ദേഹം ( പ്രവാചകൻ ) ചോദിച്ചു: നിങ്ങൾക്ക്‌ യുദ്ധത്തിന്ന്‌ കൽപന കിട്ടിയാൽ നിങ്ങൾ യുദ്ധം ചെയ്യാതിരുന്നേക്കുമോ ? അവർ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്നും സന്തതികൾക്കിടയിൽ നിന്നും ഞങ്ങൾ പുറം തള്ളപ്പെട്ട സ്ഥിതിക്ക്‌ ഞങ്ങൾക്കെങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാതിരിക്കാൻ കഴിയും ? എന്നാൽ അവർക്ക്‌ യുദ്ധത്തിന്‌ കൽപന നൽകപ്പെട്ടപ്പോഴാകട്ടെ അൽപം പേരൊഴിച്ച്‌ ( എല്ലാവരും ) പിൻമാറുകയാണുണ്ടായത്‌. അല്ലാഹു അക്രമകാരികളെപ്പറ്റി ( നല്ലവണ്ണം ) അറിയുന്നവനാകുന്നു.

247 അവരോട്‌ അവരുടെ പ്രവാചകൻ പറഞ്ഞു: അല്ലാഹു നിങ്ങൾക്ക്‌ ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവർ പറഞ്ഞു: അയാൾക്കെങ്ങനെ ഞങ്ങളുടെ രാജാവാകാൻ പറ്റും? രാജാധികാരത്തിന്‌ അയാളെക്കാൾ കൂടുതൽ അർഹതയുള്ളത്‌ ഞങ്ങൾക്കാണല്ലോ. അയാൾ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം ( പ്രവാചകൻ ) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാൾ ഉൽകൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതൽ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവൻ ഉദ്ദേശിക്കുന്നവർക്ക്‌ കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.

248 അവരോട്‌ അവരുടെ പ്രവാചകൻ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ്‌ ആ പെട്ടി നിങ്ങളുടെ അടുത്ത്‌ വന്നെത്തുക എന്നതാണ്‌. അതിൽ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂൻറെയും കുടുംബങ്ങൾ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്‌. മലക്കുകൾ അത്‌ വഹിച്ച്‌ കൊണ്ടുവരുന്നതാണ്‌. നിങ്ങൾ വിശ്വാസികളാണെങ്കിൽ നിസ്സംശയം നിങ്ങൾക്കതിൽ മഹത്തായ ദൃഷ്ടാന്തമുണ്ട്‌.

249 അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോൾ ത്വാലൂത്‌ പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. അപ്പോൾ ആർ അതിൽ നിന്ന്‌ കുടിച്ചുവോ അവൻ എന്റെകൂട്ടത്തിൽ പെട്ടവനല്ല. ആരതു രുചിച്ച്‌ നോക്കാതിരുന്നുവോ അവൻ എന്റെകൂട്ടത്തിൽ പെട്ടവനാകുന്നു. എന്നാൽ തന്റെകൈകൊണ്ട്‌ ഒരിക്കൽ മാത്രം കോരിയവൻ ഇതിൽ നിന്ന്‌ ഒഴിവാണ്‌. അവരിൽ നിന്ന്‌ ചുരുക്കം പേരൊഴികെ അതിൽ നിന്ന്‌ കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോൾ അവർ പറഞ്ഞു: ജാലൂതി ( ഗോലിയത്ത്‌ ) നെയും അവന്റെ സൈന്യങ്ങളെയും നേരിടാൻ മാത്രമുള്ള കഴിവ്‌ ഇന്ന്‌ നമുക്കില്ല. തങ്ങൾ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ്‌ എന്ന വിചാരമുള്ളവർ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ്‌ അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.

250 അങ്ങനെ അവർ ജാലൂതിനും സൈന്യങ്ങൾക്കുമെതിരെ പോരിനിറങ്ങിയപ്പോൾ അവർ പ്രാർത്ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനങ്ങൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.

251 അങ്ങനെ അല്ലാഹുവിന്റെഅനുമതി പ്രകാരം അവരെ ( ശത്രുക്കളെ ) അവർ പരാജയപ്പെടുത്തി. ദാവൂദ്‌ ജാലൂതിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന്‌ അല്ലാഹു ആധിപത്യവും ജ്ഞാനവും നൽകുകയും, താൻ ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്തു. മനുഷ്യരിൽ ചിലരെ മറ്റു ചിലർ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കിൽ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷെ അല്ലാഹു ലോകരോട്‌ വളരെ ഉദാരനത്രെ.

252 അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു അവയൊക്കെ. സത്യപ്രകാരം നിനക്ക്‌ നാം അവ ഓതികേൾപിച്ച്‌ തരുന്നു. തീർച്ചയായും നീ ( നമ്മുടെ ദൗത്യവുമായി ) നിയോഗിക്കപ്പെട്ടവരിൽ ഒരാളാകുന്നു.

253 ആ ദൂതൻമാരിൽ ചിലർക്ക്‌ നാം മറ്റു ചിലരെക്കാൾ ശ്രേഷ്ഠത നൽകിയിരിക്കുന്നു. അല്ലാഹു ( നേരിൽ ) സംസാരിച്ചിട്ടുള്ളവർ അവരിലുണ്ട്‌. അവരിൽ ചിലരെ അവൻ പല പദവികളിലേക്ക്‌ ഉയർത്തിയിട്ടുമുണ്ട്‌. മർയമിന്റെമകൻ ഈസായ്ക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, പരിശുദ്ധാത്മാവ്‌ മുഖേന അദ്ദേഹത്തിന്‌ നാം പിൻബലം നൽകുകയും ചെയ്തിട്ടുണ്ട്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരുടെ ( ദൂതൻമാരുടെ ) പിൻഗാമികൾ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിനു ശേഷവും ( അന്യോന്യം ) പോരടിക്കുമായിരുന്നില്ല. എന്നാൽ അവർ ഭിന്നിച്ചു. അങ്ങനെ അവരിൽ വിശ്വസിച്ചവരും നിഷേധിച്ചവരുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താൻ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു.

254 സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാർശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങൾക്ക്‌ നാം നൽകിയിട്ടുള്ളതിൽ നിന്ന്‌ നിങ്ങൾ ചെലവഴിക്കുവിൻ. സത്യനിഷേധികൾ തന്നെയാകുന്നു അക്രമികൾ.

255 അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവൻറെയടുക്കൽ ശുപാർശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവർക്ക്‌ പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽ നിന്ന്‌ അവൻ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവർക്ക്‌ സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾകൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ.

256 മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽ നിന്ന്‌ വ്യക്തമായി വേർതിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

257 വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവൻ അവരെ ഇരുട്ടുകളിൽ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടു വരുന്നു. എന്നാൽ സത്യനിഷേധികളുടെ രക്ഷാധികാരികൾ ദുർമൂർത്തികളാകുന്നു. വെളിച്ചത്തിൽ നിന്ന്‌ ഇരുട്ടുകളിലേക്കാണ്‌ ആ ദുർമൂർത്തികൾ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളാകുന്നു.

258 ഇബ്രാഹീമിനോട്‌ അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തിൽ തർക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന്‌ ആധിപത്യം നൽകിയതിനാലാണ്‌ ( അവനതിന്‌ മുതിർന്നത്‌. ) എന്റെ നാഥൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന്‌ ഇബ്രാഹീം പറഞ്ഞപ്പോൾ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവൻ പറഞ്ഞത്‌. ഇബ്രാഹീം പറഞ്ഞു: എന്നാൽ അല്ലാഹു സൂര്യനെ കിഴക്കു നിന്ന്‌ കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ്‌ നിന്ന്‌ കൊണ്ടു വരിക. അപ്പോൾ ആ സത്യനിഷേധിക്ക്‌ ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേർവഴിയിലാക്കുകയില്ല.

259 അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേൽക്കൂരകളോടെ വീണടിഞ്ഞ്‌ കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. ( അപ്പോൾ ) അദ്ദേഹം പറഞ്ഞു: നിർജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്‌. തുടർന്ന്‌ അല്ലാഹു അദ്ദേഹത്തെ നൂറു വർഷം നിർജീവാവസ്ഥയിലാക്കുകയും പിന്നീട്‌ അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം ( നിർജീവാവസ്ഥയിൽ ) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അൽപഭാഗമോ ( ആണ്‌ ഞാൻ കഴിച്ചുകൂട്ടിയത്‌ ); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വർഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങൾ നോക്കൂ അവയ്ക്ക്‌ മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേർക്ക്‌ നോക്കൂ. ( അതെങ്ങനെയുണ്ടെന്ന്‌ ). നിന്നെ മനുഷ്യർക്കൊരു ദൃഷ്ടാന്തമാക്കുവാൻ വേണ്ടിയാകുന്നു നാമിത്‌ ചെയ്തത്‌. ആ എല്ലുകൾ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തിൽ പൊതിയുകയും ചെയ്യുന്നു വെന്നും നീ നോക്കുക എന്ന്‌ അവൻ ( അല്ലാഹു ) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്‌ ( കാര്യം ) വ്യക്തമായപ്പോൾ അദ്ദേഹം പറഞ്ഞു: തീർച്ചയായും അല്ലാഹു എല്ലാകാര്യങ്ങൾക്കും കഴിവുള്ളവനാണ്‌ എന്ന്‌ ഞാൻ മനസ്സിലാക്കുന്നു.

260 എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന്‌ എനിക്ക്‌ നീ കാണിച്ചുതരേണമേ എന്ന്‌ ഇബ്രാഹീം പറഞ്ഞ സന്ദർഭവും ( ശ്രദ്ധേയമാകുന്നു. ) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന്‌ സമാധാനം ലഭിക്കാൻ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാൽ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക്‌ അടുപ്പിക്കുകയും ( അവയെ കഷ്ണിച്ചിട്ട്‌ ) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കൽ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്‌ എന്ന്‌ നീ മനസ്സിലാക്കുകയും ചെയ്യുക.

261 അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്‌ ഒരു ധാന്യമണിയോടാകുന്നു. അത്‌ ഏഴ്‌ കതിരുകൾ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ്‌ ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഇരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും ( എല്ലാം ) അറിയുന്നവനുമാണ്‌.

262 അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടർന്ന്‌, ചെലവ്‌ ചെയ്തത്‌ എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവർ ആരോ അവർക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവർക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

263 കൊടുത്തതിനെത്തുടർന്ന്‌ മനഃക്ലേശം വരുത്തുന്ന ദാനധർമ്മത്തെക്കാൾ ഉത്തമമായിട്ടുള്ളത്‌ നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു.

264 സത്യവിശ്വാസികളേ, ( കൊടുത്തത്‌ ) എടുത്തുപറഞ്ഞ്‌ കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാൻ വേണ്ടി ധനം ചെലവ്‌ ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത്‌ മുകളിൽ അൽപം മണ്ണ്‌ മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേൽ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവർ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാൻ അവർക്ക്‌ കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേർവഴിയിലാക്കുകയില്ല.

265 അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളിൽ ( സത്യവിശ്വാസം ) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്‌ ഒരു ഉയർന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോൾ അത്‌ രണ്ടിരട്ടി കായ്കനികൾ നൽകി. ഇനി അതിന്ന്‌ കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറൽ മഴയേ ലഭിച്ചുള്ളൂ എങ്കിൽ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.

266 നിങ്ങളിൽ ഒരാൾക്ക്‌ ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന്‌ കരുതുക. അവയുടെ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം കായ്കനികളും അയാൾക്കതിലുണ്ട്‌. അയാൾക്കാകട്ടെ വാർദ്ധക്യം ബാധിച്ചിരിക്കുകയാണ്‌. അയാൾക്ക്‌ ദുർബലരായ കുറെ സന്താനങ്ങളുണ്ട്‌. അപ്പോഴതാ തീയോടു കൂടിയ ഒരു ചുഴലിക്കാറ്റ്‌ അതിന്നു ബാധിച്ച്‌ അത്‌ കരിഞ്ഞു പോകുന്നു. ഇത്തരം ഒരു സ്ഥിതിയിലാകാൻ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ ? നിങ്ങൾ ചിന്തിക്കുന്നതിനു വേണ്ടി ഇപ്രകാരം അല്ലാഹു തെളിവുകൾ വിവരിച്ചുതരുന്നു.

267 സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽ നിന്നും, ഭൂമിയിൽ നിന്ന്‌ നിങ്ങൾക്ക്‌ നാം ഉൽപാദിപ്പിച്ച്‌ തന്നതിൽ നിന്നും നിങ്ങൾ ചെലവഴിക്കുവിൻ. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങൾ സ്വീകരിക്കാത്ത മോശമായ സാധനങ്ങൾ ( ദാനധർമ്മങ്ങളിൽ ) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യർഹനുമാണെന്ന്‌ നിങ്ങൾ അറിഞ്ഞു കൊള്ളുക.

268 പിശാച്‌ ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികൾക്ക്‌ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കൽ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങൾക്ക്‌ വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും ( എല്ലാം ) അറിയുന്നവനുമാകുന്നു.

269 താൻ ഉദ്ദേശിക്കുന്നവർക്ക്‌ അല്ലാഹു ( യഥാർത്ഥ ) ജ്ഞാനം നൽകുന്നു. ഏതൊരുവന്ന്‌ (യഥാർത്ഥ) ജ്ഞാനം നൽകപ്പെടുന്നുവോ അവന്ന്‌ ( അതു വഴി ) അത്യധികമായ നേട്ടമാണ്‌ നൽകപ്പെടുന്നത്‌. എന്നാൽ ബുദ്ധിശാലികൾ മാത്രമേ ശ്രദ്ധിച്ച്‌ മനസ്സിലാക്കുകയുള്ളൂ.

270 നിങ്ങളെന്തൊന്ന്‌ ചെലവഴിച്ചാലും ഏതൊന്ന്‌ നേർച്ച നേർന്നാലും തീർച്ചയായും അല്ലാഹു അതറിയുന്നതാണ്‌. അക്രമകാരികൾക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല.

271 നിങ്ങൾ ദാനധർമ്മങ്ങൾ പരസ്യമായി ചെയ്യുന്നുവെങ്കിൽ അത്‌ നല്ലതു തന്നെ. എന്നാൽ നിങ്ങളത്‌ രഹസ്യമാക്കുകയും ദരിദ്രർക്ക്‌ കൊടുക്കുകയുമാണെങ്കിൽ അതാണ്‌ നിങ്ങൾക്ക്‌ കൂടുതൽ ഉത്തമം. നിങ്ങളുടെ പല തിൻമകളെയും അത്‌ മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു.

272 അവരെ നേർവഴിയിലാക്കാൻ നീ ബാധ്യസ്ഥനല്ല. എന്നാൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു. നല്ലതായ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ അത്‌ നിങ്ങളുടെ നൻമയ്ക്ക്‌ വേണ്ടി തന്നെയാണ്‌. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട്‌ മാത്രമാണ്‌ നിങ്ങൾ ചെലവഴിക്കേണ്ടത്‌. നല്ലതെന്ത്‌ നിങ്ങൾ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക്‌ പൂർണ്ണമായി നൽകപ്പെടുന്നതാണ്‌. നിങ്ങളോട്‌ ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.

273 ഭൂമിയിൽ സഞ്ചരിച്ച്‌ ഉപജീവനം തേടാൻ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാർഗത്തിൽ വ്യാപൃതരായിട്ടുള്ള ദരിദ്രൻമാർക്ക്‌ വേണ്ടി ( നിങ്ങൾ ചെലവ്‌ ചെയ്യുക. ) ( അവരെപ്പറ്റി ) അറിവില്ലാത്തവൻ ( അവരുടെ ) മാന്യത കണ്ട്‌ അവർ ധനികരാണെന്ന്‌ ധരിച്ചേക്കും. എന്നാൽ അവരുടെ ലക്ഷണം കൊണ്ട്‌ നിനക്കവരെ തിരിച്ചറിയാം. അവർ ജനങ്ങളോട്‌ ചോദിച്ച്‌ വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന്‌ നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത്‌ നല്ലത്‌ പോലെ അറിയുന്നവനാണ്‌.

274 രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചു കൊണ്ടിരിക്കുന്നവർക്ക്‌ അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

275 പലിശ തിന്നുന്നവർ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത്‌ പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്‌ എന്ന്‌ അവർ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ്‌ ചെയ്തിട്ടുള്ളത്‌. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട്‌ ( അതനുസരിച്ച്‌ ) വല്ലവനും ( പലിശയിൽ നിന്ന്‌ ) വിരമിച്ചാൽ അവൻ മുമ്പ്‌ വാങ്ങിയത്‌ അവന്നുള്ളത്‌ തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന്‌ വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും ( പലിശയിടപാടുകളിലേക്ക്‌ തന്നെ ) മടങ്ങുകയാണെങ്കിൽ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

276 അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധർമ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുർവൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.

277 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നവർക്ക്‌ അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവർക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

278 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയിൽ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങൾ ( യഥാർത്ഥ ) വിശ്വാസികളാണെങ്കിൽ.

279 നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന്‌ ( നിങ്ങൾക്കെതിരിലുള്ള ) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ നിങ്ങളുടെ മൂലധനം നിങ്ങൾക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങൾ അക്രമം ചെയ്യരുത്‌. നിങ്ങൾ അക്രമിക്കപ്പെടുകയും അരുത്‌.

280 ഇനി ( കടം വാങ്ങിയവരിൽ ) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാൽ ( അവന്ന്‌ ) ആശ്വാസമുണ്ടാകുന്നത്‌ വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാൽ നിങ്ങൾ ദാനമായി ( വിട്ടു ) കൊടുക്കുന്നതാണ്‌ നിങ്ങൾക്ക്‌ കൂടുതൽ ഉത്തമം; നിങ്ങൾ അറിവുള്ളവരാണെങ്കിൽ.

281 നിങ്ങൾ അല്ലാഹുവിങ്കലേക്ക്‌ മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട്‌ ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിന്റെ ഫലം പൂർണ്ണമായി നൽകപ്പെടുന്നതാണ്‌. അവരോട്‌ ( ഒട്ടും ) അനീതി കാണിക്കപ്പെടുകയില്ല.

282 സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട്‌ നിങ്ങൾ അന്യോന്യം വല്ല കടമിടപാടും നടത്തിയാൽ നിങ്ങൾ അത്‌ എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരൻ നിങ്ങൾക്കിടയിൽ നീതിയോടെ അത്‌ രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന്‌ പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാൻ വിസമ്മതിക്കരുത്‌. അവനത്‌ എഴുതുകയും, കടബാധ്യതയുള്ളവൻ ( എഴുതേണ്ട വാചകം ) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തൻറെരക്ഷിതാവായ അല്ലാഹുവെ അവൻ സൂക്ഷിക്കുകയും ( ബാധ്യതയിൽ ) അവൻ യാതൊന്നും കുറവ്‌ വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആൾ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, ( വാചകം ) പറഞ്ഞുകൊടുക്കാൻ കഴിവില്ലാത്തവനോ ആണെങ്കിൽ അയാളുടെ രക്ഷാധികാരി അയാൾക്കു വേണ്ടി നീതിപൂർവ്വം ( വാചകം ) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളിൽ പെട്ട രണ്ടുപുരുഷൻമാരെ നിങ്ങൾ സാക്ഷി നിർത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷൻമാരായില്ലെങ്കിൽ നിങ്ങൾ ഇഷ്ടപെടുന്ന സാക്ഷികളിൽ നിന്ന്‌ ഒരു പുരുഷനും രണ്ട്‌ സ്ത്രീകളും ആയാലും മതി. അവരിൽ ഒരുവൾക്ക്‌ തെറ്റ്‌ പറ്റിയാൽ മറ്റവൾ അവളെ ഓർമിപ്പിക്കാൻ വേണ്ടി. ( തെളിവ്‌ നൽകാൻ ) വിളിക്കപ്പെട്ടാൽ സാക്ഷികൾ വിസമ്മതിക്കരുത്‌. ഇടപാട്‌ ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച്‌ അത്‌ രേഖപ്പെടുത്തി വെക്കാൻ നിങ്ങൾ മടിക്കരുത്‌. അതാണ്‌ അല്ലാഹുവിങ്കൽ ഏറ്റവും നീതിപൂർവ്വകമായതും, സാക്ഷ്യത്തിന്‌ കൂടുതൽ ബലം നൽകുന്നതും, നിങ്ങൾക്ക്‌ സംശയം ജനിക്കാതിരിക്കാൻ കൂടുതൽ അനുയോജ്യമായിട്ടുള്ളതും. എന്നാൽ നിങ്ങൾ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകൾ ഇതിൽ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതിൽ നിങ്ങൾക്ക്‌ കുറ്റമില്ല. എന്നാൽ നിങ്ങൾ ക്രയവിക്രയം ചെയ്യുമ്പോൾ സാക്ഷി നിർത്തേണ്ടതാണ്‌. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാൻ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കിൽ അത്‌ നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങൾക്ക്‌ പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

283 ഇനി നിങ്ങൾ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കിൽ പണയ വസ്തുക്കൾ കൈവശം കൊടുത്താൽ മതി. ഇനി നിങ്ങളിലൊരാൾ മറ്റൊരാളെ ( വല്ലതും ) വിശ്വസിച്ചേൽപിച്ചാൽ ആ വിശ്വാസമർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങൾ സാക്ഷ്യം മറച്ചു വെക്കരുത്‌. ആരത്‌ മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ്‌ പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങൾ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു.

284 ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരിൽ നിങ്ങളോട്‌ കണക്ക്‌ ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പൊറുത്തുകൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

285 തന്റെ രക്ഷിതാവിങ്കൽ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടർന്ന്‌ ) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതൻമാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതൻമാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല. ( എന്നതാണ്‌ അവരുടെ നിലപാട്‌. ) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട്‌ പൊറുക്കേണമേ. നിന്നിലേക്കാകുന്നു ( ഞങ്ങളുടെ ) മടക്കം.

286 അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല. ഓരോരുത്തർ പ്രവർത്തിച്ചതിന്റെ സത്‍ഫലം അവരവർക്കുതന്നെ. ഓരോരുത്തർ പ്രവർത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേൽ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക്‌ തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക്‌ കഴിവില്ലാത്തത്‌ ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങൾക്ക്‌ നീ മാപ്പുനൽകുകയും ഞങ്ങളോട്‌ പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട്‌ സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

  1. ഇസ്രായീല്യരോട് അല്ലാഹു ഒരു പശുവിനെ അറുക്കാൻ കല്പിച്ച സംഭവം വിവരിക്കുന്നതിനാലാണു ഈ അദ്ധ്യായത്തിനു അൽബഖറ: (പശു) എന്ന് പേർ നലകപ്പെട്ടത്
  2. സത്യം ഗ്രഹിക്കാൻ അവർ ഒട്ടും താല്പര്യം കാണിക്കാത്തതിനാൽ അല്ലാഹു അവരുടെ മനസ്സും കണ്ണും കാതും അടഞ്ഞ അവസ്ഥയിൽ ആക്കിയിരിക്കുന്നു
"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/അൽ_ബഖറ&oldid=138265" എന്ന താളിൽനിന്ന് ശേഖരിച്ചത്