Jump to content

പരിശുദ്ധ ഖുർആൻ/അൻഫാൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ( നബിയേ, ) നിന്നോടവർ യുദ്ധത്തിൽ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തിൽ നേടിയ സ്വത്തുക്കൾ അല്ലാഹുവിനും അവൻറെ റസൂലിനുമുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നന്നാക്കിത്തീർക്കുകയും ചെയ്യുക. നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവെയും റസൂലിനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

2 അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച്‌ നടുങ്ങുകയും, അവൻറെ ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപിക്കപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിൻറെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണ്‌ സത്യവിശ്വാസികൾ.

3 നമസ്കാരം മുറപോലെ നിർവഹിക്കുകയും നാം നൽകിയിട്ടുള്ളതിൽ നിന്ന്‌ ചെലവഴിക്കുകയും ചെയ്യുന്നവർ.

4 അവർ തന്നെയാണ്‌ യഥാർത്ഥത്തിൽ വിശ്വാസികൾ. അവർക്ക്‌ അവരുടെ രക്ഷിതാവിങ്കൽ പല പദവികളുണ്ട്‌. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്‌.

5 വിശ്വാസികളിൽ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെ ത്തന്നെ നിൻറെ വീട്ടിൽ നിന്ന്‌ ന്യായമായ കാര്യത്തിന്‌ നിൻറെ രക്ഷിതാവ്‌ നിന്നെ പുറത്തിറക്കിയത്‌ പോലെത്തന്നെയാണിത്‌.

6 ന്യായമായ കാര്യത്തിൽ, അതു വ്യക്തമായതിനു ശേഷം അവർ നിന്നോട്‌ തർക്കിക്കുകയായിരുന്നു. അവർ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക്‌ അവർ നയിക്കപ്പെടുന്നത്‌ പോലെ.

7 രണ്ടു സംഘങ്ങളിലൊന്ന്‌ നിങ്ങൾക്ക്‌ അധീനമാകുമെന്ന്‌ അല്ലാഹു നിങ്ങളോട്‌ വാഗ്ദാനം ചെയ്തിരുന്ന സന്ദർഭം ( ഓർക്കുക. ) ആയുധബലമില്ലാത്ത സംഘം നിങ്ങൾക്കധീനമാകണമെന്നായിരുന്നു നിങ്ങൾ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തൻറെ കൽപനകൾ മുഖേന സത്യം പുലർത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട്‌ മുറിച്ചുകളയുവാനും ആണ്‌ ഉദ്ദേശിച്ചിരുന്നത്‌.

8 സത്യത്തെ സത്യമായി പുലർത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീർക്കേണ്ടതിനുമത്രെ അത്‌. ദുഷ്ടൻമാർക്ക്‌ അതെത്ര അനിഷ്ടകരമായാലും ശരി.

9 നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ സഹായം തേടിയിരുന്ന സന്ദർഭം ( ഓർക്കുക. ) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട്‌ ഞാൻ നിങ്ങൾക്ക്‌ സഹായം നൽകുന്നതാണ്‌ എന്ന്‌ അവൻ അപ്പോൾ നിങ്ങൾക്കു മറുപടി നൽകി.

10 ഒരു സന്തോഷവാർത്തയായിക്കൊണ്ടും നിങ്ങളുടെ ഹൃദയങ്ങൾക്കു സമാധാനം നൽകുന്നതിന്‌ വേണ്ടിയും മാത്രമാണ്‌ അല്ലാഹു അത്‌ ഏർപെടുത്തിയത്‌. അല്ലാഹുവിങ്കൽ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

11 അല്ലാഹു തൻറെ പക്കൽ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട്‌ ആവരണം ചെയ്തിരുന്ന സന്ദർഭം ( ഓർക്കുക. ) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളിൽ നിന്ന്‌ പിശാചിൻറെ ദുർബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകൾക്ക്‌ കെട്ടുറപ്പ്‌ നൽകുന്നതിനും, പാദങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിനും വേണ്ടി അവൻ നിങ്ങളുടെ മേൽ ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദർഭവും ( ഓർക്കുക. )

12 നിൻറെ രക്ഷിതാവ്‌ മലക്കുകൾക്ക്‌ ബോധനം നൽകിയിരുന്ന സന്ദർഭം ( ഓർക്കുക. ) ഞാൻ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാൽ സത്യവിശ്വാസികളെ നിങ്ങൾ ഉറപ്പിച്ചു നിർത്തുക. സത്യനിഷേധികളുടെ മനസ്സുകളിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാൽ കഴുത്തുകൾക്ക്‌ മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങൾ വെട്ടിക്കളയുകയും ചെയ്യുക.

13 അവർ അല്ലാഹുവോടും അവൻറെ ദൂതനോടും എതിർത്തു നിന്നതിൻറെ ഫലമത്രെ അത്‌. വല്ലവനും അല്ലാഹുവെയും അവൻറെ ദൂതനെയും എതിർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌.

14 അതാ അതു നിങ്ങൾ ആസ്വദിച്ചുകൊള്ളുക. സത്യനിഷേധികൾക്ക്‌ തന്നെയാണ്‌ നരകശിക്ഷ എന്ന്‌ ( മനസ്സിലാക്കുകയും ചെയ്യുക. )

15 സത്യവിശ്വാസികളേ, സത്യനിഷേധികൾ പടയണിയായി വരുന്നതു നിങ്ങൾ കണ്ടാൽ നിങ്ങൾ അവരിൽ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടരുത്‌.

16 യുദ്ധ ( തന്ത്ര ) ത്തിനായി സ്ഥാനം മാറുന്നതിനോ ( സ്വന്തം ) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന്‌ അവരിൽ നിന്നു ( ശത്രുക്കളുടെ മുമ്പിൽ നിന്ന്‌ ) വല്ലവനും പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അവൻ അല്ലാഹുവിൽനിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവൻറെ സങ്കേതം നരകമായിരിക്കുന്നതുമാണ്‌. ചെന്നുചേരാൻ കൊള്ളരുതാത്ത സ്ഥലമത്രെ അത്‌.

17 എന്നാൽ നിങ്ങൾ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌. തൻറെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്‌.

18 അതാണ്‌ ( കാര്യം ) സത്യനിഷേധികളുടെ തന്ത്രത്തെ അല്ലാഹു ബലഹീനമാക്കുക തന്നെ ചെയ്യുന്നതുമാണ്‌.

19 ( സത്യനിഷേധികളേ, ) നിങ്ങൾ വിജയമായിരുന്നു തേടിയിരുന്നതെങ്കിൽ ആ വിജയമിതാ നിങ്ങൾക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങൾ വിരമിക്കുകയാണെങ്കിൽ അതാണ്‌ നിങ്ങൾക്ക്‌ ഉത്തമം. നിങ്ങൾ ആവർത്തിക്കുകയാണെങ്കിലോ നാമും ആവർത്തിക്കുന്നതാണ്‌. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത്‌ നിങ്ങൾക്ക്‌ ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്‌.

20 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെയും അവൻറെ റസൂലിനെയും അനുസരിക്കുക. ( സത്യസന്ദേശം ) കേട്ടുകൊണ്ടിരിക്കെ നിങ്ങൾ അദ്ദേഹത്തെ വിട്ട്‌ തിരിഞ്ഞുകളയരുത്‌.

21 ഞങ്ങൾ കേട്ടിരിക്കുന്നു എന്ന്‌ പറയുകയും യാതൊന്നും കേൾക്കാതിരിക്കുകയും ചെയ്തവരെപോലെ നിങ്ങളാകരുത്‌.

22 തീർച്ചയായും ജന്തുക്കളുടെ കൂട്ടത്തിൽ അല്ലാഹുവിൻറെ അടുക്കൽ ഏറ്റവും മോശമായവർ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരൻമാരുമാകുന്നു.

23 അവരിൽ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കിൽ അവരെ അവൻ കേൾപ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവൻ കേൾപിച്ചിരുന്നെങ്കിൽ തന്നെ അവർ അവഗണിച്ചുകൊന്നു്‌ തിരിഞ്ഞു കളയുമായിരുന്നു

24 നിങ്ങൾക്ക്‌ ജീവൻ നൽകുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക. മനുഷ്യന്നും അവൻറെ മനസ്സിനും ഇടയിൽ അല്ലാഹു മറയിടുന്നതാണ്‌ എന്നും അവങ്കലേക്ക്‌ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞ്‌ കൊള്ളുക.

25 ഒരു പരീക്ഷണം ( ശിക്ഷ ) വരുന്നത്‌ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക. അത്‌ ബാധിക്കുന്നത്‌ നിങ്ങളിൽ നിന്നുള്ള അക്രമികൾക്ക്‌ പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.

26 നിങ്ങൾ ഭൂമിയിൽ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച്‌ പേർ മാത്രമായിരുന്ന സന്ദർഭം നിങ്ങൾ ഓർക്കുക. ജനങ്ങൾ നിങ്ങളെ റാഞ്ചിയെടുത്ത്‌ കളയുമെന്ന്‌ നിങ്ങൾ ഭയപ്പെട്ടിരുന്നു. എന്നിട്ട്‌ അവൻ നിങ്ങൾക്ക്‌ ആശ്രയം നൽകുകയും അവൻറെ സഹായം കൊണ്ട്‌ നിങ്ങൾക്ക്‌ പിൻബലം നൽകുകയും വിശിഷ്ട വസ്തുക്കളിൽ നിന്ന്‌ നിങ്ങൾക്ക്‌ ഉപജീവനം നൽകുകയും ചെയ്തു. നിങ്ങൾ നന്ദിയുള്ളവരാകാൻ വേണ്ടി.

27 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്‌. നിങ്ങൾ വിശ്വസിച്ചേൽപിക്കപ്പെട്ട കാര്യങ്ങളിൽ അറിഞ്ഞ്‌ കൊണ്ട്‌ വഞ്ചന കാണിക്കുകയും ചെയ്യരുത്‌.

28 നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.

29 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച്‌ ജീവിക്കുകയാണെങ്കിൽ നിങ്ങൾക്ക്‌ സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ്‌ അവനുണ്ടാക്കിത്തരികയും, അവൻ നിങ്ങളുടെ തിൻമകൾ മായ്ച്ചുകളയുകയും, നിങ്ങൾക്ക്‌ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.

30 നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടിൽ നിന്ന്‌ പുറത്താക്കുകയോ ചെയ്യാൻ വേണ്ടി നിനക്കെതിരായി സത്യനിഷേധികൾ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദർഭം ( ഓർക്കുക. ) അവർ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാൽ അല്ലാഹുവാണ്‌ തന്ത്രം പ്രയോഗിക്കുന്നവരിൽ മെച്ചപ്പെട്ടവൻ.

31 നമ്മുടെ വചനങ്ങൾ അവർക്ക്‌ ഓതികേൾപിക്കപ്പെടുമ്പോൾ അവർ പറയും: ഞങ്ങൾ കേട്ടിരിക്കുന്നു. ഞങ്ങൾ വിചാരിച്ചിരുന്നെങ്കിൽ ഇതു ( ഖുർആൻ ) പോലെ ഞങ്ങളും പറയുമായിരുന്നു. ഇത്‌ പൂർവ്വികൻമാരുടെ പഴങ്കഥകളല്ലാതെ മറ്റൊന്നുമല്ല.

32 അല്ലാഹുവേ, ഇതു നിൻറെ പക്കൽ നിന്നുള്ള സത്യമാണെങ്കിൽ നീ ഞങ്ങളുടെ മേൽ ആകാശത്ത്‌ നിന്ന്‌ കല്ല്‌ വർഷിപ്പിക്കുകയോ, അല്ലെങ്കിൽ ഞങ്ങൾക്ക്‌ വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന്‌ അവർ ( അവിശ്വാസികൾ ) പറഞ്ഞ സന്ദർഭവും ( ഓർക്കുക. )

33 എന്നാൽ നീ അവർക്കിടയിൽ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവർ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.

34 അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാൻ എന്ത്‌ അർഹതയാണുള്ളത്‌? അവരാകട്ടെ മസ്ജിദുൽ ഹറാമിൽ നിന്ന്‌ ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കിൽ അതിൻറെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിൻറെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരിൽ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.

35 ആ ഭവനത്തിൻറെ ( കഅ്ബയുടെ ) അടുക്കൽ അവർ നടത്തുന്ന പ്രാർത്ഥന ചൂളംവിളിയും കൈകൊട്ടലുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതിനാൽ നിങ്ങൾ സത്യനിഷേധം കൈക്കൊണ്ടിരുന്നത്‌ നിമിത്തം ശിക്ഷ ആസ്വദിച്ച്‌ കൊള്ളുക.

36 തീർച്ചയായും സത്യനിഷേധികൾ തങ്ങളുടെ സ്വത്തുക്കൾ ചെലവഴിക്കുന്നത്‌ അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) പിന്തിരിപ്പിക്കുവാൻ വേണ്ടിയത്രെ. അവർ അത്‌ ചെലവഴിക്കും. പിന്നീട്‌ അതവർക്ക്‌ ഖേദത്തിന്‌ കാരണമായിത്തീരും. അനന്തരം അവർ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികൾ നരകത്തിലേക്ക്‌ വിളിച്ചുകൂട്ടപ്പെടുന്നതാണ്‌.

37 അല്ലാഹു നല്ലതിൽ നിന്ന്‌ ചീത്തയെ വേർതിരിക്കാനും ചീത്തയെ ഒന്നിനുമേൽ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്‌. അക്കൂട്ടർ തന്നെയാണ്‌ നഷ്ടം പറ്റിയവർ.

38 സത്യനിഷേധികളോട്‌, അവർ വിരമിക്കുകയാണെങ്കിൽ അവർ മുമ്പ്‌ ചെയ്തുപോയിട്ടുള്ളത്‌ അവർക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ്‌ എന്ന്‌ നീ പറയുക. ഇനി അവർ ( നിഷേധത്തിലേക്കു തന്നെ ) മടങ്ങുകയാണെങ്കിലോ, പൂർവ്വികൻമാരുടെ കാര്യത്തിൽ ( അല്ലാഹുവിൻറെ ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ.

39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങൾ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവർ വിരമിക്കുന്ന പക്ഷം അവർ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌.

40 എന്നാൽ അവർ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിൽ അല്ലാഹുവാണ്‌ നിങ്ങളുടെ രക്ഷാധികാരിയെന്ന്‌ നിങ്ങൾ മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി!!

41 നിങ്ങൾ ( യുദ്ധത്തിൽ ) നേടിയെടുത്ത ഏതൊരു വസ്തുവിൽ നിന്നും അതിൻറെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും ( റസൂലിൻറെ ) അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും പാവപ്പെട്ടവർക്കും വഴിപോക്കൻമാർക്കും ഉള്ളതാണെന്ന്‌ നിങ്ങൾ മനസ്സിലാക്കുവിൻ. അല്ലാഹുവിലും സത്യാസത്യവിവേചനത്തിൻറെ ദിവസത്തിൽ അഥവാ ആ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയ ദിവസത്തിൽ നമ്മുടെ ദാസൻറെ മേൽ നാം അവതരിപ്പിച്ചതിലും നിങ്ങൾ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽ. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.

42 നിങ്ങൾ ( താഴ്‌വരയിൽ മദീനയോട്‌ ) അടുത്ത ഭാഗത്തും, അവർ അകന്ന ഭാഗത്തും, സാർത്ഥവാഹകസംഘം നിങ്ങളെക്കാൾ താഴെയുമായിരുന്ന സന്ദർഭം ( ഓർക്കുക. ) നിങ്ങൾ അന്യോന്യം ( പോരിന്‌ ) നിശ്ചയിച്ചിരുന്നുവെങ്കിൽ നിങ്ങൾ ആ നിശ്ചയം നിറവേറ്റുന്നതിൽ ഭിന്നിക്കുമായിരുന്നു. പക്ഷെ ഉണ്ടാകേണ്ട ഒരു കാര്യം അല്ലാഹു നിർവഹിക്കുന്നതിന്‌ വേണ്ടിയായിരുന്നു അത്‌. അതായത്‌ നശിച്ചവർ വ്യക്തമായ തെളിവ്‌ കണ്ടുകൊണ്ട്‌ നശിക്കാനും, ജീവിച്ചവർ വ്യക്തമായ തെളിവ്‌ കണ്ട്‌ കൊണ്ട്‌ ജീവിക്കുവാനും വേണ്ടി. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

43 അവരെ ( ശത്രുക്കളെ ) അല്ലാഹു നിനക്ക്‌ നിൻറെ സ്വപ്നത്തിൽ കുറച്ച്‌ പേർ മാത്രമായി കാണിച്ചുതന്നിരുന്ന സന്ദർഭം ( ഓർക്കുക. ) നിനക്ക്‌ അവരെ അധികമായി കാണിച്ചിരുന്നെങ്കിൽ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും, കാര്യത്തിൽ നിങ്ങൾ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അല്ലാഹു രക്ഷിച്ചു. തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളത്‌ അറിയുന്നവനാകുന്നു.

44 നിങ്ങൾ കണ്ടുമുട്ടിയ സന്ദർഭത്തിൽ നിങ്ങളുടെ ദൃഷ്ടിയിൽ നിങ്ങൾക്ക്‌ അവരെ അവൻ കുറച്ച്‌ മാത്രമായി കാണിക്കുകയും, അവരുടെ ദൃഷ്ടിയിൽ നിങ്ങളെ എണ്ണം കുറച്ച്‌ കാണിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. നടക്കേണ്ടതായ ഒരു കാര്യം അല്ലാഹു നിർവഹിക്കുവാൻ വേണ്ടിയത്രെ അത്‌. അല്ലാഹുവിങ്കലേക്കാണ്‌ കാര്യങ്ങൾ മടക്കപ്പെടുന്നത്‌.

45 സത്യവിശ്വാസികളേ, നിങ്ങൾ ഒരു ( സൈന്യ ) സംഘത്തെ കണ്ടുമുട്ടിയാൽ ഉറച്ചുനിൽക്കുകയും അല്ലാഹുവെ അധികമായി ഓർമിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.

46 അല്ലാഹുവെയും അവൻറെ ദൂതനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. നിങ്ങൾ ഭിന്നിച്ചു പോകരുത്‌. എങ്കിൽ നിങ്ങൾക്ക്‌ ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം ( നശിച്ചു ) പോകുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുക. തീർച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.

47 ഗർവ്വോട്‌ കൂടിയും, ജനങ്ങളെ കാണിക്കാൻ വേണ്ടിയും അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തടഞ്ഞു നിർത്താൻ വേണ്ടിയും തങ്ങളുടെ വീടുകളിൽ നിന്ന്‌ ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്‌. അല്ലാഹു അവർ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

48 ഇന്ന്‌ ജനങ്ങളിൽ നിങ്ങളെ തോൽപിക്കാൻ ആരും തന്നെയില്ല. തീർച്ചയായും ഞാൻ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ പിശാച്‌ അവർക്ക്‌ അവരുടെ ചെയ്തികൾ ഭംഗിയായി തോന്നിച്ച സന്ദർഭവും ( ഓർക്കുക. ) അങ്ങനെ ആ രണ്ടുസംഘങ്ങൾ കണ്ടുമുട്ടിയപ്പോൾ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീർച്ചയായും നിങ്ങൾ കാണാത്ത പലതും ഞാൻ കാണുന്നുണ്ട്‌, തീർച്ചയായും ഞാൻ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന്‌ പറഞ്ഞുകൊണ്ട്‌ അവൻ ( പിശാച്‌ ) പിൻമാറിക്കളഞ്ഞു.

49 ഈ കൂട്ടരെ ( മുസ്ലിംകളെ ) അവരുടെ മതവിശ്വാസം വഞ്ചിച്ചു കളഞ്ഞിരിക്കുന്നു എന്ന്‌ കപടവിശ്വാസികളും, മനസ്സിൽ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദർഭമത്രെ അത്‌. വല്ലവനും അല്ലാഹുവിൻറെ മേൽ ഭരമേൽപിക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

50 സത്യനിഷേധികളുടെ മുഖങ്ങളിലും പിൻവശങ്ങളിലും അടിച്ചു കൊണ്ട്‌ മലക്കുകൾ അവരെ മരിപ്പിക്കുന്ന സന്ദർഭം നീ കണ്ടിരുന്നുവെങ്കിൽ! ( അവർ ( മലക്കുകൾ ) അവരോട്‌ പറയും: ) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങൾ ആസ്വദിച്ച്‌ കൊള്ളുക.

51 നിങ്ങളുടെ കൈകൾ മുൻകൂട്ടിചെയ്തുവെച്ചത്‌ നിമിത്തമത്രെ അത്‌. അല്ലാഹു അടിമകളോട്‌ ഒട്ടും അനീതി കാണിക്കുന്നവനല്ല എന്നതിനാലും.

52 ഫിർഔൻറെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിക്കുകയും, അപ്പോൾ അവരുടെ പാപങ്ങൾ കാരണമായി അല്ലാഹു അവരെ പിടികൂടുകയും ചെയ്തു. തീർച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌.

53 ഒരു ജനവിഭാഗത്തിനു്‌ താൻ ചെയ്തുകൊടുത്ത അനുഗ്രഹം അവരുടെ സ്വന്തം നിലപാടിൽ അവർ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു മാറ്റിക്കളയുന്നതല്ല എന്നത്കൊന്നുത്രെ അത്‌. അല്ലാഹു എല്ലാം കേൾ ക്കുന്നവനും അറിയുന്നവനുമാണ്‌ എന്നത്കൊന്നുു‍ം

54 ഫിർഔൻറെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അവർ അവരുടെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചുതള്ളുകയും, അപ്പോൾ അവരുടെ പാപങ്ങൾ കാരണമായി നാം അവരെ നശിപ്പിക്കുകയും ചെയ്തു. ഫിർഔൻറെ ആളുകളെ നാം മുക്കിനശിപ്പിക്കുകയാണ്‌ ചെയ്തത്‌. ( അവർ ) എല്ലാവരും അക്രമികളായിരുന്നു.

55 തീർച്ചയായും അല്ലാഹുവിൻറെ അടുക്കൽ ജന്തുക്കളിൽ വെച്ച്‌ ഏറ്റവും മോശപ്പെട്ടവർ സത്യനിഷേധികളാകുന്നു. ആകയാൽ അവർ വിശ്വസിക്കുകയില്ല.

56 അവരിൽ ഒരു വിഭാഗവുമായി നീ കരാറിൽ ഏർപെടുകയുണ്ടായി. എന്നിട്ട്‌ ഓരോ തവണയും തങ്ങളുടെ കരാർ അവർ ലംഘിച്ചുകൊണ്ടിരുന്നു. അവർ ( അല്ലാഹുവെ ) സൂക്ഷിക്കുന്നുമില്ല.

57 അതിനാൽ നീ അവരെ യുദ്ധത്തിൽ കണ്ടുമുട്ടിയാൽ അവർക്കേൽപിക്കുന്ന നാശം അവരുടെ പിന്നിൽ വരുന്നവരെയും കൂടി തിരിച്ചോടിക്കും വിധമാക്കുക. അവർ ശ്രദ്ധിച്ചു മനസ്സിലാക്കിയേക്കാം.

58 വല്ല ജനവിഭാഗത്തിൽ നിന്നും വഞ്ചനയുണ്ടാകുമെന്ന്‌ നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക്‌ എറിഞ്ഞുകൊടുത്തേക്കുക. തീർച്ചയായും അല്ലാഹു വഞ്ചകൻമാരെ ഇഷ്ടപ്പെടുകയില്ല.

59 സത്യനിഷേധികളായ ആളുകൾ, തങ്ങൾ അതിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്ന്‌ ധരിച്ചു പോകരുത്‌. തീർച്ചയായും അവർക്ക്‌ ( അല്ലാഹുവെ ) തോൽപിക്കാനാവില്ല.

60 അവരെ നേരിടാൻ വേണ്ടി നിങ്ങളുടെ കഴിവിൽ പെട്ട എല്ലാ ശക്തിയും, കെട്ടിനിർത്തിയ കുതിരകളെയും നിങ്ങൾ ഒരുക്കുക. അതുമുഖേന അല്ലാഹുവിൻറെയും നിങ്ങളുടെയും ശത്രുവെയും, അവർക്ക്‌ പുറമെ നിങ്ങൾ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങൾ ഭയപ്പെടുത്തുവാൻ വേണ്ടി. നിങ്ങൾ അല്ലാഹുവിൻറെ മാർഗത്തിൽ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങൾക്കതിൻറെ പൂർണ്ണമായ പ്രതിഫലം നൽകപ്പെടും. നിങ്ങളോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.

61 ഇനി, അവർ സമാധാനത്തിലേക്ക്‌ ചായ്‌വ്‌ കാണിക്കുകയാണെങ്കിൽ നീയും അതിലേക്ക്‌ ചായ്‌വ്‌ കാണിക്കുകയും, അല്ലാഹുവിൻറെ മേൽ ഭരമേൽപിക്കുകയും ചെയ്യുക. തീർച്ചയായും അവനാണ്‌ എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്നവൻ.

62 ഇനി അവർ നിന്നെ വഞ്ചിക്കാൻ ഉദ്ദേശിക്കുന്ന പക്ഷം തീർച്ചയായും നിനക്ക്‌ അല്ലാഹു മതി. അവനാണ്‌ അവൻറെ സഹായം മുഖേനയും, വിശ്വാസികൾ മുഖേനയും നിനക്ക്‌ പിൻബലം നൽകിയവൻ.

63 അവരുടെ ( വിശ്വാസികളുടെ ) ഹൃദയങ്ങൾ തമ്മിൽ അവൻ ഇണക്കിചേർക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത്‌ മുഴുവൻ നീ ചെലവഴിച്ചാൽ പോലും അവരുടെ ഹൃദയങ്ങൾ തമ്മിൽ ഇണക്കിചേർക്കാൻ നിനക്ക്‌ സാധിക്കുമായിരുന്നില്ല. എന്നാൽ അല്ലാഹു അവരെ തമ്മിൽ ഇണക്കിചേർത്തിരിക്കുന്നു. തീർച്ചയായും അവൻ പ്രതാപിയും യുക്തിമാനുമാകുന്നു.

64 നബിയേ, നിനക്കും നിന്നെ പിൻപറ്റിയ സത്യവിശ്വാസികൾക്കും അല്ലാഹു തന്നെ മതി.

65 നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തിൽ ക്ഷമാശീലരായ ഇരുപത്‌ പേരുണ്ടായിരുന്നാൽ ഇരുനൂറ്‌ പേരെ അവർക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തിൽ നൂറ്‌ പേരുണ്ടായിരുന്നാൽ സത്യനിഷേധികളിൽ നിന്ന്‌ ആയിരം പേരെ അവർക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. അവർ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ്‌ എന്നതുകൊണ്ടത്രെ അത്‌.

66 ഇപ്പോൾ അല്ലാഹു നിങ്ങൾക്ക്‌ ഭാരം കുറച്ച്‌ തന്നിരിക്കുന്നു. നിങ്ങളിൽ ബലഹീനതയുണ്ടെന്ന്‌ അവൻ അറിയുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങളുടെ കൂട്ടത്തിൽ ക്ഷമാശീലരായ നൂറുപേരുണ്ടായിരുന്നാൽ അവർക്ക്‌ ഇരുനൂറ്‌ പേരെ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തിൽ ആയിരം പേരുണ്ടായിരുന്നാൽ അല്ലാഹുവിൻറെ അനുമതി പ്രകാരം രണ്ടായിരം പേരെ അവർക്കു ജയിച്ചടക്കാവുന്നതാണ്‌. അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.

67 ഒരു പ്രവാചകന്നും ( ശത്രുക്കളെ കീഴടക്കി ) നാട്ടിൽ ശക്തി പ്രാപിക്കുന്നത്‌ വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാൻ പാടുള്ളതല്ല. നിങ്ങൾ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

68 അല്ലാഹുവിങ്കൽ നിന്നുള്ള നിശ്ചയം മുൻകൂട്ടി ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾ ആ വാങ്ങിയതിൻറെ പേരിൽ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.

69 എന്നാൽ ( യുദ്ധത്തിനിടയിൽ ) നിങ്ങൾ നേടിയെടുത്തതിൽ നിന്ന്‌ അനുവദനീയവും ഉത്തമവുമായത്‌ നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

70 നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോട്‌ നീ പറയുക: നിങ്ങളുടെ ഹൃദയങ്ങളിൽ വല്ല നൻമയുമുള്ളതായി അല്ലാഹു അറിയുന്ന പക്ഷം നിങ്ങളുടെ പക്കൽ നിന്ന്‌ മേടിക്കപ്പെട്ടതിനേക്കാൾ ഉത്തമമായത്‌ അവൻ നിങ്ങൾക്ക്‌ തരികയും നിങ്ങൾക്ക്‌ അവൻ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

71 ഇനി നിന്നെ വഞ്ചിക്കാനാണ്‌ അവർ ഉദ്ദേശിക്കുന്നതെങ്കിൽ മുമ്പ്‌ അവർ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്‌. അത്‌ കൊണ്ടാണ്‌ അവൻ അവരെ ( നിങ്ങൾക്കു ) കീഴ്പെടുത്തി തന്നത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

72 തീർച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ്‌ പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട്‌ അല്ലാഹുവിൻറെ മാർഗത്തിൽ സമരത്തിൽ ഏർപെടുകയും ചെയ്തവരും, അവർക്ക്‌ അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാൽ സ്വദേശം വെടിഞ്ഞ്‌ പോകാതിരിക്കുകയും ചെയ്തവരോട്‌ അവർ സ്വദേശം വെടിഞ്ഞ്‌ പോരുന്നത്‌ വരെ നിങ്ങൾക്ക്‌ യാതൊരു സംരക്ഷണ ബാധ്യതയുമില്ല. ഇനി മതകാര്യത്തിൽ അവർ നിങ്ങളുടെ സഹായം തേടുകയാണെങ്കിൽ സഹായിക്കാൻ നിങ്ങൾക്ക്‌ ബാധ്യതയുണ്ട്‌. എന്നാൽ നിങ്ങളുമായി കരാറിൽ ഏർപെട്ടുകഴിയുന്ന ജനതയ്ക്കെതിരെ ( നിങ്ങളവരെ സഹായിക്കാൻ ) പാടില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.

73 സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത്‌ ( ഈ നിർദേശങ്ങൾ ) നിങ്ങൾ പ്രാവർത്തികമാക്കിയിട്ടില്ലെങ്കിൽ നാട്ടിൽ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്‌.

74 വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ്‌ പോകുകയും അല്ലാഹുവിൻറെ മാർഗത്തിൽ സമരത്തിൽ ഏർപെടുകയും ചെയ്തവരും, അവർക്ക്‌ അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ്‌ യഥാർത്ഥത്തിൽ സത്യവിശ്വാസികൾ. അവർക്ക്‌ പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.

75 അതിന്‌ ശേഷം വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, നിങ്ങളോടൊപ്പം സമരത്തിൽ ഏർപെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തിൽ തന്നെ. എന്നാൽ രക്തബന്ധമുള്ളവർ അല്ലാഹുവിൻറെ രേഖയിൽ ( നിയമത്തിൽ ) അന്യോന്യം കൂടുതൽ ബന്ധപ്പെട്ടവരാകുന്നു. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/അൻഫാൽ&oldid=89262" എന്ന താളിൽനിന്ന് ശേഖരിച്ചത്