നീറുന്ന തീച്ചൂള/നാളത്തെ ലോകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുങ്കുമപ്പൊട്ടുതൊടുന്നൊരാക്കൈകളിൽ
ച്ചെങ്കൊടി ഏന്തുന്ന മങ്കമാരേ,
വീതശങ്കം നിങ്ങൾ പോകുവിൻ മുന്നോട്ടു
വീരമാതാക്കളീ നാളെ നിങ്ങൾ
പിച്ചിപ്പൂമാലകൾ കെട്ടുമക്കൈകളിൽ-
ക്കൊച്ചരിവാളേന്തും കന്യകളേ;
നാണിച്ചുനിൽക്കാതെ പോകുവിന്മുന്നോട്ടു
നാളത്തെ നന്മതൻ നാമ്പുകളേ!
വേദാന്തം വൈദികരോതുന്നതുകേട്ടു
വേവലാതിപ്പെടും വേലക്കാരേ,
പള്ളിയിൽ ദൈവ,മില്ലമ്പലത്തിലും
കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി.
വിശ്വസിക്കായ്വിനച്ചെന്നായ്ക്കളെ, നിങ്ങൾ
വിഭ്രമം വിട്ടിനി കൺ തുറക്കിൻ!
കണ്ടുവോ ചാകുന്നതായിരം ദൈവങ്ങൾ
തെണ്ടിയടിഞ്ഞു നടവഴിയിൽ?
മർത്ത്യനേ മർത്ത്യനു നന്മചെയ്യൂ, മന്നിൽ
മറ്റുള്ളതെല്ലാ മിരുട്ടുമാത്രം.
മർത്ത്യനെത്തീർത്തതു ദൈവമോ, ദൈവത്തെ
മർത്ത്യനോ തീർത്തതെന്നോർത്തുനോക്കൂ!
മത്തടിക്കുന്ന നരച്ച മതങ്ങൾതൻ
മസ്തകം നിങ്ങളടിച്ചുടയ്ക്കൂ!
തുപ്പുമവയുടനായിരംകൊല്ലമായ്-
ച്ചപ്പിക്കുടിച്ച മനുഷ്യരക്തം-
വീണവായിക്കുമവയെത്തടിപ്പിച്ച
പ്രാണൻ പിടയ്ക്കുന്ന മർത്ത്യരക്തം-
ഉണ്ണാതുറങ്ങാതുമിനീരിറങ്ങാതെ
കണ്ണടഞ്ഞോർതൻ പവിത്രരക്തം.!-

 കൈക്കൂലികാണാതനുഗ്രഹമേകുവാൻ
കൈപൊക്കാത്തീശ്വരനീശ്വരനോ?
രണ്ടു തുട്ടേകിയാൽ ച്ചുണ്ടിൽച്ചിരിവരും
തെണ്ടിയല്ലേ മതം തീർത്തദൈവം?
കൂദാശ കിട്ടുകിൽ ക്കൂസാതെ പാപിയിൽ
ക്കൂറുകാട്ടും ദൈവമെന്തു ദൈവം?
പാൽപായസം കണ്ടാൽ സ്വർഗ്ഗത്തിലേക്കുടൻ
പാസ്പോട്ടെഴുതുവോനെന്തു ദൈവം?
കഷ്ടം, മതങ്ങളേ, നിങ്ങൾ തൻ ദൈവങ്ങൾ
നട്ടെല്ലൊടിഞ്ഞ നപുംസകങ്ങൾ!
ലോകത്തി,ലൊന്നോടവയ്ക്കിനിയെങ്കിലും
ചാകാനനുമതിയേകരുതോ!
ദൈവമലട്ടി മനുഷ്യനെ യിത്രനാൾ
ദൈവത്തെ മർത്ത്യനിനിയലട്ടും!

വൈവശ്യമെന്തിനു, നന്മവിളയട്ടെ
ദൈവക്കളകളരിഞ്ഞൊടുക്കൂ
എന്നിട്ടെറിഞ്ഞുകൊടുക്കുവിൻ കാലത്തിൻ
മുന്നി,ലുൽക്കർഷം ചുരന്നീടട്ടേ!
വേദങ്ങളേകീ പൊതിക്കാത്ത തേങ്ങകൾ
വേലകൾ വാലാട്ടിയിത്രനാളും.
കൊങ്ങയ്ക്കു കേറിപ്പിടിക്കയാണിന്നവ
പൊങ്ങച്ചം കൊണ്ടിനിയെന്തുകാര്യം?

 പപ്പടം പായസം പാലടയൊന്നിച്ചു
പത്തുകൊല്ലം മുൻപു സദ്യയുണ്ടു.
കഞ്ഞിവെള്ളം പോലുമില്ലിന്നു-സദ്യകൾ
വർണ്ണിക്കണം പോലും പട്ടിണികൾ!

 കേവലം മത്തേറിക്കേരളസംസ്കാര-
ക്കേവഞ്ചിയൂന്നി മയങ്ങുവോരേ,
കാറുവെയ്ക്കുന്നതു കണ്ടുവോ, കാറ്റിന്റെ
കാഹളം കേട്ടുവോ?-കൺതുറക്കിൻ!
നിങ്ങളും, നിങ്ങൾതൻ പൊട്ടപ്പാത്തോണിയും
മുങ്ങുമിക്കോളിൽ-മതിമയക്കം!
എത്രയ്ക്കയവിറക്കീടും മൃഗങ്ങളും
പുത്തൻ പുൽക്കൂമ്പുകൾ തേടിപ്പോകും.
കാണുന്നില്ലേ പുതുതൊന്നുമേ 'ഹാ' നിങ്ങൾ
കാലികളേക്കാളും കഷ്ടമായോ?
പട്ടരും നായരും നമ്പൂരിയും സ്വാർഥം
കെട്ടിപ്പടുത്തുള്ളോരമ്പലങ്ങൾ,
പെറ്റ സംസ്കാരത്തിൻ ജീർണ്ണിച്ചതാം ശവ-
പ്പെട്ടി ചുമന്നു നടക്കുവോരേ,
ഊട്ടുപുരയിൽച്ചെന്നെച്ചിലിലയ്ക്കു കൈ-
നീട്ടുവാൻ നിങ്ങൾക്കു ലജ്ജയില്ലേ?
പോരി,നരുവാളെടുക്കിൻ, വിശപ്പിന്റെ
പോരിനൊരുമിച്ചണി നിരക്കിൻ!
ചീർത്തമദങ്ങളരിഞ്ഞു വീഴ്ത്തീടുവി-
നാർത്തികൾക്കാശ്വാസമാനയിക്കിൻ!
നാളത്തെ ലോകം, നവലോകം സംയുക്ത
വേലതൻ കൈയിലെക്കൽപവൃക്ഷം!
20-7-1946