നിജാനന്ദവിലാസം (കുമാരനാശാന്‍)
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്തോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
നിജാനന്ദവിലാസം
(ആദ്യകാലത്തെ തത്വചിന്താ പ്രധാനമായ ഒരു സ്ത്രോത്രകൃതി, കവിതാരീതി പഴയതരത്തില്‍പ്പെട്ടതാണ്. പക്ഷേ, ജീവിതതത്വാന്വേഷണം ഈ കൃതിയില്‍ പില്‍ക്കാലകവിതകളുമായി ബന്ധപ്പെടുത്തുന്നു.)
ആധാരബ്രഹ്മമാരാഞ്ഞഖിലമതിലട-
- ക്കിക്കളഞ്ഞങ്ങുനില്‍ക്കും
മേധാവിപ്രൌഢനും തന്നഴിവിലതിരഴി-
- ഞ്ഞന്ധനായന്തരിക്കും;
വേധാവോതുന്ന വേദം മുഴുവനറികിലും
- വേലചെയ്താലുമെന്തേ
ബോധാചാര്യക്കഴല്‍ച്ചെങ്കമലമതിനടി-
- ക്കാണു നിര്‍വാണലോകം.
ആനന്ദാരംഭമാകുന്നമൃതകലശവാ-
- രാശിമദ്ധ്യത്തനന്ത-
സ്ഥാനത്തില്‍ സാന്ദ്രമോദം സതതസരസസ-
- ദ്യോഗനിദ്രന്‍ വിനിദ്രന്‍
നാനാലോകാനുരൂപന്‍ നതജനനരകാ-
- രാതി നാരായണാഖ്യന്‍
ജ്ഞാനാചാര്യന്‍ ജയിക്കുന്നിതു മമ നിജനി-
- വാണലക്ഷ്മീനിവാസന്‍.
മന്ദാരപ്പൊംകൊടിക്കൈമലര്‍ മധുരമെടു-
- ത്തെന്നെ മാനിച്ചു മായ-
ക്കന്ദാപായം ഭവിക്കുമ്പടിയുടല്പുണരും
- കൌശലത്തില്‍ കലര്‍ത്തി,
മന്ദാഭാവാനുകമ്പം മമ മുകളില്‍ മുകര്‍-
- ന്നൂറുമദ്വൈതസമ്പ-
ത്സന്ദാനംചെയ്ത സാരാമൃതലഹരിമൊഴി-
- ക്കേതു ഞാനാദരിപ്പൂ!
മന്ദന്‍ ഞാനെങ്കിലും മറ്റൊരുമതി കരുതാ-
- തെന്നെ നീ ഞാനതെന്നെന്‍
സന്ദേഹം വിട്ടു സാധിച്ചരുളിയൊരു സമാ-
- ധാനധാമത്തിലെന്നും
നിന്ദാര്‍ഹന്‍ ഞാനിരുന്നീടുലുമിഹ നിയതം
- നിര്‍മ്മലബ്രഹ്മ നിത്യാ-
നന്ദക്കല്പാന്ത വെള്ളക്കടലും കരകവി-
- ഞ്ഞെന്നെ മുക്കുംവരെയ്ക്കും.
ചിദ്വിഭ്യാസമ്പ്രദായം ചിരപരിചിതമാ-
- ണെങ്കിലും പങ്കജപ്പൂ-
മദ്ധ്യത്തില്‍ പള്ളികൊള്ളുന്നവനു മതിവരു-
- ന്നില്ല തെല്ലും മനോജ്ഞേ
സദ്യോ നിര്‍വാണസൌഖ്യപ്രദമതു സകലം
- സംഗ്രഹിച്ചെന്‍ ഗൃഹത്തി-
ന്നദ്വൈതാനന്ദവാണീ! വരിക ജനനി വ-
- ന്നാടുകന്നാടകം നീ.
മണ്ണപ്പും തീ മരുത്തും മുടിയുമഥ മഹാ-
- ധൂളിയും ധൂളിയായി-
ക്കണ്ണില്‍ക്കാണാതെ ശൂന്യക്കരിയിരുള്‍ കബളം
- കൊണ്ടതും കണ്ടുനില്‍ക്കും
എണ്ണിക്കാണുന്നനേരത്തെരിചുടരെതിരി-
- ല്ലന്ധകാരത്തരിമ്പീ-
വണ്ണം വേരറ്റു വിശ്വം നിറയുമൊരു മഹാ
- വിദ്യയെക്കൈതൊഴുന്നേന്‍.
കാണപ്പെട്ടുള്ളതറ്റക്കണികലരുമരും
- കണ്ണുമറ്റെണ്ണമറ്റ-
പ്രാണപ്പറ്ററ്റു പറ്റിപ്പടരുമൊരു പട-
- പ്പൊക്കെയറ്റുള്‍ക്കുരുന്നില്‍
വാണിപ്രാതീതനൈജപ്രിയ വടിവില്‍ വള-
- ന്നുള്ള വിശ്വപ്രബോധ-
പ്രാണപറ്റാമപാരപ്രകൃതിപതിയെ ഞാന്‍
- പിന്നെയും കൈതൊഴുന്നേന്‍.
തന്നത്താനാദരികും ധരണിയിലരുമ-
- ത്തമ്പുരാന്‍തന്റെ പാദം
തന്നില്‍ത്താനുല്ലസിക്കും തരളതയവിടെ-
- ത്തന്നെയും മുന്നിടുമ്പോള്‍
തന്നില്‍ തത്ത്വം പദം പോയഴിയുമസിയുമറ്റ-
- പ്പുറത്താത്മബോധം
തന്നില്‍ താങ്ങറ്റ തത്ത്വത്രിപുടിമുടിവിനെ
- ത്താണിതാ കൈതൊഴുന്നേന്‍.
ജ്ഞാനച്ചെന്തീമിഴിക്കോണിളകിയരിപുരം
- ചുട്ടു നിര്‍ദ്ധൂളിയാക്കി-
ബ്ഭാനത്തിന്നന്ധകാരം പറവതു ശരിയ-
- ല്ലാതെയില്ലാതെയായി
മാനംവിട്ടുല്ലസിക്കും മഹിതതമമഹാ-
- മൌനമാകും മഹസ്സില്‍
താനേ ഞാനെന്നെവച്ചത്തലവനെയധികം
- താണിതാ കൈതൊഴുന്നേന്‍.
ഭാനം ഭാനം പ്രപഞ്ചപ്രകൃതി സകലവും
- ഭാനുമേല്‍ ഭാനുവിങ്കല്‍
കാനല്‍“ക്കേണീ”പ്രവാഹം കളവുകളവുതാ-
- നെന്നു താനൊന്നറിഞ്ഞാല്‍
സ്ഥാനം മറ്റില്ല താനില്ലവിടെയൊരു തട-
- സ്സങ്ങളില്ലെന്നുമല്ലാ-
താനന്ദാകാരമായ് നിന്നരുളുമതിശയം
- തന്നെയാണെന്റെ ദൈവം.
ഓമെന്നോതുന്നതും പോയൊലിയുമൊഴിയുമ-
- ങ്ങുള്ളിനുള്ളായിനില്‍ക്കും
നാമം വേരറ്റു നാനാനരസുരനരക-
- സ്ഥാദികള്‍ക്കേകമായി
പ്രേമാവാസപ്രബോധപ്രഥിതവെടിവൊടും
- നിന്നു സര്‍വം ഭരിക്കും
സീമാതീതാനുകമ്പാമൃതമഴപൊഴിയും
- സദ്ഘനം സാധുദൈവം!
ഓങ്കാരത്തിന്നുമൊറ്റത്തരിയുടയമുഴു-
- ക്കത്തിനും ലക്‍ഷ്യമെങ്കില്‍
ഭാകാരത്തിന്നുമേവം പലതിനുമതുപോ-
- ലാകുമെന്നാകുമെന്യേ
ഞാന്‍ കാണുന്നില്ല ചൊല്ലുന്നതിനൊരു പദവും
- നാദബിന്ധുക്കളറ്റ-
ത്തേന്‍ കാരുണ്യപ്രവാഹം ത്രിഭുവനവടിവായ്-
- നിന്നൊരൊന്നാണു ദൈവം.
കാണും ദ്രവ്യങ്ങളാകും ഘടപടമഖിലം
- കാല്‍ക്ഷണം കാലതത്ത്വ-
ന്നൂണിന്നാമുമ്പര്‍കോനും തൃണവുമൊരുകണ-
- ക്കാക്കുമെന്നാകിലപ്പോള്‍
കാണാനില്ലെങ്കിലില്ലക്കലനമതു മഹാ
- കാളരാത്രിക്കരത്തില്‍
പ്രാണാപായം ഭവിക്കുന്നതിനുമതിനുമ-
- ങ്ങപ്പുറത്തെന്റെ ദൈവം.
എണ്ണം നാണിച്ചുനില്‍ക്കുന്നിരവിമതിതുട-
- ര്‍ന്നുള്ള ഗോളങ്ങളെല്ലാ-
മുണ്ണിക്കൈകൊണ്ടുരുട്ടാന്നൊരുവിധമരുമ-
- ക്കന്ദുകക്രീഡയാടി
വിണ്ണും വിണ്ണെന്നുചൊല്ലുംപടി വിരിവില്‍ വള-
- ര്‍ന്നുള്ള വിശ്വപ്രപഞ്ച-
ക്കണ്ണില്‍ കാണായ കാന്തക്കതിരൊളിയതിനും
- കാതാലാണെന്റെ ദൈവം.
കാണപ്പെട്ടില്ല കാണുംതിറമൊടതിനു ക-
- ണ്ണില്ല കൈയില്ല, കാലി-
ല്ലാണല്ലല്ലാതെ മറ്റല്ലണുവുമളവുമി-
- ല്ലാദിയില്ലന്തമില്ല
സ്ഥൂണപ്രായം ജഡത്വം ചെറുതു പറയുവാ-
- നില്ല മറ്റൊന്നുമല്ലി-
ക്കാണും ബ്രഹ്മാണ്ഡകോടീകപടനടകലാ-
- ശാലിയാണെന്റെ ദൈവം.
ഭൂതോയം ജാതവേദസ്സനിലനമരഭൂ-
- വബ്ജനാദിത്യനേഴും
ഹോതാവും ചേര്‍ന്ന രൂപത്തിനുമമലമഹ-
- സ്സാമരൂപസ്ഥിതിക്കും
ധ്യാതാവിന്‍ വൃത്തിമദ്ധ്യത്തുയരുമുഭയരൂ-
- പത്തിലോരോന്നിയറ്റും
ധാതാവാദിക്കുമുള്ളായ് വിലസുമൊരുമഹാ-
- ധാമമാണെന്റെ ദൈവം.
വേദംനാലിന്‍ മുടിക്കും വിരവില്‍ വിവിധമാ-
- മാഗങ്ങള്‍ക്കുമോരോ
ഭേദം പറ്റിപ്പിണങ്ങും പലപല സമയ-
- ങ്ങള്‍ക്കുമുള്‍ക്കാതലായി
വാദംപോകും വഴിക്കിന്നധികമകലെയായ്
- വാസ്തവം കണ്ട കണ്ണിന്‍
ഖേദക്കണ്ണീര്‍ തുടച്ചക്കനിമഴ പൊഴിയും
- കൊണ്ടലാണെന്റെ ദൈവം.
അല്ലല്ലെന്നോതി യന്ത്യത്തമരമൊഴി മടു-
- ത്തന്തരിച്ചാദരിക്കും
ചൊല്ലെത്താതൊന്നു ചൂണ്ടിത്തരുമിയ ചിദാ-
- കാശദേശാന്തരത്തില്‍
ഉല്ലോലാനന്ദബാഷ്പാമൃതമധുവൊഴുകും
- യോഗിചിത്താംബുജത്തി-
ന്നല്ലില്ലാതുള്ളഹസ്സിന്നനിശശരണമാ-
- മംശുമാനെന്റെ ദൈവം.
സത്താ സാമാന്യസാക്ഷാല്‍ക്കരണസരണിയില്‍
- സാന്ദ്രസൌഭാഗ്യമായി
ചിത്തായിച്ചേതനാചേതനജഡനിചയം
- ചെയ്ത ചൈതന്യമായി
മുത്തായ് മാണിക്യമായ് വന്മരതകമലയായ്
- മോഹികള്‍ക്കും മുനിക്കും
സത്തായ് സാനന്ദതേജോമയമഹിതമതായ്
- നിന്നൊരൊന്നാണു ദൈവം.