ദുരവസ്ഥ (കുമാരനാശാന്‍)
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്തോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
[തിരുത്തുക] ഒന്ന്
മുമ്പോട്ടു കാലം കടന്നുപോയീടാതെ
മുമ്പേ സ്മൃതികളാല്‍ കോട്ട കെട്ടി
വമ്പാര്‍ന്നനാചാരമണ്ഡച്ഛത്രരായ്
നമ്പൂരാര്‍ വാണരുളുന്ന നാട്ടില്‍,
കേരളജില്ലയില്‍ കേദാരവും കാടു-
മൂരും മലകളുമാര്‍ന്ന ദിക്കില്‍,
ക്രൂരമഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാല്‍ ചോല്ലെഴും 'ഏറനാട്ടില്‍',
വെട്ടുപാതകളിലൊന്നില്‍നിന്നുള്ളോട്ടു
പൊട്ടിവളഞ്ഞു തിരിഞ്ഞു പോകും
ഊടുവഴിഞരമ്പൊന്നങ്ങൊരു ചെറു-
പാടത്തില്‍ ചെന്നു കലാശിക്കുന്നു.
പൊക്കം കുറഞ്ഞു വടക്കുപടിഞ്ഞാറേ-
പ്പക്കത്തില്‍ കുന്നുണ്ടതിന്‍ ചരിവില്‍,
ശുഷ്കതൃണങ്ങള്‍ക്കിടയിലങ്ങിങ്ങായി
നില്‍ക്കുന്നിതു ചീല പാഴ്മരങ്ങള്‍.
കുറ്റിച്ചെടിയിലപ്പുല്‍ത്തറയില്‍ ചേര്‍ന്നു
പറ്റിയിടയ്ക്കിടെ മിന്നീടുന്നു
ഇറ്റിറ്റു വീണുള്ള ചോരക്കണങ്ങള്‍പോല്‍
തെറ്റിപ്പഴത്തിന്‍ ചെറുകുലകള്‍.
അപ്പാഴ്മരങ്ങളും വാച്ച മുളകിന്റെ
നല്പാകമാം കതിര്‍ ഞാന്നു കാണായ്,
കുപ്പായത്തില്‍ തെറിച്ചോലും നിണമോടും
മുല്പെട്ട മാപ്പിളക്കയ്യര്‍പോലെ.
ചെറ്റുദൂര്‍ത്തച്ചരിവിലൊരു ജലം-
വറ്റിയ തോടാണതിന്റെ വക്കില്‍
ഒട്ടു കിഴക്കായൊരില്ലിക്കൂട്ടം തെന്നല്‍
തട്ടി വടക്കോട്ടു ചാഞ്ഞു നില്പു!
വേണുപ്രരോഹമോരോന്നങ്ങതില്പ്പൊങ്ങി-
ക്കാണുന്നുതേ നിശിതാഗ്രമോടും
കാര്‍ക്കശ്യമേലുന്ന കുന്തം കലര്‍ന്നൊരു
'ഗൂര്‍ക്കപ്പട'തന്‍ നളികംപോലെ.
അങ്ങടുത്തായ് മേഞ്ഞു നാളേറെയായ് നിറം
മങ്ങിപ്പതിഞ്ഞു പാഴ്പുല്ലുമാടം
കാണാം ചെറുതായകലെനിന്നാലൊരു
കൂണെന്നപോലെ വയല്‍വരമ്പില്‍.
അന്തികത്തില്‍ ചെല്ലുന്തോറുമൊരു ചൊവ്വും
ചന്തവുമില്ലക്കുടിലു കണ്ടാല്‍
വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം.
വണ്ണംകുറഞ്ഞൊരു രണ്ടു ചാണ്‍ പൊക്കത്തില്‍
മണ്ണുചുവരുണ്ടകത്തു ചുറ്റും
കോണും മുഴകളും തീര്‍ത്തിട്ടില്ലായതില്‍-
ക്കാണുന്നു കൈവിരല്പ്പാടുപോലും.
മുറ്റും കിഴക്കായി വീതികുറഞ്ഞൊരു
മുറ്റമതിനുണ്ടതില്‍ മുഴുവന്‍
പറ്റിക്കറുകയും പര്‍പ്പടകപ്പുല്ലും
മറ്റു തൃണങ്ങളും മങ്ങിനില്പൂ.
പൊട്ടക്കലമൊന്നില്‍ നീരുമൊരുമൊരു കരി-
ച്ചട്ടിയും കാണാം വടക്കരികില്‍
കന്നുകടിച്ചിലപോയിത്തല ചാഞ്ഞു
നിന്നിടും തൈവാഴതന്‍ ചുവട്ടില്‍.
തിറ്റാമിപ്പുല്ലുകുടിലിന്നുമംബരം
മുട്ടിവളരുമരമനയ്ക്കും
ചട്ടറ്റ വിത്തൊന്നുതന്നെ-യിതാ വിത്തു
പൊട്ടിവന്നീടും പൊടിപ്പുതന്നെ.
എന്തുള്ളൂ ഭേദമിതുകളില്‍പ്പാര്‍ക്കുന്ന
ജന്തുക്കള്‍താനും സഹജരല്ലോ.
അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
ഹന്ത നിര്‍മ്മിച്ചു ചെറുമനേയും.
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും
ആഹന്തയെത്ര വിഫലമാക്കിത്തീര്‍ത്തു
നീ ഹിന്തുധര്‍മ്മമേ, 'ജാതി'മൂലം!
എത്ര പെരുമാക്കള്‍ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാര്‍ കുഞ്ചന്മാരും
ക്രൂരയാം ജാതിയാല്‍ നൂനമലസിപ്പോയ്
കേരളമാതാവേ, നിന്‍വയറ്റില്‍.
തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ.
താണുകിടക്കുന്നു നിന്‍ കുക്ഷിയില്‍ ചാണ
കാണാതെയാറേഴു കോടിയിന്നും.
എന്തിന്നു കേഴുന്നു ദീനയോ നീ ദേവി,
എന്തു ഖേദിപ്പാന്‍ ദരിദ്രയോ നീ?
ഹന്തയിജ്ജാതിയെ ഹോമിച്ചാഴിച്ചാല്‍ നിന്‍
ചിന്തിതം സാധിച്ചു രത്നഗര്‍ഭേ.
തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍!
ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും,
വൈദികമാനികള്‍ മര്‍ത്ത്യരില്‍ ഭേദവും,
ഭേദത്തില്‍ ഭേദവും ജല്പിക്കുന്നു!
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?
നിര്‍ണ്ണയം നിന്നെപ്പോല്‍ പാരിലധോഗതി
വിണ്ണവര്‍ഗംഗയ്ക്കുമുണ്ടായില്ല.
പോകട്ടെ,യെന്തു പറവൂ-കഥയിതു
പോകട്ടെ-മുന്‍ചൊന്ന ലക്ഷണത്താല്‍
കേവലം ശൂന്യമല്ലക്കുടിലുണ്ടതില്‍
പാവങ്ങളായ പുലയരാരോ.
തഞ്ചാറില്ലായതിലഅളേറെ മുറ്റത്തു
സഞ്ചരിക്കാറുമില്ലേറെയാരും
പാടത്തിറങ്ങും വഴിതന്നഹോ കഴല്‍-
പ്പാടേറ്റു നന്നേ തെളിഞ്ഞിട്ടില്ല.
അല്ലെങ്കിലിങ്ങീയടിമകള്‍ പേടിച്ചു
മെല്ലെ നടപ്പതു മണ്ണറിയാ
എല്ലാറ്റിലും തുച്ഛമല്ലോ ചെറുമക്കള്‍
പുല്ലുമിവര്‍ക്കു വഴിവഴങ്ങാ.
മറ്റുള്ളവര്‍ക്കായൂഴാനും നടുവാനും
കറ്റകൊയ്യാനും മെതിക്കുവാനും
പറ്റുമിക്കൂട്ടരിരുകാലിമാടുകള്‍
മറ്റു കൃഷിപ്പണി ചെയ്യുവാനും
ഒന്നോര്‍ത്താല്‍ മാടും കയര്‍ക്കുമിതുകളോ-
ടൊന്നായവറ്റയെ നാം ഗണിച്ചാല്‍
പാരം പവിത്രങ്ങള്‍ പയ്ക്ക,ളിപ്പാവങ്ങള്‍
ദൂരത്തും തീണ്ടുള്ള നീചരല്ലോ
നാഗരികനരലോകത്തിന്‍ ശ്യാമമാ-
മാകൃതിപൂണ്ട നിഴല്‍കണക്കേ
പ്രാകൃതര്‍ താണുകിടക്കുന്നുതേയിവ-
രേകാന്തദീപ്തമാമിക്കാലത്തും
എങ്കിലും ഹിന്തുക്കളെന്നുമിവരെ നാം
ശങ്കകൂടാതെ കഥിച്ചിടുന്നു
മുങ്ങിക്കുടക്കും കളിമണ്ണും നേരോര്‍ത്താല്‍
തുംഗമാം പാറയുമൊന്നാമല്ലോ
അക്ഷരമെന്നതറിവീല, ചാത്തനും
യക്ഷിയും പേയുമിവര്‍ക്കു ദൈവം
കുക്ഷിയില്‍ക്കൊണ്ട കരിക്കാടിയല്ലാതെ
നിക്ഷേപമായിവര്‍ക്കൊന്നുമില്ല.
കൂറത്തരമില്ല താരുണ്യത്തില്‍, ചിലര്‍
കീറക്കരിത്തുണിച്ചീന്തല്‍ ചാര്‍ത്തി
നാണംമറയ്ക്കും, ചിലര്‍ നിജായുസ്സൊരു
കോണകംകൊണ്ടു കഴിച്ചുകൂട്ടും.
ഇപ്പോലെ കഷ്ടമധിവസിച്ചീടുന്നി-
തിപ്പൊഴും ലക്ഷങ്ങള്‍ കേരളത്തെ
അപ്പാവങ്ങള്‍ക്കുള്ളെടുപ്പിന്റെ കേമത്ത-
മിപ്പുല്ലുമാടം പറയുമല്ലൊ.
എന്നാല്‍ കുടിലിലുമെന്തെങ്കിലും നന്മ-
യൊന്നുണ്ടാം, ദൈവം ദയാലുവല്ലേ!
സന്ദേഹമില്ലിങ്ങു സൗധങ്ങളില്‍നിന്നു
പോന്നിപ്പോള്‍ ശാന്തത മേവുന്നുണ്ടാം.
ഹന്ത പാളയ്ക്കുള്ളില്‍ മൂടിമറച്ചൊരു
ചന്തമേറീടും വദനമല്ലേ!
കാണുന്നു നോക്കില്‍ പുറമ്പോള നീങ്ങാതെ
ചേണുറ്റു മിന്നുന്ന പൂവുപോലെ.
തറ്റുടുത്തൂരുമറഞ്ഞ മനോജ്ഞമാ-
മൊറ്റക്കണങ്കാല്‍ മടക്കിവച്ചും,
മറ്റേക്കഴല്‍ നിലത്തൂന്നിയമ്മുട്ടിന്മേല്‍
പറ്റിയ കൈത്തണ്ടിന്‍ചെന്തളിരില്‍
പൂമഞ്ജുവക്ത്രം ചരിച്ചുവച്ചും, മറ്റേ-
യോമല്‍ക്കൈത്താര്‍ നിലത്തൂന്നിക്കൊണ്ടും
കീറപ്പനമ്പായിലാരോ മുഷിഞ്ഞൊരു
കൂറ പുതച്ചു കുനിഞ്ഞിരിപ്പൂ.
നീണ്ടു ചുരുണ്ടേറെ വാച്ച തലമുടി
വേണ്ടപോല്‍ കെട്ടാതടിക്കഴുത്തില്‍
താറുമാറായ്ക്കിടക്കുന്നുണ്ടൊട്ടൊട്ടു
പാറുന്നുമുണ്ടമ്മുഖാംബുജത്തില്‍
ഓലയിട്ടേറ്റം വടിഞ്ഞിപ്പോള്‍ ശൂന്യമായ്
ലോലമനോജ്ഞമാം കാതിഴകള്‍
തോളോളം തൂങ്ങുന്നു നല്ലാര്‍മുഖശ്രീക്കു
ദോളകള്‍പോലെ പഴയമട്ടില്‍
നൂനമിവളിക്കുടിലിലിരിക്കിലും
ദീനയെന്നാലും ചെറുമിയല്ല.
കോമളമായിളംമാന്തളിര്‍പോലല്പം
ശ്യാമളമാകിലും പൂവല്‍മെയ്യും
ആഭയും മട്ടുമുടുപ്പുമിവള്‍ക്കുള്ളോ-
രാഭിജാത്യത്തിന്റെ മെച്ചമോതും
അത്തലാര്‍ക്കും വായ്ക്കുമിക്കാലം ചാളയി-
ലിത്തയ്യല്‍ വന്നുകുറ്റുങ്ങിയെന്നാം
നത്തക്കുളത്തില്‍ നിയതിയാല്‍ നീതമാം
മുത്തേലുമോമനച്ചിപ്പിപോലെ.
അയ്യോ ശരി, നെറ്റിത്തിങ്കള്‍ക്കലയിലും,
അയ്യേല്‍മിഴിപ്പൂങ്കപോലത്തിലും
വാടാത്ത ചെന്തളിര്‍പോലെ മിനുത്തിന്നും
പാടലമാമച്കൊടികള്‍മേലും,
ഓടാതെനില്‍ക്കും കടക്കണ്ണിന്‍കോണിലും
കേടറ്റ ലാവണ്യരാശിക്കുള്ളില്‍
ആടലിന്‍വിത്തു കുഴിച്ചിട്ടിരിക്കുന്നു
പാടവമുള്ള മിഴിക്കു കാണാം.
വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ!
കുണ്ടില്‍ പതിച്ചു നീ കഷ്ടമോര്‍ത്താല്‍!
ഉന്നതഭാഗ്യങ്ങളൊന്നും സ്ഥിരമല്ല,-
യിന്നതിന്നാര്‍ക്കേ വരുവെന്നില്ല.
ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ കേറി-
ക്കൊള്ളയിട്ടാര്‍ത്തഹോ തീ കൊളുത്തി
വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
സന്താനവല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
'അള്ളാ' മതത്തില്‍ പിടിച്ചു ചേര്‍ത്തും
ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നാള്‍.
നായാട്ടിനായി വളഞ്ഞ വനം വിട്ടു
പായുന്നൊരൊറ്റ മാന്‍കുട്ടിപോലെ,
വേകുന്ന സൗധം വെടിഞ്ഞു പറന്നുപോ-
മേകയാം പ്രാവിന്‍കിടാവുപോലെ,
ആയാസമാര്‍ന്നികുലകന്യ ഹാ! വിധി-
ത്തായാട്ടിനാല്‍ വന്നീ മാടംപൂക്കാള്‍.
പാവമിപ്പെണ്‍കൊടി ശാപംപിണഞ്ഞൊരു
ദേവതപോലെയധ:പതിച്ചാള്‍.
ഒട്ടുവെളിക്കോട്ടുഴന്നുനോക്കിത്തണ്ടും
മുട്ടും മിനുത്തെഴുമില്ലിത്തൂണില്‍
കെട്ടിവളര്‍ത്തിക്കുലച്ച പൂവല്ലിപോല്‍
മുട്ടിയിരുന്നിപൊളിന്നതാംഗി
മറ്റൊരു ലക്ഷ്യത്തില്‍ കണ്ണയച്ചീടുന്നു
മുറ്റും തന്‍മുമ്പില്‍ കുടിലിനുള്ളില്‍.
ഉറ്റവരുണ്ടാമടുത്താരോ തന്വിക്കു
ചെറ്റനങ്ങുന്നുണ്ടു ചുണ്ടുതാനും.
അംഗുലീപല്ലവം ചൂണ്ടുന്നഹോ, തല
ഭംഗിയില്‍ തയ്യല്‍ കുലുക്കിടുന്നു.
അല്ലലിന്‍ഭാരം കുറയുമാറാരോടോ
സല്ലപിക്കുന്നിവള്‍ തര്‍ക്കമില്ല.
ഹന്ത! മിനുത്ത മുളമ്പീലിച്ചട്ടങ്ങള്‍
പന്തിയില്‍ നല്പനനാരാല്‍ കെട്ടി
ചന്തത്തിലീര്‍ക്കിലാല്‍ തീര്‍ത്ത കിളികൂടൊ-
ന്നന്തികത്തുണ്ടിതാ തൂങ്ങിടുന്നു.
ആയതിന്മദ്ധ്യേ വിലങ്ങനെ വച്ചിട്ടു-
ള്ളായതമായൊരു കോലില്‍പ്പറ്റി
ആനതപൂര്‍വ്വാംഗിയായെതിരേയൊരു
'മൈന'യിരിക്കുന്നു കൊഞ്ചിക്കൊഞ്ചി.
ചുട്ടകിഴങ്ങിന്‍മുറിയും ചിരട്ടയി-
ലൊട്ടു ജലവുമക്കൂട്ടിന്‍കോണില്‍
ഇച്ഛവരുമ്പോളെടുത്തു കഴിപ്പാനായ്
വച്ചിരിക്കുന്നുണ്ടു വൃത്തിയായി.
തങ്കദ്യുതിയാര്‍ന്ന ചൂണ്ടുമതേനിറം
തങ്കും നയനപരിസരവും
മാവിന്‍കരുന്തളിര്‍മേനിയും തൂവെള്ള-
ത്തൂവല്‍തിളങ്ങുമടിച്ചിറകും
താവുന്നൊരിക്കളിക്കോപ്പിനോടാണിവള്‍
പാവം സംസാരിപ്പതിന്നഥവാ,-
ആധിപ്രവാഹം കരകവിഞ്ഞോടുന്ന
ചേതസ്സിനേതു പഴുതു പോരാ.
ചൊല്ലുന്നു തേന്മൊഴിയാളച്ചിറകേലും
ചെല്ലസ്സഖിയോടാ'യോമലാളേ,
വല്ല കഥയും പറകെടോ നീ, കാലം
വല്ലാത്ത ഭാരമായ്, നീങ്ങാതായി.
ഇറ്റിറ്റു വീഴുന്ന തേന്തുള്ളിയെന്‍ ചെവി-
ക്കിറ്റിച്ചിന്നാര്‍ത്തി നീയേറ്റിടുന്നു.
ഒറ്റമൊഴിയും മുറിവാക്യവും മേലില്‍
പറ്റില്ലെനിക്കു മുഷിഞ്ഞു മൈനേ.
എന്തെടോ നോക്കുന്നിതെന്നെ,പ്പുകയുന്നോ
ചിന്തയാല്‍ നിന്റെ ചെറുതലയും?
സ്വന്തകുലവും കുലായവും വിട്ടിന്നു
ബന്ധനമാര്‍ന്നല്ലോ വാഴ്വു നീയും.
പക്ഷേ,യെനിക്കിന്നതുകൊണ്ടുതാന്‍ നിന്നില്‍
പക്ഷമേറുന്നതാം പക്ഷിവര്യേ.
തുല്യവിപത്താര്‍ന്നോര്‍ തമ്മിലേലും വേഴ്ച
തെല്ലൊരാശ്വാസമേകുന്നതല്ലോ.
കഷ്ടം! കനകമുഖിയെനിക്കായ് വ്യഥാ
കഷ്ടപ്പെടുന്നു നീ, വേണ്ട വേണ്ട,
വിട്ടുകളവന്‍ പ്രിയേ, നിന്നെ, നിന്മേലു-
ള്ളിഷ്ടമേയെന്‍ കൈ തടയുന്നുള്ളു."
എന്നാഞ്ഞു പഞ്ജരവാതില്‍ തുറക്കുവാന്‍
സുന്ദരി കൈവല്ലിയൊട്ടു നീട്ടി;
സന്ദേഹിക്കുന്നു നെടുവീര്‍പ്പിടുന്നഹോ
മന്ദാക്ഷമാര്‍ന്നു വിരമിക്കുന്നു.
"അല്ലല്ല! തെറ്റിയെനിക്കോമനേ, ചെയ്യാ-
വല്ലിതു നിന്നെ വിടാവതല്ല.
തെല്ലതിന്നാകാതെയെന്‍ കൈ തടയുന്നു
വല്ലാത്ത ചങ്ങല വേരൊന്നയ്യോ!
എന്നിലലിഞ്ഞേകനേകിയേകാന്തത്തില്‍
നിന്നെയെനിക്കു വിനോദമേകാന്‍
എങ്ങനെ ഞാന്‍ തല്പ്രണയം ഗണിയാതെ
ചങ്ങാതിയാളേ, വിടുന്നു നിന്നെ;
എന്നല്ല, നീയിനി മോചിച്ചു കൂട്ടത്തില്‍
ചെന്നാലും പക്ഷികള്‍ ശണ്ഠകൂട്ടാം.
ഇല്ലങ്ങളൊന്നിലീ ഞാന്‍ ചെന്നാലപ്പോലെ-
യെല്ലാരുമാട്ടിപ്പുറത്തുതള്ളാം
പോകേണ്ട, പോകേണ്ടയോമനേ, നമ്മള്‍ക്കു
ചാകുംവരയ്ക്കിക്കുടിലില്‍ വാഴാം
ഏകട്ടെയാശ്വാസം നമ്മള്‍ക്കിനി നമ്മെ-
ശ്ശോകത്തിലാഴ്ത്തിയ ദൈവംതന്നെ.
പ്രത്യേകിച്ചോമലേ, നിന്നഴലിന്നെന്റെ
ദു:സ്ഥിതിയോര്‍ക്കുമ്പോള്‍ സാരമില്ല.
സ്വച്ഛന്ദമോടിനടക്കാമെന്നുള്ളൊരു
മെച്ചമേയുള്ളു നിനക്കു പോയാല്‍.
ഇത്തരം കൂടൊരു കാട്ടുപക്ഷിക്കില്ല-
യിത്ര സുഖവുമില്ലോര്‍ത്തുകണ്ടാല്‍.
ഞാനോ വലിയൊരു നമ്പൂരിയാഢ്യന്റെ
മാനദയായ പെണ്‍കുട്ടിയല്ലോ
എന്തറിവൂ നീ മനയ്ക്കലെ പ്രൗഢിയു-
മന്തസ്സും ഞാനതു ചൊല്ലിയാലും.
ഉച്ചമാമില്ലത്തെ വെണ്മാടമൊന്നിന്റെ
മച്ചിന്നകത്തേ മണിയറയില്‍
ഇച്ഛാനുകൂലസുഖംപൂണ്ടു മേവിനേ-
നച്ഛനുമമ്മയ്ക്കും പ്രാണനായ് ഞാന്‍
എന്തു ചെയ്തീടാനുമേറെപ്പരിജന-
മോടിവന്നങ്ങു വണങ്ങിനില്‍ക്കും
സ്വന്തനീരാട്ടുമുടയാടചാര്‍ത്തലും-
കൂടിയവര്‍ നിന്നെ ചെയ്യിപ്പിക്കും.
പന്തിയില്‍ ചിക്കിയുണക്കും തലമുടി
ചന്തത്തില്‍ കോതി മുടഞ്ഞുകെട്ടും.
തക്ക മിനുക്കിയണിയിക്കും കര്‍ണ്ണത്തില്‍
സംസ്കരിക്കും മിഴിയഞ്ജനത്താല്‍.
വെണ്‍കലക്കാപ്പുകളെല്ലാം കരങ്ങളില്‍
തങ്കപ്രഭയില്‍ വിളക്കിച്ചാര്‍ത്തും.
തോഴിമാരിങ്ങനെ ചെയ്യുമെല്ലാമെനി-
ക്കൂഴംതെറ്റാതെയും നിത്യമായും.
കോണിയിറങ്ങീട്ടില്ലോമനേയേറെ ഞാന്‍
നാണം വെടിഞ്ഞു നടന്നിട്ടില്ല.
വട്ടകൂടയും 'വൃഷലി'യും കൂടാതെ-
യൊട്ടെന്‍ കുളക്കടവോളവും ഞാന്‍
ധന്യനാമച്ഛനൊഴിഞ്ഞെന്‍ മുഖം തന്നെ-
യന്യപുരുഷന്മാര്‍ കണ്ടിട്ടില്ല.
കൊഞ്ചി ഞാന്‍ ചൊല്‍വതു കേട്ടിട്ടില്ലാരുമെന്‍-
പഞ്ചവര്‍ണ്ണപ്പൂങ്കിളിയല്ലാതെ.
വേണ്ടാ പറയേണ്ടയെന്റെയ്ബ്ഭാഗ്യങ്ങള്‍
വീണ്ടും വരാതെ പറന്നുപോയി.
തണ്ടലര്‍സംഭവനങ്ങനെയെന്‍പിഞ്ചു-
മണ്ടയില്‍ താഴ്ത്തിയെഴുതിപ്പോയി.
നിന്നെ മുഷിപ്പിക്കുന്നുണ്ടാവാം, നിര്‍ത്തി ഞാന്‍,
പൊന്നേലും ചുണ്ടാളേയെന്‍ പുലമ്പല്‍.
അല്ല! നീയാസ്യം ചരിച്ചു ചെവികൊടു-
ത്തെല്ലാം ശ്രദ്ധിച്ചുതാന്‍ കേള്‍ക്കുന്നല്ലോ.
ചൊല്ലുവാന്‍ കെഞ്ചുപോലോമല്‍ചെറുമിഴി
തെല്ലു ചാച്ചെന്‍ മുഖം നോക്കുന്നല്ലോ.
വീണ്ടും പറവന്‍, നിനക്കു രസമുണ്ടു;
നീണ്ട പകല്‍താണ്ടാനുണ്ടെനിക്കും.
ഇണ്ടലിന്‍ഭാരം മൊഴിയാല്‍ കുറകിലുള്‍-
ത്തണ്ടിനു താങ്ങാറാം ജീവിതവും.
അല്ലലെനിക്കു പിണഞ്ഞതു ചൊല്ലുവന്‍
കല്ലും കരഞ്ഞുപോമക്കഥ നീ
ഓമനേ, കേട്ടു നിലവിളിച്ചീടല്ലേ,-
യാമയം നീയെനിക്കേറ്റിടല്ലേ.
ചിന്നുന്ന വെണ്‍കതിര്‍ തൂവിയോരന്തിയില്‍
കന്നിയിളന്തിങ്കള്‍ പൊങ്ങിനിന്നു,
പശ്ചിമദിക്കിന്റെ നെറ്റിയില്‍ മാലേയ-
ക്കൊച്ചുതിലകത്തിന്‍കീറുപോലെ.
പിച്ചി വിടര്‍ന്നു പുതിയ പരിമളം
മച്ചിന്മേലെന്‍കിളിവാതിലൂടേ
പിച്ചയായുള്ളില്‍ ചരിക്കുമിളങ്കാറ്റില്‍
സ്വച്ഛന്ദമേറിപ്പരന്നിരുന്നു.
തൂമഞ്ജുചന്ദ്രികയെന്റെ മഞ്ചത്തിലെ-
പ്പൂമെത്തമേല്‍ വെണ്‍വിരിപ്പിന്മീതെ
ശ്രീമെത്തുമന്യവെണ്‍പട്ടുഗവാക്ഷത്തിന്‍-
സീമയിലൂടെ വിരിച്ചിരുന്നു.
വ്യോമത്തില്‍ വര്‍ണ്ണം തെളിഞ്ഞുവിളങ്ങിയൊ-
ട്ടോമനത്താരങ്ങള്‍ പൂമുറ്റത്തില്‍
തൂമുല്ല തങ്കച്ചെറുചമ്പകമോമല്‍-
ച്ചേമന്തിയെന്നീ പൂവൃന്ദംപോലെ,
അത്താഴവും വായനയും കഴിഞ്ഞു ഞാന്‍
ചിത്താനന്ദം പൂണ്ടു കട്ടിലേറി,
പൊക്കിത്തല പൂന്തലയണമേല്‍ ചേര്‍ത്ത-
ങ്ങക്കാഴ്ചകണ്ടു ശയിച്ചിരുന്നു.
തെറ്റെന്നു പിന്നെ പ്രകാശമിരുട്ടിന്റെ
മറ്റേത്തലയെന്നു ചൊല്ലിച്ചൊല്ലി
വെണ്മതിക്കൂമ്പു തമസ്സില്‍ മുങ്ങി മെല്ലേ
മന്മതി മുങ്ങി സുഷുപ്തിയിങ്കല്‍.
അയ്യോ! പൊന്നോമനേ,യപ്പുറം ചൊല്ലുവാന്‍
വയ്യേ, നിനയ്ക്കുവാന്‍പോലും വയ്യേ!
ചീര്‍പ്പുണ്ടാകുന്നു ശരീരം വിറയ്ക്കുന്നു,
വീര്‍പ്പുമുട്ടുന്നു കുഴങ്ങുന്നു ഞാന്‍
അത്ര ഭയാനകമിപ്പോഴുമോര്‍ക്കുമ്പോള്‍
ചിത്തം ഞടുങ്ങിപ്പോമച്ചരിതം
[തിരുത്തുക] രണ്ട്
ഒട്ടാകെയങ്ങൊരു ഘോരാരവം കേട്ടു
ഞെട്ടിപ്പിണഞ്ഞഹോ ഞാനെണീറ്റു.
ലോകം തകരുംവിധം തോന്നി, ഞാനോര്‍ത്തു
ഭൂകമ്പമെന്നോ പ്രളയമെന്നോ.
മുറ്റത്തേക്കാഞ്ഞു ജനവാതിലൂടെ ഞാന്‍
ചെറ്റൊന്നു നോക്കിപ്പകച്ചുപോയി.
കണ്ണു കബളിപ്പിക്കുന്നെന്നു തോന്നി,യെന്‍-
കാതെന്നെ വഞ്ചിക്കുന്നെന്നു തോന്നി.
ദുര്‍ന്നരകത്തില്പ്പതിക്കയോ ഞാന്‍ ഘോര-
ദുസ്സ്വപ്നം കാണ്‍കയോയെന്നു തോന്നി.
കാളുന്ന പന്തങ്ങള്‍ തീവെട്ടികളിവ
മേളിച്ച ദീപ്തി പരന്നുകാണായ്
ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ മദ്ധ്യത്തൊ-
രഗ്നിമയമാം തുരുത്തുപോലെ.
ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ! കൈയില്‍
വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.
താടികള്‍ നീട്ടിയും വെട്ടിപ്പലവിധം
പേടിയാമ്മാറു തെറുത്തുവച്ചും
തൊപ്പിയിട്ടും ചിലര്‍ കുപ്പായമിട്ടുമ-
ങ്ങല്പം ചിലര്‍ നിലയങ്കിയാര്‍ന്നും,
കട്ടി'ക്കയലി'മീതേയരഞ്ഞാണ്‍ ചേര്‍ത്തു
കെട്ടിയുടുത്തും ചിലര്‍, ചിലപേര്‍
വക്കില്‍ നിറംകാച്ചിയോരു വെണ്മുണ്ടര-
വാറിട്ടിറുക്കിയുടുത്തുമുള്ളോര്‍.
ഒട്ടാള്‍ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തില്‍
കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസന്‍മാര്‍!
കൂര്‍ത്തോരിരുമ്പുകോല്‍കൊണ്ടകത്തേ മതില്‍
കുത്തിച്ചിലര്‍നിന്നിടിച്ചിടുന്നു.
കട്ടികൂടീടും കതകുകള്‍ മേലോങ്ങി
വെട്ടുന്നഹോ ചിലര്‍, വെണ്മഴുവാല്‍.
താക്കോല്‍ ലഭിക്കുവാന്‍ കാര്യസ്ഥനെച്ചിലര്‍
നോക്കിത്തിരക്കില്‍ നടന്നിടുന്നു.
തോക്കൊഴിക്കുന്നിതിടയില്‍ മനയ്ക്കലെ-
യാള്‍ക്കാരണഞ്ഞാലവരെ നോക്കി.
ഉദ്ധതന്മാര്‍ പിന്നെക്കോപം സഹിയാഞ്ഞു
ചത്തുവീണോരെച്ചവിട്ടിടുന്നു.
ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍
ക്രുദ്ധിച്ചസഭ്യങ്ങള്‍ ചൊല്ലിച്ചൊല്ലി
താനേ ചിലര്‍ കലിയാര്‍ന്നു മദംപെടു-
മാനപോല്‍ കൂക്കിവിളിച്ചിടുന്നു.
ഘോരമിശ്ശബ്ദങ്ങള്‍ മാറ്റൊലിക്കൊണ്ടഹോ!
ദൂരത്തിരുട്ടുമലറിടുന്നു!
അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നില്‍
കൈയുകള്‍ കെട്ടിക്കുനിച്ചുനിര്‍ത്തി
ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
ത്തീപോലെ തദ്ഗളനാളത്തൂടെ.
ചുറ്റുമറകളിലുള്ള പരിജനം
മുറ്റത്തു ചാടിനിന്നീടുംമുമ്പേ
കഷ്ടം! നിലംപതിക്കുന്നിതാ പാവങ്ങള്‍
വെട്ടുകളേറ്റും വെടികള്‍കൊണ്ടും.
ഘോരം! ശവങ്ങള്‍ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
അപൂര്‍ണ്ണം