തോറ്റം‌പാട്ടുകള്‍

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

[തിരുത്തുക] തോറ്റം‌പാട്ടുകള്‍/വയനാ‍ട്ടുകുലവന്‍ തോറ്റം

[തിരുത്തുക] വരവിളിത്തോറ്റം


വരികവേണം
വയനാട്ടുകുലവന്‍ ദൈവം
വയനാടഞ്ചും മുന്നൂറുകാതവും
അവിടേയും പന്തിരുകാതം
ഇവിടെയും പന്തിരുകാതം
അകമല പന്ത്രണ്ടുകാതം
പുറമല പതിനെട്ടുകാതം
മുത്താര്‍ പള്ളിയില്‍ കുടികൂടും
ആതിപറമ്പന്മാരും
മധുപുരവന്മാരും
ഇഞ്ചിത്തേരന്‍ പെരുമലയും
മഞ്ഞത്തേരന്‍ പെരുമലയും
ചിത്തം പെരുമലയും
ചിതറം പെരുമലയും
ചെറിയ മലരെടുക്കാം പേരാലും
വലിയ മലരെടുക്കാം മധുവനവും
ശ്രീകാളകൂടപര്‍വ്വമെന്നും
ശ്രീമഹാദേവന്‍ തിരുവടിയുടെ
പെരുങ്കോവിലെന്നും
വയനാട്ടു തിരുവടിയുടെ
പെരുങ്കോവിലെന്നും
കണ്ടുകേട്ട് വസിക്കും ചെയ്തു.
ചീയാഞ്ചേരില്ലം അകമ്പടിയും
നരിയ കോരപ്പണിക്കറെ ചുട്ടും
വഴിയേകൂട ആന്തിര് മാടത്തിങ്കല്‍
ശേഷിപ്പെട്ടാരെപ്പോലെ
ഇസ്ഥാനത്തും പോന്നുവന്നു
ശേഷിപ്പെട്ടുകൊള്‍വാന്‍
വരികവേണം വയനാട്ടുകുലവന്‍ ദൈവം

അന്നേനാളാലേ ഇന്നേയോഗത്താലേ
ഇവിടവന്നു ചിറ്റാരി മാടത്തിന്മേല്‍
ആടിക്കൂടി അരിപ്രസാദങ്ങളെ സാധിപ്പാന്‍
വരിക വരിക വേണം വയനാട്ടുകുലവന്‍ദൈവം

[തിരുത്തുക] അഞ്ചടിത്തോറ്റം


കറ്റച്ചെഞ്ചിടയോനേ, കൈലാസശിവനേ മൂര്‍ത്തി
കാനല്‍ക്കുറുമാട്ടിക്കൊരുമകന്‍ കുലമാന്‍ ചേകോന്‍
പെറ്റിട്ടവര്‍ പേരിട്ടതിശയമായ് ഇരുഷി പുത്രന്‍
പേരും വയനാട്ടുകുലവനിത തൊഴുന്നേന്‍.

മുറ്റും മുളവില്ലും കറിയേനാ മരക്കത്തിയും
മുന്‍പിലെടുത്തു കൊണ്ടകമല കഴികപ്പോയാന്‍
മറ്റും പലരോടും പരമാര്‍ത്ഥമുറച്ച ദൈവം
കാവില്‍ കുടികൊള്‍ക വയനാട്ടുകുലവന്‍ ദൈവം.

കാണ്മാന്‍ കൈച്ചൂട്ടും കൈക്കുറ്റിയില്‍ നിറഞ്ഞതേനും
കണ്ടാല്‍ വയനാടിങ്ങഞ്ചുമുന്നൂറ് കുടിച്ചേകോനാര്‍
അത്മപ്പെടുമാറ് വിളിപ്പാന്‍ ചെന്നരികെ നില്‍പ്പോന്‍
‍ അന്‍പില്‍ കനികായ്ച്ച പലതും വെച്ചകല നില്‍പ്പോന്‍

പുതൃവരന്മാരോടരികെ വന്നടിമലര്‍ക്കു
ഭൂമിയതിലിട്ടവിള നട്ടഫലം കാപ്പാനായ്
കാട്ടില്‍ കുരുമന തുകില്‍ത്തൂമങ്ങിരുള്‍ വേട്ടയ്ക്കും
കാട്ടില്‍ പുലിപന്നി കരടിവന്‍മെരുവം കൊല്‍‌വോന്‍

മുക്കണ്‍ ഭഗവാനേ ദനുജനായ് അവതരിച്ചു
മുന്നം കൈലാസഗിരിതന്മേല്‍ ഒളിവളര്‍ന്നു
ദിക്കില്‍ പടചൂഴപ്പെരുമാളെ തപസ്സെക്കാണ്മാന്‍
തൃക്കണ്ണുടയവരെഴുന്നള്ളി പറകചെയ്തു

പുക്കങ്ങടുക്കളും പൂകിന്തു നല്ലിവന്റെ കായം
പൂര്‍ത്തിവരുമാറ് മുറിച്ചിറച്ചെതിരെതോന്നി
വടക്കന്‍ വയാടഞ്ച് മുന്നൂറും പരിപാലിപ്പാന്‍
നാഥന്‍ വയനാട്ട് കുലവെനെന്നിത കൈതൊഴുന്നേന്‍

ഇഞ്ചിപ്പെരുങ്കാട്ടില്‍ ഇവര്‍ശീല മെരുവം തേടി
മുഴുപ്പെരുങ്കാട്ടില്‍ മുഴല്‍ പന്നിച്ചുവടുകണ്ടു
ബാധപ്പെടുത്താടതടുത്തെയ്തു മുറിക്കാവെല്‍‌വോന്‍
നാഥന്‍ വയനാട്ടു കുലവനയിത തൊഴുന്നേന്‍

[തിരുത്തുക] തോറ്റം 1


അത്തിമുഖവദനത്തെ ധരിച്ചദേവന്‍
ചിത്തേ വിളയാടിക്കവിക്കത്തലകറ്റേണം
വാണി മധുവാണി കരുണാബ്ധേ കവിമാതാവേ
വാണീടനിശം നീയടിയന്റെ മനതാരില്‍

തുണക്കേണം ഗണപതിയും വാണീമാതും
തുണചെയ്ക ബ്രഹ്മന്‍ വിഷ്ണുമഹേശ്വരന്മാര്‍
ആതിനാഥന്‍ തിരുനാമം അറിഞ്ഞുചൊല്‍‌വാന്‍
അറിവെനിക്കകതാരിലില്ലേസ്വാമി.

വേടരൂപം ധരിത്തുള്ളകൈലനാഥന്‍
വേട്ടയ്ക്കായെഴുന്നള്ളി വനത്തില്‍ പുക്കു
കണ്ടുടനെ കരിന്തെങ്ങില്‍ കുറുംകുലമേല്‍
മധുപൊഴിയും പോലെ വാനുലോകം പൊഴിയുന്നല്ലോ
അതുകണ്ട് പരമശിവന്‍ അടുത്തുചെന്നു
മധുകുടിച്ചു മത്തവിലാസം ശിവഭ്രാന്താടി
അതുകണ്ടിട്ടചലമകള്‍ ഭയപ്പെട്ടോടി
കാടകലെ പുകിന്തുചെന്നു വേടസ്ത്രീരൂപമായി
മധുമുരട്ടുചെന്നുടനെ മധുതടവി മേലോട്ടാക്കി
തന്‍‌ കുലമ്മല്‍ പൊഴിയുമാറങ്ങരുളിനാര്‍ താന്‍
പിറ്റേന്നാള്‍ പാനം ചെയ്‌വതിനായിട്ടെഴുന്നള്ളുമ്പോള്‍
‍ അന്നുപാല്‍ മുരട്ടുകാണാഞ്ഞരിശപ്പെട്ടു
മലമകളോടുള്ളിതോരു കോപംകൊണ്ടു
തന്റിതോരു തൃത്തുടമ്മല്‍ത്തല്ലിയൊരു പുത്രനുണ്ടായി
ഉണ്ടായിമനം കനിഞ്ഞു ദിവ്യനെന്നു പേരുമിട്ടു.
മലമകളും തിരുവുള്ളം തെളിഞ്ഞു നന്നായ്
മലമുകളില്‍ പിറന്നു വൈനാടങ്ങമര്‍ന്നുദൈവം
മനം കനിഞ്ഞു വൈയ്യുലകത്തുള്ള മനുഷര്‍ക്കെല്ലാം
വരും വിനകള്‍ അകറ്റിടുന്നതമ്പുരാനേ
ഏറിയങ്ങു കരുമനക്കങ്ങഴകതായി നിന്ന ദൈവം
പത്തുജനം കരുമനയും മനസ്സൊന്നായി
ചുട്ടും വഴിയേ കുടയെഴുന്നള്ളീറ്റ്
ആന്തിരിമാടം കുടികൊണ്ടരസുതനേ
വരും പട്ടാങ്ങൊപരമശിവന്‍ തുണയെനിക്കു
വയനാട്ടുകുലവന്‍ തിരുവടിയെ തൊഴുന്നേന്‍

[തിരുത്തുക] തോറ്റം 2


കരിവര ചര്‍മ്മധാരിയതായ
പുരഹരസുനുവാകും
കരിമുഖവന്നു കനിപലതും
കഴല്‍ക്കിഹ വെച്ചു വന്നേന്‍
കവിയിടത്തീര്‍ത്തു വരമരുളേണം
അതിന്നു സദായ്പ്പൊഴും നിന്‍
പദകമലത്തിനവരതം
നമിച്ചു പുകഴ്ത്തിടുന്നേന്‍.
അബ്ജഭവനു പത്നിയതായ
വാണിയുമെന്റെ നാവില്‍
കുബ്ജത ഭാവമറ്റുവസിച്ചു
നാടകമാടവേണം
ആരണരാദി വേദിയരൊക്കെ
സാദരം വണങ്ങും
പാദസരോജമാദരവോടു
ചേതസിചേര്‍ത്ത്തുകൊണ്ടേന്

കൊണ്ടല്‍ നിറം കലര്‍ന്ന മുകുന്ദന്‍
ഇണ്ടലകറ്റി മോദാല്‍
കുണ്ഠതനീക്കി നിന്‍ കൃപകൊണ്ട്
ചിന്തതെളിഞ്ഞിടേണം
ഹന്തകവിക്കു പിന്തുണയില്ല
സന്തവും നമസ്തേ
തെല്ലുമെനിക്ക് വല്ലഭമില്ലാ
മല്ലശരാരിതന്റെ
ചൊല്ലിയലുന്ന ഗാഥകള്‍ ചൊല്‍‌വാ-
നിന്നു തുനിഞ്ഞോരെന്നില്‍
നല്ലവരായ സജ്ജനമൊക്കെ
ഉന്നതമോദസാകം
കല്യതയോടു നല്ലവരം ത-
രേണമിന്നതിനു വന്നേന്‍

അംബുജ വാണവൈരിയതായ
ചര്‍മധരന്‍ മഹേശന്‍
മാന്മിഴിയാകുമവമ്മലമാതോ-
ടൊത്തു വനത്തകത്ത്
നിര്‍മ്മല മോദസാക മഹോ
മൃഗങ്ങളെയൊക്കവേ
കൊന്നംബികയോടു കൂടവെ
കാട്ടകത്തു വസിക്കുമന്നാള്‍
മുല്ലശരാതുരാര്‍ത്തികലര്‍ന്നു
മെല്ലവേ പാര്‍വ്വതിയോ-
ടുള്ളലിവോടു നര്‍മ്മരസത്തി-
നാശു മുതൃന്നന്നേരം
നല്ലമിഴി മഹേശ്വരിയന്ന്
ചൊല്ലി വനാന്തരത്തില്‍
നിന്നിഹ കാമബാണരതിക്കു
നന്നിതമില്ലനാഥാ
എന്നവള്‍ ചൊന്ന കാരണമിന്നു
കന്മ്ഷനാശനിങ്കല്‍
നിന്നുളവായൊരിന്ദിരിയം വീണു
മെല്ലവെ ഭുവിതന്നില്‍.

തന്നുടെ പാണികൊണ്ടു മറച്ചു
നിന്നൊരു കാലമപ്പോള്‍
അന്നതില്‍ നിന്നു ഉന്നതമായ
വൃക്ഷമുരിത്തിരിഞ്ഞാന്‍
തേന്മകളായ ശാഖ മുരട്ടു
പാലൊഴുകുന്നു കണ്ടു
ഇന്ദുധ്രൃതന്‍‍ മനം കനിവുറ്റു
ചെന്നതിമോദമോടെ
സുന്ദര‍മായ മദ്യമെടുത്തു
മന്ദമകന്നു സേവിച്ചിന്ദു-
ധൃതന്‍ മതിച്ചു പുളച്ചു
വന്നതു കണ്ടു ദേവി.
ഇന്നിതിനുള്ള കാരണമെന്ത-
തെന്നറിയേണമെന്നോര്‍-
ത്തവള്‍ തന്റെ മാനസതാരില്‍
‍ ഉന്നിയതിന്റെ മൂലം
ചെന്നവള്‍ ചൊല്ലി തേന്മകളോടു
ഇന്നു തിടങ്ങി മേലില്‍
സുന്ദരി നീതിയോടെ മുരട്ടു-
നിന്നിഹ പൊങ്ങിണ്ടേണം
എന്നു പറഞ്ഞതന്നു പാണീ
കൊണ്ട് തടകീ മോളില്‍
ചെന്നു വസിക്ക മന്ദമകന്നു
തന്മുലതന്നകത്ത്
കാരണിയായ പാര്‍വ്വതി തന്റെ
വാണീ പ്രകാരമന്ന്
ദാരുമുരട്ടുനിന്നമൃതഗ്ര
മേറിവസിച്ചു വേഗം
മുപ്പുരവൈരി കെല്‍പ്പൊടു പിന്നെ
മദ്യമെടുപ്പതിന്നായ്
പൃഥ്വിരുഹാഗ്രേ ചെന്നതുനേരം
അല്പവുമില്ല കീഴില്‍
വൃക്ഷമുരട്ടു നിത്യമുയര്‍ത്തീ
ടുന്നൊരു മദ്യമെന്തേ
ശിക്ഷയിലഗ്രമാവതിനുള്ള
കാരണമെന്തേന്നോര്‍ത്തു
തൃജ്ജടകൊണ്ടു തൃത്തുടതന്നില്‍
‍ അപ്പൊഴുതേയടിച്ചാന്‍
ശില്പതരം ജനിച്ചൊരു ബാലകന്‍
‍ ബഹുശോഭയോടും
ദിവ്യനതെന്നോരാഖ്യയുമിട്ട്
മദ്യമെടുപ്പതിന്നായ്
കെല്പൊടു വേണ്ടുമാശി വചസ്സു-
മേകി യവനോടോതി
വ്യഗ്രമകന്നു വൃക്ഷമതിന്നൊ
- രഗ്രമഹോ കരേറി
ഇപ്പൊഴുതെയെടുക്കുകബാലക-
യമൃതെന്നു ചൊല്ലി.

ഊരുജബാലനാദരവോടു
ദാരുവിനഗ്രമേറി
സാരമതായ മദ്യമെടുത്തു
പാരിലിറങ്ങിമോദാല്‍.

ഉഗ്രനൊടഗ്രഭാഗമതിങ്കല്‍
വെച്ചു വണങ്ങിനിന്നാന്
‍ ഉഗ്രനുമന്നു വ്യഗ്രമകന്നു
സല്‍‌സുരയെക്കുടിച്ചാന്‍.

കുടിച്ചപോലെ പരമീശനിടര്‍ന്നുചിത്തം
കടുപ്പമറ്റ നാടകാദി നടനം ചെയ്തു
ഇപ്രകാരം പ്രപഞ്ച സകളനതാകും സുപ്രസന്നന്‍
വയനാട്ടുകുലവന്‍ തിരുവടിയെ താന്‍.

[തിരുത്തുക] സ്തുതി

അംഗജാന്തകനന്ദനന്‍‍ ഗജ-
പുംഗവാനന നൈങ്കരന്‍
അലിവിനൊടു മമഹൃദയമതില്‍
വരുമഘമകറ്റുകനാരദം
അമ്മുജാക്ഷി സരസ്വതി, ശശി-
ബിംബസാമ്യമുഖി, മുദാ
അമിത കുതുകമോടടിയനുടെ
രസ്നാഗ്രേനൃത്തമുടന്‍‌ഗുരു
അഞ്ജന നിറമാണ്ടവന്‍ ഭവ-
ഭഞ്ചന ഗരുഡധ്വജന്‍
അരുള്‍ക വരമതിനുമേ.
അന്തകാന്തകനദ്രിജാപതി
ദന്തിചര്‍മ്മമുടുത്തുടന്‍
അഴകോടഹികുലമണിയും
ഹരനൊരു വേറ്റരൂപമതായുടന്‍
അത്തലറ്റത വേട്ടയാടി
നടന്നിടുന്നളവേകദാ
അടവി തടമതില്‍ വടിവൊടൊരു
തരുമൌടതില്‍ മധു കണ്ടുടന്‍
അന്നുടന്‍ മധുവേക്കുടിച്ചഥ
കൈലമാമല പുക്കരന്‍
അമിത മദമോടചലമിളകുമാ-
റാടി ഭ്രാന്തു മഹേശ്വരന്‍.
അന്യനാളതി ധന്യയാംഗിരി
കന്യകയുമൊളിച്ചു പോയ്
അമിത മദകര മധുഗരിമകള്‍
തടവി തരുമുകളാക്കിനാന്‍.
അപ്പുചൂടിനപ്പുരാന്തക-
നപ്പരാമൃത ഭുക്തിയെ
അപരദിവസമു മനലനയനന്‍ ചെ
ന്നഴൊകടമ്മധു നോക്കുമ്പോള്‍
അന്നു മൂലത്തിലങ്കമ്മധു
ദര്‍ശിയാഞ്ഞു മഹേശ്വരന്‍
അഖിലദിശി ഹര നമിതകുപിതനായ്
നോക്കിയാരുമില്ലയ്കയാല്‍
അക്ഷണം ബദ, ദക്ഷിണോരുവി-
ലങ്ങടിച്ചിളവേ ജവാല്‍
അരുണരുചിയൊടു സദൃശമോ
ടുളവാകിയ ബാലകന്‍
അന്നരന്റെ മനം തെളിഞ്ഞവ-
നാശു ദിവ്യനതെന്നപേര്‍
അരുളി ഹരവരനഴകൊട
മ്മധുവെ എടുത്തെഴുന്നള്ളിച്ചാന്
‍ അന്‍‍പിനോടു മധുകുടിച്ചു
തെളിഞ്ഞുടന്‍ വൈനാട്ടുവാ-
ണഖിലജനഹൃദി ദുരിത നിയത-
മറുത്തിടും കുലദൈവമേ
വന്‍‌പിഴകളുമെങ്കല്‍ വന്നത്
എന്‍പുരാനെ പൊറുത്തഹോ
സംഭ്രമങ്ങളകറ്റുക പരിപാഹിമാം.
ആതിയന്തമറിഞ്ഞു വാഴ്ത്തുവാ-
നാവതില്ലടിയേനഹോ
അലിവൊടടിയന്റെ ദുരിതം
നിയത മറുത്തുടന്‍ വരമേകനീ
അല്പനാമടിയന്റെ ചേദസ്സി
ലെപ്പോഴും വിളയാടുവാന്‍
ആദരവോടു തുണക്ക വൈനാട്ടു-
കുലവന്‍ തിരുവടിയേ.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക