താൾ:Ramarajabahadoor.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റികളും പിടിച്ച് ചാകുന്നെങ്കിൽ അതിനും കോപ്പിട്ടുനില്ക്കുന്നു. പുറകിൽ നില്ക്കുന്ന കുറുപ്പന്മാർ, ആശാന്മാർ മുതലായ യുദ്ധചതുരന്മാർ ഉള്ള സമയംകൊണ്ടു മല്ലയുദ്ധച്ചടങ്ങുകൾ നമ്മുടെ അവിവേകിക്ക് ഉപദേശിക്കുന്നു. ഈ സംഘത്തെയും, കിഴക്കും തെക്കും വശങ്ങളെയും ചുറ്റി ചെറുതായ ഒരു സേനാപംക്തി ആയുധധാരികളായി അണിയിട്ടിരിക്കുന്നു. സംഭവിക്കാൻപോകുന്ന നരമേധം കാണ്മാൻ പൗരപ്രധാനന്മാരും തിക്കിത്തിരക്കി തോട്ടത്തിലെ മറ്റു ഭാഗങ്ങളിൽ നിറഞ്ഞുകൂടിയിരിക്കുന്നു. രാജസാന്നിദ്ധ്യത്തെ ആദരിച്ചു ജനങ്ങൾ മൗനം അവലംബിക്കുന്നു. എങ്കിലും രായരും അഴകശ്ശാരും തമ്മിലുള്ള അജഗജാന്തരത്തെ വിചാരിച്ച് അത്ഭുതവും ഹാസ്യവും ഖേദവും പരസ്പരം മുഖകർണ്ണങ്ങൾ ചേർത്ത് ഉച്ചരിച്ചുപോകുന്നു. വിട്ടിൽ എന്ന വിശേഷജന്തുവിനെപ്പോലെ അഴകൻപിള്ള തല താഴ്ത്തിയും ഉയർത്തിയും ആശ്ചര്യസമേതം ചുറ്റുപാടും നോക്കി സമീപവർത്തികളായ അഭ്യാസവിദഗ്ദ്ധന്മാരിൽനിന്നു തനിക്കു കിട്ടുന്ന ഗുസ്തിയോഗോപദേശങ്ങളെ സന്നിഹിതസംഘത്തിന്റെ പ്രസാദത്തിനായി അഭിനയിച്ചുകാട്ടുന്നു. ഇടയ്ക്കിടെ തന്റെ യജമാനനായ കല്ലറയ്ക്കൽപിള്ള ആ സ്ഥലത്തെങ്ങാനും എത്തീട്ടുണ്ടോ എന്ന് അമ്പരപ്പോടെ നോക്കി, അദ്ദേഹം എത്തീട്ടില്ലെന്നറിഞ്ഞു മദോന്മത്തനാകുന്നു. അടുത്തുനില്ക്കുന്ന ദ്രോണാചാര്യന്മാരുടെ മുതുകിലും പിടലികളിലും നെടിയ ഇരുമ്പുവിരലുകൾകൊണ്ട് ഓരോ ഊന്നുകൾ കൊടുത്ത്, "തമ്പുരാൻ എഴുന്നള്ളുമ്പം കൊട്ടുവാരില്ലയോ?" എന്നു ചോദിച്ചു, സംഭവവിച്ചുപോയിരിക്കുന്ന ആ ആഘോഷത്തെ പ്രതീക്ഷിച്ചു ചില ഉന്മേഷതാളങ്ങൾ കൈകൾകൊണ്ടു മേളിക്കയും ചെയ്യുന്നു. ഈ സംഭവം തന്റെ അമ്മയും സഹോദരന്മാരും സമീപവാസികളും അറിയുമ്പോൾ എന്തു മഹാരസം എന്നു ചിന്തിച്ച് വായ്ക്കകത്തുളവാകുന്ന ഉമിനീരിൽ ചില ലഘുകണങ്ങൾ വെളിയിലോട്ടു വിസർജ്ജിപ്പിച്ചും പോകുന്നു.

ഭൈരാഗികളുടെ ചെറുതർപ്പുകൾ ആറേഴെണ്ണം കൂടിച്ചേർന്ന് ഭൂഭേദകമായ 'ധിമിധിമി' ധ്വാനത്തെ മുഴക്കുന്നു. ഷഹന എന്ന കുഴലുകളുടെ രൂക്ഷപ്രലാപങ്ങൾ ആഹവക്ഷണങ്ങൾ എന്നപോലെ പരിസരഭിത്തികളിൽ പ്രതിധ്വനിക്കുന്നു. പച്ചക്കൊടിക്കുറകൾ കാറ്റിൽ ഇളകിച്ചലിച്ചു സുസ്ഥിതി അപഹരിപ്പാൻ എന്ന മട്ടിൽ മുന്നോട്ടു നീങ്ങുന്നു. ഹിന്ദുസ്ഥാനിയിലുള്ള ചില സ്തോത്രഗാനങ്ങൾ മഹാരാജാവിനെ പ്രശംസിച്ചാണെന്നറിഞ്ഞ് സന്നിഹിതസംഘത്തിലെ സംഗീതരസികന്മാർ ദത്തകർണ്ണന്മാരാകുന്നു. "ശ്രീപത്മനാഭദാസ കുജേ! രാമരാജാബഹദൂർകു ജേ!" എന്നുള്ള ആർപ്പുകളെ ആദരിച്ചു കിഴക്കുവശത്തു കൂടിയിരുന്ന ബഹുജനനിര മല്ലസംഘത്തിനു വഴികൊടുത്തു.

കണ്ഠീരവരായരും പരിവാരങ്ങളും തെളുതെളെത്തിളങ്ങുന്ന വസ്ത്രാദി ആഡംബരങ്ങളോടും ഒരു മഹായവനസംഘംപോലെയും രംഗത്തു പ്രവേശിച്ചപ്പോൾ പരിസരവാസികൾ പ്രതിയോഗികളുടെ സർവ്വപ്രകാരേണയുള്ള വിപര്യയങ്ങളെ ചിന്തിച്ചു ലജ്ജാവശന്മാരായി. അഴ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/44&oldid=168302" എന്ന താളിൽനിന്ന് ശേഖരിച്ചത്