താൾ:Kulastreeyum Chanthapennum Undayathengane.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു മാർഗ്ഗം കീഴാളരുടെ ചരിത്രത്തിലേക്കു തിരിയലാണ്; ഇതുകൂടാതെ, പ്രത്യേക ദേശരാഷ്ട്രങ്ങളെ ഇങ്ങനെ ഒറ്റയ്ക്കൊറ്റയ്ക്ക് നോക്കുന്നതിനു പകരം, ലോകത്തിന്റെ പ്രത്യേകഭാഗങ്ങൾ ഭൂതകാലത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും ആ ബന്ധങ്ങൾ കാലത്തിന്റെ ഒഴുക്കിൽ എങ്ങനെ മാറിയെന്നും തിരക്കുന്ന രീതി പുതിയൊരു ഊന്നലോടെ ഉയർന്നുവന്നിരിക്കുന്നു. മുമ്പ് പടിഞ്ഞാറൻ ലോകത്തുണ്ടായ മാറ്റം മറ്റുഭാഗങ്ങളിലേക്ക് എങ്ങനെ പടർന്നു, അതുകൊണ്ട് എന്തെല്ലാം ചലനങ്ങളുണ്ടായി എന്ന അന്വേഷണത്തിനായിരുന്നു മുന്തിയ സ്ഥാനം. ഇന്ന് ഇതിൽ അൽപ്പം മാറ്റംവന്നിരിക്കുന്നു. പടിഞ്ഞാറൻലോകത്തിന് കൊടുത്തിരുന്ന സർവപ്രാധാന്യം കുറഞ്ഞു. മാത്രമല്ല, വെള്ളക്കാർ മുമ്പ് അടക്കി ഭരിച്ചിരുന്ന ഏഷ്യ, ആഫ്രിക്ക, തെക്കെ അമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങളുടെ ചരിത്രത്തിന് പുതിയ പ്രാധാന്യം പലയിടത്തും കിട്ടിയിരിക്കുന്നു. ഇതോടുകൂടി ലോകചരിത്രമെന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ വികസനചരിത്രമാണെന്ന ധാരണയ്ക്ക് ഇളക്കംതട്ടിയിട്ടുണ്ട്.

കേരളചരിത്രത്തിന്റെ നില പരിശോധിച്ചാൽ പിതാക്കന്മാർ നിർമ്മിച്ച 'നിഷ്പക്ഷ'ചരിത്രംതന്നെയാണ് പാഠപുസ്തകങ്ങളിൽ അധികവുമുള്ളതെന്നു കാണാം. പക്ഷേ, ചരിത്രരചനാരംഗത്ത് രാജ്യഭരണത്തിന്റെ ചരിത്രമാണ് ഏറ്റവും പ്രധാനമെന്ന ധാരണ മാറിയിട്ടുണ്ട്. ഇപ്പോൾ ചെപ്പേടുകളിൽനിന്നും ശിലാലിഖിതങ്ങളിൽനിന്നും കാവ്യങ്ങളിൽനിന്നും നാം പുരാതനകാലത്തും മദ്ധ്യകാലത്തും ഇവിടെ നിലവിലുണ്ടായിരുന്ന സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ച് നാം പലതും മനസ്സിലാക്കുന്നുണ്ട്. കേരളചരിത്രത്തിന്റെ പിതൃസ്ഥാനം അലങ്കരിക്കുന്ന പലരുടേയും ധാരണകൾക്ക് പല തിരുത്തലുകളും ആവശ്യമാണെന്ന അഭിപ്രായം ചരിത്രഗവേഷകരുടെയിടയിൽ ഇന്നുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കേരളത്തിന്റെ ഭൂതകാലത്തെപ്പറ്റി ഗവേഷണം നടത്തിയവരിൽ പ്രമുഖരായ ഇളംകുളം കുഞ്ഞൻപിള്ള, കെ.എം.പണിക്കർ, എം.ആർ ബാലകൃഷ്ണ വാര്യർ മുതലായവരുടെ ആശയങ്ങൾ പിന്നീട് ചോദ്യം ചെയ്യപ്പെട്ടു. ഇടതുപക്ഷ (മാർക്സിസ്റ്റ്) ചരിത്രവീക്ഷണത്തിന്റെ വക്താക്കളായിരുന്ന ഇ.എം.എസ്സ് നമ്പൂതിരിപ്പാട്, കെ. ദാമോദരൻ എന്നിവർ 'നിഷ്പക്ഷ' ചരിത്രത്തെ തള്ളിക്കളയുകയുണ്ടായി. ചരിത്രമെന്നാൽ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘർഷത്തിന്റെ - അഥവാ വർഗ്ഗങ്ങൾ തമ്മിലുള്ള സമരത്തിന്റെ - കഥയാണെന്നും 'നിഷ്പക്ഷ'ചരിത്രം ആ സംഘർഷങ്ങളെ മറച്ചുപിടിക്കുന്നെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇളംകുളത്തിന്റെയും അദ്ദേഹത്തിന്റെ പാത പിന്തുടർന്ന മറ്റു ചരിത്രകാരന്മാരുടെയും രചനകൾ മേൽജാതിക്കാരുടെ അധികാരത്തെ ന്യായീകരിക്കുന്നതെങ്ങനെയെന്നും അവരുടെ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും പോരായ്മകൾ എന്തൊക്കെയെന്നും പരിശോധിച്ച കൃതിയായിരുന്നു പി.കെ. ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥയും കേരളചരിത്രവും. സർവ്വകലാശാലകളിലും മറ്റും പ്രവർത്തിക്കുന്ന അക്കാദമിക ചരിത്രപണ്ഡിതന്മാർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതും പരിഹാസരൂപത്തിലുള്ളതുമായ കടുത്ത ഭാഷ പ്രയോഗിച്ചതിനാലാകാം, ഈ കൃതിയുയർത്തിയ കാതലായ ചോദ്യങ്ങൾ അധികം ശ്രദ്ധിക്കപ്പെടാതെപോയി. ഇളംകുളത്തിന്റെയും മാർക്സിസ്റ്റ് ചരിത്രപണ്ഡിതരുടെയും വഴികളിൽനിന്ന് വിമർശനപരമായ അകലംപാലിച്ചുകൊണ്ട്, ബാലകൃഷ്ണന്റെ വാദങ്ങളോട് ഒരളവുവരെ യോജിച്ചുകൊണ്ട്, എന്നാൽ ആദ്യംപറഞ്ഞവരുടെ വഴികളെത്തന്നെ വികസിപ്പിച്ചുകൊണ്ട് പുതിയ ചരിത്രരചനകളിലേർപ്പെടുന്ന പലരും ഇന്നു രംഗത്തുണ്ട്. എന്നാൽ ഈ വികാസങ്ങൾ നമ്മുടെ കലാലയങ്ങളിലെ ശരാശരി ചരിത്രവിദ്യാർത്ഥിക്ക് സ്വാംശീകരിക്കുവാൻ കഴിയുന്നുണ്ടോ? ഉണ്ട് എന്നു പലപ്പോഴും തറപ്പിച്ച് പറയാനാകുന്നില്ല. ആധുനികകാലഘട്ടത്തെക്കുറിച്ച് ധാരാളം പുതിയ ഗവേഷണപഠനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അവയിൽ കുറച്ചുമാത്രമേ സാധാരണ ചരിത്രവിദ്യാർത്ഥികളിലേക്കെത്തുന്നുളളൂ.

അപ്പോൾ, ചരിത്രമെന്നാൽ കഴിഞ്ഞകാലത്തിന്റെ കലർപ്പില്ലാത്ത 'നിഷ്പക്ഷ'ചിത്രമല്ല. പിന്നെയോ, പ്രത്യേക ജനവിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥ, അവരുടെ വർത്തമാനകാലം, കാലത്തിൽ രൂപപ്പെട്ടുവന്നതിന്റെ വിവരണമാണ്. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ ചരിത്രമെന്നാൽ പണ്ടെങ്ങോ നടന്ന സംഭവങ്ങൾ പെറുക്കിയെടുത്ത് കൂട്ടിവയ്ക്കലല്ല; നേരെമറിച്ച് നമ്മുടെ ഇന്നത്തെ സമൂഹത്തെ മനസ്സിലാക്കാൻ ഭൂതകാലങ്ങളിലൂടെ നാം നടത്തുന്ന യാത്രയാണത്. കുട്ടിക്കാലംമുതൽ നമ്മൾ മിക്കവരും പണ്ടുകാലത്തെ ജീവിതത്തെപ്പറ്റി ബന്ധുക്കളിൽനിന്നും സമുദായക്കാരിൽനിന്നും പാഠപുസ്തകങ്ങളിൽനിന്നും വായനയിൽനിന്നുമൊക്കെ പലതും മനസ്സിലാക്കാറുണ്ട്. നമുക്ക് ഭൂതകാലത്തെപ്പറ്റിയുണ്ടാവുന്ന അറിവ് ഈ വഴികളിലൂടെയാണ് വളരുന്നത്. വാസ്തവത്തിൽ ഈ അറിവ് നമുക്ക് ഭാവിയിലേക്കുളള വഴികാട്ടിയായി പ്രവർത്തിക്കുന്നു. നാം, ഇന്നത്തെ കാലം, അതിൽ നമുക്കുളള സ്ഥാനം, നമ്മുടെ ഭാവി എന്നിവ

22

ചരിത്രപഠനം കൊണ്ട് എന്തു കാര്യം?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/22&oldid=162861" എന്ന താളിൽനിന്ന് ശേഖരിച്ചത്