താൾ:Geography textbook 4th std tranvancore 1936.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯. കിള്ളിയാറു്:-ഇതു നെടുമങ്ങാട്ടിനു സമീപമുള്ള പച്ചമലയിൽനിന്നും പുറപ്പെട്ടു തെക്കോട്ടൊഴുകി തിരുവനന്തപുരത്തിനു തെക്കു തിരുവല്ലത്തിനു സമീപംവച്ചു കരമനയാറ്റിൽ ചേരുന്നു. കൃഷിക്കുപയോഗമായി ഇതിൽ അനേകം അണകൾ തീർത്തിട്ടുണ്ടു്. പാലങ്ങളും വളരെയുണ്ടു്. മരുതംകുഴി അണയിൽ നിന്നാണു് കോട്ടയ്ക്കകത്തു് പത്മതീർത്ഥത്തിലേയ്ക്കു വെള്ളംകൊണ്ടുപോകുന്നതിനുള്ള കൊച്ചാറു് വെട്ടപ്പെട്ടിട്ടുള്ളതു്. നീളം ൧൫-മൈൽ. വേനൽക്കാലത്തു് ഈ ആറ്റിൽ വെള്ളം വളരെ ചുരുക്കമാണു്. എങ്കിലും വർഷകാലത്തു് ഇതിലെ വെള്ളപ്പൊക്കം നിമിത്തം പട്ടണത്തിൽ നാശം സംഭവിക്കാറുണ്ടു്.

൧൦. നെയ്യാറു്:-ഇതു് അഗസ്ത്യകൂടത്തിന്റെ തെക്കുകിഴക്കേ ചരുവിൽനിന്നാണുപുറപ്പെടുന്നതു്. ഗതി മിക്കമാറും തെക്കായിട്ടാണു്. ഉല്പത്തിമുതൽ ഏകദേശം നെയ്യാറ്റിൻകരെ എത്തുന്നതുവരെ അരുവികളോടുകൂടി ശക്തിയായിട്ടാണു് ഒഴുകുന്നതു്. അരുവിപ്പുറത്തു് ഇരുവശത്തും പൊക്കമുള്ള മലകളുണ്ടു്. മലകളുടെ നടുക്കുള്ള ഒരു ഇടുക്കിൽ കൂടിയാണു് ആറു ഒഴുകുന്നതു്. കൃഷിക്കുപയോഗത്തിനായി ഇവിടെ ഒരു അണയ്ക്കും കാലിനും മുമ്പൊരിക്കൽ അടിസ്ഥാനമിട്ടിട്ടുണ്ടായിരുന്നു. അരുവിപ്പുറം കഴിഞ്ഞാൽ ഗതി മന്ദമായിട്ടാണു്. പൂവാറ്റിനു സമീപംവച്ചു് ഇതു കടലിൽചേരുന്നു. ആകെ നീളം ൩൫-മൈൽ. പൂവാറ്റിലുള്ള ഇതിന്റെ മുഖം പരന്നു ഒരു ചെറിയ കായലുപോലെ കിടക്കുന്നു. ഇവിടുന്നാണു തെക്കുകിഴക്കോട്ടുള്ള അനന്തവിക്ടോറിയാമാർത്താണ്ഡൻ തോടു വെട്ടപ്പെട്ടിട്ടുള്ളതു്. തീരസ്ഥലങ്ങൾ-പെരുങ്കടവിള, നെയ്യാറ്റുങ്കര, പൂവാർ.

൧൧. താമ്രവർണ്ണി-ഇതിന്റെ മേൽഭാഗത്തിനു പറളിയാറു് എന്നും കീഴ്ഭാഗത്തിനു കുഴിത്തുറയാറു് എന്നും പേരുകൾ ഉണ്ടു്. മഹേന്ദ്രഗിരിയുടെ വടക്കുകിഴക്കു ഭാഗത്തുനിന്നു പുറപ്പെട്ടു തെക്കുപടിഞ്ഞാറായി കൽക്കുളം വിളവംകോടു് ഈ താലൂക്കുകളിൽകൂടി ഒഴുകി തേങ്ങാപ്പട്ടണത്തിനു സമീപത്തുവച്ചു സമുദ്രത്തിൽവീഴുന്നു. നീളം ൩൭-മൈൽ. തീരസ്ഥലങ്ങൾ:-പൊന്മന, തിരുവട്ടാറു്, കുഴിത്തുറ, മൂഞ്ചിറ. കൃഷിക്കുപയോഗമായി അണകൾ ഇതിലുണ്ടു്. അവയിൽ പ്രസിദ്ധം പൊൻമന അണയും പാണ്ഡ്യൻ അണയുമാണു്. നാഞ്ചിനാടു മുതലായ സ്ഥലങ്ങളിലേയ്ക്കു വെള്ളം കൊണ്ടുപോകുന്നതിനു് ഇവിടുന്നു കാലുകൾ വെട്ടപ്പെട്ടിട്ടുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/24&oldid=160080" എന്ന താളിൽനിന്ന് ശേഖരിച്ചത്