താൾ:Chithrashala.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംസാരപാരാവാരപാരീണൻ; സാക്ഷാദ്രാജ-
ഹംസാധിരൂഢാങ്ഗനാപാദബ്ജധുവ്രതം;
അന്യനെ സ്നേഹിപ്പതേ പുണ്യമൊന്നവനിയി-
ലന്യനെ ദ്വേഷിപ്പതേ പാപമെന്നരുൾചെയ്തോൻ
അർത്ഥകാമാദിക്കെല്ലാം ബീജമാം ധർമ്മത്തെത്താൻ
മർത്ത്യരേ! സേവിപ്പിനെന്നുച്ചത്തിലുൽഘോഷിച്ചോൻ
കൃത്സ്നമാം പുണ്യത്തിനാൽ ഭാരതാംബയാൾ പെറ്റ
കൃഷ്ണദ്വൈപായനാഖ്യ കൈക്കൊള്ളും കൃപാമൂർത്തി;
ക്ഷോണി താൻ കു-ടും-ബമ-ശ്ശാ-ദന; ന്നാ-ദ്ധ്യാ-ത്മി-ക-
ജ്ഞാ-നം-താൻ-ഭണ്ഡാഗാരം മുക്തി താൻ സധർമ്മിണി
ലോകാനുഗ്രഹത്തിനായ് വാഴ്കയാണശ്ശൈലത്തി-
ലേകാന്തബ്രഹ്മദ്ധ്യാനനിഷ്ഠനച്ചിരഞ്ജീവി.

iv


മാതൃഭൂദേവിയാൾതൻ സന്തപ്തദീർഘശ്വാസ- -
മാദിക്കൊന്നലയ്ക്കവേ നീഹാരം നീരാവിയായ്.
തൽക്ഷണം തപോധനൻ നിർവ്വികല്പമായുള്ള
തത്സമാധിയെക്കണ്ടാൻ ഭഗ്നമായ് - നിവൃത്തമായ്.
ആ വികാരത്തിന്നെന്തു ഹേതുവെന്നോർക്കെക്കാണായ്
ദേവിയാമാര്യക്ഷോണി - തന്നമ്മയ്ക്കെഴും താപം.
നില്പതും പാർത്താൻ ദൂരെയമ്മെരിക്കയെപ്പേർത്തും
ദർപ്പത്താലാധ്മാതയാം മേയോവിൻ മാതാവിനെ.
വേഗേന തൽക്കർണ്ണത്തിൽ സ്വാദുവാം വചസ്സുധ
തൂകിനാൻ സർവ്വഭൂതസൗഭാത്രശിക്ഷാഗുരു.
"സ്വാഗതം വിമാതാവേ! ശങ്കവിട്ടിങ്ങോട്ടേക്കൊ-
ന്നാഗമി,ച്ചിവൻ കാട്ടും കാഴ്ചകണ്ടാനന്ദിക്കൂ;
അഞ്ജനം വേറേ വേണ്ട; കണ്ണിൽനിന്നഹങ്കാര-
മഞ്ഞച്ചില്ലെടുത്തങ്ങു മാറ്റിയാൽ മാത്രം മതി.

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/4&oldid=157856" എന്ന താളിൽനിന്ന് ശേഖരിച്ചത്