താൾ:Chithrashala.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വാതന്ത്ര്യമാകുന്നീല മര്യാദാവ്യതിക്രമം
ഭൂതലം സ്വൈരിക്കുള്ളോരാഖേടവനമല്ല;
പാരിടം ചതുർവർഗ്ഗകേദാരം സസ്യാഢ്യമായ് - -
ത്തീരുവാൻ നിർബാധമായ് നീരൊഴുക്കല്ലീ വേണ്ടൂ?
സേതുവില്ലാഞ്ഞാലുണ്ടോ വേനലിൽ ജലാഗമം?
സേതു പോയ്പോയാൽ കുല്യ പാഴ്മണൽത്തൊണ്ടല്ലയോ?
വേലയാലഴകല്ലീ നേടുന്നു കടൽ? തള
കാലിനു കാന്തിക്കല്ലീ കാന്തമാരണിയുന്നു?
കഴലിൻ വളർച്ചയ്ക്കു സമമായ് മാറും പദ- -
കടകം നിഗഡമ,ല്ലതിനാൽ ക്ഷതിയില്ല.
പുരുഷന്നൊപ്പം സ്ത്രീയും സ്വാതന്ത്ര്യം കൈക്കൊള്ളട്ടെ;
പേറട്ടെ സീമാദരം രണ്ടുകൂട്ടരും സമം.
അമ്മെരിക്കയുമമ്മയ്ക്കാചാര്യതന്നേ; പക്ഷേ- -
യമ്മയുമമ്മെരിയ്ക്കക്കാചാര്യൈകാചാര്യതാൻ.
അമ്മയങ്ങയോടർത്ഥകാമങ്ങൾ ഗ്രഹിക്കട്ടേ;
ധർമ്മമോക്ഷങ്ങളങ്ങേയ്ക്കോതിയും ജയിക്കട്ടെ.
അക്കൊള്ളക്കൊടുക്കയ്ക്കു കാലമൊട്ടടുക്കുന്നു;
നി‌ൽക്കുകെൻ വിമാതാവേ! നിന്മനം തെളിയട്ടെ.
വിസ്മേരയായും ഭൃശം വ്രീഡയ്ക്കു വശയായും
മിസ്മേയോമതാമ്മയിത്തത്ത്വങ്ങൾ ധരിക്കട്ടെ!"
വാക്യമിത്തരം ചൊല്ലി വർണ്ണീന്ദ്രൻ മറയവേ-
യാക്കനീയസിയായ രാഷ്ട്രദേവത മേന്മേൽ
തൻ തനൂഭവയുടെ ധാർഷ്ട്യത്തിൽ‌ത്താപംപൂണ്ടു
ഹന്ത! പോയ്ച്ചേർന്നാൾ വീണ്ടുമാത്മീയധാമത്തിങ്കൽ.
റാൾഫ്‌വാർഡോ എമെഴ്സണും തോറോയും വില്യം ജേംസും
വാൾട്‌ഹ്വിറ്റ്മാ, നെല്ലാഹ്വീലർ വികോക്സും ഭവതിയിൽ
ജാതരായ് ജയിച്ചില്ലേ? നവ്യാർദ്ധധാത്രീദേവി!
താദൃശം ത്വന്മാഹാത്മ്യം മേൽക്കുമേൽ വർദ്ധിക്കട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/26&oldid=157854" എന്ന താളിൽനിന്ന് ശേഖരിച്ചത്