താൾ:Chithrashala.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെൺകിടാങ്ങളിൽ പ്രീതിയെന്നമ്മയ്ക്കെങ്ങെന്നിനി--
ശ്ശങ്കിയാ,യ്കതിന്നുള്ള സാക്ഷ്യമിച്ചിത്രാവലി,
ഇപ്പടങ്ങളിൽപ്പേർത്തും ജ്യേഷ്ഠരെപ്പശ്ചാൽകരി--
ച്ചത്ഭുതം! കനിഷ്ഠമാരാദ്യന്തം വിളങ്ങുന്നു.
എൻ പുരാണേതിഹാസദുഗ്ദ്ധാബ്ധിമഥനത്തിൽ
ജൃംഭിപ്പൂ നഞ്ഞായ്പ്പുമാ,നമൃതായ് വധൂടിയും
കണ്ടേക്കാമങ്ങേവശം മറ്റുമട്ടിലും രേഖ;
രണ്ടിലും തമ്മിൽഭേദം നാരിയെന്നോർത്താൽ മതി.
ഭാരതം പണ്ടേ പരാശക്തിയിൽ പ്രതിഷ്ഠിതം;
ഭാരതം സ്ത്രീജാതിയിൽ ദേവതാബുദ്ധിവ്രതം.
സർവസൗഭൗ-ഗദാത്രി ഞങ്ങൾക്കു ലക്ഷ്മീദേവി;
സർവവിദ്യാധിഷ്ഠാത്രി സാമ്പ്രതം സരസ്വതി.
ഋക്കുകൾ ദർശിച്ചവരിന്നാട്ടിൽ പണ്ടേതന്നെ
മൈക്കണ്ണാൾമണികളും പുരുഷന്മാരെപ്പോലെ.
കാക്ഷീവാൻതാൻ പുത്രിയാം ഘോഷതൊട്ടേറെ സ്ത്രീകൾ
വീക്ഷിച്ച മന്ത്രങ്ങൾതൻ വൈശിഷ്ട്യം വിശ്വോത്തരം.
ഗായത്രിക്കൊപ്പമില്ല ദേവത വേദങ്ങളി--
ലായവൾക്കേതും പുംസ്ത്വാമാപ്തന്മാർ കല്പിച്ചീല.
അക്കാലം വധൂടീമാർ നിശ്ശേഷമുപനയ-
സംസ്കാരവിശുദ്ധന്മാർ തത്സഗർഭ്യരെപ്പോലെ;
ശിഷ്ടയാം ശ്രുത്യംബയെസ്സേവിച്ച ഗുരുകുല--
ക്ലിഷ്ടമാർ തൽസീമന്തനൈപത്ഥ്യസൈരന്ധ്രിമാർ.
ഗാർഗ്ഗിതന്നാദ്ധ്യാത്മികപ്രശ്നങ്ങൾ കേൾക്കെക്കേൾക്കെ-
ശ്ലാഘ്യനാം യാജ്ഞവൽക്ക്യൻ സന്തോഷബാഷ്പംവാർത്താൻ
ഏതുമമ്മഹാനോടു വേറിട്ടൊന്നിരന്നീല
വേദാന്തവിത്തം വിട്ടു മൈത്രേയി തൽപ്രേയസി.
വിലവേററ്റ തത്ത്വമണികൾ ജനകന്നു
സുലഭസുകൃതയാം സുലഭ സമർപ്പിച്ചാൾ.

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/21&oldid=157849" എന്ന താളിൽനിന്ന് ശേഖരിച്ചത്