താൾ:ഉമാകേരളം.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിതരാം വിലപിച്ചു ദീനയായ്-
ബ്ബത! മട്ടും മതിയും മറന്നവൾ:        49

'പരമെന്തൊരു കാഴ്ചയാണിതെൻ
കരൾ കത്തിപ്പതു ദുഷ്ടദൈവമേ!
വരയെന്റെ ശിരസ്സിലേവമോ?
ഹര! ശംഭോ! ഹതയായി സാധു ഞാൻ!        50

അവനിക്കു മണാളരാകുവാൻ
ജവമായ് പാർഷതി പാർത്ഥജോപമം
ഇവൾ പെറ്റു വളർത്ത മക്കളെ-
ശ്ശിവനേ! ശേഷമുരപ്പതെങ്ങനെ?        51

ഒരുമട്ടു പൊറുക്കുവാൻ തരം
വരുമോ? ഞാൻ പ്രസവിത്രിയല്ലയോ?
അരുതിത്തരമെട്ടുകണ്ണിലും
കുരുവോ? നാന്മുഖ! പാട കേറിയോ?        52

നിധിയെബ്ബത! ദസ്യുപോലെ ദുർ-
വിധി നീയെന്റെയിളങ്കിടാങ്ങളെ
അധിരാത്രി ഹരിച്ചെതെന്തുമാ-
മധികാരിക്കിതി ചിന്തമൂലമോ?        53

ദുരിതം! ദുരിതം! വിരിഞ്ച! നിൻ
ചരിതം ഹന്ത! ദുരന്ത ദുഃഖദം!
എരിയുന്നു മനം; നിനക്കു ഞാൻ
ശരിയോ? കോഴിയൊടോ കുറുന്തടി?        54

പകയെന്തിവൾ ചെയ്തു മേൽക്കുമേൽ-
പ്പകരം വീട്ടുവതിത്തരത്തിൽ നീ?
അകവും പുറവും നിനക്കു താർ-
മകനേ, ഹൃത്തിനു കട്ടിവൈരമോ?        55

മതി, വയ്യ നിനയ്പതിന്നു; നിൻ
ചതിയെൻ നെഞ്ഞു പൊടിച്ചു ദൈവമേ!
കൊതിവള്ളി കരിഞ്ഞു ചാമ്പലായ്,
ഗതിയില്ലാശ്ശവമായ്ച്ചമഞ്ഞു ഞാൻ.        56

ഒരുമിച്ചു യമപ്പിശാചുതൻ
കുരുതിക്കഞ്ചു കിടാങ്ങളെബ്ഭവാൻ
അരുളി,ത്തവ വഞ്ചിഭൂമിയെ-
ത്തെരുവും തിണ്ണയുമാക്കിയോ ഹരേ?        57

അടിയെൻ കുരുടന്റെ കക്കെഴും
വടിപോൽക്കൊണ്ടുനടന്ന മക്കളെ
പിടികൂടിയതത്ര നീതിയോ?
കടിയിൽത്തന്നെ കടിക്ക ഭംഗിയോ?        58

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/89&oldid=172940" എന്ന താളിൽനിന്ന് ശേഖരിച്ചത്